ആരെയും രാജ്യദ്രോഹികളായി മുദ്രകുത്താനും കോടതിയിലേക്ക് വലിച്ചിഴക്കാനും കഴിയുന്ന ഒരു രാഷ്ട്രീയ സാഹചര്യമാണ് ഇന്ത്യയില്‍ രൂപംകൊണ്ടു വരുന്നത്. സമുന്നത വ്യക്തിത്വങ്ങള്‍ പോലും അങ്ങിനെ രാജ്യദ്രോഹികളായി അവഹേളിക്കപ്പെടുമ്പോള്‍ അവര്‍ക്കു സര്‍വാത്മനാ പിന്തുണ നല്‍കുകയാണ് ജനാധിപത്യ വിശ്വാസികള്‍ക്ക് പ്രാഥമികമായി ചെയ്യാനാവുക.

ദലിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരായ ആള്‍ക്കൂട്ട കൊലപാതകങ്ങളും സമാനമായ അതിക്രമങ്ങളും വര്‍ധിച്ചുവരികയും അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാനുള്ള നടപടികള്‍ അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഉത്കണ്ഠ പ്രകടിപ്പിച്ചുകൊണ്ട് അഖിലേന്ത്യാതലത്തില്‍ സാംസ്കാരിക, സാമൂഹ്യരംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ശ്യാം ബെനഗല്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്നം, രാമചന്ദ്ര ഗുഹ തുടങ്ങി നാല്‍പ്പത്തൊമ്പത് സാംസ്കാരിക വ്യക്തിത്വങ്ങള്‍ പ്രധാന മന്ത്രിക്ക് കത്തെഴുതിയത് രാജ്യദ്രോഹമാണെന്ന് സമർത്ഥിച്ചുകൊണ്ട് ബിഹാറിലെ ഒരു മജിസ്ട്രേറ്റ് കോടതി ഒരു അഭിഭാഷകന്‍റെ പരാതിയില്‍ അവര്‍ക്കെതിരെ കുറ്റപത്രം തയ്യാറാക്കിയിരിക്കുകയാണ്.

ഇത്തരം കേസുകളുടെ പിന്നാലെ നടക്കുന്ന ഒരാളുടെ ചെയ്തിയാണിതെന്നു പറഞ്ഞു തള്ളാവുന്ന ഒരു സംഭവമല്ല ഇത്. എന്‍റെ ഒരു മുന്‍ ലേഖനത്തില്‍ സൂചിപ്പിച്ചത് പോലെ സമീപകാലത്ത് ഇന്ത്യയില്‍ നടന്നു കൊണ്ടിരിക്കുന്ന ഭയാന്തരീക്ഷ സൃഷ്ടിയുടെ ഭാഗം തന്നെയാണിത്. ഉന്നതരായ സാംസ്കാരിക പ്രമുഖരെ പോലും കോടതിയിലും പോലീസ് സ്റ്റേഷനിലും കയറ്റാന്‍ മടിക്കാത്തവരാണ് തങ്ങള്‍ എന്ന് എല്ലാവരെയും ബോധ്യപ്പെടുത്തുകയാണ് ഈ നടപടികളുടെ ലക്ഷ്യം. എന്ത് അനീതികളും അതിക്രമങ്ങളും കണ്ടാലും നിശ്ശബ്ദരായി നോക്കിനിന്നുകൊള്ളണം, അല്ലെങ്കില്‍ ഇതുപോലെ കോടതി കയറേണ്ടിവരും എന്ന താക്കീത് കൂടിയാണിത്.

നമ്മുടെ രാജ്യം അതീവ ഗുരുതരമായ ഒരവസ്ഥയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന വ്യക്തമായ സൂചനയാണ് ഇത് നല്‍കുന്നത്. അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്ന സാഹചര്യം എന്നു പറഞ്ഞാലും ചിത്രം പൂര്‍ത്തിയാവുകയില്ല. കാരണം, അതുപോലെ ചുരുങ്ങിയ ഒരു കാലയളവില്‍ അവസാനിക്കാനിടയുള്ള ഒരു സാഹചര്യമല്ല ഉരുത്തിരിഞ്ഞു കൊണ്ടിരിക്കുന്നത്.

ഈ പുതിയ സാഹചര്യത്തിന്‍റെ സ്വഭാവമെന്താണെന്നു നോക്കാം. കൊളോണിയല്‍ കാലഘട്ടത്തില്‍ ഉയര്‍ന്നുവന്ന സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലൂടെ രൂപമെടുത്ത്‌ ഇന്നത്തെ അവസ്ഥയിലെത്തിയ ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ചരിത്രത്തിലേക്ക് ചെറുതായിട്ടൊന്നു എത്തിനോക്കുന്നത് കൂടുതല്‍ വ്യക്തത കിട്ടാന്‍ സഹായകമായേക്കും. പത്തൊമ്പതാം നൂറ്റാണ്ടി ന്‍റെ മധ്യത്തില്‍ നടന്ന ആദ്യത്തെ ബ്രിട്ടീഷ് വിരുദ്ധ ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് ആ നൂറ്റാണ്ടിന്‍റെ അവസാന ദശകങ്ങളില്‍ ഉയര്‍ന്നു വന്ന ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസിനെ  ഹിന്ദു സംഘടനയാക്കാന്‍ ബ്രിട്ടീഷുകാരും സവര്‍ണ ഹിന്ദുക്കളും തീവ്രശ്രമം നടത്തിയിരുന്നു. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ മതാധിഷ്ഠിതമായി വിഭജിക്കുക എന്ന ബ്രിട്ടീഷുകാരുടെ ഈ തന്ത്രത്തിന്‍റെ തുടർച്ചയായിട്ടു കൂടിയാണ് ഇരുപതാംനൂറ്റാണ്ടിന്‍റെ ആദ്യ ദശകത്തില്‍ തന്നെ മുസ്ലീം ലീഗും രംഗത്തെത്തുന്നത്. 1920-ല്‍ മഹാത്മ ഗാന്ധി കോണ്ഗ്രസ്സിന്‍റെ നേതൃത്വം ഏറ്റെടുക്കുന്ന സമയത്ത് ബാലഗംഗാധര തിലകന്‍റെ നേതൃത്വത്തില്‍ കോണ്ഗ്രസ് തീവ്ര ഹിന്ദു സംഘടനയുടെ സ്വഭാവം കൈവരിച്ചുകഴിഞ്ഞിരുന്നു. താനൊരു സനാതന ഹിന്ദുവാണെന്ന് പ്രഖ്യാപിച്ച മഹാത്മ ഗാന്ധിയാണ് ആ ഹിന്ദു കോൺഗ്രസിനെ ഹിന്ദു-മുസ്ലിം-സിക്ക് സാഹോദര്യത്തില്‍ അധിഷ്ഠിതമായ മത സൗഹാർദ പ്രസ്ഥാനമാക്കി മാറ്റുന്നത്.

തിലകന്‍റെ വിശ്വസ്ത അനുയായികളായിരുന്ന ഡോ.ഹെഡ്ഗെവാറും ഡോ. മുഞ്ചേയും ഗാന്ധിജിയുടെ നിലപാടിനെതിരായി കോൺഗ്രസിനുളളിൽനിന്ന് പൊരുതി നോക്കിയെങ്കിലും ഫലമില്ലാതെ വന്നപ്പോള്‍ 1925-ല്‍ ഡോ. ഹെഡ്ഗെവാര്‍ കോൺഗ്രസില്‍നിന്ന് രാജിവച്ച് ആര്‍.എസ്.എസ്സിന് തുടക്കം കുറിക്കുകയാണ് ചെയ്തത്. അപ്പോഴേക്കും സ്വാതന്ത്ര്യസമരത്തിന്‍റെ അതികായ നേതാവായി വളര്‍ന്നുകഴിഞ്ഞിരുന്ന ഗാന്ധിജിയെ മറികടന്നുകൊണ്ട് അവര്‍ക്കു ഒന്നും ചെയ്യാനാകുമായിരുന്നില്ല. പക്ഷെ, ഒട്ടും പ്രകടനപരമാ കാതെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യയിലെമ്പാടും ഹിന്ദുത്വ രാഷ്ട്രീയം വളര്‍ത്തിക്കൊണ്ടു വരുന്നതിനുള്ള അടിസ്ഥാനം ഉറപ്പിക്കുകയാണ് ആര്‍.എസ്.എസ്. ചെയ്തത്. മഹാത്മ ഗാന്ധിയെയും ജവഹര്‍ലാല്‍ നെഹ്രുവിനെയും പോലുള്ള അതികായന്മാരായ നേതാക്കന്മാരുടെ സാന്നിദ്ധ്യത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന് പ്രകടമായ മുന്നേറ്റമൊന്നും നടത്താനായില്ലെങ്കിലും ഇന്ത്യയിലെമ്പാടും അവരുടെ സാന്നിധ്യം ഉറപ്പിക്കപ്പെട്ടു കഴിഞ്ഞിരുന്നു.k venu , opinion, iemalayalam
ഗാന്ധി-നെഹ്‌റു കാലഘട്ടത്തില്‍ ഇന്ത്യയില്‍ മതേതരജനാധിപത്യത്തിന്‍റെ രാഷ്ട്രീയാടിസ്ഥാനം ഉറപ്പിക്കപ്പെട്ടുവെന്ന് പറയാമെങ്കിലും ഇവിടത്തെ അതിവിപുലമായ ഗ്രാമീണ-കാർഷികമേഖലകളിലേക്ക് ആഴത്തില്‍ കടന്നുചെന്നിട്ടില്ലെന്ന് കാണാന്‍ വിഷമമില്ല. അതുകൊണ്ടുതന്നെ താരതമ്യേന അപ്രധാനമെന്ന് തോന്നിക്കാവുന്ന സംഭവ പരമ്പരകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ തലകീഴ് മറിക്കുന്നത് കാണാം.

1980-കളുടെ ആരംഭത്തില്‍ പഞ്ചാബ്, ആസാം പോലുള്ള ഭാഷാ ദേശീയ സമരങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ പഞ്ചാബില്‍ സിക്ക് തീവ്രവാദികളെ നേരിടാനായി ഇന്ദിരാഗാന്ധി സുവര്‍ണക്ഷേത്രത്തിനു നേരെ നടത്തിയ സൈനികാക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുകയാണ് ചെയ്തത്. ഇന്ദിരാഗാന്ധിയുടെ രണ്ട് സിക്ക് ബോഡി ഗാർഡുകള്‍ അവരെ വെടിവച്ച് വീഴ്ത്തുകയാണ് ചെയ്തത്.  സുവര്‍ണ ക്ഷേത്രാക്രമണത്തിനുള്ള പ്രതികാരമായിരുന്നു അത്.  പക്ഷെ അതൊന്നും അവിടം കൊണ്ട് അവസാനിച്ചില്ല.

തുടര്‍ന്ന് 1984-ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ സിക്ക് വിരുദ്ധ ഹിന്ദു വികാരം ആളിക്കത്തുകയും കോണ്ഗ്രസിന് പാര്‍ലമെന്റില്‍ നാനൂറില്‍ പരം സീറ്റുകള്‍ ലഭിക്കുകയും ചെയ്തു. പ്രധാനമന്ത്രിയായി അധികാരമേറ്റിരുന്ന രാജീവ് ഗാന്ധി ഹിന്ദുക്കളെ പ്രീണിപ്പിക്കാനുള്ള നടപടികളിലേക്കാണ് നീങ്ങിയത്. ഗംഗാനദി ശുദ്ധീകരിക്കാനുള്ള നടപടികളിലേക്കാണ് അദ്ദേഹം ആദ്യം ചുവടുവച്ചത്.

അടുത്തതായി ചെയ്തത് 1949 മുതല്‍ പൂട്ടിക്കിടന്നിരുന്ന ബാബറി മസ്ജിദ് ഹിന്ദുക്കള്‍ക്കായി തുറന്നു കൊടുത്തതായിരുന്നു. തികച്ചും നിരുപദ്രവകരമെന്നു തോന്നിക്കുന്ന ഈ സംഭവം ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ ഗതി തിരിച്ചുവിട്ട സംഭവമായി തീരുകയായിരുന്നു. 1949-ല്‍ ഒരു ചെറുസംഘം ഹിന്ദുക്കള്‍ രാമവിഗ്രഹം ബാബറി മസ്ജിദില്‍ ഒളിച്ചുകടത്തി സ്ഥാപിക്കുകയുണ്ടായി. അത് കേസാവുകയും പിന്നീട് കോടതി തീരുമാനപ്രകാരം മസ്ജിദ് അടച്ചിടുകയും ചെയ്തു. വിഷയം വിസ്മൃതിയില്‍ ആണ്ടു പോയിരുന്നു. നിയമവിരുദ്ധമായി ഹിന്ദുക്കള്‍ സ്ഥാപിച്ച രാമവിഗ്രഹം പൂജിക്കാനായി 1986-ല്‍ രാജീവ് ഗാന്ധി മസ്ജിദ് തുറന്നുകൊടുത്തതോടെ അതൊരു വിവാദ വിഷയമായി മാറി. പള്ളി പൊളിക്കാതെ തന്നെ തൊട്ടടുത്തു രാമക്ഷേത്രം പണിതു കൊടുക്കാം എന്നതായിരുന്നു രാജീവ് ഗാന്ധിയുടെ നിര്‍ദ്ദേശം. എന്നാല്‍ പള്ളി പൊളിച്ച് അത് നിന്നിരുന്ന സ്ഥാനത്തു രാമക്ഷേത്രം പണിയ ണമെന്നായി ഹിന്ദുത്വവാദികള്‍. ചുരുങ്ങിയ സമയംകൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുന്ന വിഷയമായി അത് മാറി.

k venu , opinion, iemalayalam
1980-കളുടെ അവസാനം വി.പി.സിങ് സര്‍ക്കാര്‍ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ തീരുമാനിച്ചതോടെ ബാബറി മസ്ജിദിനെ മറികടന്നുകൊണ്ട്‌ സവര്‍ണ-അവര്‍ണ ധ്രുവീകരണം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കേന്ദ്രവിഷയമായി മാറി. 1992 ഡിസംബറില്‍ ഹിന്ദുത്വ ശക്തികള്‍ ബാബറി മസ്ജിദ് തകര്‍ത്തശേഷം ഉത്തര്‍പ്രദേശില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഹിന്ദുത്വ ശക്തികളെ പ്രതിനിധാനം ചെയ്ത ബി.ജെ.പി. പരാജയപ്പെടുകയും ദലിത്‌, പിന്നോക്ക വിഭാഗങ്ങളെ പ്രതിനിധാനം ചെയ്ത എസ്.പി.-ബി.എസ്.പി. സഖ്യം വിജയിക്കുകയും ചെയ്തു.

രണ്ടായിരം വര്‍ഷത്തിലധികമായി ഇന്ത്യന്‍ സമൂഹത്തില്‍ ചെറിയൊരു ന്യൂനപക്ഷം മാത്രമായ സവര്‍ണ ശക്തികള്‍ നിലനിര്‍ത്തിപ്പോന്നിരുന്ന സാമൂഹ്യവും രാഷ്ട്രീയവുമായ മേധാവിത്തം ആദ്യമായി ഫലപ്രദമായി ചോദ്യം ചെയ്യപ്പെട്ട കാഴ്ചയാണ് അവിടെ കണ്ടത്. ഭരണഘടനാധിഷ്ഠിത ജനാധിപത്യത്തിലൂടെ ഇന്ത്യയിലെ വര്‍ണജാതി വ്യവസ്ഥ സൃഷ്ടിച്ച സാമൂഹ്യമായ ഉച്ചനീചത്വങ്ങള്‍ കുറെയെല്ലാം മറികടക്കാനാകുമെന്നു ഡോ. അംബേദ്‌കര്‍ വിഭാവന ചെയ്തത് സാധൂകരിക്കപ്പെടുന്ന കാഴ്ചയായും ഈ സംഭവവികാസങ്ങള്‍ മനസ്സിലാക്കപ്പെടാവുന്നതാണ്.

1998-2004 കാലഘട്ടത്തില്‍ സഖ്യകക്ഷികളുടെ പിന്തുണയോടെ ബി.ജെ.പിക്കു ഭരിക്കാനായെങ്കിലും അവര്‍ക്കത്‌ തുടരാനായില്ല. 2004-14 കാലഘട്ടത്തില്‍ കോണ്ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ. സര്‍ക്കാരിന് തുടര്‍ച്ചയുടെ ലക്ഷണമായിട്ടാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍ 2002-ല്‍ ഗുജറാത്തിലെ ഗോധ്രയിൽ ട്രെയിന്‍ ബോഗികള്‍ കത്തി ഹിന്ദു തീര്‍ഥാടകര്‍ മരിക്കാനിടയായത് മുസ്ലിം ന്യൂനപക്ഷങ്ങളുടെ ചെയ്തിയാണെന്ന് ആരോ പിച്ച് ഗുജറാത്തിലുടനീളം ഹിന്ദു തീവ്രവാദികള്‍ ന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്തപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി ആ കൊലകള്‍ തടയാന്‍ ശ്രമിക്കാതെ പരോക്ഷമായി അതിനു പിന്തുണ നല്‍കുകയാണ് ചെയ്തതെന്ന ആരോപണം ഫലപ്രദമായി നിഷേധിക്കപ്പെട്ടിട്ടില്ല.

ആ പ്രതിച്ഛായയെ മറികടക്കാനാകും വിധം ഗുജറാത്തിന്‍റെ വികസനത്തിന്‍റെ പ്രതീകം എന്ന പുതിയൊരു മുഖം മോദിക്കു നല്‍കുന്ന ഒരു പ്രചരണ തന്ത്രം ആസൂത്രിതമായി തന്നെ പ്രയോഗിക്കപ്പെട്ടു. ഇന്ത്യയുടെ വികസനം ഉറപ്പുവരുത്താന്‍ കഴിവുള്ള നേതാവ് എന്ന പ്രതിച്ഛായ സൃഷ്ടിക്കുന്നതില്‍ വിജയിച്ചുകൊണ്ടാണ് 2014-ല്‍ മോദിക്കു പ്രധാനമന്ത്രി പദത്തിലെത്താന്‍ കഴിഞ്ഞത്. അഞ്ചു വര്‍ഷത്തെ ഭരണം കൊണ്ട് ഇന്ത്യയുടെ വികസനം നാളിതുവരെ ഇല്ലാത്തവിധം പുറകോട്ടടിച്ചിരിക്കുകയാണെന്നു ലോകബാങ്ക് തന്നെ വിലയിരുത്തിയിട്ടുണ്ട്. എന്നിട്ടും മോദിക്ക് വീണ്ടും അധികാരത്തി ലെത്താനായത് ജനങ്ങള്‍ക്ക്‌ മുഴുവന്‍ ശൗചാലയങ്ങള്‍ പണിതുകൊടുക്കുകയും എല്ലാ കുടുംബങ്ങള്‍ക്കും പാചകവാതകം നല്‍കുകയും ചെയ്ത തുകൊണ്ട് മാത്രമല്ല, അതെല്ലാം വോട്ടാക്കാന്‍ കഴിയും വിധം സംഘപരിവാര്‍ ശക്തികള്‍ ആസൂത്രിതമായി പ്രവര്‍ത്തിച്ചതുകൊണ്ടു കൂടിയാണ്.

മഹാത്മ ഗാന്ധിയുടെ മതസൗഹാർദ രാഷ്ട്രീയത്തിനെതിരായി 1920-മുതല്‍ക്കു തന്നെ ഡോ.ഹെഡ്ഗെവാറും കൂട്ടരും ആരംഭിച്ച ഹിന്ദുത്വ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയും വിജയവുമാണ്‌ ഇപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കണ്ടുകൊണ്ടിരിക്കുന്നതെന്നു പറയാം. 49 പ്രമുഖ വ്യക്തികള്‍ക്കെതിരായി ബിഹാറിലെ കോടതി ചുമത്തിയ രാജ്യദ്രോഹ കുറ്റം എല്ലാ ജനവിഭാഗങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിക്കാന്‍ ബന്ധപ്പെട്ടവര്‍ നിര്‍ബന്ധിതരായത് ഇന്ത്യന്‍ മതേതര ജനാധിപത്യ ശക്തികളുടെ കരുത്തിനെയാണ് സൂചിപ്പിക്കുന്നത്. അതാണ്‌ പ്രതീക്ഷ നല്‍കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook