റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്റും പാർലമെന്റ് അംഗവുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ പ്രശസ്ത ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗിക പീഡന, സ്വേച്ഛാധിപത്യ പ്രവർത്തനങ്ങളുടെ ഞെട്ടിക്കുന്ന ആരോപണങ്ങൾ ഇന്ത്യൻ കായികരംഗത്തിന്റെ വൃത്തികെട്ട അടിത്തട്ടിലേക്ക് ഒരിക്കൽ കൂടി വിരൽ ചൂണ്ടുന്നു.
രാഷ്ട്രീയ അവിശുദ്ധ ബന്ധത്തിന്റെയും അധികാര സ്ഥാനങ്ങളിലെ പുരുഷ അധീശത്വത്തിന്റെയും സവിശേഷവും അപകടകരവുമായ കൂടിച്ചേരലാണിത്. മറ്റൊരു ക്രിമിനൽ കേസിന്റെ പശ്ചാത്തലത്തിലാണ് ഈ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. ചണ്ഡീഗഢിൽ സ്ത്രീത്വത്തിനെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയ സംഭവത്തിൽ ഹരിയാന കായികമന്ത്രിയും മുൻ ഹോക്കി കളിക്കാരനുമായിരുന്ന സന്ദീപ് സിങ്ങിനെതിരെ പ്രശസ്ത കായിക താരമായിരുന്ന വനിതാ കോച്ച് പരാതി നൽകിയിരുന്നു.
നമ്മുടെ വനിതാ കായികതാരങ്ങളെ പിന്തുണയ്‌ക്കേണ്ട അധികാരികൾ തന്നെ യഥാർത്ഥത്തിൽ തങ്ങളുടെ രാഷ്ട്രീയ അധികാരം ഉപയോഗിക്കുകയും കഠിനാധ്വാനം ചെയ്യുന്ന കായികതാരങ്ങൾ തങ്ങൾ നേരിടുന്ന പീഡനങ്ങൾക്കെതിരെ ശബ്ദിച്ചാൽ അതിന് അവർ വലിയ വില കൊടുക്കേണ്ടി വരുന്നതും വിരോധാഭാസവും അങ്ങേയറ്റം രോഷം ജനിപ്പിക്കുന്നതുമാണ്.
തങ്ങളുടെ ജീവിതത്തിലെ മറ്റെല്ലാം മാറ്റിവച്ച് അക്ഷരാർത്ഥത്തിൽ തങ്ങളുടെ ചോരയും നീരുമൊഴുക്കി കണ്ണീരും കൈയ്യുമായി മാസങ്ങളും വർഷങ്ങളും കഠിനമായ പരിശീലനത്തിനായി മാറ്റിവച്ചവരാണ് ഈ സ്ത്രീകൾ. പലപ്പോഴും മറ്റൊരു തൊഴിലോ, കുടുംബ പിന്തുണ പോലുമില്ലാത്തവരാണിവർ. അഴിമതിക്കാരായ ഔദ്യോഗിക ഭാരവാഹികളുടെ ഭാഗത്തുനിന്ന് അവർക്കെതിരെയുണ്ടാകുന്ന ചൂഷണം അത്യധികം വേദനാജനകമാണ്.
ദുഃഖകരമെന്നു പറയട്ടെ, കായികരംഗത്ത് സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങളുടെ ഈ സമീപകാല സംഭവങ്ങൾ മഞ്ഞുമലയുടെ അറ്റം മാത്രമാണ്. വനിതാ ഗുസ്തിക്കാർ പത്രസമ്മേളനത്തിൽ പറഞ്ഞതുപോലെ, ഈ പ്രശ്നത്തിന്റെ യഥാർത്ഥ രൂപം ഭീമാകാരവും അത്യന്തം സങ്കീർണവുമാണ്. വനിതാകായികതാരങ്ങളുടെ പരാതികൾ പരിഹരിക്കാൻ ഏർപ്പെടുത്തിയിട്ടുള്ള പരിഹാര, പരാതി വ്യവസ്ഥകൾ തീർത്തും ഫലപ്രദമല്ലാത്തതും തങ്ങൾക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാൻ സ്ത്രീകൾക്ക് ഒട്ടും ആത്മവിശ്വാസമേകാത്തതുമാണെന്നു വ്യക്തമാണ്.
നൂറുകണക്കിനു കായികതാരങ്ങൾ നിശബ്ദമായി അധികാരികളെ അനുസരിക്കാൻ നിർബന്ധിതരാകേണ്ടിവരുന്നതിന്റെ പ്രധാന കാരണം ഇതാണ്. ശക്തരായ രാഷ്ട്രീയ നിയമിതർക്കും അവരുടെ രക്ഷാകർതൃത്വത്തിൽ പ്രവർത്തിക്കുന്നവർക്കുമെതിരായ പോരാട്ടം അത്ര എളുപ്പമല്ലെന്നു വനിതാ കായികതാരങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. വാസ്തവത്തിൽ, പലപ്പോഴും ശബ്ദമുയർത്താൻ ധൈര്യപ്പെടുന്ന വനിതാ കായികതാരങ്ങൾ സങ്കൽപ്പിക്കാനാവാത്തത്രയും സമയവും പരിശ്രമവും ചെലവഴിച്ച തങ്ങളുടെ കരിയർ ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്നു.
നമ്മുടെ രാജ്യാന്താര വനിതാ കായികതാരങ്ങളിൽ ഭൂരിഭാഗത്തെയും പിന്തുണയ്ക്കുന്നതിനായി അവരുടെ കുടുംബങ്ങളിലെ ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള എല്ലാം സ്വരൂപിച്ചാണ് അവർ ആ നിലയിലെത്തിയതെന്ന് എടുത്തുപറയേണ്ടതുണ്ട്. ഗുസ്തിക്കാരുടെ പത്രസമ്മേളനം കണ്ടുകൊണ്ടിരുന്ന ഒരാൾക്ക്, തങ്ങളുടെ നിർണായക പരിശീലന സമയത്ത്, എല്ലാ ഔദ്യോഗിക വാതിലുകളും കൊട്ടിയടച്ചതിനാൽ, നിരാശയുടെ പടുകുഴിയിൽ വീണ കായികതാരങ്ങളുടെ വേദനയും രോഷവും അനുഭവവേദ്യമാകും.
ഹരിയാനയിൽ, സംസ്ഥാന കായിക മന്ത്രിക്കെതിരായി പരാതിയിൽ ജൂനിയർ വനിതാ കോച്ച് നീതി തേടി അലയുകയാണ്. ഹരിയാന സർക്കാരാവട്ടെ പ്രതിക്കൊപ്പം നിൽക്കുകയും അതുവഴി മുഴുവൻ വനിതാ കായിക സമൂഹത്തിനും വളരെ നിഷേധാത്മകമായ സന്ദേശം നൽകുകയും ചെയ്തു.
എന്തുകൊണ്ടാണ് ഈ സ്ത്രീകളിൽ ഭൂരിഭാഗവും ഇത്തരം കേസുകൾ വൈകി റിപ്പോർട്ട് ചെയ്യുന്നതെന്ന ചോദ്യമുയരുന്നുണ്ട്. അതിനെ കാണേണ്ടത് ഇത്തരം ഒരു പരാതി നൽകുന്ന കായികതാരത്തെ ഇവിടെ കാത്തിരിക്കുന്ന അപകടസാധ്യതയുടെ വെളിച്ചത്തിലാകണം.
കുറ്റാരോപിതരും അവരുടെ രാഷ്ട്രീയ/ഭരണകൂട സംവിധാനങ്ങളും ഇരയെ അല്ലെങ്കിൽ അതിജീവിതയെ കുറ്റപ്പെടുത്തുന്നതും അപമാനിക്കുന്നതും ലൈംഗിക ദുരുപയോഗ കേസുകളുമായി ബന്ധപ്പെട്ട സാമൂഹിക മുറിവുകളും ഒക്കെ ചേർന്ന് ഒരു കായികതാരത്തിന്റെ കരിയർ ഇല്ലാതാക്കുന്ന നിലയിൽ വിനാശകരമായ ഏകാന്തത അതിജീവിതയ്ക്ക് അത്യന്തം പ്രയാസകരമാക്കുന്നു. ഏത് സമയത്തും അവരിൽ ഗുരുതരമായ മാനസികവും സാമൂഹികവുമായ ആഘാതം ഉണ്ടാക്കുന്നു.
ടെന്നീസ് താരം രുചിക ഗിർഹോത്ര 1990ൽ അന്നത്തെ ടെന്നീസ് ഫെഡറേഷന്റെ പ്രസിഡന്റും ഹരിയാന പൊലീസ് ഐജിയുമായ എസ് പി എസ് റാത്തോഡിനെതിരെ ശബ്ദമുയർത്താൻ തുനിഞ്ഞതാണ് ഇക്കാര്യത്തിൽ ഓർമിക്കേണ്ട ഒരു പ്രധാന കേസ്. ഭരണകൂട സംവിധാനങ്ങൾ പൂർണമായും നിരവധി ജാതി സംഘടനകളും കുറ്റാരോപിതനു പിന്നിൽ അണിനിരന്നു. പിന്നീട് ഹരിയാന ഡിജിപിയായുള്ള പ്രമോഷനാണ് അദ്ദേഹത്തിന് പ്രതിഫലമായി ലഭിച്ചത്.
കടുത്ത വിദ്വേഷം നിറഞ്ഞ ആ ചുറ്റുപാടിൽ, രുചിക തന്റെ ജീവനൊടുക്കി. ഒടുവിൽ നീതിക്കുവേണ്ടിയുള്ള ആ കുടുംബത്തിന്റെ പോരാട്ടത്തിനിടെ രുചികയുടെ പിതാവും നിര്യാതനായി. രുചികയുടെ സഹോദരൻ സമൂഹത്തിൽനിന്ന് വളരെ അകന്ന് ജീവിക്കാൻ നിർബന്ധിതനായി. നീണ്ട 19 വർഷം എല്ലാ തലത്തിലും ആ കേസ് ഗൗരവമായി നടത്തിയത് രുചികയുടെ കുടുംബസുഹൃത്തായ ആനന്ദും വനിതാ സംഘടനകളുമാണ്. അവസാനം പ്രതിക്കും വെറും ആറുമാസം തടവും 1000 രൂപ പിഴയുമാണു ലഭിച്ചത്.
അതിനുശേഷം വനിതാ കായിക താരങ്ങൾ നേരിടുന്ന അവസ്ഥയ്ക്ക് കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നതു നിർഭാഗ്യകരമാണ്. വിനേഷ് ഫോഗട്ടിന്റെ മുഖം, അവളുടെ കണ്ണുനീർ, ജീവനൊടുക്കാനുള്ള നിരാശാജനകമായ ചിന്തകളെക്കുറിച്ച് വിനേഷ് സംസാരിക്കുമ്പോൾ, ആ വാക്കുകൾ, ഈ രാജ്യത്തെ ജനങ്ങളെ, പ്രത്യേകിച്ച് കായികസമൂഹത്തെ ഞെട്ടിക്കേണ്ടതാണ്. ഈ അടുത്ത കാലത്തുണ്ടായ ഈ രണ്ട് സംഭവങ്ങളിലും അവർ കായിക അധികാരികളോടും ഇന്നത്തെ രാഷ്ട്രീയ ഭരണാധികാരികളായ ബിജെപിയോടും ചില കടുത്ത ചോദ്യങ്ങൾ ചോദിക്കണം. മെഡലുകൾ കൊണ്ടുവരുമ്പോൾ ഈ കായികതാരങ്ങളുടെ പ്രകടനത്തിന്റെ കീർത്തി തലയെടുപ്പോടെ നേടുകയും എന്നാൽ അനീതിക്കെതിരെ ഒരു സ്ത്രീ ശബ്ദമുയർത്താൻ ശ്രമിക്കുമ്പോഴെല്ലാം കുറ്റാരോപിതനെ ലജ്ജയില്ലാതെ സംരക്ഷിക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കളും ഫെഡറേഷൻ മേധാവികളും ഉത്തരവാദികളാകണം.
വനിതാ കായിക താരങ്ങളെ പീഡിപ്പിക്കുന്ന കേസുകളിൽ പാലിക്കേണ്ട ഫലപ്രദമായ നിയമനടപടി ഉടൻ രൂപീകരിക്കേണ്ടതുണ്ട്. എല്ലാ കായിക വകുപ്പുകളിലും ഫെഡറേഷനുകളിലും സർക്കാർ കായിക സംഘടനകളിലും ലൈംഗികാതിക്രമത്തിനെതിരായ സമിതികൾ ഉയർന്ന തലങ്ങൾ വരെ രൂപീകരിക്കണം. നടപടിക്രമങ്ങൾ പാലിക്കാത്ത സന്ദർഭങ്ങളിൽ, അധികാരികൾ ഉത്തരവാദികളായിരിക്കണം. നീതിക്കും സമത്വത്തിനും വേണ്ടിയുള്ള കഠിനമായ പോരാട്ടത്തിൽ നമ്മുടെ കായികതാരങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ഈ രാജ്യത്തെ എല്ലാ കായിക പ്രേമികൾക്കും ഉത്തരവാദിത്തമുണ്ട്.
- ഭീം അവാർഡ് ജേതാവായ ആദ്യ വനിതയും വോളിബോൾ താരവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റുമാണ് ലേഖികയായ ജഗ്മതി സാംഗ്‌വാൻ