scorecardresearch

തമിഴ് രാഷ്ട്രീയത്തിലെ 'കബാലി'

തമിഴ് രാഷ്ട്രീയം കലങ്ങി മറിയുന്ന നേരത്ത് 87 ആവർത്തിക്കുമോ അതോ അധികാരം കൈവിടാതിരിക്കാൻ ഒ​പി എസ്സിനൊപ്പമെത്തുമോ എം എൽ​​ എ മാർ. ജനങ്ങളും എം എൽ​ എ മാരും രണ്ട് തട്ടിലാകുന്ന കാഴ്ചയാണ് തമിഴ്നാട്ടിലേതെന്ന് മുതിർന്ന മാധ്യമപ്രവർത്തകനും ഇന്ത്യാ ടുഡേ മുൻ എക്സിക്യൂട്ടീവ് എഡിറ്ററുമായ ലേഖകൻ

തമിഴ് രാഷ്ട്രീയം കലങ്ങി മറിയുന്ന നേരത്ത് 87 ആവർത്തിക്കുമോ അതോ അധികാരം കൈവിടാതിരിക്കാൻ ഒ​പി എസ്സിനൊപ്പമെത്തുമോ എം എൽ​​ എ മാർ. ജനങ്ങളും എം എൽ​ എ മാരും രണ്ട് തട്ടിലാകുന്ന കാഴ്ചയാണ് തമിഴ്നാട്ടിലേതെന്ന് മുതിർന്ന മാധ്യമപ്രവർത്തകനും ഇന്ത്യാ ടുഡേ മുൻ എക്സിക്യൂട്ടീവ് എഡിറ്ററുമായ ലേഖകൻ

author-image
PS Joseph
അപ്‌ഡേറ്റ് ചെയ്‌തു
New Update
paneerselvam

തമിഴ് രാഷ്ട്രീയത്തെ ഉലച്ച ഒരു കൂറ്റൻ അഴിമതിയുടെ കഥ നാടകീയമായി അവസാനിക്കുകയാണ്. അധികാരത്തിന്റെ അകത്തളങ്ങളിലേയ്ക്ക് ആദ്യമായി കടന്നുവന്ന ഒരു രാഷ്ട്രീയ നേതാവും അവരുടെ പിണിയാളുകളും നടത്തിയ തീവെട്ടിക്കൊളളയക്ക് ഉചിതമായ പരിസമാപ്തി നൽകിയിരിക്കുകയാണ് ഉന്നത കോടതി.

Advertisment

അളവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ മുൻ മുഖ്യമന്ത്രി ജെ.ജയലളിത മരിച്ചതിനാൽ ഒഴിവാക്കപ്പെട്ടുവെങ്കിലും അവരോടൊപ്പം കണക്കിൽ കവിഞ്ഞ സ്വത്ത് സമ്പാദിക്കുകയും അതിന് സഹായിക്കുകയും ചെയ്ത അവരുടെ ഉറ്റ തോഴി വി.കെ.ശശികലയും അവരുടെ ബന്ധുക്കളായ ഇളവരശിയും വി.എൻ.സുധാകരനും ശിക്ഷിക്കപ്പെട്ടു. നാല് വർഷം തടവും പത്ത് കോടി രൂപ പിഴയും മാത്രമല്ല, വിചാരണക്കോടതിയുടെ ശിക്ഷ ശരിവച്ചതോടെ അങ്ങനെ സമ്പാദിക്കപ്പെട്ട സ്വത്തുക്കളും സർക്കാർ കണ്ടുകെട്ടും

അഴിമതിക്കെതിരായ യുദ്ധത്തിൽ ഒരു സുവർണരേഖയായിരിക്കുകയാണ് സുപ്രീം കോടതി ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷിന്റെയും അമിതാവ റോയിയുടെയും ഈ വിധി. രാഷ്ട്രീയബലം കൊണ്ട് പൊതുമുതൽ കൊള്ളയടിക്കുന്നവർക്കുള്ള വലിയ മുന്നറിയിപ്പ്. ഏറെ ഇടവേളകൾക്കുശേഷം, ഏതാണ്ട് 21 വർഷങ്ങൾക്കുശേഷമാണ് അവസാന വിധി വന്നതെങ്കിലും കാട്ടുകളളന്മാർക്കു മുന്നിൽ ഒരു വലിയ ഭീഷണിയായി ഈ വിധി നിലനിൽക്കും. ഒരു പക്ഷേ, അലഹബാദ് ഹൈക്കോടതി വിധി, ഇന്ദിരാഗാന്ധിയുടെ മേൽ ചുമത്തിയ രാഷ്ട്രീയ സമ്മർദ്ദത്തിന്റെ മറ്റൊരു പ്രതിഫലനം.

ദേശീയ രാഷ്ട്രീയത്തിലും തമിഴ്നാട് രാഷ്ട്രീയത്തിലും തല ഉയർത്തി നിന്ന, വ്യക്തിപ്രഭാവത്തിൽ എത്രയോ മുന്നിലായിരുന്ന എഐഎഡിഎംകെ നേതാവ് ജെ.ജയലളിത ഒന്നാം പ്രതിയായുള്ള ഈ കേസും മറ്റെല്ലാ അഴിമതി കേസുകളെയും പോലെ വൃത്തികെട്ട സ്വാഭാവിക അന്ത്യത്തിലെത്തേണ്ടതായിരുന്നു, ഡിഎംകെ നേതാവ് കെ.അൻപഴകൻ കക്ഷി ചേർന്നിരുന്നില്ലെങ്കിൽ,  ബി വി ആചാര്യയെ പോലെ സമർത്ഥനായ ഒരു അഭിഭാഷകൻ പല നേട്ടങ്ങളും ത്യജിച്ച് കർണാടക സർക്കാരിന് വേണ്ടി വിചാരണ കോടതിയിൽ ഹാജരായിരുന്നില്ലെങ്കിൽ, സകലവിധ രാഷ്ട്രീയ സമ്മർദ്ദങ്ങളും നേരിട്ട് പ്രത്യേക കോടതി ജഡ്ജി ജോൺ മൈക്കിൾ ഡി കുഞ്ഞ  999 പേജ് വരുന്ന വിധിന്യായത്തിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന ജയലളിതയെയും തോഴി ശശികലയെയും ബന്ധുക്കളെയും ശിക്ഷിച്ചിരുന്നില്ലെങ്കിൽ.

Advertisment

അഴിമതി വഴി നേടിയ സ്വത്തുക്കളും ഏറ്റെടുക്കണമെന്ന് കൂടി ഉത്തരവിട്ടത് ഒരു വലിയ മാറ്റമായിരുന്നു. അഴിമതിക്ക് ശിക്ഷ അനുഭവിച്ച ശേഷവും അതിന്റെ സാന്പത്തികനേട്ടങ്ങൾ ആ സ്വത്ത് കൈവശം വച്ച് നിയമ വ്യവസ്ഥയെ പരിഹസരിച്ചിരുന്നവർക്ക് ഒരു മുന്നറിയിപ്പായിരുന്നു ഈ വിധി. എങ്കിലും കോടതി നടപടികൾ ഒച്ചിഴയും വേഗത്തിലാണ് മുന്നോട്ട് പോയത്. കഴിഞ്ഞ ഫെബ്രുവരിയിൽ വിധി പറയുമെന്ന് കരുതപ്പെട്ടിരുന്ന ഈ കേസ് അടുത്ത വർഷത്തെ വാലന്റൈൻ ദിനത്തിന് കാത്തിരുന്നുവെന്നത് അത്ര ശുഭകരമായ കാര്യമല്ല.

sasikala, tamil nadu

ഈ വിധി തമിഴ്നാട് രാഷ്ട്രീയത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളാണ് ഏറ്റവും ശ്രദ്ധേയം. ജയലളിതയുടെ മരണത്തോടെ അനാഥമായ എഐഎഡിഎംകെ എന്ന കക്ഷിയുടെ നേതൃസ്ഥാനത്ത് സ്വയം പ്രതിഷ്ഠിക്കുകയും തങ്ങൾ നിയോഗിച്ച ഒരു മുഖ്യമന്ത്രിയെ നിർബന്ധിപ്പിച്ച് രാജിവയ്പ്പിച്ച് ആ സ്ഥാനത്തിന് വേണ്ടി കച്ച മുറുക്കുകയും ചെയ്ത വി.കെ.ശശികല എന്ന ജയലളിതയുടെ ഉറ്റ തോഴി സംസ്ഥാന രാഷ്ട്രീയത്തെ വലിയൊരു രാഷ്ട്രീയചുഴിലേയ്ക്കാണ് നയിച്ചത്.

ജയയുടെ മരണത്തോടെ അവരുടെ വസതിയായ പോയസ് ഗാർഡനിൽ സ്ഥാനം ഉറപ്പിക്കുകയും എഐഎഡിഎംകെയുടെ ഭണ്ഡാരം സൂക്ഷിപ്പുകാരി എന്ന നിലയിൽ ആക്ടിങ് സെക്രട്ടറിയായി വിഹരിക്കുകയും ചെയ്ത വി.കെ.ശശികല മുഖ്യമന്ത്രി സ്ഥാനത്തിനുള്ള മത്സരത്തിൽ സ്വയം പ്രതിഷ്ഠിച്ചപ്പോൾ എന്തായിരിക്കാം കരുതിയത്?

ജയലളിത തിരഞ്ഞെടുത്ത, അധികാര രാഷ്ട്രീയത്തിൽ 'സംപൂജ്യരായ' എംഎൽഎമാർ മുഴുവൻ തന്നെ തുണയ്ക്കുമെന്ന ശശികലയുടെ കണക്കുകൂട്ടൽ തെറ്റിയില്ല. എന്നും വിധേയനായ ഒ.പനീർസെൽവം എന്ന മൂന്നാം തവണ മുഖ്യമന്ത്രിയായ കാവലാൾ തനിക്കെതിരെ നീങ്ങുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നില്ല. ഒപിഎസ് അങ്ങനെ നീങ്ങിയാൽ തന്നെ ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണയിൽ മുഖ്യമന്ത്രി പദം തനിക്ക് സ്വന്തമാക്കാമെന്നാണ് അവർ കരുതിയിരുന്നത്.

സ്വത്ത് കേസ് അന്തിമവിധിക്ക് നീങ്ങുമ്പോഴാണ് തന്റെ രാഷ്ട്രീയ നീക്കമെന്ന് ശശികലയക്ക് അറിയാത്തതല്ല. വിധി എതിരായാലും തനിക്ക് അനുകൂലമാക്കി മാറ്റാമെന്ന മിഥ്യാധാരണയും അവർക്കുണ്ടായിരുന്നുവോ? എന്തായാലും അവരെ നയിക്കുന്ന ഭർത്താവ് മുൻ സർക്കാർ പിആർഒ നടരാജന്റെയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുളള 'മണ്ണാർഗുഡി മാഫിയയുടെയും' കൈകൾ ഇപ്പോഴും എഐഎഡിഎംകെയുടെ മുകളിലുണ്ട്.

ശശികലയ്ക്ക് നാല് വർഷം ജയിലും കൂടെ ആറ് വർഷം മത്സരിക്കാനുള്ള വിലക്കും ഉണ്ടെങ്കിലും ജയലളിതയുടെ ജനസ്വാധീനം കൊണ്ട് കോടികളുടെ സാമ്രാജ്യം കരുപ്പിടിപ്പിക്കുകയും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ തന്നെ റാഞ്ചാൻ ശ്രമിക്കുകയും ചെയ്ത ഈ 'മാഫിയ'യെ തളർത്തിയിട്ടില്ല. എടപ്പാടി പളനി സ്വാമിയെ പാർട്ടി നേതാവായി തിരഞ്ഞെടുത്തതിലൂടെ പാർട്ടി സമീപഭാവിയിൽ ഇനിയും വലിയൊരു പൊട്ടിത്തെറിക്ക് സാധ്യത തെളിയുകയാണ്.

എഐഎഡിഎംകെയിലെ 134 എംഎൽഎമാരിൽ 118 പേരും അദ്ദേഹത്തോടൊപ്പം നിലനിന്നാൽ മാത്രമേ ശശികല വിഭാഗത്തിന്റെ കീഴിൽ ഒരു പുതിയ മന്ത്രിസഭ എന്ന ലക്ഷ്യം സാധിതമാകു. 18 എംഎൽഎമാർ കൂടി പനീർസെൽവത്തോടു കൂടി ചേർന്നാൽ എഐഎഡിഎംകെ ഭരണം തന്നെ ഇല്ലാതാകും. ഫലത്തിൽ രാഷ്ട്രപതി ഭരണത്തിലേയ്ക്കാവും സംസ്ഥാനം മാറുക. 87-ലെ രാഷ്ട്രീയത്തിലെ തനിയാവർത്തനം. പ്രതിപക്ഷ കക്ഷികളായ ഡിഎംകെയും കോൺഗ്രസും അതാവും ആഗ്രഹിക്കുക. ബിജെപിക്കാവട്ടെ ഒരു കിങ് മേക്കാറാവാനുള്ള അവസരവും കൈവന്നിരിക്കുന്നു. എപ്പോഴാണ് ഒരു രാഷ്ട്രീയകക്ഷിക്ക് അനായാസമായി ഒരു പാർട്ടിയും ഭരണവും സംസ്ഥാനവും ലഭിക്കുന്നത്! എംഎൽഎമാർ ഒപിഎസ് പക്ഷം ചേർന്നാൽ അവർക്കാവും നേട്ടമുണ്ടാകുക

പക്ഷേ, തമിഴ്നാട് രാഷ്ട്രീയം എപ്പോഴും പ്രവചനാതീതമാണ്. വിധേയനായ കാവൽ മുഖ്യമന്ത്രി, ഒപിഎസ്, രജനീകാന്തിന്റെ കബാലിയെ പോലെ ഒറ്റ രാത്രികൊണ്ട് സൂപ്പർസ്റ്റാറായി മാറി. പൊതുവേ പ്രതികരിക്കാത്ത തമിഴ് ജനത അദ്ദേഹത്തിന് ചുറ്റും കവചം തീർത്തു. ജനങ്ങളും എംഎൽഎമാരും രണ്ടു തട്ടിലാകുന്ന കാഴ്ച. ജയലളിത ഉണ്ടായിരുന്നെങ്കിൽ വ്യത്യസ്തമായിരുന്നേനെ കാര്യങ്ങൾ. ശശികല ജയലളിതയെ പോലെ ഒരു ജനകീയ നേതാവല്ല എന്നതാണ് എഐഎഡിഎംകെ നേരിടുന്ന വലിയ പ്രശ്നം.

അഴിമതിക്കെതിരെ അവസാന വാക്കല്ല ജനവിധിയെങ്കിലും തമിഴ് ജനതയുടെ വികാരത്തിന്റെ പ്രതിഫലനം ഈ വിധിയിൽ കാണാം. നിയമസഭയിൽ നടക്കുന്ന ശക്തി പരീക്ഷണത്തിൽ ആര് ജയിച്ചാലും തോറ്റാലും തമിഴ്  രാഷ്ട്രീയം മറ്റൊരു വഴിത്തിരിവ് കാണുകയാണ്. പുതിയ രാഷ്ട്രീയ നേതൃത്വം  ഇവിടെ ഒരുത്തിരിയുകയാണ്. ജനങ്ങളാണ് തത്ക്കാലമെങ്കിലും ഇവിടെ രാജാവ്.

Sasikala Supreme Court Aiadmk Jayalalithaa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: