scorecardresearch

സൗദി അറേബ്യൻ പ്രവാസത്തിന്റെ അവസാനരംഗങ്ങൾ

“ഒരു കാലഘട്ടം എന്നെന്നേക്കുമായി തിരശ്ശീലയിടുകയാണ്. ഒന്നുമില്ലായ്മയാണെങ്കിൽ ഒന്നുമില്ലായ്മയിലേക്ക് പുറപ്പെടാനായി നിൽക്കുന്നു, മഹാഭൂരിപക്ഷം. ജന്മനാട്ടിലെത്തിയാൽ എന്തുണ്ട് എന്നതാണ് തുറിച്ചു നോക്കുന്ന ചോദ്യം. ആ ചോദ്യം പല മാനങ്ങളുള്ളതാണ്”, പ്രവാസിയും അധ്യാപകനും സാഹിത്യകാരനുമായ ലേഖകൻ

സൗദി അറേബ്യൻ പ്രവാസത്തിന്റെ അവസാനരംഗങ്ങൾ

ഏതൊക്കെ കൽപിതയുക്തികൊണ്ട് ആശ്വാസം കണ്ടെത്താൻ ശ്രമിച്ചാലും ഒരു കാര്യം വാസ്തവമാണ്, കൺമുന്നിൽ സംഭവിക്കുന്നതാണ്. സൗദി അറേബ്യൻ തൊഴിലാളി കുടിയേറ്റത്തിന് തിരശ്ശീല വീഴുന്നു എന്നത് ഇന്ന് അതിശയോക്തിയല്ല. കുറേ കാലമായി ആവർത്തിക്കുന്ന ‘ഗൾഫ് പ്രതീക്ഷകൾ അവസാനിച്ചു’ എന്ന ക്ലീഷേ അല്ല ഇത്.

കഴിഞ്ഞ ഏതാനും മാസങ്ങൾ സൗദി അറേബ്യയിൽ ഒട്ടും പ്രതീക്ഷകളോടെയായിരുന്നില്ല പുലർന്നിരുന്നത്. ഏതാണ്ട് അരനൂറ്റാണ്ടിലേറെ നീണ്ടു നിന്ന പ്രവാസം അതിന്‍റെ അവരോഹണത്തിലെത്തിയിരിക്കുന്നു. അതിനാണെങ്കിലോ നിരവധി കാരണങ്ങളുണ്ട്.

2014ൽ അന്തർദേശീയ വിപണിയിൽ അസംസ്കൃത എണ്ണയുടെ വില താഴേക്ക് പതിക്കാൻ തുടങ്ങിയതോടെ തന്നെ ഗൾഫ് രാജ്യങ്ങളിൽ ഉത്കണ്ഠ പരന്നിരുന്നു. ഈ മേഖലയിൽ അമേരിക്ക വിരിച്ച എണ്ണക്കെണിയുടെ ആഘാതം ഗൾഫ് രാജ്യങ്ങൾ കണക്കു കൂട്ടിയതിലും അപ്പുറമായിരുന്നു. സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളെ ഈ ആഘാതം പിടികൂടി. വിശേഷിച്ച് എണ്ണേതര വരുമാനം തുലോം പരിമിതമായ സൗദി അറേബ്യയയെ ഇത് പിടിച്ചുലച്ചു. സൗദി പോലുള്ള ഗൾഫ് രാജ്യങ്ങൾ അഭിമുഖീകരിക്കുന്ന മറ്റൊരു സാമൂഹ്യ-സാമ്പത്തിക പ്രശ്നം യുവാക്കളുടെ തൊഴിലില്ലായ്മയാണ്. അതിൽ തന്നെ വിദ്യാസമ്പന്നരായ യുവതികളുടെ എണ്ണമാണ് കൂടുതൽ. സൗദി അറേബ്യൻ സാമൂഹ്യജീവിതത്തിന്‍റെ പ്രതിഫലനമാണ് ഇതിൽ വ്യക്തമാകുന്നത്. സ്കൂൾ വിദ്യാഭ്യാസവും തുടർവിദ്യാഭ്യാസവും കൂടുതൽ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകുന്നത് സ്ത്രീകൾ തന്നെയാണ്.

ഈ വർഷം റിയാദിലെ ജനാദ്രിയ പൈതൃകോത്സവത്തിലെ അനുഭവവും സൗദിയിൽ ഉയർന്നുവരുന്ന സ്ത്രീശക്തിയെ പ്രകടമാക്കുന്നുണ്ട്. ഭൂമിശാസ്ത്ര-ഖനന മന്ത്രാലയത്തിന്‍റെ കീഴിലുള്ള പ്രദർശനശാലയിൽ ആ മേഖലയിലുള്ള രാജ്യത്തിന്‍റെ വളർച്ചയും സാദ്ധ്യതകളും വിശദീകരിക്കാനുണ്ടായിരുന്നത് രണ്ട് സൗദി പെൺകുട്ടികളായിരുന്നു.

തികഞ്ഞ ആത്മവിശ്വാസത്തോടെ, ഇംഗ്ലീഷ് ഭാഷയിൽ മികച്ച പ്രാവീണ്യത്തോടെ രാജ്യത്തിന്‍റെ നേട്ടങ്ങൾ വിശദീകരിച്ചത് സ്ത്രീവിദ്യാഭ്യാസത്തിന്‍റെ വിപ്ലവകരമായ മാറ്റത്തിന്‍റെ ദൃഷ്ടന്തമാണ്.

സൗദി അറേബ്യയുടെ ആഭ്യന്തരരാഷ്ട്രീയം ചില തന്ത്രപരമായ ഇടപെടലുകളും നിയന്ത്രണങ്ങളും ആവശ്യപ്പെടുന്നുണ്ട്. സാമൂഹികമായും സാംസ്കാരികമായും രാജ്യത്തിന്‍റെ സമീപ ഭൂതകാല സാഹചര്യങ്ങളിൽ നിന്ന് മാറി നടക്കാനുള്ള പ്രവണത കാണിക്കുമ്പോഴും ഒരു രാഷ്ട്രീയ ഏകകം എന്ന നിലക്ക് കൂടുതൽ നിയന്ത്രണമുള്ള കേന്ദ്രീകൃതഭരണം നിലനിൽക്കണം എന്നുതന്നെയാണ് സർക്കാർ ആഗ്രഹിക്കുന്നത്. അതിന്‍റെ പ്രതിഫലനങ്ങൾ രാജ്യത്തിന്‍റെ ആഭ്യന്തരവും ബാഹ്യവുമായ രാഷ്ട്രീയനിലപാടുകളിൽ പ്രതിഫലിക്കും.

ഏതൊരു രാജ്യത്തിന്‍റെയും പ്രഥമകർത്തവ്യം സ്വന്തം പൗരജീവിതത്തിന്‍റെ ക്ഷേമം ഉറപ്പാക്കുക എന്നതു തന്നെയാണ്. ജനാധിപത്യപരമല്ലാത്ത ഭരണകൂടങ്ങളുടെ പോലും ആധുനിക സ്റ്റേറ്റ് സങ്കൽപ്പത്തിന്‍റെ വികാസമാണ് പ്രജാക്ഷേമം എന്നത്. യുവജനതയെ രാജ്യത്തോടൊപ്പം നിർത്തുന്നതും അതിന്‍റെ വികസനപ്രക്രിയയിൽ ഭാഗമാക്കുക എന്നതും സുപ്രധാനമായ കാര്യമാണ്. അത് ചില സവിശേഷ സന്ദർഭങ്ങളിൽ രാഷ്ട്രീയതന്ത്രവുമാണ്. അങ്ങനെ നിരവധി ഘടകങ്ങൾ ചേർന്നാണ് സൗദിയിലെ സ്വദേശീവൽക്കരണവും അതിനെ തുടർന്നുണ്ടായിട്ടുള്ള പ്രവാസി പ്രതിസന്ധിയും രൂപപ്പെട്ടത്. എന്നാൽ മലയാളികൾ അടക്കമുള്ള കുടിയേറ്റ തൊഴിൽ സമൂഹത്തെ ഇത് ബാധിക്കുന്നത് വളരെ ആഴത്തിലുള്ള മുറിവുകളുടെ രൂപത്തിലാണ്.
m faisal, memories

നാടുവിടാത്തവർക്ക് കാൽപനികമായ ഭാവനാ വിലാസമാണ് ഗൾഫ് പ്രവാസജീവിതം. ഗൾഫിൽ നിന്ന് അവധിക്കുവരുന്ന മലയാളി. അതൊരു ടിപ്പിക്കൽ ക്യാരക്റ്ററാണ്. മിക്കവാറും രാത്രികളിലാണ് ഗൾഫുകാരൻ പണ്ടൊക്കെ നാട്ടിലെത്തുക. പിറ്റേന്ന് രാവിലെ വർണ്ണശബളമായ ബാത്ടവൽ ഇരുതോളുകളിലൂടെയിട്ട്, സോഫ്റ്റ്സോൾ വള്ളിച്ചെരുപ്പുമിട്ട് അയാൾ കോൾഗേറ്റ് കൊണ്ട് പല്ലുതേച്ച് പുറത്തേയ്ക്കിറങ്ങും.

അന്നേരമാണ് അയൽപക്കക്കാർ അയാളെ കാണുക. മുടി കൊഴിഞ്ഞതും വയർ ചാടിയതും ശ്രദ്ധിക്കപ്പെടും. ‘ഇയ്യി ആളങ്ങട്ട് നന്നായി പോയല്ലൊ’ എന്ന് നാട്ടുകാർ പറയുകയും ചെയ്യും. അവനിൽ നിന്ന് വീടും നാടും പലതും പ്രതീക്ഷിക്കുന്നുണ്ട്. ഒന്നോ രണ്ടോ മാസം നാട്ടിൽ നിൽക്കുന്ന അവന് അവരെ നിരാശരാക്കാൻ വയ്യ. ശമ്പളം കൊണ്ടും കടം കൊണ്ടും വാങ്ങിയ സമ്മാനങ്ങൾ എല്ലാവർക്കുമായി വീതിക്കും. എന്നാലും പരാതികളുണ്ടാകും. അവധി കഴിഞ്ഞ് അവൻ തിരിച്ചു പോകുന്നതിൽ നാട്ടിലുള്ളവർക്കാണ് ആശ്വാസം. കീശ ഏതാണ്ട് കാലിയായ അവൻ പോകുന്നതാണ് നല്ലതെന്ന് അവർക്കറിയാം. എങ്കിലും കരയുന്ന കണ്ണുകളോടെ അവർ അവനെ വീണ്ടും യാത്രയാക്കും. ഇങ്ങനെ പ്രവാസ ജീവിതത്തെ അതികോമഡിയോ, അതിവൈകാരികതയോ നിറഞ്ഞ സിനിമയായി നാടൻ പ്രേക്ഷകർ വ്യാഖ്യാനിക്കുമ്പോഴും അതിലെ തീപൊള്ളലുള്ള യാഥാർത്ഥ്യം ഒരെഴുത്തുകൊണ്ടും ഒരു പകർച്ച കൊണ്ടും പൂർണ്ണമായി പങ്കു വെക്കാനാവാത്തതായി അവശേഷിക്കുകയാണ്. അതു കൊണ്ടു തന്നെ ചങ്ക് പറിച്ചു കാണിച്ചാലും ”കത്തീമ്മ്‌ല് ഒരു ട്രിക്ക്‌ണ്ടെടാ’…’ എന്ന് പറയുന്ന എം ടി കഥാപാത്രമാകാനേ നാട്ടുകാരന് കഴിയൂ.

നാടുവിട്ടവൻ മണലാരണ്യത്തിലൂടെ നടന്നുതീർത്ത വഴികളുണ്ട്. കഠിനമായ നിൽപ്പുകൾ, നടത്തങ്ങൾ, മരവിപ്പുകൾ. അവർ കൊണ്ടു നിന്ന കൊടുങ്കാറ്റുകൾ ഹെർമൻ ഹെസ്സെ ‘മരങ്ങളി’ൽ പറഞ്ഞപോലെ പർവ്വതങ്ങളിൽ വളരുന്ന മരങ്ങൾ സഹിച്ചു നിന്ന കൊടുങ്കാറ്റുകൾ തന്നെയാണ്. എന്നിട്ടും ആ ജീവിതങ്ങൾ നമ്മുടെ സിനിമയിൽ ഹാസ്യാനുകരണങ്ങളായി.

പ്രവാസിയുടെ പഴയ സെൽഫ് പോർട്രെയ്റ്റും പുതിയ സെൽഫിയും ഒരു കാരിക്കേച്ചറിനപ്പുറം പോയില്ല എന്നത് ഇതിലെ പാരഡോക്സാണ്. അല്ലെങ്കിൽ അതിവൈകാരികതയുടെ കണ്ണീരിൽ പുരട്ടിയ പാട്ടുത്സവങ്ങളോളം അത് ചെന്നെത്തിയിട്ടുണ്ടാകും. എന്തൊക്കെയായാലും അവരുടെ കരച്ചിലുകൾ വെറും വൈകാരിക പ്രകടനങ്ങളായി നാട്ടുമലയാളി കേട്ടു നിന്നു എന്നത് വാസ്തവമാണ്.

പലപ്പോഴും സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളിലെത്തിയ മലയാളി തൊഴിൽ സമൂഹത്തിന്‍റെ താരതമ്യേന ഭേദപ്പെട്ട സാമ്പത്തിക നിലവാരത്തിന്‍റെ ആധാരങ്ങളിലൊന്ന് കുടുംബങ്ങളിലെ സ്ത്രീകൾക്ക് കൈവന്ന തൊഴിൽ ലഭ്യതയുമായിരുന്നു. സ്കൂളുകൾ, ആശുപത്രികൾ, ക്ലിനിക്കുകൾ, ബാങ്കുകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും സ്ത്രീകൾ ജോലിയെടുക്കുന്നത്. ഇതിൽ സൗദി അറേബ്യയിൽ ഈ മേഖല സ്കൂളുകളും ആരോഗ്യസ്ഥാപനങ്ങളുമായി പരിമിതപ്പെട്ടതാണ്. ഈ മേഖലകളിലും സ്വദേശീവൽക്കരണം വരികയാണ്.

സൗദിയിൽ പെൺകുട്ടികൾക്കായുള്ള സ്വകാര്യസ്കൂളുകളിൽ സ്വദേശീവനിതാ അദ്ധ്യാപകരെ നിയമിക്കണം. കൂടാതെ അദ്ധ്യാപികമാരായി ജോലി ചെയ്യുന്ന വിദേശികൾ വലിയ സംഖ്യ വാർഷിക ഫീസ് സർക്കാരിലേക്ക് അടക്കുകയും വേണം. മിക്കവാറും രണ്ടായിരമോ, അതിലും അല്പം മേലെയോ ഉള്ള ശമ്പളത്തിനാണ് സൗദി അറേബ്യയിലെ ഇന്ത്യൻ സ്കൂളുകളിൽ സ്ത്രീകൾ ജോലി ചെയ്യുന്നത്. തൊഴിൽ വിപണിയിലെ വർദ്ധിച്ച സേവന ലഭ്യതയാണ് ശമ്പളത്തിന്‍റെ നിലവാരം താഴ്ത്തുന്നത്. നാട്ടിൽ നിന്ന് എഴുത്തു പരീക്ഷയും അഭിമുഖവും നടത്തി അദ്ധ്യാപകരെ നിയമിക്കുമ്പോൾ നിർബന്ധമായ അദ്ധ്യാപക പരിശീലന യോഗ്യതയും ബിരുദാനന്തര ബിരുദവുമൊന്നും സൗദിയിലെ പ്രാദേശിക നിയമനങ്ങൾക്ക് ആവശ്യമില്ല. അദ്ധ്യാപക ജോലിക്ക് അപേക്ഷയുമായി വരുന്നവർക്ക് ഒരു ബിരുദം ഉണ്ടായാൽ തന്നെ പല സ്കൂളുകൾക്കും തൃപ്തിയായി. മാത്രമല്ല, സൗദി അറേബ്യ അദ്ധ്യാപകവൃത്തിക്കായി നിഷ്കർഷിക്കുന്ന യോഗ്യത വെറും ബിരുദമാണ്. അതു മാത്രം അധികാരികളാൽ സാക്ഷ്യപ്പെടുത്തിയാൽ മതി.

സ്കൂൾ തലത്തിൽ പഠിപ്പിക്കാൻ ഉയർന്ന യോഗ്യതാ സർട്ടിഫിക്കറ്റൊന്നും സാക്ഷ്യപ്പെടുത്തേണ്ടതില്ല. അതു കൊണ്ടു തന്നെ അദ്ധ്യാപക പരിശീലന യോഗ്യതയില്ലാത്തവർക്കും ഇഷ്ടം പോലെ അദ്ധ്യാപകരാകാമായിരുന്നു. വിദ്യാഭ്യാസ രംഗത്തെ ഗുണമേന്മയെ ഇത് ബാധിച്ചിട്ടുണ്ട് എന്നത് വേറെ കാര്യം. തുച്ഛമാണെങ്കിലും അദ്ധ്യാപികമാരുടെ വരുമാനം കുടുംബ ബജറ്റിനെ സന്തുലിതമായി നിലനിർത്താൻ സഹായിച്ചിട്ടുണ്ട്.

അങ്ങനെയുള്ള സാഹചര്യത്തിലാണ് സ്കൂൾ സ്പോൺസർഷിപ്പിലല്ലാത്ത അദ്ധ്യാപകർ പ്രതിമാസം തൊള്ളായിരം റിയാലോളം സർക്കാരിൽ തൊഴിൽ ലെവി അടക്കണം എന്ന നിയമം വരുന്നത്. രണ്ടായിരം ശമ്പളം വാങ്ങുന്ന അദ്ധ്യാപികമാർക്ക് മിച്ചമെന്തുണ്ട്!m.faisal,memories
തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതിന്‍റെ ഭാഗമായി ഇതു വരെ കൂടുതൽ പേർ ചേർന്ന് ചെയ്തിരുന്ന തൊഴിൽ അതിന്‍റെ നാലിലൊന്നോ, അഞ്ചിലൊന്നോ തൊഴിലാളികൾ മാത്രം ചെയ്യേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇതിന്‍റെ മാനസികാഘാതം ഏറ്റുവാങ്ങുന്നത് പലപ്പോഴും പ്രവാസി ജീവനക്കാരാണ്. അതിൽ തന്നെ തൊഴിൽ വൈദഗ്ദ്ധ്യം തെളിയിച്ചിട്ടുള്ള മലയാളി ജീവനക്കാരുടെ എണ്ണം വലുതാണ്.

പുതിയതായി മദ്ധ്യപൂർവ്വേഷ്യൻ മേഖലാ രാഷ്ട്രീയത്തിൽ രൂപപ്പെടുന്ന സംഭവങ്ങളും അനിശ്ചിതത്വവും പ്രവാസലോകത്തെ ഭീതിയുടെ നിഴലിൽ കൊണ്ടു വരുന്നതാണ് നമ്മളിപ്പോൾ കാണുന്നത്. കാര്യങ്ങൾ ഈ നിലക്ക് മുന്നോട്ടു പോകുന്നത് ആർക്കും ഗുണം ചെയ്യില്ല എന്ന തോതിലുള്ള പ്രതികരണങ്ങൾ അങ്ങിങ്ങായി വരുന്നുണ്ട് എന്നത് വാസ്തവം തന്നെ. അതൊക്കെ എത്ര മാത്രം ഗൗരവമായി അധികാരാലോചനകളിൽ പ്രതിഫലിക്കും എന്നൊന്നും പറയാനാവില്ല. എന്തെങ്കിലും പ്രതിവിധി ഉണ്ടാകും എന്ന പ്രതീക്ഷയോടെ കാത്തു നിൽക്കാവുന്ന അവസ്ഥയിലല്ല പലരും.

അതു കൊണ്ടു തന്നെ വരുന്ന വേനലവധിക്കാലത്ത് മടക്കടിക്കറ്റുമായി യാത്രയ്ക്കൊരുങ്ങുന്നവർ ചുരുക്കമാണ്. മടക്കടിക്കറ്റെടുത്തവർ പോലും തിരികെയെത്തിയാൽ തൊഴിലുമായും താമസവുമായും ബന്ധപ്പെട്ട കാര്യങ്ങൾ നിയമപരമായി അവസാനിപ്പിച്ച് എന്നെന്നേക്കുമായി തിരികെ പോകണം എന്ന തീരുമാനത്തിലാണ്.

സൗദി മലയാളി ജീവിതത്തിന്‍റെ നാട്ടുചേരലിന്‍റെ ഇടങ്ങളിലൊന്നാണ് റിയാദിലെ ബത്ത. വ്യാഴം വൈകീട്ട് മുതൽ ഏറെ സജീവമാകുന്ന ബത്തയിലേക്ക് വിശാലമായ നഗരഭാഗങ്ങളിൽനിന്നും വിദൂര പ്രാന്തപ്രദേശങ്ങളിൽ നിന്നും പ്രവാസികൾ ഒഴുകിയെത്തും. അവരവരുടെ നാട്ടുകാരെ തമ്മിൽ കാണാൻ, ആവലാതികളും സന്തോഷങ്ങളും പങ്കുവെക്കാൻ, ഒന്നിച്ചിരുന്നൊരു ചായ കുടിക്കാൻ, ഒരാഴ്ചത്തേക്ക് വേണ്ട പച്ചക്കറികളോ, പലവ്യഞ്ജനങ്ങളോ വാങ്ങാൻ. വെള്ളിയാഴ്ച വൈകീട്ട് ബത്തയിൽ നിന്ന് ദൂരങ്ങളിലേക്ക് പാഞ്ഞു പോകുന്ന വാഹനങ്ങളിൽ ഒരാഴ്ചയുടെ സ്വപ്നങ്ങളും ആശ്വാസങ്ങളും ഉണ്ടാകും.

ഇന്ന് അത്തരം ഒഴുക്കുകൾ ശമിക്കുകയാണ്. ബത്തയുടെ പ്രൗഢമായ നഗരക്കാഴ്ചകൾ നിറം കെട്ടതായിരിക്കുന്നു. ജനനിബിഢമായിരുന്ന തെരുവുകൾ ശൂന്യമായതുപോലെ. വഴിയോര വാണിഭക്കാർ പോലും പ്രതീക്ഷകൾ കെട്ട മുഖങ്ങളോടെ ശീലിച്ച തൊഴിൽ ആവർത്തിക്കുന്നു എന്നു മാത്രം.

വ്യവസ്ഥാപിത കച്ചവടസ്ഥാപനങ്ങൾ വാടക കൊടുക്കാൻ പോലുമാകാതെ അടച്ചു പൂട്ടിക്കൊണ്ടിരിക്കുന്നു. അവശേഷിക്കുന്നവ വലിയ ഇളവുകളും സമ്മാനങ്ങളും വാഗ്ദാനം ചെയ്ത് ഫ്ലെക്സുകൾ പ്രദർശിപ്പിച്ചിരിക്കുന്നു. അതു പോലും ആളുകൾക്ക് ആകർഷമാകാത്ത വിധം കാലം കനക്കുകയാണ്. അവശേഷിക്കുന്ന തിരക്കുപോലും നാട്ടിലേക്കു പോകുന്നവരുടെ ഒടുവിലത്തെ ഷോപ്പിങ്ങിന്‍റെതാണ്. ‘Hell is for others’ എന്ന് കരുതിയിരുന്നവർ നരകവാതിൽക്കൽ വന്നു പെട്ടതു പോലെയുള്ള അവസ്ഥയാണ് ഇപ്പോഴുള്ളത്.

നഷ്ടപ്പെടുന്ന ജീവിത സാഹചര്യങ്ങളെ ഇനിയും ഒരു പുഞ്ചിരികൊണ്ട് വൃഥാ മായ്ക്കാൻ ശ്രമിക്കുന്നുണ്ട് ചിലർ. ഗൾഫ് യുദ്ധത്തിനു ശേഷം മലയാളി പ്രവാസം കണ്ട ഏറ്റവും വലിയ തിരിച്ചടിയിലെ കാലാളുകളാണ് തങ്ങളെന്ന് ഓരോരുത്തരും തിരിച്ചറിയുന്നുണ്ട്. പക്ഷേ, യുദ്ധ കാലത്തെ തിരിച്ചു പോക്കിന് ഒരു പ്രതീക്ഷയുണ്ടായിരുന്നു. യുദ്ധമൊഴിയുമ്പോൾ, അതിന്‍റെ കെടുതികൾ തീരുമ്പോൾ എന്നെങ്കിലും തിരിച്ചെത്താനാകുമെന്ന്. ഇന്ന് അതൊന്നുമില്ല. ഒരു കാലഘട്ടം എന്നെന്നേക്കുമായി തിരശ്ശീലയിടുകയാണ്. ഒന്നുമില്ലായ്മയാണെങ്കിൽ ഒന്നുമില്ലായ്മയിലേക്ക് പുറപ്പെടാനായി നിൽക്കുന്നു, മഹാഭൂരിപക്ഷം. ജന്മനാട്ടിലെത്തിയാൽ എന്തുണ്ട് എന്നതാണ് തുറിച്ചു നോക്കുന്ന ചോദ്യം. ആ ചോദ്യം പല മാനങ്ങളുള്ളതാണ്. നാട്ടിലെത്തുന്ന പ്രവാസിയുടെ സംരംഭങ്ങളോട് സൗഹൃദപരമല്ലാത്ത മനോഭാവം പുലർത്തുന്ന ഒരു നാടൻ യാഥാർത്ഥ്യം ഇന്നുണ്ട്.
m faisal, memories

ഗൾഫിൽ പോയവരെല്ലാം ബി ആർ ഷെട്ടിയോ, എം എ യൂസഫലിയോ അല്ല. വലിയ വാഗദാനങ്ങളുടെ മോഹവലയങ്ങളിൽ വീണ് ഗൾഫിൽ എത്തിച്ചേരുകയും പിന്നീട് ദയനീയവും വേദനാജനകവുമായ തൊഴിലുകളുടെ അടിമകളായി മാറിയവരുണ്ട്. ചിലരൊക്കെ ചില സന്ദർഭങ്ങൾക്കൊണ്ടോ, ഇച്ഛാശാക്തികൊണ്ടോ രക്ഷപ്പെട്ടുപോയിട്ടുണ്ട്.

എന്‍റെ ഒരു തമിഴ് സുഹൃത്തുണ്ട്. വലിയ വാഗ്ദാനം ചെയ്താണ് അദ്ദേഹത്തെ കൊണ്ടുവരുന്നത്. വിദ്യാഭ്യാസയോഗ്യത എം എസ് സിയും ബി എഡുമുണ്ട്. പക്ഷേ, വന്നുപെട്ടത് സൗദിയിലെ വിദൂരമായ ഒരു കൃഷിഭൂമിയിൽ. മാസങ്ങൾ നീണ്ടുനിന്ന പീഡനങ്ങൾ സഹിച്ചു. പിന്നീട് ഒത്തുകിട്ടിയ അവസരത്തിൽ ഒരു പിക്കപ്പ് വാനിൽ നഗരത്തിലേക്ക് രക്ഷപ്പെട്ടു. നിരന്തരശ്രമങ്ങളിലൂടെ നാട്ടിലേക്ക് രക്ഷപ്പെട്ടു. മാസങ്ങൾ കഴിഞ്ഞ് മറ്റൊരു വിസയിൽ റിയാദിലെ ഒരു സുഗന്ധദ്രവ്യ വിൽപ്പനക്കടയിലെത്തുന്നു. ആ സമയത്താണ് ഇന്ത്യൻ എംബസിക്ക് കീഴിലുള്ള ഒരു സ്കൂളിൽ അദ്ധ്യാപകരെ ആവശ്യപ്പെട്ട് പരസ്യം കാണുന്നത്. അദ്ദേഹം അപേക്ഷിച്ചു. ജോലി കിട്ടി. പിന്നീട് അദ്ധ്യാപികയായ സഹധർമ്മിണിയും വന്നു. അദ്ദേഹം പിന്നീട് ആ സ്കൂളിന്‍റെ പ്രിൻസിപ്പൽ വരെയായി.

ഇത്തരം രക്ഷപ്പെടലുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും അത് സാമാന്യ അനുഭവങ്ങളായിരുന്നില്ല. നാട്ടിലെ മലയാളി കരുതും പോലെ സുഖശീതളമായ അന്തരീക്ഷത്തിലല്ല, അവരുടെ പ്രവാസി സഹോദരങ്ങൾ അതിജീവിക്കുന്നത്. പ്രവാസി അദ്ധ്വാനിച്ചുണ്ടാക്കിയതിന്‍റെ സാമ്പത്തികമായ സംഭാവനകൾ രാജ്യത്തിന്‍റെ പൊതുവികസനത്തിന് നിദാനമായിട്ടുണ്ട്. ആ പൊതു സൗകര്യങ്ങൾ നാട്ടുമലയാളിയും അനുഭവിക്കുന്നുണ്ട്. പ്രവാസി സ്വന്തം കുടുംബത്തിന്‍റെ സുരക്ഷ സ്വയം ഏറ്റെടുത്തത് ഭരണകൂടത്തിന്‍റെ ബാദ്ധ്യതയെ ലഘൂകരിച്ചു. ആ മെച്ചവും നാട്ടിലെ പൗരന്മാർക്ക് ലഭിച്ചിട്ടുണ്ട്.

സഹനങ്ങളിലൂടെയുള്ള പ്രവാസികളുടെ അതിജീവനം ഒരു രാജ്യത്തിന്‍റെ സാമ്പത്തികാധാരത്തെ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അത് സാമ്പത്തിക രംഗത്തെ കടന്ന് സാമൂഹികവും സാംസ്കാരികവുമായ ആദാനപ്രദാനങ്ങൾക്ക് വഴിയൊരുക്കി. വൈവിദ്ധ്യപൂർണ്ണവും സമ്പന്നവുമായ നമ്മുടെ സംസ്കാരികപുഷ്പവൃത്തത്തിൽ പ്രവാസി കൂടുതൽ നിറങ്ങൾ ചാലിച്ചു. ആ നിറങ്ങളാണ് ഇപ്പോൾ മങ്ങുന്നത്. പഴകിയ ആ തോരണങ്ങളാണ് കൊഴിഞ്ഞു വീഴുന്നത്. കൂടുതൽ ആലങ്കാരികമായ വിശേഷണങ്ങളിൽ ആവിഷ്ക്കരിക്കാവില്ല ഈ അവസ്ഥയെ.

തിരിച്ചെത്തുമ്പോൾ പ്രവാസിയെ ആശ്വസിപ്പിക്കാൻ ഒന്നുമില്ല. സഹിഷ്ണുത നിറഞ്ഞ നമ്മുടെ സാമൂഹ്യഘടന ധ്രുവീകരിക്കപ്പെട്ട് പരസ്പരം അക്രമാസക്തമായി നിൽക്കുന്നു. പ്രവാസ ലോകത്ത് ജാതിയോ, മതമോ നോക്കാതെ ഒരേ കട്ടിലിൽ കിടന്ന്, ഒരേ പാത്രത്തിൽ നിന്ന് ആഹരിച്ചിരുന്നവർ, പരസ്പരം കണ്ണീർ തുടച്ചിരുന്നവർ, സന്തോഷങ്ങളിൽ ഒന്നിച്ച് പൊട്ടിച്ചിരിച്ചിരുന്നവർ പ്രവാസത്തിന്‍റെ ഒരു വിയോജിപ്പുമില്ലാത്ത ചിത്രമാണ്. ആ ചിത്രം നാട്ടിൽ വീണുടയുകയാണ്.

മനുഷ്യനെ ഒന്നിച്ചുനിർത്തുന്ന മാനുഷികതയിൽ മതരാഷ്ട്രീയം അതിന്‍റെ വിഷവിത്തുകൾ മുളപ്പിക്കുന്നു. അത് വളരുന്നു. വിളയുന്നു. ആ വിഷക്കാലത്തേയ്ക്കും കൂടിയാണ് സൗദി അറേബ്യയിലെ പ്രവാസി തിരിച്ചുപോകുന്നത്. ഇതിന്‍റെയെല്ലാം ദുരന്തങ്ങൾ എന്താണെന്ന് ഓരോ പ്രവാസിക്കും ഇന്ന് അറിയാം. എന്തു കൊണ്ടെന്നാൽ നാട്ടിലേയ്ക്ക് ഉണർന്നിരിക്കാനുള്ള ഒരു കണ്ണ് പുതിയ വിവരസങ്കേതികവിദ്യയും സാമൂഹ്യ മാദ്ധ്യമങ്ങളും പ്രവാസികൾക്ക് നൽകിയിട്ടുണ്ട്. അതു കൊണ്ടു തന്നെ പണ്ടത്തെ നാട്ടറിവില്ലാത്തവരല്ല പ്രവാസികൾ.

മരുഭൂമിയിൽ ഒരസ്തമയം നോക്കിനിൽക്കുകയാണ് മലയാളി. ചക്രവാളത്തിലൂടെ പറക്കുന്ന അവസാനത്തെ വിമാനത്തിന് കാത്തു നിൽക്കുന്നവർ. അവർ വൈകാരികമായ പിരിമുറുക്കങ്ങളിൽ ജന്മനാട്ടിൽ വിമാനമിറങ്ങും. ഗൾഫ് പ്രവാസിയെ ഭാവനാത്മകമായി വ്യാഖ്യാനിച്ച നാടും നാട്ടുമാദ്ധ്യമങ്ങളും തിരിച്ചെത്തുന്നവരുടെ കണ്ണീരിൽ നോക്കി, ചിതറിപ്പോയ സ്വപ്നങ്ങളിൽ നോക്കി, ശൂന്യമായ കൈകളിൽ നോക്കി വീണ്ടും പറയുമോ, ‘കത്തീമ്മ്‌ല് ഒരു ട്രിക്ക്‌ണ്ടെടാ’….’

‘പാവമൂസ’ (നോവൽ), ‘ദേഹവിരുന്ന്’ (കഥാസമാഹാരം), ‘ദേശാന്തരകവിതകൾ'(പരിഭാഷപ്പെടുത്തിയ കവിതകളുടെ സമാഹാരം) എന്നിവ ഫൈസലിന്‍റെ ശ്രദ്ധേയമായ രചനകളാണ്

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Saudization impact expat indian workers