scorecardresearch
Latest News

ഇന്ത്യയിലെ മുസ്‌ലിങ്ങൾക്കിടയിൽ തൊഴിലില്ലായ്മ വർധിക്കുന്നത് എന്തുകൊണ്ട്?

“പൊതുമേഖലയിൽ മാത്രമല്ല, സ്വയം തൊഴിൽ രംഗത്തുപോലും മുസ്‌ലിം സാന്നിധ്യം കുറഞ്ഞുവരികയാണ്. തൊഴിലില്ലാത്തവരുടെ ഇടയിൽ അവർ കൂടുതലായി കാണപ്പെടുന്നുവെന്ന്”ക്രിസ്റ്റോഫ് ജഫ്രെലോട്ടും മൗലിക് സെയ്നിയും എഴുതുന്നു

ഇന്ത്യയിലെ മുസ്‌ലിങ്ങൾക്കിടയിൽ തൊഴിലില്ലായ്മ വർധിക്കുന്നത് എന്തുകൊണ്ട്?

പൊതു-സ്വകാര്യ മേഖലകളിലും സംസ്ഥാനതലങ്ങളിലും ഒരു ദശാബ്ദത്തിലേറെയായി കാണപ്പെടുന്ന മുസ്‌ലിങ്ങളുടെ പ്രാതിനിധ്യക്കുറവിനെയാണ് ഈ ലേഖനം വിശകലനം ചെയ്യുന്നത്. ദേശീയ സാംപിള്‍ സര്‍വേയുടെ 66-ാമതും 68-ാമതും തവണത്തെ റിപ്പോര്‍ട്ടുകള്‍ ‘തൊഴിലും തൊഴിലില്ലായ്മയും’ എന്ന പേരിലുള്ളതാണ് ഇവിടെ പരിശോധിക്കുന്നത്. ജൂലൈ 2009 മുതല്‍ ജൂണ്‍ 2010 വരെയുള്ള കാലയളവിലും ജൂലൈ 2011 മുതല്‍ ജൂണ്‍ 2012 വരെയുമാണ് ഇതിന്റെ പഠനം നടന്നിരിക്കുന്നത്. ജൂലൈ 2018- ജൂണ്‍ 2019, ജൂലൈ 2019- ജൂണ്‍ 2020 കാലയളവിലെ പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സർവേകളും (PLFS) വിശലകലനത്തിന് ഉപയോഗിച്ചിട്ടുണ്ട്. ഓരോന്നും പരിശോധിക്കുമ്പോള്‍ സാംപിള്‍ വളരെ വലിയതാണെന്ന് കാണാന്‍ കഴിയും. 2009 ല്‍ 10,122,359 പേരാണ് സാംപിളായി ഉണ്ടായിരുന്നത്. 2011 ല്‍ ഇത് 12,125,931 പേരായി, 2018 ല്‍ അത് 19,99,988 ആയും 2019 ല്‍ 20,100,991 ആയും ഉയര്‍ന്നു.

മതാടിസ്ഥാനത്തില്‍, പൊതു-സ്വകാര്യ മേഖലകളുടെ സങ്കലനം ഈ സര്‍വേകള്‍ പരിശോധിക്കുന്നുണ്ട്. സ്വകാര്യ മേഖലയിലെ കാര്യമെടുത്താല്‍, പ്രൊപ്രൈറ്റേഴ്‌സ് (ഉടമകൾ) എന്ന വിഭാഗത്തെ സ്ഥാപനത്തിന്റെ തൊഴിലാളികളുടെ എണ്ണത്തില്‍ വകയിരുത്തിയിട്ടുണ്ടെങ്കിലും അവര്‍ ശമ്പളം കൈപ്പറ്റുന്നവരുടെ ഗണത്തിലല്ല. എന്നിരുന്നാലും സ്വയം തൊഴില്‍ (നമ്മൾ പിന്തുടരുന്ന ഒരു ഫോർമുല) ചെയ്യുന്നവരെന്നാണ് അറിയപ്പെടുക. എന്തുകൊണ്ടെന്നാല്‍ അവരില്‍ ചിലര്‍ സി ഇ ഒമാരാണെന്ന് കരുതുക, അവരില്‍ ഭൂരിഭാഗവും വളരെ തുച്ഛമായ തുകയ്ക്ക് ജോലി ചെയ്യുന്നവരാണ്. കടയുടമകൾ, കൈവേലക്കാർ എന്നിവർ ഇതിന് ഉദാഹരണമാണ്.

ഈ നിഗമനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി കുറച്ച് ഊന്നലുകൾ അല്ലെങ്കിൽ മുൻഗണനാക്രമം സ്വീകരിക്കേണ്ടി വന്നു. ഈ മാനകം, സര്‍വേയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട ജനസമൂഹത്തിലെ എത്ര കുടുംബങ്ങള്‍ അതില്‍ പങ്കുചേരപ്പെട്ടുവെന്നതിന്റെ ഏകദേശ കണക്ക് പറയുന്നതിനായി സ്വീകരിക്കുന്ന ചട്ടക്കൂടാണ്. ജനസംഖ്യയിലെ എത്ര കുടുംബങ്ങളെ സര്‍വേയിലെ ഒരു കുടുംബം പ്രതിനിധാനം ചെയ്തു എന്നതുമായാണ് ഈ മുൻഗണനാക്രമം ബന്ധപ്പെട്ടിരിക്കുന്നത്.

ആദ്യത്തെ രണ്ട് തവണയും 2009-10, 2011-12, സര്‍വേകളില്‍ നമുക്ക് ഒരു പൊതുമേഖലാ വേരിയബിള്‍ ആണ് ഉണ്ടായിരുന്നത്. പക്ഷേ 2018-19, 2019-20 സര്‍വേ എത്തിയപ്പോഴേക്കും ഉദ്യോഗസ്ഥവൃന്ദത്തിനൊപ്പം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും അതില്‍ വന്നു. ആദ്യ രണ്ട് വട്ടങ്ങളും അവസാനത്തേതുമായുള്ള താരതമ്യത്തിനായി പറയുകയാണെങ്കില്‍ “ഉദ്യോഗസ്ഥവൃന്ദ”ത്തെയും “സര്‍ക്കാര്‍ ഉടമസ്ഥതിയിലുള്ള സ്ഥാപനങ്ങളെ”യും ഉള്‍ച്ചേര്‍ത്ത് കൊണ്ട് ഈ വിവരങ്ങളെ പൊതുമേഖലാ വിഭാഗത്തിലേതുമായി താരതമ്യപ്പെടുത്തി.

ആദ്യത്തെ രണ്ട് റൗണ്ടും അവസാനത്തെ രണ്ട് റൗണ്ടും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ കാതലായ വ്യത്യാസം നമുക്ക് കണ്ടെത്താന്‍ കഴിയും. വെയിറ്റഡ് ഗ്രാഫുകളെ അപേക്ഷിച്ച് ഫ്രീക്വന്‍സി ഗ്രാഫുകളില്‍ വ്യത്യാസം കൂടുതല്‍ പ്രകടമാണ്. ഫ്രീക്വന്‍സി കൗണ്ട് സാംപിള്‍ ജനസംഖ്യയെയും വെയിറ്റഡ് ഡാറ്റ ആകെ ജനസംഖ്യയെയും പ്രതിനിധാനം ചെയ്യുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ വ്യത്യാസം കുറയ്ക്കുന്നതിനായി ആദ്യ രണ്ട് റൗണ്ടുകളുടെ ശരാശരി സംഖ്യ നമ്മള്‍ കണക്ക് കൂട്ടുകയും രണ്ടാമത്തേത്ത് പിന്നീട് കണക്കാക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി നാല് ഡാറ്റാ സെറ്റുകളെ കൂട്ടിച്ചേര്‍ത്തുള്ള രണ്ട് ഡാറ്റ സെറ്റുകള്‍ ആകെ ലഭിക്കുന്നു.

ഈ ഫലങ്ങള്‍ സ്വയം സംസാരിക്കുന്നവയാണ്. ഇന്ത്യന്‍ ജനസംഖ്യയുടെ ആകെ 14.2 ശതമാനമാണ് മുസ്‌ലിങ്ങള്‍ എന്നിരിക്കെ പൊതുമേഖല തൊഴിലിടങ്ങളില്‍ അവരുടെ അനുപാതം , 2018-20 ലെ കണക്കനുസരിച്ച് ഏഴ് ശതമാനത്തിനും താഴെ (6.75ല്‍ നിന്നും 6.87 ശതമാനമായി)യാണ്. അതേസമയം ജനസംഖ്യയുടെ 80.2 ശതമാനം വരുന്ന ഹിന്ദുക്കളുടെ പ്രാതിനിധ്യം തൊഴിലിടങ്ങളില്‍ 86 ശതമാനമാണെന്ന് കാണാം. മറുവശത്ത് സ്വയം തൊഴില്‍ മേഖലയിലെ പ്രാതിനിധ്യത്തിൽ മുസ്‌ലിങ്ങൾക്ക് മുൻതൂക്കമുണ്ടായിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ഇത്, 2009-12 ല്‍ 16.5 ആയിരുന്നെങ്കില്‍ 2018-20 എത്തിയപ്പോള്‍ അത് 15.5 ശതമാനമായി കുറഞ്ഞു. മിക്ക സംസ്ഥാനങ്ങളിലും ഈ ഇടിവ് കാണാം.

ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിന്റെ കാര്യമെടുക്കാം., അവിടെ ജനസംഖ്യയുടെ 19.26 ശതമാനം മുസ്‌ലിങ്ങളാണ്. സമാജ് വാദി പാര്‍ട്ടിയുടെ ഭരണകാലത്ത് പൊതുമേഖലാ തൊഴിലിടങ്ങളില്‍ മുസ്‌ലിങ്ങളുടെ സാന്നിധ്യം 2010 ല്‍ അഞ്ച് ശതമാനമുണ്ടായിരുന്നത് 2012 ആയപ്പോള്‍ 11.5 ശതമാനത്തിലേക്ക് വര്‍ധിച്ചു. പക്ഷേ 2019 ല്‍ ഇത് ഏഴ് ശതമാനത്തിലേക്കും 2020 ആയപ്പോള്‍ ഇത് 6.5 ശതമാനത്തിലേക്കും കൂപ്പുകുത്തി. സ്വയം തൊഴിൽ മേഖലകളിലാണ് മുസ്‌ലിങ്ങളെ അധികമായി കാണാന്‍ കഴിയുക. ലളിതമായി പറഞ്ഞാല്‍, സ്വന്തമായി തൊഴില്‍ മാര്‍ഗം കണ്ടെത്തുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന അവരുടെ തിരിച്ചറിവാണ് ഇതിന്റെ കാരണം. 2010 നും 2020 നും ഇടയ്ക്ക് സ്വയം തൊഴില്‍ ചെയ്യുന്ന മുസ്‌ലിങ്ങളുടെ എണ്ണം 24 ശതമാനത്തോളമായി നിലനിന്നു.

ഇതേ രീതി മധ്യപ്രദേശിലും പ്രകടമാണ്. അവിടെ മുസ്‌ലിങ്ങള്‍ ജനസംഖ്യയുടെ 6.6 ശതമാനമാണെന്നിരിക്കെ യഥാക്രമം മൂന്ന് ശതമാനവും 4.5 ശതമാനവുമായിരുന്നു 2009-12 കാലയളവിലും 2018-20 കാലയളവിലും പൊതുമേഖലാ സ്ഥാപനങ്ങളിലെ പ്രാതിനിധ്യം. അതേസമയം സ്വയംതൊഴില്‍ മേഖലയില്‍ 10.7 ശതമാനം 2009-12 ലും 11.7 ശതമാനം 2018-20 ലും പ്രാതിനിധ്യമുണ്ടായി.

2011 ലെ സെന്‍സസ് അനുസരിച്ച് രാജസ്ഥാനിലെ മുസ്‌ലിങ്ങളുടെ എണ്ണം. അവിടുത്തെ ജനസംഖ്യയുടെ ഒമ്പത് ശതമാനമാണ്. 4.1 മുതല്‍ 4.3 വരെയാണ് പൊതുമേഖലാ തൊഴിലിടങ്ങളിലെ മുസ്‌ലിം പ്രാതിനിധ്യം. പിന്നീടുള്ള കുറച്ച് വര്‍ഷങ്ങളിലെ ഇടിവ് മാറ്റിനിര്‍ത്തിയാല്‍ സ്വയം തൊഴില്‍ രംഗത്ത് 2009-12 ല്‍ 13 ശതമാനവും 2018-20 ല്‍ 10.2 ശതമാനവുമാണ്.

ഡല്‍ഹിയിലും ഇതേ രീതി കാണാന്‍ കഴിയും. ജനസംഖ്യയുടെ 14.5 ശതമാനം വരുന്ന മുസ്‌ലിം വിഭാഗത്തില്‍ നിന്നും വെറും നാല് മുതല്‍ അഞ്ച് ശതമാനം വരെയുള്ളവരാണ് സര്‍ക്കാര്‍ ജീവനക്കാര്‍. പക്ഷേ 2009-12 കാലയളവില്‍ സ്വയം തൊഴില്‍ മേഖലയിൽ മുസ്‌ലിം പ്രാതിനിധ്യം 14.5 ശതമാനമായിരുന്നത് 2018-20 ല്‍ 13.41 ശതമാനമായി. കൊഴിച്ചില്‍ അനുഭവപ്പെടുന്നുണ്ടെങ്കിലും സ്വയംതൊഴില്‍ രംഗത്ത് മുസ്‌ലിങ്ങളുടെ പ്രാതിനിധ്യം ശ്രദ്ധേയമാണ്.

മഹാരാഷ്ട്രയിലും പൊതുമേഖലയില്‍ മുസ്‌ലിങ്ങളുടെ പ്രാതിനിധ്യം 4.8 ശതമാനവും (2009-12) 5.2 ശതമാനവും (2018-20) ആണ്. ഇത് സംസ്ഥാന ജനസംഖ്യയിലെ മുസ്‌ലിങ്ങളെ (11.5 ശതമാനം) അപേക്ഷിച്ച് തുലോം തുച്ഛമാണ്. സ്വയം തൊഴില്‍ രംഗത്ത് 2009 -12 ല്‍ 16.9 ശതമാനവും 2018-20 ല്‍ 16.4 ശതമാനവും ആയിരുന്നു പ്രാതിനിധ്യം. ഇതേ ട്രെന്‍ഡ് കര്‍ണാടകയിലും കാണാം. കർണാടകത്തിലെ ജനസംഖ്യയുടെ 12.9 ശതമാനമാണ് മുസ്‌ലിം പ്രാതിനിധ്യം എന്നിരിക്കെ 2009-12 ല്‍ പൊതുമേഖലയില്‍ 6.2 ശതമാനം മാത്രമാണ് ജോലി ചെയ്തത്. 2018-20 ആയപ്പോഴേക്ക് ഇത് 5.2 ശതമാനമായി ചുരുങ്ങി. ചെറിയ ശോഷണം ഒഴിച്ച് നിര്‍ത്തിയാല്‍ സ്വയംതൊഴില്‍ രംഗത്ത് 20.3 ശതമാനവും (2009-12), 19.1 ശതമാനവും ( 2018-20) കാലയളവില്‍ പ്രാതിനിധ്യം ഉണ്ടായിരുന്നതായി കാണാം.

ചില സംസ്ഥാനങ്ങളില്‍ സ്വയം തൊഴില്‍ രംഗത്തെ മുസ്‌ലിങ്ങളുടെ കുറവ് കുറേക്കൂടി പ്രകടമാണ്. ഇതിന്റെ ഫലമായി അവര്‍ പൊതുമേഖല തൊഴിലിടങ്ങളിലും അതുപോലെ തന്നെ സ്വയം തൊഴില്‍ രംഗത്തും പ്രാതിനിധ്യമില്ലാത്തവരായി മാറുന്നു. ഗുജറാത്തിലെ സ്ഥിതി പരിശോധിച്ചാല്‍ ജനസംഖ്യയുടെ 10 ശതമാനമാണ് ആണ് മുസ്‌ലിങ്ങളെന്ന് കാണാം. അവരുടെ പൊതുമേഖലയിലെ തൊഴില്‍ പ്രാതിനിധ്യം ഏഴ് ശതമാനം മുതല്‍ 1.5 ശതമാനം വരെ മാത്രമാണ്. സംരംഭകര്‍ക്കിടയിലും അവരുടെ സാന്നിധ്യം കുത്തനെ കുറഞ്ഞതായി കാണാം. 2010ൽ ഇത് 12.5 ശതമാനമായിരുന്നുവെങ്കിൽ 2020 ല്‍ ഒമ്പത് ശതമാനമായി കുറഞ്ഞു.

2011 ലെ സെന്‍സസ് അനുസരിച്ച് അസമിലെ ജനസംഖ്യയുടെ 34.2 ശതമാനവും മുസ്‌ലിങ്ങളാണ്. പൊതുമേഖലയില്‍ 2009-12 ല്‍ 17.4 ശതമാനവും 2018-20 ല്‍ 19.32 ശതമാനവും ആയിരുന്നു മുസ്‌ലിം പ്രാതിനിധ്യം. അവലോകന കാലയളവില്‍ സ്വയംതൊഴില്‍ രംഗത്തെ സാന്നിധ്യം 30 ശതമാനമാണെന്നും കണക്കിയിട്ടുണ്ട്.

പൊതുമേഖലയിലെന്ന പോലെ സ്വയംതൊഴില്‍ രംഗത്തും മുസ്‌ലിം പ്രാതിനിധ്യം കുറയുന്നത് സൂചിപ്പിക്കുന്നത് അവര്‍ക്കിടയിലെ തൊഴിലില്ലായ്മ വര്‍ധിക്കുന്നുവെന്നാണ്. എന്‍എസ്എസ് നടത്തിയ സര്‍വേയില്‍ തൊഴില്‍രഹിതരായ മുസ്‌ലിങ്ങളുടെ എണ്ണം 2.62 ശതമാനത്തില്‍ (2009-10) നിന്നും 2018-19 എത്തിയപ്പോഴേക്ക് 7.16 ശതമാനായി കുതിച്ചുയര്‍ന്നതായി കണ്ടെത്തിയിരുന്നു.

  • പാരിസിലെ CERI- സയന്‍സസ് PO/CNRS, മുതിര്‍ന്ന ഗവേഷകനും, ലണ്ടനിലെ കിങ്‌സ് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇന്ത്യന്‍ പൊളിറ്റിക്‌സ് ആൻഡ് സോഷ്യോളജിയിലെ പ്രൊഫസറും കാര്‍ണീജ് എന്‍ഡോവ്‌മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസിലെ നോണ്‍ റസിഡന്റ് സ്‌കോളറുമാണ് ജഫ്രെലോട്ട്. സെയ്‌നി ഇന്ത്യന്‍ പൊളിറ്റിക്‌സിലെ ഗവേഷകനും ഡാറ്റ അനലിസ്റ്റുമാണ്.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Shrinking presence of muslims in public and private sector work force