ഇരുകൈയുകൾ വിടർത്തി അർദ്ധ വൃത്തമുണ്ടാക്കി അവർ പറഞ്ഞു “ഈ കാണുന്നതെല്ലാം ഞാനുണ്ടാക്കിയതാണ്; ഈ ജോലി ചെയ്തതു കൊണ്ട് മാത്രം”. ആ അർദ്ധവൃത്തത്തെ പിന്തുടർന്ന കണ്ണുകൾ ഉടക്കി നിന്നത് ടിൻ ഷീറ്റുകൊണ്ട് മറച്ച മേൽക്കൂരയും ചെത്തി തേക്കാത്ത ചുമരുമുള്ള ഒറ്റമുറിയിലെ പരിമിത സൗകര്യങ്ങളിലാണ്. ഒരു മൂലയിൽ സാരി കൊണ്ട് വളച്ച് കെട്ടി ഒരു കുളിമുറി. അതിനോട് ചേർന്ന മേശപ്പുറത്ത് ഒരു ഗ്യാസടുപ്പ്, ചായപ്പൊടി, പഞ്ചസാര ഡപ്പികൾ, അത്യാവശ്യ പാചക സാമഗ്രികൾ, ഭിത്തിയിലെ പാത്രങ്ങൾ വയ്ക്കാനുള്ള റാക്കിൽ വൃത്തിയായി അടുക്കി വച്ച സ്റ്റിൽ പാത്രങ്ങൾ, സെക്കന്റ് ഹാന്റ് വാഷിംഗ് മെഷീൻ, സ്റ്റീൽ അലമാര, രണ്ട് പ്ലാസ്റ്റിക് കസേരകൾ. ഇത്രയുമാണ് അവിടുണ്ടായിരുന്നത്. ഇത്രയും കുഞ്ഞു സ്ഥലത്ത് ഇത്ര സാധനങ്ങൾ വൃത്തിയിൽ ഒതുക്കി വച്ചിരിക്കുന്നു. സംസാരിച്ചു തുടങ്ങാനായി നിലത്തിരിക്കാൻ നോക്കിയപ്പോൾ തടഞ്ഞു.

“വേണ്ട, പായ തരാം. ഇത് ആദ്യ ഗഡു കിട്ടിയപ്പോൾ വാങ്ങിയത്,” പായ നിവർത്തിക്കൊണ്ട് അഭിമാനത്തോടെ അവർ പറഞ്ഞു.

ബോംബെ – പൂനെ ദേശീയപാതയോരത്തെ ഇന്റസ്ട്രിയൽ ടൗൺഷിപ്പിനരികിലെ ഒരു ഇടുങ്ങിയ വഴിയിലേയ്ക്ക് കയറുമ്പോൾ തന്നെ ഉടുപ്പിടാത്ത കുട്ടികൾ ഓടി നടക്കുന്നു; ആടുകൾ, വാഹനങ്ങളെ കൂസാതെ റോഡ് മുറിച്ച് കടക്കുന്നു. ആ വഴി അവസാനിക്കുന്നത് ഒരു മാലിന്യ നിക്ഷേപ യാർഡിലാണ്. അതെത്തും മുൻപേ ഉള്ള ഒറ്റമുറി വീടുകൾക്ക് ഇടയിലുള്ള കുഞ്ഞ് ഗലിയിലേക്ക് കയറി. അവർ, വഴികാട്ടി മുന്നിൽ നടന്നു. മെലിഞ്ഞിരുണ്ട ശരീരം, കാൽപാദങ്ങൾ വിണ്ട് കീറിയിട്ടുണ്ട്. ചൊടിയോടെ, വേഗതയിൽ നടക്കുമ്പോൾ കാലിലെ കൊലുസിന്‍റെ താളം, വിരലുകളിൽ വെള്ളി മീഞ്ചികൾ തിളങ്ങുന്നു.

25 വയസ്സ്. സ്കൂളിൽ പോയിട്ടില്ല. വിവാഹിതയായിട്ട് 10 വർഷം. അതിനിടയിൽ മൂന്ന് കുഞ്ഞുങ്ങൾ. മുൻപ് വീടുകളിൽ പണിക്ക് പോയി രുന്നു; ഇപ്പോഴില്ല. ഭർത്താവ് നിർമ്മാണ തൊഴിലാളി; എന്നാൽ എല്ലാ ദിവസവും ജോലിയില്ല.

ബോംബൈ നഗരത്തിലെ പ്രധാനപ്പെട്ട വന്ധ്യതാ ചികിത്സാ ആശുപത്രിയിലാണ് പേജ് ത്രീയിൽ നിറഞ്ഞ പല സെലിബ്രിറ്റി സറോഗസി കുഞ്ഞുങ്ങളും പിറന്നത്. ആ ആശുപത്രിയിൽ ഒരുപാട് നേരത്തെ കാത്തിരിപ്പിനും ബോധ്യപ്പെടുത്തലുകൾക്കും അപേക്ഷകൾക്കുമൊടുക്കമാണ് ഈ ഫോൺ നമ്പർ കിട്ടുന്നത്. പേജ് ത്രീയിൽ നിറഞ്ഞുനിന്ന ആരുടെയോ കുഞ്ഞിനെ പത്ത് മാസം വാടകയ്ക്ക് താമസിപ്പിച്ച ഗർഭാശയത്തിനുടമയെ തേടിയുള്ള യാത്ര എത്തി നിന്ന ഇടമാണ് തുടക്കത്തിലടയാളപ്പെടുത്തിയ ഒറ്റമുറി വീടും ആ ജീവിതചുറ്റുപാടും.

ഇന്ത്യയിൽ ദില്ലി, ബോംബൈ നഗരങ്ങളിലെ ഗർഭപാത്രം വാടകയ്ക്ക് നൽകുന്നവരെ (സറോഗേറ്റ്സ്) കുറിച്ചുളള പഠനം ദേശീയ മനുഷ്യാവകാശ കമ്മീഷനു വേണ്ടിയാണ് നടത്തിയത്. രണ്ട് നഗരങ്ങളിലായി 46 സറോഗേറ്റ്സിനെയാണ് പത്ത് മാസത്തെ ഈ പഠനത്തിൽ ഇന്റർവ്യൂ ചെയ്തത്.

ഗർഭപാത്രം വാടകയ്ക്ക് നൽകാൻ തീരുമാനിക്കുമ്പോൾ യഥാർത്ഥത്തിൽ അവരെന്ത് ചെയ്യുന്നു എന്ന് അവർ മനസ്സിലാക്കുന്നതെങ്ങിനെ?

മെഡിക്കൽ വിപണിയുടെ, പൊതു പൊളിറ്റിക്കൽ ഇക്കോണമിയുടെ, ആണധികാര കുടുംബത്തിന്‍റെ, അത്തരത്തിൽ ഏതൊക്കെ തലത്തിലുള്ള ചൂഷണമാണ് അവരെ അത്തരത്തിലൊരു തീരുമാനത്തിൽ എത്തിക്കുന്നത്?

ഇന്ത്യയിൽ ഇതുമായി ബന്ധപ്പെട്ട് നിയമ രംഗത്ത് നിലനിൽക്കുന്ന അനിശ്ചിതാവസ്ഥകളും സംശയങ്ങളും അവരെ എങ്ങിനെയാണ് ബാധിക്കുന്നത്?

ഇങ്ങിനെ ചില ചോദ്യങ്ങൾ ആണ് പഠനം മുന്നോട്ട് വച്ചത്.


തകരുന്ന കാർഷിക മേഖല കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഇന്ത്യൻ ഗ്രാമങ്ങളിൽ നിന്നും പുറന്തള്ളുന്ന അനേകായിരങ്ങളുണ്ട്; അതിൽ ആയിരക്കണക്കിന് സ്ത്രീകൾ. നഗരങ്ങളിലെ അസംഘടിത തൊഴിൽ മേഖലകളിൽ കൊടിയ ചൂഷണത്തിൽ, കുറഞ്ഞ കൂലിക്ക് പണിയെടുക്കേണ്ടി വരുന്ന ഈ സ്ത്രീകളെ തേടിയാണ് പ്രത്യുൽപ്പാദന രംഗത്തെ നവീന ശാസ്ത്ര സാങ്കേതിക വിദ്യ എത്തുന്നത്. അവരുടെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാനല്ല; സമ്പന്നരായ ഒരു ചെറു വിഭാഗത്തിന്‍റെ കുഞ്ഞുങ്ങളുണ്ടാവാനുള്ള തടസ്സങ്ങൾ പരിഹരിക്കുന്ന ടെക്നോളജിയുടെ ഭാഗമാവാൻ.

നവമുതലാളിത്തം തുറന്ന പുതിയ ‘തൊഴിലിട’ങ്ങളിലൊന്ന്. ശരീര ഭാഗങ്ങൾ ചികിത്സയ്ക്കായി വിൽക്കാനും വാടകയ്ക്ക് നൽകാനുമാകും, നൈതികതയുടെ ചോദ്യങ്ങളില്ലാതെ. ഇവിടെ നടക്കുന്ന ചൂഷണത്തെ അതിലൂടെ കടന്നുപോകുന്ന വ്യക്തികൾക്ക് തിരിച്ചറിയാനാവാതെ, അതൊരു മാനവസേവനമായി തെറ്റിദ്ധരിപ്പിച്ച് സാമ്പത്തിക ബുദ്ധിമുട്ടുകളെ എളുപ്പത്തിൽ പരിഹരിക്കാനുള്ള ഉപാധിയായാണ് സറോഗസി അവതരിക്കപ്പെടുന്നത്. മധ്യ വർഗ്ഗ, ഗവേഷക ചിന്തകൾക്ക് കണ്ടെത്താനാവുന്ന ചൂഷണത്തിന്‍റെ തലങ്ങൾ അത് അനുഭവിക്കുന്ന മനുഷ്യർ വായിക്കാതെ പോകുമ്പോൾ പതിറ്റാണ്ടുകൾക്ക് മുൻപ് മാർക്സ് എഴുതിയ ‘ഫാൾസ് കോൺഷ്യസനെസ്’ എന്ന ആശയം ഇന്നും മുതലാളിത്ത ചൂഷണത്തിന്‍റെ നിലനിൽപ്പിന് അടിസ്ഥാനമാകുന്നതെങ്ങിനെ എന്ന് മനസ്സിലാവും.

“സ്വന്തം മൂന്നു മക്കളെയും പെറ്റത് വീട്ടിൽ തന്നെ; നാലാമത്തെ ആണ് ആശുപത്രിയിൽ പോകേണ്ടി വന്നത്.” എന്തെങ്കിലും ബുദ്ധിമുട്ട് സഹിക്കേണ്ടി വന്നോ എന്ന ചോദ്യത്തിന് ഒരു പൊട്ടിച്ചിരി ആയിരുന്നു മറുപടി. ചിരിയൊതുങ്ങിയപ്പോൾ പറഞ്ഞു.” ഒരു പണിയും ചെയ്യാതിരുന്നതിന്‍റെ മടുപ്പുണ്ടായിരുന്നു. എന്‍റെ മൂന്ന് മക്കളെയും പ്രസവിക്കുന്നതിന്‍റെ അന്ന് വരേയും പണിക്ക് പോയിട്ടായിരുന്നു. ഈ ഒമ്പത് മാസം കുറേ മരുന്നുകളും റെസ്റ്റും. ബോറടിച്ചു.

പിന്നെ ഒരു കാര്യം, ജീവിതത്തിലാദ്യമായിട്ടാണ് ഞാൻ ഭക്ഷണം കഴിച്ചോ എന്നൊക്കെ ആരെങ്കിലും അന്വേഷിക്കുന്നത്. അത് രസമായി തോന്നി. ഞാനുമൊരു മനുഷ്യനാണ് എന്നാദ്യമായി തോന്നി… ഇത്ര വലിയ ആശുപത്രിയായിട്ടും ഡോക്ടർമാരൊക്കെ നല്ല സ്നേഹത്തിലാണ് പെരുമാറിയത്.” അവസരമുണ്ടെങ്കിൽ വീണ്ടുമിത് ചെയ്യാൻ തയ്യാറാണോ എന്ന ചോദ്യത്തിന്,” കുറച്ച് കൂടി കാശ് കൂട്ടി കിട്ടണം എന്നാൽ ചെയ്യും; സ്വന്തമായി ഒരു വീടുണ്ടാക്കണം. കഴിഞ്ഞ തവണ കിട്ടിയ പൈസ കൊണ്ടാണ് കുട്ടികളെ സ്കൂളിൽ ചേർക്കാനായത്.”

“ആ കുഞ്ഞിനെ ഓർക്കാറുണ്ടോ” എന്ന ചോദ്യം അല്പം ബുദ്ധിമുട്ടോടെ ചോദിച്ചപ്പോൾ തെളിഞ്ഞ ചിരിയിൽ മറുപടി. “നമ്മുടേതല്ലല്ലോ കുഞ്ഞ്, അവരുടേതല്ലേ. പത്ത് മാസം സുരക്ഷിതമായി നോക്കി. അമേരിക്കക്കാർ ആയിരുന്നു എന്നെ വാടകയ്ക്ക് എടുത്തത്. നല്ല വെളുത്ത കുട്ടി ആയിരുന്നു. വേണമെങ്കിൽ കണ്ടോളാൻ ഡോക്ടർ പറഞ്ഞു. കണ്ടിട്ടെന്തിനാ? എവിടെങ്കിലും സന്തോഷായി ജീവിക്കട്ടെ.” പെട്ടന്ന് എന്തോ ഓർത്ത് അലമാര തുറന്നു.

വിലപ്പെട്ട പേപ്പറുകൾക്കൊപ്പം സൂക്ഷിക്കുന്ന ഒരു താങ്ക്സ് കാർഡ് കാണിച്ചു തന്നു. “താങ്ക് യു വെരി മച്ച്” എന്നെഴുതി വെരിയുടെ താഴെ രണ്ട് അടിവരകളോടെ അധിക നന്ദി അടയാളപ്പെടുത്തിയിരിക്കുന്നു.

 ആമിര്‍ ഖാനും  പത്നി കിരൺ റാവുവും സറോഗേറ്റ് കുഞ്ഞ് ജനിച്ചതിനു ശേഷം ഇറക്കിയ പ്രസ്താവനയിൽ ശാസ്ത്ര സാങ്കേതിക വിദ്യക്കും ഡോക്ടർമാർക്കും ഒപ്പം നിന്ന വീട്ടുകാർക്കും കൂട്ടുകാർക്കുമൊക്കെ നന്ദി രേഖപ്പെടുത്തിയിരുന്നു. വിട്ടു പോയ ഒരേ ഒരാൾ ആ കുഞ്ഞിനെ ഗർഭത്തിൽ ചുമന്ന സറോഗേറ്റായിരുന്നു! അത്രമേൽ അദൃശ്യരാണിവർ, ഈ പുതിയ പ്രത്യുല്പാദന സങ്കേതിക വിദ്യയുടെ പ്രയോഗതലത്തിൽ.

നവലിബറൽ രാഷ്ട്രീയം ക്ഷേമരാഷ്ട്ര സങ്കൽപ്പത്തെ തകിടം മറിച്ചപ്പോൾ വിദ്യാഭ്യാസം, ആരോഗ്യം എല്ലാം ചെലവേറിയതായി മാറിയ ലോകത്ത് ചുരുങ്ങിയ കാലത്ത് കിട്ടുന്ന മോശമല്ലാത്ത ഒറ്റത്തുക എന്ന നിലയിലാണ് ഗർഭപാത്രം വാടകയ്ക്ക് നൽകുന്ന സ്ത്രീകൾ പലരുമിതിനെ കണക്കാക്കുന്നത്. ലൈംഗിക തൊഴിൽ പോലെ ‘മോശമായ കാര്യം’ അല്ല എന്നും കുഞ്ഞുങ്ങളില്ലാത്ത മറ്റൊരു കുടുംബത്തിന് ആശ്വാസമാകുന്നു തുടങ്ങിയ സ്വയം ന്യായീകരണങ്ങൾ. മൂന്ന് മുതൽ നാല് ലക്ഷം വരെയുള്ള തുകയാണ് സറോഗേറ്റ്സിന് ലഭിക്കുക, ഇടനിലക്കാർ കൊടിയ ലാഭം ഉണ്ടാക്കിയിന്‍റെ ശിഷ്ടം.

അണ്ഡദാനം: ചൂഷണത്തിന്‍റെ പുതിയ രൂപങ്ങൾ

ഇപ്പോൾ കാര്യങ്ങൾ എങ്ങിനെ മുന്നോട്ടു പോകുന്നു എന്ന ചോദ്യമാണ് ‘അണ്ഡദാനം’ എന്ന മറ്റൊരു മേഖലയെ കുറിച്ച് അവരെ വാചാലയാക്കുന്നത്. “മാസത്തിലൊരിക്കൽ പോയാൽ മതി, 25,000 രൂപ വരെ കിട്ടും. വെളുത്തതും കാണാൻ കൊള്ളാവുന്നവർക്കും കൂടുതൽ കിട്ടും. ഇവിടെ കൂടുതലും പൂട്ടിപ്പോയ ഡാൻസ് ബാറിലെ നർത്തകിമാരാണ് ഈ ജോലി ചെയ്യുന്നത്.” അവർ പറഞ്ഞു.

ഇടയിലൊരു കൂട്ടുകാരിയെ വിളിച്ചു വരുത്തി. അവരും ‘എഗ്ഗ് ഡോണർ’ തന്നെ. ഇന്ത്യയിൽ യാതൊരു നിയമപരമായ നിയന്ത്രണവുമില്ലാത്ത മേഖലയായതിനാൽ പലപ്പോഴും ഹോർമോൺ കുത്തിവച്ച് ഹൈപ്പർ സ്റ്റിമുലേഷനിലൂടെ ലോകാരോഗ്യസംഘടന പറയുന്നതിലും കൂടിയ അളവിൽ എക്സ്ട്രാക്ഷൻ നടക്കുന്നു. ഇന്ത്യയിലെമ്പാടും നഗരങ്ങളിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ വ്യാപിച്ച ഒരു കാര്യമാണിത്, കേരളത്തിലുൾപ്പടെ. കോളേജ് വിദ്യാർത്ഥിനികൾക്ക് പോക്കറ്റ് മണിയായും സാമ്പത്തിക ഞെരുക്കത്തിൽ കഴിയുന്ന നിരവധി സ്ത്രീകൾ അധിക വരുമാനത്തിനുള്ള ഒരു മാർഗ്ഗമായും ‘അണ്ഡദാന’ത്തെ സ്വീകരിക്കുന്നു.

അവരുടെ സംഭാഷണം കേട്ടിരുന്നപ്പോൾ മകളെ സ്കൂളിൽ ചേർക്കാനുള്ള പണത്തിനായി അണ്ഡദാനം നടത്തുന്നതിനിടെ ദില്ലിയിൽ മരണമടഞ്ഞ യുമഷെർപ്പ എന്ന യുവതിയുടെ മുഖം ഓർമ്മ വന്നു. ആ കേസ് എങ്ങുമെത്താതെ നിൽക്കുന്നു.

വന്ധ്യതാ ചികിത്സ എന്ന പേരിൽ നടക്കുന്ന ‘അണ്ഡദാന’ കോസ്മറ്റിക് വ്യവസായത്തിനായും അന്താരാഷ്ട്ര തലത്തിൽ വൻകിട ഫാർമ കമ്പനികൾ നിർമ്മിക്കുന്ന റീജനറേറ്റിവ് മരുന്ന് നിർമ്മാണത്തിന്‍റെ, പരീക്ഷണങ്ങളുടെ അവശ്യ അസംസ്കൃത വസ്തു കൂടിയാണ്. ചുരുങ്ങിയ ചിലവിൽ അവർക്കത് ലഭ്യമാക്കുന്ന മാർക്കറ്റുകളായി നമ്മുടെ ചെറുകിട നഗരങ്ങൾ വരെ മാറുന്നു.

പ്രശസ്ത പൊതുജനാരോഗ്യ വിദഗ്ധയായിരുന്ന അൽപ്പന സാഗർ തന്‍റെ പിഎച്ച്ഡി പ്രബന്ധത്തിൽ എഴുതുന്നുണ്ട്. കുടുംബത്തെ മുന്നോട്ട് കൊണ്ടുപോകാൻ സ്ത്രികൾ ഒരു സേഫ്റ്റിപിന്ന് പോലെ ജീവിതത്തിന്‍റെ പല ഏടുകൾ എങ്ങിനെ ചേർത്തു നിർത്തുന്നു എന്ന്. അവർ തൊഴിൽ രംഗത്തേക്ക് കടന്നു വരുമ്പോൾ, അവരെ കാത്തിരിക്കുന്ന നവലിബറൽ കാലത്തെ തൊഴിലുകൾ നാം സാധാരണ പറയാറുള്ള 3D ജോബുകൾ തന്നെയാണ് – ഡെയ്ഞ്ചറസും ഡിഫിക്കൽറ്റും ഡേർട്ടിയും ആയവ.

ചുറ്റിലുമുള്ള സമൂഹത്തെ ബോധ്യപ്പെടുത്തി, അവളവളെ തന്നെ സമാധാനിപ്പിച്ച്; അതിജീവനത്തിനായി സ്വന്തം ശരീരവും ആരോഗ്യവും പണയപ്പെടുത്തുന്നവളാണ് തൊഴിലാളി വർഗ്ഗത്തിന്‍റെ ഇന്നത്തെ മുഖം. അവളുടെ മുഖമോർക്കാതെ, സ്ത്രീ തൊഴിലാളികൾ മെച്ചപ്പെട്ട തൊഴിൽ സാഹചര്യത്തിനായി പൊരുതിയ ഒരു ദിനത്തിന്‍റെ ഓർമ്മ കടന്നു പോകാനാവില്ല. പേരറിയാത്ത, ചരിത്രത്തിൽ അടയാളപ്പെടുത്താത്ത ഇത്തരം അനേകം സ്ത്രീകൾ ചിരി തൂകി നിൽക്കുന്നതു കൊണ്ട്, അത് കൊണ്ട് മാത്രം തെളിയുന്ന ലോകമാണ് നമ്മുടേത് എന്ന ഓർമ്മ കൂടി.

ഡല്‍ഹിയില്‍ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ഡെവലപ്പ്‌മെന്റില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് ലേഖിക

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ