scorecardresearch

സ്മൃതി ഇറാനി കാണാത്തതും പതിമൂന്നുകാർ കാണുന്നതും

അനേകം വർഷങ്ങൾക്കു ശേഷം ഈ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും തലമുറ ജോലി സ്ഥലത്തെത്തുമ്പോൾ, മാധ്യമ പ്രവർത്തകരും സിനിമാക്കാരും, ജഡ്ജിമാരും പുരോഹിതരും മന്ത്രിമാരുമൊക്കെയായി വന്നെത്തുമ്പോൾ കഥയല്‍പ്പം മാറുമെന്ന് നമുക്ക് പ്രതീക്ഷിക്കാമോ?

അനേകം വർഷങ്ങൾക്കു ശേഷം ഈ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും തലമുറ ജോലി സ്ഥലത്തെത്തുമ്പോൾ, മാധ്യമ പ്രവർത്തകരും സിനിമാക്കാരും, ജഡ്ജിമാരും പുരോഹിതരും മന്ത്രിമാരുമൊക്കെയായി വന്നെത്തുമ്പോൾ കഥയല്‍പ്പം മാറുമെന്ന് നമുക്ക് പ്രതീക്ഷിക്കാമോ?

author-image
Shalini Langer
New Update
sanitary pad,smriti irani,salini langer

അലമുറയിടുന്ന പ്രതിഷേധക്കാരുടെയും സായുധ പോലീസിന്റെ വലയത്തിലൂടെ നീങ്ങുന്ന ഹെൽമറ്റ് വച്ച ആക്ടിവിസ്റ്റുകളുടെയും ചിത്രങ്ങൾ മാറ്റി വയ്ക്കാം, അല്ലെങ്കിൽ അതു വേണ്ട. പുറത്ത് #MeToo കൊടുങ്കാറ്റ് ആഞ്ഞു വീശുന്നതിനിടയിൽ, ചെയ്തതിനും പറഞ്ഞതിനുമെല്ലാമായി, ദൈവത്തെക്കുറിച്ച് തികച്ചും ഹാസ്യജനകമായ ചിലതു കേൾക്കാം. തന്റെ ബ്രഹ്മചര്യ നിഷ്ഠ കാത്തു സൂക്ഷിക്കുന്നതിനു ഏഴ് കിലോമീറ്റർ ഉയരമുള്ള മലയിലെ കൊടുങ്കാട്ടിൽ, ഏകാന്തവാസം നയിക്കേണ്ടി വന്ന ദൈവത്തിന്റെ കഥ. എന്തിനാണദ്ദേഹം തനിക്കും മനുഷ്യനുമിടയിൽ ഈ നിഗൂഢതയുണ്ടാക്കിയിരിക്കുന്നത്? എതിർലിംഗത്തിന്റെ സാന്നിധ്യത്തിൽ തങ്ങളെ സ്വയം നിയന്ത്രിക്കാനാകില്ലെന്നതു കൊണ്ടോ? എന്തിനെക്കുറിച്ചാകാം അദ്ദേഹം കൂടുതൽ വിഷമിക്കുന്നത്? തന്റെ വാതിലുകളിലൂടെയുള്ള ചിലരുടെ കടന്നു കയറ്റമോ? അതോ മറ്റിടങ്ങളിൽ  സ്ത്രീശക്തി ആർത്തലച്ചു വരുമ്പോൾ തകർന്നു വീഴുന്ന തന്റെ പുരുഷന്മാരെക്കുറിച്ചോ?

Advertisment

വിശ്വാസവും നിയമവും തമ്മിലുള്ള (വരുന്ന നവംബർ 13 ന് അതിന് മാറ്റങ്ങൾ വന്നേക്കാം) കനത്ത പോരാട്ടത്തിൽ ശ്രദ്ധിക്കപ്പെടാതെ പോയ മറ്റൊരു സംഗതിയെപ്പറ്റി അദ്ദേഹമെന്താകും കരുതുന്നത്? അതായത് അദ്ദേഹത്തിന്റെ പടിവാതിലിൽ - ശബരിമലയിൽ മാത്രമല്ല, ശ്രദ്ധിക്കുക- ആർത്തവ രക്തം കൊണ്ടു വരച്ച രേഖയെപ്പറ്റി. പ്രശ്നകരമായ മാസമുറ കറുത്ത പോളിത്തീൻ കവറിൽ പൊതിഞ്ഞ തിരസ്കരണത്തിലേയ്ക്ക് പിൻ‌വാങ്ങുകയാണ് നല്ലത്. അല്ലെങ്കിൽ ഏതെങ്കിലും ധർമ്മിഷ്ഠനായ പുരുഷൻ അത് കാണുന്ന മാത്രയിൽ ആപത്തിലായാലോ?

ആ രഹസ്യം എങ്ങനെ സൂക്ഷിക്കണമെന്ന് വർഷങ്ങളുടെ അനുഭവം നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അതു സൂക്ഷിക്കുവാൻ അറകളുള്ള ബാഗ് കൊണ്ടു പോകുക, ആ ദിവസങ്ങളിലേയ്ക്ക് പോക്കറ്റുള്ള വസ്ത്രങ്ങൾ ധരിക്കുക, ശുചിമുറികളിൽ പോകുമ്പോൾ ബാഗു കൊണ്ടു പോകുന്നതിന് ന്യായീകരണങ്ങൾ കരുതി വയ്ക്കുക, ഉപയോഗം കഴിഞ്ഞത് കളയുവാൻ ശുചിമുറികളിൽ കൂടകളുണ്ടെന്ന് ഉറപ്പു വരുത്തുക, അതെക്കുറിച്ച് പറയേണ്ടി വരുമ്പോൾ ശബ്ദം തീരെ താഴ്ത്തുക എന്നിങ്ങനെ ജോലിസ്ഥലത്ത് പാലിക്കേണ്ട അനവധി നിയമങ്ങളിലൂടെ ആ രഹസ്യം എങ്ങനെ പൊതിഞ്ഞു വയ്ക്കാമെന്ന് നമ്മെ പഠിപ്പിച്ചിട്ടുണ്ട്.

Advertisment

ഈയിടെ, സ്വാഭാവികമായിത്തന്നെ, എന്റെ മകൾ ആ മറ നീക്കി. 13 വയസ്സുള്ള, അവളും ഏറ്റവും അടുത്ത കൂട്ടുകാരിയും, ഏറെ നേരം ഒരേ ടോയ്ലറ്റിലായിരുന്നു എന്ന അറ്റൻഡറുടെ പരാതിയെത്തുടർന്ന് അധ്യാപികയുമായി സുഖകരമല്ലാത്ത ഒരു വാഗ്വാദത്തിൽ അകപ്പെട്ടു. എന്റെ മകൾ കൂട്ടുകാരിയ്ക്ക് സാനിറ്ററി നാപ്കിൻ ശരിയായ വിധത്തിൽ വച്ചു കൊടുക്കുകയായിരുന്നു. അതെത്തുടർന്നൊരു ദിവസം, കൈയിൽ നാപ്കിനില്ലാതിരുന്നപ്പോൾ, അത്യാവശ്യത്തിന് നേഴ്സിന്റെ മുറിയിൽ പോകേണ്ടി വന്ന സാഹചര്യവുമുണ്ടായി. അതോടെ ക്ഷുഭിതരായ അവർ രണ്ടുപേരും ചേർന്ന് ഈ വിഷയത്തിന്റെ രഹസ്യാത്മകതയെ ചോദ്യം ചെയ്തു. 'വളരുന്നതിന്റെ പാഠങ്ങൾ' എല്ലാം പഠിപ്പിച്ചതിനു ശേഷവും എന്തു കൊണ്ടാണ് ആർത്തവമെന്ന പ്രശ്നം ഉറക്കെപ്പറയാനാകാത്ത ഒരു സംഗതിയായി തുടരുന്നതെന്ന ചോദ്യത്തിനുത്തരമാണവർ ക്ലാസ് ടീച്ചറിനോടാവശ്യപ്പെട്ടത്.sanitary pad, smriti irani,salini langer

അധ്യാപിക ഇതേപ്പറ്റി ആലോചിച്ചു. ക്ലാസ്സിൽ തന്നെ ഒരു ചർച്ചയാകാമെന്ന് തീരുമാനിച്ചു. 15 പെൺകുട്ടികളും 16 ആൺകുട്ടികളുമുള്ള ക്ലാസ്സ്. തുടർന്ന് നടന്നത് ചൂടു പിടിച്ച സംവാദമാണ്, പെൺ‌കുട്ടികളെപ്പോലെ തന്നെ ആൺകുട്ടികൾക്കും പല സംശയങ്ങളും ഉന്നയിക്കുവാനുണ്ടായിരുന്നു. സാനിറ്ററി നാപ്കിൻ എന്താണെന്നും അതെങ്ങനെയാണുപയോഗിക്കുന്നതെന്നും പെൺകുട്ടികൾ, ആൺകുട്ടികൾക്ക് പറഞ്ഞു കൊടുത്തു. അതുപയോഗിക്കുന്നത് എത്ര അസൗകര്യമാകുമെന്ന് ആണുകുട്ടികൾക്ക് സംശയമുണ്ടായി. തന്റെ ചേച്ചി എന്തു കൊണ്ടാണ് ചില ദിവസങ്ങളിൽ മോശം മൂഡിലാകുന്നതെന്ന് മനസ്സിലായി എന്നൊരു ആൺകുട്ടി തമാശയായി പറഞ്ഞു. ഒരു ഭീമൻ ഡയപ്പർ പോലെയാണു സാനിറ്ററി പാഡെന്ന് ഒരാൾ പറഞ്ഞത് പൊട്ടിച്ചിരി പടർത്തി.

ചർച്ചയുടെ അന്തിമഫലം ഒരു പെട്ടിയായിരുന്നു. ആവശ്യത്തിനുള്ള സാനിറ്ററി പാഡുകൾ, പാന്റി ലൈനേഴ്സ്, ടിഷ്യൂ പേപ്പർ, ചെറിയ മാലിന്യനിക്ഷേപ അറകൾ, ഹാൻഡ് സാനിട്ടൈസേർസ് എന്നിങ്ങനെ എല്ലാ അവശ്യസംവിധാനങ്ങളുമുള്ള ഒരു പെട്ടി, അതു മനോഹരമായിരിക്കണമെന്ന് പെൺകുട്ടികൾ നിർദ്ദേശിച്ചു. അതിലെ ഉള്ളടക്കങ്ങളുടെ പട്ടിക നീണ്ടു കൊണ്ടിരിക്കുന്നു എന്നു മകൾ പറഞ്ഞു. ആ പെട്ടിയുടെ ഉത്തരവാദിത്തം ഊഴമനുസരിച്ച് ഏറ്റെടുക്കാമെന്ന് കുട്ടികൾ തീരുമാനിച്ചു.

ആൺകുട്ടികളുടെ മാതാപിതാക്കൾ ഇതെങ്ങനെയെടുക്കുമെന്നതിനെപ്പറ്റി അധ്യാപികയ്ക്ക് സംശയമുണ്ടായിരുന്നു. പക്ഷേയവരുടെ നന്ദി പ്രകടനം ടീച്ചറെ അത്ഭുതപ്പെടുത്തി. പെൺകുട്ടികൾ ആ ചർച്ച വീണ്ടും അവതരിപ്പിച്ചു, ആദ്യം പ്രിൻസിപ്പലിന്റെ മുൻപിൽ, പിന്നീട് അധ്യാപകരുടെ അസ്സംബ്ലിയിൽ. മറ്റു ക്ലാസുകളും ഈ മാതൃക തുടരുവാൻ ആഗ്രഹിച്ചു. തങ്ങളിൽ നിന്നും കൂടി 'പീരിയഡ് ബോക്സ്' നുള്ള സംഭാവന സ്വീകരിക്കണമെന്ന് ആൺകുട്ടികളുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടതായി എന്റെ മകളുടെ ക്ലാസ് ടീച്ചർ ഈയിടെ പറഞ്ഞു.

Read in English Logo Indian Express

സ്ത്രീയുടെ ദൈനംദിന യുദ്ധങ്ങൾ വിജയം കാണുകയും പൊതുസമൂഹത്തിന് മുൻപിലെത്തുകയും ചെയ്യുന്ന ഇക്കാലത്ത്, ഇതൊരു ചെറിയ വിജയമാണ്. എട്ടാം ക്ലാസിലെ പതിമൂന്നുകാർ ഒരവകാശം നേടിയെടുക്കുന്നതിന് മല കയറി ദൈവത്തെ കണ്ടില്ല, തങ്ങളുടെ അർഹതപ്പെട്ട അവകാശത്തിനായി പോരാടുവാനുള്ള ടീച്ചറിന്റെ അനുവാദം മാത്രമേ അവർക്ക് വേണ്ടി വന്നുള്ളു. പക്ഷേ ആ കഥ പറഞ്ഞപ്പോൾ തിളങ്ങിയ മകളുടെ കണ്ണുകളും, സ്കൂൾ ഓഡിറ്റോറിയത്തിൽ അതെക്കുറിച്ച് പറഞ്ഞ അവളുടെ ഉച്ചത്തിലുള്ള സ്വരവും ചില പ്രത്യേക വസ്തുക്കൾ (അച്ചാർ, തുളസി, പ്രസാദം, അടുക്കള, പാത്രങ്ങൾ... ഓരോരുത്തർക്കുമുണ്ടാകും ഈ പട്ടിക) അശുദ്ധമാക്കരുതെന്ന താക്കീത് കിട്ടിയിരുന്ന കാലത്തെപ്പറ്റി എന്നെയോർമ്മിപ്പിച്ചു. ഇനിയില്ലാതാകുന്ന അക്കാര്യങ്ങൾ, ആരു പറഞ്ഞു ഒരു ദർശനമില്ലായിരുന്നു എന്ന്?

വാർത്തകളിലത്രയൊന്നും മുഴുകാത്ത എന്റെ മകൾക്ക് ശബരിമല പ്രശ്നങ്ങളെപ്പറ്റിയറിയാമെന്ന് പറയുന്നു. എങ്ങനെയറിഞ്ഞുവെന്ന് ഞാൻ ചോദിച്ചില്ല. അവൾക്ക് 13 വയസ്സാണ്, എനിക്കു 44.  ആദ്യ മുഖക്കുരുവിനെപ്പറ്റിയാണവൾ സങ്കടപ്പെടുന്നത്. ഞാൻ മുടിയിഴകളിലെ വെള്ളി നാരുകളെക്കുറിച്ച് പറയുന്നു. അവൾ പോരാട്ടങ്ങളെക്കുറിച്ച് ആവേശം കൊള്ളുന്നു, ഞാൻ ഒരു നല്ല ഉറക്കത്തിനായി പലതും ത്യജിക്കുന്നു. ഒരു പുരുഷന്റെ മാത്രം സൃഷ്ടിയാകാവുന്ന ഒരു പ്രപഞ്ചത്തിൽ, ദൈവം ഒരേ പോലെ ഞങ്ങൾ രണ്ടു പേരുടെയും 'ഭീഷണി'യിലാണ്.

ആർത്തവമുള്ള സ്ത്രീകളെയും പെൺകുട്ടികളെയും ഒഴിവാക്കി ഒരു വിശ്വാസം നിലനിൽക്കണോയെന്നും, സ്ത്രീകളെ അതിന്റെ ചില അമ്മ, സഹോദരി, പുത്രി ( മാ, ബഹൻ, ബേട്ടി) റോളുകളിൽ ( സ്കീമുകളിലും , അതു മറക്കരുത്) ഒതുക്കി നിർത്തുവാൻ ശ്രമിക്കുന്ന സർക്കാരിലെ ഒരു വനിതാ മന്ത്രി അതിനെ പിന്തുണയ്ക്കുന്നതിനെപ്പറ്റിയും മകളിതു വരെ എന്നോടു ചോദിച്ചിട്ടില്ല. ശബരിമല വിഷയത്തിൽ പ്രധാന പ്രശ്നങ്ങളെല്ലാം വിശകലനം ചെയ്ത് ഞാനൊരു നല്ല മറുപടി തയാറാക്കുവാൻ ശ്രമിക്കും. പക്ഷേ അതത്ര വിഷമകരമാകണോ? 31 പേരുള്ള അവരുടെ ക്ലാസ് എന്തുത്തരമാകും തരുന്നതെന്നാണ് നിങ്ങൾ കരുതുന്നത്?

ഇനി, അനേകം വർഷങ്ങൾക്കു ശേഷം, ഈ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും തലമുറ, ജോലി സ്ഥലത്തെത്തുമ്പോൾ, മാധ്യമ പ്രവർത്തകരും സിനിമാക്കാരും, ജഡ്ജിമാരും പുരോഹിതരും മന്ത്രിമാരുമൊക്കെയായി വന്നെത്തുമ്പോൾ കഥയല്‍പ്പം മാറുമെന്ന് നമുക്ക് പ്രതീക്ഷിക്കാമോ?

പിൻകുറിപ്പ്: അപകടകരമായ 'പ്രീ- ടീൻ' കാലത്തിലൂടെ കടന്നു പോകുമ്പോൾ, മേല്‍പ്പറഞ്ഞ ഈ എട്ടാം ക്ലാസ്സുകാരാണ് ഞാൻ കണ്ടതിൽ വച്ച് ഏറ്റവും അടുത്തിടപഴകുന്ന ആൺ- പെൺ കുട്ടിക്കൂട്ടം. മിസ്. ഇറാനീ, അങ്ങനെയാണ് സ്നേഹിതർ.

Menstruation Smriti Irani School Children

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: