സറഗസി (വാടക ഗര്‍ഭധാരണം) റഗുലേഷൻ ബിൽ, 2016 അനുസരിച്ച്, അഞ്ചു വർഷത്തെയെങ്കിലും വിവാഹ ജീവിതം കഴിഞ്ഞ, വൈദ്യശാസ്ത്രപരമായി വന്ധ്യത തെളിയിക്കപ്പെട്ട സ്ത്രീ-പുരുഷ ദമ്പതികൾക്കു മാത്രമേ സറഗസി തെരഞ്ഞെടുക്കുവാനാകൂ. വാണിജ്യാടിസ്ഥാനത്തിലുള്ള വാടക ഗർഭപാത്ര രീതി തടയുന്നതിനായി, വാടകയ്ക്കെടുന്ന സ്ത്രീ, ദമ്പതികളുടെ അടുത്ത ബന്ധുവായിരിക്കണം എന്ന് ബിൽ ആവശ്യപ്പെടുന്നു. അങ്ങനെ നിസ്വാർത്ഥമായ, കച്ചവടരഹിതമായ സറഗസി ഉറപ്പു വരുത്തുന്നു. ഇതിനകത്തുള്ള നീതിപൂർവ്വമല്ലാത്ത വ്യവഹാരങ്ങൾ ഇല്ലാതാക്കുന്നതിനായും, വാടകയ്ക്കെടുക്കുന്ന അമ്മമാരെ ചൂഷണം ചെയ്യുക, അങ്ങനെയുണ്ടാകുന്ന കുഞ്ഞുങ്ങൾ ഉപേക്ഷിക്കപ്പെടുക, ഈ ഉപയോഗത്തിനായി സ്ത്രീകളെ കടത്തിക്കൊണ്ടു പോകുക എന്നിവ തടയുന്നതിനായും ഈ നിയമത്തിൽ പത്തു വർഷത്തെ തടവും കനത്ത പിഴയും ചുമത്തിയിട്ടുണ്ട്. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനും ചൂഷണം അവസാനിപ്പിക്കുന്നതിനുമുള്ള ഏതു നിയമവും സ്വാഗതാര്‍ഹമാണെന്നിരിക്കേ, സറഗസി ബിൽ വെളിപ്പെടുത്തുന്നത് ദീര്‍ഘദൃഷ്ടിയുടെ അഭാവമാണ്.
ഈ ബിൽ അനുസരിച്ച്, വൈദ്യശാസ്ത്രപരമായി വന്ധ്യത തെളിയിക്കപ്പെട്ട, വിവാഹിതരായ ഇന്ത്യന്‍ ദമ്പതികൾക്കു മാത്രമേ സറഗസി ഉപാധിയാക്കുവാൻ കഴിയുകയുള്ളു. അങ്ങനെ വരുമ്പോള്‍ അവിവാഹിതര്‍, വിവാഹിതരാകാതെ ഒന്നിച്ചു ജീവിക്കുന്നവർ, ഒരേ ലിംഗാവസ്ഥയിലുള്ള ദമ്പതിമാർ എന്നിവര്‍ സറഗസിയുടെ നിയമപരിധിയില്‍ നിന്നും പുറത്താക്കപ്പെടുന്നു. അതു പോലെ ഒരു ‘അടുത്ത ബന്ധു’വിന് മാത്രമേ ‘സറഗേറ്റ് മദര്‍’ ആവാന്‍ സാധിക്കുകയുള്ളൂ എന്ന് നിഷ്കര്‍ഷിക്കുന്ന ബില്‍, അടുത്ത കുടുംബാംഗങ്ങളോ കുടുംബത്തിൽ നിന്നുള്ള പിന്തുണയോ സഹായമോ ഇല്ലാത്തവർക്ക് അപ്രാപ്യമാവുകയും ചെയ്യുന്നു. സാമൂഹിക നിയമങ്ങളെ വെല്ലുവിളിച്ചു കൊണ്ട് വിവാഹിതരായ മിശ്ര-ജാതി, മിശ്ര-മത ദമ്പതികളുടെ കാര്യത്തിലാണെങ്കില്‍, മേല്‍പ്പറഞ്ഞ കുടുംബ പിന്തുണയോ സഹായമോ ഉണ്ടാകാന്‍ സാധ്യതയും കുറവാണ് എന്നിരിക്കേ, ഈ ബില്‍ അവര്‍ക്കും സഹായകരമാകുന്നില്ല. ഇത്തരം മിശ്ര-മത ദമ്പതികള്‍ കടന്നു പോകുന്ന ദുരവസ്ഥയുടെ ഉദാഹരണമാണ് ഈയിടെയുണ്ടായ ‘ഹാദിയ കേസ്.’ അടിസ്ഥാനരഹിതമായ ‘ലവ് ജിഹാദ്’ ആരോപണങ്ങള്‍ ഇവര്‍ക്കെതിരെ ഉന്നയിച്ചത് സ്റ്റേറ്റ് തന്നെയായിരുന്നു. നിയമാനുസൃതമായി വിവാഹം ചെയ്യപ്പെട്ട, എതിർലിംഗ ദമ്പതികൾ, അതും ഒരേ ജാതി- മതത്തില്‍ പെട്ടവര്‍ മാത്രമാണ് സറഗസിയിലൂടെ ഒരു കുഞ്ഞിനു ജന്മം നല്‍കാന്‍ പ്രാപ്തരായവര്‍ എന്നാണ് സറഗസി ബില്ലിന്റെ എതിർലിംഗ-പിതൃമേധാവിത്വ സംഗ്രഹം വിഭാവനം ചെയ്യുന്നത്.
കൂടാതെ, നിയമപരമായി വിവാഹം ചെയ്യാൻ അനുമതിയില്ലാത്തവർക്ക് – എൽ ജി ബി റ്റി സമൂഹം – സറഗസിയിലൂടെ ഒരു കുഞ്ഞുണ്ടാവുക എന്നത് ഈ നിയമമനുസരിച്ച് നിഷേധിക്കപ്പെടുന്നു. 2018ലെ നവ്‌തേജ് സിംഗ് ജോഹർ കേസിലെ ചരിത്രപരമായ വിധിയ്ക്കു ശേഷവും, എൽ ജി ബി റ്റി വ്യക്തികൾ, ഇത്തരം നിയമനിര്‍മ്മാണങ്ങള്‍ വ്യക്തമാക്കുന്നത് പോലെ, രാജ്യത്ത് രണ്ടാം തരം പൗരമാരായി കരുതപ്പെടുന്നു. സര്‍ക്കാര്‍ ത്വരിത ഗതിയില്‍ നടത്തുന്ന ‘പുരോഗമനോന്മുഖമായ’ നയമാറ്റങ്ങളുടെയും നിയമമാറ്റങ്ങളുടെയും ‘റണ്ണിംഗ് തീം’ ആകുന്നു ഇത്തരം ഒഴിവാക്കലുകള്‍. ഈയിടെ ലോകസഭയിൽ പാസ്സാക്കപ്പെട്ട ട്രാൻസ്‌ജെന്റർ വ്യക്തി (അവകാശ സംരക്ഷണം) ബിൽ 2018ലും വിവാഹം, സിവിൽ പങ്കാളിത്തം, ദത്തെടുക്കൽ, സറഗസി, സ്വത്തവകാശം എന്നിങ്ങനെയുള്ള പൗരാവകാശങ്ങളെക്കുറിച്ചുള്ള യാതൊരു പരാമർശവുമില്ല. അങ്ങനെ നാഷണല്‍ ലിഗല്‍ സര്‍വിസിസ് ആതോറിട്ടി (നാല്സ) ഫയല്‍ ചെയ്ത കേസില്‍ 2014ല്‍ സുപ്രീം കോടതി നൽകിയ ഭരണഘടനാപരമായ ഉറപ്പുകളും മൗലികാവകാശങ്ങളും ട്രാൻസ്‌ജെന്റർ വ്യക്തികള്‍ക്ക് നിഷേധിക്കപ്പെടുന്നു.