ലോകത്തിതുവരെ ഉണ്ടായിരുന്ന ശാസ്ത്രജ്ഞന്‍മാരില്‍ ഇരട്ടിയിലധികം പേര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയിലും ഈ നൂറ്റാണ്ടിന്‍റെ ആദ്യത്തിലുമായി ശാസ്ത്രരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ എണ്ണത്തില്‍ അത്രമാത്രം വര്‍ദ്ധവാണുണ്ടായത്. ഈ എണ്ണക്കൂടുതല്‍ കാരണം അറിയപ്പെടുന്നവരുടെ സംഖ്യ എത്രയോ കുറവായിരിക്കും.

പ്രതിഭ കൊണ്ടും ഗവേഷണത്തിന്‍റെ പ്രാധാന്യം കൊണ്ടും ശ്രദ്ധേയരായ ശാസ്ത്രജ്ഞന്‍മാരുടെ പേരുകള്‍ മാത്രമാണ് നാമിന്ന് കേട്ടുകൊണ്ടിരിക്കുന്നത്. ഭൗതികശാസ്ത്രത്തില്‍ നെടുന്തൂണുകളായി പ്രവര്‍ത്തിച്ച പ്രധാനപ്പെട്ട ശാസ്ത്രജ്ഞരില്‍ ഒരാളാണ് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ സ്റ്റീഫന്‍ ഹോക്കിംഗ്.

നക്ഷത്രങ്ങള്‍ പൂത്തു നില്കുന്ന ആകാശം ഉണര്‍ത്തുന്ന ജിജ്ഞാസയുടെ അതിര്‍വരമ്പുകളെ ഭേദിക്കാന്‍ മറ്റൊന്നിനും ഇതു വരെ സാധിച്ചിട്ടില്ല.

ആകാശത്ത് ജ്വലിച്ച് നില്കുന്ന നക്ഷത്രങ്ങള്‍ക്കും ഭൂമിയെപ്പോലെ ഗ്രഹങ്ങളുണ്ടാവില്ലേ? അവയില്‍ ജീവിക്കാനിടയുള്ള ജീവികള്‍ എങ്ങനെയായിരിക്കും ജീവിക്കുന്നത് ? പ്രപഞ്ചത്തിന് അതിരുകളുണ്ടോ? അത് എത്രമാത്രം വലുതാണ്? അതിന്‍റെ സീമകള്‍ക്കപ്പുറം എന്താണ് ? തുടങ്ങി എത്രയെത്ര ചോദ്യങ്ങള്‍.

stephen hawking

സ്റ്റീഫന്‍ ഹോക്കിംഗ്

ഇത്തരം വിസ്മയങ്ങള്‍ക്ക് മുന്നില്‍ പകച്ചു നിൽക്കുമ്പോഴും നാം നമ്മെപ്പറ്റി ചിന്തിക്കും. ജീവിതത്തെപ്പറ്റി ചിന്തിക്കും. മരണത്തെപ്പറ്റി ചിന്തിക്കും. ഒടുവില്‍ നമ്മുടെ ചോദ്യങ്ങളെ നക്ഷത്രങ്ങളിലേക്കും പ്രപഞ്ചത്തിന്‍റെ അതിരുകളിലേക്കും വ്യാപിപ്പിക്കും. നക്ഷത്രങ്ങള്‍ ജനിക്കുകയും മരിക്കുകയും ചെയ്യുന്നതിനെപ്പറ്റിയുള്ള ചോദ്യങ്ങളിലൂടെ നാം നമ്മെത്തന്നെ കണ്ടെത്താന്‍ ശ്രമിക്കും. മനുഷ്യന്‍റെ ഇത്തരം അനന്തമായ ചോദ്യങ്ങള്‍ക്ക് ചിലര്‍ ചുക്കാന്‍ പിടിക്കും. പ്രപഞ്ചത്തിന്‍റെ ജനനവും നക്ഷത്രങ്ങളുടെ മരണവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഭൗതികശാസ്ത്ര സംഭാവനകള്‍ നല്കിയ സ്റ്റീഫന്‍ ഹോക്കിംഗ് ആണ്, 76ആം വയസ്സില്‍ ഇന്ന് ജീവിതസമസ്യകളില്‍ നിന്ന് വിടവാങ്ങിയത്.

ജനനത്തിലെ യാദൃച്ഛികതക്ക് എന്താണ് അര്‍ത്ഥം? അര്‍ത്ഥരഹിതമെങ്കിലും ഗലീലിയോ മരിച്ച് കൃത്യം മുന്നൂറ് വര്‍ഷം കഴിഞ്ഞപ്പോള്‍ 1942ജനുവരി എട്ടിനാണ് സ്റ്റീഫന്‍ ഹോക്കിംഗ് ജനിച്ചത്.

മികച്ച വിദ്യാര്‍ത്ഥിയെങ്കിലും അസാധാരണമായ കഴിവുകളൊന്നും അവകാശപ്പെടാനില്ലാത്ത ഹോക്കിംഗിന്‍റെ വിദ്യാഭ്യാസം ഏത് രീതിയിലാവണമെന്ന കാര്യത്തില്‍ മാതാപിതാക്കൾ സംശയാലുക്കളായിരുന്നു. അവര്‍ മെഡിസിനാകും ഹോക്കിങ്ങിന് കൂടുതല്‍ അനുയോജ്യം എന്നു ചിന്തിച്ചിരുന്നു. കോസ്‌മോളജില്‍ ഗവേഷകനായി തുടങ്ങേണ്ടി വന്നതില്‍ അദ്ദേഹത്തിനും അൽപ്പം നിരാശയുമുണ്ടായിരുന്നു.

ചിത്രങ്ങൾ കാണാം

പഠനകാലത്ത്, ഇരുപത്തിയൊന്നാം വയസ്സില്‍, അദ്ദേഹത്തിന് ‘എമയോട്രോഫിക് ലാറ്റെറല്‍ സ്ക്ലീറോസിസ് (എഎല്‍എസ്)’ എന്ന മോട്ടോര്‍ ന്യൂറോണ്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. തുടര്‍ച്ചയായ പരിശോധനകള്‍ക്കൊടുവില്‍ രോഗം സ്ഥിരീകരിച്ചു. ശരീരഭാഗങ്ങളിലെ പേശികള്‍ ഒന്നൊന്നായി ക്ഷയിക്കുന്ന ഈ രോഗം ബാധിച്ചവര്‍ക്ക് വിരലിലെണ്ണാവുന്ന വര്‍ഷങ്ങളേ അവശേഷിക്കാനിടയുള്ളൂ എന്ന വിവരം അദ്ദേഹത്തെ മാനസികമായി തളര്‍ത്തി. പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കലാണ് വിഷാദത്തിലേയ്ക്ക് വഴുതി വീഴാതിരിക്കാനുള്ള മാര്‍ഗ്ഗം എന്ന നിലക്ക് അദ്ദേഹം തന്‍റെ പഠനം തുടരുകയും ഗവേഷണം പൂര്‍ത്തിയാക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

സ്റ്റീഫന്‍ ഹോക്കിംഗും ജെയില്‍ വൈല്‍ഡും

അക്കാലത്ത് ഹോക്കിംഗ് സഹപാഠിയായ ഗവേഷക ജെയില്‍ വൈല്‍ഡുമായി പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്തു. പ്രപഞ്ചത്തിന്‍റെ ഉത്ഭവം അക്കാലത്തെ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്നായിരുന്നു. ബിഗ് ബാങ് സ്‌ഫോടനം ജനനനിമിഷമായി കണക്കാക്കുന്ന പ്രപഞ്ച ചിത്രവും അനാദിയായ കാലം മുതല്‍ ഇതേ അവസ്ഥയില്‍ നിൽക്കുന്ന പ്രപഞ്ചരൂപം എന്ന ആശയവും തമ്മിലുള്ള തര്‍ക്കങ്ങളാല്‍ ശക്തമായ കാലത്താണ് ഹോക്കിങ് തന്‍റെ ഗവേഷണം നടത്തിക്കൊണ്ടിരുന്നത്.

റോജര്‍ പെന്റോസിന്‍റെ സ്ഥലകാല സിങ്കുലാരിറ്റി, ബിഗ്ബാങുമായി ബന്ധിപ്പിച്ച് ഹോക്കിങ് തന്‍റെ തീസിസ് തയ്യാറാക്കി. ശ്രദ്ധേയമായ ആ പഠനം അദ്ദേഹത്തെ പ്രധാനപ്പെട്ട ഗവേഷകരിലൊരാളായി ഉയര്‍ത്തി.

അത്ഭുതമെന്ന് പറയട്ടെ, ഈയിടെ ഹോക്കിങിന്റെ തീസിസ് പൊതുജനങ്ങള്‍ക്ക് സൗജന്യമായി തുറന്നു കൊടുത്തപ്പോള്‍ കേബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയുടെ സെര്‍വര്‍ താൽക്കാലികമായി നിലച്ചുപോകുന്നതരത്തിലുള്ള തിരക്കാണ് ഇന്റര്‍നെറ്റില്‍ അനുഭവപ്പെട്ടത്. വര്‍ഷങ്ങള്‍ക്ക് ശേഷവും അതീവ പ്രാധാന്യത്തോടെ ആളുകള്‍ അന്വേഷിക്കുന്ന തീസിസിന് ഉടമയായ ഹോക്കിങ് ശാസ്ത്രബോധനരംഗത്ത് നല്കിയ ഏറ്റവും വലിയ സംഭാവയാണ് “A brief history of time” എന്ന പുസ്തകം. കാലത്തിന്‍റെ സംക്ഷിപ്ത ചരിത്രമെന്ന ആ പുസ്തകം പ്രപഞ്ചചിത്രത്തെപ്പറ്റിയുള്ള മനോഹരമായ ഒന്നാണ്.

സാധാരണ വായനക്കാരിലേക്ക് വളരെ പെട്ടെന്ന് എത്തിയ ആ ശാസ്ത്രപുസ്തകം മാസങ്ങളോളം ബെസ്റ്റ് സെല്ലര്‍ ലിസ്റ്റുകളില്‍ ഒന്നാമതായിരുന്നു. ഒരു ശാസ്ത്രപുസ്തകം അത്രയേറെ വായിക്കപ്പെടുക എന്ന അത്ഭുതവുമായിരുന്നു അത്. അതില്‍ ഒരേയൊരു ഭൗതിക ശാസ്ത്ര സമവാക്യമേ കൊടുത്തിട്ടുള്ളൂ.

ഐന്‍സ്റ്റീന്‍റെ ഊര്‍ജ്ജ ദ്രവ്യ സമവാക്യം മാത്രം. അധികം ചേര്‍ക്കുന്ന ഓരോ സമവാക്യവും പുസ്തകത്തിന്‍റെ വിൽപനയെ പകുതിയാക്കും എന്നാണ് എഡിറ്റര്‍ അദ്ദേഹത്തിന് നൽകിയ ഉപദേശം.

വായനക്കാരിലേക്ക് പുസ്തകങ്ങളുമായി ഹോക്കിംഗ് പിന്നെയും പ്രത്യക്ഷപ്പെട്ടു, പുതിയ ആശയങ്ങളും ലളിതമായ അവതരണങ്ങളുമായി.

വൈദ്യലോകത്തെ അമ്പരപ്പിച്ചു കൊണ്ട് ഹോക്കിംഗിന്‍റെ ജീവിത കാലം മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്‍റെ ശരീരം തളരുന്നതിന്‍റെ വേഗത ഈ രോഗം ബാധിച്ച മറ്റുള്ളവരേക്കാള്‍ വളരെ കുറവായിരുന്നു. മരണത്തെ ഭയപ്പെടാതെ ഭൗതികശാസ്ത്രപ്രശ്‌നങ്ങളോട് പോരാടിക്കൊണ്ടിരുന്ന ഹോക്കിംഗ്.

1970 ല്‍ കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയില്‍ ലൂക്കാസിയന്‍ പ്രൊഫസര്‍ എന്ന പദം അലങ്കരിച്ചു. ഐസക് ന്യൂട്ടന്‍ മുമ്പ് ആദരിക്കപ്പെട്ട അതേ സ്ഥാനത്തിരിക്കുക. ഐസക് ന്യൂട്ടന്‍ ജനിച്ച് (1642) മൂന്നൂറ് വര്‍ഷത്തിന് ശേഷം ജനിച്ച മറ്റൊരാള്‍ അതേ സ്ഥാനത്തെത്തുക. ജനനം കൊണ്ടും മരണം കൊണ്ടും ന്യൂട്ടനും ഗലീലിയോയുമായും ബന്ധപ്പെടുത്തുക എന്ന യാദൃശ്ചികത ഹോക്കിംഗില്‍ ഒരു കൗതുകത്തിന്‍റെ നൂലിനാൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.

തമോഗര്‍ത്തങ്ങളിൽ നിന്നുളള​ വൈദ്യുതകാന്തിക വികിരണങ്ങള്‍ തമോഗര്‍ത്തങ്ങളുടെ ചക്രവാള സീമയ്ക്ക് പുറത്തേയ്ക്ക് പോകില്ലെന്നായിരുന്നു ഹോക്കിംഗിന്‍റെ നിഗമനം. ഇത് സംബന്ധിച്ച് എഴുപതുകളിൽ അമേരിക്കന്‍ ശാസ്ത്രജ്ഞനായ ജോണ്‍ പ്രസ്‌കിലുമായി അദ്ദേഹം പന്തയം വച്ചിരുന്നു. രണ്ടായിരത്തി നാലില്‍ ഹോക്കിംഗിന്‍റെ ധാരണ തെറ്റാണെന്ന് തെളിയിക്കപ്പെട്ടു. ശാസ്ത്രീയമായ പുതിയ അറിവ് പകർന്ന വസ്തുതാപരമായ ശരിയെ അദ്ദേഹം മടികൂടാതെ അംഗീകരിച്ചു. മാത്രമല്ല, പന്തയപ്രകാരം ബേസ്‌ബോള്‍ എന്‍സൈക്ലോപീഡിയ പ്രസ്‌കിലിന് സമ്മാനിക്കാനും ഹോക്കിംഗ് മറന്നില്ല. ഈ തമോഗര്‍ത്ത വികിരണങ്ങളെ (തമോഗർത്തങ്ങളുടെ ചക്രവാളങ്ങളെ മറികടന്ന് പുറത്തുവരുന്ന വികിരണങ്ങളെ) ‘ഹോക്കിംഗ് വികിരണം’ എന്നാണ് വിളിക്കുന്നത്.

ഭൗതികശാസ്ത്ര പ്രഹേളികകളേക്കാള്‍ സങ്കീര്‍ണ്ണമായിരുന്നു അദ്ദേഹത്തിന്‍റെ കുടുംബജീവിതം. ജെയിന്‍ വൈല്‍ഡിനെ വിവഹം ചെയ്ത ഹോക്കിംഗിന്, എഴുത്തുകാരിയായ ലൂസി ഹോക്കിംഗ്അടക്കം മൂന്ന് കുട്ടികളാണുള്ളത്. ഭാര്യ ജെയിന്‍ പിയാനോ ടീച്ചറായ ജൊനാതനുമായി പ്രണയത്തിലാവുകയും ഏറെക്കാലും ഹോക്കിംഗ് ആ ബന്ധം അംഗീകരിക്കുകയും ചെയ്തിരുന്നു.

പേശികള്‍ ഏറെക്കുറെ തളര്‍ന്ന ഹോക്കിംഗിന്‍റെ മുഖപേശികളുടെ ചലനങ്ങള്‍ കമ്പ്യൂട്ടറില്‍ സ്വീകരിച്ച് സംവേദനം ചെയ്യനാനുള്ള സംവിധാനം പരിശീലിപ്പിക്കാനായി എത്തിയ എലൈന്‍ എന്ന നഴ്‌സുമായി പുതിയ ബന്ധം രൂപപ്പെടുകയും ഹോക്കിംഗും ജെയിനും വേര്‍പിരിയുകയും ചെയ്തു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം എലൈനുമായുള്ള ബന്ധം തകര്‍ന്നപ്പോള്‍ ജെയിന്‍ വീണ്ടും ഹോക്കിംഗിന്‍റെ സഹായത്തിനെത്തി.

ക്വാണ്ടം ഭൗതികവും ബൃഹത് ലോകത്തിലെ മറ്റ് നിയമങ്ങളേയും ബന്ധിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു ഹോക്കിംഗിന്‍റെ ജീവിതത്തിനെ അടിസ്ഥാനമാക്കി ‘Theory of Everything’ എന്ന പേരില്‍ സിനിമ നിര്‍മ്മിച്ചിട്ടുണ്ട്. കൂടാതെ അദ്ദേഹത്തിനെപ്പറ്റി ഡോക്യുമെന്ററികളും  പുറത്തിറങ്ങിയിട്ടുണ്ട്.

രോഗത്തോട് പോരാടി ജീവിച്ച ഹോക്കിംഗ് നേരിട്ട പ്രധാന വെല്ലുവിളി ചിന്തകളെ പുറം ലോകത്ത് എത്തിക്കുക എന്നതായിരുന്നു. ശരീരത്തിന്‍റെ എല്ലാ ഭാഗവും തളര്‍ന്നുപോവുകയും മസ്തിഷ്‌കം ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ എങ്ങനെ ചിന്തകളെ പുറത്തെത്തിക്കാനാകും എന്ന ചോദ്യത്തിന് കമ്പ്യൂട്ടര്‍ വിദഗ്ധന്‍മാര്‍ പല സാങ്കേതിക സഹായങ്ങളുമായി അദ്ദേഹത്തിന്‍റെ സഹായത്തിനെത്തി.

അത്രക്ക് ധൈഷണികനായ ശാസ്ത്രജ്ഞന് സാങ്കേതികലോകത്തിന് തിരിച്ചുനൽകാന്‍ മറ്റെന്താണുള്ളത്? ഫലത്തില്‍ ആ കണ്ടുപിടുത്തങ്ങള്‍ മറ്റനേകം രോഗികള്‍ക്ക് ആശ്വാസമാവുകയും ചെയ്തു.

പഞ്ചേന്ദ്രിയങ്ങളുടെയോ വാക്കുകളുടേയോ സഹായമില്ലാതെ ചിന്തകളെ പുറത്തെതെത്തിക്കുക,മനുഷ്യനല്ലാതെ മറ്റ് ജീവികള്‍ ചിന്തിക്കുന്നത് വരച്ചെടുക്കാനാവുക തുടങ്ങി സാങ്കേതികവിദ്യ അടിസ്ഥാനപരമായ പല ചോദ്യങ്ങള്‍ക്കും ഉത്തരം തേടുന്ന കാലത്ത് സാങ്കേതികവിദ്യയുടെ കരുത്തുകൊണ്ട് നമ്മോട് പ്രപഞ്ചരഹസ്യങ്ങളെപ്പറ്റി സംസാരിച്ച ഹോക്കിംഗ് വിടവാങ്ങുന്നു. ശാസ്ത്രത്തിനും സാങ്കേതകവിദ്യയ്ക്കും അനേകം നാഴികക്കല്ലുകള്‍ സമ്മാനിച്ചുകൊണ്ട്.

ചിത്രങ്ങള്‍: ഇന്‍സ്റ്റാഗ്രാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook