scorecardresearch
Latest News

ശ്രീദേവി: ഒരു രാത്രി ബാക്കി വച്ച സ്വപ്നം

രണ്ടാം വരവില്‍ ശ്രീദേവിയെ കാത്തിരുന്ന ഒരു വലിയ ഇന്നിങ്ങ്‌സിൽ, അഭിനയത്തിന്‍റെ പുതിയ വാതായനങ്ങള്‍ അവര്‍ നിശ്ചയമായും തുറക്കുമായിരുന്നു. അതിലെ നിറഭേദങ്ങള്‍ കൊണ്ട് നമ്മളെ അമ്പരപ്പിക്കുമായിരുന്നു, ആ ‘നെടിയ കണ്ണിലെ കൃഷ്ണകാന്തങ്ങള്‍ തന്‍ കിരണങ്ങളേറ്റ് നമ്മുടെ ചില്ലകള്‍ വീണ്ടും പൂക്കു’മായിരുന്നു…

ശ്രീദേവി: ഒരു രാത്രി ബാക്കി വച്ച സ്വപ്നം

കഴിഞ്ഞ നാല് വര്‍ഷങ്ങളായി ഇറങ്ങുന്ന മഞ്ജു വാര്യര്‍ ചിത്രങ്ങള്‍ കാണുമ്പോഴൊക്കെ തോന്നാറുണ്ട്, ‘ഇവര്‍ക്കൊരു പ്രണയ ചിത്രത്തിലഭിനയിച്ചാലെന്താ?’ എന്ന്.  കഴിഞ്ഞ ദിവസം മഞ്ജുവിനോട് അത് ചോദിച്ചപ്പോള്‍, ‘Can’t wait to do one, just wish someone works out something good’ എന്നവര്‍ സങ്കടം പറഞ്ഞു.  ‘എത്രയും പെട്ടെന്ന് തന്നെ സിനിമാ ജീവിതത്തില്‍ ഒരു ‘വിണ്ണയ് താണ്ടി വരുവായാ’ സംഭവിക്കട്ടെ’ എന്നാശംസിച്ച്‌ ആ സംഭാഷണം അവസാനിപ്പിച്ചെങ്കിലും മഞ്ജുവിന്‍റെ പ്രായത്തിനും ‘stature’നും പറ്റിയ പ്രണയ കഥയേതായിരിക്കും എന്ന് അന്നുറങ്ങാന്‍ കിടക്കുമ്പോള്‍ വെറുതേ ആലോചിച്ചു.

കാട് കയറി എത്തിയത് ‘The Bridges of Madison County’യില്‍. ക്ലിന്റ് ഈസ്റ്റ്‌വുഡിന്‍റെ ചിത്രം. അദ്ദേഹം തന്നെ നിര്‍മ്മിച്ച്‌, അദ്ദേഹം തന്നെ സംവിധാനം ചെയ്തഭിനയിച്ചതാണെങ്കിലും ആ സിനിമയുടെ ആത്മാവും ആകര്‍ഷണവുമെല്ലാം അതിലെ നായികയാണ്.  ഫ്രാന്‍സെസ്ക എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മെറില്‍ സ്ട്രീപ്.  മികച്ച നടിയ്ക്കുള്ള ഓസ്കാര്‍ നാമനിര്‍ദ്ദേശത്തില്‍ അവരെ കൊണ്ടെത്തിച്ച ആ ചിത്രത്തിന്‍റെ പ്രമേയം മദ്ധ്യവയസ്കരായ റോബര്‍ട്ട്‌, ഫ്രാന്‍സെസ്ക എന്നിവരുടെ പ്രണയമാണ്.  മൂന്ന് ദിവസം മാത്രം ആയുസ്സുള്ള ഒരു തീവ്രാനുരാഗത്തിന്‍റെ ജ്വാലയില്‍ ഉരുകിത്തീരുന്ന, രണ്ടെങ്കിലും ഒന്നായ അവരുടെ ജീവിതങ്ങള്‍ ഹോളിവുഡിലെ പ്രണയചിത്രചരിത്രത്തിലെ മറക്കാനാവാത്ത ഒരേടാണ്.

മഞ്ജുവിനൊരു പ്രണയകഥ എന്ന premiseസിലാണ്  ‘The Bridges of Madison County’ യെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയതെങ്കിലും ഇടയ്ക്കെപ്പോഴോ മഞ്ജു മാറി, മറ്റൊരു മുഖം മനസ്സില്‍ കയറി വന്നു. ശ്രീദേവി.  ആ ചിത്രം ഇന്ത്യയിലേക്ക്‌ പറിച്ചു നടുമ്പോള്‍ ഫ്രാന്‍സെസ്കയാവാന്‍ പറ്റുക ശ്രീദേവിയ്ക്കായിരിക്കും എന്നുറപ്പിച്ച് ഐ എം ഡി ബിയില്‍ കണ്ട ചിത്രത്തിന്‍റെ പോസ്റ്ററില്‍ ശ്രീദേവിയുടെ മുഖം സങ്കല്‍പ്പിച്ച് നോക്കി.

ചിത്രത്തിലുടനീളം മെറില്‍ സ്ട്രീപ് ‘portray’ ചെയ്യാന്‍ ശ്രമിക്കുന്ന ‘innocence’, ‘purity’, ‘vulnerability’, എന്നിവ ജന്മസിദ്ധമായുണ്ട്‌ ശ്രീദേവിയില്‍. അതും കണ്ണുകളില്‍ തന്നെ.

മെറില്‍ സ്ട്രീപ് ഫില്‍മോഗ്രാഫിയിലൂടെ ഒന്ന് കണ്ണോടിച്ചപ്പോള്‍ അവരുടെ വേറെയും ചില ചിത്രങ്ങള്‍ നന്നായി ‘ശ്രീദേവീ’കരിക്കാം എന്നും തോന്നി.  ‘ഫ്ലോറെന്‍സ് ഫോസ്റര്‍ ജെന്‍കിന്‍സി’ന്‍റെയും, ‘ഓഗസ്റ്റ്‌ ഒസേജ് കൌണ്ടി’യിലെ വയലറ്റിന്‍റെയും, ‘ഇന്‍ടു ദി വുഡ്സി’ലെ വിച്ചിന്‍റെയും, ‘ദി ഡെവിള്‍ വെയേര്‍സ് പ്രാഡ’യിലെ മിറാന്‍ഡാ പ്രീസ്ലിയുടേയുമെല്ലാം ‘ശ്രീദേവി വേര്‍ഷന്‍സ്’ സങ്കല്‍പ്പിച്ചുറങ്ങിയ രാത്രി.

പുലര്‍ച്ചെ എപ്പോഴോ സമയം നോക്കാനായി ഫോണ്‍ എടുത്തപ്പോള്‍ അതില്‍ നിറഞ്ഞിരുന്ന നോട്ടിഫിക്കേഷനുകളിലെല്ലാം ശ്രീദേവി മിന്നിമറയുന്നത്‌ കണ്ടു.  തുറന്നപ്പോള്‍, ‘Bollywood legend @SrideviBKapoor passes away’ എന്നും പറഞ്ഞ് ഒരു ക്യാമറയില്‍ പിടിച്ചു നിന്ന് ചിരിയ്ക്കുന്നു.

മരിച്ചിട്ടും മായാത്ത ശ്രീ: ശ്രീദേവിയുടെ അപൂര്‍വ്വ ചിത്രങ്ങള്‍ കാണാം

ആ ഷോക്കില്‍ ഓടിപ്പോയ ഉറക്കത്തിനെ തിരിച്ചു പിടിക്കാന്‍ ട്വിറ്റെറായ ട്വിറ്റെര്‍ മുഴുവന്‍ കറങ്ങി. അവിടമാകെ ‘ശ്രീദേവിമയ’മായിക്കഴിഞ്ഞിരുന്നു.  ഓര്‍മ്മകള്‍, ആദരങ്ങള്‍, സങ്കടങ്ങള്‍.  ഒരു പഴയ വാര്‍ത്തയില്‍ കണ്ണുടക്കി. ‘Sridevi wishes to have a career like Meryl Streep’ എന്ന്.  ഒട്ടും അത്ഭുതം തോന്നിയില്ല, രാത്രി കണ്ടതാണല്ലോ എല്ലാം.

“I am a big fan of Meryl Streep. I have never planned my career. I chose those films with which I could relate myself. But if given a chance, I would love to do the kind of roles Meryl Streep has done”.

ആവാമായിരുന്നു.  അതിനുള്ള ‘കോപ്പ്’ കൈയ്യിലുള്ള ആളായിരുന്നു. ചാന്‍സും കിട്ടുമായിരുന്നു.

68 വയസ്സായ ഹോളിവുഡ് നടി മെറില്‍ സ്ട്രീപ് ഇന്ന് ജീവിച്ചിരിക്കുന്ന അഭിനേതാക്കളില്‍ അഗ്രഗണ്യയാണ്.  വെല്ലുവിളി നിറഞ്ഞ, വ്യതസ്തമായ വേഷങ്ങള്‍ സ്വാഭാവികമായി അഭിനയിച്ചനശ്വരമാക്കിയ നടി.  1978ല്‍ ആരംഭിച്ച സിനിമാ ജീവിതത്തിന്‍റെ (അതിനു മുന്‍പ് സ്റ്റേജിലും  ടെലിവിഷനിലും സജീവമായിരുന്നു), തുടക്കത്തില്‍ തന്നെ ‘ദി ഡീര്‍ ഹന്‍ടര്‍’ എന്ന ചിത്രം അവര്‍ക്ക് ഓസ്കാര്‍ നോമിനേഷന്‍ നേടിക്കൊടുത്തു. അതും  ഈ വര്‍ഷത്തെ സ്പീല്‍ബെര്‍ഗ് ചിത്രം ‘ദി പോസ്റ്റും’ ചേര്‍ത്ത്  21 ഓസ്കാര്‍ നോമിനേഷനുകളും, 3 ഓസ്കാര്‍ പുരസ്ക്കാരങ്ങളും ഉള്‍പ്പെടുന്ന അവരുടെ ‘Body of Work’ ഏതൊരു അഭിനേതാവിനേയും മോഹിപ്പിക്കുന്ന ഒന്നാണ്.

ഹോളിവുഡിന്‍റെ ആണ്‍കോയ്മയെ അവര്‍ തന്‍റെ പ്രതിഭയുടേയും കഠിനാദ്ധ്വാനത്തിന്‍റെയും മുന കൊണ്ടൊടിച്ചു. അഭിനയത്തില്‍ നില നിന്നിരുന്ന പ്രായ-രൂപ വ്യവസ്ഥകളെ പൊളിച്ചെഴുതി.  പ്രായത്തിനൊപ്പം മാര്‍ക്കറ്റ്‌ വാല്യൂ ഉയരുന്ന ആദ്യ നടിയായി. പിന്നിട്ട വര്‍ഷങ്ങള്‍ പകര്‍ന്ന പാഠങ്ങള്‍ അഭിനയത്തിന് മുതല്‍ കൂട്ടാക്കി, നരയേയും ചുളിവുകളെയും തന്‍റെ ഏറ്റവും വിലപിടിപ്പുള്ള ആഭരണങ്ങളായി അണിഞ്ഞ് ഭാവപ്രകടനത്തിന്‍റെ പുരസ്ക്കാര വേദികള്‍ മെറില്‍ സ്ട്രീപ് കീഴടക്കി.

ശ്രീദേവിയെപ്പോലെ ഒരാള്‍ക്ക്‌ എന്ത് കൊണ്ടും മാതൃകയാക്കാവുന്ന ഒരു കരിയര്‍.    എന്നാല്‍ അങ്ങനെയൊരു സാധ്യത അന്‍പത് കഴിഞ്ഞ ഒരിന്ത്യന്‍ നടി, ബോളിവുഡ് പോലെ ഒരു ‘mass driven industry’യില്‍ സ്വപ്നം കാണുന്നതില്‍ കാര്യമുണ്ടായിരുന്നോ?

ഉണ്ടായിരുന്നു എന്ന് വേണം കരുതാന്‍.  കാരണം ശ്രീദേവിയുടെ ജീവിതത്തിന്‍റെ ഇന്‍റെര്‍വല്‍ പോയന്റില്‍ കണ്ട ബൊളിവുഡ് ആയിരുന്നില്ല അവര്‍ തിരിച്ചു വന്നപ്പോള്‍.  ‘Larger than life’ല്‍ നിന്നും ‘Closer to Life’ലേക്കും ‘Flamboyance’സില്‍ നിന്നും ‘Restraint’ ലേക്കും ഹിന്ദി സിനിമ ചുവടു മാറ്റി തുടങ്ങിയ കാലം. സ്വന്തം നിര്‍മ്മാണക്കമ്പനികളിലേക്കും ‘വര്‍ഷത്തില്‍ ഒരു സിനിമ’ എന്ന നയത്തിലേക്കുമുള്ള ഖാന്‍ ത്രയത്തിന്‍റെ മടക്കം, വേറിട്ടതും പുതിയതുമായ കഥന രീതികള്‍, സ്ത്രീകള്‍ കേന്ദ്ര കഥാപാത്രങ്ങളായ സിനിമകളുടെ  (കങ്കണ രനൌത്തിന്‍റെ ‘ക്വീന്‍’, വിദ്യാ ബാലന്‍റെ ‘കഹാനി’, ദീപിക പദുകോണിന്‍റെ ‘പികൂ’) ബോക്സ് ഓഫീസ് വിജയങ്ങള്‍, ഇവയെല്ലാം കൂടി ചേര്‍ന്ന് ‘versatality’യ്ക്ക് ഏറ്റവും വളക്കൂറുള്ള മണ്ണായി ഹിന്ദി സിനിമ സ്വയം പരിണമിച്ച സമയത്താണ് ശ്രീദേവി തിരിച്ചു വരുന്നത്.

രണ്ടാം വരവിലെ ആദ്യ ചിത്രം ‘ഇംഗ്ലീഷ് വിംഗ്ലീഷ്’ന്  ശേഷം ശ്രീദേവിയെ മാത്രം മനസ്സില്‍ കണ്ടു എഴുതപ്പെടുന്ന ധാരാളം സിനിമകളുണ്ട് എന്ന് ഹിന്ദി സിനിമയില്‍ ജോലി ചെയ്യുന്ന സുഹൃത്തുക്കള്‍ പറഞ്ഞ് കേട്ടിട്ടുണ്ട്.  രണ്ടാം വരവിലെ രണ്ടാം ഹിന്ദി ചിത്രമായ ‘മോം’ അങ്ങനെ, അവര്‍ക്ക് വേണ്ടി മാത്രമായി വന്ന ഒരു ‘റിവെന്‍ജ് ഡ്രാമ’യാണ്.

അവര്‍ക്കായി കഥകള്‍ എഴുതപ്പെടുന്നു എന്നത് മാത്രമായിരുന്നില്ല ശ്രീദേവിയുടെ മുന്നിലുള്ള സാധ്യതകള്‍.  മാധുരി ദീക്ഷിത്, ജൂഹി ചാവ്ല, കാജല്‍, തുടങ്ങി രണ്ടാം വരവിന് ശ്രമിച്ച എല്ലാ മുന്‍കാല നടിമാരും ഓരോരുത്തരായി പരാജപ്പെട്ട സാഹചര്യത്തില്‍ ഒരു സിനിമയെ സ്വയം ചുമലിലേറ്റാന്‍ കെല്‍പ്പുള്ള, ശക്തമായ സ്ത്രീ സാന്നിദ്ധ്യങ്ങളുടെ ‘void’ ബോളിവുഡില്‍ അനുഭവപ്പെട്ട് തുടങ്ങിയിരുന്നു.  ആ ഇടത്തേക്കാണ് ഇവരെ എല്ലാവരേക്കാളും പ്രായം കൊണ്ടും പ്രതിഭ കൊണ്ടും മൂപ്പുള്ള ശ്രീദേവി എത്തുന്നത്‌ – ‘Femme Fatale’ലില്‍ നിന്നും ‘Reigning Matriarch’ ആവാന്‍.

എല്ലാറ്റിനുമപ്പുറത്ത് സ്ക്രീനില്‍ നിന്നും വളരെക്കാലം  വിട്ടു നിന്നിട്ടും ശ്രീദേവി എന്ന നടിയെ മറക്കാന്‍ കൂട്ടാക്കാത്ത, അവരെ ഇനിയുമിനിയും കാണാന്‍ ആഗ്രഹിച്ച ഒരു തലമുറ പ്രേക്ഷകരിലും സിനിമയുടെ പിന്നാമ്പുറങ്ങളിലും ഉണ്ടായിരുന്നു.  തിരിച്ചു വന്ന ശ്രീദേവിയെ ഇനി ഒരിക്കലും വിട്ടു പോകാനാവാത്ത വണ്ണം ബോളിവുഡ് അണച്ചു പിടിച്ചിരുന്നു.

മെറില്‍ സ്ട്രീപിനേയും ശ്രീദേവിയേയും ഒരിക്കലും ഒരു തുലാസില്‍ അളക്കാന്‍ സാധിക്കില്ല. നാല് വയസ്സ് മുതല്‍ അന്‍പത്തിനാല് വയസ്സ് വരെയുള്ള തന്‍റെ അര നൂറ്റാണ്ടു ജീവിതത്തിന്‍റെ ഒരു വലിയ പങ്കു സിനിമയിലാണ് ശ്രീദേവി ജീവിച്ചത്.  തെന്നിന്ത്യയില്‍ തുടങ്ങി ബോളിവുഡില്‍ എത്തി, അവിടെ നായകന്മാരോളം പോന്ന സൂപ്പര്‍ നായികയായി.  കൂടിയ പ്രതിഫലം കൈപ്പറ്റി.

അവരുടെ സിനിമകളില്‍ പ്രമേയപരമായോ, ഭാവുകത്വപരമായോ ഉള്ള എന്തെങ്കിലും മാറ്റങ്ങള്‍ ശ്രീദേവി കാരണം ഉണ്ടായതായി അറിയില്ല. അക്കാലത്തെ സിനിമകളുടെ മുഖമുദ്രയായ ‘male-gaze’ന്‍റെ ഇര തന്നെയായിരുന്നു ശ്രീദേവിയും. അവരുടെ ‘Thunder Thighs’ലാണ് ഹിന്ദി സിനിമ ഏറെക്കാലം ഫോക്കസ് ചെയ്തത്. എങ്കിലും സ്വതസിദ്ധമായ അഭിനയ രീതികള്‍ കൊണ്ട് ശ്രീദേവി അതിനെ മറികടന്നു.

സ്വിറ്റ്സര്‍ലന്‍ഡില്‍ നേരിയ ഷിഫോണ്‍ സാരിയുടുത്ത് ഓടുമ്പോഴും, ‘കാട്ടേ നഹി കട്ട്തേ’ എന്ന് പാടി മഴ നനയുമ്പോഴും, അക്കാലത്തെ നൃത്ത രംഗങ്ങളുടെ സിഗ്നേച്ചറായ ‘pelvic thrust’ ചെയ്യുമ്പോഴുമെല്ലാം അവര്‍ ‘sexuality’ക്ക് പകരം ‘sensuality’ ഉയര്‍ത്തിപ്പിടിച്ചു.  അര്‍ത്ഥവത്തും അല്ലാത്തതുമായ ഒരു പാട് സിനിമകളില്‍ അഭിനയിക്കുമ്പോഴും ശ്രീദേവി ഒരിക്കലും ബോറടിപ്പിച്ചില്ല.  അയ്യേ, എന്ന് ഒരിക്കല്‍പ്പോലും പറയിച്ചില്ല.  അതായിരുന്നു അവര്‍ വരുത്തിയ മാറ്റം.

300 സിനിമകളില്‍ അഭിനയിച്ച ശ്രീദേവിയ്ക്ക്  65 സിനിമകള്‍ കൈമുതലായുള്ള മെറില്‍ സ്ട്രീപിനെക്കാളും അഭിനയ സമ്പത്ത് കൂടുതലാണ്, തീര്‍ച്ച.  എന്നാല്‍ മെറില്‍ സ്ട്രീപിന് അവതരിപ്പിക്കാന്‍ സാധിച്ച ‘Range of emotions’ ശ്രീദേവിയ്ക്ക് അവതരിപ്പിക്കാന്‍ സാധിച്ചിട്ടില്ല.  അത് തന്നെയാവണം ശ്രീദേവി ആഗ്രഹിച്ചതും.  മെറില്‍ സ്ട്രീപ് അടുത്ത കാലങ്ങളില്‍ അഭിനയിച്ച പല കഥാപാത്രങ്ങളും, പ്രത്യേകിച്ച് കോമഡി, ഫാന്റസി, മാനസിക വിഭ്രാന്തി, തുടങ്ങിയ എലെമെന്റ്സ് ഉള്ളവ, ഭംഗിയായി തന്നെ അവതരിപ്പിക്കാന്‍ കഴിയുമായിരുന്നു ശ്രീദേവിയ്ക്ക്.  എന്തു ചെയ്യുമ്പോഴും ‘affable’ ആയിരുന്നല്ലോ അവര്‍ എന്നും.

ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ എന്നിരിക്കെ, മെറില്‍ സ്ട്രീപിന്‍റെ കരിയറിന്‍റെ ഒരിന്ത്യന്‍ വേര്‍ഷന്‍ വലിയ പ്രയാസമില്ലാതെ ഉണ്ടാക്കിയെടുക്കാമായിരുന്നു ശ്രീദേവിയ്ക്ക്.  കാലം അതിനവസരം കൊടുത്തിരുന്നെങ്കില്‍.

മെറില്‍ സ്ട്രീപിലേക്കുള്ള ദൂരം ശ്രീദേവി സിനിമ കൊണ്ട് മാത്രം താണ്ടിയാല്‍ മതിയാകുമായിരുന്നോ എന്നറിയില്ല.  കാരണം മെറില്‍ സ്ട്രീപിന്‍റെ കരിയര്‍ പ്രസക്തമാകുന്നത് അഭിനയം കൊണ്ട് മാത്രമല്ല, അവരുടെ രാഷ്ട്രീയം കൊണ്ടും കൂടിയാണ്.  മാറ്റത്തിന് വേണ്ടിയുള്ള നിരന്തരമായ സര്‍ഗ്ഗാത്മകവും അല്ലാത്തതുമായ  അവരുടെ ഇടപെടലുകള്‍ ചേര്‍ന്നതാണ്.

മെറില്‍ സ്ട്രീപിന്‍റെ പല കഥാപാത്രങ്ങളിലും അവരുടെ on-screen, off-screen സ്വത്വങ്ങള്‍ കൈകോര്‍ത്ത് നിന്നു. അഭിനയത്തിലെ തന്‍റെ supremacy മെറില്‍ സ്ട്രീപ് രേഖപ്പെടുത്തുന്നത്  പതിഞ്ഞതെങ്കിലും ഉറച്ച ആത്മവിശ്വാസം കൊണ്ടും, തന്‍റെ വ്യക്തിത്വത്തെ അവര്‍ രേഖപ്പെടുത്തുന്നത് ‘articulation’ കൊണ്ടുമാണ്. തിരശീലയിലെന്നും അവര്‍ക്ക് പ്രകാശമേകിയിരുന്നത് അവരുടെ ഉള്ളിലുള്ള വെളിച്ചം തന്നെയാണ്.

ഇന്ട്രോവേര്‍ട്ടും എപൊളിറ്റിക്കലുമായ ശ്രീദേവിയ്ക്ക് ഇതെത്രത്തോളം സാധിക്കുമായിരുന്നു എന്നറിയില്ല.  സ്വതവേ മിതഭാഷിയായ അവര്‍ പൊതുവേദികളിലും അഭിമുഖങ്ങളിലും ഒന്നും തന്നെ തന്‍റെ രാഷ്ട്രീയത്തെക്കുറിച്ചോ വിശ്വാസപ്രമാണങ്ങളെക്കുറിച്ചോ വെളിപ്പെടുത്തിയിട്ടില്ല.  ഒന്നിന് വേണ്ടിയും ഇത് വരെ ശബ്ദമുയര്‍ത്തി കേട്ടിട്ടില്ല.  ‘അതീവ സാധാരണമായ ഒരു പരിവേഷത്തില്‍ കുടുങ്ങിപ്പോയ അനിതര സാധാരണമായ ഒരു പ്രതിഭ’ എന്നൊക്കെ തോന്നിപ്പിച്ചു കളയും, അഭിമുഖങ്ങളില്‍.  ഏറി വന്നാല്‍ മക്കളെക്കുറിച്ച് രണ്ട് വാക്ക്, അല്ലെങ്കില്‍ കണ്ട നല്ല സിനിമകളെക്കുറിച്ച്… ശ്രീദേവിയുടെ വായില്‍ നിന്നും വേറെ ഒന്നും വീഴില്ല.

അത് മനപ്പൂര്‍വ്വമാണെന്നും കരുതാനാവില്ല.  ഭാഷാ പരിമിതകള്‍ ഏറെയുള്ള ആളായിരുന്നു.  ബുദ്ധിമതിയാണെങ്കിലും ശ്രീദേവിയുടെ ‘articulation’നെ അത് സാരമായി ബാധിച്ചിരുന്നു.  അവരുടെ ഉള്‍വലിയലിന് ഇതും കാരണമായിരുന്നിരിക്കാം.  (അഭിമുഖങ്ങളില്‍) ഹിന്ദിയിലും ഇംഗ്ലീഷിലും പതിഞ്ഞ സ്വരത്തില്‍ സംസാരിക്കുന്നയാള്‍ തമിഴിലും അവരുടെ മാതൃഭാഷയായ തെലുങ്കിലും കുറെയും കൂടി ശബ്ദമുയര്‍ത്തി, ‘confident’ ആയി സംസാരിക്കുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

അങ്ങനെ, പറയാനൊന്നും ഇല്ലാത്തതാണോ പറയാനറിയാത്തതാണോ എന്നറിയില്ല, ശ്രീദേവി ഒരിക്കലും ഒന്നും പറഞ്ഞില്ല.  എന്നാല്‍ സിനിമയിലാകട്ടെ, നിര്‍ത്താതെ പറഞ്ഞു.  ചിരിച്ചു, ചിരിപ്പിച്ചു.  ക്യാമറയ്ക്ക് മുന്നിലും പിന്നിലും വേറെ വേറെ ശ്രീദേവിമാര്‍. സ്വത്വങ്ങള്‍ ഒരിക്കലും കൈകോര്‍ത്തില്ല. എന്ന് മാത്രമല്ല, എന്നും മുഖം തിരിഞ്ഞ്, രണ്ടായിത്തന്നെ നിലകൊണ്ടു.  ശ്രീദേവിയെക്കുറിച്ച് വന്ന ചില  obituaries ഇതിനെ കൃത്യമായി നിര്‍വ്വചിച്ചിട്ടുണ്ട് – ‘Sridevi: A life in contrasts’ (Alaka Sahani, The Indian Express), Sridevi: The Overwhelming Silence of the Queen of Laughter (Aarti Shetty, arre.com).

ബാഹ്യരൂപത്തെ സിനിമയില്‍ എങ്ങനെ ഉപയോഗിക്കാം എന്നതിലും രണ്ടു പേരും രണ്ടു വഴിക്കാണ്.  മെറില്‍ സ്ട്രീപ് എന്ന നടിയ്ക്ക് ശരീരം ഒരു ഇന്‍സ്ട്രുമെന്റ് മാത്രമാണ്.  ശരീരം എന്ന ഇന്‍സ്ട്രുമെന്റ് മാത്രമായിരുന്നു പലപ്പോഴും ശ്രീദേവി എന്ന നടി.  അത് കൊണ്ടു തന്നെ, സുന്ദരിയായി നില കൊള്ളേണ്ടതായിരുന്നു അവരുടെ ‘priorities’ സില്‍ ആദ്യം.

പ്രായരൂപങ്ങളെ തിരിച്ചു പിടിക്കുന്ന ഓട്ടത്തില്‍ പലപ്പോഴും  ‘plastic’ ആയും ‘sculpted’ ആയുമൊക്കെ മാറി ശ്രീദേവി.  മെറില്‍ സ്ട്രീപിന്‍റെ ഒരു സിനിമയുണ്ട് – ‘Death becomes her’ എന്ന പേരിലെ അമേരിക്കന്‍ ബ്ലാക്ക്‌ കോമഡി ഫാന്റസി ചിത്രം.  യൗവനം തിരിച്ചു പിടിക്കുന്നതിനായി ‘മാന്ത്രിക ഔഷധ പാനീയം’ കുടിക്കുന്ന മഡലൈന്‍ ആഷ്ട്ന്‍ എന്ന നടിയുടെ കഥയാണ് ചിത്രം പറയുന്നത്‌.  നശ്വരതയേയും അനശ്വരതയേയും ഒരു പോലെ അടയാളപ്പെടുത്തുന്ന ഈ സിനിമയൊക്കെ അവസരം കിട്ടിയിരുന്നെങ്കില്‍ ശ്രീദേവി അഭിനയിച്ചു തകര്‍ത്തേനെ, തീര്‍ത്തും വിശ്വസനീയമായി തന്നെ.

സംഭവിച്ചത് പക്ഷെ അവിശ്വസനീയമാം വണ്ണമുള്ള, പെട്ടന്നുള്ള അവരുടെ വിട വാങ്ങലാണ്.  അന്‍പതു കഴിഞ്ഞ നായികമാര്‍ വാഴാത്ത ബോളിവുഡ് എന്ന പറച്ചിലിന് അപവാദമായ ശ്രീദേവി, മറ്റൊരര്‍ത്ഥത്തില്‍ ആ പറച്ചിലിനെ ശരി വച്ച്, വാഴാതെയും പോയി.  രണ്ടാം വരവില്‍ ഒരു വലിയ ഇന്നിങ്ങ്‌സ് അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു.  മെറില്‍ സ്ട്രീപ് ആവില്ലായിരുന്നിക്കാം, പക്ഷെ അഭിനയത്തിന്‍റെ പുതിയ വാതായനങ്ങള്‍ അവര്‍ നിശ്ചയമായും തുറക്കുമായിരുന്നു.  അതിലെ നിറഭേദങ്ങള്‍ കൊണ്ട് നമ്മളെ അമ്പരപ്പിക്കുമായിരുന്നു, ആ ‘നെടിയ കണ്ണിലെ കൃഷ്ണകാന്തങ്ങള്‍ തന്‍ കിരണങ്ങളേറ്റ് നമ്മുടെ ചില്ലകള്‍ വീണ്ടും പൂക്കു’മായിരുന്നു… കാലമവസരം തന്നില്ല നമുക്കും.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Sridevi indias meryl streep films bollywood opinion