രാജസ്ഥാനിലെ രാജ്‌സമന്ദിൽ ബംഗാളില്‍ നിന്നുള്ള അഫ്രാജുലിനെ കോടാലി കൊണ്ട് വെട്ടിവീഴ്ത്തിയതിനു ശേഷം ജീവനോടെ കത്തിച്ചു അത് വീഡിയോയില്‍ പകര്‍ത്തി രാജ്യമൊട്ടാകെ പ്രചരിപ്പിച്ചത് ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു. എന്നാല്‍, അന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി ട്വീറ്റ് ചെയ്തത് താന്‍ പങ്കെടുത്ത കരസേനാ ദിനാഘോഷത്തെക്കുറിച്ചായിരുന്നു; ഈ ക്രൂരമായ നരഹത്യയെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടാതെ. അവരുടെ ഭരണകാലത്ത് രാജസ്ഥാന്‍ മുസ്ലിങ്ങളുടെ കുരുതിക്കളമായത്തില്‍ അത്ഭുതപ്പെടാനില്ലല്ലോ. ഒരു രാഷ്ട്രീയക്കാരി ആവുന്നതിനും മുന്പ് അവരെന്റെ സുഹൃത്തായിരുന്നെങ്കിലും അവരുടെ മനുഷ്യത്വമില്ലായ്മയെക്കുറിച്ചു എനിക്കൊന്നും അറിയില്ലായിരുന്നു. എനിക്കവരെപ്പറ്റി ലജ്ജയാണ് തോന്നുന്നത്.

നമ്മുടെ പ്രധാനമന്ത്രി അന്നേരം ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പര്യടനത്തിലായിരുന്നു. അദ്ദേഹവും ഇതിനെക്കുറിച്ച് നിശബ്ദനായിരുന്നു. എന്നാല്‍, ഇവിടെ നടക്കുന്ന സംഭവങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു എന്നതിന് തെളിവാണ് മണിശങ്കര്‍ അയ്യരുടെ ‘നീച’നെന്ന വിളിക്ക് ഉടനടി നല്‍കിയ വൈകാരിക മറുപടി. തന്റെ ജാതീയമായ സ്വത്വത്തെ അപമാനിക്കുകയായിരുന്നു അയ്യര്‍ എന്നു മോഡി പ്രസംഗിച്ചത് ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ ആയിരുന്നു എന്നോര്‍ക്കണം. മാത്രമാല്ല,, എല്ലാ സുപ്രധാന വാര്‍ത്താസംവാദങ്ങളും അഫ്രാജുലിന്റെ കൊലപാതകത്തെ പൂര്‍ണമായും അവഗണിച്ച് നീചനെന്ന വിളിയുടെ സൂക്ഷ്മരാഷ്ട്രീയമാണ് ചർച്ചയ്ക്കെടുത്തത്.

 

രണ്ടുവര്‍ഷം മുന്‍പ് നടന്ന അഖ്ലാക്കിന്റെ കൊലയ്ക്കു ശേഷം അഫ്രാജുലിന്റെ ഹത്യ വരെ, ഇത്തരം വെറിക്കൊലകള്‍ പിറ്റേന്നത്തെ പത്രങ്ങളുടെ പ്രധാന വാര്‍ത്തയാകാന്‍ തക്ക പ്രാധാന്യം ഇല്ലാത്തത്ര സാധാരണമായി മാറിയിട്ടുണ്ടായിരുന്നു. പശ്ചിമ ബംഗാളിലെ അഫ്രാജുലിന്റെ കുടുംബവുമായി ബന്ധപ്പെട്ടു അദ്ദേഹത്തിന്റെ മകളുമായി സംസാരിച്ച ഏക പ്രമുഖ പത്രം ഇന്ത്യന്‍ എക്സ്പ്രസ്സ്‌ ആയിരുന്നു. ആ മകള്‍ പറഞ്ഞത് തന്റെ അച്ഛന്റെ ദാരുണമായ അന്ത്യം തങ്ങളും വീഡിയോയില്‍ കണ്ടെന്നാണ്.

ഞാനും ഈ വീഡിയോ കണ്ടു. കൊലയ്ക്കു ശേഷം ‘ലവ് ജിഹാദ് ’ ചെറുക്കാനായി താന്‍ നടത്തിയ ആ ‘വീരകൃത്യ’ത്തെപ്പറ്റി വീമ്പടിക്കുന്ന കൊലപാതകി എന്നെ അങ്ങേയറ്റം ബാധിച്ചു. തന്റെ കൃത്യം ഭാരതത്തിന്റെ അഭിമാനത്തിന് വേണ്ടിയാണെന്ന വിശ്വാസത്തോടെ അയാള്‍ ആ ദൃശ്യം തന്റെ കൗമാരക്കാരനായ അനന്തിരവനെക്കൊണ്ട് ക്യാമറയില്‍ പകര്‍ത്തി. അല്പസാക്ഷരനായ ശംഭുലാല്‍ റെഗാര്‍ നമ്മുടെ സമീപകാല രാഷ്ട്രീയ സാംസ്‌കാരിക സംഭവങ്ങളില്‍ നിന്നും പ്രചോദിതനായാണ് ഇതടക്കം നിരവധി മുസ്ലിം-വിരുദ്ധ, ലവ്-ജിഹാദ് വിരുദ്ധ വീഡിയോകള്‍ ഉണ്ടാക്കി പ്രചരിപ്പിച്ചത്.
ഇന്നത്തെ ഇന്ത്യന്‍ ജീവിതത്തിന്റെ സാധാരണയായി മാറിക്കഴിഞ്ഞ ഈ വെറിക്കൊലകള്‍ക്ക് ആരെയാണ് നാം കുറ്റപ്പെടുത്തേണ്ടത്?നമ്മുടെ നേതാക്കളെ തന്നെയാണ്. പ്രധാനമന്ത്രി രണ്ടു തവണയും ഇക്കാര്യത്തില്‍ പ്രതികരിച്ചത്, അദ്ദേഹത്തിന്റെ മുഖ്യമന്ത്രിമാർ കയറൂരിവിട്ട സാമൂഹികദ്രോഹികള്‍ രാജ്യത്തെമ്പാടും ദളിത് യുവാക്കളെ ആക്രമിച്ചതിന് ശേഷമാണ്. ഇത്തരം അക്രമ പ്രവര്‍ത്തികള്‍ പ്രധാനമന്ത്രിയെ സന്തോഷിപ്പിക്കും എന്നുറപ്പില്ലായിരുന്നെങ്കില്‍ ഈ മുഖ്യമന്ത്രിമാര്‍ ഇതിനു മുതിരില്ലായിരുന്നു. രാജ്യത്തെ പിച്ചിച്ചീന്തുന്ന ഈ അക്രമങ്ങളെ താന്‍ വെറുക്കുന്നു എന്ന് പ്രധാനമന്ത്രി ഉറപ്പിച്ചു പറയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഓരോ കൊലകള്‍ക്ക് ശേഷവുമുള്ള സോഷ്യല്‍ മീഡിയാ തരംഗങ്ങള്‍ വെളിവാക്കുന്നത് ഇരകളോടു തീര്‍ത്തും സഹതപിക്കാതെ അക്രമികളോടു അഭിമാനപൂര്‍വം താദാത്മ്യപ്പെടുന്ന ഹിന്ദുത്വ അനുഭാവികളുടെ വളര്‍ച്ചയാണ്. ഇതേ വിഭാഗത്തിന്റെ പിന്തുണ നഷ്ടപ്പെടുത്തിക്കൊണ്ടല്ലാതെ പ്രധാനമന്ത്രിക്ക് ഈ വിഷയത്തില്‍ പ്രതികരിക്കാനാവില്ല. അദ്ദേഹത്തിന്റെ ‘പൂര്‍വവിദ്യാലയ’മായ ആര്‍.എസ്.എസ്. ഹിന്ദുക്കള്‍ മുസ്ലീങ്ങളെ കൊന്നു തള്ളുന്നതിനെ അനുകൂലിക്കുന്നു എന്നതില്‍ തര്‍ക്കമില്ല. ഇത്തരം അക്രമിക്കൂട്ടങ്ങളില്‍ ധൈര്യശാലികളല്ല, ഭീരുക്കളാണ് ഉള്ളതെന്ന് ഇത്തരം ഒരു കൊലക്ക് ശേഷം ഒരു മുതിര്‍ന്ന ആര്‍.എസ്.എസ്. നേതാവിനോട് ഞാന്‍ അഭിപ്രായപ്പെട്ടപ്പോള്‍ ‘ഹിന്ദുക്കള്‍ ഇപ്പോഴെങ്കിലും അല്പം ധൈര്യത്തോടെ പോരാടുന്നു’ എന്ന ആ നേതാവിന്റെ മറുപടി എനിക്കിത് വ്യക്തമാക്കിത്തന്നു.

ഭീതിദമായ പൊതുമനോഭാവം പ്രതിഫലിപ്പിക്കുന്നതാണ് പ്രധാനമന്ത്രിയുടെ മൗനം. എന്നാല്‍ യഥാര്‍ത്ഥ നേതാക്കള്‍ ഇത്തരം പ്രതികൂലമായ ജനവികാരത്തിനിടയിലും ധൈര്യത്തോടെ നയിക്കുന്നവരായിരിക്കും. മുന്‍ ഇസ്രയേല്‍ നേതാവ് ഷിമോണ്‍ പെരേസും പലസ്തീന്‍ നേതാവ് യാസര്‍ അറഫാത്തും തമ്മില്‍ നടന്ന ഒരു നയതന്ത്ര ചര്‍ച്ചയില്‍ ഞാന്‍ പങ്കെടുത്തത് എനിക്കിപ്പോള്‍ ഓർമ്മ വരുന്നു. വളരെ ദേഷ്യത്തോടെ സംസാരിച്ചിരുന്ന അറഫാത്തിനോടു കഴിയുന്നത്ര അനുകൂലമായ രീതിയില്‍ സംസാരിച്ച പെരെസിനോടു അദ്ദേഹത്തിന് ഇസ്രായേലില്‍ കുറഞ്ഞേക്കാവുന്ന പൊതുജനസമ്മിതിയിക്കുറിച്ചു ആരാഞ്ഞപ്പോള്‍, “നയിക്കാനുള്ള സമയം പോലെ തന്നെ പിന്തുടരാനും ഒരു സമയം ഉണ്ട് “എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

നമ്മുടെ പ്രധാനമന്ത്രി നയിക്കേണ്ട സമയമാണിത്. ജനങ്ങള്‍ക്ക് തീര്‍ത്തും അപ്രിയമായ ചില രാഷ്ട്രീയ-സാമ്പത്തിക തീരുമാനങ്ങള്‍ എടുത്ത അദ്ദേഹത്തിന് ധൈര്യക്കുറവുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. പിന്നെ എന്കത് കൊണ്ട് ഈ മൗനം? മുസ്ലീങ്ങളായ കന്നുകാലി വ്യാപാരികളും കര്‍ഷകരും അഫ്രാജുലിനെ പോലുള്ള സാധാരണക്കാരും കൊലചെയ്യപ്പെടുന്നതിനെ അദ്ദേഹം രഹസ്യമായി അനുകൂലിക്കുന്നു എന്നാണോ ഇതിനര്‍ത്ഥം? എങ്കില്‍, ഒരു തെമ്മാടി രാഷ്ട്രത്തിന്റെ നിലയിലേക്ക് ഇന്ത്യ കൂപ്പുകുത്തിയെന്നും പാകിസ്ഥാന്റെ ഹിന്ദുപതിപ്പായി മാറിക്കൊണ്ടിരിക്കുന്നു എന്നുമാണ് നാം മനസ്സിലാക്കേണ്ടത്. ഇതല്ല നമ്മുടെ പ്രധാനമന്ത്രി ആഗ്രഹിക്കുന്നതെങ്കില്‍ തന്റെ മുഖ്യമന്ത്രിമാരോട് അവരുടെ മുഖ്യ പരിഗണനാവിഷയങ്ങളില്‍ നിന്നും പശുക്കളുടെ കശാപ്പും ‘ലവ് ജിഹാദും’ മാറ്റിവെയ്ക്കണം എന്ന് ഉടനടി ഉത്തരവിടേണ്ടതാണ്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സൂപ്പര്‍പവറായി, ആധുനികതയുടെയും ഡിജിറ്റല്‍ വിപ്ലവത്തിന്റെയും പാതയില്‍ ഇന്ത്യയെ നടത്തണം എന്ന സ്വപ്നത്തെ അദ്ദേഹം ഗൗരവത്തോടെ സമീപിക്കുന്നുവെങ്കില്‍ ഇന്നത്തെ ഈ സമ്മതരൂപത്തിലുള്ള മൗനം ഒട്ടും അഭിലഷണീയമല്ല. ആൾക്കൂട്ട കൊലകളുടെയും ലവ് ജിഹാദിന്റെയും വഴിയിലൂടെ പോയാല്‍ ചൈനയുമായി മത്സരിക്കുന്നതിനെ പറ്റി ചിന്തിക്കുക പോലും സാധ്യമല്ല. നമ്മേക്കാള്‍ ദുര്‍ബലരായ ചെറിയ രാജ്യങ്ങള്‍ നമ്മെ പിന്നോക്കം തള്ളി മുന്നേറുകയും ചെയ്യും.

എഴുത്ത്  തവലീൻ  സിംഗ് ,  പരിഭാഷ ആര്‍ദ്ര എന്‍ ജി

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ