Latest News

മതേതര പാർട്ടികൾ രാമായണം വായിക്കുമ്പോൾ

“ആധുനിക ഇന്ത്യയുടെ നിലനിൽപ്പിന് അടിസ്ഥാനമായ ഗ്രന്ഥം നമ്മുടെ ഭരണഘടനയാണ്. ഇന്ത്യൻ ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് വിരുദ്ധമാണ് സംഘപരിവാരത്തിന്റെ ആശയലോകം”

balachandran chullikkad writes about ramayanam,

ഹിന്ദുമത രാഷ്ട്രവാദത്തെയും ഇസ്‌ലാമികമത രാഷ്ട്രവാദത്തെയും ഒരുപോലെ തള്ളിപ്പറയുന്ന പ്രയോഗമാണ് ശശി തരൂരിന്റെ ‘ഹിന്ദു പാക്കിസ്ഥാൻ’. ഇന്ത്യയെ ഹിന്ദു രാഷട്രമാക്കാൻ സംഘപരിവാരവും ഇസ്‌ലാമിക രാഷട്രമാക്കാൻ ഇസ്‌ലാമിക പരിവാരവും സുസംഘടിതവും ആസൂത്രിതവുമായ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ഇന്ത്യയിൽ പ്രസക്തമായ പ്രയോഗം.

മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും ബദ്ധശത്രുവാണ് മതരാഷട്രവാദം. അതിനാൽത്തന്നെ ഇന്ത്യയുടെ മതേതര ജനാധിപത്യ ഭരണഘടന മതരാഷ്ട്രവാദികളുടെ മുഖ്യ പ്രതിബന്ധമാണ്. എങ്കിലും തൽക്കാലം ഇന്ത്യൻ ഭരണഘടനയുടെയും ജനാധിപത്യ വ്യവസ്ഥയുടെയും പഴുതുകൾ ഉപയോഗിച്ച് ശക്തിപ്പെടാനാണ് മതരാഷട്ര വാദികളുടെ ശ്രമം. അതിനായി അവർ മതേതരവാദികളായും ജനാധിപത്യ വാദികളായും അഭിനയിക്കുന്നു.

പരിശുദ്ധ ഖുറാനെ മതേതരമായി വ്യാഖ്യാനിച്ച സർവ്വമതസത്യവാദിയായ ചേകന്നൂർ മൗലവിയുടെ അനുഭവം നമുക്കറിയാം. എന്നാൽ ഹിന്ദുത്വം മതമല്ലെന്നും മതേതരഭാരതീയ സംസ്കാരമാണെന്നും വാദിക്കുന്ന ഹിന്ദുരാഷ്ട്രവാദികളെ രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും മതേതര വായനകൾ പ്രകോപിപ്പിക്കില്ല. ഹിന്ദു രാഷ്ട്രവാദത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറയായി സംഘപരിവാർ ഉപയോഗിക്കുന്ന ഈ ഇതിഹാസങ്ങളെക്കുറിച്ചുള്ള ഏതുതരം വ്യാഖ്യാനവും ചർച്ചയും വിശദീകരണവും അവയെ സംസ്കാരത്തിന്റെ മുഖ്യധാരയിലെ മുഖ്യ ഘടകമാക്കി നിലനിർത്തും.

രാമനെയും കൃഷ്ണനെയും ബുദ്ധിജീവികൾ യുക്തിയുക്തം എത്രവിമർശിച്ചാലും അവരെ ദൈവങ്ങളായി ആരാധിക്കുന്ന ജനകോടികളുടെ വിശ്വാസത്തെ അത് ബാധിക്കില്ല. കാരണം യുക്തിക്ക് അതീതമായ ഒരു മണ്ഡലത്തിലാണ് മിത്ത് പ്രവർത്തിക്കുന്നത്. മിത്ത് സാമൂഹിക അബോധത്തിന്റെ കെണിയാണ്. അതിന്റെ ശരിതെറ്റുകൾ തീർപ്പാക്കാൻ ആർക്കുമാവില്ല. അതിനാൽ മതേതര രാഷ്ട്രീയ പാർട്ടികൾ രാമായണത്തെയും മഹാഭാരതത്തെയും ചർച്ചയ്ക്കെടുക്കുമ്പോൾ അത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വൻ വിജയമാകുന്നു. എന്തെന്നാൽ, ഹിന്ദുത്വ അജണ്ടയാണ് ആ ചർച്ച. അഹിന്ദുക്കൾ ആ ചർച്ചയെ ഹിന്ദു മത ചർച്ചയായി മാത്രമേ കാണൂ.

അഹിന്ദുക്കൾ രാമായണത്തെയും മഹാഭാരതത്തെയും ഹിന്ദു മതഗ്രന്ഥങ്ങളായേ കാണൂ. രാമായണവും മഹാഭാരതവും മതേതര ഭാരതീയ സംസ്കാരമാണെന്നു സ്ഥാപിക്കപ്പെടുമ്പോൾ, അഭിപ്രായ വ്യത്യാസങ്ങളെത്രതന്നെ ഉണ്ടായാലും അത് സംഘ പരിവാറിന്റെ വിജയമാണ്.

ആധുനിക ഇന്ത്യയുടെ നിലനിൽപ്പിന് അടിസ്ഥാനമായ ഗ്രന്ഥം നമ്മുടെ ഭരണഘടനയാണ്. ഇന്ത്യൻ ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് വിരുദ്ധമാണ് സംഘപരിവാരത്തിന്റെ ആശയലോകം. പാർലമെന്ററി മാർഗ്ഗത്തിലൂടെ ഭേദഗതികൾ നടത്തി ആത്യന്തികമായി ഭരണഘടനയെ അട്ടിമറിച്ച് ഹിന്ദു രാഷ്ട്രo സ്ഥാപിക്കുക എന്നതാണ് സംഘ പരിവാരത്തിന്റെ ലക്ഷ്യം.

അതിനാൽ മതേതരത്വത്തിലും ജനാധിപത്യത്തിലും സോഷ്യലിസത്തിലും അധിഷ്ഠിതമായ ഇന്ത്യൻ ഭരണഘടനയെക്കുറിച്ചും അതു നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ഇന്ത്യയിലെ ജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് മതേതര ജനാധിപത്യ ശക്തികളുടെ അടിയന്തിര കർത്തവ്യം.

Read More: മാനസാന്തരം സംഭവിക്കാത്ത സൗഹൃദം, ബാലചന്ദ്രൻ ചുളളിക്കാടിനെ കുറിച്ച് സംസ്കൃത സർവ്വകലാശാല മുൻ വിസിയായ കെ എസ് രാധാകൃഷ്ണൻ എഴുതുന്നു

Read More: ഇല കൊഴിയാത്ത ഒരു കവി, ഗ്രന്ഥശാലസംഘം  മുൻ പ്രസിഡന്റ്  പി കെ ഹരികുമാർ എഴുതുന്നു

Read More: മണ്ണാങ്കട്ടയും കരിയിലയും അഷിത എഴുതുന്നു

 

Get the latest Malayalam news and Opinion news here. You can also read all the Opinion news by following us on Twitter, Facebook and Telegram.

Web Title: Secularism indian constitution hindutva sangh parivar shashi tharoor ramayanam balachandran chullikad

Next Story
ജീവനെടുക്കുന്ന ഫോർവേഡുകളും ഡിജിറ്റൽ  ലോകത്തെ കെണികളുംBhaskar Chakravorti
The moderation of comments is automated and not cleared manually by malayalam.indianexpress.com