ലോകം ഇന്ന് ആത്മഹത്യ പ്രതിരോധ ദിനം ആചരിക്കുന്ന സന്ദര്‍ഭത്തിലും ആത്മഹത്യയോട് സമൂഹം എങ്ങനെ പ്രതികരിക്കണമെന്നതിന്റെ ഏറ്റവും വികൃതവും അശ്ലീലവുമായ ആഭാസത്തില്‍ മുഴുകിയിരിക്കുകയാണ് നമ്മുടെ രാജ്യം. ദുഖാര്‍ത്തരായ കുടുംബത്തോടും സുഹൃത്തുക്കളോടുമുള്ള അനുകമ്പയ്ക്കും സഹാനുഭൂതിയ്ക്കും മരിച്ച വ്യക്തിയുടെ അന്തസിനോടും സ്വകാര്യതയോടുമുള്ള ബഹുമാനത്തിനും പകരം നമ്മുടെ പൗരാവലിയില്‍ ഭൂരിഭാഗവും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമെതിരായ ഭ്രാന്തമായ ആക്രമണത്തില്‍ അന്ധമായി ഏര്‍പ്പെടുന്നു. അതുകൊണ്ടും മതിയായില്ലെങ്കില്‍ വ്യക്തിയുടെ സ്വഭാവം നല്ല അളവില്‍ ആക്രമണത്തിനു വിധേയമാക്കുന്നു.
ജീവിതങ്ങളെ തകര്‍ക്കുന്നതില്‍, റേറ്റിങ്ങിനുവേണ്ടി പരക്കം പായുന്ന ടെലിവിഷൻ ചാനലുകൾക്കൊപ്പം നിയമനിര്‍വഹണ ഏജന്‍സികളും സ്വയം അവരോധിത നിരീക്ഷകരും ആവേശത്തോടെ പങ്കുചേര്‍ന്നു. ഭാവിയിലെ നിരീക്ഷകര്‍ ഈ വികലമായ കാഴ്ചയെക്കുറിച്ച്, മസാച്യുസെറ്റ്‌സിലെ സലേമിലെ കുപ്രസിദ്ധമായ മന്ത്രവാദ വേട്ടകളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ തീര്‍ച്ചയായും പഠിക്കും. ദുർമന്ത്രവാദിനികളെന്ന് ആരോപിച്ച് പതിനേഴാം നൂറ്റാണ്ടില്‍ നിരവധി സ്ത്രീകളെയാണു സലേമില്‍ വധിച്ചത്.
ഇത്, രാജ്യത്തെ ബാധിക്കുന്ന ആഴത്തിലുള്ള പ്രതിസന്ധികള്‍ കാരണം വന്നുചേര്‍ന്ന വ്യതിചലനവും സാമാന്യബുദ്ധിയുടെയും മാന്യതയുടെയും മായ്ച്ചുകളയലുമാണ് ഞാന്‍ കരുതുന്നു. പടര്‍ന്നുകൊണ്ടിരിക്കുന്ന മഹാമാരി, നമ്മുടെ സമ്പദ്‌വ്യവസ്ഥയിലെ അഭൂതപൂര്‍വമായ മാന്ദ്യം, ശക്തിയിൽ താരതമ്യമില്ലാത്ത അയല്‍രാജ്യവുമായുള്ള ആധിയുളവാക്കുന്ന സംഘര്‍ഷം എന്നിവ ഒരുമിക്കുമ്പോഴുണ്ടാകുന്ന ആഘാതം എങ്ങനെയാണ് നമ്മുടെ യുക്തിസഹമായ മനസിനെ ബാധിക്കുകയെന്നത് ചെറുതായി കാണരുത്. പക്ഷേ, പരിതാപകരമെന്നു പറയട്ടെ ഇത് അപ്രതീക്ഷിതമായി സംഭവിക്കുന്നതല്ലെ ന്നാണ് സമീപകാല ചരിത്രം വ്യക്തമാക്കുന്നത്.
Also Read: വരവര റാവുവിനും വികാസ് ദുബെയ്ക്കും വേണ്ടി എന്തിനു ശബ്ദമുയര്‍ത്തണം?
വാസ്തവത്തില്‍ വിദ്വേഷത്തിന്റെയും മറ്റും ഭയാനകമായ വളര്‍ച്ചയുടെ വിപുലീകരണം മൂലം നാം ഒരു പരിധിവരെ പരിഭ്രാന്തരായിത്തീര്‍ന്നിരിക്കുകയും നമ്മുടെ നാടിനോടുള്ള മനുഷ്യത്വരഹിതമായ ക്രൂരതയും ഒരു പരിധിവരെ ഈ രാജ്യത്തിനു പരിചിതമാവുകയും ചെയ്തിരിക്കുന്നു. വിദൂരദേശത്തെ ഗ്രാമങ്ങളിലെത്താൻ കത്തുന്ന വെയിലില്‍ നടക്കുന്നതിനിടെ ട്രക്കുകൾക്കും ട്രെയിനുകൾക്കും അടിയിൽപ്പെട്ട കുടിയേറ്റ തൊഴിലാളികള്‍ മുതൽ ഓക്‌സിജന്‍ സിലിണ്ടറുകള്‍ നിറയ്ക്കാനുള്ള ടെന്‍ഡര്‍ പുതുക്കാന്‍ മാനേജ്മെന്റ് മറന്നതിനാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കുഞ്ഞുങ്ങള്‍ ശ്വാസം മുട്ടി മരിക്കുന്നത്, മതത്തിന്റെ മാത്രം പേരില്‍ ആളുകളെ ജീവനോടെ ചുട്ടെരിക്കല്‍, ദുർമന്ത്രവാദികളെന്നു സംശയിച്ച് സ്ത്രീകളെ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊല്ലുന്നത്, പൊലീസ് നടത്തുന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍, പരിപാലിക്കാന്‍ നിയോഗിക്കപ്പെട്ടവരാല്‍ ബലാത്സംഗം ചെയ്യപ്പെടുന്ന കുട്ടികള്‍, പ്രണയിച്ചതിന്റെ പേരില്‍ സ്വന്തം കുടുംബത്തിന്റെ ദുരഭിമാന കൊലയ്ക്കിരയാകുന്ന യുവ ദമ്പതികള്‍ വരെ പരാതികളുടെ പട്ടിക അനന്തമായി നീളുന്നു.
നമ്മുടെ രാജ്യത്തിന്റെ ധാര്‍മികമണ്ഡലം നഷ്ടപ്പെട്ടോ? ഇത് എന്നെ സംബന്ധിച്ചിടത്തോളം നമ്മുടെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യമാണ്. ഇത് ഉറക്കമില്ലാത്ത രാത്രികളിലും എന്നെ അലട്ടുന്ന പ്രധാന ചോദ്യമാണ്. എന്നാല്‍ എനിക്ക് ഉറപ്പായി അറിയാവുന്നത് ഒരു പ്രശസ്ത നടന്റെ ആത്മഹത്യയും ഓരോ മാസവും പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ ജീവനൊടുക്കുന്നുവെന്നതുമാണ്. നമ്മുടെ സ്വാതന്ത്ര്യത്തെ തകര്‍ക്കുന്ന കഠിനമായ മുന്‍വിധികള്‍ മുതല്‍ അക്രമം, പാര്‍ശ്വവല്‍ക്കരണം, ദാരിദ്ര്യം, എല്ലാറ്റിനുമുപരിയായി അനുകമ്പയുള്ള ഭരണകൂടത്തിന്റെ അഭാവം തുടങ്ങി സമൂഹത്തിലെ ദുര്‍ഗന്ധമുള്ള മണ്ണില്‍ വേരുറപ്പിച്ച ഘടകങ്ങളുടെ സംയോജനത്തിന്റെ പര്യവസാനമാണത്.
ഈ ഘടകങ്ങള്‍ നമ്മുടെ മനസിനെ ദാരുണമായി വേദനിപ്പിക്കുകയും വിഷാദത്തിലേക്കും നിരാശയിലേക്കും തള്ളിവിടുകയും ചെയ്യുന്നു. ജീവൻ അവസാനിപ്പിക്കാൻ തീരുമാനിക്കുന്നവരിൽ പലരും മാനസികരോഗമുള്ളവരാകാം. അതിൽ തന്നെ, വിഷാദരോഗത്തിന് അടിമപ്പെട്ടവരുമുണ്ടാകും. അത്തരം ആളുകൾ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരാണെങ്കിൽ ചിന്താശക്തി കുറയും. ആത്മഹത്യ ചെയ്ത നടന്‍ ‘മയക്കുമരുന്നിന് അടിമയാണ്’ എന്ന കുത്തുവാക്ക് അവന്‍ ഇതിനകം പരാജയയപ്പെട്ട മനുഷ്യനാണെന്ന ആളാണെന്ന് വ്യംഗ്യമായി സൂചിപ്പിക്കുന്ന മറ്റൊരു പരിഹാസമാണ്. ഇത്, പ്രശ്‌നമുള്ള മനസിനെ ശാന്തമാക്കാന്‍ ആളുകള്‍ ലഹരിവസ്തുക്കള്‍ പതിവായി ഉപയോഗിക്കുന്നുവെന്ന പരക്കെ അംഗീകരിക്കപ്പെടുന്ന നിരീക്ഷണത്തെ അവഗണിക്കുന്നു.
Also Read: കോവിഡില്‍നിന്ന് രക്ഷിക്കാന്‍ പ്രായമായവരെ ഒറ്റപ്പെടുത്തുകയല്ല വേണ്ടത്
വിദ്വേഷവും അവജ്ഞയും വിഷാദത്തോടും നിരാശയോടും ചേര്‍ന്നുനില്‍ക്കുന്നു. ഇക്കാര്യത്തില്‍ നാം തോറ്റ ജനതയാണെന്നതിൽ സംശയമില്ല. ഇതുപറയുമ്പോൾ ട്രോള്‍ സമൂഹത്തിലെ ഒരു വിഭാഗം എന്നെ ദേശവിരുദ്ധനെന്ന് മുദ്രകുത്താന്‍ കത്തി മൂര്‍ച്ച കൂട്ടുമെന്ന് എനിക്ക് ഊഹിക്കാന്‍ കഴിയും. എന്നാല്‍ ലഭ്യമായ വസ്തുതകള്‍ മാത്രമാണ് ഞാന്‍ അവതരിപ്പിക്കുന്നത്. ഉദാഹരണത്തിന്, ലോകത്തിലെ മൂന്നിലൊന്ന് സ്ത്രീ ആത്മഹത്യകളും നാലിലൊന്ന് പുരുഷ ആത്മഹത്യകളും ഇന്ത്യയില്‍ സംഭവിക്കുന്നുവെന്നും യുവ ഇന്ത്യക്കാരില്‍ മരണകാരണമാകുന്നത് ആത്മഹത്യയാണും കരുതുക. അല്ലെങ്കില്‍ 2020 ലെ ലോക സന്തോഷ സൂചികയിൽ വളരെ താഴെയാണ് ഇന്ത്യയുടെ സ്ഥാനം. അഫ്ഗാനിസ്ഥാന്‍, ദക്ഷിണ സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് നമ്മുടെ റാങ്കിങ്.
സൂചികയില്‍ അയല്‍രാജ്യമായ പാകിസ്താന്‍ നമ്മേക്കാള്‍ 78 റാങ്ക് മുന്നിലാണെന്നത് അപമാനകരമാണ്. നമ്മേക്കാള്‍ വളരെ ദരിദ്രരായ നേപ്പാള്‍ പോലും 50 റാങ്ക് മുന്നിലാണ്. സാമ്പത്തിക കരുത്ത്, സാമൂഹിക പിന്തുണയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍, ഉദാരതയുടെയും അഴിമതിയുടെയും നിലവാരം ഉള്‍പ്പെടെയുള്ള സങ്കീര്‍ണമായ സൂചകങ്ങളെ അടിസ്ഥാനമാക്കിയുള്ള സൂചികയിലെ നമ്മുടെ റാങ്കിങ് കഴിഞ്ഞ അഞ്ച് വര്‍ഷമായി കുത്തനെ താഴോട്ടാണെന്നതാണ് കൂടുതല്‍ ആശങ്കാജനകമായ കാര്യം.
നമ്മുടെ ദേശീയാന്തസിന്റെ സംരക്ഷകരില്‍ ചിലര്‍ ഈ സൂചിക അന്യായമാണെന്ന് പ്രതിഷേധിക്കുകയും നമ്മെ എപ്പോഴും ഒന്നാം സ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന
സ്വന്തം പതിപ്പിനായി ആഹ്വാനം ചെയ്യുകയും ഉണ്ടായേക്കാം.
Also Read: കരിപ്പൂരിലുണ്ട് പെട്ടിമുടിയിലില്ല, വിമാനത്തിലുണ്ട്, ലയത്തിലില്ല
എന്നെ സംബന്ധിച്ചിടത്തോളം, നാം ലോകത്തിലെ ഏറ്റവും ദുരിതപൂര്‍ണമായ രാജ്യങ്ങളിലൊന്നാണെന്നു വസ്തുതകള്‍ വ്യക്തമാക്കുന്നു. ഓരോ വര്‍ഷം കഴിയുന്തോറും നമ്മുടെ സ്ഥിതി കൂടുതല്‍ ദയനീയമാവുകയും ചെയ്യുന്നു. ഓടുന്ന കാറില്‍നിന്ന് എറിഞ്ഞുകൊടുക്കുന്ന ചീഞ്ഞ ഇറച്ചിക്കഷ്ണത്തിനു പുറകെ ഓടുന്ന നായക്കൂട്ടങ്ങളെപ്പോലെ പെരുമാറുന്ന ഒരു ജനതയാകാം നാം. ജീവിതത്തില്‍ മറ്റൊന്നും സ്വപ്നം കാണാൻ കഴിയാത്തവരെ പോലെ.
ഈ ധാര്‍മിക പാതാളത്തിലെ അന്ധകാരം മറികടക്കാന്‍ വെളിച്ചം കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ ഏറ്റവും ആഗ്രഹിക്കുന്നത് അനുകമ്പയുള്ള സമൂഹമാണെന്ന് ഞാന്‍ മനസിലാക്കുന്നു. ഇതൊരു വിദേശ ആശയമല്ല, കാരണം ഈ രാജ്യം അനുകമ്പയുടെ പ്രാധാന്യത്തെ ചുറ്റിപ്പറ്റിയുള്ള പാരമ്പര്യത്താല്‍ സമ്പന്നമാണ്. മാത്രമല്ല ഇന്ത്യയില്‍ വേരുറപ്പിച്ച എല്ലാ മതങ്ങളും ഈ പ്രത്യയശാസ്ത്രത്തെ പുൽകുന്നു.
എല്ലാറ്റിനുമുപരിയായി, നമ്മുടെ ചരിത്രത്തിലെ ഈ നിര്‍ണായക നിമിഷത്തില്‍ രാഷ്ട്രത്തെ പുനര്‍നിര്‍മിക്കാന്‍, രാഷ്ട്രീയവര്‍ഗവും സിവില്‍ സമൂഹത്തിന്റെ പ്രതിനിധികളും പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങള്‍ ഒരുവേളയെങ്കിലും മാറ്റിവച്ച്, ഒരു എല്ലാ നിറങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമപ്പുറം സാമൂഹിക കരാറിനാല്‍ ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് അനിവാര്യമാണ്. പരസ്പരം ആക്രമിക്കാന്‍ ചെലവഴിച്ച എല്ലാ പരിശ്രമങ്ങളും വിഭവങ്ങളും അനുകമ്പയുള്ള സമൂഹം കെട്ടിപ്പടുക്കുന്നതിലേക്കും നമ്മളെയെല്ലാം രോഗികളാക്കുന്ന അസുഖങ്ങള്‍ മാറ്റാനും തിരിക്കാന്‍ കഴിയുമോയെന്ന് ചിന്തിക്കണം.
Also Read: നിങ്ങളെ അവിടെ കണ്ടെത്താനാവുകയില്ലെന്ന് എനിക്കറിയാം
പ്രധാന ചേരുവ അനുകമ്പയാണ്. നമ്മുടെ സഹജീവികളെ സ്‌നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന ആളുകളോട് മാത്രമല്ല, അപരിചിതനോടും പുറത്തുള്ളവരോടും അതേ വികാരങ്ങള്‍ ആത്മാര്‍ത്ഥമായി പ്രകടിപ്പിക്കണം. എങ്കില്‍ മാത്രമേ നമ്മുടെ രാഷ്ട്രത്തെ കെട്ടിപ്പടുക്കുക എന്ന പൂര്‍ത്തീകരിക്കാത്ത ദൗത്യത്തിലേക്കു ആത്മാര്‍ത്ഥമായി മടങ്ങിവരാനും മൂല്യങ്ങളുടെയും വിധിയുടെയും പൊതു കൂട്ടത്തോട് ചേര്‍ന്നുനില്‍ക്കാനും കഴിയൂ. ടാഗോറിന്റെ മാന്ത്രികവാക്കുകള്‍ക്കു പ്രസക്തിയേറുന്നു. ”ഇടുങ്ങിയ മതിൽ കെട്ടുകളാൽ ലോകം വിഭജിക്കപ്പെട്ടിട്ടില്ലാത്തിടത്ത്… സത്യത്തിന്റെ ആഴത്തില്‍നിന്ന് വാക്കുകള്‍ പുറത്തുവരുന്നിടത്ത്… യുക്തിയുടെ വ്യക്തമായ പ്രവാഹം ഇല്ലാത്തിടത്ത് ചത്ത ശീലത്തിന്റെ ഇരുണ്ട മരുഭൂമിയിലേക്കുള്ള വഴി നഷ്ടപ്പെട്ടു… സ്വാതന്ത്ര്യത്തിന്റെ ആ സ്വര്‍ഗത്തിലേക്ക്, പിതാവേ, എന്റെ രാജ്യം ഉണര്‍ന്നിരിക്കട്ടെ.”
- ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ഗ്ലോബല്‍ ഹെല്‍ത്ത് പെര്‍ഷിങ് സ്‌ക്വയര്‍ പ്രൊഫസറാണ് എഴുത്തുകാരന്‍