scorecardresearch
Latest News

മിസ്റ്റർ കേജ്‌രിവാൾ, ഇനിയെങ്കിലും നിങ്ങൾക്ക് ഷഹീൻ ബാഗ് സന്ദർശിച്ചുകൂടെ?

ഒരു രാഷ്ട്രീയ പാർട്ടിയും ഷഹീൻ ബാഗിൽ വരണമെന്ന് അവർക്കില്ല. അവരുടെ പ്രതിഷേധം രാഷ്ട്രീയവൽക്കരിക്കപ്പെടാൻ അവർ ആഗ്രഹിക്കുന്നില്ല. തങ്ങളുടെ പ്രതിഷേധം അംഗീകരിക്കപ്പെടുകയും അവമതിക്കപ്പെടാതിരിക്കുകയും മാത്രമാണ് അവർക്ക് വേണ്ടത്

saba rahman, opinion, iemalayalam

പ്രിയപ്പെട്ട അരവിന്ദ് കേജ്‌രിവാൾ,

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ നിങ്ങളുടെ ഗംഭീര വിജയത്തിന് അഭിനന്ദനങ്ങൾ. ധ്രുവീകരണത്തിനെതിരെ ദേശീയ തലസ്ഥാനം ഇന്നുവരെ കണ്ടതിൽ ഏറ്റവും ശക്തമായ പ്രചരണമായിരുന്നു നിങ്ങളുടേതെന്ന് ഉറപ്പാണ്. വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, വൈദ്യുതി, കറയറ്റ ഭരണം എന്നീ വിഷയങ്ങളിൽ നിങ്ങൾ എങ്ങനെ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നത് പ്രശംസനീയമാണ്.

എന്നെ സംബന്ധിച്ചിടത്തോളം, നിങ്ങളുടെ പ്രചാരണത്തിൽ നിങ്ങൾ നേരിട്ടതും ഷഹീൻ ബാഗിലെ പ്രതിഷേധിക്കുന്ന സ്ത്രീകൾ അഭിമുഖീകരിക്കുന്നതും തമ്മിലുള്ള സമാനതകൾ വ്യക്തമല്ല.

നിങ്ങളെ “തീവ്രവാദി” എന്നും “ദേശവിരുദ്ധൻ” എന്നും വിളിക്കുമ്പോൾ, നിങ്ങളുടെ നഗരത്തിലെ മുസ്‌ലിം പ്രദേശമായ ഷഹീൻ ബാഗിൽ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി വഴി തടയുന്നവരെ പൈശാചികവത്ക്കരിക്കുകയാണ്. അവിടെ ‘പാക്കിസ്ഥാൻ’ എന്ന് വിളിക്കപ്പെടുന്നു. പ്രതിഷേധക്കാരെ പണം കൊടുത്ത് ഇറക്കിയതാണെന്ന് പറയുന്നു. അവർ വീട്ടിൽ കയറി നിങ്ങളുടെ അമ്മമാരെയും സഹോദരിമാരെയും ബലാത്സംഗം ചെയ്യുന്നു എന്ന് പറയുന്നു.

എന്നാൽ നിങ്ങളെ പോലെ തന്നെ ഷഹീൻ ബാഗും അവരുടെ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ബിജെപിയുടേയും ഒരു വിഭാഗം മാധ്യമങ്ങളുടേയും നിരന്തരമായ ആക്രമണങ്ങൾക്ക് മുന്നിൽ മുട്ടുമടക്കാതിരിക്കുകയും ചെയ്തു. എതിരാളികളുടെ ഭാഷ സംസാരിക്കാനോ തങ്ങൾക്കോ ജാമിയയിലെ വിദ്യാർഥികൾക്കോ നേരെ പാഞ്ഞുവന്ന വെടിയുണ്ടകളോട് പ്രതികരിക്കാനോ അവർ തുനിഞ്ഞില്ല. പകരം കലകൊണ്ടും കവിതകൊണ്ടും പൂക്കൾകൊണ്ടും ആ കുപ്രസിദ്ധമായ ‘ബിരിയാണി’ പരാമർശത്തിനു മറുപടി നൽകി അവർ സമാധാനപരമായി പ്രതിഷേധിച്ചു.

Aravind Kejriwal, Aam Admi party, iemalayalam

പാർലമെന്റിൽ നിങ്ങൾ സി‌എ‌എയ്‌ക്കെതിരെ വോട്ടുചെയ്‌തുവെങ്കിലും, തിരഞ്ഞെടുപ്പിൽ ഈ വിവാദ നിയമത്തെ വെല്ലുവിളിക്കില്ലെന്ന് നിങ്ങൾ തീരുമാനിച്ചു. നിങ്ങളുടെ റാലികളിലും അഭിമുഖങ്ങളിലും ഷഹീൻ ബാഗിനെ പരാമർശിക്കുന്നത് ഒഴിവാക്കുമ്പോഴും വഴിതടയുന്നവർ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു എന്ന് പറയുമ്പോഴും ‘വെള്ളം-വൈദ്യുതി’ നൽകാമെന്ന നിങ്ങളുടെ രാഷ്ട്രീയത്തിന് ഈ പ്രതിഷേധക്കാർ അംഗീകരിക്കുന്നുണ്ട്. രണ്ടു മണിക്കൂറിനുള്ളിൽ റോഡ് ഒഴിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രിയെ പരിഹസിച്ചുകൊണ്ട് നിങ്ങൾ​ പറഞ്ഞു.

വാസ്തവത്തിൽ, ഷഹീൻ ബാഗുമായി ഇടപഴകാൻ നിങ്ങൾ വിസമ്മതിച്ചപ്പോഴും, നിങ്ങൾക്കും ഷഹീൻ ബാഗിനും വളരെയധികം സാമ്യതകളുണ്ടെന്ന് നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടോ?

രാഷ്‌ട്രീയ രംഗത്തേക്ക് നിങ്ങളെ നയിച്ച നിങ്ങളുടെ ആക്ടിവിസവും ഷഹീൻ ബാഗിലെ സ്ത്രീകളുടെ ആവശ്യങ്ങളും ഒന്നു തന്നെയാണ്. നിങ്ങളെ പോലെ കറയറ്റ രാഷ്ട്രീയം, പൊതുജീവിതത്തിലെ സുതാര്യത, രാഷ്ട്രീയ ഉത്തരവാദിത്തം, ദരിദ്ര അനുകൂല ഗവൺമെന്റ് എന്നിവയ്ക്കാണ് അവരും നിലകൊള്ളുന്നത്. ഒരു ആർടിഐ ആക്ടിവിസ്റ്റിൽനിന്നും രാഷ്ട്രീയക്കാരനാകുകയും മഗ്‌സേസെ അവാർഡ് നേടുകയും ചെയ്തിട്ടുള്ള നിങ്ങൾ ഷഹീൻ ബാഗിലെ റിബൽ ആയ സ്ത്രീകളെ പോലെ തന്നെയാണ്.

2014 ജനുവരിയിലെ ഒരു തണുത്ത രാത്രിയിലെ നിങ്ങളുടെ ഒരു മറക്കാനാത്ത ചിത്രമുണ്ട്. റിപ്പബ്ലിക് ഡേ ദിനത്തോട് അനുബന്ധിച്ച് ഡൽഹിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്ന സമയത്ത് ഡൽഹിയുടെ തെരുവിൽ നിങ്ങളുടെ കാറിനടുത്ത് ഒരു പുതപ്പിനടിയിൽ നിങ്ങൾ കിടന്നുറങ്ങുന്ന ചിത്രം. ഒരു റെയ്ഡിന് നിയമന്ത്രിയുമായി സഹകരിക്കാത്തതിന്റെ പേരിൽ ഡൽഹിയിലെ മുഖ്യമന്ത്രി എന്ന നിലയിൽ നിങ്ങൾ പൊലീസിനെതിരെ പ്രതിഷേധിക്കുകയായിരുന്നു. മറ്റൊരു ജനപ്രിയചിത്രം 2018ലേതായിരുന്നു. ലെഫ്റ്റനന്റ് ഗവർണറുടെ ഓഫീസിന്റെ സ്വീകരണ മുറിയിൽ നടന്ന ധർണയിൽ നിങ്ങളും നിങ്ങളുടെ സഹപ്രവർത്തകരും ഒരു ഒരു സോഫയിൽ കിടക്കുന്നതായിരുന്നു അത്.

Aravind Kejriwal, Aam Admi party, iemalayalam

പ്രതിഷേധിക്കാൻ നിങ്ങൾക്കുണ്ടായിരുന്ന, ഇപ്പോഴും ഉള്ള അതേ അവകാശം ഷഹീൻ ബാഗിനുമില്ലേ? രേഖകൾ കാണിക്കില്ലെന്ന് ഷഹീൻ ബാഗ് പറയുമ്പോൾ, കോൺഗ്രസ് സർക്കാരിനെതിരായ നിങ്ങളുടെ ആവേശകരമായ പ്രക്ഷോഭങ്ങളെക്കുറിച്ച് ഓർമ്മയില്ലേ? 2012 ൽ നിങ്ങൾ ഡൽഹിയിൽ വൈദ്യുതി-ജല സത്യാഗ്രഹം ആരംഭിച്ചപ്പോൾ ബില്ലുകൾ അടയ്ക്കരുതെന്ന് ജനങ്ങളെ ഉദ്‌ബോധിപ്പിച്ചത് ഓർമയില്ലേ?

സി‌എ‌എയ്ക്കും എൻ‌ആർ‌സിക്കുമെതിരെ വ്യക്തമായ നിലപാട് സ്വീകരിച്ചത് കോൺഗ്രസാണ്, ആം ആദ്മി പാർട്ടിയല്ലെന്നോർക്കുക. കോൺഗ്രസിലെ ചില മുതിർന്ന നേതാക്കൾ പ്രതിഷേധ സ്ഥലം സന്ദർശിച്ചു. എന്നാൽ ബിജെപ്പിക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനുള്ള അവസരമൊരുക്കി ഡൽഹി തിരഞ്ഞെടുപ്പിനെ ത്രികോണ മത്സരമാക്കി മാറ്റുന്നില്ലെന്ന് ഷഹീൻ ബാഗ് ഉറപ്പുവരുത്തി.

എന്നിട്ടും ഫെബ്രുവരി 11ന് ഷഹീൻ ബാഗ് നിലകൊള്ളുന്ന ഓഖ്‌ലയിൽ നിങ്ങളുടെ സ്ഥാനാർഥി വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഡൽഹിയിലൊട്ടാകെയുള്ള മുസ്ലിം ജനത നിങ്ങൾക്ക് വോട്ട് ചെയ്തെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. വെറും വോട്ട് ബാങ്ക് ആയി കണക്കാക്കപ്പെടുകയും മനുഷ്യത്വരഹിതമായി പരിഗണിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയിൽ ഷഹീൻ ബാഗിലെ ജനങ്ങൾ മടുത്തുവെന്ന് ഞാൻ പറയട്ടെ. അവർ നിരന്തരം അടിവരയിടുന്നതുപോലെ, അവരുടെ പോരാട്ടം വോട്ട് രാഷ്ട്രീയത്തിന് മുകളിലാണ്.

നിങ്ങൾ ഇപ്പോൾ ഒരു ഭരണാധികാരിയുടെ പ്രതിച്ഛായ വളർത്തിയെടുക്കാൻ ശ്രമിക്കുന്നുണ്ടാകാം, പക്ഷേ അഴിമതിക്കെതിരായ പ്രതിഷേധ പ്രസ്ഥാനമാണ് നിങ്ങളുടെ രാഷ്ട്രീയ ജീവിതത്തിന് ജന്മം നൽകിയതെന്ന് നിങ്ങൾക്ക് നിഷേധിക്കാമോ? ഈ ഷഹീൻ ബാഗിലെ സ്ത്രീകളെ പോലെ നിങ്ങൾ, നിങ്ങളുടെ പാർട്ടിയും സർക്കാരും മതേതരവും, പുരോഗമനപരവും, എല്ലാവരേയും ഉൾക്കൊള്ളുന്നതുമായ ഒരു ഇന്ത്യയ്ക്കായി നിലകൊള്ളില്ലേ?

shaheen bagh

തിരഞ്ഞെടുപ്പ് ആരവങ്ങളൊഴിഞ്ഞല്ലോ. ഇനിയെങ്കിലും അവരെ സന്ദർശിക്കേണ്ടതുണ്ട് എന്ന് നിങ്ങൾ​ കരുതുന്നില്ലേ?

ഒരു രാഷ്ട്രീയ പാർട്ടിയും ഷഹീൻ ബാഗിൽ വരണമെന്ന് അവർക്കില്ല. അവരുടെ പ്രതിഷേധം രാഷ്ട്രീയവൽക്കരിക്കപ്പെടാൻ അവർ ആഗ്രഹിക്കുന്നില്ല. തങ്ങളുടെ പ്രതിഷേധം അംഗീകരിക്കപ്പെടുകയും അവമതിക്കപ്പെടാതിരിക്കുകയും മാത്രമാണ് അവർക്ക് വേണ്ടത്.

സർ, അവരുടെ രാജ്യത്തെ ഒരു പൗരനായി, അവരുടെ മുഖ്യമന്ത്രിയായി, ഒരു ഡൽഹിക്കാരനായി നിങ്ങൾ അവരുടെ അടുത്തേക്ക് പോയി അവരുടെ ചെറുത്തുനിൽപ്പിന് പിന്തുണ നൽകുകയും അവരുമായി ഒരു സംഭാഷണത്തിന് തയ്യാറാകുകയും വേണം. വാസ്തവത്തിൽ നിങ്ങൾക്ക് അവിടെ പോയി ‘ഹനുമാൻ ചാലിസ’ ചൊല്ലാം. ഷഹീൻ ബാഗ് സന്തോഷത്തോടെ നിങ്ങൾക്കൊപ്പം അതിൽ പങ്കുചേരും. നിങ്ങൾ ഇത് നഷ്ടപ്പെടുത്തുകയാകാം. പക്ഷെ അവിടെയുള്ളവർ എല്ലാ വിശ്വാസളുടേയും പ്രാർഥനകൾ ചൊല്ലുന്നുണ്ട്. അവർക്ക് മഹാത്മാ ഗാന്ധിയുടെ ഭജനകളോട് പ്രത്യേക സ്നേഹമുണ്ട്.

അതിനപ്പുറം ഈ വിജയത്തിന് ഷഹീൻ ബാഗിലെ ജനങ്ങളോടും നിങ്ങൾ​ കടപ്പെട്ടിരിക്കണം. അവരും അത്ഭുതങ്ങൾ ചെയ്തിട്ടുണ്ട്.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Shaheen bagh arvind kejriwal