ട്രോളുക, ട്രോളി, ട്രോളപ്പെടുക ഇതെല്ലാം ഇന്ന് മലയാള പദങ്ങളാണ്. ടോളു പോലെ മലയാളിയുടെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വ്യവഹാരമായി ട്രോളും മാറിയിരിക്കുന്നു. ട്രോളിയിട്ടൊരു അന്തവുമില്ല, ട്രോളിയാലൊരു കുന്തവുമില്ല. എന്നുവച്ചാൽ ട്രോളാൻ തുടങ്ങി കഴിഞ്ഞാൽ പിന്നെ ഒരു അന്തവുമുണ്ടാവില്ല, ട്രോളിയാലും ഒരു കുന്തവുമില്ല എന്നു കരുതിയിരിക്കാനേ കഴിയൂ എന്നർത്ഥം. നിങ്ങൾ ട്രോളാൻ ശ്രമിച്ചുകൊണ്ടേയിരിക്കും, ട്രോളപ്പെടാതിരിക്കാൻ ഞങ്ങളും, അങ്ങനെയൊക്കെ കരുതി എത്ര ശുഷ്കാന്തിയോടെ ജീവിച്ചാലും വരാനുള്ള ട്രോൾ വരേണ്ട സമയത്തു വരേണ്ട പോലെ വന്നിരിക്കും. വരാനിരിക്കുന്ന ട്രോളിനെ ഇനി സാക്ഷാൽ ട്രോളേന്ദ്രൻ വിചാരിച്ചാലും തടുക്കാൻ കഴിയില്ല. ട്രോൾ വിട്ടുവീഴ്ചയില്ലാത്ത ഒരു ഭാഷയാണ്. ട്രോളന്മാർ ആ ഭാഷയിലെ തീരെ മയമില്ലാത്ത വിമർശകരും.

ഭാഷ മനുഷ്യന് മനുഷ്യനു മേലുള്ള വിശ്വാസത്തിന്റെ പേരാണ്. അവൻ അവനായി തുടരുന്നത് അങ്ങനെയൊരു കരാർ നിലനിൽക്കുന്നത് കൊണ്ടാണ്. ഞാൻ പറയുന്നതൊന്നും നിങ്ങൾക്ക് മനസ്സിലാകാത്ത ഒരു നിമിഷമുണ്ടെങ്കിൽ, അത് ഞാനില്ലാത്ത ഞാൻ പുറന്തള്ളപ്പെട്ടുപോയ, എന്റേതല്ലാത്ത ഒരു നിമിഷമായിരിക്കും. അവിടെ എനിക്ക് നഷ്ടപ്പെട്ടത് എന്റെ ഭാഷ ആയിരിക്കും. ഭാഷ മനുഷ്യനെയല്ല മനുഷ്യരെ സൃഷ്ടിക്കുന്നു. അദൃശ്യമായൊരു ചങ്ങല പോലെ അതു മനുഷ്യരെ കൊരുത്തു നിർത്തുകയും അവർക്കിടയിലെ സംവേദനത്തെ, അനുഭവങ്ങളുടെ എല്ലാ കൊടുക്കൽ വാങ്ങലുകളെയും നിവർത്തിക്കുകയും ചെയ്യുന്നു. എല്ലാ വികാരവിചാരങ്ങൾക്കും മീതെ അതിലംഘിക്കാനാവാത്തൊരു സമ്മതപത്രം പോലെ അത് മനുഷ്യർക്കിടയിൽ ഇടനില നിൽക്കുന്നു.

ഓരോ ട്രോളുകൾ ജനിക്കുന്പോഴും അതിനു പിന്നാന്പുറത്തു നമുക്കറിയാവുന്ന ഒരു മുന്നനുഭവം ജീവനോടെ ഇരിക്കുന്നുണ്ട്. ആർജ്ജിതമായൊരു അറിവിന്റെ ഏതോ ഒരു ഘട്ടത്തിൽ ആ അനുഭൂതിയുടെ സ്മരണകൾ നമ്മളിൽ എവിടെയോ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. അതിനെ ഉണർത്തിയെടുത്തു ചേർത്തുവയ്ക്കാതെ ഏതൊരു ട്രോളിനോടും അതിന്റെ നിർവഹണം അസാധ്യമാണ്. മുമ്പ് എപ്പോഴോ, അറിവിന്റെ അത്തരമൊരു സന്ധിയിൽ നമ്മൾ പരസ്പരം ഏർപ്പെട്ടുപോയിട്ടുണ്ട്; ആ ഉറപ്പിന്മേലാണ് ഓരോ ട്രോളും പിറവിയെടുക്കുന്നത്. അതൊരു അടിസ്ഥാന ആസ്വാദനയോഗ്യതയായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. നമ്മൾ ഇതിനു മുൻപെപ്പോഴോ കണ്ടുമുട്ടിയ ഒരിടത്തു നിന്നും ട്രോളിന്റെ കൈയുംപിടിച്ച് മറ്റൊരു അനുഭവയിടത്തിലേക്കു ചിരിച്ചുകൊണ്ടു നീങ്ങുകയാണ് ചെയ്യുന്നത്.

അതുകൊണ്ട് ട്രോൾ ഒരു കലയാണെങ്കിൽ തന്നെ അതൊരു തനത് കലാരൂപമല്ല. പാരഡി പാട്ടുകൾ പോലെ, സിനിമാതാരങ്ങളുടെ ശബ്ദവും രൂപഭാവങ്ങളും പോലെ, കാരിക്കേച്ചർ പോലെ അത് നമ്മുടെ തന്നെ പഴയ ഏതോ ഒരു അറിവിനെയോ അനുഭൂതിയെയോ ഉപജീവിക്കുന്ന സർഗാത്മകമായ പുത്തൻ പ്രക്രിയയാണ്. അതിന് അതിന്റേതുമാത്രമായൊരു നിലനിൽപ്പില്ല. ചരിത്രത്തിൽ വേരുകളൂന്നിയാണ് അത് നടക്കുന്നത്. ഓരോ ട്രോളും ഒരു ചരിത്രാനുഭവത്തിന്റെ തന്നെ ഏറ്റവും സമകാലീനമായൊരു പുത്തൻ അനുഭവമായി മാറുന്നു. ഓരോ ട്രോളിലും ചരിത്രം നിശബ്ദം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ഭൂതവും വർത്തമാനവും ഇടകലർന്നു അതൊരു പുത്തൻ ഭാവുകത്വത്തെ സൃഷ്ടിക്കുകയും വൈരുദ്ധ്യങ്ങളെയും സമാനതകളെയും അണിനിരത്തി പൊട്ടിച്ചിരിയിലേക്കു കൂട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നു. ട്രോൾ വന്നു നമ്മളുടെ ചരിത്രസ്മൃതികളിൽ നിന്നും അതിനുവേണ്ടുന്ന മുഹൂർത്തത്തെ കൃത്യമായി കൊത്തിയെടുക്കുന്പോഴാണ് അതൊരു നവ്യാനുഭവമായി മാറുന്നതും ആസ്വാദനം സാധ്യമാകുന്നതും. അതിന്റെ കൃത്യതയിലാണ് ഓരോ ട്രോളും വിജയം വരിക്കുന്നത്.

മലയാളികളുടെ ട്രോളിന്റെ ചരിത്രത്തിന് ചാക്യാർക്കൂത്ത്, ഓട്ടൻതുള്ളൽ തുടങ്ങി അതിസന്പന്നമായ നമ്മുടെ ആക്ഷേപഹാസ്യ പാരന്പര്യത്തോളം പഴക്കമുണ്ട്. ഇവിടുത്തെ കാർട്ടൂണുകളും കാരിക്കേച്ചറുകളും മറ്റൊരു രൂപത്തിൽ അതിനു തുടർച്ചയാവുകയും, അതു ഇപ്പോഴും തുടരുകയും ചെയ്യുന്നുണ്ട്. ഹാസ്യാധിഷ്ഠിതമായ സാമൂഹിക വിമർശനങ്ങൾക്ക് മിമിക്രി /ടെലിവിഷൻ പരിപാടികളിലൂടെ പിന്നെയും രൂപഭാവ പരിണാമം സംഭവിച്ചു. ആ ശ്രേണിയിലെ ഏറ്റവും പുതിയ നവമാധ്യമ ആവിഷ്കാരമാണ് ട്രോളുകൾ. സിനിമ ഒരു മാധ്യമമെന്ന നിലയിൽ ഇത്രയും കാലം ഇവിടെ നടത്തിയ അനുഭവാവിഷ്കാരങ്ങളും അതുവഴി ഒരു സിനിമാ സമൂഹം ആർജിച്ചെടുത്ത പൊതുബോധ വിജ്ഞാനമെന്നു വിളിക്കാവുന്ന അവരുടെ സ്മരണകളുമാണ് ട്രോളുകളുടെ സർഗാത്മക മൂലധനം.

malayalam trolls, trollan, mallu trolls , shibu gopalakrishnan

പണ്ട് ചോദിച്ചതു പോലെ, ഞാനിപ്പോൾ എന്താ നകുലേട്ടാ പറഞ്ഞത്, എന്നു ഇനി ചോദിയ്ക്കാൻ പറ്റില്ല. ഇല്ല നിനക്കൊന്നുമില്ല, എന്നു ആശ്വസിപ്പിക്കാൻ പറ്റില്ല. ഗംഗേ, എന്നു ഉച്ചത്തിൽ ഒന്നു വിളിക്കാൻ പറ്റില്ല. ലോകപ്രശസ്തമായ രണ്ടു പ്രബന്ധങ്ങൾ ഇവന്റെയാ, എന്നു പറഞ്ഞൊന്നു അഭിനന്ദിക്കാൻ പറ്റില്ല. എനിക്ക് ഞാൻ പഠിച്ചതിനെ ഒക്കെയും നിഷേധിച്ചേ മതിയാവൂ, എന്നു ആത്മവിശ്വാസത്തോടെ ആരോടും ഒരിക്കൽ കൂടി പറയാൻ പറ്റില്ല. അതിന്റെയെല്ലാം അർത്ഥവും അനുഭൂതിയും മാറിപ്പോയിരിക്കുന്നു. നവമാധ്യമ സമൂഹം വലിയതോതിൽ എഴുതിയും പറഞ്ഞും ആവർത്തിച്ചും അതവരുടെ ഭാഷാശൈലിയുടെയും പ്രയോഗങ്ങളുടെയും കൂട്ടത്തിൽ പുതുതായി എഴുതിച്ചേർത്തിരിക്കുന്നു. രമണൻ ഇന്ന് ചന്ദ്രികയുടെ പഴയ രമണൻ അല്ല, പത്തുതലയുള്ള രാവണൻ പഴയ ലങ്കാധിപതിയായ വെറുമൊരു രാജാവല്ല, എന്തിന് റിലാക്സേഷൻ ഒരു ഇംഗ്ലീഷ് വാക്കു പോലുമല്ല. അങ്ങനെ മനുഷ്യനും മനുഷ്യനും തമ്മിലുള്ള ആശയവിനിമയത്തിന്റെ ഭാഷ മാറുന്നു, വാക്ക് മാറുന്നു, അർഥം മാറുന്നു, അതുൽപ്പാദിപ്പിക്കുന്ന അനുഭവം മാറുന്നു. പുത്തൻ കരാറുകൾ അവർക്കിടയിൽ രൂപം കൊള്ളുന്നു. കുമ്മനടിയും, അമിട്ടടിയും, കൂപ്പറടിയും ഭാഷയിലെ ഏറ്റവും പുതിയ വാക്കുകളായി നിഘണ്ടുവിൽ സ്ഥാനം പിടിക്കുന്നു.

ഒരുകാലത്തു സിനിമാ അനുഭവങ്ങളെ വലിയ തോതിൽ ഉപജീവിച്ചു കൊണ്ടിരുന്നത് കോമഡി സ്കിറ്റുകളും പാരഡി പാട്ടുകളും ആയിരുന്നു. മനുഷ്യന്റെ ഭൂതകാല സിനിമാ അനുഭവങ്ങളെ ചിരിയിലേക്കു വിളിക്കിച്ചേർത്തവർ. അതിന്റെ വ്യാകരണങ്ങൾക്കു സ്റ്റേജുകളിലും കാസറ്റുകളിലും ടെലിവിഷനിലും ആദിമരൂപം നൽകിയവർ. ഇന്നതിന്റെ പ്രയോഗം ആർക്കും സാധ്യമാകുന്ന തലത്തിൽ അത്രയധികം ജനകീയമായിരിക്കുന്നു. ആർക്കും സൃഷ്ടി നടത്താനാവുന്ന തലത്തിൽ അതവതരിപ്പിക്കാനുള്ള വേദികളും അവർക്കു പ്രാപ്യമായിരിക്കുന്നു. അതിന്റെ സഞ്ചാരവഴികൾ പലപ്പോഴും അജ്ഞാതനായ അതിന്റെ സൃഷ്ടാവിനെയും കടന്നു ഫേസ്‍ബുക്കിലൂടെയും വാട്ട്സാപ്പിലൂടെയും വലിയ ദൂരങ്ങൾ താണ്ടുന്നു. അതിന്റെ സൃഷ്ടാവിനു ഒരജ്ഞാതനായി മറഞ്ഞിരിക്കാൻ കഴിയുന്നത്, പലപ്പോഴും അതിനെടുത്തു പ്രയോഗിക്കാൻ കഴിയുന്ന വിഷയങ്ങളുടെയും, അതിലെ അപാകതകളുടെയും, ഈ സമൂഹത്തിൽ അതിനേൽപ്പിക്കാൻ കഴിയുന്ന പരിക്കുകളുടെയും മേലുള്ള നിയന്ത്രണങ്ങളെ പാടേ നഷ്ടപ്പെടുത്തി കളയുന്നു.

ട്രോളുകൾ ഇപ്പോൾ വെറുമൊരു രാഷ്ട്രീയ സാമൂഹിക സാന്ദർഭിക വിമർശന മാധ്യമം മാത്രമല്ല. നവമാധ്യമ രാഷ്ട്രീയ ചേരികൾക്കു പരസ്പരം പോരടിക്കുവാനുള്ള ഒരു സൈബർ ആയുധം കൂടിയാണ്. ട്രോളുകളിലൂടെ പരസ്പരം വെട്ടുകയും കൊല്ലുകയും കൊന്നുകൊലവിളിക്കുകയും ചെയ്യുന്ന ആപത്കരമായ ഒരു സാഹചര്യം നിലനിൽക്കുന്നുണ്ട്. അത് സൃഷ്ടിക്കുന്ന വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പക്ഷങ്ങളുണ്ട്. ബോധപൂർവമുള്ള വരുത്തിത്തീർക്കലുകളും പ്രചാരണതന്ത്രങ്ങളും ഉണ്ട്. ഒരു പരിഷ്കൃത ജനാധിപത്യ പൊതുസമൂഹത്തെ അഭിസംബോധന ചെയ്യുന്നതിന് പകരം തങ്ങളുടെ പക്ഷത്തെ മാത്രം ആനന്ദിപ്പിക്കാനും മറുപക്ഷത്തെ മുറിവേൽപ്പിക്കാനുമായി നിഷ്കരുണം അവ ജന്മമെടുക്കാറുണ്ട്. അപ്പോൾ ഒളിച്ചു കടത്തപ്പെടുന്ന മാനുഷിക വിരുദ്ധതയുണ്ട്, സ്ത്രീ വിരുദ്ധതയുണ്ട്, ദളിത് വിരുദ്ധതയുണ്ട്, വംശവെറിയുടെയും വർണബോധത്തിന്റെയും ജാതീയതയുടെയും അന്യം നിന്നു പോയിട്ടില്ലാത്ത തലച്ചോറുകൾ അവയിൽ മറഞ്ഞിരുന്നു അപകടകരമായി പ്രവർത്തിക്കുന്നുണ്ട്.

malayalam trolls, trollan, mallu trolls , shibu gopalakrishnan

ഈ രാഷ്ട്രീയമായ അപകടത്തിൽ നിന്നുകൊണ്ടാണ് എംഎം മണിയുടെ നിറം ട്രോളുകൾക്ക് ചിരിപ്പിക്കാനുള്ള ഒരു വിഷയമാകുന്നത് . ഷീല കണ്ണന്താനം ഒരു സ്ത്രീയെന്ന നിലയിലും കൂടുതൽ ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വരുന്നതിനു പിന്നിലും സ്ത്രീയെ ചേർത്ത് നിർമ്മിക്കപ്പെട്ടിരിക്കുന്ന ഇവിടുത്തെ പൊങ്ങച്ച പൊതുബോധത്തിന് തീർച്ചയായും പങ്കുണ്ട്. തിരുവഞ്ചൂരിന്റെ നാവുപിഴ ഇപ്പോഴും നിലയ്ക്കാതെ ട്രോളുകളെ നിർമിച്ചുകൊണ്ടിരിക്കുന്നതും, എല്ലാ മാനുഷികതയും നിഷേധിച്ചുകൊണ്ടുള്ള ഒരു ക്രൂരവിനോദമാകുന്നതും അങ്ങനെയാണ്. പണ്ട് ഏറിയാൽ മൂന്നോ നാലോ പേർ ഒരു വിഷയത്തിൽ ഒരു കാർട്ടൂൺ വരയ്ക്കുകയോ ചാനലുകൾ ആ വിഷയത്തിൽ ഒരു ടിവി പരിപാടി അവതരിപ്പിക്കുകയോ ചെയ്യുന്നതോടു കൂടി അതവസാനിച്ചിരുന്നുവെങ്കിൽ ഇപ്പോൾ നിരവധി ട്രോളന്മാർ ഒരേസമയം ഒരേ വിഷയത്തിൽ പണിയെടുക്കുന്നതിനാൽ മണിക്കൂറുകൾക്കുള്ളിൽ അത്രപെട്ടെന്നൊന്നും മായ്ച്ചു കളയാനാവാത്ത വിധം ട്രോളുകൾ വന്നു സ്ട്രീമുകൾ നിറയുകയാണ്. പിന്നീടുള്ള എല്ലാ സാമൂഹിക സന്ദർഭങ്ങളിലും ആ വിഷയത്തിന്റെ ട്രോൾ സാധ്യതയും മറ്റാരെങ്കിലും പരീക്ഷിക്കുകയും അത് അവിരാമം ആവുകയും ചെയ്യുന്നു. ചെറുക്കപ്പെടേണ്ടേ ചിലതു ആവർത്തിക്കപ്പെടുന്നു. അനിയന്ത്രിതമാകുന്നു. ആരാലും പരിശോധിക്കപ്പെടാതെ പുറത്തേക്കു പോകുന്നു. ആസ്വാദനത്തിലേക്കു നിരന്തരം കടന്നു വന്നു ഇനിയും വംശനാശം സംഭവിക്കാത്ത ചില അപരിഷ്കൃത മനോഭാവങ്ങളിലേക്കു നവമാധ്യമ സമൂഹത്തെ കുറ്റകരമായി വഴിതെറ്റിക്കുന്നു.

ഭാവനാസന്പന്നരായ സർഗ്ഗധനരായ ഒട്ടനവധി ട്രോളന്മാരാൽ നമ്മൾ അനുഗ്രഹീതരാണ്. ട്രോൾ ആരാധകരുടെ വർധന അന്പരപ്പിക്കുന്നതാണ്. അത്തരം കമ്മ്യൂണിറ്റികളിലെ ജനസംഖ്യാവർധന അനുദിനം മുകളിലോട്ടാണ്. എണ്ണിയാലൊടുങ്ങാത്ത എത്രയോ അധികം ആളുകളിലേക്കാണ് പിന്നെയും അത് എത്തപ്പെടുന്നത്. ഈ ജനകീയത കൊണ്ടുതന്നെ ട്രോളുകൾക്കു സൃഷ്ടിക്കാൻ കഴിയുന്ന സ്വാധീനവും പ്രഹരണശേഷിയും അപാരമാണ്. താരങ്ങളും രാഷ്ട്രീയക്കാരും സാംസ്കാരികനായകന്മാരും ട്രോളപ്പെടാൻ ആഗ്രഹിക്കുന്നു. അത്രയധികം പേരിലേക്ക് അവർക്ക് എത്തിപ്പെടാൻ സാധിക്കുന്നതു കൊണ്ടുതന്നെ അതിന്റെ സാധ്യതയെ അവരും പരമാവധി പ്രോത്സാഹിപ്പിക്കുന്നു. ട്രോളുകളെ കൃത്യമായും സൂക്ഷ്മമായും വിനിയോഗിക്കേണ്ടുന്നതിന്റെ ആവശ്യകതയും അങ്ങനെ ഏറെ പ്രസക്തമാകുന്നു. എടുക്കുന്പോൾ ഒന്നും തൊടുക്കുന്പോൾ ലക്ഷങ്ങളും ആകുന്നതിനാൽ ട്രോളുകൾ ഒരിക്കലും തിരിച്ചെടുക്കാനാവാത്ത വിധം ചെന്നു തറയ്ക്കുന്നുണ്ട്. ശരിയും തെറ്റും ഒരുപോലെ സംക്രമിക്കപ്പെടുന്നുണ്ട്.

രാജാവ് നഗ്നനാണെന്ന് നിർഭയം വിളിച്ചു പറഞ്ഞിട്ടുള്ള ഒരു നാലാംതൂണിന്റെ നൈരന്തര്യമാണ് ട്രോളുകളുടേത്. അനീതിയും അഴിമതിയും അസഹിഷ്ണുതയും അറിവില്ലായ്മയും അവർ അത് ധൈര്യസമേതം ഏറ്റെടുക്കുന്നു. ഒരു ജനാധിപത്യ സമൂഹത്തിൽ നിലനിന്നു പോരേണ്ടുന്ന തിരുത്തൽ മനോഭാവത്തിന്റെ അനിവാര്യതയാണ് ഇത്തരം സർഗാത്മക വിമർശനങ്ങൾ. അതൊരു ജനകീയ സാമൂഹിക ധർമം കൂടിയാണ്. അതിന്റെ പൊളിറ്റിക്കൽ കറക്ട്നെസ്സ് കാത്തുസൂക്ഷിക്കുക തുടങ്ങിയ വകതിരിവുകളൊക്കെ വെല്ലുവിളിയായി തുടരുന്നു എങ്കിലും, അവർ നമ്മളുടെ സമൂഹത്തെ കൂടുതൽ ചിരിയുള്ള, കൂടുതൽ ചിന്തയുള്ള, കൂടുതൽ അവബോധമുള്ള, കൂടുതൽ പങ്കുവെയ്പ്പുകൾ ഉള്ള ഒരു സമൂഹം ആക്കിത്തീർക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook