കൊൽക്കത്തയിൽ കഴിഞ്ഞ ആഴ്ച അവസാനം ചേർന്ന സി പി എം കേന്ദ്ര കമ്മിറ്റി യോഗം ദേശീയ തലത്തിലുളള പാർട്ടിയുടെ രാഷ്ട്രീയ ലൈൻ സംബന്ധിച്ച് ജനറൽ സെക്രട്ടറിയുടെ നിലപാടിനെ വോട്ടിനിട്ട് തളളി. കോൺഗ്രസ്സുമായി പാർട്ടിക്ക് യാതൊരു തരത്തിലുളള സഖ്യമോ ധാരണയോ ഇല്ലെന്ന് മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നയമാണ് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗീകരിച്ചത്. സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും ബി ജെ പിയെ തോൽപ്പിക്കുക എന്ന ലക്ഷ്യത്തിൽ ഒരേ നിലപാടുളളവരാണ്. പക്ഷേ, കോൺഗ്രസ്സുമായി സഖ്യം വേണമോ വേണ്ടയോ എന്ന നിർണായകമായ ചോദ്യത്തിലാണ് അവരുടെ വിയോജിപ്പ്.
തീർച്ചയായും മറ്റൊരു ചോദ്യം ഇവിടെ ഉയരുന്നുണ്ട്. സി പി എമ്മിനെ സംബന്ധിച്ചടത്തോളം നിരന്തരം തലനാരിഴ കീറി പരിശോധിക്കേണ്ടത് കോൺഗ്രസ്സുമായുളള നിലപാടിനെ കുറിച്ചാണോ. നിലവിൽ അവർ ദേശീയതലത്തിലെ രാഷ്ട്രീയത്തിൽ എത്രത്തോളം അപ്രസക്തരാണ് എന്നതിനെ കുറിച്ച് അവർ മറന്നുപോവുകയോ അവഗണിക്കുകയോ ചെയ്യുന്നു. നിലവിലെ രാഷ്ട്രീയ രൂപത്തിൽ ഈ തന്ത്രപരമായ സമീപനം – കോൺഗ്രസ്സുമായി സഖ്യം വേണമോ വേണ്ടയോ – ഇത് കോൺഗ്രസ്സിന് പോലും താത്പര്യമുണ്ടാകാനിടയുളള ഒന്നാകില്ല. കോൺഗ്രസിനെ സംബന്ധിച്ചടത്തോളം അവരുടെ ഇടം അതിവേഗം ചുരുങ്ങി വരുന്നുണ്ടെങ്കിലും ദേശീയതലത്തിൽ അവർക്ക് സാന്നിധ്യമുണ്ട്. എന്നാൽ സി പി എം കുറച്ച് കാലം മുന്പ് തന്നെ ഒരു പ്രാദേശിക പാർട്ടിയായി ചുരുങ്ങി കഴിഞ്ഞു. കേരളം, ത്രിപുര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളൊഴികെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സി പി എമ്മിന് എന്തെങ്കിലും സ്വാധീനം ചെലുത്തകയെന്നത് വളരെ ദുഷ്ക്കരമായ കാര്യമാണ്. എന്നാൽ, കേരളം, ത്രിപുര എന്നിവിടങ്ങളിൽ ഭരണത്തിലും വോട്ട് ഓഹരിയുടെ കാര്യത്തിൽ ബംഗാളിലും പ്രധാന പ്രതിപക്ഷമാണ് സി പി എം.
കേരളത്തിലും ത്രിപുരയിലും സി പി എമ്മിന്റെ മുഖ്യശത്രുവായ കോൺഗ്രസ്സുമായി ദേശീയ തലത്തിൽ സഖ്യം വേണമെന്നാണ് യെച്ചൂരി വിഭാഗം ആവശ്യപ്പെടുന്നത്. പ്രാദേശികമായ ഉത്കണ്ഠകളും ദേശീയതലത്തിലെ ആഗ്രഹങ്ങളും തമ്മിലുളള വൈരുദ്ധ്യങ്ങളാണ് കേന്ദ്ര നേതൃത്വത്തിന്റെ ഭിന്നതയുടെ വേരുകൾ.
സി പി എമ്മിന്റെ ഏറ്റവും ശക്തമായ സംസ്ഥാന ഘടകമാണ് കേരളത്തിലേത്. കേരളത്തിലെ സഖാക്കളെ സംബന്ധിച്ചടത്തോളം സംസ്ഥാനത്തെ അവരുടെ മുഖ്യശത്രുവായ കോൺഗ്രസ്സുമായി ദേശീയതലത്തിൽ ഏതെങ്കിലും തരത്തിൽ ഉണ്ടാക്കുന്ന തന്ത്രപരമായ ധാരണ പ്രാദേശികമായ താൽപര്യങ്ങൾക്ക് ഹാനികരമാകുമെന്നതാണ്. ത്രിപുര അടുത്ത മാസം തിരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങുന്ന സംസ്ഥാനമാണ്. അവിടെ കോൺഗ്രസാണ് പ്രധാന പ്രതിപക്ഷമെങ്കിലും ബി ജെ പി വളർച്ച കാണിക്കുന്ന സംസ്ഥാനമാണത്. ഈ മൂന്ന് സംസ്ഥാനങ്ങളിലെ പ്രാദേശിക അടിത്തറ സംരക്ഷിക്കാൻ വേണ്ടിയുളള പ്രാദേശിക താൽപര്യമാണോ ദേശീയതലത്തിലെ കോൺഗ്രസ്സുമായുളള സഖ്യമാണോ എന്നതായിരുന്നു ദേശീയ നേതൃത്വത്തിലെ സംവാദം.
ഈ വിഭാഗീയതയെ ഉൾപാർട്ടി ജനാധിപത്യത്തിന്റെ അടയാളമാണ് എന്ന് വ്യാഖ്യാനിച്ച യെച്ചൂരി ദേശീയ തലത്തിലെ തന്ത്രം ഏപ്രിലിൽ നടക്കുന്ന പാർട്ടി കോൺഗ്രസ്സിൽ തീരുമാനിക്കും എന്ന് വ്യക്തമാക്കി. അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ കൂടുതൽ ഉത്തരവാദിത്തത്തോടെ മികച്ച ഭരണം നടത്താനുളള ഊർജ്ജം സംഭരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാകും കൂടുതൽ നല്ലത്. അല്ലാതെ ശ്വാസം മുട്ടേണ്ടതില്ല.