‘സോഷ്യലിസ്റ്റ്,’ ‘സെക്കുലര്‍’ എന്നീ വാക്കുകൾ ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഒരു അപേക്ഷ നൽകപ്പെട്ടിട്ടുണ്ട്. ഇരു ആശയങ്ങള്‍ക്കും കഴിഞ്ഞ രണ്ട് ദശകങ്ങളിലായി തുടര്‍ച്ചയായുള്ള ക്ഷയം സംഭവിച്ചെങ്കിലും നമ്മുടെ രാഷ്ട്രീയ പൂർവ്വികർ സങ്കൽപ്പിച്ച റിപ്പബ്ലിക്കിന്റെ ആരൂഡമായി തന്നെ ഇവ തുടര്‍ന്നു. എൺപതുകളിൽ നവലിബറൽ നയങ്ങൾ സ്വീകരിച്ചതോടെ സോഷ്യലിസം ഒരു വശത്തേക്ക് തള്ളപ്പെട്ടുവെങ്കിലും, പകർച്ചവ്യാധിയുമായി മുഖാമുഖം നില്‍ക്കുന്ന ഈ സാഹചര്യത്തില്‍, സോഷ്യലിസം വീണ്ടും പ്രസക്തമാവുകയാണ് – ഇന്ത്യയ്ക്ക് മാത്രമല്ല ലോകത്തിനും. COVID-19നെ പ്രതിരോധിക്കാനുള്ള വാക്സിൻ കണ്ടെത്താൻ ലോകം പ്രയത്നിക്കുന്ന വേളയില്‍, ഈ പകര്‍ച്ചവ്യാധിയുടെ എതിരൊഴുക്കുകളുടെ സൂക്ഷ്മപരിശോധനയിൽ സോഷ്യലിസ്റ്റ് ആശയങ്ങൾ ഒരു ‘ലൈഫ് സെവേര്‍’ ആയി വര്‍ത്തിച്ചുവെന്ന് കാണാം. ഇതിന് കൂടുതൽ സ്ഥിരീകരണവും വിലയിരുത്തലും ആവശ്യമാണ്.

നവലിബറൽ ലോകത്ത് ഒരു രാജ്യത്തെയും പൂർണമായും സോഷ്യലിസ്റ്റ് രാഷ്ട്രമായി കണക്കാക്കാനാവില്ല. ‘സോഷ്യലൈസ്ഡ് മെഡിസിന്‍’ (‌Socialised Medicine)  നല്‍കുന്ന രാജ്യങ്ങളാണ്, പഴയകാല സോഷ്യലിസ്റ്റ് സ്റ്റേറ്റിനോട് ചേര്‍ന്നൊരു മാതൃകയില്‍, ‘വെല്‍ഫെയര്‍ സ്റ്റേറ്റ്’ എന്ന വിളിക്കപ്പെടുന്നതിന്റെ ഒരു മാതൃക ആവിഷ്കരിച്ചെടുത്തത്.

കോവിഡ്‌-19 മഹാമാരിയുടെ വ്യാപനം തുറന്നുകാട്ടുന്നത് സർക്കാറുകളുടെയും ആരോഗ്യസംരക്ഷണ മാതൃകകളുടെയും രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെയും ദുർബലതകളാണ്. കോവിഡുമായി ബന്ധപ്പെട്ട രോഗാവസ്ഥയും മരണനിരക്കും കൈകാര്യം ചെയ്യുന്നതില്‍ മികവ് കാട്ടിയത് ഏതൊക്കെ രാജ്യങ്ങളാണ് എന്നും അവയെ നയിക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍ എന്തൊക്കെ എന്നും കാണേണ്ടത് പ്രധാനമാണ്.

മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങള്‍ ഉള്ള രാജ്യങ്ങൾ പകർച്ചവ്യാധിയുടെ സമയത്ത് മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഊഹിക്കാന്‍ പ്രയാസമില്ല. എന്നാല്‍, പകര്‍ച്ചവ്യാധിയോടുള്ള പ്രതികരണവും അവയുടെ ഫലങ്ങളുടെ ഘടകങ്ങളും കാട്ടിത്തരുന്നത് അത്ര ലളിതമായ ‘ട്രെന്‍ഡുകള്‍’ അല്ല. ആരോഗ്യ പരിപാലനത്തിനു പുറമെ, രാഷ്ട്രീയ പ്രതികരണവും ഇച്ഛാശക്തിയും ഉൾപ്പെടുന്ന ഒന്നാണ് ഈ മഹാമാരിയോടുള്ള പോരാട്ടം.

ഏതൊരു തരത്തിലുള്ള സോഷ്യലിസത്തിന്റെയും പ്രധാന ഘടകമായി വര്‍ത്തിക്കുന്ന ഒരു നല്ല പൊതുജനാരോഗ്യ സംവിധാനത്തിന്റെ ആവിഷ്കാരവും പ്രയോഗവുമാണ്, ഈ മഹാമാരി കാലത്ത് രക്ഷയാകുന്നത്. ആരോഗ്യ സംരക്ഷണം സ്വകാര്യവൽക്കരിക്കപ്പെട്ടിട്ടുള്ള മുതലാളിത്ത സംവിധാനങ്ങൾ, അത്യാധുനിക ആരോഗ്യ സംരക്ഷണ സാങ്കേതികവിദ്യയും, നല്ല ആരോഗ്യ ഇൻഫ്രാസ്ട്രക്ചറും ഉണ്ടായിട്ട് കൂടി, ഈയവസരത്തില്‍ തോറ്റ് പോകുന്നത് കാണാനാവും.  രണ്ടാമത് പറഞ്ഞതിന്റെ ഉത്തമ ഉദാഹരണമാണ് അമേരിക്ക.

മഹാമാരിയോടുള്ള പ്രതികരണത്തിന്റെ കാര്യത്തിൽ ഓസ്‌ട്രേലേഷ്യ മേഖലയിൽ വേറിട്ടു നിൽക്കുന്ന ഒരു രാജ്യം ന്യൂസിലാന്റാണ്. 1,757 കേസുകളും ഒരു ദശലക്ഷം കേസുകളിൽ 4.56 എന്ന മരണനിരക്കുമായി ന്യൂസിലാന്റ് ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധം തീര്‍ത്തിരിക്കുന്നു. ഇപ്പോൾ രാജ്യം ഭരിക്കുന്നത് ഇടതുപക്ഷ ചായ്‌വുള്ള ലേബർ പാർട്ടിയാണ്. ന്യൂസിലാന്റിലെ ജിഡിപിയുടെ ഒരു ശതമാനമെന്ന നിലയിൽ ആരോഗ്യത്തിനായുള്ള മൊത്തം ചെലവ് ഏകദേശം 11 ശതമാനമാണ്. ഇന്ത്യയിലാകട്ടെ, ഭരണഘടനയുടെ ആമുഖത്തിൽ ‘സോഷ്യലിസം’ ഉണ്ടായിരുന്നിട്ടും, നിരാശാജനകമായ ഒരു ശതമാനമാണ് ഇവിടെ.

നിലവില്‍ ഈ മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ മികച്ച പ്രകടനം കാഴ്ചവച്ച മിക്ക യൂറോപ്യൻ രാജ്യങ്ങളും സോഷ്യലിസ്റ്റ് ചായ്വുകളുള്ളതോ ഇടതു സഖ്യങ്ങളോ ആയിട്ടുള്ള സമഗ്ര ക്ഷേമരാഷ്ട്രങ്ങളാണ് (Welfare States.) ജർമ്മനിയിൽ പകർച്ചവ്യാധി അതിവേഗം പൊട്ടിപ്പുറപ്പെട്ടെങ്കിലും മരണങ്ങൾ വളരെ വേഗത്തിൽ നിയന്ത്രിക്കാന്‍ കഴിഞ്ഞു. ഇന്നു വരെ ജർമ്മനിയിൽ 2,47,000 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു ദശലക്ഷത്തില്‍ 108 ആണ് മരണനിരക്ക്. ആരോഗ്യത്തിനായുള്ള ജർമ്മനിയുടെ മൊത്തം ചെലവ് ജിഡിപിയുടെ 11 ശതമാനമാണ്, ഇത് യൂറോപ്യൻ യൂണിയന്റെ മറ്റ് രാജ്യങ്ങൾ ആരോഗ്യത്തിനായി ചെലവഴിക്കുന്ന ശരാശരിയേക്കാൾ ഒരു ശതമാനം കൂടുതലാണ്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി സഖ്യ ഇടതുപക്ഷ സർക്കാരുള്ള പോർച്ചുഗലിലും കോവിഡ്‌ നിയന്ത്രണവിധേയമാണ്. ജനാധിപത്യപരമായി ആസൂത്രണം ചെയ്ത ലോക്ക്ഡൌണില്‍ മറ്റ് പല യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് നേരത്തെ തന്നെ അയവ് വരുത്തിയിരുന്നു. മൊത്തം 58,000 കൊറോണ കേസുകളിൽ 1,827 പേരാണ് മരിച്ചത്. തൊട്ടടുത്ത അയൽവാസിയായ സ്‌പെയിനില്‍ നിന്നും തികച്ചം വിരുദ്ധമാണ് ഇത്. സ്പെയിനില്‍ 4,80,000 കേസുകളും 29,194 മരണങ്ങളുമാണ്. ജിഡിപിയുടെ 9.5 ശതമാനമാണ് പോർച്ചുഗലിന്റെ ആരോഗ്യച്ചെലവ്. പകർച്ചവ്യാധിയെ നേരിടുന്നതിൽ മികച്ച പ്രകടനം കാഴ്ചവച്ച മറ്റൊരു യൂറോപ്യൻ രാഷ്ട്രം ഐസ്‌ലാൻഡാണ്, ആകെ 2,121 കേസുകളും 10 മരണങ്ങളും. 2017 ലെ പൊതുതെരഞ്ഞെടുപ്പിൽ ഐസ്‌ലാൻഡുകാർ ഭൂരിപക്ഷ ഇടതുപക്ഷ സർക്കാരിനായി വോട്ട് ചെയ്തു എന്നതും ശ്രദ്ധേയം.

ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ പോലും, ആരോഗ്യ മേഖലയില്‍ ഊന്നല്‍ നല്‍കി കൂടുതൽ ചെലവഴിക്കുന്ന രാഷ്ട്രങ്ങള്‍, ജനകേന്ദ്രീകൃത പരിപാടികൾക്ക് മുന്‍‌തൂക്കം നല്‍കുന്ന വിവേകശാലികലേക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. അർജന്റീന ഒരു ഉദാഹരണമാണ്. 40,000 COVID-19 കേസുകളും 8,00 മരണങ്ങളുമാണ് അവിടെ – അയൽവാസികളേക്കാൾ വളരെ ഭേദപ്പെട്ട കണക്ക്. ഇടതുപക്ഷ സാമ്പത്തിക നയങ്ങൾ കൂടുതലായി അംഗീകരിക്കുന്ന പെറോണിസ്റ്റുകളാണ് രാജ്യം ഭരിക്കുന്നത്. വലതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്ന, കോവിഡില്‍ തകര്‍ന്ന അയൽരാജ്യമായ ബ്രസീലുമായി പല കാര്യങ്ങളിലും താരതമ്യപ്പെടുത്താവുന്നതാണ് അർജന്റീനയിലെ ജനസംഖ്യ. 3.96 ദശലക്ഷം കേസുകളും 1.23 ലക്ഷം മരണങ്ങളുമാണ് അവിടെ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സോഷ്യലിസ്റ്റ് ഭരണത്തിൻ കീഴിലുള്ള വെനെസ്വേല, ഈ പകർച്ചവ്യാധിയുടെ സമയത്ത് പ്രതീക്ഷയുടെ വെളിച്ചമാകുന്നു. 47,756 കേസുകൾ റിപ്പോർട്ട് ചെയ്തതില്‍, 400 പേർ മാത്രമാണ് മരിച്ചത്.

ഈ സിദ്ധാന്തത്തിനെതിരായ ഒരു വാദം, ഇന്ത്യൻ അവസ്ഥയെ ന്യൂസിലാന്റ്, ജർമ്മനി, ഐസ്‌ലാന്റ് അല്ലെങ്കിൽ അർജന്റീനയുമായി താരതമ്യപ്പെടുത്തുന്നത് ബുദ്ധിമുട്ടാണ് എന്നതാണ്. കാരണം ഈ രാജ്യങ്ങളിലെ മൊത്തം ജനസംഖ്യയെ മറികടക്കുന്നതാണ് നമ്മുടെ ജനസംഖ്യ. കമ്പോള സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നവരുടെ പ്രശ്നം അവർ എല്ലാറ്റിന്റെയും പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് ജനസംഖ്യാവളർച്ചയാണ് എന്നതാണ്. മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ നിലവില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഇന്ത്യൻ സംസ്ഥാനമായ കേരളവും ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ്. ജനസംഖ്യാവളർച്ചയെക്കുറിച്ചുള്ള ആശങ്കകൾ ഒരു ജനകീയ അജണ്ടയുടെ ഭാഗമാണ്, അതിൽ ദരിദ്രരുടെ ജനസംഖ്യയാണ് പ്രധാന ആശങ്ക. ജനസംഖ്യാ സ്ഥിരതയിലേക്കുള്ള പാത ജനങ്ങളുടെ മൊത്തത്തിലുള്ള സാമൂഹിക-സാമ്പത്തിക വികസനത്തിലൂടെയാണ് എന്നത് മനസിലാക്കപ്പെടുന്നില്ല. കോവിമഡ്‌ മഹാമാരി അത് വ്യക്തമായി വെളിപ്പെടുത്തുന്നുമുണ്ട്.

വിഘടിക്കാൻ തയ്യാറായ, വിചിത്രമായ ഒരു ആശയമല്ല സോഷ്യലിസം എന്ന്  ഒറ്റനോട്ടത്തില്‍ തന്നെ ഇവിടെ വെളിവാകുന്നുണ്ട്. ഏറ്റവും നിർജ്ജീവമായ, രൂപാന്തരപ്പെട്ട, നിരാശാജനകമായ ഒരു രൂപത്തിൽ പോലും, കോവിഡ്‌ മഹാമാരിയെ വിജയകരമായി നേരിടുന്നതിനുള്ള ഒരു ആയുധമായി ഇത് തുടരുന്നുണ്ട്. ഒരു സോഷ്യലിസ്റ്റ് സംവിധാനത്തിനായുള്ള ഇന്ത്യയുടെ അന്വേഷണം വഴിതെറ്റിയതാകാം, പക്ഷേ നമ്മുടേതു പോലുള്ള ഒരു രാജ്യത്ത് പോലും, ജനാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പരിഹാരത്തിന് ഒരു പ്രതീക്ഷ നല്‍കുന്നതാണ് സോഷ്യലിസ്റ്റ് തത്വങ്ങൾ.

Read in IE: Countries more successful in curbing COVID-19 are welfare states, ruled by left-of-centre parties

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook