scorecardresearch

ഭയത്തിന്റെയും പ്രതീക്ഷയുടെയും ഇടയില്‍ ബലി കൊടുക്കുന്ന ചരിത്രവ്യവഹാരങ്ങള്‍

ലിംഗബന്ധങ്ങളുടെ ചരിത്രത്തിൽ നിന്ന് നവോത്ഥാനമെന്നു നാം ഇന്ന് വിളിക്കുന്ന ആ കാലഘട്ടത്തെപ്പറ്റി ഉയർന്നു വന്ന വിമർശനാത്മക വ്യവഹാരം അദൃശ്യമാക്കപ്പെട്ടിരിക്കുന്നു. പകരം, ആധുനിക ലിംഗാധികാരത്തിന്റെ ചരിത്രത്തെ കാണാതാക്കുന്ന ഒരു തരം  ലിബറൽ ഫെമിനിസ്റ്റ് ചരിത്രവ്യവഹാരം സ്ഥാനം പിടിച്ചിരിക്കുന്നു

ഭയത്തിന്റെയും പ്രതീക്ഷയുടെയും ഇടയില്‍ ബലി കൊടുക്കുന്ന ചരിത്രവ്യവഹാരങ്ങള്‍

ശബരിമല പ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ നവോത്ഥാനമെന്ന പഴയ ഇടതു ലിബറൽ വ്യവഹാരത്തിന് പുതിയ ജീവൻ ലഭിച്ചിരിക്കുന്നു. അതായത്, ലിംഗബന്ധങ്ങളുടെ ചരിത്രത്തിൽ നിന്ന് നവോത്ഥാനമെന്നു നാം ഇന്ന് വിളിക്കുന്ന ആ കാലഘട്ടത്തെപ്പറ്റി ഉയർന്നു വന്ന വിമർശനാത്മക വ്യവഹാരം അദൃശ്യമാക്കപ്പെട്ടിരിക്കുന്നു. പകരം, ആധുനിക ലിംഗാധികാരത്തിന്റെ ചരിത്രത്തെ കാണാതാക്കുന്ന ഒരു തരം  ലിബറൽ ഫെമിനിസ്റ്റ് ചരിത്രവ്യവഹാരം സ്ഥാനം പിടിച്ചിരിക്കുന്നു. അതായത്, നാമിന്ന് ജീവിക്കുന്ന മലയാളി സമൂഹത്തിലെ, സവിശേഷമായി ലിംഗാധികാര വ്യവസ്ഥ ഈ കാലയളവിൽ, ഇന്നു നാം നവോത്ഥാനമെന്നു കൊണ്ടാടുന്ന പ്രക്രിയകളുടെ തന്നെ ഭാഗമായി, രൂപമെടുത്തതാണെന്ന കാര്യത്തെ മറച്ചു പിടിക്കുകയും, അതിനു പകരം നവോത്ഥാനത്തിൽ പങ്കാളികളായ വനിതകളുടെ പേരുകളും ചെയ്തികളും മറ്റും വീണ്ടും വീണ്ടും ആഘോഷിക്കുകയും ചെയ്യുന്ന രീതി വളരെപ്പെട്ടന്ന് കേരളത്തിൽ സ്വീകാര്യമായി മാറിയിരിക്കുന്നു. ഇവരുടെ എണ്ണം വളരെ ചുരുങ്ങിയതാണെന്ന വസ്തുതയോ ഇവരുടെ പങ്കാളിത്തത്തെ സംബന്ധിച്ചു തന്നെ സ്ത്രീസ്വാതന്ത്ര്യത്തിൻറെയും ലിംഗതുല്യതയുടെയും പക്ഷത്തു നിന്നു നോക്കിയാൽ ഏറെ പ്രശ്നങ്ങളുണ്ടെന്ന കാര്യമോ ഉത്തരം ലഭിക്കേണ്ട ചോദ്യങ്ങളായി ഉയരുന്നില്ല.

വനിതാ മതിലിൻറെയും മറ്റും ആഘോഷത്തിൽ സ്വയം മറന്നിരിക്കുന്നതു കൊണ്ടാവാം, ഇതുണ്ടാക്കാനിടയുള്ള രാഷ്ട്രീയ-സാംസ്കാരിക ആഘാതത്തെപ്പറ്റി ഫെമിനിസ്റ്റുകൾ പോലും, ആലോചിക്കുന്നതു പോയിട്ട് തിരിച്ചറിയുന്നതായിപ്പോലും തോന്നുന്നില്ല. അല്ലെങ്കിൽ ഹിന്ദുത്വ വലതുപക്ഷം ഈ സമരത്തിലൂടെ ഉണർത്തിയിരിക്കുന്ന ഭീതിയിൽ മുഖ്യധാരാ ഇടതുപക്ഷത്തെ ശക്തിപ്പെടുത്താൻ സ്വന്തം ചരിത്രവ്യവഹാരത്തെ ബലി കഴിക്കേണ്ടി വരുമെന്ന് അവർ തീരുമാനിച്ചിരിക്കുന്നു. രണ്ടാമതു പറഞ്ഞതാണ് ശരിയെങ്കിൽ കഷ്ടം എന്നേ പറയാനാവൂ. കാരണം നവോത്ഥാനത്തെപ്പറ്റിയുള്ള ഫെമിനിസ്റ്റ് വിമർശനം ഇടതു രാഷ്ട്രീയത്തിനു വിഘാതമല്ല. നേരെ മറിച്ച് ഇന്നത്തെ മുഖ്യധാരാ ഇടതുപക്ഷത്തെ നവീകരിക്കാനുള്ള സാദ്ധ്യത കിടക്കുന്നത് അതിലാണ്.

കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷത്തിന് സമൂഹത്തിലുണ്ടായിരുന്ന അധീശത്വത്തിന് കാര്യമായ ഉടവു തട്ടിയത് 1980കളിലാണ്. അന്നുയർന്നു വന്ന ബദൽ ഇടതു രാഷ്ട്രീയങ്ങൾ മുഖ്യധാരാ ഇടത് വികസനത്തെപ്പറ്റിയും രാഷ്ട്രീയത്തെപ്പറ്റിയും പുലർത്തിയിരുന്ന കാഴ്ചപ്പാടുകളെ കാര്യമായി വിമർശിച്ചു. വികസനത്തിൽ പരിസ്ഥിതിയെപ്പറ്റി പരിസ്ഥിതി പ്രസ്ഥാനവും, രാഷ്ട്രീയത്തിൽ ഔപചാരിക രാഷ്ട്രീയ രംഗത്തിനു പുറത്തായി ഉയർന്നതും, ലിംഗ-ജാതി-ജനജാതി അധികാരങ്ങളുടെ സാർവത്രിക സാന്നിദ്ധ്യത്തെ ചൂണ്ടിക്കാട്ടിയതുമായ സിവിൽ സമൂഹരാഷ്ട്രീയങ്ങളും സാന്നിദ്ധ്യമറിയിച്ചത് ആ ദശകത്തിലാണ്. അവയിൽ നിന്ന് ആശയങ്ങളെയും പ്രയോഗങ്ങളെയും സവിശേഷ രീതിയിൽ – അവയുടെ രാഷ്ട്രീയശക്തിയെ കുറച്ചു കൊണ്ട് – സ്വാംശീകരിച്ചു കൊണ്ടാണ് മുഖ്യധാരാ ഇടത് 1990കളിൽ ജനകീയാസൂത്രണത്തിലൂടെ സ്വയം നവീകരിച്ചത്. സ്ത്രീകളെ പഞ്ചായത്തീ രാജ് സ്ഥാനപങ്ങളിൽ സജീവ പങ്കാളികളാക്കിയും സുസ്ഥിരവികസനത്തെ ഒരളവു വരെ സ്വീകരിച്ചും മറ്റും മുഖ്യധാരാ ഇടത് സാംസ്കാരിക-രാഷ്ട്രീയ അധീശത്വം വീണ്ടുമുറപ്പിച്ചു. ഫെമിനിസവും പരിസ്ഥിതിവാദവും വിഭാവനം ചെയ്ത സമൂലപരിവർത്തനത്തെ സ്വീകരിക്കാതെ, അവയിൽ നിന്ന് ചില അംശങ്ങൾ മാത്രം സ്വീകരിച്ചുമാണ് ഇതു നടപ്പിലാക്കപ്പെട്ടത്.j devika on sabarimala, j devika on feminism, j devika kerala,

എന്നാൽ ഈ പുതുക്കിപ്പണി വല്ലാതെ അയഞ്ഞു തുടങ്ങിയിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. പഞ്ചായത്തീ രാജ് സ്ഥാപനങ്ങളിലുണ്ടായിരുന്ന വിശ്വാസം ഇടതുപക്ഷത്തു തന്നെ ക്ഷയിക്കുന്നുവെന്നു കരുതാൻ മതിയായ തെളിവുണ്ട് ഇന്ന്. പരിസ്ഥിതി രാഷ്ട്രീയത്തെ ശത്രുപക്ഷത്തു പ്രതിഷ്ഠിക്കുന്ന വികസന വീക്ഷണമാണ് ഇടതുപക്ഷ നേതാക്കൾ ഉന്നയിച്ചു വരുന്നത് – അതേ വിക്ഷണം തന്നെയാണ് ഇവിടുത്തെ വലതുപക്ഷത്തിലും. സ്ത്രീപങ്കാളിത്തത്തിലൂടെ സാദ്ധ്യമായ ജനക്ഷേമപരമായ വിഭവവിതരണം ഇന്ന് പൂർണമായും സ്ഥാപനവത്ക്കരിക്കപ്പെട്ടിരുന്നതു കൊണ്ട് ഇന്നത്തെ രീതിയിൽ – അതായത് കേവലം ആനുകൂല്യവിതരണമായി – ഏറ്റെടുക്കാൻ വലതർക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. മാത്രമല്ല, വലതു പ്രത്യയശാസ്ത്രം രാജ്യവ്യാപകമായി കടന്നു കയറിക്കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ഇടതുപക്ഷത്തിൻറെ അധീശത്വത്തെ അതു കാര്യമായി ബാധിച്ചു തുടങ്ങിയിരിക്കുന്നു, വിശേഷിച്ചും ചെറുപ്പക്കാർക്കിടയിൽ. പഞ്ചായത്തീ രാജ് സംവിധാനങ്ങളോടു നേരിട്ടു ബന്ധപ്പെടാത്ത ജനവിഭാഗം ഇവരാണെന്നതു യാദൃച്ഛികമല്ല.

അതായത്, മുഖ്യധാരാ ഇടതിൻറെ സാംസ്കാരിക അധീശത്വത്തെ നവീകരിക്കേണ്ട സമയമായിരിക്കുന്നു – കൂടുതൽ ജനവിഭാഗങ്ങളെ, പ്രത്യേകിച്ചും ഹിന്ദുത്വവാദത്തിനു വഴങ്ങാൻ സാദ്ധ്യതയുള്ള വിഭാഗങ്ങളിൽ നിന്ന് അകന്നു നിൽക്കുന്ന വിഭാഗങ്ങളെ, കൂടെ നിർത്താൻ വഴി ആലോചിക്കേണ്ടതാണ്. നിർഭാഗ്യകരമെന്നു പറയണം, മുഖ്യധാരാ ഇടത് നേതൃത്വം ഉദാരവത്ക്കരണാനന്തര മൂലധനശക്തികളോട് സഖ്യപ്പെടാനാണ് അധികവും ശ്രമിച്ചത്, ഒപ്പം സമീപകാലം വരെ യാഥാസ്ഥിതിക സാമൂഹ്യശക്തികളെ പ്രകോപിപ്പിക്കാതെ കഴിയാനുള്ള പ്രേരണ അതിനുള്ളിൽ ശക്തമായിരിന്നു. ആ തന്ത്രമാണ് ശബരിമല പ്രശ്നത്തിൻറെ പശ്ചാത്തലത്തിൽ ഫലശൂന്യമായത്. യാഥാസ്ഥിതിക സാമൂഹ്യശക്തികൾ ഇടതിൻറെ കടയ്ക്ക് ആഞ്ഞു വീശുന്ന സാഹചര്യമാണ് സംജാതമായത്. മറ്റു വഴികൾ ആലോചിക്കേണ്ടിയിരിക്കുന്നു.j devika on sabarimala, j devika on feminism, j devika kerala,

ആ വഴികൾ തീർച്ചയായും തുറന്നു തന്നെയാണ് കിടക്കുന്നത്. 2015 മുതൽ കേരളത്തിലെ വലതുപക്ഷ യാഥാസ്ഥിതിക ശക്തികളെ നേരിട്ടെതിർത്തു കൊണ്ട് എണ്ണത്തിൽ ചെറുതെങ്കിലും സാമൂഹ്യ-സാംസ്കാരിക സ്വാധീനം കാര്യമായുള്ള ചെറുസംഘങ്ങളും വിഭാഗങ്ങളും ഉയർന്നു വരുന്നുണ്ട്. സാമൂഹ്യ യാഥാസ്ഥിതികത്വത്തെ പൂർണമായി തള്ളിക്കളയുന്ന യുവതലമുറക്കാരുടെ എണ്ണം ചെറുതല്ല. ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങൾ പ്രതീക്ഷയോടെയാണ് ഇടതുപക്ഷത്തെ ഉറ്റു നോക്കുന്നത്. സ്ത്രീകളുടേതായ തൊഴിലാളി സംഘടനകൾ മുഖ്യധാരാ ഇടതിനോട് അടുക്കാനും ശ്രമിക്കുന്നു. മതഭൂരിപക്ഷവാദത്തെ ആകാംക്ഷയോടെ വീക്ഷിക്കുന്ന, ജനാധിപത്യത്തിൻറെ വിപുലീകരണത്തെ അനുകൂലിക്കുന്ന, വലിയൊരു ജനവിഭാഗം കേരളത്തിലുണ്ട്. സ്വന്തം ജീവിതങ്ങളെ സ്വയം കരുപ്പെടുത്താൻ, തുല്യതയും സ്വാതന്ത്ര്യവും നീതിയും പൂർണമായും നേടാൻ, തയ്യാറായ സ്ത്രീകളുടെ എണ്ണവും കുറവല്ല.

ഇക്കൂട്ടരെ ശക്തിമായി കൂടെ നിർത്തണമെങ്കിൽ പഴകിപ്പൊളിഞ്ഞ നവോത്ഥാനവ്യവഹാരം പോര. നവോത്ഥാനമാണ് ആധുനികപിതൃമേധാവിത്വത്തിൻറെ മൂശയെന്നും, ‘പ്രകൃതിവിരോധം’ മുതലായ വാക്കുകൾ ആ കാലത്തിൻറെ സമ്മാനം തന്നെയാണെന്നും മറന്നുകൂട. മറിച്ച് ആധുനിക പിതൃമേധാവിത്വത്തെ തള്ളിക്കളഞ്ഞു കൊണ്ട് പുതിയൊരു ജനാധിപത്യ ലിംഗസംസ്കാരത്തിന് മുഖ്യധാരാ ഇടതു ജന്മം നൽകേണ്ടതുണ്ട്. ശിങ്കിടി മുതലാളിത്തത്തെയും പരിസ്ഥിതിക്കൊള്ളയെയും ആശ്രയിക്കുന്നതിൻറെ പ്രശ്നം ഒരുപക്ഷേ ഇതുകൊണ്ടവസാനിക്കില്ലായിരിക്കാം, എങ്കിലും ഇതു വരെയും പുറത്തു നിന്ന് ഉയരുന്ന സ്ത്രീകളുടെ ശബ്ദങ്ങൾ, മുകളിൽ നിന്നുള്ള കമാൻറുകൾക്കായി കാക്കാത്ത, ഭയവിഹീനമായ ശബ്ദങ്ങൾ കേട്ടു തുടങ്ങുന്നത് സമഗ്രമായ മാറ്റത്തിൻറെ തുടക്കമായേക്കാം.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Sabarimala womens wall renaissance feminist criticism j devika