തലയ്ക്കകത്തു മുഴുവന്‍ രതിയാണ്, ഊതി വീര്‍പ്പിച്ച ജെനിറ്റല്‍ ബിംബങ്ങളുടെ മേളമാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഒന്നും താഴേയ്ക്കിറങ്ങി വരുന്നില്ല – ബ്രെയിന്‍ സെല്ലുകളില്‍ ഫെറ്റിഷിസം, ഫ്രോട്ട്യൌറിസം, മസോകിസം, പീഡൊഫീലിയ, സദാചാരം, സാഡിസം… (പട്ടിക എളുപ്പം തീരുന്നതല്ല). നല്ല ആചാരങ്ങള്‍ എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചു വന്നിരുന്ന സദാചാരം എന്ന പദം കാലങ്ങളിലൂടെ സ്വന്തം വൈകൃതങ്ങളുടെ മറക്കുടയായി മനുഷ്യന്‍ മാറ്റിയെടുത്തു. അതുകൊണ്ടായിരിക്കണം ഇന്ന് ആ പദം കുറഞ്ഞ പക്ഷം എന്നെ സംബന്ധിച്ചിടത്തോളമെങ്കിലും ലൈംഗിക വൈകൃതങ്ങളുടെ പട്ടികയിലായത്.

ഒരു വ്യക്തി മോറലാണോ, ഇമ്മോറലാണോ എന്ന് തീരുമാനിക്കുന്നത് അയാളുടെ, അവളുടെ വ്യക്തിപരമായ ഇടത്തില്‍, സമയത്തില്‍ അവരെന്താണ് എന്നതിനെ ആശ്രയിച്ചിരിക്കും. കൊട്ടിഘോഷിക്കപ്പെടുന്ന ഓരോ സദാചാരവാദികളും അവരുടെ സ്വന്തം ഇടത്തില്‍ എത്ര നികൃഷ്ടമായാണ് ചിന്തിക്കുന്നതെന്ന് ആലോചിച്ചാല്‍ എളുപ്പം മനസ്സിലാക്കാന്‍ കഴിയും. (മനസ്സ് നൈർമല്യമായിരിക്കുന്നിടത്തോളം ഒരു വിധത്തിലുള്ള കൊട്ടിഘോഷണങ്ങളുടേയും ആവശ്യം ഇല്ല എന്നത് വസ്തുത). ബന്ധങ്ങളിലും, സമൂഹത്തിലും കോംപ്രമൈസ് ഇല്ലാതെ മുന്നേറാന്‍ കഴിയുന്ന വ്യക്തികള്‍ക്ക് മാനസിക സ്വാതന്ത്ര്യവും, പ്രവൃത്തി സ്വാതന്ത്ര്യവും ഉണ്ടായിരിക്കും. അവര്‍ ചെയ്യുന്നത് അവരുടെ ബുദ്ധിയ്ക്ക് നിരക്കുന്ന കാര്യങ്ങള്‍ മാത്രം തിരഞ്ഞെടുക്കുക എന്ന അബോധപൂര്‍വ്വമോ, ബോധപൂര്‍വ്വമോ ആയ പ്രക്രിയ ആണ്. എന്നാല്‍ സമൂഹത്തിന് സംഭവിക്കുന്നത് സമൂഹം പല ബന്ധങ്ങളിലും ലിമിറ്റഡ് ആയി പോകുന്നു/കുരുങ്ങിക്കിടക്കുന്നു എന്നതാണ്. നിയന്ത്രണങ്ങള്‍ കൂടുംതോറും വൈകൃതങ്ങള്‍ കടന്നു കൂടും. നിയന്ത്രണങ്ങള്‍ ഇല്ലാത്ത സൈബര്‍ സ്‌പേസും നിയന്ത്രണങ്ങള്‍ മാത്രമുള്ള, ട്രാഫിക് പൊലീസ് കണക്കെയുള്ള സമൂഹവും പൊരുത്തക്കേടുകളുടെ മണ്ടരിയാണ് പരത്തിവിടുന്നത്.

Read More: നമ്മളെക്കുറിച്ച് കരുതലുളളവര്‍ നമ്മെ ഭരിച്ചാല്‍ മതി

ഒരു ജാപ്പനീസ് യാത്രികന്‍ പ്രാതലിനെത്തിയ ചെറിയ ഒരു കഥ പറയാം. വലിയ ഹോട്ടലാണ്. പ്രാതല്‍ സ്‌പ്രെഡ് പിരമിഡുകള്‍ കണക്കിന് കുമിഞ്ഞും പരന്നും കിടപ്പുണ്ട്. ചുറ്റിനുമുള്ള ഓരോ തീന്‍മേശകളും നിറഞ്ഞു കവിഞ്ഞു കൊണ്ടിരുന്നു. ആളുകള്‍ തീറ്റ ഉത്സവമാക്കി. വമ്പന്‍ തീറ്റകള്‍ ശീലമാക്കിയവരാണ് അതിലധികവും. ഇദ്ദേഹം മാത്രമാണ് ഒരാപ്പിളും ചുരുക്കം ചില മുളപ്പിച്ച പയറിനങ്ങളും ഒരു ബുള്‍സൈയും കഴിച്ച് ഇടം കാലിയാക്കിയത്. മനുഷ്യന് കൃത്യമായിട്ടുള്ള ബുദ്ധിയുണര്‍ന്നാല്‍ ബാക്കിയുള്ളെതെല്ലാം എന്തിന് എന്ന ചിന്ത മനസ്സിലെത്തും. ബുദ്ധിയുണരാത്തിടത്തോളം കാലം വെരുകി വെരുകി, മുഷിഞ്ഞമര്‍ന്ന് ജീവിതം പോക്കും. ഭക്ഷണം എന്തിനാണെന്ന് ബുദ്ധിയുള്ള മനുഷ്യന്‍ കഴിക്കുന്നത് കാണുമ്പോള്‍ അറിയാം. സെക്‌സ് എന്തിനാണെന്ന് ബുദ്ധിയുള്ള മനുഷ്യന്‍ ചെയ്യുന്നത് കാണുമ്പോള്‍ അറിയാം. (ബുദ്ധിമാന്‍റെ സെക്‌സ് മറ്റുള്ളവര്‍ക്ക് കാണാന്‍ സാധിക്കുമോ എന്നത് വേറെ കാര്യം).

Read More: സദാചാര വാദത്തിന്റെ വംശീയ ബോധ്യങ്ങൾ

മനുഷ്യന്‍റെ തിരഞ്ഞെടുപ്പാണ് എവിടേയും നിർണായകം. ചെറിയ ഒരുദാഹരണം കൂടി. കൃഷ്ണമൂര്‍ത്തിയും ജോനസ് എഡ്വാഡ് സാക്കും (Jonas Edward Salk) തമ്മിലുള്ള ചര്‍ച്ച ഇന്‍റെര്‍നെറ്റില്‍ ലഭ്യമാണ്. ലോകത്തിന്‍റെ മുടന്ത് മാറ്റിയ വ്യക്തിയാണ് സാക്ക്. അതോടു കൂടി പോളിയോ അപ്രത്യക്ഷമായി. മനുഷ്യമനസ്സിന്‍റെ മുടന്ത് മാറ്റാനുള്ള സാധ്യതകളാണ് അവര്‍ ചര്‍ച്ച ചെയ്യുന്നത്. ഇത്തരത്തില്‍ ചിന്തകള്‍ കൊണ്ടെത്താവുന്നതിന്‍റെ അങ്ങേത്തലയ്ക്കലുള്ള സാധ്യതകള്‍ ഇന്‍റെര്‍നെറ്റ്  തുറന്ന് തരുന്നുണ്ട്. എന്നാല്‍ അതു കണ്ടിട്ടുള്ളവര്‍ വെറും ഇരുപത്തിയേഴായിരമാണെങ്കില്‍ ലൈംഗിക വൈകൃത സൈറ്റുകളുടെ സന്ദര്‍ശകര്‍ ഇരുപത്തിയേഴ് ലക്ഷങ്ങളായിരിക്കും. ഇത് മനുഷ്യമനസ്സിന്‍റെ പരിമിതിയാണ്- സ്വസ്ഥമായി ഒരിടത്തിരിക്കാന്‍ കഴിയാത്ത അവസ്ഥ, സദാ വ്യാപരിക്കുന്ന അസ്വസ്ഥതകള്‍, കുമിഞ്ഞടിയുന്ന ചിന്തകള്‍.  ഈ പരിമിതികളുടെയും ഏറ്റക്കുറച്ചിലുകളുടേയും തിരഞ്ഞെടുപ്പുകളുടേയും അടിസ്ഥാനത്തില്‍ ചിലത് വൈകൃതങ്ങളിലേയ്ക്ക് നീളുന്നു; ചിലത് ക്രിയാത്മകതയിലേയ്ക്കും.

ലോകാരംഭം മുതല്‍ക്കിങ്ങോട്ട് ശാശ്വതമായി കോണ്‍ക്രീറ്റിട്ടുറപ്പിച്ചതുപോലെ മാറ്റമില്ലാതെ നിന്നിട്ടുള്ള ഒരു സദാചാര വ്യവസ്ഥയും ഇല്ല. ഓരോ കാലത്തിനും അതിന്‍റേതായ സദാചാര വ്യവസ്ഥയുണ്ട്. അടുത്തു വരുന്ന കാലഘട്ടം അതില്‍ മാറ്റങ്ങള്‍ വരുത്തി മുന്നോട്ട് പോകുന്നു. ഏതാണ് ശരി, ഏതാണ് തെറ്റ്,  അത് തീരുമാനിക്കുന്നത് കാലഘട്ടത്തിന്‍റെ ആവശ്യങ്ങളാണ്. ഒരു വ്യക്തിയുടെ സദാചാരബോധ്യം മറ്റൊരു വ്യക്തിയുടെ സദാചാരബോധ്യവുമായി വൈരുദ്ധ്യം പുലര്‍ത്തിക്കൊണ്ടാണ് വര്‍ത്തമാനകാലത്തില്‍ നിലനില്‍ക്കുന്നതുപോലും. അതാണ് ആശാന്‍ ചൂണ്ടിക്കാട്ടിയത്.

ചിത്രീകരണം: വിഷ്ണുറാം

“ഇന്നലെ ചെയ്‌തോരബദ്ധം,
മൂഢര്‍ക്കിന്നത്തെയാചാരമാകാം.
നാളത്തെ ശാസ്ത്രമതാകാം,
അതില്‍ മൂളായ്ക സമ്മതം രാജന്‍.”
(അബദ്ധം, ആചാരം, ശാസ്ത്രം, ഗവണ്‍മെന്റ്)

ഒരു രാജ്യത്തിന്‍റെ സദാചാര വ്യവസ്ഥക്ക് നേരെ വിപരീതമായ സദാചാര വ്യവസ്ഥയാണ് മറ്റു രാജ്യങ്ങളില്‍ കണ്ടെത്തുക. കിഴക്കും പടിഞ്ഞാറും തമ്മില്‍, പടിഞ്ഞാറും മിഡില്‍ ഈസ്റ്റും തമ്മില്‍ യാതോരു പൊരുത്തവുമില്ലാത്ത സദാചാര വ്യവസ്ഥ പുലര്‍ന്നു പോരുന്നു. ഇതൊന്നിനോടും ചേരാത്ത മറ്റൊരു സദാചാരവ്യവസ്ഥയാണ് ആഫ്രിക്കയില്‍. അപ്പോള്‍ ആരാണ് സദാചാരത്തിന്‍റെ
അധികാരി?

സദാചഞ്ചലമായിരിക്കുന്ന ഒന്നിനെ കോണ്‍ക്രീറ്റിട്ടുറപ്പിക്കാം എന്ന വ്യാമോഹമാണ് ഇതിന്‍റെ
പിന്നിലുള്ളത്.  ഇതിന് അധികാരവുമായി ബന്ധപ്പെട്ട് മതപരവും രാഷ്ട്രീയവുമായ കാരണങ്ങളുണ്ട്.

Read More: നമ്മുടെ സദാചാര ഭ്രമകൽപ്പനകൾ, ഒരു അമ്മയ്ക്ക് പറയാനുളളത്

തിന്നുകയും തൂറുകയും ചെയ്യുന്നതു പോലെ ബയോളജിയാണ് സെക്‌സും. തിന്നാനും തൂറാനും നിയന്ത്രണണങ്ങള്‍ കുറവാണ് എന്നിരിക്കെ ലൈംഗികത അറപ്പുളവാക്കുന്ന ചങ്ങലക്കൊളുത്തുകളില്‍ കുരുങ്ങിക്കിടക്കുകയാണ്.  പ്രവേശനമില്ലാത്ത ഇടങ്ങള്‍, വിലക്കപ്പെട്ട കനികള്‍ ഇവയൊക്കെ അടക്കമില്ലാത്ത, ബുദ്ധിയുണരാത്ത മനസ്സുകളെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളാണ്. സെക്‌സ് ചെയ്യേണ്ട സമയത്ത് ചെയ്യുക. അത് കഴിഞ്ഞാല്‍ അത് വിടുക. സെക്‌സ് മാത്രമായി മനസ്സില്‍ നില്‍ക്കുമ്പോഴാണ് അല്ലെങ്കില്‍ അതിനു കഴിയാതെ വരുമ്പോഴാണ് ആവശ്യമില്ലാത്ത കുനഷ്ടും കുശുമ്പും മനസ്സില്‍ വന്ന് നിറയുന്നതും മറ്റുള്ളവരുടെ സന്തോഷങ്ങളില്‍ കണ്ണിട്ട്, കൈ കടത്തി, തല കടത്തി സ്വന്തം ആസനം ചൊറിഞ്ഞ് എരിച്ചല്‍ തീര്‍ക്കേണ്ടിയും വരുന്നത്. എന്നിട്ടും നില്‍ക്കാത്ത എരിച്ചലാണ് മറ്റുള്ളവന്‍റെ സ്വാതന്ത്ര്യത്തില്‍ കൈ വയ്ക്കാനും അക്രമങ്ങളിലേയ്ക്കും നീളുന്നത്.

Read More: സദാചാരഗുണ്ടായിസം എന്ന ലൈംഗിക ദാരിദ്ര്യം

അങ്ങനെ നോക്കുമ്പോള്‍ സദാചാരവാദികള്‍ എന്ന് സ്വയം അഹങ്കരിക്കുന്നവരുടെ പ്രശ്‌നം വിവരമില്ലായ്മയാണ്. അവരുടെ അറിവില്ലായ്മകള്‍ മറ്റൊരുവന്‍റെ സ്വാതന്ത്ര്യത്തിന് ഭീഷണിയാവുമ്പോള്‍ അവര്‍ ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വമായി മാറുന്നു. സത്യത്തില്‍ സദാചാരവാദികളെ വെല്ലുവിളിച്ച് അവരുടെ അറിവില്ലായ്മകളെ ആളിക്കത്തിക്കുകയല്ല വേണ്ടത്. രോഗാതുരമായ മാനസികാവസ്ഥകളെ കൈകാര്യം ചെയ്യേണ്ടത് രാജ്യത്തിന്‍റെ ആരോഗ്യത്തിന് അവശ്യമാണ്. അതുകൊണ്ട് നല്ല ഒരു ഗവണ്‍മെന്റ് ഇത്തരം രോഗബാധിതമായുള്ള മനസുകളുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കേണ്ടതാണ്.

എല്ലാ സദാചാരങ്ങളും സ്വന്തം നന്മയും സമൂഹത്തിന്‍റെ നന്മയും പ്രകൃതിയുടെ നന്മയും ലക്ഷ്യം വച്ചുള്ളതായിരിക്കണം. അമേരിക്കന്‍ വിപ്ലവകാരിയും ചിന്തകനുമായ തോമസ് പെയിനിന്‍റെ വാക്കുകള്‍ കൂടി ഓർമ്മിക്കട്ടെ: ഒരു യഥാര്‍ത്ഥ രാജ്യസ്‌നേഹിയുടെ ചുമതല രാജ്യത്തെ അതിന്‍റെ ഗവണ്‍മെന്റില്‍ നിന്നും സംരക്ഷിക്കുക എന്നതാണ്.

പുതുതലമുറയിലെ ശ്രദ്ധേയയായ എഴുത്തുകാരിയാണ് ലേഖിക. അപരകാന്തി,ആസിഡ് എന്നീ മലയാളം നോവലുകളുടെയും,  പെൻഗ്വിൻ ഹൂ ലോസ്റ്റ് ദ് മാർച്ച് എന്ന  ഇംഗ്ലീഷ്
ചെറുകഥാ സമാഹാരത്തിന്‍റെയും രചയിതാവ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook