സമകാലീന സംഭവ വികാസങ്ങള്‍ ഏതു മലയാളിയുടെ മനസ്സിലും ഉയര്‍ ത്താവുന്ന ഒരു ചോദ്യമാണിത്. അഭിമന്യുവധത്തിന്‍റെ രാഷ്ട്രീയമാനങ്ങള്‍ ശരിയായി മനസ്സിലാക്കപ്പെടാതെയും ചര്‍ച്ച ചെയ്യപ്പെടാതെയും വിസ്മൃതി യിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് പഴയ ജിഷവധത്തെ അനുസ്മരി പ്പിക്കുന്ന വിധം ഇപ്പോള്‍ നിമിഷവധം സംഭവിച്ചിരിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ ഏറെയുള്ള പെരുമ്പാവൂര്‍ മേഖലയിലാണ് രണ്ടും സംഭവിച്ചത് എന്നതുകൊണ്ടും മലയാളികളല്ലാത്ത തൊഴിലാളികളാണ് രണ്ടിലും പ്രതികളായിട്ടുള്ളത് എന്നതുകൊണ്ടും മലയാളി സമൂഹത്തിന്‍റെ ഉത്തരവാദിത്വം കുറയുന്നില്ല.
കൊലപാതകത്തിന്റെ ഭീകരതയില്ലെങ്കിലും ഹനാന്‍ എന്ന മിടുക്കിയായ, ദൃഡനിശ്ചയമുള്ള, മാതൃകയാക്കേണ്ട പെണ്‍കുട്ടിയെ സമൂഹ മാധ്യമങ്ങളിലൂടെ ഹീനമായി അധിക്ഷേപിച്ച കശ്മലന്‍മാര്‍ ഒരു ചെറു വിഭാഗമേ വരൂ എന്നു പറഞ്ഞ് പൊതുസമൂഹത്തിനു രക്ഷപ്പെടാനാവില്ല. എസ്.ഹരീഷ് പ്രസിദ്ധീകരിച്ച് തുടങ്ങിയ നോവലിലെ ഒരു കഥാപാത്രത്തിന്റെ സംഭാഷണത്തിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് നോവലിസ്റ്റിനെ മാത്രമല്ല അദ്ദേഹത്തിന്‍റെ കുടുംബത്തെ വരെ അധിക്ഷേപിക്കാനും ഭീഷണിപ്പെടുത്താനും മുന്നോട്ടുവന്ന ഫെയ്സ്ബുക്ക് ഗുണ്ടകള്‍ ഈ മലയാളി സമൂഹത്തിന്‍റെ ഭാഗം തന്നെയാണ്.
ഏറെ യാഥാസ്ഥിതികമായ, കെട്ടുറപ്പുള്ള കേരളത്തിലെ പ്രമുഖ ന്യൂനപക്ഷവിഭാഗമായ ക്രിസ്ത്യന്‍ സമൂഹത്തില്‍ കുമ്പസാരത്തെ ഉപയോഗപ്പെടുത്തി പുരോഹിതന്മാര്‍ തന്നെ നടത്തിയതായി ആരോപിക്ക പ്പെട്ടിട്ടുള്ള ലൈംഗികാതിക്രമങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ മലയാളി സമൂഹത്തിന്‍റെ അവസ്ഥയെ തന്നെയാണ് പ്രതിഫലിപ്പിക്കുന്നത്.
അടുത്തകാലം വരെയും നമുക്കൊന്നും ചിന്തിക്കാന്‍ കഴിയാതിരുന്ന വിധം ആഴത്തിലുള്ള മാറ്റങ്ങളാണ് സമൂഹ മാധ്യമങ്ങള്‍ മനുഷ്യരുടെ സാമൂഹിക ജീവിതത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തില്‍ എഴുത്തുകാര്‍, രാഷ്ട്രീയ നേതൃത്വങ്ങള്‍, മറ്റു സാമൂഹിക രംഗങ്ങളില്‍ മുന്‍പന്തിയിലുള്ളവര്‍ തുടങ്ങി നന്നേ ചെറിയൊരു ന്യൂനപക്ഷ ത്തിനു മാത്രമേ തങ്ങളുടെ ആശയങ്ങളും ചിന്തകളും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ബാക്കിയുള്ള ബഹുഭൂരിപക്ഷത്തി നും നേരിട്ടു ബന്ധമുള്ള ആളുകള്‍ക്കിടയില്‍ മാത്രമേ ആശയവിനിമയം സാധ്യമായിരുന്നുള്ളൂ. ഇപ്പോഴാകട്ടെ എല്ലാവര്‍ക്കും തങ്ങളുടെ ആശയ ങ്ങള്‍ ലോകത്തിനു മുമ്പില്‍, അതും നിമിഷങ്ങള്‍ക്കുള്ളില്‍ വെയ്ക്കാന്‍ കഴിയുന്നു. ലോകം അത് സ്വീകരിക്കുന്നുവോ, അംഗീകരിക്കുന്നുവോ എന്നതെല്ലാം അപ്രധാനമാണ്. സാധാരണഗതിയില്‍ യാതൊരു സാധ്യതയുമില്ലാത്തവരുടെ ആശയങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ അതിപ്രചാരം നേടുന്ന കാഴ്ചയാണ് എങ്ങും കണ്ടുകൊണ്ടിരിക്കുന്നത്. ആര്‍ക്കും കണക്കു കൂട്ടാനാകാത്ത വിധമുള്ള സാധ്യതകളാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.
സാമൂഹിക രംഗത്ത് ഈ സാദ്ധ്യതകള്‍ സൃഷ്ടിക്കാന്‍ പോകുന്ന ഭവിഷ്യത്തുകള്‍ അതീവ സങ്കീര്‍ണമായിരിക്കുകയും ചെയ്യും.
സ്വാഭാവികമായും ഈ ഭവിഷ്യത്തുകളില്‍ ഗുണകരമായവയും ദോഷകര മായവയും ഉണ്ടായിരിക്കും. കേരളത്തിലെ സാഹചര്യത്തില്‍ ആരംഭത്തില്‍ സൂചിപ്പിച്ചത് പോലുള്ള നിഷേധാത്മക ഘടകങ്ങള്‍ മുന്നിട്ടു നില്‍ക്കുന്ന താണ് കാണാവുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ കൂടുതല്‍ യഥാതഥമായി പ്രകടിതമാവുകയാണ് ചെയ്യുന്നത്. ഹനാനെതിരായും ഹരീഷിനെതിരായും പ്രകടിതമായ ആക്രമണത്തിന്റെയും ഭീഷണിയുടെയും സ്വരങ്ങള്‍ എല്ലായ്പ്പോഴും ഉണ്ടായിരുന്നെങ്കിലും മുന്‍കാലങ്ങളില്‍ അത് പ്രകടിപ്പിക്കാന്‍ വേദികളുടെ അഭാവമായിരുന്നു പ്രശ്നം. സമൂഹ മാധ്യമങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത് അത്തരം വേദികളാണ്. അതുകൊണ്ടു തന്നെയാണ് അവ യാഥാര്‍ഥ്യത്തെ കൂടുതല്‍ യഥാതഥമായി പ്രതിഫലിപ്പിക്കുന്നു എന്നു പറയേണ്ടി വരുന്നത്.
പുരോഗമന മുഖംമൂടി അണിഞ്ഞ കേരളത്തിന്‍റെ കപടമുഖമാണ് ഇവിടെ പൊളിഞ്ഞു വീഴുന്നത്. കേരളത്തിന്‍റെ യഥാര്‍ത്ഥ അവസ്ഥയിലേക്ക് എത്തി നോക്കാന്‍ അവസരമുണ്ടായിരിക്കുകയാണ്. കേരളത്തിലെ മനുഷ്യര്‍ യഥാര്‍ത്ഥത്തില്‍ ചിന്തിക്കുന്നതെങ്ങിനെ എന്നു മനസ്സിലാക്കാന്‍ സമൂഹ മാധ്യമങ്ങള്‍ കളമൊരുക്കുകയാണ് ചെയ്യുന്നത്. സാധാരണ മനുഷ്യരുടെ ചിന്തകളാണ് നമുക്കവിടെ കാണാന്‍ കഴിയുന്നത്. ആ ചിന്തകള്‍ക്ക് പിന്നിലുള്ള മനുഷ്യാവസ്ഥയാണ് കണ്ടെത്തേണ്ടത്.
പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാന കാലഘട്ടം മുതല്‍ക്ക് ജാതിവ്യവസ്ഥക്കെതിരായി ശ്രദ്ധേയമായ ഒരു സാമൂഹിക നവോത്ഥാന പ്രക്രിയയിലൂടെ കടന്നുപോന്നിട്ടുള്ള ഒരു സമൂഹമാണ് മലയാളികളുടേത്. ഒരു സമൂഹമെന്ന നിലയ്ക്ക് തീര്‍ച്ചയായും അഭിമാനിക്കാവുന്ന അവസ്ഥ തന്നെയാണിത്. 1930-കളിലെ നിവര്‍ത്തന പ്രക്ഷോഭത്തിന്‍റെ രാഷ്ട്രീയതലം വരെ അത് മുന്നേറുകയും ചെയ്തു. ’30-കളുടെ അവസാനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രംഗത്ത് വന്നതോടെ മലയാളി സമൂഹത്തിന്‍റെ രാഷ്ട്രീയചരിത്രം വഴി തിരിയുകയായിരുന്നു. അവരുടെ വര്‍ഗസമരപ്രയോഗം മലയാളി സമൂഹ ത്തിനു പുരോഗമനമുഖം നല്‍കിയെങ്കിലും പഴയ നവോത്ഥാന പ്രസ്ഥാനം മുരടിക്കുകയും ’50-കള്‍ ആയപ്പോഴേക്കും വിവാഹ, മരണാനന്തര ചടങ്ങുകള്‍ നടത്തുന്ന വെറുമൊരു സാംസ്കാരിക സംഘമായി ഒതുങ്ങുകയു മാണ് ഉണ്ടായത്.
1980-കളില്‍ ഉത്തരേന്ത്യയില്‍ അംബേദ്കര്‍, ലോഹ്യ രാഷ്ട്രീയത്തിന്‍റെ മുന്‍ കയ്യില്‍ സവര്‍ണ, അവര്‍ണ ധ്രുവീകരണത്തിലേയ്ക്ക് നയിച്ച രാഷ്ട്രീയ മുന്നേറ്റം നടന്നപ്പോള്‍ കേരളത്തിലെ മര്‍ദ്ദിതജാതിസമൂഹങ്ങളിലെ അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ ട്രേഡ് യൂണിയനുകളിലൂടെയുള്ള കൂലികൂടുതല്‍ സമരങ്ങളില്‍ കുടുങ്ങി കിടക്കുകയായിരുന്നു. ഹിന്ദുമേധാവിത്തത്തിന്‍റെ കോട്ടകളായി കണക്കാക്കപ്പെടുന്ന യു.പി., ബീഹാര്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയമായി സംഘടിപ്പിക്കപ്പെട്ട മര്‍ദ്ദിതജാതി ജനവിഭാഗങ്ങളെ അപേക്ഷിച്ച് കേരളത്തിലെ അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ രാഷ്ട്രീയമായി ഏറെ പിന്നിലാവുകയായിരുന്നു. ഇതൊരു വിരോധാഭാസമായി തോന്നാമെങ്കിലും പച്ചയായ യാഥാര്‍ത്ഥ്യമാണ്.
വര്‍ണജാതിവ്യവസ്ഥയില്‍ അധിഷ്ഠിതമായ ഇന്ത്യന്‍ സമൂഹത്തില്‍ കമ്മ്യൂ ണിസ്റ്റ്കാരുടെ വര്‍ഗസമരസിദ്ധാന്തവും പ്രയോഗവും തികച്ചും അപ്രസക്ത മായി തീര്‍ന്നതിന്‍റെ ചരിത്രമാണ് സമകാലീന കേരളത്തിലും ബംഗാളി ലുമെല്ലാം കാണുന്നത്. അതേസമയം, അംബേദ്കറുടെയും ലോഹ്യയുടെയും രാഷ്ട്രീയം സമകാലീന ഇന്ത്യയില്‍ എത്രമാത്രം പ്രസക്തമാണെന്ന് ഉത്തരേന്ത്യന്‍ രാഷ്ട്രീയം തെളിയിച്ചുകൊണ്ടിരി ക്കുകയും ചെയ്യുന്നു.
കേരളത്തിലാകട്ടെ ഹിന്ദുത്വ രാഷ്ട്രീയക്കാര്‍ ശോഭായാത്രയും രാമായണമാസവും ആചരിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ്കാര്‍ അതിനെ അനുകരിച്ചുകൊണ്ട് വോട്ടു ബാങ്ക് സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ദയനീയ കാഴ്ചയാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അംബേദ്കര്‍ രാഷ്ട്രീയത്തെ ദലിത് സമൂഹത്തില്‍ നിന്നു ബോധപൂര്‍വം മറച്ചുപിടിച്ച രാഷ്ട്രീയ വഞ്ചന നടത്തിയ കമ്മ്യൂണിസ്റ്റ്കാര്‍ ഇത്തരം ഗതികേടിലെത്തിയത് സ്വാഭാവികമായിരുന്നു.
ഇന്ന് പുരോഗമന രാഷ്ട്രീയത്തിന്‍റെ പേരില്‍ ഊറ്റംകൊള്ളുന്ന മലയാളി സമൂഹം യഥാര്‍ത്ഥത്തില്‍ ജനാധിപത്യവല്‍ക്കരണത്തിന്‍റെ മേഖലയിലും സ്ത്രീപുരുഷ ബന്ധത്തിന്‍റെ കാര്യത്തിലും ഏറെ പിന്നാക്കം നില്‍ക്കുന്ന ഒരു സമൂഹമാണ്. ഈ രണ്ട് കാര്യത്തിലും കമ്മ്യൂണിസ്റ്റ്കാരുടെ വികല നിലപാടുകള്‍ കാരണമാവുകയും ചെയ്തിട്ടുണ്ട്. ജനാധിപത്യം എന്നാല്‍ ബൂര്‍ഷ്വാജനാധിപത്യം എന്നു വ്യാഖ്യാനിച്ച കമ്മ്യൂണിസ്റ്റുകാര്‍ സൃഷ്ടിച്ചത് അത്തരം ജനാധിപത്യം സംരക്ഷിക്കേണ്ട ബാദ്ധ്യത ജനങ്ങള്‍ക്കില്ലെന്ന ബോധമാണ്. കമ്മ്യൂണിസ്റ്റ്കാര്‍ അല്ലാത്തവര്‍ പോലും ഇത്തരം ചിന്താഗതി യില്‍ പെട്ടുപോകുന്നത് കാണാം. പാർട്ടി ബോധത്തിനപ്പുറത്ത് ജനാധിപത്യ പൗരബോധം സമൂഹത്തില്‍ വേരൂന്നിയില്ല. ഭിന്നവീക്ഷണങ്ങളോടുള്ള സഹിഷ്ണുതയും പ്രതിപക്ഷബഹുമാനവും പരിശീലിപ്പിക്കപ്പെട്ടില്ല. സമൂഹത്തിന്‍റെ മൊത്തത്തിലുള്ള ജനാധിപത്യവല്‍ക്കരണത്തിന്‍റെ മേഖലയില്‍ പാശ്ചാത്യ സമൂഹങ്ങള്‍ കൈവരിച്ച ശ്രദ്ധേയമായ വളര്‍ച്ചയുടെ ചെറിയൊരു അംശമെങ്കിലും സ്വായത്തമാക്കാന്‍ പുരോഗമനം അവകാശപ്പെടുന്ന മലയാളി സമൂഹത്തിന് ആയിട്ടില്ലെന്നതാണ് വസ്തുത. ആരംഭത്തില്‍ സൂചിപ്പിച്ച സംഭവങ്ങളില്‍ പലതിലും മുഴച്ചുനില്‍ക്കുന്നത് ഈ സഹിഷ്ണുതയില്ലായ്മയും പൗരബോധത്തിന്‍റെ അഭാവവും തന്നെയാണ്. പഴയ നവോത്ഥാന പൈതൃകത്തില്‍ നിന്നു വ്യതിചലിക്കുക മാത്രമല്ല, പിന്നോട്ടു പോവുക കൂടിയാണ് സമകാലീന മലയാളി സമൂഹം ചെയ്തു കൊണ്ടിരിക്കുന്ന തെന്നാണ് ഇതെല്ലാം കാണിക്കുന്നത്.
വിദ്യാഭ്യാസത്തില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന മലയാളി സമൂഹം സ്ത്രീ- പുരുഷ ബന്ധത്തിന്‍റെ കാര്യത്തില്‍ ഏറെ പിന്നിലാണെന്നത് വിചിത്രമായി തോന്നാം. ഉണ്ണിയാര്‍ച്ചമാരെ സൃഷ്ടിച്ച ചരിത്രമുള്ള മലയാളികള്‍ പിന്നോട്ടു പോവുക തന്നെയാണ് ഉണ്ടായിട്ടുള്ളത്. കാരണം ചരിത്രപരമായി തന്നെ വിലയിരുത്തപ്പെടെണ്ടതാണ്. വിക്ടോറിയന്‍ സദാചാര സങ്കൽപ്പങ്ങളുമായി കടന്നുവന്ന കൊളോണിയല്‍ ഘട്ടത്തിലെ ക്രിസ്ത്യന്‍ സമൂഹം ആധിപത്യം സ്ഥാപിക്കാന്‍ ഇടയായതാണ് ഇതിനു കാരണമെന്ന് എം.എ.ജോണ്‍ സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടുള്ളത് കണ്ടിട്ടുണ്ട്. പല കാരണങ്ങളില്‍ ഒന്ന് അതാകാം. മലയാളി ജനസംഖ്യയില്‍ പകുതിയില്‍ താഴെ വരുന്ന മുസ്ലിം, ക്രിസ്ത്യന്‍ മത സമൂഹങ്ങളുടെ കര്‍ക്കശമായ യാഥാസ്ഥിതിക നിലപാടുകള്‍ ബ്രാഹ്മണരൊഴിച്ചുള്ള ഹിന്ദുസമൂഹത്തില്‍ നിലനിന്നിരുന്ന അയവേറിയ സദാചാര സങ്കല്പങ്ങള്‍ക്ക് മേല്‍ സ്വാധീനം ചെലുത്തി പോന്നിട്ടുണ്ടെന്നു കരുതാവു ന്നതാണ്. 1940 മുതല്‍ക്കു ഹിന്ദുസമൂഹത്തിലെ ദലിത്, പിന്നോക്ക വിഭാഗ ങ്ങളില്‍ ഭൂരിപക്ഷത്തെയും സ്വാധീനിച്ചതു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമായിരുന്നു. പുരുഷമേധാവിത്തത്തെ കുറിച്ച് ചരിത്രപരവും ശാസ്ത്രീയവുമായ പഠനം നടത്തിയ എംഗല്‍സിന്‍റെ കൃതി പാഠപുസ്തകകമായി കൊണ്ടുനടന്നിരുന്ന കമ്മ്യൂണിസ്റ്റ്കാര്‍ പക്ഷെ, അതിലെ നിലപാടുകള്‍ പ്രയോഗത്തില്‍ വരുത്തുന്നതിനെ കുറിച്ച് ചിന്തിച്ചില്ലെന്നു മാത്രമല്ല, ആ വിഷയം സമൂഹ ത്തില്‍ ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറായില്ല. മറിച്ച് നിലവിലുള്ള ഫ്യൂഡല്‍ സദാചാരരീതികള്‍ തങ്ങളുടെ സംഘടനാസംവിധാനങ്ങള്‍ ഉപയോഗിച്ചു സംരക്ഷിക്കുകയാണ് പില്‍ക്കാലമത്രയും അവര്‍ ചെയ്തുപോന്നത്. ഫലത്തില്‍ മലയാളിസമൂഹത്തില്‍ മുസ്ലിം, ക്രിസ്ത്യന്‍, കമ്മ്യൂണിസ്റ്റ് മതങ്ങള്‍ ഫ്യൂഡല്‍ സദാചാരചട്ടക്കൂടുകള്‍ കര്‍ക്കശമായി സംരക്ഷിക്കുന്നതില്‍ പരസ്പരം മത്സരിക്കുകയായിരുന്നു.
ശൈശവകാലം മുതല്‍ കലാലയവിദ്യാഭ്യാസം പൂര്‍ത്തിയാകുന്നതുവരെയും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടപഴകാന്‍ അനുവദിക്കപ്പെടാതെ വേര്‍പിരിഞ്ഞു കഴിയാന്‍ നിര്‍ബന്ധിതരാക്കപ്പെടുന്നു. കൃത്രിമമായ ഈ വിഭജനം യുവസമൂഹത്തെ ലൈംഗിക പട്ടിണിയിലേക്ക് നയിക്കുന്നു. ഇത് പല രീതിയിലുള്ള മാനസികവൈകൃതങ്ങള്‍ സൃഷ്ടിക്കുന്നു. ഇതില്‍ ഏറ്റവും പ്രധാനം ഒളിഞ്ഞു/ തുറിച്ച് നോട്ടങ്ങളാണ്. അഖിലേന്ത്യാതലത്തില്‍ ഇതര സമൂഹങ്ങള്‍ മലയാളികളെ തിരിച്ചറിയുന്നത് ഒളിഞ്ഞു/തുറിച്ച് നോട്ടരീതി കണ്ടിട്ടാണെന്ന് പറഞ്ഞു കേള്‍ക്കാറുണ്ട്. മലയാളിസമൂഹത്തിനു മൊത്തം ലജ്ജാകരമാണ് ഈ അവസ്ഥ.
കേരളത്തില്‍ സമീപകാലത്ത് വര്‍ദ്ധിച്ചുവരുന്ന സദാചാരഗുണ്ടായിസത്തി ന്‍റെയും ഫെയ്സ്ബുക്ക് ഗുണ്ടായിസത്തിന്‍റെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ലൈംഗിക പട്ടിണിയില്‍ നിന്നു ഉടലെടുക്കുന്ന ഒളിഞ്ഞുനോട്ടം ഉള്‍പ്പെടെയുള്ള മാനസിക വൈകൃതങ്ങളാണ്. നേരത്തെ ചൂണ്ടികാണിച്ചത് പോലെ ചരിത്രപരമായ, സാമൂഹികമായ കാരണങ്ങള്‍ കൊണ്ടാണ് ഇവിടെ ഈ വൈകൃതങ്ങള്‍ ഇത്രയും രൂക്ഷമായ അവസ്ഥയിലെത്തിയത്. അഖിലേന്ത്യാ തലത്തില്‍ പൊതുവില്‍ നിലനിന്നിരുന്ന ഹിന്ദു സദാചാര ചട്ടക്കൂടുകള്‍ നിരന്തരം പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായിരുന്നു. അടുത്തകാലത്ത് സദാചാരഗുണ്ടായിസവും ആള്‍ക്കൂട്ട കൊലപാതകങ്ങളും മറ്റും സംഘടിപ്പിച്ചുകൊണ്ട് സദാചാര അച്ചടക്കം സൃഷ്ടിക്കാന്‍ സംഘപരിവാര്‍ നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കാന്‍ പോകുന്നുമില്ല. കേരളീയ സമൂഹത്തില്‍ മതേതര ജനാധിപത്യ ദിശയില്‍ സമഗ്രമായ സാമൂഹികവും രാഷ്ട്രീയവുമായ അഴിച്ചുപണി ആവശ്യമാണ്. പക്ഷെ അതിനു അനുകൂലമായ അന്തരീക്ഷം സമീപഭാവിയില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാനാവില്ല.