ഭഗത്‌സിങ്ങും സംഘപരിവാർ രാഷ്ട്രീയവും

“അവർ ചരിത്രത്തെ കെട്ടുകഥകൾ കൊണ്ടും വിചാരധാരകൊണ്ടും മറച്ചുപിടിക്കുന്നു. അവരിൽ നിന്ന് യുക്തിഭദ്രത പ്രതീക്ഷിക്കുന്നത് അയുക്തികതയാണ്”.

ജനാധിപത്യം ഭീഷണിയിലാകുകയും ഫാസിസമോ സമഗ്രാധിപത്യമോ അധികാരത്തിലെത്തുകയും ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെടുക ആ ജനതയുടെ ഭൂതകാലമായിരിക്കും. ശാസ്ത്രീയമാർഗങ്ങളിലൂടെ ജനത ആർജ്ജിച്ച എല്ലാ ജ്ഞാന-ബോധധാരകളേയും അത് നിഷേധിക്കുകയും ഒരേയൊരു ഡോഗ്മയാണ് ജനതയുടെ സ്വത്വമെന്ന് അത് പ്രഖ്യാപിക്കുയും ചെയ്യും. ജനതയുടെ ചരിത്രത്തെ സജീവമാക്കുകയും ജനാധിപത്യപ്രക്രിയയിലേക്ക് സമൂഹത്തെ നയിക്കുകയും ചെയ്ത ചരിത്രബിംബങ്ങളെ സമഗ്രാധിപത്യ-ഫാസിസ്റ്റ് ഭരണകൂടം സ്വന്തം താല്പര്യങ്ങൾക്കായി ദുർവ്യാഖ്യാനം ചെയ്യും. ഇന്ത്യൻ രാഷ്ട്രീയത്തിൽ മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്രു, ബി ആർ അംബേദ്കർ, സർദാർ പട്ടേൽ, ഭഗത്‌സിങ്, സുഭാഷ് ചന്ദ്രബോസ് അടക്കമുള്ള ദേശീയപ്രതീകങ്ങളെ തമസ്കരിക്കുകയോ, വിരുദ്ധാർത്ഥത്തിൽ പുനഃസൃഷ്ടിക്കുകയോ ചെയ്യുന്ന ഒരു അപകടരേഖയിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. നെഹ്രു ഉയർത്തിയ ആധുനിക സോഷ്യലിസ്റ്റ്-സെക്യൂലർ സാമൂഹ്യചിന്ത എക്കാലത്തും ഹിന്ദുത്വരാഷ്ട്രീയത്തിന് വിലങ്ങുതടിയാണ്. അതുകൊണ്ടുതന്നെ നെഹ്രുവിനെ തച്ചുടച്ച് അവരുടെ രാഷ്ട്രീയതാല്പര്യങ്ങൾക്ക് അനുകൂലമായി പെട്ടെന്ന് ഇണക്കിയെടുക്കാവുന്ന ചിലതിനെ ദുർവ്യാഖ്യാനം ചെയ്ത് സ്വന്തമായ ദേശീയ പൈതൃകങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നുണ്ട്. അങ്ങനെയാണ് നെഹ്രുവിന് ബദലായി പട്ടേലിനെ കൊണ്ടുവരുന്നത്. ചരിത്രത്തിൽ ഔറംഗസീബിനെതിരായി ശിവജിയേയും ടിപ്പു സുൽത്താനെതിരായി മതധ്വംസകപരിവേഷവും കൊണ്ടുവന്നതും അങ്ങനെയാണ്.

ഹിന്ദുത്വരാഷ്ട്രീയത്തിന് ഒട്ടും ഇണങ്ങാത്ത ഭഗത്‌സിങ്ങിനെ ദുർവ്യാഖ്യാനം ചെയ്യുന്നതും അവിടെ നെഹ്രു അടക്കമുള്ളവരെ നിഷേധിക്കുകയും ചെയ്യുന്നത് ഈ ഗൂഢാലോചനയുടെ ഭാഗമാണ്.  ഭഗത്‌സിങ് ആരാണെന്ന് അറിയാത്തവർക്ക് ഇത്തരം ദുർവ്യാഖ്യാനങ്ങളെല്ലാം ആധികാരികജ്ഞാനമാകും. അങ്ങനെ മതഫാസിസം വിജയിപ്പിച്ചെടുക്കുന്നതിലെ ഒരു സുപ്രധാനഘട്ടം അവർ വിജയിക്കും. ശരിയായ ചരിത്രം കൂടുതൽ ഫലപ്രദമായി ജനങ്ങളിലേക്കെത്തിക്കുകയേ ഇതിന് പ്രതിവിധിയായിട്ടുള്ളൂ. ഭഗത്‌സിങ് വെറും ഒരാവേശംകൊണ്ട് ആയുധമെടുത്ത് ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ പുറപ്പെട്ട​​​ ഒരാളായിരുന്നില്ല. ഉജ്ജ്വലമായ ധിഷണയും ആഴമുള്ള ജ്ഞാനവും സമഗ്രമായ സാമൂഹികരാഷ്ട്രീയ ബോധവും ഉള്ള വിപ്ലവകാരിയായിരുന്നു അദ്ദേഹം.
‘വന്ദേ മാതരം’ എന്ന മുദ്രാവാക്യത്തിൽ നിന്ന് ‘ഇങ്ക്വിലാബ് സിന്ദാബാദ്’, ‘ഡൗൺ വിത് ഇംപീരിയലിസം’ എന്നീ മുദ്രാവാക്യങ്ങളിലേക്കുള്ള ഭഗത്‌സിങ്ങിന്റെ മാറ്റം സംസ്കൃത മുദ്രാവാക്യങ്ങളിൽ നിന്ന് ഇന്ത്യൻ-ഹിന്ദുസ്ഥാനി മുദ്രാവാക്യങ്ങളിലേക്കുള്ള വെറും ഭാഷാപരമായ ഒരു മാറ്റം മാത്രമായിരുന്നില്ല. അതിന് അന്തർബോധപരിവർത്തനത്തിന്റെ ആഴമുണ്ട്. പ്രോട്ടോ-ഹിന്ദു ദേശീയതയിൽ നിന്ന് മതനിരപേക്ഷവും സമത്വപൂർണ്ണവുമായ ഉൾക്കൊള്ളലിന്റെ ദേശീയതയിലേക്കുള്ള വലിയ ഗതിമാറ്റമായിരുന്നു ഭഗത്‌സിങ്ങിന്റ മുദ്രാവാക്യമെന്ന് “The Jail Notebook and Other Writings” എന്ന ഗ്രന്ഥത്തിന്റെ മുഖവുരയിൽ ചമൻ ലാൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഭഗത്‌സിങ്ങിന്റെ ജീവിതത്തിന്റെ കൃത്യമായ മുഖവുരയാണ്.bhagat singh, m.faizal

ശാസ്ത്രീയമായ ചരിത്രബോധം, ജ്ഞാനബദ്ധമായ വായന, ജനാധിപത്യപരമായ സംവാദം എന്നിവയൊന്നും മതരാഷ്ട്രീയത്തിന് പറഞ്ഞിട്ടുള്ള കാര്യങ്ങളല്ല. നുണപറഞ്ഞും അത് ആവർത്തിച്ചും ചരിത്രത്തെ ദുർവ്യാഖ്യാനം ചെയ്യും. മിത്തുകൾക്കൊണ്ടും പുരാണാഖ്യാനങ്ങൾക്കൊണ്ടും ചരിത്രത്തെ അട്ടിമറിക്കും. മതശാസനകൾക്കൊണ്ട് ജനാധിപത്യസംവാദങ്ങളെ റദ്ദാക്കും. ഇത് അവരുടെ താതികാചാര്യന്മാർ മുതൽ കാലാൾപ്പട വരെ ഒരു വീഴ്ചയും കൂടാതെ നടത്തിവരുന്നുണ്ട്. നുണയുടെ ശമ്പളമാണ് അവരുടെ രാഷ്ട്രീയത്തിന്റെ അധികാരം. അതിനാൽ ഭൂതകാലത്തിൽ എന്ത് സംഭവിച്ചു എന്ന് അവരിൽ നിന്ന് പഠിക്കുന്നത് അപകടകരമായിരിക്കും.

ബ്രിട്ടീഷ് ഓഫീസറായിരുന്ന ജോൺ സൗണ്ടേഴ്സനെ വധിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത ഭഗത്‌സിങ്ങിനെ 1930ൽ ലാഹോർ ജയിലിലേക്ക് കൊണ്ടുവന്ന സമയം. അദ്ദേഹത്തെ കാണാനും ഈശ്വരമാർഗം ഉപദേശിക്കാനും സിഖ് മതപണ്ഡിതനായ രൺധീർസിങ് ചെല്ലുകയുണ്ടായി. ആത്മീയ ഉപദേശങ്ങൾക്കൊണ്ട് ഫലമൊന്നും ഉണ്ടായില്ല. സ്വന്തം പ്രശസ്തികൊണ്ട് ഭഗത്‌സിങ്ങിന് ഔധത്ത്യമുണ്ടായിരിക്കുകയാണെന്ന് പണ്ഡിതൻ കരുതി. എന്നാൽ തന്റെ നിലപാട് പിന്നീട് ഭഗത്‌സിങ് ‘ഞാൻ എന്തുകൊണ്ട് ഒരു നിരീശ്വരവാദിയാണ്’ എന്ന ലേഖനമെഴുതി വിശദീകരിക്കുകയാണ് ചെയ്തത്. ഹിന്ദുത്വരാഷ്ട്രീയം ഉയർത്തുന്ന അവകാശവാദങ്ങളെല്ലാം ഈയൊരൊറ്റ സംഭവത്തോടെ നിലംപതിക്കും. തോക്കിന്റെയും ബോംബിന്റെയും പട്ടാളത്തിന്റെയും പൊലീസിന്റെയും സഹായത്താലാണ്, അല്ലാതെ ഈശ്വരേച്ഛകൊണ്ടല്ല അവർ (ബ്രിട്ടീഷുകാർ) നമ്മെ അടിമപ്പെടുത്തിയതെന്നും നമുക്കില്ലാതെ പോകുന്നത് മാനുഷികമായ ഇച്ഛാശക്തിയാണെന്നും ആ ലേഖനത്തിൽ അദ്ദേഹം സമർത്ഥിക്കുന്നുണ്ട്.

ഗൂഢാലോചനാകേസിലും വധക്കേസിലും ശിക്ഷിക്കപ്പെട്ട ഭഗത്‌സിങ്ങിനോട് കോൺഗ്രസിന്റെയും അതിന്റെ പ്രമുഖ നേതാക്കളുടെയും മനോഭാവമെന്തായിരുന്നു? അവർ ഭഗത്‌സിങ്ങിന് വേണ്ടി എന്തുചെയ്തു? അവരിൽ പ്രമുഖനായ നെഹ്രു ഭഗത്‌സിങ്ങിനെ കാണാൻ ജയിലിൽ പോയിരുന്നോ? ഇതിനെല്ലാം കൃത്യമായി ഉത്തരം തരുന്ന നിരവധി ചരിത്രസ്രോതസ്സുകൾ നമുക്കുണ്ട്. അതിൽ ഏറ്റവും ഉത്തമവും മൗലികവുമായ പുസ്തകമാണ് കുൽദീപ് നയ്യാർ എഴുതിയ ‘രക്തസാക്ഷി’ (The Martyr: Bhagat Singh Experiments in Revolution). ആ പുസ്തകത്തിൽ അദ്ദേഹം വ്യക്തമായി നെഹ്രു ലാഹോർ ജയിലിൽ പോയി ഭഗത്‌സിങ്ങിനയും ബദുകേശ്വർ ദത്തിനെയും സന്ദർശിച്ച കാര്യം വിശദീകരിക്കുന്നുണ്ട്. ജയിലിൽ ക്രൂരവും മനുഷ്യത്വരഹിതവുമായ പെരുമാറ്റത്തിന് വിധേയമാകേണ്ടി വന്ന ഭഗത്‌സിങ്ങിനും സഖാക്കൾക്കും വേണ്ടി ലെജിസ്ലേറ്റീവ് അസംബ്ലിയിൽ മുഹമ്മദലിജിന്ന വാദിച്ചു. ജിന്ന ബ്രിട്ടീഷ് ഭരണകൂടത്തെ ഇക്കാര്യത്തിൽ കടുത്ത ഭാഷയിൽ ആക്രമിച്ചു. ജയിലിൽ നല്ല ആഹാരമില്ല എന്നു മാത്രമല്ല, ഉടുക്കാനുള്ള വസ്ത്രമോ, അത്യാവശ്യം വേണ്ട ശൗചാലയമോ ഇല്ലായിരുന്നു. വായിക്കാനുള്ള പുസ്തകങ്ങളും നിഷേധിക്കപ്പെട്ടു. ഭഗത്‌സിങ് അടക്കമുള്ളവർ മിയാൻവാലി ജയിലിലും കടുത്ത ദുരിതത്തിന് ഇരകളായിട്ടുണ്ട്. ലാഹോറിലെ പഞ്ചാബ് ജയിൽ ഇൻസ്പെക്ടർ ജനറലിന് കത്തെഴുതി അപേക്ഷിച്ചതിനെ  തുടർന്നാണ് ഭഗത്‌സിങ്ങിനെ മിയാൻവാലി ജയിലിൽ നിന്ന് ലാഹോർ ജയിലിലേക്ക് മാറ്റുന്നത്.bhagat singh, m.faizal

ഭഗത്‌സിങ് അടക്കമുള്ളവർ മിയാൻവാലി ജയിലിൽ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരമുണ്ടാകണമെന്ന് മോത്തിലാൽ നെഹ്രു ആവശ്യപ്പെട്ടു. ഭഗത്‌സിങ്ങും സഖാക്കളും ജയിലിൽ ഗാന്ധിയൻ സമരമുറയായ നിരാഹാരസത്യാഗ്രഹം തുടങ്ങി. അവർ സമരം ചെയ്യുന്നത് സ്വകാര്യ ആവശ്യത്തിനു വേണ്ടിയല്ലെന്നും പൊതു ആവശ്യത്തിനാണെന്നും മോത്തിലാൽ പറഞ്ഞു. ജയിലിൽ പോയി ഭഗത്‌സിങ്ങിനെ കണ്ട നെഹ്രു പറഞ്ഞത് സമരനായകരുടെ അവസ്ഥ തന്നെ നന്നേ വേദനയിലാഴ്ത്തി എന്നാണ്. അവരുടെ ത്യാഗം ഒരുനാൾ രാജ്യത്തിന് വിജയതിലകം ചാർത്തുമെന്ന് നെഹ്രു വിശ്വാസം പ്രകടിപ്പിച്ചു. പിന്നീട് ലോഡ് ഇർവിങ് ഇടപെട്ടാണ് തടവറയിൽ ചില മാറ്റങ്ങൾ കൊണ്ടുവരുന്നത്.

‘Selected Works of Jawaharlal Nehru’ എന്ന ഗ്രന്ഥത്തിൽ ലാഹോറിലെ സെൻട്രൽ ജയിലും ബോർസ്റ്റർ ജയിലും സന്ദർശിച്ച കാര്യം നെഹ്രു വിശദീകരിക്കുന്നുണ്ട്. ലാഹോർ ഗൂഢാലോചന കേസിൽ ഉൾപ്പെട്ട ഭഗത്‌സിങ്, ബദുകേശ്വർ ദത്ത്, ജതിൻ ദാസ് എന്നിവർ അവിടെ നിരാഹാരസമരം അനുഷ്ഠിച്ചു. ഒരുനിലയ്ക്കും ആഹാരം കഴിക്കാൻ സമ്മതിക്കാത്തവർ മെല്ലെ മരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജതിൻ ദാസ് കർക്കശക്കാരനായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതൽ വശളായിരുന്നു. നെഹ്രു അദ്ദേഹത്തിന്റെ ആത്മകഥയിലും ഈ കൂടിക്കാഴ്ചയെ വിവരിക്കുന്നുണ്ട്. ആകർഷക വ്യക്തിത്വമുള്ള ശാന്തസ്വരൂപനായ ബുദ്ധിജീവിയായിട്ടാണ് ഭഗത്സിംഗിനെ തനിക്ക് കാണാൻ സാധിച്ചതെന്ന് അദ്ദേഹം പറയുന്നു.

ഇനി കോൺഗ്രസ് എന്തു ചെയ്തു എന്നതിന് കൃത്യമായ വിശദീകരണം ചരിത്രത്തിലുണ്ട്. 1929 ജൂൻ 30ന് അമൃത്‌സറിലെ ജാലിയൻവാലാബാഗിൽ കോൺഗ്രസും നൗജവാൻ ഭാരത് സഭയും ചേർന്ന് ഒരു യോഗം നടത്തി. ഡോ. സെയ്ഫുദ്ദീൻ കിച്‌ലു ആയിരുന്നു യോഗത്തിന്റെ അദ്ധ്യക്ഷൻ. ഭഗത്‌സിങ്  ഉയർത്തിയ ഇങ്ക്വിലാബ് സിന്ദാബാദ്, സാമ്രാജ്യത്വം തുലയട്ടെ എന്നീ മുദ്രാവാക്യങ്ങൾ ആ യോഗത്തിലും സംഘാടകർ മുഴക്കുകയുണ്ടായി. ഭഗത്‌സിങ്ങിന്റെ  ധീരോദാത്തമായ പോരാട്ടങ്ങളെ യോഗം പ്രശംസിച്ചു. രാഷ്ട്രീയതടവുകാരോടുള്ള ബ്രിട്ടീഷ് അധികാരികാരികളുടെ മോശമായ പെരുമാറ്റത്തിൽ പ്രതിഷേധിച്ചുകൊണ്ട് ഭഗത്‌സിങ്ങും  ബദുകേശ്വർ ദത്തും നടത്തുന്ന നിരാഹാരസമരത്തെ പിന്തുണക്കുന്ന പ്രമേയം ഹസനുദ്ദീൻ വായിക്കുകയും യോഗം അംഗീകരിക്കുകയും ചെയ്തു.bhagat singh, m.faizal

ചരിത്രത്തെ മലിനമാക്കുന്ന മതവർഗീയവാദികൾ മനസ്സിലാക്കേണ്ട കാര്യം ഭഗത്‌സിങ്ങും സഖാക്കളും ഡൽഹിയിലെ സെൻട്രൽ അസംബ്ലി ഹാളിൽ ബോംബെറിയാൻ എത്തിയപ്പോൾ വിളിച്ച മുദ്രാവാക്യം “ഇങ്ക്വിലാബ് സിന്ദാബാദ്”, “വിപ്ലവം വിജയിക്കട്ടെ”, “തൊഴിലാളിവർഗം നീണാൾ വാഴട്ടെ” എന്നൊക്കെയാണ്. ഇതേ മുദ്രാവാക്യങ്ങൾ തന്നെയാണ് അവർ കോടതിമുറിയിലും മുഴക്കിയത്. വിചാണവേളയിൽ ജഡ്ജി തന്നെ ഈ മുദ്രാവാക്യത്തെ പറ്റി ഭഗത്‌സിങ്ങിനോട് ചോദിക്കുന്നുണ്ട്. വിപ്ലവം എന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നത്? തൊഴിലാളിവർഗത്തിന്റെ മോചനവും മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും തകർച്ചയുമാണ് വിപ്ലവം കൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് ഭഗത്‌സിങ് പറയുന്നത്. മാത്രമല്ല, അദ്ദേഹം പരാമർശിക്കുന്ന മഹാത്മാക്കളിൽ ലെനിനും ഗാരിബാൾഡിയും മുസ്തഫാകെമാൽ പാഷയുമൊക്കെയാണുള്ളത്. അമ്മക്കെഴുതിയ കത്തിൽ പോലും ഭഗത്‌സിങ് തന്റെ രാഷ്ട്രീയം കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. ഒരു കത്തിൽ ഇങ്ങനെ എഴുതുന്നു, ‘അമ്മേ, ഒരുനാൾ എന്റെ രാജ്യം സ്വതന്ത്രമാകും എന്നതിൽ സംശയമില്ല. എന്നാൽ എന്നെ ഭയപ്പെടുത്തുന്നത് വെള്ള ഏമാന്മാർ ഒഴിഞ്ഞുപോകുന്ന ഇരിപ്പിടങ്ങളിൽ തവിട്ടുതൊലി ഏമാന്മാർ കയറിയിരിക്കും എന്നതാണ്.’ പഴഞ്ചൻ സമ്പ്രദായങ്ങളെ തകർക്കാതെ മാറ്റം സാധ്യമല്ല എന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

“ദാർശനികർ ലോകത്തെ പലവിധം വ്യാഖ്യാനിച്ചിട്ടുണ്ടെങ്കിലും ലോകത്തെ മാറ്റിമറിക്കുക എന്നതാണ് സുപ്രധാന കാര്യം. വിപ്ലവത്തിന് മാത്രമേ അതിനു കഴിയൂ” എന്നും ഭഗത് സിങ് അടിവരയിടുന്നു. (The Martyr: Page No. 16) അതാണ് അദ്ദേഹത്തെ കളങ്കരഹിതനായ, ആത്മത്യാഗിയായ കമ്യൂണിസ്റ്റാക്കി മാറ്റുന്നത്. അങ്ങനെയുള്ള ഭഗത്‌സിങ്ങിനെ വന്ദേമാതരം ചൊല്ലിച്ച്, ഗംഗാജലം തളിച്ച് സംഘപരിവാർ താത്വികനാക്കാമെന്നത് സ്വപ്നം മാത്രമാണ്. ചമൻ നഹലിന്റെ “The Gandhi Quartet: The Salt of Life” എന്ന നോവലിലും നെഹ്രു-ഭഗത്‌സിങ് കൂടിക്കാഴ്ച വിവരിക്കുന്നുണ്ട്. എൻ സി ആർ ടിയുടെ പാഠപുസ്തകങ്ങളിൽ പോലും ഭഗത്‌സിങ് ഉയർത്തിയ മുദ്രാവാക്യങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

സംഘപരിവാറിനറിയാം യഥാർത്ഥ ചരിത്രം പ്രചരിപ്പിച്ചാൽ തങ്ങൾക്ക് എതിരായാണ്  ചരിത്രസാക്ഷ്യമുണ്ടാകുക എന്ന്. അതിനാൽ അവർ ചരിത്രത്തെ കെട്ടുകഥകൾ കൊണ്ടും വിചാരധാരകൊണ്ടും മറച്ചുപിടിക്കുന്നു. അവരിൽ നിന്ന് യുക്തിഭദ്രത പ്രതീക്ഷിക്കുന്നത് അയുക്തികതയാണ്

Get the latest Malayalam news and Opinion news here. You can also read all the Opinion news by following us on Twitter, Facebook and Telegram.

Web Title: Sangh parivar move to appropriate legacy of bhagat singh

Next Story
കോൺഗ്രസ് രാഷ്ട്രീയം വഴിത്തിരിവിൽkarnataka election 2018, k venu,
The moderation of comments is automated and not cleared manually by malayalam.indianexpress.com