മാധ്യമങ്ങളിലെ സംവാദങ്ങളില്‍ നിന്നും തീവ്ര വലതുപക്ഷത്തെ ഒഴിവാക്കേണ്ടതാണ് എന്ന സച്ചിദാനന്ദന്‍റെ അഭിപ്രായത്തില്‍ ജനാധിപത്യ നിഷേധമുണ്ടോ? കേരളീയരുടെ ജനാധിപത്യബോധത്തെ സച്ചിദാനന്ദന്‍റെ ഈ പ്രസ്താവം എങ്ങനെയാവും പ്രതിനിധീകരിക്കുക?

സച്ചിദാനന്ദന്‍റെ ഈ പ്രസ്താവത്തെ എതിര്‍ത്തുകൊണ്ട് ബി ജെ പിയുടെ മന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം പറഞ്ഞത് ‘സാഹിത്യോത്സവങ്ങള്‍ ഇടതിന്‍റെ കുത്തകയല്ല’ എന്നായിരുന്നു, ഈ ബി ജെ പി മന്ത്രി വാദിച്ചതും ലിബറൽ ജനാധിപത്യത്തിന് വേണ്ടിയായിരുന്നു.

കോഴിക്കോട് നടന്ന കേരള ലിറ്റററി ഫെസ്റിവലില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തതാണ് ഈ രണ്ട് വാദങ്ങളും.

കണ്ണന്താനത്തെ ഞാന്‍ അവിശ്വസിക്കുന്നു. കാരണം, ഇന്ത്യയുടെ ജനാധിപത്യ ജീവിതത്തിന്‍റെ തന്നെ അനിഷേധ്യമായ ഊര്‍ജം പകരുന്ന സാംസ്കാരിക വൈവിധ്യത്തെ അല്‍ഫോന്‍സ്‌ കൂടി ഭാഗമായ ഭരണകൂടം അതിന്‍റെ ശത്രുപക്ഷത്ത്‌ നിര്‍ത്തുമ്പോള്‍ ഈ മന്ത്രിയും നിശബ്ദനാണ്. ആ കൂട്ടത്തിലെ പലരെയും പോലെ. അവരെ അവിശ്വസിക്കുക എന്ന് അവരുടെ വാമൊഴിതന്നെ നമ്മോട് ആവശ്യപ്പെടുന്നു.

എന്നാല്‍, സംരക്ഷണത്തിനും സംഹാരത്തിനും അസാധാരണമായ വിധം ശേഷിയുള്ള സാന്നിദ്ധ്യമായി ‘സംഘപരിവാര്‍ രാഷ്ട്രീയ’ത്തെ കേരളത്തിലെ അതിന്‍റെ സീനിയര്‍ നേതാക്കള്‍ക്കുപോലും അവതരിപ്പിക്കാന്‍ മടി തോന്നിയ ഘട്ടത്തിലായിരുന്നു നമ്മുടെ ദൃശ്യമാധ്യമങ്ങള്‍ ആ ചുമതല ഭക്തിയോടെ നിറവേറ്റിയത് എന്ന് തീര്‍ച്ചയാണ്. ഇതിന് രണ്ട് കാരണങ്ങള്‍ ഉണ്ട്. ഒന്ന് ഇന്ത്യയുടെ പൊതു രാഷ്ടീയമണ്ഡലത്തെ ഒരൊറ്റൊന്നായി കാണുക എന്ന ആധിപത്യ രാഷ്ട്രീയത്തെ ഒരു വിമര്‍ശനവും ഇല്ലാതെ സ്വീകരിക്കുക, അങ്ങനെയൊരു പൊതുബോധത്തിലേക്ക് എളുപ്പം പ്രവേശിക്കുക. ഇത് പൊതുവെ നമ്മുടെ പല എഴുത്തുകാര്‍ പോലും പിന്‍പറ്റുന്ന രീതിയാണ്. മറ്റൊന്ന്, വളരെ ലളിതമായ ചാനല്‍ തന്ത്രവും : ഇത് ആത്യന്തികമായി കച്ചവടമാണ്.

സച്ചിദാനന്ദന്‍റെ പ്രതികരണത്തിലും ഈ ഒന്നും രണ്ടും കാരണങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് അദേഹത്തിന്‍റെ പ്രസ്താവം കാണിക്കുന്നത്. ‘മാധ്യമങ്ങളിലെ സംവാദങ്ങളില്‍ നിന്നും തീവ്ര വലതുപക്ഷത്തെ ഒഴിവാക്കേണ്ടതാണ്’ എന്ന ആ പ്രസ്താവത്തില്‍ ജനാധിപത്യ സംരക്ഷണത്തെ കുറിച്ചുള്ള ഉല്‍ക്കണ്ഠയേക്കാള്‍, ജനാധിപത്യത്തെ കുറിച്ച് അദേഹം, (നമ്മുടെ ബൗദ്ധികലോകം പൊതുവെ) പുലര്‍ത്തുന്ന ഒരു സമീപനമാണ് പ്രകടമാവുക. ആ വാദത്തിന്‍റെ യുക്തി സാമ്പ്രാദായിക ഇടത് നിലപാടിന്‍റെയാണ്. സാംസ്കാരിക (രാഷ്ട്രീയ) വിമര്‍ശത്തെപ്പറ്റിയുള്ള ഒരു ക്ലാസ്സിക്ക് മാര്‍ക്സിസ്റ്റ് ധാരണയാണത്: അത് സമൂഹത്തിനുമേല്‍ ഉള്ള/വേണ്ടുന്ന ‘സാംസ്കാരിക മേധാവിത്വം’( cultural hegemony), ആവശ്യപ്പെടുന്നു. ഒരു നിര്‍ദിഷ്ട സമൂഹത്തിലെ അധീശവര്‍ഗ്ഗത്തിന്‍റെ സംസ്കാരമാകും ആ സമൂഹത്തില്‍ മേധാവിത്വത്തില്‍ ഉണ്ടായിരിക്കുക എന്ന യാന്ത്രിക സങ്കൽപ്പത്തില്‍ നിന്നാണ് അത് തുടങ്ങുന്നത്.

ഓരോ സമൂഹങ്ങളിലെയും അധികാരത്തിന്‍റെ പ്രവര്‍ത്തനത്തെ ഒരു വലിയ യന്ത്രത്തിന്‍റെ നിശ്ചിതമായ പ്രവര്‍ത്തിയും ഫലവുമായി കാണുന്ന ഈ രീതി, അടിസ്ഥാനപരമായിത്തന്നെ സ്വാതന്ത്രോന്മുഖമല്ല എന്നാണ്‌ വാസ്തവം. സംസാരിക വൈവിധ്യത്തെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ‘വര്‍ഗ്ഗങ്ങളുടെ സാംസ്കാരിക പ്രകാശനങ്ങള്‍’ എന്ന് ലഘൂകരിക്കുമ്പോള്‍, തുടര്‍ന്ന് അതിനെ വര്‍ഗ്ഗങ്ങള്‍ ക്കിടയിലെ ബലതന്ത്രമായി ലളിതീകരിക്കുമ്പോള്‍ നടക്കുന്നത് മുമ്പ് സൂചിപ്പിച്ച ‘ആധിപത്യരാഷ്ട്രീയ’ത്തെ വിമര്‍ശമില്ലാതെത്തന്നെ സ്വീകരിക്കുക എന്നാണ്‌. ഭരണകൂടത്തെ അത് നിലനില്‍ക്കുന്നത്/ അട്ടിമറിക്കപ്പെടേണ്ടത് എന്ന് അത് മുന്‍കൂര്‍ നിര്‍വചിക്കുന്നു. സമൂഹത്തില്‍ നിലനില്‍ക്കുന്ന ആധിപത്യഘടനയെ ഒരു യൂണിറ്റ് എന്ന പോലെ സമീപിക്കുന്നതിലെ ഈ യാന്ത്രികതയാണ് സച്ചിദാനന്ദന്‍റെ ഈ പ്രസ്താവത്തിന്‍റെയും കാതല്‍ : ജനാധിപത്യത്തെ അത് ആധിപത്യത്തിനുള്ള അവസരമോ അവസ്ഥയോ ആയി ചുരുക്കുന്നു. ഒരു പാര്‍ട്ടി ലൈന്‍ തേടുന്നു. അതായത്, ‘സംഘപരിവാര്‍’ ഭഗവാന്‍ കൃഷ്ണന്‍റെ ജന്മദിനം ആഘോഷിയ്ക്കുമ്പോള്‍, അതിനെ നേരിടാന്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയും ഭഗവാന്‍ കൃഷ്ണന്‍റെ ജന്മദിനം ‘ശക്തമായി കൊണ്ടാടുക’ എന്ന ‘സാംസ്കാരിക/രാഷ്ട്രീയ ആധിപത്യയുക്തി’ ഇതില്‍നിന്നും അധികം വ്യത്യസ്തമല്ല അല്ലെങ്കില്‍,  ‘മാധ്യമങ്ങളിലെ സംവാദങ്ങളില്‍ നിന്നും തീവ്ര വലതുപക്ഷത്തെ ഒഴിവാക്കേണ്ടതാണ്’ എന്നല്ല അദ്ദേഹം പറയുക, ജനാധിപത്യത്തെ ശീലവും പരീക്ഷണവും പ്രവര്‍ത്തിയും ആക്കാന്‍ ശേഷി തേടുന്ന ഒരു സിവില്‍ സമൂഹത്തിന്‍റെ അസാന്നിദ്ധ്യത്തെ പറ്റിയാകും. സമൂഹത്തിലും മാധ്യമങ്ങളിലും വേണ്ടുന്ന അത്തരം അവസരങ്ങളെ പറ്റിയാകും. ആ അവസരങ്ങള്‍ ഈ ‘സംഘപരിവാര്‍ രാഷ്ട്രീയ’ത്തെ എങ്ങനെയാണ് നേരിടുന്നത് എന്നാകും. ആ ദിശയിലുള്ള അന്വേഷണങ്ങള്‍ എന്തുകൊണ്ടാണ് കേരളീയ സമൂഹത്തില്‍ ഇപ്പോഴും കടന്നു വരാത്തത് എന്നാകും.

അതല്ല, സച്ചിദാനന്ദന്‍ ഇപ്പോഴും പറയുന്നത്. അത് ഖേദകരമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ