വ്യാജ രേഖകളുടെ പിന്‍ബലത്തില്‍ കേരളത്തിലെ എട്ടു ജില്ലകളിലായി 62000 ഏക്കര്‍ ഭൂമി കൈവശം വയ്ക്കുന്നുവെന്നു സര്‍ക്കാര്‍ സംവിധാനങ്ങള്‍ കണ്ടെത്തിയ കേസില്‍ ഒടുവില്‍ സര്‍ക്കാരിന് തിരിച്ചടി. സര്‍ക്കാര്‍ തന്നെ കേസ് നടത്തിക്കൊണ്ടിരുന്ന അഭിഭാഷകയെ മാറ്റിയതോടെ കേസിന്‍റെ കാര്യത്തില്‍ സര്‍ക്കാരിനും റവന്യൂ വകുപ്പ് ഭരിക്കുന്ന സിപിഐയ്ക്കും എതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ആരോപണങ്ങളുടെ ശക്തി കൂട്ടുന്നതായി ഈ കേസില്‍ ഹൈക്കോടതിയുടെ വിധി.

ഹാരിസണ്‍ മലയാളത്തിന് അനുകൂലമായി ഹൈക്കോടതി വിധി വന്നിരിക്കുന്നു. ഈ ഭൂമി സംബന്ധിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സജിത് ബാബു കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിന് ശേഷം ആ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച രാജമാണിക്യം നല്‍കിയ റിപ്പോര്‍ട്ടിന്‍റെ പിന്‍ബലത്തില്‍ 38,000 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തതായി കാണിച്ച് കമ്പനിക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ പുതിയ ഹൈക്കോടതി വിധി ഈ നീക്കവും അപ്രസക്തമാക്കി.

റവന്യൂ വകുപ്പിന്‍റെ കാര്യത്തില്‍ സിപിഐ എന്നും ആരോപണങ്ങളുടെ മുള്‍മുനയിലാണ്. രവീന്ദ്രന്‍ പട്ടയം മുതല്‍ പാര്‍ട്ടി ഓഫീസ് ഭൂമി വിവാദം വരെ, ആദര്‍ശത്തിന്‍റെ ചെമ്പ് പുറം ലോകം കാണാന്‍ തുടങ്ങിയിട്ട് നാളുകളേറെയായിരുന്നു. ഹാരിസണ്‍ വിഷയത്തില്‍ സര്‍ക്കാരിന് നേരിട്ട തിരിച്ചടി സിപിഐ ഭരിക്കുന്ന റവന്യൂ വകുപ്പിനുണ്ടായ ദയനീയ പരാജയം കൂടിയായാണ് വിലയിരുത്തപ്പെടുക.

ഹാരിസണ്‍ മലയാളം കേസിലെ ഇപ്പോഴത്തെ പരാജയത്തിനു കാരണം സംസ്ഥാന സര്‍ക്കാരിന്‍റെ വീഴ്ച മാത്രമാണെന്നും ഇത്തരം കാര്യങ്ങള്‍ക്കെതിരേ പൊതുജനം രംഗത്തു വരണമെന്നും മുന്‍ റവന്യൂ വകുപ്പ് സ്‌പെഷല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സുശീല ആര്‍ ഭട്ട് ഐ ഇ മലയാളത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.

ഹാരിസണ്‍ കേസില്‍ ഇപ്പോഴത്തെ കോടതി വിധിയെ എങ്ങനെ വിലയിരുത്തുന്നു?

= വളരെ ദുഃഖകരവും ആശ്ചര്യജനകവുമാണ് ഹാരിസണ്‍ കേസില്‍ ഇപ്പോള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ നിന്നുണ്ടായിട്ടുള്ള വിധി. കാരണം സിംഗിള്‍ ബെഞ്ചിന്‍റെ നിഗമനങ്ങള്‍ അപ്പാടെ തള്ളിയുള്ള ഡിവിഷന്‍ ബെഞ്ചിന്‍റെ വിധി പ്രസ്താവം തീര്‍ത്തും നിരാശാജനകമാണ്.

susheela bhatt

സുശീലാ ഭട്ട്

എന്തുകൊണ്ടാണ് കേസില്‍ ഇത്തരത്തില്‍ ദയനീയ പരാജയം സഭവിച്ചത്?

= തെളിവുകളുടെ പിന്‍ബലത്തില്‍ വളരെ ശക്തമായ വാദങ്ങള്‍ ഉന്നയിച്ച് എല്ലാ വസ്തുതകളും നിരത്തി വേണം ഈ കേസ് വാദിക്കാനെന്നു ഞാന്‍ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നതാണ്. എന്നാല്‍ എന്നെ സ്‌പെഷല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനത്തു നിന്നു മാറ്റിയശേഷം വളരെ ഉത്തരവാദിത്വമില്ലാത്ത രീതിയില്‍ കേസുകള്‍ നടത്തിയതായി അറിയാന്‍ കഴിഞ്ഞു.

അതായത് രാജമാണിക്യത്തിന്‍റെ നടപടികള്‍ക്കെതിരേ നിരന്തരമായി സ്റ്റേ വാങ്ങുക, ഇതുപോലുളള കമ്പനികള്‍ക്കെതിരേയുള്ള നടപടികള്‍ ഹൈക്കോടതിയുടെ ഇടപെടലിലൂടെ നിഷ്‌ക്രിയമാക്കുക, അതിനെതിരെ യാതൊരു നടപടിയും എടുക്കാതിരിക്കുക മുതലായ സര്‍ക്കാര്‍ താല്‍പര്യം അനുസരിച്ചുള്ള കേസ് നടത്തിപ്പുകളുടെ പിന്നിട്ട രണ്ടുവര്‍ഷ കാലയളവിലുള്ള ചരിത്രം മനസിലാക്കിയാല്‍ സര്‍ക്കാര്‍ നയം ആര്‍ക്കും മനസിലാക്കാവുന്നതേയുള്ളൂ.

എതിര്‍ സത്യവാങ്മൂലങ്ങള്‍ ഫയല്‍ചെയ്യാതിരിക്കുക, മരം മുറിക്കാനുള്ള ഉത്തരവുകള്‍ സര്‍ക്കാര്‍ വക്കീല്‍ ഹാജരാകാതെ പാസാക്കുക, അതിനെതിരേ അപ്പീലോ റിവ്യൂ പെറ്റീഷനോ ഒന്നും ഫയല്‍ചെയ്യാതെ കൈയ്യും കെട്ടിയിരിക്കുക, പിന്നെ ഇതിനെല്ലാമുപരി ഹാരിസണ്‍സ് ഉന്നയിച്ച വളരെ ദുര്‍ബലമായ വാദങ്ങള്‍ മാത്രം മുന്‍ നിര്‍ത്തി നിയമ സെക്രട്ടറി റിപ്പോര്‍ട്ടു കൊടുക്കുക, രാജമാണിക്യം റിപ്പോര്‍ട്ടിനെയും പിന്നെ സിംഗിള്‍ ബെഞ്ച് വിധി പോലും പരാമര്‍ശിക്കാതെ വസ്തുതകള്‍ അപ്പാടെ തള്ളിക്കളയുക, ഇത്തരം നടപടികള്‍ സൂചിപ്പിക്കുന്നത് സര്‍ക്കാര്‍ ഈ കേസിനെ എങ്ങനെയായിരുന്നു കണ്ടിരുന്നതെന്നു സൂചിപ്പിക്കുന്നതാണ്.

നിലവിലെ ഹൈക്കോടതി വിധി കേരളത്തില്‍ അഞ്ചരലക്ഷത്തിലധികം ഏക്കര്‍ റവന്യൂ ഭൂമി കൈവശം വയ്ക്കുന്നതുമായി ബന്ധപ്പെട്ട കേസുകളെ എങ്ങനെ ബാധിക്കും?

= ഹാരിസണ്‍ മലയാളം കമ്പനിയുടെ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ശ്രമിച്ച 38,000 ഏക്കര്‍ ഭൂമിയുടെ മാതൃകയിലാണ് കേരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി അഞ്ചര ലക്ഷം ഏക്കര്‍ ഭൂമി വന്‍കിട കുത്തകകള്‍ കൈയടക്കി വച്ചിരിക്കുന്നത്. അതായത് വ്യാജ രേഖകളും പട്ടയങ്ങളും വിദേശി കമ്പനികള്‍ സമ്പാദിച്ച വ്യാജ ആധാരങ്ങളും ഉപയോഗിച്ചാണ് ഇവര്‍ ഭൂമി കൈയടക്കി വച്ചത്. അതിപ്പോഴും തുടരുന്നു. ഇത്തരത്തില്‍ ഭൂമി കൈവശം വയ്ക്കുന്നത് നമ്മുടെ രാജ്യത്തിന്‍റെ മൊത്തം പരമാധികാരത്തെ പരിഹസിക്കുന്ന തരത്തിലുള്ള നീക്കമാണ്.

susheela bhatt

ഇപ്പോഴത്തെ കോടതി വിധി ഏതു തരത്തിലായിരിക്കും ബാധിക്കുക?

= ലാന്‍ഡ് റിഫോംസ് ആക്ടും ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്ടും പ്രകാരമായിരുന്നു രാജമാണിക്യം ഹാരിസണ്‍ ഭൂമി വിഷയത്തില്‍ നടപടികള്‍ സ്വീകരിച്ചിരുന്നത്. അതും 2013ലെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ ശക്തമായ വിധിയിലെ നിര്‍ദേശ പ്രകാരമായിരുന്നു. ആ ഡിവിഷന്‍ ബെഞ്ചിന്‍റെ വിധി മറ്റേതൊരു ഡിവിഷന്‍ ബെഞ്ചിനും ബാധകമാണ് എന്നിരിക്കേ ആ സാമാന്യ തത്വം പോലും പാലിക്കാതെയുള്ള ഇപ്പോഴത്തെ ഡിവിഷന്‍ ബെഞ്ച് വിധി നിര്‍ഭാഗ്യകരമാണ്. എല്ലാ വസ്തുതകളും നിയമങ്ങളും നിരത്തി 2015ലെ രാജമാണിക്യത്തിന്‍റെ നടപടി ഉത്തരവ് സാധൂകരിച്ച് സിംഗിള്‍ ബെഞ്ച് വിധി യാതൊരു നിയമപ്രാബല്യവും ഇല്ലാത്ത കാരണങ്ങള്‍ കാട്ടി വിചിത്രമായ കാരണങ്ങൾ മാത്രം അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. അങ്ങനെ ഒരു ഡിവിഷന്‍ ബെഞ്ചിന് വിധി പറയാനാവില്ല.

സിംഗിള്‍ ബെഞ്ച് വിധി അപ്രസക്തമാക്കിയ ഇപ്പോഴത്തെ നിഗമനങ്ങള്‍ തീര്‍ത്തും ഏകപക്ഷീയമായ വിധിയാണ്. ഈ വിധി കുത്തകകളെ സഹായിക്കുക മാത്രമല്ല കാലങ്ങളോളം നീണ്ടുനില്‍ക്കുന്ന വ്യവഹാരങ്ങള്‍ക്ക് വഴിതെളിക്കുന്ന തരത്തിലുള്ളതാണ്. ഒരു വിധത്തിലും കുത്തകകളുടെ ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാന്‍ കഴിയാത്ത സാഹചര്യം ഒരുങ്ങിയിരിക്കുകയാണിപ്പോള്‍.

ഹാരിസണ്‍ മലയാളം കേസില്‍ ഇനി എന്തെങ്കിലും പ്രതീക്ഷയ്ക്കു വകയുണ്ടോ?

= ഇനി ആകെയുള്ളത് സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യുകയെന്നതു മാത്രമാണ്. ഹൈക്കോടതിയില്‍ റിവ്യൂ പെറ്റീഷന്‍ ഫയല്‍ ചെയ്യാമെങ്കിലും പ്രയോജനം ഒന്നുമുണ്ടാകാന്‍ സാധ്യതയില്ലായെന്നതു വേറെ കാര്യം.

ഹാരിസണ്‍ കേസില്‍ ആരാണ് ഒത്തുകളിച്ചത്?

കഴിഞ്ഞ കുറേക്കാലങ്ങളായി നല്ല രീതിയിലായിരുന്നു കേസ് മുന്നോട്ടു പോയിരുന്നത്. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കാര്യങ്ങള്‍ മാറി. മുന്‍ സര്‍ക്കാര്‍ നിയമിച്ച എല്ലാവരെയും മാറ്റുന്നുവെന്ന രീതിയില്‍ എന്നെയും മാറ്റിയപ്പോള്‍ പിന്നീട് കേസ് കൃത്യമായി മുന്നോട്ടു കൊണ്ടു പോകാനും ശക്തമായി അതു വാദിക്കാനുമുള്ള ആരും ഇല്ലാതായി. വന്നവരെല്ലാം പുതുമുഖങ്ങളായി. ഈ തക്കം ഹാരിസണ്‍ മലയാളം കമ്പനി മുതലാക്കി.

ഇത്തരത്തില്‍ ആളുകളെ ബോധപൂര്‍വം മാറ്റിയത് ഹാരിസണ്‍ മലയാളം കമ്പനിയെ സഹായിക്കാന്‍ വേണ്ടിയാണോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. അതായത് ഈ ഭൂമി ഹാരിസണ്‍ മലയാളത്തിന് വിട്ടുകൊടുക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടത്തിയ നീക്കങ്ങളായിരുന്നോ നടന്നതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനു കാരണം ഹാരിസണ്‍ മലയാളത്തിന്‍റെ പ്രതിനിധികള്‍ നേരിട്ടു മുഖ്യമന്ത്രിയുമായി യോഗം കൂടിയിരുന്നുവെന്നതും യോഗത്തില്‍ തങ്ങള്‍ക്കെതിരായ കേസുകളെല്ലാം പിന്‍വലിക്കണമെന്നു ഹാരിസണ്‍ മലയാളത്തിന്‍റെ പ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നുമെന്നതുമാണ്.

ഇതോടൊപ്പം തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഹാരിസണ്‍ മലയാളത്തെ സഹായിക്കുന്ന തരത്തിലുള്ള നടപടി എടുക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു കത്തും നല്‍കിയിരുന്നു. ഇതോടൊപ്പം സ്‌പെഷല്‍ ഓഫീസര്‍ രാജമാണിക്യത്തിന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടുകളെല്ലാം ബുദ്ധിയില്ലാത്ത റിപ്പോര്‍ട്ടുകളാണെന്നു പറഞ്ഞ് വൈദ്യുതി മന്ത്രി എം.എം. മണി നിരവധി തവണ പ്രസ്താവനകള്‍ നടത്തുകയും ചെയ്തിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത് പ്രത്യക്ഷമായി ഹാരിസണ്‍ മലയാളത്തെ സഹായിക്കണമെന്ന നയമായിരുന്നു ഈ സര്‍ക്കാര്‍ എടുത്തിരുന്നത് എന്നാണു. ആ നീക്കം വിജയിക്കുകയും ചെയ്തിരിക്കുന്നു.
susheela bhatt

താങ്കളെ മാറ്റിയപ്പോള്‍ സുശീല ഭട്ട് മാറിയാലും കേസ് മുന്നോട്ടു പോകുമെന്നും സര്‍ക്കാര്‍ വിജയിക്കുമെന്നുമാണ് ഇടതുപക്ഷം അവകാശപ്പെട്ടത്. ഇപ്പോള്‍ എല്ലാം തകിടം മറിഞ്ഞല്ലോ?

= സുശീല ഭട്ട് എന്തൊക്കെയായിരുന്നു ഹാരിസണ്‍ മലയാളം കേസുമായി ബന്ധപ്പെട്ടു ചെയ്തിരുന്നതെന്ന് രാജമാണിക്യം റിപ്പോര്‍ട്ടും റിപ്പോര്‍ട്ടിന് അനുബന്ധമായ വിധികളും ഇംഗ്ലീഷ് അറിയുന്ന ആള്‍ക്കാര്‍ക്ക് വായിച്ചാല്‍ മനസിലാക്കാവുന്നതെയുള്ളൂ. എന്നാല്‍ അതു വായിക്കാതെയാണ് പലരും അടിസ്ഥാന രഹിതമായ പ്രസ്താവനകള്‍ നടത്തുന്നത്.

കേരളത്തിലെ ലക്ഷക്കണക്കിന് ആളുകള്‍ ഒരു തുണ്ടു ഭൂമിക്കായി കാത്തിരിക്കുമ്പോഴാണ് സര്‍ക്കാര്‍ ഭൂമി കുത്തകള്‍ക്കു തീറെഴുതുന്നത്?

= ഈ വിധി ജനങ്ങളോടുള്ള വഞ്ചനയും ഭൂരഹിതര്‍ക്കു സാമൂഹിക നീതി ഉറപ്പാക്കണമെന്ന ഭരണഘടനയുടെ തത്വങ്ങള്‍ അപ്പാടെ കാറ്റില്‍ പറത്തി കോര്‍പ്പറേറ്റ് തട്ടിപ്പുകാര്‍ക്ക് വളം വച്ചുകൊടുക്കുന്ന തരത്തിലുള്ളതാണ്.

സര്‍ക്കാരിന്‍റെ ഹാരിസണ്‍ കേസിലെ നിലപാടിനെ ജനങ്ങള്‍ എങ്ങനെയാണ് വിലയിരുത്തേണ്ടത്?

= ഇത്തരത്തിലുള്ള വിധികള്‍ക്കെതിരായ പ്രതികരണം നമ്മള്‍ സിംഗൂരില്‍ കണ്ടതാണ്. സിംഗൂരില്‍ ടാറ്റയ്ക്ക് അനുകൂലമായ വിധിയുണ്ടായിട്ടും ടാറ്റയ്ക്ക് ഒന്നും ചെയ്യാന്‍ പറ്റിയില്ല. അതേപോലെ ജനരോഷം ഇരമ്പിയപ്പോള്‍ സുപ്രീം കോടതി വിധിയപ്പോലും ഇല്ലാതാക്കി തമിഴ്നാട്ടിലെ ജനങ്ങള്‍ ജെല്ലിക്കെട്ടു പുനഃസ്ഥാപിച്ച ഒരു ചരിത്രം തമിഴ്നാട്ടിലുണ്ട്. അതു പോലെ ജനം വിചാരിച്ചാല്‍ എന്തും നടക്കും. ജനങ്ങളാണ് ജനാധിപത്യത്തില്‍ അള്‍ട്ടിമേറ്റ് സുപ്രീം പവര്‍.

ഇതുപോലുള്ള കുത്തകകളുടെ ഭൂമി തിരിച്ചുപിടിക്കണമെന്ന് ജനം വിചാരിച്ചാല്‍. അത്തരത്തില്‍ ഒരു നിയമനിര്‍മാണം കൊണ്ടുവരാവുന്നതേയുള്ളൂ. ജനഹിതം എന്താണെന്നു സര്‍ക്കാര്‍ മനസിലാക്കിയാല്‍ ഇത്തരക്കാരെ നിലയ്ക്കു നിര്‍ത്താന്‍ വലിയ പ്രയാസമൊന്നും സര്‍ക്കാരിന് അനുഭവിക്കേണ്ടി വരില്ല. പാവങ്ങളെ സഹായിക്കണം അല്ലെങ്കില്‍ ഭൂരഹിതരെ സഹായിക്കണമെന്ന് ഇച്ഛാശക്തിയുള്ള ഭരണകൂടമാണെങ്കില്‍ ഇതുപോലെയുള്ള തട്ടിപ്പുകാരെ സഹായിക്കാന്‍ ഒരിക്കലും കൂട്ടുനില്‍ക്കില്ലായെന്നുറപ്പാണ്.

susheela bhatt

തിരഞ്ഞെടുപ്പുകാലത്ത് ‘എല്‍ഡിഎഫ് വരും എല്ലാം ശരിയാകും’ എന്നു പറഞ്ഞിരുന്നു. ഈ മുദ്രാവാക്യത്തെ ഇപ്പോള്‍ എങ്ങനെ കാണുന്നു?

= എല്ലാം ശരിയാക്കും എന്നു പറഞ്ഞത് ജനത്തിന് മനസിലായിട്ടുണ്ടാകണം എന്താണ് ശരിയാക്കിയതെന്ന്. ഹാരിസണ്‍ പോലുള്ള കുത്തകളുടെ സംരക്ഷണം ഉറപ്പാക്കി അവര്‍ക്ക് എല്ലാം ശരിയാക്കി തരാമെന്ന ഉറപ്പിന്‍റെ ബലത്തിലുള്ള നടപടികളാണ് ഇപ്പോള്‍ പൂര്‍ത്തിയായത്.

കേസ് തോറ്റാല്‍ ഉത്തരവാദി ഇടതുപക്ഷമാണെന്നു താങ്കള്‍ മുന്‍പു പറഞ്ഞിരുന്നു, ആ വാദത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ടോ?

= തീര്‍ച്ചയായും ഉറച്ചു നില്‍ക്കുന്നു. അല്ലെങ്കില്‍ കേസ് ഇത്തരത്തില്‍ ദയനീയമായി തോല്‍ക്കില്ലല്ലോ.കേസിന്‍റെ അന്നത്തെ അവസ്ഥ കണ്ടാണ് തോല്‍ക്കാന്‍ സാധ്യതയുണ്ടെന്നു ഞാന്‍ പറഞ്ഞത്. അതുപോലെ സംഭവിക്കുകയും ചെയ്തിരിക്കുന്നു.

എന്തു കൊണ്ടാണ് ഹൈക്കോടതിയില്‍ നിന്ന് ഇങ്ങനെ ഒരു വിധി വരാന്‍ കാരണം?

= ഈ കേസ് നടത്തിപ്പിന്‍റെ ചരിത്രം പരിശോധിച്ചാല്‍ ബെഞ്ചുകളായ ബെഞ്ചുകള്‍ ഒഴിവായതും നിരന്തരം ഹൈക്കോടതിയുടെ ഇടപെടലുകള്‍ മൂലം സര്‍ക്കാരിന് മുന്നോട്ടു പോകാന്‍ കഴിയാത്ത സാഹചര്യം ഒരുക്കലും, ഇതോടൊപ്പം ഹാരിസണ്‍ പോലുള്ള കമ്പനികള്‍ക്കു വേണ്ടി ഹാജരാകുന്ന ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന അഭിഭാഷകരുടെ പ്രാഗത്ഭ്യവും കേസ് നടത്തിപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്. ഹാരിസണ്‍ കേസ് നടത്തിപ്പിന്‍റെ ചരിത്രം പരിശോധിച്ചാല്‍ ആര്‍ക്കും ഇത്തരമൊരു വിധി വന്നതില്‍ അതിശയോക്തിയുണ്ടാവില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ