1960ലെ മൃഗങ്ങള്‍ക്കെതിരായുള്ള ക്രൂരത തടയല്‍ നിയമത്തിന്‍റെ കീഴില്‍ രാജ്യമൊട്ടാകെ കന്നുകാലികളുടെ അറവു നിരോധിച്ചുകൊണ്ടുള്ള കേന്ദ്രവിജ്ഞാപനത്തെ തെറ്റായ ഉപദേശത്തോടെയുള്ള ഭരണഘടനാപരമായ കൗശലം എന്നേ പറയാന്‍ സാധിക്കൂ. കേന്ദ്രം പുറപ്പെടുവിച്ച നിയമം വ്യക്തമായും കശാപ്പിനു നിരോധനം ഏര്‍പ്പെടുത്താനുള്ളതല്ല എങ്കിലും അത് കാര്‍ഷിക ചന്തകളില്‍ നിന്നും അറവു മാടുകളെ വാങ്ങുവാനും വില്‍ക്കാനുമുളള  നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ്. ഫലത്തില്‍, രാജ്യമൊട്ടാകെ കന്നുകാലി അറവിന് അന്ത്യം കുറിക്കുന്നതാണ്. അത് വ്യത്യസ്ത തലത്തില്‍ മൗലികാവകാശങ്ങളുമായി സംബന്ധിക്കുന്നതും ഫെഡറല്‍ സംവിധാനങ്ങളെ തകിടംമറിക്കുന്നതും അധികാരങ്ങളെ വേര്‍തിരിക്കുന്നതുമായ ഭരണഘടനാപരമായ ദുരന്തമാണ്.

ഈ വിപത്തിന്റെ ആഴം മനസ്സിലാക്കണമെങ്കില്‍ ഭരണഘടനയുടെതായ ചില പൊതുധാരണകളെകുറിച്ച് സ്പഷ്ടമായി മനസ്സിലാക്കേണ്ടതായുണ്ട്. മൃഗങ്ങള്‍ക്കെതിരായുള്ള ക്രൂരത തടയല്‍ നിയമം, 1960 പാസാക്കുന്നത് പാര്‍ലമെന്‍റ് ആണ്. നിയമങ്ങള്‍ നടപ്പില്‍ വരുത്താന്‍ ഇന്ത്യന്‍ ഭരണകൂടത്തെ (എക്സിക്യുട്ടീവ്‌) ചുമതലപ്പെടുത്തുന്നത് ലെജിസ്ലേഷന്‍ ആണ്. എന്നാല്‍ ലെജിസ്ലേഷൻ കവച്ചുവച്ചുകൊണ്ട് നിയമം നിര്‍മ്മിക്കാനുളള  അധികാരം എക്സിക്യുട്ടീവിനു നല്‍കിയിട്ടുമില്ല. ഇപ്പോള്‍ വന്നിരിക്കുന്ന നിയമം കൃത്യമായി ചെയ്തിരിക്കുന്നതും അതു തന്നെയാണ്.

ഈ നിയമത്തിലെ വകുപ്പ് പതിനൊന്ന്  മൃഗങ്ങള്‍ക്കുനേരെയുള്ള പലതരം ക്രൂരതകളെ അപരാധമായി നിരത്തുന്നുണ്ട്. അതേ വകുപ്പിൽ തന്നെ മറ്റൊരു ഉപ വകുപ്പായ (3) (ഇ) അനാവശ്യമായ വേദനയോ പീഡനമോ ഉണ്ടാക്കാതെ ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നത് കുറ്റകരമല്ല എന്നും പറയുന്നു. ഭക്ഷണത്തിനായുള്ള മൃഗങ്ങളുടെ അറവ് ഈ നിയമപ്രകാരം കുറ്റകരമല്ല എന്നത് പകല്‍പോലെ വ്യക്തവും സ്പഷ്ടവുമാണ്. അതിനാല്‍ തന്നെ നിയമനിർമാണത്തിലെ പ്രസക്തമായ വ്യവസ്ഥകള്‍ അനുവദിക്കാത്ത ഒരു ലക്ഷ്യത്തെ മുന്‍നിര്‍ത്തിക്കൊണ്ട് നിയമ വിജ്ഞാപനം ഇറക്കാന്‍ എക്സിക്യൂട്ടീവ് അധികാരത്തിനു കഴിയില്ല.

Read More : ബിജെപിയും മാംസവും; തീന്‍മേശയിലെ രാഷ്ട്രീയം

ഇതേ നിയമത്തിന്റെ മറ്റൊരു ഉപവകുപ്പിൽ (3) (സി), നിലനില്‍ക്കുന്ന നിയമസംഹിതകള്‍ പ്രകാരം ഒരു മൃഗത്തെ കൊല്ലുന്നത് കുറ്റകരമല്ല എന്നും പറയുന്നു. കന്നുകാലികളുടെ അറവിനെ അനുവദിച്ചുകൊണ്ട് സംസ്ഥാനങ്ങളുടെതായ മറ്റനേകം ലെജിസ്ലേച്ചറുകളും നിലനില്‍ക്കുന്നുണ്ട്. ഈ നിയമം ഉപയോഗിച്ചുകൊണ്ട് അത്തരം ലെജിസ്ലേച്ചറുകള്‍ റദ്ദാക്കുവാനോ കന്നുകാലികളുടെ അറവ് നിയമവിരുദ്ധമാക്കുവാനോ ഇന്ത്യൻ സർക്കാരിന് വകുപ്പുകളുമില്ല. ഈ നിയമവിജ്ഞാപനം പുറപ്പെടുവിക്കുന്നതു വഴി മൃഗങ്ങള്‍ക്കെതിരായുള്ള ക്രൂരത തടയല്‍ നിയമത്തില്‍ വരാത്ത അധികാരമാണ് കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുന്നത്.

ഇവിടെ സര്‍ക്കാറിന്‍റെ താത്പര്യം കന്നുകാലികള്‍ക്കു നേരെയുള്ള ക്രൂരത തടയല്‍ മാത്രമാണ് (പശു, പശുക്കിടാവ്, കാള, കാളക്കുട്ടി, പോത്ത്, മൂരി, ആട്, ഒട്ടകം,) എന്നുള്ളതാണ് ഈ പുതിയ നിയമത്തിലെ മറ്റൊരു അസ്വഭാവികത. സര്‍ക്കാരിന്‍റെ ഉദ്ദേശം അറവുചെയ്യുന്നതിലൂടെ മൃഗങ്ങള്‍ക്ക് നേരെയുള്ള ക്രൂരത തടയുക എന്നതാണ് എങ്കില്‍ കോഴി, പന്നി, ആട്, മത്സ്യം, മുയല്‍ എന്നിവയെയൊക്കെ ഒഴിച്ചുവിടാന്‍ ഭരണഘടനാപരമായി സ്വീകാര്യമായൊരു കാരണം ഉയര്‍ത്താന്‍ അവര്‍ക്ക് സാധിക്കുന്നില്ല.

അതിനാല്‍ തന്നെ മൃഗങ്ങള്‍ക്ക് നേരെയുള്ള ക്രൂരത തടയുകയല്ല മറ്റു പലകാരണങ്ങള്‍ കൊണ്ടും കാലികളെ സംരക്ഷിക്കുക എന്നതാണ് യഥാര്‍ത്ഥ താത്പര്യം എന്നത് പ്രകടമാണ്.

എന്തുകൊണ്ടാണ് ഇന്ത്യാ ഗവൺമെന്റ് മൃഗങ്ങള്‍ക്ക് നേരെയുള്ള ക്രൂരത തടയാനുള്ള നിയമം മറയാക്കികൊണ്ട് കാലി സംരക്ഷണം നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് എന്നതും മനസ്സിലാക്കേണ്ട കാര്യമാണ്. എന്തുകൊണ്ടാണ് കേന്ദ്രസർക്കാർ പശുവിന്റെ അറവു നിരോധിച്ചുകൊണ്ടുള്ള ഒരു ബില്‍ പാര്‍ലമെന്‍ററില്‍ അവതരിപ്പിക്കാതിരുന്നത് ? രാജ്യമൊട്ടാകെയുള്ള പല സംസ്ഥാന ലെജിസ്ലേച്ചറുകളും പലതരത്തിലാണ് ഗോവധ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഓരോ സംസ്ഥാനങ്ങളും ഏതൊക്കെ കാലികളെ അറയ്ക്കാം എപ്പോഴൊക്കെ അറയ്ക്കാം എന്നുള്ളതിനൊക്കെ വ്യത്യസ്തങ്ങളായ സമീപനങ്ങളാണ് മുന്നോട്ട് വെക്കുന്നത്.

അതുകൊണ്ടാണ് ഡല്‍ഹിയില്‍ പോത്തിറച്ചി മാത്രം ലഭിക്കുന്നത്. കേരളത്തില്‍ കാളയിറച്ചിയും മൂരിയിറച്ചിയും കൂടുതലായി ലഭിക്കുന്നത്. മധ്യപ്രദേശില്‍ പശു, കാള, മൂരി, പോത്ത് എന്നിവയുടെ ഇറച്ചി നിരോധിച്ചതും. ഇത്തരം നിരോധനങ്ങള്‍ സംസ്ഥാനങ്ങളുടെ ലെജിസ്ലേച്ചറില്‍ നടപ്പിലാക്കിയതാണ്. ഭരണഘടനാപരമായി ഇത്തരം നിയമനിര്‍മാണത്തിനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് മാത്രമാണുള്ളത്.

പശുവിന്‍റെയൊ മറ്റ് കാലികളെയോ മതപരമായ സംരക്ഷണത്തിന് ക്ഷിക്കുന്നതിനു ഭരണഘടന അനുശാസനകളില്ല.  സ്റ്റേറ്റ് പോളിസിയുടെ മാർഗനിർദേശകതത്ത്വങ്ങളിൽ​ കൃഷിയും മൃഗസംരക്ഷണവുമായി ബന്ധപ്പെട്ടുനില്‍ക്കുന്നതാണ് ഗോവധം എന്നത്. അതിന്‌ വളരെ നല്ലൊരു ഭരണഘടനായുക്തിയുമുണ്ട്.

കാലികളുടെ അറവുമായി ബന്ധപ്പെട്ടുകൊണ്ട് തന്നെ കൃഷിയുടെ വ്യവസ്ഥ, കാലിത്തീറ്റയുടെ ലഭ്യത, പ്രാദേശികമായ രീതികള്‍, ഭക്ഷണത്തിന്‍റെ മുന്‍ഗണന തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ നിലനില്‍ക്കുന്നു എന്നതിനാലാണ് ഇത്തരമൊരു വിഷയം തികച്ചും സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കൊണ്ടുവരുവാന്‍ ഭരണഘടന യുക്തിസഹമായി അനുശാസിക്കുന്നത്. പാര്‍ലിമെന്റിനു അത്തരമൊരു നിയമം നിര്‍മിക്കുവാന്‍ ഭരണഘടന അധികാരം നല്‍കുന്നില്ല എന്നതുകൊണ്ടാണ് അഖിലേന്ത്യാതലത്തില്‍ ഒരു ഗോവധ വിരുദ്ധ നിയമം ലെജിസ്ലേച്ചര്‍ വഴി അസാധ്യമാവുന്നതും. അതുകൊണ്ടാണ് മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ ആക്റ്റിന്‍റെ മറവില്‍ ഗോവധനിരോധനം ഒളിച്ചുകടത്തുന്നതും.

തങ്ങള്‍ക്ക് നേരിട്ട് എത്താന്‍ സാധിക്കാത്ത ലക്ഷ്യത്തിലേക്ക് മറ്റെന്തോ മറയാക്കി എത്താന്‍ ശ്രമിക്കുകയാണ് കേന്ദ്രസർക്കാർ. ഭരണഘടനയുടെ സംയുക്ത ലിസ്റ്റ് പ്രകാരം മൃഗങ്ങള്‍ക്കെതിരായ ക്രൂരകൃത്യം തടയുവാനുള്ള നിയമനിര്‍മാണം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ പങ്കുവയ്ക്കുന്നു എന്നതിനാലാണ് ഗോവധനിരോധനത്തെ മൃഗങ്ങള്‍ക്കെതിരായ ക്രൂരകൃത്യത്തിന്‍റെ നിയന്ത്രണം എന്ന മറവില്‍ കൊണ്ടുവരാന്‍ കേന്ദ്രം ശ്രമിക്കുന്നതും. പക്ഷെ അത്തരത്തിലുള്ള തന്ത്രപരമായ നീക്കം ഭരണഘടനാപരമായി ഗൗരവമേറിയ പ്രത്യാഘാതങ്ങള്‍ക്കു വഴിവെയ്ക്കുന്നതാണ്. മുന്നേ സൂചിപ്പിച്ചത് പോലെ, നിലവില്‍ പാസാക്കിയ ലെജിസ്ലേഷന്റെ സംയുക്ത ലിസ്റ്റിലുള്ള മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്ന നിയമം സര്‍ക്കാരിനു കാലികളുടെയോ മറ്റെന്തിന്‍റെയെങ്കിലുമോ അറവു നിരോധിക്കാനുള്ള അധികാരം നല്‍കുന്നില്ല.

Read More: ദാദ്രിയിലെ ബീഫ് രഹിത വിവാഹ സല്‍കാരങ്ങള്‍

ഇനി പാര്‍ലമെന്റിനു മൃഗങ്ങൾക്കെതിരായ  ക്രൂരത തടയല്‍ നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് അറവു നിരോധനത്തെകൂടി ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കുമോ ?തീര്‍ച്ചയായും സാധിക്കും (അത് കോടതിയില്‍ നേരിടേണ്ടിവരുന്ന ഭരണഘടനാപരമായ വെല്ലുവിളികളെ അതിജീവിക്കുമോ വേറൊരു ചോദ്യമാണ്) അത്തരമൊരു ലെജിസ്ലേറ്റീവ് ഭേദഗതിക്ക് സര്‍ക്കാരിനെ തടയിടുന്ന ഘടകങ്ങള്‍ ഒന്നുമില്ല. എന്നിരുന്നാലും അത് മറ്റു ചില ചോദ്യങ്ങളെ തുടര്‍ന്നും നിലനിര്‍ത്തും. മറ്റു മൃഗങ്ങളുടെ അറവ് അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ കാലികളുടെ അറവു മാത്രം പ്രത്യേകമായി നിരോധിച്ചത് എന്തുകൊണ്ട് ? ഈ നീക്കത്തിലാണ് സര്‍ക്കാര്‍ സ്വീകരിച്ച തെറ്റായ ഉപദേശത്തിന്റെ സ്വഭാവം വ്യക്തമാകുന്നത്. മൃഗങ്ങള്‍ക്കെതിരായ ക്രൂരകൃത്യങ്ങള്‍ തടയുന്ന നിയമം മറയാക്കികൊണ്ട് പ്രത്യേകമായൊരു കാലിസംരക്ഷണം നടപ്പിലാക്കുവാന്‍ സാധിക്കില്ല. അതിനാല്‍ തന്നെ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുക എന്ന വാദം കാതടച്ചുള്ള വെടിവെപ്പാണ്. ഇനി, എല്ലാ മൃഗങ്ങളെയും കൊല്ലുന്നത് നിയമം അനുസരിച്ച് നിരോധിക്കപ്പെടുന്നു എങ്കില്‍ നിര്‍ബന്ധിത സസ്യഭോജനം എന്ന വിഷയത്തെയാവും നമ്മള്‍ അഭിമുഖീകരിക്കുക.

സര്‍ക്കാരിന്‍റെ ഈ നീക്കം പശുവിന്‍റെ അറവ് ചര്‍ച്ചയാക്കുവാനായുള്ള നീക്കം മാത്രമാണ്. ഈ വിഷയത്തിലെ ചര്‍ച്ച മതപരമായ പരിഗണനകളാല്‍ നയിക്കപ്പെടുന്നതിനാല്‍ തന്നെ മതപരമല്ലാത്ത പരിഗണനകള്‍ പറ്റിക്കൊണ്ടുളള ജഡീഷ്യറിയുടെ യാത്ര ഏറെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതുമാണ്. കാര്‍ഷികമേഖലയുമായി ബന്ധപ്പെടുത്തികൊണ്ട് ഗോവധം നിരോധിച്ചുള്ള സുപ്രീം കോടതി തീരുമാനം തന്നെ അബദ്ധകരമാം വിധം നീളംകൂടിയ ന്യായീകരണങ്ങളാണ്. ഗോവധം നിലനില്‍ക്കാത്ത ഒരു സംസ്ഥാനത്തു നിന്നുള്ളതായാലും ബീഫ് കയ്യില്‍ വെക്കുന്നതിനും കഴിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തുന്നത് സാധ്യമാണോ അവസാനമായി  പരിശോധിക്കുന്നത്  കഴിഞ്ഞ വര്‍ഷമാണ്‌.

ഭരണഘടനാപരമായി പക്വമായൊരു വിധിയില്‍ ഒരു വ്യക്തിക്ക് സ്വന്തം ഭക്ഷണം തീരുമാനിക്കാനുള്ള അവകാശത്തിനു മുന്‍ഗണന കൊടുത്തുകൊണ്ട് മഹാരാഷ്ട്ര നിയമനിര്‍മാണ സഭ ഏര്‍പ്പെടുത്തിയ നിരോധനത്തെ ബോംബൈ ഹൈകോടതി റദ്ദ് ചെയ്യുകയുണ്ടായി. ഈ കോണില്‍ നിന്നുകൊണ്ട് ഗോവധവിരോധ നിയമങ്ങളെ പരിശോധിക്കുവാനോ വ്യത്യസ്തങ്ങളായ സമൂഹങ്ങളേയോ ഭക്ഷണശീലങ്ങളെയോ തുകല്‍ വ്യവസായത്തെയോ നോക്കി കാണുവാനോ സുപ്രീംകോടതി ഇതുവരെ ശ്രമിച്ചിട്ടില്ല.

ഗോ സംരക്ഷണം എന്ന അജണ്ടയുടെ പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്ന, അക്രമപരമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന ഒരു സാഹചര്യത്തിലൂടെയാണ് നമ്മള്‍ കടന്നുപോവുന്നത്. അതിനാല്‍ തന്നെ അടിസ്ഥാനപരമായ സ്വാതന്ത്രങ്ങളെ പറ്റിയും സര്‍ക്കാരിന്‍റെ അധികാരപരിതികളെപറ്റിയും സുപ്രീംകോടതി വ്യക്തമായൊരു സന്ദേശം അയക്കേണ്ടതായുണ്ട്. അതുവരേക്കും നമ്മള്‍ എന്താണ് തിന്നേണ്ടത് എന്ന് ‘അനുവദിച്ചു’ തരുന്ന ഏഴു പതിറ്റാണ്ടുകള്‍ നീണ്ട ഇന്ത്യയുടെ രാഷ്ട്രീയവും ഭരണഘടനാപരവുമായ സഞ്ചാരത്തെപറ്റി നമുക്ക് ആത്മപരിശോധന നടത്താം.

ഡല്‍ഹി ദേശീയ നിയമ സര്‍വ്വകലാശാലയിലെ ഭരണഘടനാനിയമങ്ങളുടെ അദ്ധ്യാപകനാണ് ലേഖകന്‍

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook