ശ്രീദേവിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഒരു തലമുറയുടെ മുന്നിൽ നിവർന്നു വരുക, വെളളിത്തിരയിൽ മൂന്നര ദശകം പിന്നോട്ടുളള ഫ്ലാഷ് ബാക്കായിരിക്കും. ഓർമ്മകളിൽ തെളിയുന്നത് ഓർമ്മ നഷ്ടപ്പെട്ട നായികയുടെ ചിത്രവും. കമൽഹാസനും ശ്രീദേവിയും ചേർന്ന് അഭിനയിച്ച ‘മൂന്‍ട്രാം പിറൈ’ എന്ന ചിത്രത്തിന്‍റെ ഹിന്ദി റീമേക്കായിരുന്നു ‘സദ്‌മ’ (1983) എന്ന ചിത്രം. ചിത്രത്തിൽ​ ശ്രീദേവി അവതരിപ്പിച്ച രശ്മി എന്ന കഥാപാത്രം, ശ്രീദേവിയിലെ പ്രതിഭാശാലിയായ നടിയെ അടയാളപ്പെടുത്തുന്ന ഒന്നാണ്. കമൽഹാസന്‍റെ സോമുവും ശ്രീദേവിയുടെ രശ്മിയും ആ തലമുറയുടെ ഉളളിലെ നീറുന്ന അനുഭവമായി കുടിയിരുത്തപ്പെട്ടു. ഒപ്പം പരിമിതികൾ സാധ്യതകളാക്കാനുളള ശ്രീദേവിയുടെ കഴിവ് കൂടി ആ ചിത്രം രേഖപ്പെടുത്തി. പിന്നീട് ആ പരിമിതി ബോളിവുഡില്‍ ചരിത്രമെഴുതി.

യൗവനയുക്തമായ ശരീരത്തിൽ കുടുങ്ങിക്കിടക്കുന്ന കുട്ടിയെയാണ് ‘സദ്‌മ’യിലും ‘മൂന്‍ട്രാം പിറൈ’യിലും ​കാണാൻ കഴിയുക. ലൈംഗികതൊഴിലാളി കേന്ദ്രത്തിൽ നിന്നും രശ്മിയെ സോമു രക്ഷപ്പെടുത്തിയെടുക്കുന്നു. കാർ അപകടത്തിൽ ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ട രശ്മിയുടെ ഓർമ്മകൾ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. കുടുംബത്തെക്കുറിച്ചോ മറ്റ് വിവരങ്ങളോ പറയാൻ രശ്മിക്കാവുന്നില്ല. രശ്മിയുമായി സോമു തന്‍റെ ജോലി സ്ഥലത്തേയ്ക്ക് തിരിക്കുന്നു. ആ മലയോരമേഖലയിൽ കാണുന്ന യൂക്കാലിപ്റ്റസ് മരങ്ങളെ കുറിച്ച് പറയുമ്പോൾ രശ്മിക്ക് അത് ശരിയാംവണ്ണം പറയാൻ സാധിക്കുന്നില്ല. ഉച്ചാരണം കൃത്യമാക്കാൻ​ ഏറെ പാടുപെടുന്ന രശ്മിയെയാണ് പ്രേക്ഷകരുടെ മുന്നിൽ ശ്രീദേവി അവതരിപ്പിക്കുന്നത്.

ഇതേ ഉച്ചാരണ പ്രതിസന്ധിയുമായാണ് ശ്രീദേവി ബോംബെയില്‍ എത്തുന്നത്‌. ഭാഷയുമായുളള അവരുടെ മൽപ്പിടുത്തം അവരുടെ ഹിന്ദിയിലും ഇംഗ്ലീഷിലുമെല്ലാം കാണാൻ സാധിക്കും. എന്നാൽ ഹിന്ദി സിനിമയിൽ ശ്രീദേവിയുടെ ഈ പരിമിതി അവരെ പ്രേക്ഷകരിലേക്ക് കൂടുതല്‍ അടുപ്പിക്കുകയാണുണ്ടായത്. തമിഴിന്‍റെ  സ്വാധീനത്തോടു കൂടിയ ശ്രീദേവിയുടെ ഹിന്ദിയെ അവര്‍ ‘ക്യൂട്ട്’ എന്ന് വിളിച്ചു ഓമനിച്ചു.

‘മൂന്‍ട്രാം പിറൈ’ കാണുന്ന ആരും ശിവകാശി സ്വദേശിനിയായ ശ്രീദേവിയുടെ മാതൃഭാഷാ സ്നേഹവും പ്രാവീണ്യവും ശ്രദ്ധിച്ചു പോകും. അത്ര അനായാസമായാണ് അവര്‍ അതില്‍ ലയിച്ചു ചേരുന്നത്. വിശ്രുതവും സുദീർഘവുമായ കരിയറിൽ ഭാഷ എന്ന പ്രധാന വെല്ലുവിളിയെ അവർ തന്‍റെതായ രീതിയില്‍ മറികടന്നു. 2012ൽ വിവാഹാനന്തരം അഭിനയത്തിലേക്ക് തിരിച്ചുവന്ന ‘ഇംഗ്ലീഷ് വിന്ഗ്ലിഷ്’ എന്ന ചിത്രത്തിൽ ഇത് വശ്യമായി ചിത്രീകരിച്ചിട്ടുണ്ട്.

ബോളിവുഡിൽ ചരിത്രമെഴുതിന് മുമ്പ് തന്നെ ശ്രീദേവി തമിഴിൽ​ തന്‍റെ അഭിനയസിദ്ധി തെളിയിച്ചിരുന്നു. പ്രതിഭാശാലിയായ സംവിധായകന്‍ കെ. ബാലചന്ദറാണ് ശ്രീദേവിയെ ബാലതാരമെന്ന നിലയിൽ തമിഴ് സിനിമയിലേയ്ക്ക് കൊണ്ടു വരികയും ആ സാധ്യതകളിലേയ്ക്ക് വഴി തുറക്കുകയും ചെയ്തത്. 1976 ൽ പതിമൂന്നാം വയസ്സിൽ ‘മൂൺട്രു മുടിച്ച്’ എന്ന ചിത്രത്തിലാണ് അദ്ദേഹം ശ്രീദേവിയെ അഭിനയിപ്പിക്കുന്നത്. അദ്ദേഹത്തിന്‍റെ പ്രഥമശിഷ്യന്മാരായ കമൽഹാസനും രജനീകാന്തിനും ഒപ്പം.

അക്കാലത്തെ രജനി- ശ്രീ- ഹാസൻ ത്രികോണ പ്രണയ ചിത്രങ്ങളിൽ രജനീകാന്തിന്‍റെ റോൾ ദുഷ്ട കഥാപാത്രത്തിന്‍റെതായിരുന്നു. കമൽഹാസൻ നല്ലവനും മൂല്യങ്ങളിൽ വിശ്വസിക്കുന്നവനുമായ ചെറുപ്പക്കാരന്‍റെതും.

‘മൂൺട്രു മുടിച്ചി’ല്‍ ശ്രീദേവി രജിനീകാന്തിന്‍റെ വിഭാര്യനായ പിതാവിനെ വിവാഹം കഴിക്കുന്നതാണ് ഇതിവൃത്തം. രജനീകാന്തും ശ്രീദേവിയും ചേർന്ന് വളരെയധികം ഹിറ്റുകൾ സൃഷ്ടിച്ചു, എന്നാൽ കമൽഹാസൻ -ശ്രീദേവി കൂട്ടുകെട്ടാണ് ആണ് സ്ക്രീനിൽ കൂടുതല്‍ ആഘോഷിക്കപ്പെട്ടത്. മുപ്പതോളം ചിത്രങ്ങളിൽ അവർ ഒരുമിച്ച് അഭിനയിച്ചു.

“ശ്രീദേവി എന്‍റെ കൂട്ടുകാരിയാണ്, അവരെ ഞാന്‍ സ്ഥിരമായി ‘ബുള്ളി’ ചെയ്യാറുണ്ട്.”, സൂം ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിൽ കമൽ പറയുന്നതു കേട്ടാല്‍ മനസ്സിലാകും അവരുടെ സൗഹൃദത്തിന്‍റെ ആഴങ്ങള്‍.

“ഒരു ബ്ലോട്ടിംഗ് പേപ്പര്‍ പോലെയാണ് ശ്രീദേവി. ചുറ്റും നടക്കുന്നതെല്ലാം അവരിലേക്ക്‌ അലിയിച്ചു ചേര്‍ക്കും. 15, 16 വയസ്സ് മുതൽ അറിയാമെനിക്ക് ശ്രീദേവിയെ. ആ സമയം മുതൽ തന്നെ എല്ലാം പഠിക്കാനും ഉൾക്കൊള്ളാനും അവർ തയ്യാറായിരുന്നു.” കമൽ കൂട്ടിച്ചേര്‍ത്തു.

“ബാലതാരമായാണ് ശ്രീദേവി എന്‍റെ സിനിമയിൽ അഭിനയിക്കുന്നത്. 13 -14 വയസ്സുളളപ്പോൾ, എന്നാല്‍ 20 വയസ്സുളളയാളിന്‍റെ പക്വതയാണ് ശ്രീദേവി അപ്പോള്‍ പ്രകടിപ്പിച്ചിരുന്നത്”, ഇതിഹാസ സംവിധായകനായ ബാലചന്ദർ ശ്രീദേവിയെ ഓർത്തെടുത്തത് ഇങ്ങനെ. 2012 ൽ ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്.

“കാര്യങ്ങൾ വളരെ വേഗം പഠിച്ചെടുക്കുന്ന ഒരാളായിരുന്നു ശ്രീദേവി. കഥാപാത്രങ്ങളുടെ വൈവിധ്യങ്ങളും സൂക്ഷ്മഭേദങ്ങളും വേഗത്തിൽ​ സ്വാംശീകരിക്കുമായിരുന്നു അവർ. അപ്പപ്പോൾ തന്നെ കാര്യങ്ങൾ ഉൾക്കൊളളാനുളള​ കഴിവ് ശ്രീദേവിക്കുണ്ടെന്നും ബാലചന്ദർ ആ അഭിമുഖത്തിൽ​ വ്യക്തമാക്കുന്നു.

ഭാരതിരാജയുടെ സംവിധാനത്തില്‍ 1970ൽ പുറത്തിറങ്ങിയ ‘പതിനാറ് വയതിനിലെ’ എന്ന രജനി-ശ്രീ-ഹസന്‍ ത്രികോണ പ്രണയ ചിത്രം, റിയലിസവും ഗ്രാമീണ ജീവിതവും സംയോജിപ്പിച്ച ശക്തമായ തമിഴ് ക്ലാസിക്കുകളില്‍ ഒന്നാണ്. തമിഴ് സിനിമാ രംഗത്ത് വലിയ ചലനങ്ങൾ​ സൃഷ്ടിച്ച ചിത്രം. രാംഗോപാൽ വർമ്മ ‘രമൻ രാഘവ്’ എന്ന സീരിയൽ കൊലയാളിയുടെ ഭീതിജനകവും ഹിംസാത്മകവുമായ ജീവിതം ചിത്രീകരിക്കുന്നതിനും എത്രയോ മുമ്പ് ശ്രീദേവി കോളിവുഡിൽ അത്തരമൊരു വിഷയത്തിലെ സിനിമയുടെ ഭാഗമായി മാറിയിരുന്നു.

ഭാരതിരാജയുടെ 1978ലെ ‘സിഗപ്പ് റോജാക്കള്‍’ എന്ന ചിത്രം വഴിപിഴച്ച ഒരു ബിസിനസ്സുകാരന്‍റെ കഥയാണ്. അയാൾ സ്ത്രീകളെ പ്രലോഭിപ്പിച്ച് കൊലപ്പെടുത്തുന്നു. കമലിന്‍റെ ദിലീപ് എന്ന കഥാപാത്രം അതിലെ സെയിൽസ് ഗേളായ ശാരദ (ശ്രീദേവി)യുമായി പ്രണയത്തിലാകുകയും അവര്‍ വിവാഹിതരാവുകയും ചെയ്യുന്നു. അയാളുടെ ഇരുണ്ട വശം മനസ്സിലാക്കുകയും ശാരദ രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇതിനു സമാനമായ കഥയുള്ള ചിത്രമാണ് 1977ൽ പുറത്തിറങ്ങിയ ‘ഗായത്രി’. ലൈംഗിക വൈകൃതമുളള ഭർത്താവിനെയാണ് ഇതില്‍ ചിത്രീകരിക്കുന്നത്. രജനീകാന്താണ്​ ശ്രീദേവിക്കൊപ്പം അഭിനയിക്കുന്നത്. ഗായത്രിയുടെ ഭർത്താവ് അവരുടെ കിടപ്പറ രംഗങ്ങള്‍ രഹസ്യമായി ചിത്രീകരണം നടത്തുന്നു. അശ്ലീല സിനിമാ നിർമ്മിക്കുന്ന (പോൺ ഫിലിം മേക്കർ) ഭര്‍ത്താവ് സുന്ദരിയായ ഭാര്യയെയും ചൂഷണത്തിനു ഇരയാക്കുന്നു.

ശ്രീദേവിയുടെ തെലുങ്കു കാലവും വിജയവും, ഉജ്ജ്വലമായ നേട്ടങ്ങള്‍ കുറിക്കുന്നതുമായിരുന്നു. തെലുങ്ക്‌ സിനിമയിലെ ‘ഡോയന്‍’ അക്കിനെനി നാഗേശ്വരറാവു, അദ്ദേഹത്തിന്റെ പുത്രൻ നാഗാർജ്ജുന എന്നീ എന്നീ രണ്ടു തലമുറകളില്‍പെട്ട സൂപ്പർസ്റ്റാറുകൾക്കൊപ്പം അഭിനയിച്ചതിന്റെ ക്രെഡിറ്റ്‌ ശ്രീദേവിയ്ക്ക് അവകാശപ്പെട്ടതാണ്. ‘പ്രേമാഭിഷേകം’, ‘ഗോവിന്ദ’ എന്നീ ഹിറ്റ് ചിത്രങ്ങളിൽ അവര്‍ വേഷമിട്ടു.

1991ൽ രാംഗോപാൽ​ വർമ്മയോടൊപ്പം ‘ക്ഷണാക്ഷണം’ എന്ന സിനിമയിൽ അഭിനയിച്ചു. മികച്ച നേട്ടം കൈവരിച്ച ചിത്രം ശ്രീദേവിയുടെ ഹാസ്യ രംഗങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി. തന്‍റെ സിനിമകളില്‍ എന്നും പുതുമകള്‍ തേടിയ രാംഗോപാൽ വർമ്മ തന്നെ തനിക്ക് ശ്രീദേവിയോടുള്ള ആരാധന പല ഘട്ടങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്.

തന്‍റെ ഫാൻബോയ് പ്രണയമാണ് ശ്രീദേവിയെ വച്ച് ​’ക്ഷണാക്ഷണം’ എടുക്കാനുള്ള കാരണം എന്ന് വരെ അദ്ദേഹം പറഞ്ഞു. തീര്‍ന്നില്ല, ‘ശ്രീദേവിയെ വിവാഹം ചെയ്തതിന് ബോണി കപൂറിനെ കൊലപ്പെടുത്താൻ പോലും തോന്നി’ എന്നും വര്‍മ്മ പറഞ്ഞിട്ടുണ്ട്. ‘സൗന്ദര്യത്തിന്‍റെ ദേവത’ എന്നാണ് രാംഗോപാൽ വർമ്മ ശ്രീദേവിയെ വിശേഷിപ്പിക്കുന്നത്.

അവരുടെ കാലഘട്ടത്തിലെ അപൂർവ്വ താരങ്ങളിലൊരാളായിരന്നു ശ്രീദേവി. ‘ഇംഗ്ലീഷ് വിംഗ്ലീഷും’ അടുത്തിടെയിടെ ഇറങ്ങിയ ‘മോം’ (തമിഴ്, തെലുങ്ക് ഉൾപ്പടെയുളള ഭാഷകളിലും റിലീസ് ചെയ്തിരുന്നു) എന്ന ചിത്രവുമെല്ലാം അവര്‍ക്ക് വേണ്ടി എഴുതപ്പെട്ടവയായിരുന്നു. തനിക്കു വേണ്ടി കഥകള്‍ എഴുതാന്‍, സിനിമകള്‍ എടുക്കാന്‍ സംവിധായകരെ മോഹിപ്പിച്ചിരുന്ന താരം.

1971ലാണ് ‘പൂമ്പാറ്റ’ എന്ന മലയാള ചിത്രത്തിൽ ശ്രീദേവി അഭിനയിക്കുന്നത്. ജയലളിത ഉൾപ്പടെയുളള തമിഴ്‌നാട്ടിലെ മൾട്ടിസ്റ്റാറുകൾക്കൊപ്പം ശ്രീദേവി അഭിനയിച്ചു. ‘നം നാട്’, ‘കന്ദന്‍ കരുണൈ’ എന്നീ ചിത്രങ്ങളിലുള്‍പ്പടെ വേഷമിട്ടു. 1970കളിൽ കന്നഡ സിനിമയിൽ ഡോ. രാജ്‌കുമാറിനൊന്നിച്ച് അഭിനയിച്ച ശ്രീദേവി ബോളിവുഡിലേയ്ക്കുളള​ രംഗപ്രവേശത്തിന് മുമ്പ് തന്നെ തെന്നിന്ത്യയിലെ വലിയ താരമായിരുന്നു. അത് അവർക്കൊരു പാൻ ബ്രാൻഡിങ് നേടികൊടുക്കുകയും ചെയ്തു.

1970കളുടെ അവസാനം മുതൽ ശ്രീദേവി ബോളിവുഡിൽ അഭിനയിച്ചുതുടങ്ങിയെങ്കിലും 80കളുടെ മധ്യത്തോടെ മാത്രമാണ് അവർക്ക് ഹിന്ദി സിനിമാ ഭൂമികയിൽ നിലയുറപ്പിക്കാൻ സാധിച്ചത്. ‘ഹിമ്മത്ത് വാല’ എന്ന റീമേക്ക് ചിത്രത്തിലൂടെയായിരുന്നു അത്. ‘ഹവാ ഹവായ്’ സൃഷ്ടിച്ച ഇടിമുഴക്കത്തിന് ബോളിവുഡിൽ സജീവമാകാന്‍ പിന്നെ അധികനാളുകൾ വേണ്ടി വന്നില്ല. അഭിനയസിദ്ധി കൊണ്ടും സൗന്ദര്യം കൊണ്ടുമെല്ലാം ബോളിവുഡിനെ ദീര്‍ഘകാലം ഭ്രമിപ്പിച്ചുനിര്‍ത്തി ഈ നടി. സിനിമാ നിരൂപകനായ ഭരദ്വാജ് രംഗന്‍റെ വാക്കുകൾ കടമെടുത്താൽ “പട്ടിക്കുട്ടിയുടേത് പോലെ നിഷ്കളങ്കമായ ആ കണ്ണുകള്‍’. അതിലുടക്കി, അതിന്‍റെ കിരണമേറ്റ്, പൂത്തുലഞ്ഞു ഒരു രാജ്യവും ജനതയും.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന
എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമാണ് ലേഖകന്‍

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ