Man is condemned to be free: because once thrown in to the world, he is responsible for everything he does.
It is up to you to give (life) a meaning. – Jean-Paul Sartre
എഴുത്തുകാർ ആദ്യമായും അവസാനമായും “അധികാര”ത്തിന്റെ കൺവട്ടത്താണ്: ആദ്യം അതിന്റെ അനുയായികൾ എന്ന നിലയ്ക്ക്. അവസാനം, അതിന്റെ വിമതർ എന്ന നിലയ്ക്കും. അതുകൊണ്ടുതന്നെ, മതത്തിന്റെയും പൗരോഹിത്യത്തിന്റെയും പിന്നീട് ‘ആധുനിക’ ഭരണകൂടങ്ങളുടെയും അധികാര പരിസരത്തില്‍, ‘എഴുത്ത്’ (Writing,) അതിന്റെ സകലമാന ജന്മങ്ങളിലേക്കും എപ്പോഴും സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. എങ്കിൽ, അത്തരം അധികാര രൂപങ്ങളോട് തങ്ങളുടെ തന്നെ വിമത ജീവിതം കൊണ്ട് എഴുത്തുകാര്‍ നേരിടുന്നതിന്റെ ഒരു ജീവചിത്രമാണ് കഴിഞ്ഞ ദിവസം പ്രശസ്ത എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ ജീവാപായത്തോളം പോന്ന ആക്രമണത്തിലൂടെ ലോകം കണ്ടത്.
മുപ്പതു വര്‍ഷത്തിലധികം പഴക്കമുള്ള ഒരു പുസ്തകവും അത്രതന്നെ പഴക്കമുള്ള കൊലയ്ക്കായുള്ള ആഹ്വാനവും ഈ ആക്രമണ സംഭവത്തിലൂടെ വീണ്ടും ലോകത്തെ രാഷ്ട്രീയ ജീവിതത്തെയും സാഹിത്യ ജീവിതത്തെയും സന്ദർശിക്കുകയായിരുന്നു. അല്ലെങ്കില്‍, “സാത്താനിക് വേഴ്സസ്” എന്ന റുഷ്ദിയുടെ നോവലിനും ശേഷം പിറന്ന വായനക്കാരുടെ തലമുറയ്ക്കും എഴുത്തുകാരുടെ ‘ആവിഷ്‌ക്കാര സ്വാതന്ത്ര്യ’ത്തിന് വേണ്ടിയുള്ള ഉള്‍വിളിയും മുറവിളിയും ഏതെങ്കിലും രൂപത്തിലുള്ള അധികാരത്തിന്‍റെ മറയില്ലാത്ത ഹിംസയ്ക്ക് മുമ്പിലാണ് സംഭവിക്കുന്നത് – റുഷ്ദിയുടെ കാര്യത്തില്‍ അത് മത വര്‍ഗീയതയുടെയും പൗരോഹിത്യ രാഷ്ട്രീയത്തിന്റെയും ഹിംസയായിരുന്നു.
ഭീതി തരുന്ന ഒരു മരണത്തെ തന്റെ തന്നെ എഴുത്തിനൊപ്പം കൂട്ടേണ്ടി വന്ന ഒരു എഴുത്തുകാരന്‍ എന്ന നിലയ്ക്ക് സല്‍മാന്‍ റുഷ്ദി തന്റെ സമകാലികരായ എഴുത്തുകാരില്‍ നിന്നും കലാകാരന്മാരില്‍ നിന്നും വേർപ്പെടുന്നത് തനിക്ക് ഉണ്ടെന്നു കരുതുന്ന, അല്ലെങ്കില്‍ അവശ്യംവേണ്ട ‘സ്വാതന്ത്ര്യ’ത്തിന്റെ പേരിലാണ്. ഭാവന ചെയ്യാനുള്ള അവകാശമാണ് അത്. അധികാരം, ഒരു ഭരണകൂട വിഷയമായി, സമൂഹത്തിലും സാഹിത്യത്തിലും എഴുത്തുകാരിലും പ്രവര്‍ത്തിക്കുന്നതിന്റെ മാനുഷിക ചരിത്രത്തെയാണ് അത് നേരിടുന്നത്.
റുഷ്ദിയ്ക്ക് എതിരെയുള്ള വധാഹ്വാനം, വാസ്തവത്തില്‍, ഇറാന്‍ ഭരണകൂടത്തിന്റെ എന്നതിനേക്കാള്‍ ഇസ്ലാമിന്റെ ഉള്ളില്‍ത്തന്നെ ഒരിക്കല്‍ മേല്‍ക്കൈ നേടിയ പൗരോഹിത്യത്തിന്റേതായിരുന്നു. അതുകൊണ്ടാണ് ഇപ്പോള്‍ റുഷ്ദിക്ക് എതിരെ നടന്ന വധശ്രമത്തില്‍ നിന്നും ഇറാന്‍ ഭരണകൂടം സ്വയം ‘അകലം’ പ്രഖ്യാപിക്കുന്നത്. എന്നാല്‍, ഭരണകൂടത്തിന്റെതന്നെ പ്രത്യയശാസ്ത്രം എന്ന നിലയ്ക്ക് ഇറാന്‍ അധികാരികള്‍ സ്വീകരിക്കുന്ന പൗരോഹിത്യ രാഷ്ട്രീയം ഈ അകല്‍ച്ചയെ റദ്ദ് ചെയ്യുകയും ചെയ്യുന്നു. റുഷ്ദി തന്റെ ‘ഭാവന’യുടെ ലോകത്ത് നേരിട്ട പ്രതിസന്ധിയുടെ വാസ്തവ ലോകവും അതാണ്.
എഴുത്തുകാര്‍ വിമര്‍ശിക്കുന്നത് ഏതെങ്കിലും ഒരു ഭരണകൂടത്തെ എന്നതിനെക്കാള്‍ തങ്ങളുടെ തന്നെ അധികാര സങ്കല്‍പ്പത്തെയാണ്. സമൂഹത്തിന് സഹ്യമായ, അതിന്റെ സ്വാതന്ത്ര്യത്തെ വിലമതിക്കുന്ന, അതിലെ ജീവിതത്തെ മെച്ചപ്പെടുത്തുന്ന, ഒരു അധികാര വ്യവസ്ഥയെയാണ് എഴുത്തുകാര്‍ സ്വപ്നം കാണുന്നത്. സ്വാതന്ത്യത്തിന്റെ ഒരു പുറമാണ്, അല്ലെങ്കില്‍, എഴുത്ത് വാഗ്ദാനം ചെയ്യുന്നത്: എത്ര പരിമിതമെങ്കിലും. അതുകൊണ്ടാണ്, സാമൂഹിക വിപ്ലവത്തിനും സോഷ്യലിസത്തിനും വേണ്ടി കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഒപ്പം നിന്ന എഴുത്തുകാര്‍, പിന്നീട് ‘സോഷ്യല്‍ ഫാഷിസ’ത്തിന്‍റെ ഭീകരത കണ്ട് അത്തരം അധികാര സങ്കല്‍പ്പങ്ങളില്‍ നിന്നും പിന്‍വാങ്ങിയത് – മിലാന്‍ കുന്ദേരയെപ്പോലുള്ള ആളുകളില്‍, റുഷ്ദിയുടെ സമകാലികരില്‍ പലരിലും, സംഭവിച്ച പോലെ.
(അതേസമയം, റുഷ്ദിയോളം പ്രായമുള്ള, അതേ തലമുറയിലെ “മലയാളി എഴുത്തുകാര്‍,” ഇപ്പോഴും കമ്മ്യൂണിസ്റ്റ് ഭരണകൂട സങ്കല്‍പ്പങ്ങള്‍ക്കും കമ്മ്യൂണിസ്റ്റ് ഉപജാപങ്ങള്‍ക്കും ഒപ്പം നീന്തുന്നതും ഇതേ സാമൂഹികാവസ്ഥയുടെ മറ്റൊരു പ്രതീകം ആവുന്നതും അങ്ങനെയാണ്. ഈ “മലയാളി എഴുത്തുകാര്‍” റുഷ്ദിക്ക് നേരെയുള്ള വധശ്രമത്തെ അപലപിക്കുന്നതും, ഇറാന്‍ ഭരണകൂടം ഈ വധശ്രമത്തില്‍ നിന്നും സ്വയം പ്രഖ്യാപിക്കുന്ന അകല്‍ച്ചയും, ഫലത്തില്‍ ആന്തരിക ഹിംസയെ വഹിക്കുന്നതുമാണ്. രണ്ടും ഭാവനയുടെ സ്വാച്ഛന്ദ്യത്തെ സംശയിക്കുന്നു).

സല്‍മാന്‍ റുഷ്ദിയുടെ നോവല്‍, ‘സാത്താനിക്ക് വേഴ്സസി’ന്റെ പ്രകാശനത്തിനും, ആയത്തുള്ള ഖൊമേനിയുടെ ‘ഫത്‌വ’യ്ക്കും ശേഷം, അക്കാലത്ത്, മുംബൈ അടക്കമുള്ള ലോകത്തെ പല പട്ടണങ്ങളിലുമുണ്ടാക്കിയ കലാപങ്ങളും ദുര്‍മരണങ്ങളും ഇന്നോര്‍ക്കുമ്പോള്‍ നമ്മുക്കറിയാം, റുഷ്ദിയെയും, അദ്ദേഹത്തിന്റെ ആയുസ്സിനെയും കവിഞ്ഞ് കടന്നുപോകുന്ന ഹിംസയുടെ ഡ്രസ് റിഹേഴ്സല്‍ തന്നെയായിരുന്നു. അത് ആത്യന്തികമായി എഴുത്തുകാരനെയല്ല അയാളുടെ ഭാവനയെയാണ് ലക്ഷ്യമാക്കുന്നത് എന്നും. മത പൗരോഹിത്യത്തിന് അത് അപരിചിതവുമല്ല. ശാസ്ത്രവും കലയും സാഹിത്യവും എക്കാലത്തും അതേ ഹിംസയുടെ ഇരയുമായിരുന്നു. തങ്ങളുടെ ഭാവനയ്ക്ക് വേണ്ടി ഇത്രത്തോളം രക്ത സാക്ഷിത്വം വരിക്കാന്‍ തയ്യാറായ മറ്റൊരു ജീവി വര്‍ഗ്ഗവും മനുഷ്യരെപ്പോലെ വേറെ ഉണ്ടാവില്ല.
റുഷ്ദി, തങ്ങള്‍ ‘പവിത്ര’മെന്ന് കരുതുന്ന ഒരു വിശ്വാസത്തെ അവമതിക്കുന്നു എന്ന് കരുതുന്ന എത്രയോ ഇസ്‌ലാം വിശ്വാസികള്‍ ലോകത്തെ പല രാജ്യങ്ങളിലുമുണ്ട് – അത് റുഷ്ദിയ്ക്കും അറിയാം. അവരോട് അദ്ദേഹം മാപ്പും ചോദിച്ചിരുന്നു. അതേസമയം, പൗരോഹിത്യത്തിനും ഭരണകൂടത്തിനും സ്വയം ഉണ്ടെന്നു കരുതുന്ന അധികാര ഗര്‍വ്വിനെ നേരിടണം എന്നുമുണ്ട് റുഷ്ദിക്ക് – കാരണം, കൂടുതല്‍ ‘സഹനീയമായ’ ഒരധികാര വ്യവസ്ഥയെ എഴുത്തുകാരന്‍ സ്വപ്നം കാണുന്നു. റുഷ്ദിയെ ആക്രമിച്ച ചെറുപ്പക്കാരന് മത പൗരോഹിത്യം നിഷേധിക്കുന്നത് അങ്ങനെയൊരു സ്വപ്നമാണ്: ജീവിതത്തെ സഹനീയമാക്കാ നല്ല പൌരോഹിത്യം പഠിപ്പിക്കുന്നത്, മറിച്ച് ആധിപത്യത്തിനും വിധേയത്വ ത്തിനും സന്നദ്ധനാവാനാണ്. മനുഷ്യ സര്‍ഗാത്മകതയെ അത് അവിശ്വസിക്കുന്നു, സ്വാതന്ത്യത്തെ ഭയത്തിന്റെ വലയത്തില്‍ നിര്‍ത്തുന്നു. ലോകത്തെ ഒരു പ്രമുഖ മതമെന്ന അര്‍ത്ഥത്തില്‍ ഇസ്‌ലാം അക്കാലത്തും ഇപ്പോഴും നേരിടുന്നത് ഇത്തരമൊരു പ്രതിസന്ധിയാണ് . ജനാധിപത്യത്തെ മെച്ചപ്പെട്ട ഒരു ഭരണ വ്യവസ്ഥയായി അംഗീകരിക്കാനുള്ള പൗരോഹിത്യ വര്‍ഗത്തിന്റെ വൈമനസ്യം, ഒരേസമയം, ഇസ്‌ലാമിനും ലോകത്തിനും ബാധ്യതയാകുന്നത് അങ്ങനെയാണ്. റുഷ്ദി തന്റെ കൃതിയിലൂടെയും തന്റെ എഴുത്ത് ജീവിതത്തിലൂടെയും നേരിടുന്നതും ഈ മനുഷ്യാവസ്ഥയെയാണ്.
ഒരാള്‍ക്ക് മതനിരപേക്ഷകനായി സ്വയം കരുതാനും ജീവിക്കാനുമുള്ള അവകാശം സത്യത്തില്‍ മതമല്ല കരുതി വെക്കുന്നത് എന്ന്, എക്കാലത്തെയും ഇത്തരം സംഭവങ്ങള്‍ കാണിച്ചപോലെ, റുഷ്ദിക്ക് നേരെയുള്ള ഈ വധശ്രമവും പറയുന്നു. താന്‍ ജനിച്ച രാജ്യവും താന്‍ ജീവിക്കുന്ന സമൂഹവും തന്‍റെ ഭാഷയുടെയും ഭാവനയുടെയും നിറവില്‍ എങ്ങനെ ആവിഷ്‌ക്കരിക്കാമെന്ന് റുഷ്ദി തന്റെ കൃതികളിലൂടെ നേരിടുന്ന ഒരു പ്രശ്നമായി എന്നും തോന്നിയിരുന്നു. ഇംഗ്ലീഷിലേക്കുള്ള അദ്ദേഹത്തിന്റെ “കുടിയേറ്റം” ചെക്ക് ഭാഷയില്‍ നിന്നും ഫ്രഞ്ച് ഭാഷയിലേക്കുള്ള കുന്ദേരയുടെ കുടിയേറ്റം പോലെ സംഭവബഹുലമല്ല. കുന്ദേരയ്ക്ക് അതൊരു തിരഞ്ഞെടുപ്പ് ആയിരുന്നുവെങ്കില്‍ റുഷ്ദിയ്ക്ക് “ഇംഗ്ലീഷ്” തന്റെ തന്നെ മാതൃരാജ്യമായിരുന്നു : ഒരു “എമിഗ്രന്റ്” ആയി സ്വയം കാണാനും എഴുതാനുമാണ് റുഷ്ദി ശ്രമിക്കുന്നത്. മാത്രമല്ല, ഇംഗ്ലീഷ് ഒരു ഭാഷ എന്ന അര്‍ത്ഥത്തില്‍, അതിന്റെ കൊളോണിയല്‍ ഘട്ടം കഴിഞ്ഞ്, കൂടുതല്‍ വ്യാപകമായ ജനാധിപത്യ ഭാവത്തിലേക്ക് മാറുകയും ചെയ്തിരുന്നു. എങ്കിലും, എഴുപത്തിയഞ്ചു വയസ്സുള്ള എഴുത്തുകാരന്‍ അയാളുടെ വലിയൊരു ഭൂതകാലത്തിന്റെ കൂടി സൂക്ഷിപ്പുകാരനുമാണ്.
കൊളോണിയല്‍ ഇന്ത്യയും അതിന്റെ രാഷ്ട്രീയ ജീവിതവും റുഷ്ദിയെ ആകര്‍ഷിക്കുന്നതിനൊപ്പം, “ആധുനിക ഇംഗ്ലീഷ്” നല്‍കുന്ന മറ്റൊരു സാംസ്കാരിക പുനരുത്ഥാനവും, ഒരു സാമൂഹിക പ്രവര്‍ത്തകന്റെ ശ്രദ്ധയിലെന്ന പോലെ, അദ്ദേഹത്തിന്റെ ഭാവനാ ജീവിതത്തില്‍ സംഭവിക്കുന്നത് കാണാം. ഇതിനെ മതവും സാഹിത്യവും ഭരണകൂടവും എങ്ങനെ അഭിമുഖീകരിക്കുമെന്ന് തീര്‍ച്ചയായും റുഷ്ദി സങ്കല്‍പ്പിച്ചുമിരിക്കും. റുഷ്ദി ആക്രമിക്കപ്പെട്ട ആ വേദിയില്‍ എഴുത്തുകാരുടെ ആവിഷ്‌ക്കാര സ്വാതന്ത്യത്തെ കുറിച്ച്, വിശേഷിച്ചും റഷ്യയുടെ ഉക്രൈന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, അദ്ദേഹം പറയുകയും ചെയ്യുമായിരുന്നു. അപ്പോഴും തന്റെ തന്നെ ‘ഭൂത കാലത്തില്‍’ നിന്നും കൊലക്കത്തിയുമായി എപ്പോള്‍ വേണമെങ്കിലും കടന്നു വരാവുന്ന ഒരു ഘാതകനെ, ആ വേദിയിലും, റുഷ്ദി ഭാവന ചെയ്തിട്ടുമുണ്ടാകും – അദ്ദേഹവും ലോകവും പിന്നീട് എത്തുന്ന അതേ വാസ്തവം തന്നെ.