അടുത്തകാലത്ത് പങ്കെടുക്കാൻ കഴിഞ്ഞ പൊതുപരിപാടികളിൽ ഏറ്റവും സന്തോഷകരമായി അനുഭവപ്പെട്ട ഒന്നായിരുന്നു തിരുവന്തപുരത്തെ മാനവീയം വീഥിയിൽ ഇക്കഴിഞ്ഞദിവസം അരങ്ങേറിയ ക്വിയർ ഫെസ്റ്റ്. എങ്ങും പരിചിതമായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയതമസ്സിൽ പൊട്ടിപ്പുറപ്പെടുന്ന വെളിച്ചം തന്നെയായിരുന്നു കേരളത്തിലെ LGBTQI+ സമൂഹം ഈ വർഷത്തെ ലിംഗ-ലൈംഗികസ്വാഭിമാന ഘോഷയാത്രയ്ക്കു മുന്നോടിയായി സംഘടിപ്പിച്ച ഈ പരിപാടി. കാഴ്ചക്കാരായി മാത്രം അവിടെയെത്തിയവരെപ്പോലും അതു നവീകരിച്ചതായിത്തോന്നി. ലിംഗ-ലൈംഗികന്യൂനപക്ഷങ്ങൾക്കിടയിൽ നിന്നും പുതിയ നിരവധി ശബ്ദങ്ങൾ ഉയർന്നു കേട്ടത് ആഹ്ളാദകരമായി. മലയാളികളായ ട്രാൻസ് പുരുഷന്മാർ സ്വന്തം ശരീരങ്ങൾ തങ്ങൾക്കു നൽകുന്ന അഭിമാനവും ആഹ്ളാദവും പങ്കുവയ്ച്ചുകൊണ്ട് അവിടെ നടത്തിയ ഫാഷൻപ്രദർശനം ലോകത്താകെ അപൂർവ്വമായ സംഭവമായിരുന്നു.
കേരളം അരക്ഷിത ഇടവും കൊലപാതകങ്ങളുടെ തലസ്ഥാനവും മാത്രമാണെന്ന് ഹിന്ദുത്വവാദികളും അവരുടെ മാധ്യമ പിന്തുണക്കാരും തൊണ്ടപൊട്ടി അലറിക്കൊണ്ടിരിക്കുന്നു. അതു സത്യമെങ്കിൽ ലോകമെമ്പാടും അങ്ങേയറ്റം ഹീനമായ ഹിംസയ്ക്കു വിധേയരായ ലിംഗ-ലൈംഗികന്യൂനപക്ഷങ്ങൾക്ക് പരസ്യമായി ഇത്തരമൊരു ആനന്ദോത്സവം ഇവിടെ എങ്ങനെ ഒരുക്കാൻ സാധിച്ചു? ചെകുത്താന്മാരുടെ വേദമോതൽ കേട്ട് ചെവി പൊട്ടാറായിരിക്കുന്നു ഈ നാട്ടിൽ. ബീഫ് കഴിച്ചു, കൊണ്ടുനടന്നു എന്നതിനെയൊക്കെ കുറ്റമാക്കി മനുഷ്യരെ ആ പേരിൽ വെട്ടിക്കൊല്ലാൻ മടിക്കാത്ത, സ്ത്രീകളെ പിൻതുടർന്ന് ഉപദ്രവിക്കുന്ന ഹിന്ദുത്വവാദി സന്താനത്തെ ന്യായീകരിക്കാൻ ശ്രമിക്കുന്ന, ആ പുണ്യഭൂമിയിലേക്കു ഈ ഓത്തുകാരെ മുഴുവൻ നിയോഗിക്കുകയല്ലേ വേണ്ടത്? ഇവിടുത്തുകാർക്ക് സ്വസ്ഥതയുണ്ടാകുമായിരുന്നു.
എങ്കിലും രാത്രിയെ നിറങ്ങളാൽ നിറച്ച ആ ആഘോഷം ആനന്ദത്തോടെ കണ്ടുനിന്നപ്പോഴും ചില ആശങ്കകൾ എന്റെയുള്ളിൽ നിറയാതിരുന്നില്ല. പൊതുസമൂഹത്തിനു മുന്നിൽ സ്വന്തം ശരീരത്തെപ്പറ്റി തങ്ങൾക്കുള്ള അഭിമാനത്തെ പരസ്യമാക്കാനായിരുന്നു ശ്രമമെന്നതുകൊണ്ട് ഈ പരിപാടിയിൽ പ്രദർശനത്തിനും സൗന്ദര്യത്തിനും മുൻതൂക്കം ലഭിച്ചതിൽ എനിക്കത്ഭുതം തോന്നിയില്ല. അതുപോലെ, അവിടെ അവതരിപ്പിക്കപ്പെട്ട പ്രദർശനങ്ങളിലും നൃത്തങ്ങളിലും ഹിന്ദുപുരാണങ്ങൾക്കും കച്ചവടസിനിമയ്ക്കും വൻസാന്നിദ്ധ്യമുണ്ടായതിലും അത്ഭുതപ്പെടാനോ പരിഭവിക്കാനോ ഒന്നുമില്ലായിരുന്നു. നിലവിൽ ലിംഗ-ലൈംഗികന്യൂനപക്ഷങ്ങൾക്ക് അല്പമെങ്കിലും ഇടം നൽകുന്നതായി ഭാവിക്കുന്ന വ്യവഹാരങ്ങൾ ഇവയാണല്ലോ. ഈ രണ്ടു വ്യവഹാരങ്ങളും വച്ചുനീട്ടുന്നത് കപടമായ ഉൾപ്പെടുത്തലാണെന്ന് എത്ര വേണമെങ്കിലും തെളിവുണ്ടെങ്കിലും, പരിമിതമായ ആ ഉൾപ്പെടലിനെ പാർശ്വവത്കൃതരായ മനുഷ്യർ വിലവയ്ക്കുന്നതിൽ അത്ഭുതമില്ല. ആരോഗ്യകരങ്ങളല്ലാത്ത ഈ ഊന്നുവടികളെ അവർ ഉപേക്ഷിക്കണമെങ്കിൽ ആദ്യം മത-ജാതി ഇടുക്കങ്ങളെ മാറ്റിവയ്ക്കാൻ കഴിവുള്ളതും കച്ചവടോദ്ദേശ്യമില്ലാത്തതുമായ സിവിൽ സമൂഹം അവരെ പൂർണമായി ഉൾക്കൊണ്ട്, സ്വയം മാറി, നവസാംസ്കാരികപ്രവത്തനങ്ങൾക്ക് ഇടമൊരുക്കണം.
ട്രാൻസ്‌ജനങ്ങൾക്ക് ഗുണാത്മകമായ ഇടം കൊടുക്കുന്നു എന്നു പറയപ്പെടുന്ന ഹൈന്ദവപുരാണകഥകൾ മനുഷ്യരെപ്പറ്റിയല്ല, ദൈവങ്ങളെപ്പറ്റിയാണ്. അവ ചരിത്രമാണെന്നു വരുത്തിത്തീർക്കാൻ ഹിന്ദുത്വവാദികൾ ശ്രമിക്കുന്നെങ്കിലും ആ ശ്രമം അതിന്റേതായ പ്രശ്നങ്ങൾ സൃഷ്ടിക്കും (ഉദാഹരണത്തിന്, രാമായണം ചരിത്രമാണെങ്കിൽ വിന്ധ്യനു തെക്കു ജീവിച്ച മനുഷ്യർക്ക് പാതിമനുഷ്യത്വം അഥവാ കുരങ്ങത്വം ആണോ ഉണ്ടായിരുന്നതെന്ന ചോദ്യം). വിവേചനവ്യവസ്ഥകളായ ജാതിയും ലിംഗഭേദവും എല്ലാം നശ്വരരായ മനുഷ്യരുടെ വിധിയാണ്, ഹിന്ദുമതവിശ്വാസത്തിൽ. ദൈവങ്ങൾക്ക് അവ ബാധകമല്ല. അതുകൊണ്ടുതന്നെ അവരുടെ ലിംഗ-ലൈംഗികസ്വഭാവങ്ങൾക്ക് വഴക്കമേറും. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, ഹിന്ദുപുരാണകഥകളിൽ ചിലപ്പോൾ കാണാറുളള ലിംഗ-ലൈംഗികസങ്കീർണത, ഹിന്ദുസമൂഹത്തിൽ വിമത ലിംഗ-ലൈംഗികതകൾ സ്വീകാര്യമാണെന്നല്ല സൂചിപ്പിക്കുന്നത്. തന്നെയുമല്ല, പുരാണ-ഇതിഹാസങ്ങളിൽ ദേവതാ ശ്രേണിക്കു പുറത്ത് ട്രാൻസ് വ്യക്തിത്വങ്ങൾ സങ്കല്പിക്കപ്പെടുന്നത് അഭിനന്ദനപൂർവ്വമല്ല – അർജുനൻ ബൃഹന്നളയായത് ശാപമേറ്റതു കൊണ്ടാണ്. ശിഖണ്ഡിയുടെ പിറവിയാകട്ടെ, സ്വാഭാവികമല്ല, സവിശേഷമായ ഉദ്ദേശ്യത്തോടെയാണ്. ശിഖണ്ഡി എന്നത് ഇന്നും അപമാനകരമായ അഭിസംബോധനയുമാണ്.
ബ്രാഹ്മണേതര ഹൈന്ദവപാരമ്പര്യങ്ങളിൽ വ്യത്യാസമുണ്ടെന്ന് സമ്മതിക്കാം. ഇന്ത്യയുമായി പൂർവകാലബന്ധമുള്ള, എന്നാൽ മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിൽ ‘ശ്രീകണ്ടി’ വീര-‘വരിയ’ (waria) ആണ്. ‘പ്രിയ’ (പുരുഷൻ), ‘വനിത’ (സ്ത്രീ) എന്ന രണ്ടു ഇന്തോനേഷ്യൻ ബഹാസാ പദങ്ങൾ കൂടിച്ചേർന്നുണ്ടായതാണ് ‘വരിയ’ എന്ന പേര്. ട്രാൻസ് മനുഷ്യർക്ക് സ്വന്തമായ പേര് ആ ഭാഷയിലുണ്ട്. ഇവിടെ ഉളളതോ, ഇരുട്ട് മാത്രം. ബ്രാഹ്മണമതത്തെ ഹിന്ദുമതത്തിന്റെ മുഖ്യപ്രകാശനമായി കണ്ട് ആ മതത്തിൻറെ സാദ്ധ്യതകളെ ഇല്ലാതാക്കുന്നവർ സെമിറ്റിക് മതസംസ്കാരത്തിൻറെ ഇടുങ്ങിയ വ്യാഖ്യാനങ്ങൾക്കൊപ്പമാണെന്നതിന് തെളിവാണ് ഇന്നത്തെ ഹിന്ദുത്വവാദികളുടെ ലിംഗ-ലൈംഗികയാഥാസ്ഥിതികത്വം. ആ വ്യവഹാരത്തെ തള്ളിക്കളയുകയും ബ്രാഹ്മണേതരവ്യാഖ്യാനങ്ങളെ പരിചയപ്പെടുത്തുന്ന ഇടപെടലുകൾ നടത്തുകയും ചെയ്തില്ലെങ്കിൽ ലിംഗ-ലൈംഗികന്യൂനപക്ഷങ്ങൾക്ക് തങ്ങളുടേതായ ഇടം ഹിന്ദുത്വാധീശത്വകാലത്ത് കണ്ടെത്താൻ പ്രയാസമായിരിക്കും.
കച്ചവട സിനിമാസംസ്കാരത്തിൻറെ ലിംഗ-ലൈംഗികയാഥാസ്ഥിതികത്വം കുപ്രസിദ്ധമാണ്. സർവവ്യാപിയുമാണ്. ക്വിയർ ഫെസ്റ്റ് വേദിയ്ക്കു തൊട്ടടുത്തുതന്നെ അതുണ്ടെന്ന് എനിക്ക് നേരിട്ട് മനസ്സിലാവുകയും ചെയ്തു. തൊട്ടുപുറകിൽ നിന്നിരുന്ന രണ്ടു പുരുഷന്മാർ ട്രാൻസ്‌സ്ത്രീകളുടെ മേക്കപ്പിനെപ്പറ്റി അഭിപ്രായം പ്രകടിപ്പിക്കുന്നതു കേൾക്കാനിടയായപ്പോൾ ട്രാൻസ് അല്ലാത്ത സ്ത്രീകൾ ഇത്തരത്തിൽ മേക്കപ്പിടുന്നതിൽ നിന്ന് ഏതുവിധത്തിലാണ് ഇതു വ്യത്യസ്തമാകുന്നതെന്ന് അവരോട് ചോദിക്കാൻ ശ്രമിച്ചു, സൗഹൃദാന്തരീക്ഷത്തിന്റെ പ്രേരണയാൽ. പക്ഷേ അവരുടെ ശബ്ദത്തിൽ നിറഞ്ഞിരുന്നത് അറപ്പും വെറുപ്പുമായിരുന്നു. “ഞങ്ങളിവിടെ വന്നിരിക്കുന്നത് ഇതൊന്നും നോക്കാനല്ല, സിനിമയിലേക്ക് നടിയെ കിട്ടുമോ എന്ന് പരിശോധിക്കാനാണ്”, അവരിലൊരാൾ ക്ഷോഭിച്ചു. ക്വിയർമനുഷ്യരുടെ ആഘോഷത്തിന്റെ രാഷ്ട്രീയത്തിൽ തെല്ലും താത്പര്യമില്ലാതെ, അതിനോടു പുച്ഛം സ്ഫുരിക്കുന്ന ഭാവത്തോടെ, ചന്തയിൽ ചക്കയോ മാങ്ങയോ നോക്കിവാങ്ങാൻ നടക്കുന്നവരുടെ കണ്ണുള്ളവർ ഇവിടേയ്ക്ക് ആകർഷിക്കപ്പെടുന്നതിൻറെ കാരണമെന്ത്?
കാരണം വ്യക്തമാണ് : അവിടെ നടന്നത് സൗന്ദര്യപ്രദർശനമല്ല, സൗന്ദര്യമത്സരമാണ്. സ്ത്രീസൗന്ദര്യവും സ്ത്രീയായി പിറന്ന ഉടലും തമ്മിൽ ബന്ധമില്ലെന്നും ഓരോ ഉടലും അനുപമമാണെന്നും തെളിയിക്കാൻ പ്രദർശനം മതി. പക്ഷേ മത്സരമാകുമ്പോൾ മാനദണ്ഡം വേണം. അത് ഇന്ന് ട്രാൻസ് അല്ലാത്ത സ്ത്രീകളെ അളക്കാനുപയോഗിച്ചുവരുന്ന സവർണ-മേലാള-പുരുഷാധികാര-സൗന്ദര്യമൂല്യങ്ങൾ മാത്രമാണ്. ‘ബുദ്ധിപരീക്ഷ’ ഇവിടെയും പ്രഹസനമായിരുന്നുവെന്നതു മാത്രമല്ല. മറ്റു സൗന്ദര്യമത്സരങ്ങളിൽ ഏതാണ്ട് ഒരേ സാംസ്കാരികമൂലധനമുളളവർ തമ്മിലാണ് മത്സരം; ഇവിടെ പക്ഷേ മത്സരാർത്ഥികൾ അത്തരത്തിൽ സമത്വമനുഭവിക്കുന്നവരല്ലായിരുന്നു. മിടുക്കിന്റെ പരിശോധന ഇവിടെ അളന്നത് ജാതി-വർഗസ്വഭാവമുള്ള സാംസ്കാരികമെച്ചത്തെയാണ്. ഇതാകട്ടെ ക്വിയർരാഷ്ട്രീയം ഉന്നം വയ്ക്കുന്ന ജനാധിപത്യവത്ക്കരണത്തിന് എതിരാണ്. അപ്പോൾ, വിൽക്കാൻകൊള്ളുന്ന ശരീരമേതെന്ന് മാത്രം അറിയാൻ വരുന്നവർ അവിടെയെത്തിയത് വെറുതേയല്ല. ഇന്നത്തെ വിനോദവ്യവസായത്തിൽ ചെലവാകുന്ന ആകാരമുളള, ഇവിടുത്തെ സവർണ-മേലാളസൗന്ദര്യബോധത്തെ തൃപ്തിപ്പെടുത്തുന്ന, മത്സരാർത്ഥി തന്നെ വിജയിനിയായി പ്രഖ്യാപിക്കപ്പെട്ടതും അപ്രതീക്ഷിതമല്ല.
ചുരുക്കിപ്പറഞ്ഞാൽ ഈ ആഘോഷം അപൂർവ്വമായിരുന്നു. കേരളത്തെക്കുറിച്ചു നടക്കുന്ന അപവാദപ്രചരണത്തെ അതു തകർക്കുന്നു. പക്ഷേ ക്വിയർസാംസ്കാരികവേളകളിൽ വിനോദവ്യവസായത്തിന്റെ അതിപ്രസരത്തെപ്പറ്റിയും ഹിന്ദുപുരാണങ്ങളെ യാന്ത്രികമായി ആശ്രയിക്കുന്നതിനെപ്പറ്റിയും വിമർശനപരമായി ചിന്തിക്കേണ്ടതുണ്ട്. കേരളത്തിലെ ലിംഗ-ലൈംഗികമുഖ്യധാരയിൽ അലിഞ്ഞുചേരലല്ല ക്വിയർപ്രസ്ഥാനത്തിന്റെ ആത്യന്തികലക്ഷ്യമെങ്കിൽ.