പരാതിക്ക് ആസ്പദമായ സംഭവം നടക്കുന്ന സമയത്ത് രണ്ടു കക്ഷികളും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണെങ്കിൽ മാത്രമേ ലൈംഗിക പീഡന നിയമത്തിന്റെ വകുപ്പുകൾ ബാധകമാകൂ എന്നുണ്ടോ?
തൊഴിലിടങ്ങളിലെ സ്ത്രീകളുടെ ലൈംഗിക പീഡന നിയമം 2013 ഉം (The Sexual Harassment of Women at Workplace, Prevention, Prohibition and Redressal Act, 2013)അതിന്റെ അനുബന്ധ നിയമങ്ങളും പീഡിപ്പിക്കപ്പെട്ട സ്ത്രീക്ക് നിയമ പരിഹാരം നൽകുന്നു. ‘പീഡിപ്പിക്കപ്പെട്ട സ്ത്രീ’ എന്നതിൽ അതേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതോ, ആ സ്ഥാപനവുമായി ഏതെങ്കിലും വിധത്തിൽ, അതായത് സന്ദർശക, ഇന്റെര്‍ന്ഷിപ് ചെയ്യുന്നവര്‍, ട്രെയിനിങ് പരിപാടിയില്‍ പങ്കെടുകുന്നവര്‍ എന്നിങ്ങനെ ഏതെങ്കിലും രീതിയിൽ ബന്ധപ്പെട്ടതോ, ആയവർ ഉൾപ്പെടുന്നു, കൂടാതെ സ്ഥാപനത്തിന്റെ ജോലിയോ ജോലിസ്ഥലമോ ആയി ബന്ധപ്പെട്ടു പീഡിപ്പിക്കപ്പെട്ട കൃത്യങ്ങളും നിയമത്തിനുള്ളിൽ വരും. സ്ഥാപനത്തിലെ ജോലിക്കാരനെപ്പറ്റിയോ, ജോലി സംബന്ധമായി ബന്ധപ്പെട്ട പുറത്തുള്ള ആളെപ്പറ്റിയോ – കൺസൽട്ടന്റ്, സേവനദാതാവ്, ഏജന്റ് എന്നിങ്ങനെ ആരെക്കുറിച്ചും- പരാതി നൽകാവുന്നതാണ്.
പ്രതിയായ പുരുഷൻ ജോലി ചെയ്ത സ്ഥാപനത്തിൽ, പരാതിക്കാരി ഇപ്പോൾ ജോലി ചെയ്യുന്നില്ല, അഥവാ ആ സ്ഥാപനത്തിൽ ഒരിക്കലും ജോലി ചെയ്തിട്ടില്ല എന്ന സാഹചര്യത്തിലോ ഇര എവിടെയാണ് പരാതിപ്പെടേണ്ടത്?
ലൈംഗിക പീഡനം നടക്കുന്ന സമയത്ത്, സ്ത്രീ ആ സ്ഥാപനത്തിലെ ഉദ്യോഗസ്ഥയായി രുന്നുവെങ്കിൽ, ജോലി ഉപേക്ഷിച്ചതിന് ശേഷവും പരാതി നൽകാവുന്നതാണ്. എന്നാൽ, ഒരിക്കലുമവിടെ ജോലി ചെയ്തിരുന്നില്ല എന്ന സാഹചര്യത്തിൽ, പുരുഷന്റെ ജോലിസംബന്ധമായ പ്രവർത്തനങ്ങൾക്കിടയിലാണ് കുറ്റകൃത്യം സംഭവിച്ചതെങ്കിൽ, അഥവാ അതുമായി ബന്ധപ്പെട്ടാണെങ്കിൽ, ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി (ഐ സി സി) യ്ക്ക് പരാതി നൽകുവാൻ സ്ത്രീയ്ക്ക് അവകാശമുണ്ട്.
ഓരോ ജില്ലയിലും ഉണ്ടായിരിക്കേണ്ടതായ പ്രാദേശികമായ പരാതി സമിതി ( ലോക്കൽ കംപ്ലൈന്റ്സ് കമ്മിറ്റി)യിലും സ്ത്രീ പരാതി നൽകാവുന്നതാണ്. ലോക്കൽ കമ്മിറ്റിയുടെ നിലനില്‍പ്പിനെപ്പറ്റി അവബോധമുണ്ടാക്കുന്നതിൽ സർക്കാരിന് പരാജയം സംഭവിച്ചിട്ടുണ്ട്. മാത്രമല്ല, ലോക്കൽ കമ്മിറ്റിയിപ്പോൾ പ്രശ്നപരിഹാരത്തിന് ശക്തമായ ഉപാധികൾ നടപ്പാക്കുന്ന തുമില്ല.
ഇന്ത്യൻ ശിക്ഷാനിയമം 354 എ വകുപ്പിന്റെയും,(IPC Section 354A) ബന്ധപ്പെട്ട മറ്റു വകുപ്പുകളുടെയും കീഴിലും സ്ത്രീക്ക് പരാതി നൽകുവാനാകും. ഒരേ സമയം, സിവിൽ, ക്രിമിനൽ നിയമങ്ങളനുസരിച്ചുള്ള പരിഹാരങ്ങൾ തേടുവാൻ നിയമം സ്ത്രീയെ അനുവദിക്കുന്നുണ്ട്.
റിപ്പോർട്ട് ചെയ്യപ്പെട്ട ചില കേസുകൾ വർഷങ്ങളോളം പഴക്കമുള്ളതാണ്. എത്രകാലം വരെ ഒരു കേസ് ന്യായമായി നടത്താം?
പരാതി നൽകുന്നതിനു 90 ദിവസത്തെ പരിമിതി, നിയമം അനുശാസിക്കുന്നു; വൈകിയതിനുള്ള കാരണം ന്യായമായി വിശദീകരിക്കപ്പെടുകായാണെങ്കിൽ ഇന്റേണൽ കമ്മിറ്റിക്ക് കാലപരിധി 90 ദിവസം കൂടി ദീർഘിപ്പിക്കാനാകും. കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ച് ഒരു വർഷം മുതൽ മൂന്നുവർഷം വരെയുള്ള കാലപരിധി ക്രിമിനൽ നിയമങ്ങളിലുണ്ട്. എന്നാൽ ഒരു ബലാത്സംഗക്കേസിൽ പൊലീസിൽ പരാതിപ്പെടുന്നതിന് സമയപരിധിയില്ല.
സമയപരിധിയുടെ കാര്യത്തിൽ പരിഗണിക്കേണ്ട മറ്റൊരു ഘടകം കൂടിയുണ്ട്. കുറ്റകൃത്യം നടക്കുന്ന സമയത്ത്, തൊഴിൽ സ്ഥാപനത്തിൽ, 1997 ലെ സുപ്രീം കോടതി വിധിയും (വിശാഖ) 2013 ലെ നിയമനിർമ്മാണവും അനുശാസിക്കുന്ന പ്രശ്നപരിഹാര കമ്മിറ്റി ഉണ്ടായിരുന്നില്ലെങ്കിൽ, പരാതി നൽകുന്നതിലെ കാലതാമസത്തിനു സ്ത്രീ ഉത്തരവാദിയാകുകയില്ല.
ഒരു സ്ത്രീ താൻ നേരിട്ട കുറ്റകൃത്യത്തെക്കുറിച്ച് നിശബ്ദയായിരിക്കുകയും വർഷങ്ങൾക്കു ശേഷം അത് വെളിപ്പെടുത്തുകയും ചെയ്യുന്നതിനുള്ള കാരണങ്ങൾ കോടതി മനസ്സിലാക്കണം എന്നതു വളരെ പ്രധാനമാണ്. പുനിത കെ സോദിയും യൂണിയൻ ഓഫ് ഇന്ത്യയും തമ്മിലുളള കേസിൽ (2010), പരാതിപ്പെടുന്നതിനുള്ള സമയപരിധി എന്ന ആശയം ലൈംഗിക പീഡനകേസുകളിൽ പ്രസക്തമാകില്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. . ലൈംഗിക പീഡനം ഒരു ‘ഒറ്റത്തവണ’ സംഭവമല്ലെന്നും അതിന്റെ ആഘാതം പരിഗണിച്ച്, ദീർഘകാലികമായ ഒന്നായി പരിഗണിക്കണം.
മെഡിക്കൽ, ജേണലിസം, നിയമം എന്നീ മേഖലകളിൽ ജോലി ചെയ്യുന്ന ചിലർ, തങ്ങൾ തൊഴിൽപരമായ കാരണങ്ങളാൽ, രണ്ടുപേരുടേതുമല്ലാത്ത നിഷ്പക്ഷ ഇടങ്ങളിൽ വച്ചു കണ്ടുമുട്ടിയ പുരുഷന്മാരിൽ നിന്നുള്ള ലൈംഗിക ഉപദ്രവങ്ങളെപ്പറ്റി പരാതിപ്പെട്ടിട്ടുണ്ട്. ഇത്തരം കേസുകളിൽ സ്ത്രീകൾ ജോലി ചെയ്യുന്ന സ്ഥാപനം കേസ് ഏറ്റെടുക്കണോ അതോ പൊലീസിന്റെ ഇടപെടൽ ആവശ്യമാണോ?
നിയമപ്രകാരം ജോലിസ്ഥലമെന്നാൽ, ജോലിയുമായി ബന്ധപ്പെട്ട് സന്ദർശിക്കുന്ന ഏതു സ്ഥലവുമാകാം. അതിനാൽ ജോലി ചെയ്യുന്നതിനിടയിലോ ജോലി സംബന്ധമായ മറ്റ് കർത്തവ്യങ്ങളുടെ നിർവഹണങ്ങൾക്കിടയിലോ (സ്ഥലഭേദമില്ലാതെ) സംഭവിക്കുന്ന ഏതാക്രമണത്തെപ്പറ്റിയും പരാതി നൽകാവുന്നതാണ്.
ലൈംഗിക പീഡനം നടന്നത്, ഒരു “നിഷ്പക്ഷ ഇട”ത്ത് ( ന്യൂട്രൽ ടെറിട്ടറി) വച്ചാണെങ്കിൽ, സ്ത്രീക്ക് തന്റെ തൊഴിൽ സ്ഥാപനത്തിലെ ഇന്റേണൽ കമ്മിറ്റിയിൽ പരാതി നൽകാവുന്ന താണെങ്കിലും, ആ വ്യക്തിയെ കാര്യക്ഷമമായി ശിക്ഷിക്കുന്നതിന് കമ്മിറ്റിക്ക് അധികാരമുണ്ടാകില്ല. കൃത്യം ചെയ്ത പുരുഷൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ കമ്മിറ്റിക്കും പരാതി നൽകുവാൻ സ്ത്രീയ്ക്ക് അർഹതയുണ്ട്. അത്തരം കേസുകളിൽ പരാതിയും പരിഹാരവുമായി ബന്ധപ്പെട്ട് പരാതിക്കാരിക്ക് പിന്തുണ നൽകുവാനുള്ള ചുമതല, അവർ ജോലി ചെയ്യുന്ന സ്ഥാപനത്തിനുണ്ട്. മാത്രമല്ല, പീഡനത്തിനിരയായ സ്ത്രീയ്ക്ക് പൊലീസിലും പരാതിപ്പെടാം. അങ്ങനെ ചെയ്യുമ്പോൾ, അവർക്ക് നിയമസഹായവും അവധിയും മറ്റുളള പിന്തുണയും നൽകുക എന്നതും സ്ഥാപനത്തിന്റെ കർത്തവ്യമാണ്.
പരാതിക്ക് കാരണമായ സംഭവത്തിൽ ഉൾപ്പെട്ട വ്യക്തികൾ ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരായിരിക്കുകയും എന്നാൽ കൃത്യം നടക്കുന്നത് ജോലി സമയത്തല്ലാതെയും ജോലി സംബന്ധമല്ലാത്ത സ്വകാര്യ സ്ഥലത്തും ആകുമ്പോൾ തൊഴിലുടമ കേസ് ഏറ്റെടുക്കേണ്ടതായിട്ടുണ്ടോ?
ഒരു സ്വകാര്യസ്ഥലത്ത് വച്ച്, തൊഴിൽ സമയത്തിന് പുറത്താണു സംഭവം നടക്കുന്നതെങ്കിലും, കക്ഷികൾ തമ്മിലുള്ള ബന്ധം ജോലി സംബന്ധമായി രൂപപ്പെട്ടതാണ്. ആ തൊഴിൽ ബന്ധം തുടരുകയും ചെയ്യും. അതിനാൽ, ഇത്തരം കുറ്റകൃത്യങ്ങൾ സംഭവിക്കുന്നത് സ്വകാര്യ സ്ഥലത്തായാലും, ഭാവിയിലത് തൊഴിലിടത്തിൽ സ്ത്രീയെ ബാധിക്കാവുന്നതാണ്. ഈ സാഹചര്യത്തിൽ, ഭരണഘടനയും നിയമവും അനുശാസിക്കുന്ന സുരക്ഷിത തൊഴിലന്ത രീക്ഷം പ്രദാനം ചെയ്യുന്നതിനായി തൊഴിലുടമ, ഉചിതമായ മാർഗ്ഗങ്ങളിലൂടെ സംഭവത്തിൽ ഇടപെടുക തന്നെ വേണം.
പരാതിപ്രകാരമുള്ള കുറ്റകൃത്യത്തിന് ദൃക്‌സാക്ഷികൾ ഇല്ലാത്ത സാഹചര്യത്തിൽ, തെളിവുകളുടെ ഉത്തരവാദിത്തം ആരിലാണ്?
എന്നിരുന്നാലും, കാലങ്ങളായുള്ള നീതിന്യായനിർവ്വഹണത്തിൽ നിന്ന് ലൈംഗിക കുറ്റകൃത്യ ങ്ങൾ സംഭവിക്കുന്നത് മൂന്നാമതൊരാളുടെ സാന്നിധ്യത്തിൽ ആയിരിക്കില്ല എന്നത് അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. അതിനാൽ പരാതിയെ സാധൂകരിക്കുന്ന വിധത്തിലുള്ള തെളിവുകൾ ഉണ്ടാകില്ല. “അവരുമിവരുമൊക്കെ“ പറഞ്ഞു എന്ന രീതിയിലുള്ള പരിഭ്രാന്തി യുടെ ദുരുപയോഗം അപകടകരമാണ്. സ്ത്രീയുടെ മൊഴിയുടെ അവലോകന ത്തിലും വിശ്വാസ്യതയിലും അടിസ്ഥാനപ്പെടുത്തിയ രീതിയാണ് അന്വേഷണത്തിലും വിചാരണ യിലും ഉപയോഗിക്കുന്നത്. അതുപോലെ കുറ്റം ചുമത്തപ്പെട്ട വ്യക്തിയുടെ പ്രതിരോധ രീതി കളും വിശകലനം ചെയ്യപ്പെടുന്നു.
ഒരാളോ , കേസിലുളള രണ്ടുപേരുമോ മദ്യപിച്ചിരുന്നു എന്നതുപോലെയുള്ള ചില പ്രത്യേക സാഹചര്യങ്ങളിൽ, അത്, ലൈംഗിക കുറ്റകൃത്യത്തിന് നിയമപരമായ പ്രതിരോധമാകുമോ?
മദ്യപിച്ചിരുന്നു എന്നതോ, പാർട്ടി ആഘോഷങ്ങൾക്കിടയിലായിരുന്നു എന്നതോ, ഒരു പുരുഷനു, സ്ത്രീയ്ക്ക് സ്വന്തം ശരീരത്തിനുമേലുള്ള പരമാധികാരത്തിൽ കടന്നുകയറുവാനുള്ള അധികാരം നിയമമോ പരിഷ്കൃത സമൂഹസ്വഭാവമോ അനുവദിക്കുന്നില്ല. പ്രത്യേക രീതികളിലുള്ള സാമൂഹിക ഇടപെടലുകൾ ഉൾപ്പെടുന്ന വിധത്തിൽ രൂപീകരിക്കപ്പെട്ട പല പ്രൊഫഷനുകളുമുണ്ട് എന്നത് മനസ്സിലാക്കേണ്ടതാണ്. അത്തരം സാഹചര്യങ്ങളിലുള്ള ഒരു സ്ത്രീ സാന്നിധ്യം ആ ഇടങ്ങളിൽ ലൈംഗിക കുറ്റകൃത്യങ്ങൾക്കുള്ള അവളുടെ മൗനാനുവാദമായി വീക്ഷിക്കപ്പെടുവാൻ പാടുള്ളതല്ല.
തനിക്കു നേരെയുള്ള കുറ്റകൃത്യമായി സ്ത്രീ കാണുന്ന ഒരു സംഭവത്തിൽ, ആ പുരുഷനുമായി ഭൂതകാലത്തിലുണ്ടായിരുന്നതോ, ഇപ്പോഴും തുടരുന്നതോ ആയ പ്രണയബന്ധം നിയമപരമായ പ്രതിരോധത്തിന് പുരുഷനെ സഹായിക്കുമോ?
ഇല്ല, അതൊരു പ്രതിരോധമല്ല. പ്രത്യേകിച്ചും, പരപുരുഷബന്ധവും സ്വകാര്യതയും സംബന്ധി ച്ച് അടുത്തകാലത്തെ സുപ്രീം കോടതി വിധികൾ ,സ്ത്രീയുടെ ശാരീരിക, ലൈംഗിക സ്വാതന്ത്ര്യത്തെ അവളുടെ മൗലികാവകാശങ്ങളായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ എങ്കിലും ഇതിന്റെ ഉത്തരം കേസിന്റെ സവിശേഷ ഘടകങ്ങളെ ആശ്രയിച്ചിരിക്കും.
ഇരുകക്ഷികളും തമ്മിലുള്ള ഭൂത- വർത്തമാനകാല ബന്ധങ്ങളുമായി ബന്ധപ്പെടുത്താതെ തന്നെ, സുരക്ഷിതമായ ജോലി സാഹചര്യങ്ങൾ പ്രദാനം ചെയ്യുവാൻ തൊഴിലുടമ ബാധ്യസ്ഥനാണ്. പലപ്പോഴും ഇത്തരം കേസുകൾ ‘ പരാജിതബന്ധങ്ങളുടെ പരിണിതഫലമായി ദുർവ്യാഖ്യാനം ചെയ്യപ്പെടാറുണ്ട്. ഗാർഹിക/ വൈവാഹിക പ്രശ്നമോ അടുത്ത ബന്ധത്തിന്റെ തകർച്ചയെന്നോ പരിഗണിച്ച് ഇത്തരം കേസുകൾക്കു നേരെ കണ്ണടയ്ക്കുവാൻ തൊഴിലുടമയെ ഒരു നിയമവും അനുവദിക്കുന്നില്ല. അവയെല്ലാം തന്നെ ലിംഗവിവേചങ്ങളും കുറ്റകൃത്യങ്ങളുമാണ്. “ഇല്ല” (നോ) എന്ന മറുപടി ആദരിക്കപ്പെടേണ്ടതാണ്, അതിനെ ദുർവ്യാഖ്യാനം ചെയ്യുവാൻ പാടില്ല.
ഇത്തരം കേസുകളിൽ നിയമം, പരാതിക്കാരിയായ സ്ത്രീയും കുറ്റം ചുമത്തപ്പെടുന്ന പുരുഷനും തമ്മിലുള്ള തൊഴിൽപരമായ ബന്ധത്തെ ആശ്രയിക്കുന്നുണ്ടോ? ലൈംഗിക പീഡനവും അതിന്റെ വ്യാപ്തിയും തീരുമാനിക്കുന്നതിൽ അവർ തമ്മിലുള്ള ഔദ്യോഗിക ബന്ധം ബാധകമാണോ?
ചട്ടങ്ങളും നിയമങ്ങളും ലൈംഗിക പീഡനത്തിന് നിർവചനവും അവ കൈകാര്യം ചെയ്യുന്നതിനുള്ള രീതികളും വ്യക്തമായി പറയുന്നുണ്ട്. അനവധി ലൈംഗിക പീഡന കേസുകളിലും കുറ്റം ചെയ്യുന്നയാളുടെ അധികാരവും പദവിയും അയാൾക്ക് കുറ്റത്തിൽ നിന്നു പരിരക്ഷ നൽകുന്നു. സ്ത്രീയുടെ മേലധികാരിയാണെന്നുള്ളത്, പൂരുഷനു കൊടുക്കൽ വാങ്ങൽ രീതിയിൽ അതിനുള്ള അനുവാദം നൽകുന്നതായി കരുതപ്പെടുന്നു, പിന്നീടത് പരസ്പരസമ്മതത്തോടെയുള്ള ബന്ധമെന്ന നിലയിൽ ദുർവ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്നു. ലൈംഗിക പീഡനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമ്പോഴും സ്ത്രീയുടെ പ്രതികരണവും സ്ത്രീയുടെ സ്വഭാവവും വിശകലനം ചെയ്യുമ്പോഴും മേലധികാരി- കീഴുദ്യോഗസ്ഥ ബന്ധവും പരിഗണിക്കേണ്ടതുണ്ട്. ശിക്ഷ തീരുമാനിക്കുമ്പോഴും ഇതു മനസ്സിലുണ്ടാകണം.
സുപ്രീം കോടതിയിലെ അഭിഭാഷകയാണ് വൃന്ദ ഗ്രോവർ