scorecardresearch

ഇടിമുറികൾ ഉണ്ടാകുന്നത്

മകൻ നഷ്ടപ്പെട്ട അമ്മ ഭാവവേശികതയിൽ​ കുടുക്കിയുടകയാണ് ജിഷ്ണു വിഷയം. എന്നാൽ ആ വൈകാരികതയ്ക്ക് അപ്പുറം ആത്മവിശ്വാസവും ആർജ്ജവും നഷ്ടപ്പെട്ട ഒരു തലമുറയെ വാർത്തെടുക്കുന്ന സ്വാശ്രയ കോളജുകളെ കുറിച്ചുളള ചർച്ചകളാണ് നടക്കേണ്ടത്

ethiran kathiravan, self finance college, mahija, jishnu pranoy, nehru college

നെഹ്രു കോളജിൽ ഇടിമുറി ഉണ്ടായിരുന്നോ? കൃത്യമായി അറിയില്ല. പക്ഷേ വിദ്യാർത്ഥികളെ “മര്യാദ“ പഠിപ്പിക്കാൻ ബലതന്ത്രങ്ങൾ പ്രയോഗിച്ചിരുന്നു എന്നത് സത്യമാണ്. മറ്റു പല കോളജുകളിലും ഇത്തരം നിയന്ത്രണപ്രയോഗങ്ങൾ നടപ്പിലാകുന്നു എന്നാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.

വിദ്യാർത്ഥികളുടെ അച്ചടക്കം, സുശിക്ഷിതത്വം എന്നിവയെക്കുറിച്ച് വികലധാരണകളാണ് കേരളത്തിൽ ഉള്ളത്. മലയാളം പറഞ്ഞാൽ കഠിനശിക്ഷ നൽകുന്ന, ലോകത്തൊരിടത്തും നടപ്പില്ലാത്ത രീതികളൊക്കെയാണ് നമുക്ക്. പുതിയപുസ്തകം നല്ല കടലാസുകൊണ്ട് പൊതിഞ്ഞില്ലെങ്കിൽ നാലാം ക്ലാസുകാരനെ പട്ടിക്കൂട്ടിൽ അടയ്ക്കുക എന്ന വികലനീതി അതിശയോക്തിപരമാണെങ്കിലും സത്യത്തിന്റെ ഒരംശം അതിലുണ്ട്. ഹർത്താൽ കാരണം സ്കൂളിൽ എത്താൻ കഴിയാത്തകുട്ടിയ്ക്ക് പിറ്റേ ദിവസം പൊതിരെ അടി കിട്ടിയത് ഉണ്ണിയേശുവിന്റെ പേരിലുള്ള സ്കൂളിൽ നിന്നാണ്, ഒരു കന്യാസ്ത്രീയിൽ നിന്നാണ് എന്നത് വിരോധാഭാസത്തിന്റെ അങ്ങേയറ്റം തന്നെ. വിദ്യാഭ്യാസത്തിലെ അച്ചടക്കം എന്നത് ഹിംസാത്മകമാകുന്നത് അതിന്റെ ലക്ഷ്യത്തിനു നേർ വിപരീതം നിൽക്കുന്നതാണ്. വിദ്യാലയത്തിൽ വരുന്ന കുട്ടികൾ മോശപ്പെട്ട സ്വഭാവമുള്ളവരാണെന്നും മര്യാദ എന്നത് അറിഞ്ഞിട്ടല്ല, അറിവു നേടാൻ വരുന്നവരുമല്ല എന്ന അപകടകരമായ മുൻകൂർ ധാരണ ഇതിനു പിന്നിൽ തീർച്ചയായും ഉണ്ട്.

dthiran kathiravan, self finance college, students, mahija, jishnu pranoy, cpm

ഇതറിഞ്ഞുകൊണ്ട് തന്നെയാണ് മാതാപിതാക്കൾ മക്കളെ സ്വാശ്രയ കോളജിൽ ചേർക്കുന്നത്. കുട്ടികൾക്കും ഇതറിയാം. പക്ഷേ ഇത്തരം ക്യാമ്പസ്സിലേക്ക് വലിയ്ക്കുന്ന ശക്തികൾ പലതാണ്. ലോകത്തിലെ വമ്പൻ യൂണിവേഴ്സിറ്റികൾ എല്ലാം പ്രൈവറ്റ് ആണെന്നിരിക്കെ വിദ്യാഭ്യാസം ഭരണകൂടത്തിന്റെ ഉത്തരവാദിത്തം ഭാഗികമായേ പ്രാവർത്തികമാകേണ്ടതുള്ളു എന്നതാണ് നടപ്പുരീതി. പക്ഷേ കേരളത്തിൽ ഒരു വ്യവസായം എന്ന രീതിയിലേക്ക് മാറിയതിന്റെ ഉത്തരവാദിത്തം സർക്കാരിനും ഉണ്ട്. അറിവിന്റെ ഉറവ്, ജ്ഞാനസമ്പാദനന്വേഷണ കേന്ദ്രം എന്നൊക്കെ ഇവയെ വിളിക്കുന്നത് അപഹാസ്യമാണെന്ന് തീർപ്പുണ്ട് നമുക്ക്. ഈ സരസ്വതീക്ഷേത്രങ്ങൾ വിപരീതദിശയിൽ നീങ്ങിയതിന്റെ ആധുനിക പരിണതിയാണ് ജിഷ്ണു പ്രണോയ് യുടെ നിര്യാണം എന്ന ആത്മനാശസംഭവം.

സമരങ്ങളില്ല, മക്കൾ ഏകാഗ്രതയോടെ പഠിച്ച് പാസ്സാവും എന്നൊരു മിഥ്യാധാരണ മാതാപിതാക്കൾക്കുള്ളത് സ്വാശ്രയ കോളജിലേയ്ക്കുള്ള വരവിന്റെ പ്രധാനകാരണവും കൂടിയാണ്. പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം വീട്ടിൽ വച്ചിട്ടാണ് കുട്ടികൾ ക്യാമ്പസിൽ എത്തുന്നത്. പ്രതിഷേധത്തിന്റെ പ്രകടനം അരുതാത്തതാണ് അവിടെ. ജിഷ്ണു പ്രണോയ് ഈ ബലതന്ത്രതത്വത്തിനെതിരേ നിന്നതാണ് നെഹ്രു കോളേജിനെ കൂടുതൽ പ്രകോപിപ്പിച്ചത്. സ്വാശ്രയ കോളജുകൾക്ക് മൂടിവയ്ക്കാൻ ധാരാളം രഹസ്യങ്ങളുണ്ട്. ദൂരക്കാഴ്ച്ച ഇല്ലാത്ത മാതാപിതാക്കളെ കുറ്റപ്പെടുത്തേണ്ടതില്ല, പൊതുബോധം യാഥാർത്ഥ്യത്തിൽ നിന്നും വളരെ അകലെയാണ്.

സമരങ്ങൾ എന്തുകൊണ്ട്?
ലോകത്തെവിടെയും ചെറുപ്പക്കാരാണ്, പ്രത്യേകിച്ചും വിദ്യാർത്ഥികളാണ് അവകാശങ്ങൾക്കു വേണ്ടി പൊരുതിയിട്ടുള്ളത്. പ്രതികരണശേഷി അവർക്കുള്ളതാണ്. കേരളത്തിലെ കോളജുകളിലെ സമരങ്ങൾക്ക് മോശം പ്രതിച്ഛായ വന്നു കൂടിയിട്ടുള്ളത് അനവസരത്തിൽ, അക്രമാസക്തമായ, പൊതുമുതൽ നശിപ്പിക്കുന്ന പ്രകടനങ്ങൾ രാഷ്ട്രീയ പാട്ടികൾ ചില മുതലെടുപ്പിനു വേണ്ടിയോ സ്ഥാപിതതാൽപ്പര്യങ്ങൾ സംരക്ഷിച്ചെടുക്കാനോ വ്യാജമായ കരുത്തു കാണിയ്ക്കാനോ സ്ഥിരമാക്കിയതുകൊണ്ടാണ്. സമരം എന്ന പ്രതികരണോപാധിയെ സ്വാർത്ഥതയുടെ ഉപകരണമാക്കുമ്പോൾ അതിന്റെ ഉദ്ദേശശുദ്ധി തകിടം മറിയുന്നു. പക്ഷേ, യുക്തിചിന്ത സ്വൽ‌പ്പം മിച്ചം വച്ചിട്ടുണ്ടെങ്കിൽ ആരും പ്രതികരിച്ചു പോവുന്ന സ്ഥിതിവിശേഷമാണ് സ്വാശ്രയ കോളേജ് ക്യാമ്പസ്സുകളിൽ.
വ്യവസ്ഥ പാളുമ്പോഴാണ് സമരങ്ങൾ ആവശ്യമായി വരുന്നത്. എന്നാൽ സമരങ്ങളെ ശ്ലാഘിച്ചും പ്രകീർത്തിച്ചും ആരാധിച്ചുമാണ് നമുക്ക് ശീലം. എന്തുകൊണ്ട് സമരങ്ങൾ വേണ്ടി വരുന്നു എന്നോർത്ത് ഓരോ സമരം നടത്തുമ്പോഴും ലജ്ജിക്കേണ്ടതാണ് പൗരൻ. ചർച്ചയിലൂടെയോ മറ്റ് സമവായപരിശ്രമങ്ങളിലൂടെയോ പ്രശ്നം പരിഹരിച്ച് നമുക്ക് ശീലമില്ലാതായി, ഭരണകൂടത്തിനു അത്തരം നേർവഴികൾ പരിചയമില്ല, തെരുവിലാണ് പരിഹാരത്തിന്റെ ഊടുവഴികൾ അന്വേഷിക്കുന്നത്. ഓരോ സമരവും നീതിയുടെ പരാജയത്തിന്റെ ഘോഷണമാണ്, അതിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട പൗരനോടുള്ള അവഹേളനമാണ്. സെക്രട്ടറിയേറ്റിനു മുന്നിലെ സ്ഥിരം നിരാഹാരപ്പന്തൽ ഇതിന്റെ ദാരുണദൃഷ്ടാന്തമാണെന്നത് മറന്നേ പോകുന്നു നമ്മൾ. സമരങ്ങൾ ഇല്ലാത്ത യൂറോപ്യൻ രാജ്യങ്ങൾ ഉണ്ടെന്നുള്ളത് നമുക്ക് പിടികിട്ടുന്ന വസ്തുത അല്ല. പൗരസംരക്ഷണനിർവ്വഹണം അത്രമാത്രം ദുഷിച്ചിരിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമായി കണക്കിലെടുത്ത് ആ വഴിയിലുള്ള പര്യാലോചനകൾക്ക് സാദ്ധ്യതയില്ലാത്തവണ്ണം ഭരണകൂടനീതി നൂറ്റാണ്ടുകൾ പിറകോട്ട് പോയിരിക്കുന്നു.

സ്വാശ്രയ കോളജുകൾ പിടിപ്പുകേടിന്റെ കൂട്ടായ്മയാണ്. സമരത്തിനു ഒരു പഴുതും ഇടാതെ ശ്രദ്ധിക്കേണ്ടത് അവരുടെ അതിജീവനാവശ്യമാണ്. അഡ് മിഷനുള്ള പണം അന്യസംസ്ഥനങ്ങളിലേക്ക് ഒഴുകാതെ തടയിട്ട് ഇവിടെ സമാഹരിക്കാൻ വേണ്ടി ഗവണ്മെന്റ് തന്നെ ആവിഷ്ക്കരിച്ച തന്ത്രം ആവുമ്പോൾ രഹസ്യമായ (രഹസ്യമൊന്നുമല്ലിത്, നമുക്കറിയാം) പണമിടപാടുകൾക്ക് അംഗീകാരവും സ്വീകൃതിയും താനേ വന്നു ചേരുകയാണ്. യോഗ്യതയോ വൈദഗ്ദ്ധ്യമോ നിലവാരമോ ഇല്ലാത്ത അദ്ധ്യാപകർ, ഗുണനിലവാരത്തോട് ബന്ധപ്പെടുത്താത്ത കരിക്കുലം, മൂല്യനിർണ്ണയം തെല്ലുമില്ലാത്ത അദ്ധ്യാപനരീതി ഇതൊക്കെ ദൂഷിതവലയങ്ങളായി പൊതിഞ്ഞതാണ് പൊതുവേ ഉള്ള വ്യവസ്ഥ. വിവരമില്ലാത്ത നേതൃത്വവും ഇതോടൊപ്പം ചേരുമ്പോൾ ഭീകരമാകുന്നു ഇത്. ഒരു വാചകം ഇംഗ്ലീഷിൽ തെറ്റില്ലാതെയോ ആശയഭംഗം കൂടാതെയോ എഴുതാൻ പറ്റാത്തവരാണ് പ്രിൻസിപ്പൽ ആയി ഇരിയ്ക്കുന്നത് എന്നത് ഒരു വിദ്യാഭ്യാസസ്ഥാപനത്തിന്റെ നിർവ്വഹണസ്വരൂപം, ജ്ഞാനം, യുക്തി, വിവേചനാബോധം എന്നിവയിൽ നിന്ന് വളരെ ദൂരെയാണെന്നതിന്റെ തെളിവാണ്. (നെഹ്രു കോളജിന്റെ വെബ് സൈറ്റിൽ; ചെയർമാൻ ആൻഡ് മാനേജിങ് ട്രസ്റ്റി മെസ്സേജ്‘ എന്ന തലക്കെട്ടോടെ കൊടുത്തിരിക്കുന്ന സന്ദേശത്തിലെ ഒരു ഭാഗം താഴെ ചേർത്തിട്ടുണ്ട്. അപഹാസ്യമാണ് അതിലെ ഇംഗ്ലീഷ് പ്രയോഗങ്ങൾ
Chairman and Trustee Message.
…..Nehru Corporate Placements and Industry Relations (NCP & IR) with an objective of professional development of students by training them towards employability skills and to move in to desired occupation has been creating all time record on job offers. The Infosys advanced campus connect got placed in Infosys at the campus selection held at NCERC.
At a rapid climb our team came up with some most intriguing fact that NCERC receives special appreciation award of NSS academic consultants in engineering program by the Hon’ble vice Chancellor of Kerala Technological University…..)
അതുകൊണ്ട് പ്രതിഷേധത്തിന്റെ നാമ്പുകളെ അന്നേരേ പിഴുതെറിയേണ്ടതുണ്ട്.

ethitan kathiravan, nehru self finance college, jishu, mahija
നെഹ്രുകോളജിന്റെ സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുളള കുറിപ്പ്

 

ഭരണകൂടം പൊതുബോധത്തെ ചതിച്ചു തന്നെ ഉന്നതവിദ്യാഭ്യാസം ഇതാണ് എന്ന് തെറ്റിദ്ധരിപ്പിച്ചു., പണം വന്നിറങ്ങി, എളുപ്പം ജോലി കിട്ടാനുള്ള വഴി തെളിഞ്ഞെന്ന് തെറ്റിദ്ധരിച്ച മാതാപിതാക്കൾ മടിശ്ശീല ഔദാര്യത്തോടേ തുറന്നു, അല്ലെങ്കിൽ കടം വാങ്ങിച്ചു. അവർ തന്നെ തെറ്റായ ഒരു സിസ്റ്റം പിന്തുണച്ച് ആരാധിച്ചു. അടിയിലെ അഴുക്കു കാണുന്ന കുട്ടികളുടെ കണ്ണ് കെട്ടേണ്ടത് കോളജിന്റെ ആവശ്യമായി വന്നു.

ഭരണകൂടത്തിനും ഇത് വർദ്ധിച്ച താൽ‌പ്പര്യം പ്രദാനം ചെയ്തിട്ടുണ്ട്.. പോസ്റ്റ് ഗ്രാജുവേഷൻ കോഴ്സുകൾക്ക് അഡ്മിഷനു ലക്ഷങ്ങളാണു വീഴുന്നത്, ഇടനിലക്കാരായി രാഷ്ട്രീയക്കാർ ഉണ്ട്. മെഡിക്കൽ കോളജുകളിലെ എം ഡി സീറ്റുകൾ ഉദാഹരണം. സ്വാശ്രയം അവരുടെ പരാശ്രയം ആയി.വിദ്യാർത്ഥികളിലെ പ്രതിഷേധം പുറത്തേയ്ക്ക് പടർന്നു പിടിയ്ക്കാതിരിക്കേണ്ടത് ഭരണകൂടത്തിന്റേയും ആവശ്യമായിത്തീർന്നു. ഭരണകൂടത്തിന്റെ പേടി തന്നെയാണ് അദ്ധ്യാപക-മാനേജ്മെന്റിന്റെ പേടിയും. സത്യങ്ങൾ വെളിവാക്കപ്പെടുമോ എന്ന പേടി. അറിവില്ലായ്മ വെളിപ്പെടുമോ എന്ന പേടി. ചില സ്വാശ്രയ കോളജുകളിലെ കഥകൾ കേട്ടാൽ മനുഷ്യന്റെ ആന്തരികമായ ക്രിമിനൽ സ്വഭാവം വെളിവാക്കപ്പെടാനുള്ള അവസരം കാത്തുകിടന്നവരാണോ അദ്ധ്യാപകർ എന്ന് സംശയിക്കാൻ ഇടനൽകുന്നുപോലുമുണ്ട്. മാനദണ്ഡങ്ങളില്ലാതെയുള്ള അദ്ധ്യാപക നിയമനത്തിന്റെ പരിണതി. വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യവാഞ്ചയെ കയ്യൂക്ക് കൊണ്ട് നേരിടാൻ സന്നദ്ധരായി മാനേജ്മെന്റ്. അറിഞ്ഞോ അറിയാതെയോ, കാശുകൊടുത്തു നേടിയ അഡ്മിഷൻ എന്നത് വിദ്യാർത്ഥികളിൽ ഒളിപ്പിച്ചു വച്ച കുറ്റബോധം ആയി. അത് വിദ്യാഭാസത്തിനു അവശ്യം വേണ്ടതായ അർപ്പണബോധം എന്നതിനെ മറി കടന്നു. ഗുണനിലവാരത്തിന്റെ ധാർമ്മികത എന്നത് വ്യവസ്ഥയ്ക്ക് തീരെയില്ലെന്ന അവബോധം അതിനോട് ആദരവോ ബഹുമാനമോ വിദ്യാർത്ഥികൾക്ക് ലഭിയ്ക്കുന്നതിനു എതിരേ നിന്നു. ജിഷ്ണു പ്രണോയ് എന്ന വിദ്യാർത്ഥി സ്വന്തം മരണം കൊണ്ട് ഈ സത്യങ്ങൾ വലിച്ചു പുറത്തിട്ടിരിക്കയാണ്, പക്ഷേ നമുക്കറിയാത്തതൊന്നുമല്ല ഇത്.

ethiran kathiravan, jishnu pranoy, self finance college, mahija, cpm

സ്വാശ്രയകോളജുകളെപ്പറ്റി അടിയന്തിരമായി റിപ്പോർട്ട് തയ്യാറാക്കാൻ നിർദ്ദേശങ്ങളൊന്നും സർക്കാർ പക്ഷത്തു നിന്നും വന്നാതായിട്ട് വാർത്തകൾ ഒന്നുമില്ല. തകർന്ന പ്രൊഫഷണൽ വിദ്യാഭ്യാസരംഗത്തെ കരകയറ്റാനുള്ള സംരംഭത്തിനു തുടക്കമിടാൻ പോലും ജിഷ്ണുവിന്റെ ആത്മാഹുതി കാരണമായില്ല എന്നത് ഭീതിദമാണ്. എൽ ഡി എഫ് ആയാലും യു ഡി എഫ് ആയാലും സർക്കാർ എന്നും സ്വാശ്രയപക്ഷത്തു തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. ക്യാമ്പസ്സുകളിൽ ഇടിമുറികൾ ഉണ്ടെങ്കിൽ അത് നിർമ്മിച്ചെടുക്കാൻ കുറെ കല്ലും കട്ടയും ഗവൺമെന്റ് തന്നെ ലോഡിറക്കിയതാണ്.

മകൻ നഷ്ടപ്പെട്ട അമ്മ എന്ന ഭാവാവേശികതയിൽ മാത്രം കുടുങ്ങിക്കിടക്കുകയാണ്, അല്ലെങ്കിൽ അങ്ങനെ വരുത്തിത്തീർത്തിരിക്കയാണ് ഭരണകൂടത്തോട് ചേർന്നു നിൽക്കുന്ന മാദ്ധ്യമങ്ങൾ. ജിഷ്ണുവിന്റെ അമ്മയെ റോഡിൽ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങൾ നോക്കി പരിതപിക്കുന്നവർ കാണാതെ പോകുന്നത് ജിഷ്ണുവിന്റെ മരണത്തിന്റെ പിന്നില കള്ളക്കളികളാണ്. അമ്മ-മകൻ ബന്ധത്തിലെ വൈകാരികതയിൽ അല്ല ജിഷ്ണു പ്രണോയ് പ്രശ്നത്തെകാണേണ്ടത്. വിശ്വാസവും ആർജ്ജവവും നഷ്ടപ്പെട്ട ഒരു ജനതയെ വാർത്തെടുക്കുന്ന, ഉന്നതവിദ്യാഭ്യാസത്തിന്റെ ധാർമ്മികതയെ അപ്പാടെ അട്ടിമറിക്കുന്ന സ്വാശ്രയ കോളജുകളുടെ സാംഗത്യം വിദ്യാഭ്യാസത്തിലും സമൂഹത്തിലും എന്താണ്, ലക്ഷ്യങ്ങൾ, നടത്തിപ്പ് ഇവയൊക്കെ എങ്ങിനെയായിരിക്കണം എന്നിവയെക്കുറിച്ച് ആഴത്തിലുള്ള വിശകലനങ്ങളും ചർച്ചകളുമാണ് നടക്കേണ്ടത്. ഇത് വൈകുന്തോറും ഉന്നതവിദ്യാഭ്യാസം കൂടുതൽ വ്യാജന്മാരുടെ ഇടിമുറികളിൽ ഞെരിഞ്ഞമർന്ന് നിലം പറ്റുമെന്ന് നിശ്ചയമാണ്.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Spiraling crisis in keralas higher education self financing colleges ethiran kathiravan