/indian-express-malayalam/media/media_files/uploads/2017/04/jijo1.jpg)
മതങ്ങള്‍ ഇന്ന് 'ഹരിതസുവിശേഷം' പ്രസംഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. പ്രസംഗത്തിലേക്ക് കടക്കുംമുന്‍പ് ചില ചോദ്യങ്ങള്‍ക്ക് മതങ്ങള്‍ ആദ്യം ഉത്തരം പറയട്ടെ. എന്നിട്ടാവാം സുവിശേഷം.
1. ഉറവിടങ്ങളിൽ പുഴ പരിശുദ്ധയാണ്; ആചാരക്കുളിയുടെ സ്നാനഘട്ടുകളിൽ ആണ് മാലിന്യങ്ങൾ അടിയുന്നത്. മാലിന്യത്തിൽ മുങ്ങിമരിച്ച ഗംഗ, യമുന, പെരിയാർ, പമ്പയാര്‍ .... ഇതിനൊക്കെ ആര് ഉത്തരം പറയും?
2. വനങ്ങളിൽ ജീവിതം സ്വച്ഛമാണ്. എന്നാൽ, മലയാറ്റൂരിൽ, ശബരിമലയിൽ... നമ്മുടെ കാടുകളെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മലമാലിന്യങ്ങളും കൊണ്ട് നിറച്ചതാര്?
3. സ്വാതന്ത്ര്യം വന്യജീവികളുടെ ജന്മാവകാശമാണ്. കാടിന്റെ കുളിർമയിൽ ജീവിക്കേണ്ട വലിയൊരു മൃഗത്തെ ചെണ്ടകൊട്ടി, പൊരിവെയിലത്ത് നിർത്തി, ചങ്ങലക്കിട്ട്, ജനക്കൂട്ടത്തിൽ ഇറക്കി ആര് അവയ്ക്ക് മദപ്പാട് ഉണ്ടാക്കി? പോയവര്‍ഷങ്ങളിൽ ആന ചവിട്ടിക്കൊന്ന 391 (2015), 413 (2014) മനുഷ്യജീവിതങ്ങൾക്ക് ആര് ഉത്തരവാദിത്തം ഏറ്റെടുക്കും?
Read More:പൗരോഹിത്യം, ബ്രഹ്മചര്യം, നേതൃത്വ അപചയം
4. ആഗോള താപനം വർദ്ധിച്ചു വരികയും അതിന്റെ ദൂഷ്യഫലങ്ങള്‍ നമ്മൾ അനുഭവിക്കാൻ തുടങ്ങുകയും ചെയ്ത ഈ കാലത്ത് ശബ്ദമലിനീകരണം, വായൂമലിനീകരണം എന്നിവ ഉണ്ടാക്കുന്ന വിനോദത്തിൽ ഏർപ്പെടുന്നത്. ഉത്സവ-പെരുന്നാൾ വെടിക്കെട്ടുകൾ, ദീപാവലി, ക്രിസ്തുമസ്, ഹോളി വെടിക്കെട്ടുകൾ ..... ഇവയുണ്ടാക്കുന്ന ശബ്ദ-വായൂ മലിനീകരണത്തിന്, വെടിക്കെട്ട് ദുരന്തത്തില്‍ പൊലിഞ്ഞുപോയ ജീവിതങ്ങൾക്ക് ആര് മറുപടി പറയും? ദീപാവലി-ഹോളി-വിഷുക്കാലങ്ങളില്‍ ഇന്ത്യയിലെ നഗരങ്ങള്‍ രാവുംപകലും ഒരു വലിയ ഭൂമികുലുക്കത്തില്‍ പെട്ടുപോയവിധം മുഴങ്ങുകയും കുലുങ്ങുകയും ചെയ്തുകൊണ്ടിരിക്കുന്നു. ചുട്ടുപഴുക്കുന്ന മതവഴികള്‍ ഇനിയും പലതുമുണ്ട്. എല്ലാ ആരാധനാലയങ്ങളും ഇപ്പോള്‍ കോണ്‍ക്രീറ്റ്-ടിന്‍ മേല്കൂരകളും മുറ്റങ്ങളും ഒരുക്കുന്ന തിരക്കിലാണ്. മധ്യകേരളത്തിലെ ഏറ്റവും വിശാലമായ കോണ്‍ക്രീറ്റ് തറയോട് മുറ്റം ഉള്ളത് മണര്‍കാട് പള്ളിക്കാണ്. ഏതാണ് അഞ്ച് ഏക്കറോളം ചുറ്റളവില്‍! അവിടെ മുന്‍പ് നിറയെ പുല്ലും മണലും മാത്രമുണ്ടായിരുന്ന ഇടമായിരുന്നു.
Read More:സദാചാരഗുണ്ടായിസം എന്ന ലൈംഗിക ദാരിദ്ര്യം
5. ഭൂമിയിൽ എല്ലായിടത്തും, എല്ലാ ദേവാലയങ്ങളിലും, ദൈവസാന്നിധ്യം ഒരു പോലെ എന്ന് വിശ്വസിക്കുമ്പോൾ നിയന്ത്രണാതീതമായി ജനം ചിലയിടങ്ങളിൽ തീര്‍ഥാടനം എന്ന പേരില്‍ തടിച്ചുകൂടുന്നു. എന്താ ചില ദൈവങ്ങള്‍ക്കും വിശുദ്ധന്മാര്‍ക്കും കൂടുതല്‍ 'ശക്തി'യുണ്ടോ? അതോ ആളുംതരവും നോക്കിമാത്രമേ ദൈവം അനുഗ്രഹം കൊടുക്കുകയുള്ളോ? ഈ തീര്‍ഥാടനജനകൂട്ടത്തിന് ആര്, എന്തിന് ഇടയുണ്ടാക്കി കൊടുക്കുന്നു? അവിടങ്ങളിൽ സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതുമായ വിരണ്ടോട്ടമരണങ്ങൾക്ക് (stampede) ആര് ഉത്തരം പറയും?
6. മനുഷ്യർ ശാന്തത ആഗ്രഹിക്കുന്ന സമയങ്ങളാണ് പരീക്ഷാക്കാലം, രോഗാവസ്ഥ, വാർദ്ധക്യം, ശൈശവാവസ്ഥ... നാട്ടിൽ നിരോധിച്ച കോളാമ്പി മൈക്ക് ഉപയോഗിച്ചും അല്ലാതെയും നിയമവിരുദ്ധമായ അളവിൽ ശബ്ദമലിനീകരണം നടത്തി വരും തലമുറയുടെ വിദ്യാഭ്യാസഭാവിയും മനുഷ്യരുടെ ആരോഗ്യവും നശിപ്പിക്കുന്നതാര്?
7. നൂറുകൂട്ടം തിരക്കുകളും അത്യാവശ്യങ്ങളും (അത്യാഹിത ആശുപത്രി കേസുകൾ, കൃത്യ സമയത്ത് തുടങ്ങുന്ന ഇന്റർവ്യൂ, ജോലി, ചടങ്ങുകൾ, മരണാവശ്യം, വിവാഹം, യാത്ര....) ആയി ജനം സഞ്ചരിക്കുന്ന വഴിയിൽ താലപ്പൊലിയേന്തി, മുത്തുക്കുട ചൂടി, രൂപക്കൂട് വഹിച്ച്, ചെണ്ടകൊട്ടി, ബാൻഡ് ഊതി, കാവടിതുള്ളി നൂറുകണക്കിന് മനുഷ്യരുടെ ജീവിതത്തിന്റെ ഗതി തന്നെ തിരിച്ചുവിട്ടതാര്?
8. ദൈവങ്ങള്‍ എന്തിനാണ് മലകള്‍ കയ്യേറുന്നത്? വനഭൂമിയുടെ പരിധിയില്‍ വരുന്ന മലകളില്‍ കയ്യേറ്റം നടത്താത്ത ദൈവങ്ങള്‍ പശ്ചിമഘട്ടത്തില്‍ വിരളമാണ്. ഹൈറേഞ്ചില്‍ എല്ലാ പള്ളികളും മിക്ക അമ്പലങ്ങളും മലകള്‍ കയ്യേറിയിട്ടുണ്ട്. മൂന്നാറില്‍ കയ്യേറി ഇപ്പോള്‍ ഒഴിപ്പിക്കാന്‍ റവന്യൂ വകുപ്പ് ബുദ്ധിമുട്ടുന്ന മലയാകട്ടെ, എല്ലാവര്‍ഷവും മലകയറാന്‍ കാടിന് തീയിട്ട് വെളിപ്പിക്കുന്ന എഴുകുംവയല്‍ കുരിശുമലയാകട്ടെ ഇവയൊക്കെ വലിയ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ കൂടി അവയുടെ മുകളില്‍ പണിതുയര്‍ത്തുമ്പോള്‍ അവ ഉണ്ടാകുന്ന പാരിസ്ഥിതികനാശങ്ങള്‍ ചില്ലറയല്ല.
മതങ്ങളെ, ഈ പാരിസ്ഥിതിക പൊതുതാത്പര്യ ഹർജി നിങ്ങളുടെ മുന്നിൽ തുറന്നുവെക്കുകയാണ്. ഇതിന് ഉത്തരം പറഞ്ഞിട്ട് നമുക്ക് ആത്മീയത സംസാരിക്കാം. അല്ലെങ്കില്‍ നിങ്ങളുടെ മക്കളുടേയും സര്‍വ്വചരാചാങ്ങളുടെയും വിചാരണക്കോടതിയില്‍ നിങ്ങള്‍ നില്‍ക്കേണ്ടിവരും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.