scorecardresearch

അദൃശ്യതകളുടെ ചരിത്രവും വർത്തമാനവും

മലയാളിയുടെ പൊതു രാഷ്ട്രീയ ഭാവനകളിൽ ഇടമില്ലാത്ത പോയ ഒരു ജനതയുടെ ദൃശ്യത ഉറപ്പു വരുത്താനുള്ള ബൗദ്ധിക ശ്രമം എന്ന നിലയിൽ തന്നെയാണ് സണ്ണി എം കപിക്കാട് എഴുതിയ “ജനതയും ജനാധിപത്യവും” എന്ന പുസ്തകം പ്രസക്തമാവുന്നത്

sunny m kapikkadu, dalit poitics, janathayum janathipathiyavumm

ഇന്ത്യൻ സാമൂഹിക വ്യവസ്ഥയെ കൃത്യമായി നിർവചിച്ചത് അംബേദ്‌കറാണ്. ഇവിടെ നിലനിൽക്കുന്ന വിവേചനത്തിനു ശ്രേണീകൃതമായ ഒരു സ്വഭാവമുണ്ടായിരുന്നുവെന്നും അവയാണ് കീഴ്നിലകളിലെ അദൃശ്യതകൾ സൃഷ്‌ടിച്ചത്‌ എന്നും അംബേദ്‌കർ കൃത്യമായി മനസിലാക്കി. ഇത് മനസിലാക്കാത്ത സാമ്പത്തികമാത്രവാദത്തിന്റെ ഒരു പരിമിതി വിവേചനത്തെ തൊഴിലാളി/മുതലാളി എന്ന ബൈനറിയിൽ മാത്രം കണ്ടുവെന്നതാണ്. കീഴ്നിലകൾ എന്നത് ഒരു ബൈനറി ലോജിക്കിൽ മാത്രം മനസിലാവുന്ന ഒന്നല്ല. അനേകം തട്ടുകളുള്ള ഒരു വിഭജന പ്രക്രിയയിലൂടെയാണ് അധീശത്വ വ്യ്വവഹാരങ്ങൾ തങ്ങളുടെ അധികാരം സംരക്ഷിച്ചിരുന്നത്. അത് കൊണ്ട് തന്നെ, തൊഴിലാളി എന്ന ഏക നിർവചനത്തിൽ ഒതുങ്ങുന്നതല്ല ശ്രേണിയുടെ കീഴ്‌നിലകളിൽ അദൃശ്യരാക്കപ്പെട്ടവർ നേരിടുന്ന വിവേചനങ്ങൾ.

ambedkar, sunny m kapikkadu, sabloo thomas, vishnu ram, janathayum janathipathiyavum,

അത് കൊണ്ട് തന്നെ ശ്രേണിയുടെ കീഴ്‌നിലകളിലുളളവരുടെ ദൃശ്യതയും പ്രാതിനിധ്യവും സാധുതയും ഉറപ്പു വരുത്തണമെങ്കിൽ വെറും രണ്ടു നിലകൾ മാത്രമുള്ള ഒരു ഘടനയല്ല വിവേചനത്തിന്റേത് എന്ന് തിരിച്ചറിയണം.സാമ്പത്തിക മാനങ്ങൾക്കപ്പുറത്ത് ജാതീയാവും ലിംഗപരവും ലൈംഗികസ്വത്വപരമാവുമായ അനേകം വേർതിരിവുകൾ സമൂഹത്തിൽ പ്രവർത്തിക്കുന്നു എന്ന മനസ്സിലാക്കൽ പ്രധാനമാവുന്നത് ഇവിടെയാണ്. അത് കൊണ്ടാണ് സ്ത്രീപക്ഷവും ദളിത്പക്ഷവുമായ പലതരം വായനകൾ ഉണ്ടാവുന്നത്.
മലയാളി മെമ്മോറിയലും ഈഴവ മെമ്മോറിയൽ തുടങ്ങി മലയാളിയുടെ രാഷ്ട്രീയ ഭാവനകളിൽ ഇടമില്ലാത്ത പോയ ഒരു ജനതയുടെ ദൃശ്യത ഉറപ്പു വരുത്താനുള്ള ബൗദ്ധിക ശ്രമം എന്ന നിലയിൽ തന്നെയാണ് സണ്ണി എം കപിക്കാട് എഴുതിയ “ജനതയും ജനാധിപത്യവും” എന്ന പുസ്തകം പ്രസക്തമാവുന്നത്.

സണ്ണി എം കപിക്കാട് പുസ്തകത്തിൽ സാമ്പത്തികമാത്രവാദം കാണാതെ പോയ വിവേചനത്തിന്റെ കീഴ്‌നില ജീവിതങ്ങളെ ഇങ്ങനെ വായിക്കുന്നുണ്ട്.“കാര്‍ഷികമേഖലയിലെ തൊഴിലാളികളായി നിര്‍വചിക്കപ്പെട്ടതോടെ കൃഷിഭൂമിയുടെ അവകാശത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ സ്വയം നിര്‍ബന്ധിക്കപ്പെട്ടു എന്നതാണ് ദലിതരും ആദിവാസികളും നേരിട്ട ദുരന്തം. ഈ ജനതയുടെ ഭൂരാഹിത്യം ദീര്‍ഘകാലത്തേക്ക് ഉയര്‍ന്നുവരാതിരുന്നതിനു പിന്നില്‍ അധ്യാരോപിക്കപ്പെട്ട ഈ ‘വര്‍ഗപദവി’ ഒരു പ്രധാന കാരണമാണ്. ഇതിനെക്കാള്‍ ഭീകരമായിരുന്നു ഇതിന്രെ സാമൂഹികഫലങ്ങള്‍. അടിമകളും അയിത്ത ജാതികളുമെന്ന നിലയില്‍ ദലിതര്‍ നേരിട്ടിരുന്ന അനുഭവസങ്കീര്‍ണതകള്‍ ഒറ്റയടിക്ക് മറച്ചുകളയുകയും അവരുടെ പ്രശ്നം കൂലി കൂടുതലിന്രെയും ജോലിസമയത്തിന്രേതുമായി ചുരുക്കിക്കളയുകയും ചെയ്തു. ഒരു ജനതയെന്നനിലയില്‍ ആദിവാസികളുടെ സവിശേഷാസ്തിത്വത്തെ തള്ളിക്കളയുന്നതായിരുന്നു അവര്‍ക്ക് കൈവന്ന കര്‍ഷകത്തൊഴിലാളി എന്ന വര്‍ഗപദവി. അവിടെയും ആദിവാസി,ദലിത്  ജീവിതത്തിന്രെ സങ്കീര്‍ണതകളെല്ലാം അപ്രത്യക്ഷമാവുകയും കൂലികൂടുതല്‍ പ്രധാന പ്രശ്നമായി മാറുകയും ചെയ്തു.

സ്വന്തം ജീവിതാനുഭവങ്ങള്‍ മറച്ചുവെക്കേണ്ടിവരുന്ന ജനത അനുഭവിക്കുന്ന സ്വത്വനഷ്ടം അഗാധമാണ്. അതായത്, ഒരു അയിത്തജാതിക്കാരനെന്നനിലയിലുള്ള തന്രെ നിലനില്‍പിന്രെ സങ്കീര്‍ണതകളെ വിശദീകരിക്കാനുള്ള എല്ലാ സാധ്യതകളും പുതിയ വര്‍ഗപദവിയോടെ ഇല്ലാതാവുകയായിരുന്നു. മാത്രവുമല്ല, അത്തരം വിശദീകരണങ്ങള്‍ പാവനമായ വര്‍ഗ ഐക്യത്തെ ദുര്‍ബലപ്പെടുത്തും എന്നതിനാല്‍ കുറ്റാരോപിതന്രെ സ്ഥാനമാണ് പുതിയ വര്‍ഗപദവി ഈ ജനതക്ക് നല്‍കിയത്. ആദിവാസിമേഖലയിലാകട്ടെ അവരുടെ അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ ഒരിക്കല്‍ പോലും അഭിസംബോധന ചെയ്യപ്പെട്ടില്ല. അത് ചര്‍ച്ചചെയ്യാനുള്ള ഇടങ്ങളായിരുന്നില്ല വര്‍ഗപ്രസ്ഥാനങ്ങളും.” വിഭവാധികാരത്തിൽ നിന്നും ദളിതരെയും ആദിവാസികളെയും മാറ്റി നിർത്തിയത് വർഗപദവി മാത്രമല്ലെന്നും അവർ നേരിട്ടത് സാമൂഹികവും സാംസ്‌കാരികവും ചരിത്രപരവുമായ പല നിലയിലുള്ള വിവേചനകൾ കൂടിയാണ്.അയിത്തജാതി വിഭാഗങ്ങൾക്ക് പാട്ടമായോ വാരമായോ ഭൂമി കൈവശം വയ്ക്കാൻ അവകാശമില്ലാതിരുന്നതുകൊണ്ട് കർഷകത്തൊഴിലാളികൾക്ക് കൃഷിഭൂമി ലഭ്യമായില്ല. ജാതി ശ്രേണിയുമായി ബന്ധപ്പെട്ട ഈ യാഥാർത്ഥ്യം കാണാതിരിക്കുകയും കാർഷിക അടിയാളത്തത്തെ പ്രത്യേകമായി മനസ്സിലാക്കാതിരിക്കുകയും ചെയ്തതുകൊണ്ട് ഭൂപരിഷ്ക്കരണനിയമത്തിന് ഭൂവുടമസ്ഥതയിലുള്ള അദൃശ്യതയെ അഭിസംബോധന ചെയ്യാൻ കഴിഞ്ഞില്ല എന്ന് പുസ്തകം ഓർമിപ്പിക്കുന്നു. ഇത്തരം ശ്രേണികൾ പ്രവർത്തിച്ചിരുന്നത് വിഭവ വിതരണത്തിൽ മാത്രമല്ല ജ്ഞാന മണ്ഡലത്തിലും അവ പ്രകടമായിരുന്നു. അത് കൊണ്ടാണ് മലയാളി മെമ്മോറിയൽ,ഈഴവ മെമ്മോറിയൽ തുടങ്ങിയ രാഷ്ട്രീയ ഇടപെടലുകളിലോ ഇവയുടെ ഫലമായി ഉരുത്തിരിഞ്ഞു വന്ന മലയാളി ദേശീയതയെ കുറിച്ചുള്ള സങ്കല്പത്തിലോ ദളിതർ ദൃശ്യമാവാത്തത്. കാണുന്നില്ല ഒരക്ഷരവും എന്റെ വംശത്തെ പറ്റി/കാണുന്നുണ്ടനേക വംശത്തിൻ ചരിത്രങ്ങൾ എന്ന പൊയ്കയിൽ അപ്പച്ചന്റെ പാട്ട് കൃത്യമായി ഈ അദൃശ്യതയെ പ്രശ്നവത്കരിച്ചിട്ടുണ്ട്.

arundhathi roy, sunny m kapikkadu, ambedkar, vishnu ram, dalit politics,

 

ജ്ഞാനമണ്ഡലത്തിലെ ഈ അദൃശ്യത അരുന്ധതി റോയി അംബേദ്‌കറുടെ ‘അനിഹിലേഷന്‍ ഓഫ് കാസ്റ്റ്’ എന്ന പുസ്തകത്തിന് എഴുതിയ ആമുഖത്തോടുള്ള വിയോജിപ്പിൽ കൃത്യമായി സണ്ണി എം കപിക്കാട് പറഞ്ഞു വെക്കുന്നുണ്ട്: “വിജ്ഞാനിര്‍മ്മിതിയില്‍ ഉപയോഗിക്കുന്ന സംവര്‍ഗ്ഗങ്ങള്‍ സാര്‍വ്വലൗകികവും സ്വതന്ത്രവും വസ്തുനിഷ്ടവുമാണെന്ന സങ്കല്‍പ്പം കാലഹരണപ്പെട്ടുകഴിഞ്ഞു. പ്രതിനിധാനം എന്നത് എല്ലാ സാമുഹിക ഇടപാടുകളുടെയും ആണിക്കല്ലാണെന്ന് തിരിച്ചറിയപ്പെട്ട ലോകത്താണ് നാം ജീവിക്കുന്നതെന്ന കാര്യം മറന്നു പോകരുത്. വിജ്ഞാനവുമായി ബന്ധപ്പെട്ടും പ്രതിധാനപരമായ ചോദ്യങ്ങളുടെ ഒരു സമുച്ചയം തന്നെയുണ്ട്.

janathayum janadipatyiyavum sunny m kapikkadu sabloo thomas, vishnu ram dalit politcs,

 

സാമൂഹിക ശരീരത്തിന്റെ ഏതിടങ്ങളില്‍ നിന്നാണ് പുതിയ ശബ്ദങ്ങള്‍ രൂപപ്പെട്ടുവരുന്നത്. അതിന്റെ സംവാഹകര്‍ ആരാണ്? ഇവ വിജ്ഞാനവുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ചോദ്യങ്ങളാണ്. അതായത് പറയുന്ന ആള്‍ സമൂഹത്തിന്റെ ഏതിടത്ത് നില്‍ക്കുന്നു എന്നത് പറയപ്പെടുന്ന കാര്യത്തെ നിര്‍ണ്ണയിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇതു തിരിച്ചറിയാത്തവരാണ്, പ്രതിനിധാനത്തിന്റെ ചോദ്യം ഉന്നയിച്ച ദളിതര്‍ വലിയ പാപം ചെയ്യുകയാണെന്ന മട്ടില്‍ പ്രതികരിച്ചത്.”

 

ഭൂമി വിഭവാധികാരം, സാഹിത്യം,സംസ്‌കാരം, വികസനം ദാർശനികത,സമകാലീനം എന്നീ അഞ്ച് ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്ന പുസ്തകം അദൃശ്യതകളെ അവയുടെ സൈദ്ധാന്തികവും ചരിത്രപരവുമായ അതിന്റെ ഘടനയെ മറികടക്കാനുള്ള പ്രസക്തമായ ഒരു ശ്രമാണ്.


ജനതയും ജനാധിപത്യവും: ദളിത് വിജ്ഞാനത്തിന്റെ രാഷ്ട്രീയപാഠങ്ങൾ – സണ്ണി എം.കപിക്കാട്, വിദ്യാർത്ഥി പബ്ലിക്കേഷൻസ്,കോഴിക്കോട്, രൂപ 800

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Sunny m kapikad janathayum janadhyapathyavum sabloo thomas