ഈയടുത്തുണ്ടായ മൂന്ന് സംഭവങ്ങളെ പരാമർശിച്ച് തുടങ്ങാം എന്നു കരുതുന്നു. ഒന്ന്, ദീപക് ശങ്കരനാരായണൻ എന്ന ഫെയ്സ്ബുക്ക് ആക്റ്റിവിസ്റ്റ് മോദിക്ക് വോട്ട് ചെയ്തവരെ പരാമർശിച്ച് ഒരു പോസ്റ്റിടുന്നു. അതിലെ ആലങ്കാരികമായ ഒരു വാചകത്തെ ചൊല്ലി സംഘപരിവാർ കേന്ദ്രങ്ങൾ കോപാകുലരാകുന്നു. അവരുടെ പരാതിയെ തുടർന്ന് പൊലീസ് 153 (എ) എന്ന വകുപ്പു ചുമത്തി അദ്ദേഹത്തിനെതിരെ കേസെടുക്കുന്നു. അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനം, അവരുടെ പരാതിയെ തുടർന്നാണെന്ന് കരുതുന്നു, അദ്ദേഹത്തെ ജോലിയിൽ നിന്നും മാറ്റിനിർത്തുന്നു. ദീപക്കിന്റെ ഫെയ്സ്ബുക്ക് ജീവിതം മാത്രമല്ല, ഔദ്യോഗിക ജീവിതവും ഒരു പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്നു. രണ്ടാമത്തേത് വേണു ബാലകൃഷ്ണൻ എന്ന മാതൃഭൂമി ടി.വി യിലെ ന്യൂസ് റീഡറെ സംബന്ധിച്ചാണ്. അദ്ദേഹം ന്യൂസ് അവതരിപ്പിക്കുന്നതിനിടയിൽ പറഞ്ഞ ഒരു വാചകത്തെ ചൊല്ലി ഡിവൈഎഫ്ഐയുടെ കൊല്ലം ജില്ലാ ഭാരവാഹി പൊലീസിൽ പരാതിപ്പെടുന്നു. കേസിന്റെ മെറിറ്റ് പരിശോധിച്ച് 153 (എ) പ്രകാരം കേസ് എടുക്കുന്നു. മൂന്നാമത്തെ സംഭവം, കത്തുവയിൽ നടന്ന ബാലികയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഹർത്താൽ നടത്താൻ വാട്സാപ്പ് ഉപയോഗിച്ചവരെ കുറിച്ചാണ്. വാട്ട്സാപ്പ് ഹർത്താൽ എന്ന് മാധ്യമങ്ങൾ വിശേഷിപ്പിക്കുന്ന ആ സംഭവത്തിൽ മേൽപ്പറഞ്ഞ ആഹ്വാനം നടത്തിയ വ്യക്തികൾക്കുമേൽ ഭരണകൂടം നേരിട്ട് 153 (എ) ചുമത്തിയിരിയ്ക്കുന്നു.
നമ്മുടെ നവമാധ്യമ ജീവിതം എവിടെ എത്തി നിൽക്കുന്നു എന്നത് ഈ മൂന്നു സംഭവങ്ങളും കൂട്ടി വായിച്ചാൽ മനസ്സിലാകും. ആദ്യത്തെ രണ്ടു കേസുകളിൽ പരാതിക്കാർ വിപരീത ധ്രുവങ്ങളിൽ നിൽക്കുന്നു എന്നു വിശ്വസിക്കുന്ന രണ്ടു പാർട്ടികളിലെ ആളുകൾ ആണ്. പക്ഷെ, മാധ്യമങ്ങൾക്ക് നിയന്ത്രണം വേണം എന്ന് അവർ രണ്ടു കൂട്ടരും വിചാരിക്കുന്നു. മൂന്നാമത്തെ കേസിൽ ഭരണകൂടം തന്നെ ആ നിയന്ത്രണത്തിന് വേണ്ടി നില കൊള്ളുന്നു.അങ്ങനെ വ്യത്യസ്തമായ മൂന്നു കോണുകളിൽ നിന്നുമുള്ള ഒരേ സന്ദേശങ്ങൾ സൂചിപ്പിക്കുന്നത് നവ മാധ്യമങ്ങളുടെ കൊട്ടിഘോഷിക്കപ്പെട്ട സ്വാതന്ത്ര്യം അപകടത്തിൽ പെട്ടു എന്നാണ്. അതായത്, നവ മാധ്യമങ്ങൾ എന്നു വിളിക്കപ്പെടുന്ന താരതമ്യേന പുതുതായ സ്ഥലങ്ങളും പഴയ സ്ഥലങ്ങളുടെ അതേ വ്യവസ്ഥക്കുള്ളിലേയ്ക്ക് ഒതുക്കപ്പെടുന്നു എന്നാണ്, അല്ലെങ്കിൽ കൂടുതൽ നിഷ്ഠുരമായ നിയമങ്ങൾ അതിനെ വലയം ചെയ്യുകയാണ്. അതായത്, ടെക്നോളജിയാൽ നയിക്കപ്പെടുന്ന അഭിപ്രായ സ്വാതന്ത്യത്തിന്റെ ഭൂപടം ഇനി പണ്ടേപ്പോലയല്ല. നിരവധി അധീശ നിരീക്ഷണങ്ങൾക്ക് വിധേയമായ ഒരിടം ആണത്. ഏറ്റവും എളുപ്പത്തിൽ നിർമ്മിക്കപ്പെട്ടിരുന്ന ആ പ്രതിസ്ഥലം ഇന്ന് നിയമങ്ങളും നിയമപാലകരും ചേർന്ന് അങ്ങനെയല്ലാതാക്കിയിരിക്കുന്നു. യാഥാർത്ഥ്യത്തിലേയ്ക്ക് നിരവധി വെടിയുണ്ടകൾ വിക്ഷേപിച്ചിരുന്ന ആ സ്ഥലം ഇന്ന് യാഥാർത്ഥ്യത്തിന്റെ വെടിയുണ്ടകൾ ഏറ്റു പിടയുന്നു.
ഈ അവസ്ഥയിലാണ് സി. എസ്. വെങ്കിടേശ്വരൻ രചിച്ച ‘നവമാധ്യമജീവിതം’ എന്ന ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ടിവി മുതൽ നമ്മുടെ ജീവിതത്തിൽ എത്തിപ്പെട്ട പുതുസ്ഥലങ്ങളെകുറിച്ചുള്ള പഠനങ്ങൾ ആണിത് എന്ന് പൊതുവേ പറയാം. ഒരു പുതിയ സ്ഥലിയുടെ ഭൂപടം, അത് ബ്ലോഗ് ആകട്ടെ, മൊബൈൽ ഫോൺ ആകട്ടെ, ഫേസ്ബുക്കും വാട്ടസാപ്പും പോലുള്ള പരസ്പര സംവേദനം നടക്കുന്ന ഇടമാകട്ടെ അതിനെ പറ്റി ആദ്യം എഴുതുക എന്ന ആപൽദൗത്യം ഏറ്റെടുക്കുന്ന ഒരാൾ ആണ് അദ്ദേഹം..
കവിതയിൽ ആധുനികത എന്ന് മിക്കവാറും വിവക്ഷിക്കപ്പെടുന്നത് ഒരു പ്രത്യേകകാലത്തെ പ്രസ്ഥാനത്തെയാണെങ്കിലും, യഥാർത്ഥത്തിൽ ആധുനികത എന്നത് ഒരു പ്രക്രിയയാണെന്ന് എന്ന് നല്ല കവിതാവായനക്കാർക്കറിയാം. ഈ പ്രക്രിയയുടെ ഏറ്റവും പ്രധാന ചാലകശക്തി ഒരു പുതിയ പ്രതലം രൂപപ്പെടുമ്പോൾ അതിൽ കയറി നിൽക്കാനുള്ള പ്രവണതയാണ്. അതുകൊണ്ടാണ് കുറ്റിപ്പുറം പാലം ആധുനിക കവിതയാകുന്നത്. അത് പാലം എന്ന പുതിയ പ്രതലത്തിൽ കയറിനിന്നുകൊണ്ട് എഴുതിയ കവിതയാണ്. വെണ്മണിക്കവികളും പാലത്തെ പറ്റി കവിത എഴുതിയേക്കും. പാലം കടന്നുവരുന്ന ചരക്കുവണ്ടികളെപറ്റിയൊക്കെ രസികൻ ശ്ലോകങ്ങൾ അതിലും ഉണ്ടായേക്കും. അല്ലെങ്കിൽ പാലത്തെയും അത് ഉപയോഗിക്കുന്ന ‘പരിഷ്കാരികളേയും” നിന്ദിക്കുന്നതോ പരിഹസിക്കുന്നതോ ആയ ശ്ലോകങ്ങൾ. എന്നാൽ ഇടശ്ശേരിയാകുമ്പോൾ “മല്ലൂരെ തേവർ തെരുവു ദൈവ”മാകുന്നതും പാലത്തിന്റെ നാട്ടനൂഴുന്ന നദിയുടെ അഹങ്കാരഛേദത്തേയും “ആകുലമായൊരു അഴുക്കു ചാലായി “ നിള മാറുന്നതും ഒക്കെ കാണാൻ പറ്റും. ആദ്യത്തേത് ആസ്വാദനവും രണ്ടാമത്തേത് അനുഭവവും ആണ്. ആദ്യത്തേത് ഒരു ഹ്രസ്വക്കാഴ്ച. ടൂറിസ്റ്റ് ദൃഷ്ടി. രണ്ടാമത്തേത് ഭാവിക്കാഴ്ച. കവിദൃഷ്ടി. സംസ്കാര പഠനത്തിലും വേർതിരിവുകൾ ഏതാണ്ട് ഇങ്ങനെത്തന്നെ. കേരളത്തെ സംബന്ധിച്ചിടത്തോളം സംസ്കാര പഠനം ഇപ്പോൾ പുതിയ കാര്യം അല്ല. എന്നാൽ സംസ്കാര പഠനത്തിന്റെ പ്രധാന പ്രശ്നം അത് വെണ്മണി നോട്ടമോ ഇടശ്ശേരി നോട്ടമോ എന്നതാണ്. ജീവിതത്തിൽ പുതിയ പുതിയ പ്രതലങ്ങൾ രൂപം കൊള്ളുമ്പോൾ അതിൽ കയറിനിൽക്കാനും കാൽപ്പനികമല്ലാതെ തന്നെ അതിനെ മനസ്സിലാക്കാനും അതിനോടുള്ള വിമർശം രൂപീകരിക്കാനും അത് നിരന്തരം പുതുക്കാനും ഉള്ള ആത്മാർത്ഥതയാണ് സംസ്കാരപഠനത്തിലെ ഇടശ്ശേരിനോട്ടം. അതാണ് ഈ പുസ്തകത്തിന്റെ കനം.
നവ മാധ്യമങ്ങളെക്കുറിച്ചെഴുതുമ്പോൾ നേരിടേണ്ടി വരുന്ന വലിയ പ്രശ്നം, അതിന്റെ മാറിക്കൊണ്ടിരിക്കുന്ന മാധ്യമസ്ഥലി ആണ്. അത് സാങ്കേതിക നേതൃത്വതിന്റെ കീഴിൽ ആണ്. നോക്കിയിരിക്കേ മാറുന്ന ആ സ്ഥലി നമ്മുടെ കാലബോധത്തിൽ സാരമായ മാറ്റം ആവശ്യപ്പെടുന്നു. ബ്ലോഗിൽ നിന്ന് ഫെയ്സ്ബുക്കിലേയ്ക്കും എസ്.എം.എസ് ൽ നിന്നും വാട്ട്സാപ്പിലേയ്ക്കും നമ്മൾ സഞ്ചരിച്ചു. അത് അനായാസവും അനർഗളവും ആയി കാലത്തിൽ അനുഭവപ്പെടുന്നുണ്ടെങ്കിലും ദൂരത്തിൽ അങ്ങനെയല്ല. “തുഞ്ചത്തെഴുത്തച്ഛനും ഞാനുമായുള്ള” ദൂരത്തേക്കാൾ കൂടുതൽ ആണത്. ഇതറിയണമെങ്കിൽ ഇതിലെ തന്നെ എസ്.എം.എസുകളെ ക്കുറിച്ചുള്ള ലേഖനം വായിച്ചാൽ മതി. എസ്.എം.എസുകളുടെ പുഷ്കല കാലത്ത് അതിലൂടെ ഒഴുകി വന്ന തമാശകൾക്ക് കണക്കില്ല. ഈ തമാശകളിൽ പലതും സ്ക്രോൾ ചെയ്ത് വായിക്കേണ്ടിയിരുന്നു. രണ്ടാമതായി മലയാളം ഫോണ്ടുകൾ സാധ്യമല്ലാത്തതുകൊണ്ട് മംഗ്ലീഷിലാണ് ഇവ എഴുതപ്പെട്ടത്. തിരിഞ്ഞുനോട്ടം എന്നത് സാങ്കേതിക നിയന്ത്രിത സ്ഥലിയിൽ വിരുദ്ധമായ കാര്യമാണെങ്കിലും സംസ്കാര വിമർശത്തിൽ അത് അങ്ങേ അറ്റം “വിശുദ്ധ”മായ ഒന്നാണ്. നേരത്തേപ്പറഞ്ഞ ദൂരക്കണക്കറിയണമെങ്കിൽ ഈ പുസ്തകത്തിലെ “മൊബൈൽ ഫോൺ: ചില കുറിപ്പുകൾ “ എന്ന ലേഖനം നോക്കിയാൽ മതി. അതിൽ ഉദാഹരിക്കുന്ന ഒരു എസ്.എം.എസ് കാലത്തെ തമാശയുണ്ട്. നമുക്ക് ഒരു എസ്.എം.എസ് വരുന്നു.അതിൽ ഇംഗ്ലീഷ് അക്ഷരങ്ങൾ കൊണ്ട് ഇങ്ങനെ എഴുതിയിരിക്കുന്നു.
Jyolsyan: ningalkkoru doshamund…..
X
X
X
Ath kalyanam kazhichal marum
X
X
Enth dosham?
X
X
X
Santhosham
ഇത്തരം സ്ക്രോൾ ചെയ്ത് കണ്ടുപിടിക്കേണ്ട തമാശകൾ അക്കാലത്ത് സാധാരണയായിരുന്നു. ഇന്ന് ഈ തമാശ വായിക്കുമ്പോൾ നാം അന്ന് ചിരിച്ച ചിരിയല്ല ചിരിയ്ക്കുക. കവി പറഞ്ഞപോലെ “ചുണ്ടിന്റെ കോണിലൊരു പരിഹാസമുദ്ര നീ കാണും.” അതിന്റെ കാരണം നമ്മൾ പക്വത പ്രാപിച്ചതുകൊണ്ടല്ല. മറിച്ച് നമ്മുടെ വിനിമയത്തിന്റെ മാധ്യമം മാറി എന്നതുകൊണ്ടാണ്. അത് വാട്ട്സാപ്പോ മെസ്സഞ്ചറോ ആയി. മംഗ്ലീഷിൽ നിന്ന് നാം ഏറെക്കുറെ മോചനം നേടി.പഴയ മക്‌ലൂഹൻ (Marshall McLuhan) വാചകം “മാധ്യമം തന്നെ സന്ദേശം”എന്നത് അനുഭവിക്കുന്നത് ഇപ്പോഴാണ് എന്നു പറയാം. വെറും പത്തുവർഷം മുൻപത്തെ കഥയാണത്. പക്ഷെ, നമ്മൾ അത് മറന്നുപോയിരിക്കുന്നു. നവ മാധ്യമങ്ങൾക്ക് മുൻപത്തെ ലോകമായിരുന്നെങ്കിൽ പഴകിയതെല്ലാം മ്യൂസിയത്തിലേയ്ക്ക് മാറ്റപ്പെടുമായിരുന്നു. ഒരു പുരാതനമൂല്യം അവയിൽ വന്നു ചേരും. ഉദാഹരണത്തിന് അച്ചടി വ്യാപകമായതോടെ താളിയോലകൾ മ്യൂസിയം പീസ് ആയി മാറുകയുണ്ടായി. താളിയോലക്കെട്ട് കാണുമ്പോൾ തന്നെ നമ്മിൽ ഒരു ആദരവ് ഉണരും. അതിൽ വന്നു ചേർന്ന പുരാതനമൂല്യമാണ് നമ്മിൽ ബഹുമാനം ഉണർത്തുന്നത്. പഴയ പുസ്തകങ്ങളെക്കുറിച്ചാലോചിക്കുമ്പോഴും അങ്ങനെതന്നെ. ഉദാഹരണത്തിന് ഈയടുത്ത കാലത്ത് കോഴിക്കോട്ടെ ഒരു പ്രസാധകർ, പഴയ പ്രോഗ്രസ്സ് പുബ്ലിക്കേഷൻസും റാദുഗ പബ്ലിക്കേഷൻസും മറ്റും പ്രസിദ്ധീകരിച്ച സോവിയറ്റ് പുസ്തകങ്ങൾ അതേ മട്ടിൽ തന്നെ പുന:പ്രസിദ്ധീകരിക്കുകയുണ്ടായി. ഞങ്ങളുടെയൊക്കെ ചെറുപ്പകാലത്ത് ഈ പുസ്തകങ്ങൾ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. അർക്കാദി ഗൈദാറിന്റെ ‘ചുക്കും ഗെക്കും,’ കോഴിക്കാലിൽ തിരിഞ്ഞുകൊണ്ടിരിക്കുന്ന കുടിലിൽ താമസിക്കുന്ന ബാബാ യഗാ എന്ന മന്ത്രവാദിനി, “വാളമീൻ കൽപ്പിക്കുന്നു/ഞാൻ ഇച്ഛിക്കുന്നു” തുടങ്ങിയ മാന്ത്രിക വചനങ്ങൾ, ഇവാനും തീപക്ഷിയും പോലുള്ള കഥാപാത്രങ്ങൾ ഒക്കെ അക്കാലത്ത് എത്ര പ്രിയപ്പെട്ടതായിരുന്നു. ആ പ്രിയം ഒരു പുരാതനമൂല്യമായി, ഒരിനം ഗൃഹാതുരതയായി ഇപ്പോഴും നിലനിൽക്കുന്നു എന്ന തിരിച്ചറിവാണ് ആ പുസ്തകങ്ങളുടെ പുനഃപ്രസിദ്ധീകരണത്തിന്റെ അങ്ങാടി മൂല്യത്തിനു നിദാനം. അതുപോലെ തന്നെയാണ് കോട്ടയത്തെ ഒരു പ്രസാധകർ ഇപ്പോൾ പ്രസിദ്ധീകരിക്കാൻ ഒരുമ്പെടുന്ന പഴയ പാഠപുസ്തകങ്ങളുടെ കാര്യവും. ‘സുരേഷ് തിരിഞ്ഞുനോക്കി, അതാ മുറ്റത്തൊരു മൈന’ എന്ന് തുടങ്ങുന്ന, ആധുനിക കേരളത്തിന്റെ ചരിത്രം കടന്നുപോയ ഒരു നിമിഷത്തിന്റെ, ഉന്നതമായ പുരാതനമൂല്യം തിരിച്ചറിയുകയാണ് ആ പ്രസാധകർ. ഒരേ സമയം, ഗൃഹാതുരത്വമുണർത്തുന്ന, അതേ സമയം പുരാതനമൂല്യത്തിന്റെ വിപണന സാധ്യത ഉൽപ്പാദിപ്പിക്കുന്ന ഒരു മ്യൂസിയത്തിന്റെ നിർമ്മാണമാണ് ഭാഷ കൊണ്ട് അവർ നിർവ്വഹിക്കുന്നത്. ആ മ്യൂസിയത്തിന് ചരിത്രമൂല്യം മാത്രമല്ല ഉള്ളത്, വൈകാരികമൂല്യം കൂടിയാണ്. എന്നാൽ നവമാധ്യമ സ്ഥലത്ത് അത്തരം മ്യൂസിയങ്ങൾ സാധ്യമല്ല. വെർച്ച്വൽ മ്യൂസിയങ്ങൾ അസാധ്യമായതു കൊണ്ടല്ല. മറിച്ച് അവിടെ സ്ഥലങ്ങൾക്ക് പുരാതനമൂല്യം കൈവരുന്നില്ല. അവ അസ്തമിക്കുകയാണ് ചെയ്യുന്നത്. മരിയ്ക്കുകയാണ്. ഓർമ്മയിൽ വൈകാരികത ഉണർത്തുന്ന നിറമോ മണമോ രുചിയോ അവയ്ക്കില്ല.
നേരത്തെ ചൂണ്ടിക്കാട്ടിയ, പത്തോ പതിനഞ്ചോ വർഷങ്ങൾക്ക് മുൻപ് നാം താഴേക്ക്, താഴേക്ക് സ്ക്രോൾ ചെയ്ത് ആസ്വദിച്ച തമാശകൾ ഇന്ന് പുന:സന്ദർശിക്കുമ്പോൾ ചീഞ്ഞു പോയിരിക്കുന്നു. കെട്ടുപോയിരിയ്ക്കുന്നു. ചീഞ്ഞതും കെട്ടതും എറിഞ്ഞുകളഞ്ഞ് നാം വൃത്തിയോടെ ഇരിയ്ക്കുന്നു.
ഈ പുസ്തകത്തിലെ മൊബൈൽ ഫോൺ ചില കുറിപ്പുകൾ എന്ന ലേഖനം 2006 ൽ പ്രസിദ്ധീകരിക്കുമ്പോൾ ഫോണുകൾ സ്മാർട്ട് ആകുന്നതേ ഉള്ളൂ. വിളിക്കാനും ചെറുസന്ദേശങ്ങൾ അയക്കാനും മാത്രം ഉപയോഗിക്കുന്ന ഉപകരണം മാത്രമായിരുന്നു അന്നു മൊബൈൽ ഫോൺ. ഇങ്ങനെ കാലത്തിൽ അസ്തമിക്കുന്ന നിരവധി സ്ഥലികളുടെ ശ്മശാനം കൂടിയാണ് നവമാധ്യമസ്ഥലി എന്നതുകൊണ്ട് അവയെപറ്റിയുള്ള സംസ്കാരപഠനം സങ്കീർണ്ണമായ ഒന്നാണ്. ഏറ്റവും പുതിയ സ്ഥലത്തെക്കുറിച്ചുള്ള പഠനം 10 വർഷം കഴിയുമ്പോൾ ഒരു പഴയ സ്ഥലത്തെക്കുറിച്ചുള്ള പഠനമായിത്തീരുന്നു. പഴയ നരവംശ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്ന മന്ത്രവാദി (ഷാമൻ) മട്ടിലുള്ള പഠനം ഇവിടെ അസാധ്യമാണ്. മന്ത്രവാദി മുകളിലേയ്ക്ക്, സ്വർഗ്ഗത്തിലേയ്ക്ക് കയറുന്നു. യഥാർത്ഥത്തിൽ അയാൾ കയറുന്നത് മരത്തിലാണെങ്കിലും അതിന്റെ പ്രതീകാത്മക മൂല്യം വെച്ച് നോക്കുമ്പോൾ അയാൾ കയറുന്നത് സ്വർഗ്ഗത്തിലേക്കാണ്. ഓരോ ഉയരങ്ങളിൽ നിന്നും അയാൾ കാഴ്ച വിവരിക്കുന്നുണ്ട്. ആദ്യം താഴെ നിന്ന്. പിന്നെ ഓരോരോ ഉയരങ്ങളിൽ നിന്ന്. ഓരോ തവണയും കാഴ്ച ഉയരത്തിനനുസരിച്ച് വിശാലമായി വരുന്നു. അപഗ്രഥിക്കുന്നു. പണ്ടത്തെ സംസ്കാരപഠനം ഇമ്മട്ടിലായിരുന്നു. ഇവിടെ ഭൂതസ്ഥലങ്ങൾ കുഴിച്ചുമൂടപ്പെടുന്നതുകൊണ്ട് അതു സാധ്യമല്ല. ക്വാണ്ടം ജമ്പുകൾ നടക്കുന്ന ഒരു സ്ഥലത്തെക്കുറിച്ച് അങ്ങനെ ഒരിക്കലും നടക്കാത്ത വരമൊഴിയുടെ സ്ഥലത്ത് നടത്തുന്ന പഠനങ്ങൾ യഥാർത്ഥത്തിൽ ഒരു മ്യൂസിയ നിർമ്മാണം നടത്തുക കൂടി ചെയ്യുന്നുണ്ട്. നവമാധ്യമസ്ഥലത്ത് ഒരിക്കലും നടക്കാത്ത കാര്യം ഇവിടെ സാധിക്കുന്നു. ഇന്നും പഴയ തരം മൊബൈൽ ഫോണുകൾ വിപണിയിലുണ്ടെങ്കിലും അവയിൽ എസ്.എം.എസ് സൗകര്യങ്ങൾ ഉണ്ടെങ്കിലും സ്ക്രോൾ ചെയ്ത് വായിക്കാവുന്ന തമാശകൾ ഉണ്ടാകാത്തതിന്റെ കാരണം ഇതാണ്.
നവമാധ്യമങ്ങളുടെ സംസ്കാര പഠനം എന്നത് ഒരു തരത്തിൽ മ്യൂസിയ നിർമ്മാണം കൂടിയാണ്. മൊബൈൽ ഫോണിനെക്കുറിച്ച് വെണ്മണി വിചാരങ്ങളിൽ നാമൊക്കെ മുഴുകിക്കൊണ്ടിരിയ്ക്കുന്ന ഘട്ടത്തിലാണ് സി.എസ്.വെങ്കിടേശ്വരൻ ആ പുതിയ സ്ഥലത്ത് ഇടശ്ശേരിയെപ്പോലെ കയറി നിന്നത്. അതുപോലെ നിരവധി സ്ഥലങ്ങളിൽ അയാൾ കയറി നിന്നു. ബ്ലോഗ് ആകട്ടെ, ഫേസ്ബുക്ക് ആകട്ടെ, മറ്റ് പ്രതിപ്രവർത്തിക്കുന്ന നവമാധ്യമ സ്ഥലങ്ങൾ ആകട്ടെ, അദ്ദേഹം തന്റെ മുഴുവൻ സ്വത്വത്തേയും അയാൾ അതാതിടങ്ങളിൽ കയറ്റി നിർത്തി. ഉള്ളടക്കവിചാരം എന്നതിനേക്കാൾ മാധ്യമ വിചാരം ആയിരുന്നു അത്. കാലം ചെല്ലുമ്പോൾ അതിൽ ഒരു മ്യൂസിയമൂല്യം ഉൾച്ചേരുന്നുണ്ട്. ‘കുറ്റിപ്പുറം പാലം’ ഒരു ആധുനിക കവിതയാണെങ്കിലും അതിൽ തുടക്കത്തിലേ പരാമർശിക്കുന്ന ഇരുപത്തിമൂന്നു ലക്ഷത്തിന്റെ കണക്ക് ഒരു പുരാതനമൂല്യം ആയി തീർന്നിരിയ്ക്കുന്നു. “ഇരുപത്തിമൂന്നോളം ലക്ഷമിപ്പോൾ ചെലവാക്കി നിർമ്മിച്ച പാലത്തിന്റെ“ ആലോചനാപർവ്വം നിർവഹിക്കുമ്പോൾ ഇടശ്ശേരി ഇക്കാര്യം ആലോചിച്ചു കൂടി ഉണ്ടാകില്ല. അതായത് കുറ്റിപ്പുറം പാലം പോലെ ഇന്നും അത്ര ചെറുതല്ലാത്ത പാലത്തിന് 23 ലക്ഷം രൂപയേ ചെലവായുള്ളൂ എന്ന ആലോചന വായനക്കാരിൽ ഇന്ന് വലിയ സാമ്പത്തിക ആലോചനകൾ ഉളവാക്കാൻ പര്യാപ്തമാണ്. 50കളിൽ നിന്ന് 2010 കളിൽ എത്തുമ്പോൾ ഇന്ത്യൻ രൂപയ്ക്ക് സംഭവിച്ച മൂല്യശോഷണത്തിന്റെ സ്ഥിതി ആലോചിച്ച് ഇന്നൊരാൾക്ക് നെടുവീർപ്പിടാം. ഇത് ഇടശ്ശേരി ഉദ്ദേശിക്കാത്ത മൂല്യമാണ്. ഇടശ്ശേരി ആ കവിത എഴുതിയ കാലത്ത് അമ്പമ്പോ, എത്ര തുക ചെലവഴിച്ചാണീ പാലവിസ്മയം തീർത്തിരിക്കുന്നത് എന്ന് വായനക്കാർ അന്തം വിട്ടെങ്കിൽ ഇന്നത്തെ വായനക്കാർ അന്തം വിടുന്നത് ഒരു മധ്യവർഗ്ഗപാർപ്പിടത്തിന്റെ നിർമ്മാണച്ചെലവിന്റെ പകുതി മതിയല്ലോ അന്നൊരു പാലത്തിന് എന്നാലോചിച്ചാണ്. ഈ രണ്ടൽഭുതങ്ങളും ആശ്രയിക്കുന്നത് ഒരേ കവിതയെ ആസ്പദിച്ചു തന്നെ. നവമാധ്യമങ്ങളെക്കുറിച്ചുള്ള സംസ്കാരപഠനങ്ങളിൽ ഈ വൈരുദ്ധ്യം പ്രാബല്യത്തിൽ വരിക വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ആണ് എന്നു പറയാം.
രണ്ടാമത്തെ പ്രശ്നം, ഇതെഴുന്ന സമയത്ത് നിരങ്കുശമായ സ്വാതന്ത്ര്യ സ്ഥലികൾ എന്ന് കരുതി വ്യാപരിച്ച സ്ഥലങ്ങൾ നാം തുടക്കത്തിൽ ചൂണ്ടിക്കാണിച്ച പോലെ, സർവൈലൻസിന്റെ ഏറ്റവും കടുത്ത ശല്യസ്ഥലങ്ങളായി. ഈ പുസ്തകത്തിലെ പ്രധാനപ്പെട്ട ഒരു ലേഖനം “നിരീക്ഷണ സമൂഹത്തിലെ നിത്യജീവിതം “ ഇതേക്കുറിച്ചാണ്.ഇന്ന് കുറ്റാന്വേഷണത്തിൽ പോലീസിന്റെ പ്രധാന ഉപാധികൾ മൊബൈൽ കോളുകളുടെ പരിശോധനയും സി സി ടി വി ദൃശ്യങ്ങളുടെ പരിശോധനയും ആണ്. ഏതെങ്കിലും ക്യാമറയിൽ സ്വന്തം രൂപം പതിപ്പിക്കാതെ ഇന്ന് ഒരാൾക്കും ഒരു ദിവസം കഴിച്ചുകൂട്ടാൻ വയ്യ. അജ്ഞാതമായ കണ്ണുകൾക്ക് വസ്തുവാകാതെ ഇന്ന് ഒരാൾക്കും കടന്നു പോകാൻ വയ്യ. ഓരോരുത്തരും ഇന്ന് ഏത് നിമിഷവും കുറ്റവാളിയാകാൻ വിധിക്കപ്പെട്ടവർ ആണ് എന്ന മട്ടിൽ ആണ് ഭരണകൂടം പൗരരെ പുതുതായി നിർവ്വചിച്ചിരിയ്ക്കുന്നത്. അതായത് പണ്ടത്തെ പൊതുസ്ഥലം, മാറ്റങ്ങളുടെ അരങ്ങ് എന്ന് നാം കരുതിയിരുന്ന ഇടം, ഇന്നത്തെ നവമാധ്യമസങ്കേതങ്ങളായ സി.സി.ടി .വിയും മറ്റും ഉപയോഗിച്ച് മാറ്റിയെഴുതുമ്പോൾ അത് കുറ്റവാളികളുടെ ഇടം ആയി മാറിയിരിയ്ക്കുന്നു. ഒരാൾക്കും ഇന്ന് സ്വകാര്യത എന്നത് മുൻഗണനാവകാശം അല്ല ആർക്കുമൊളിച്ചിരിക്കാനാകാത്ത, എല്ലാം പ്രകടനമാകുന്ന ഒന്നാണ് ഇന്ന് നവമാധ്യമസ്ഥലി നിർമ്മിക്കുന്ന പൊതുസ്ഥലം. രമണനിൽ പറയുന്നത് “സങ്കൽപ്പലോകമല്ലീയുലകം” എന്നാണ്. ഇന്നത്തെ ഉലകം അവസാനമില്ലാത്ത പ്രകടനങ്ങളുടെ സങ്കൽപ്പലോകം കൂടിയാണ്.
Read More: പി എൻ ഗോപീകൃഷ്ണൻ എഴുതിയ കവിതകളും ലേഖനങ്ങളും ഇവിടെ വായിക്കാം
സ്വാതന്ത്ര്യവിചാരത്തിൽ നിന്നും സർവൈലൻസ് വിചാരത്തിലേക്ക് നീണ്ട നമ്മുടെ നവമാധ്യമ ജീവിതത്തെ അടുത്തു പരിശോധിക്കുന്ന ഒരു പുസ്തകം ആണിത് എന്നതാണിതിനെ അർത്ഥപൂർണ്ണമാക്കുന്നത്. ഇത് വായിക്കേണ്ടത് കണ്ണുകൊണ്ടു മാത്രമല്ല, മുഴുവൻ ഉടലും ഉയിരും ഉപയോഗിച്ചാകണം എന്നാണ് ഇത് നമ്മോടാവശ്യപ്പെടുന്നത്.
സി.എസ്.വെങ്കിടേശ്വരന്റെ ‘നവമാധ്യമജീവിതം’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനോടനുബന്ധിച്ച് നടത്തിയ പ്രഭാഷണം