മതപരമായ അധ:പതനത്തിന്റെ ഒരു കാലഘട്ടത്തിൽ, ജനപ്രിയവീക്ഷണങ്ങളിൽ നിന്നു ദൈവികത്വം വ്യതിചലിക്കുമ്പോൾ, മതസംബന്ധമായ വിഷയങ്ങളെക്കുറിച്ചുള്ള അനവധി ചർച്ചകൾ ഉടലെടുക്കുന്നു. അത്തരം ഇടപെടലുകളില്‍ പ്രശ്നത്തിന്റെ ഭൗതികവശങ്ങളെക്കുറിച്ചുള്ള സൂക്ഷ്മതർക്കങ്ങളിൽ വളരെയേറെ സമയവും പ്രയത്നവും പാഴാക്കപ്പെടുന്നതല്ലാതെ ആത്മീയ തത്വങ്ങളോ നിയമങ്ങളോ അവയിൽ പരാമർശിക്കപ്പെടുന്നില്ല. ശബരിമലയെപ്പറ്റി വളരെയധികം പറഞ്ഞു കഴിഞ്ഞതാണ്. എങ്കിലും ഒരു ചോദ്യം ബാക്കിയാകുന്നു: എങ്ങനെയാണ്, എന്തു കൊണ്ടാണ് ഒരു ക്ഷേത്രം സാമൂഹിക കലാപങ്ങൾക്കുള്ള ഇടമാകുന്നത്? പരിചിതവും സുവ്യക്തങ്ങളുമായ സത്യങ്ങളെ വിലമതിക്കുന്നതിൽ എന്തു കൊണ്ടാണു ജനങ്ങൾ പരാജയപ്പെടുന്നത്?

സ്വാർത്ഥതയെയും നിസ്സാരത്വത്തിനെയും മറികടന്ന് സൗഹാർദ്ദത്തിലും ഐക്യബോധത്തിലും ജീവിക്കുവാൻ തക്ക വിധത്തിൽ മനുഷ്യരുടെ ചിന്തകളെ ഉയര്‍ത്തുക എന്നതാണു മതത്തിന്റെ ഉദ്ദേശം. മനുഷ്യരെ അവരുടെ സങ്കുചിത മനോഭാവത്തിൽ നിന്നും സ്വാർത്ഥ താല്പര്യങ്ങളിൽ നിന്നും വിമോചിതമാക്കുന്നതിനായി നമുക്കുള്ള ഏറ്റവും പ്രധാനപ്പെട്ട ഉപാധിയാണ് സത്യവും പരമവുമായ മതം അഥവാ ആത്മീയത. എന്നിട്ടും, ഇപ്പോള്‍ പ്രചാരത്തിലുള്ള എല്ലാത്തരത്തിലുമുള്ള മതപ്രതിപത്തി, ഇതിനു തീർത്തും കടക വിരുദ്ധമായ രീതിയില്‍ പ്രവർത്തിക്കുന്നതായി കാണാം. എന്ത് കൊണ്ട്?

ഇതിനു മതത്തെ പഴി ചാരുക എന്നതാണു പതിവായി സംഭവിക്കുന്നത്. ലളിതവൽക്കരണവും അയുക്തിപരവുമാണ് ഇത്. മതം അഥവാ വിശ്വാസമെന്നു കരുതപ്പെടുന്ന സംഗതി, മനുഷ്യനെ മൃഗങ്ങളെക്കാൾ മോശമായ രീതിയിൽ പെരുമാറുവാൻ ആണ് സജ്ജമാക്കുന്നത് എങ്കില്‍, അതിനർത്ഥം, അവർ അനുവർത്തിക്കുന്നത് മതമല്ല, മറ്റെന്തോ ആണെന്നാണ്. ഇതിലെ അപകടമെന്താണെന്നാൽ, ‘മറ്റെന്തോ’ ആയ കാര്യം മതവുമായി സാദൃശ്യമുള്ളതും, ഒരളവു വരെ, ജനസാമാന്യത്തിന്റെ വിവേചന ബുദ്ധിയെ നിര്‍വീര്യമാക്കുകയും ചെയ്യുന്നു.

കണ്ണാടിയിലെ പ്രതിബിംബങ്ങള്‍ പോലെ ആണ് മതവും അന്ധവിശ്വാസവും. അത് കൊണ്ട് തന്നെ പലപ്പോഴും അവര്‍ കൂട്ടികുഴയ്ക്കപ്പെടുന്നു. അനുഷ്ടാനങ്ങള്‍, ചടങ്ങുകള്‍എന്നിങ്ങനെ ജനത്തിനു പരിചിതമായ, പൗരൗഹിത്യ ഇടപെടലുകള്‍ അന്ധവിശ്വാസത്തിലും ഉള്‍പ്പെടുന്നത് കൊണ്ട് തന്നെ അതിനെ മതവിശ്വാസത്തില്‍ വേര്‍തിരിച്ചു കാണപ്പെടുന്നില്ല. മതവേദപുസ്‌തകങ്ങളില്‍ പറയുന്ന ധാര്‍മ്മികവും നീതിശാസ്ത്രപരവും തത്വജ്ഞാനപരവുമായ വിഷയങ്ങളെക്കുറിച്ചാകട്ടെ, ഈ ജനസാമാന്യത്തിനു അറിവുമില്ല. കാർബൺ മോണോക്സൈഡും ഓക്സിജനും പോലെയാണ് അന്ധവിശ്വാസവും മതവും. നിറവും മണവുമില്ല എന്ന കാര്യത്തിൽ രണ്ടും ഒരുപോലെയാണ്. പക്ഷേ ഒന്ന് ജീവിതത്തെ നിലനിർത്തുന്നു, മറ്റേത് ജീവിതത്തെ നശിപ്പിക്കുന്നു.swami agnivesh, swami agnivesh on sabarimala, sabarimala

ശബരിമലയിൽ സ്ഥാപിത താല്പര്യങ്ങള്‍ അഴിച്ചവിട്ട കലാപങ്ങൾക്ക്, ‘വിശ്വാസി’കളോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ പേരിൽ നിയമസാധുത നൽകപ്പെടുന്നു. വിശ്വസിക്കുക എന്നത് ഒന്നുമല്ല. എനിക്കൊരു കൂട്ടം അന്ധവിശ്വാസങ്ങളിൽ കടുത്ത വിശ്വാസമുണ്ടാകാം. അതെന്നെ ഒരു വിശ്വാസിയാക്കുന്നില്ല. മറിച്ച് അതെന്നെ ഒരു ജ്ഞാനവ്യാപനവിരോധി (obscurantist) മാത്രമാണാക്കുന്നത്. എന്റേതിൽ നിന്നു വ്യത്യസ്തമായ ഒരു മതം അനുശീലിക്കുന്നവർ അവിശ്വാസികളോ നാസ്തികരോ ആണെന്നു ഞാൻ ആത്മാർത്ഥമായി വിശ്വസിച്ചേക്കാം. പക്ഷേ അതെന്നെ ഒരു മതഭ്രാന്തൻ മാത്രമേ ആക്കുന്നുള്ളു. എന്തു കൊണ്ടെന്നാൽ എന്റെ ആ വിശ്വാസത്തിനു സത്യത്തില്‍ അധിഷ്ടിതമല്ല. സത്യമില്ലാത്ത വിശ്വാസം ഉപയോഗശൂന്യമാണെന്നു മാത്രമല്ല, തികച്ചും അപകടകരവുമാണ്. അത്തരത്തിലുള്ള വിശ്വാസമാണ്, രാഷ്ട്രീയപരമായി ഇന്നു പ്രോത്സാഹിപ്പിക്കപ്പെടുന്നത്.

ക്രിസ്തീയത ദൈവത്തെ സ്നേഹമായും ബുദ്ധിസം സഹാനുഭൂതിയയും തിരിച്ചറിയുമ്പോൾ, വേദിക് വിശ്വാസങ്ങള്‍ ദൈവത്തെ സത്യമായി കണക്കാക്കുന്നു. ഗാന്ധിജി ഒരു ചുവടു കൂടി മുൻപോട്ടു പോയി. അദ്ദേഹം പറഞ്ഞു, ‘സത്യമാണു ദൈവം.’ ദൈവത്തിനോടുള്ള ആദരവിന്റെ പേരിൽ സത്യത്തെ ഒതുക്കി മാറ്റുന്നത് നിരീശ്വരവാദമാണ്. ഒരു വിശ്വാസിയുടെ വേഷം ധരിക്കുന്നത് യാതൊരു വിധത്തിലും പ്രയോജനപ്പെടില്ല.

Read in English Logo Indian Express

മതത്തിലെ അസത്യത്തിന്റെ ഏറ്റവും അപകടകരമായ ആവിഷ്കരണമാണു അന്ധവിശ്വാസം. വിശ്വാസത്തിന്റെ സംഹിതകളുമായി സദൃശമായിരിക്കുന്നതിനാലാണ് അന്ധവിശ്വാസങ്ങൾ അപകടകരങ്ങളാകുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ അന്ധവിശ്വാസമെന്നത് വ്യാജമാണ്, അതിനെ മതമായി പലപ്പോഴും തെറ്റിദ്ധരിപ്പിക്കപ്പെടുന്നു. അത് മതത്തിന്റെ ദിശയിലാണ് നിൽക്കുന്നത്, അന്ധവിശ്വാസം മതത്തിന്റെ അന്തരാത്മാവിനെ ദുഷിപ്പിക്കുന്നു. അത് യുക്തിപരമായി കാണപ്പെടുന്നതിനാൽ, ജനപ്രിയ മതതാല്പര്യങ്ങളിലെ അന്ധവിശ്വാസങ്ങളുടെ കാര്യത്തിൽ, ‘വിശ്വാസികൾ’ അധാർമ്മികമായ ഇത്തരം ആവിഷ്കാരങ്ങൾക്ക് വിധേയരായി ചൂഷണം ചെയ്യപ്പെടുന്നു.

വർഷങ്ങളായി അന്ധവിശ്വാസങ്ങളുടെ പ്രവാഹത്തിനു കീഴടങ്ങിയിരിക്കുകയാണ് ശബരിമല. ഉദാഹരണത്തിനായി നമുക്ക് ചില കാര്യങ്ങൾ പരിഗണിക്കാം. സർവ്വവ്യാപിയായ ദൈവത്തെ, ഒരു പ്രത്യേക ഇടത്തിൽ മാത്രം അധിവസിക്കുന്ന ഒന്നായി സങ്കല്പിക്കുന്നത് അയുക്തിപരവും അന്ധവിശ്വാസവുമാണ്. ദൈവത്തിനു ശബരിമലയെന്നോ മറ്റേതെങ്കിലും പർവ്വതമെന്നോ പക്ഷപാതങ്ങളൊന്നുമില്ല. പക്ഷപാതം ഒരു മാനുഷിക ദൗർബല്യമാണ്. അതു ദൈവത്തിനു ചാര്‍ത്തികൊടുക്കുന്നത് അപകീർത്തിപ്പെടുത്തലും നിന്ദയുമാണ്. രണ്ടാമതായി, ദൈവത്തിന്റെ ബ്രഹ്മചര്യം – അങ്ങനെയൊന്നുണ്ടെങ്കിൽ തന്നെ – സ്ത്രീകളുടെ ജീവശാസ്ത്രപരമായ അവസ്ഥകൾ കൊണ്ട് അപകടത്തിലാകും എന്നത് ആ ജൈവാവസ്ഥകൾ ക്രമീകരിച്ചതു തന്നെ ദൈവമാണെന്നിരിക്കെ, തീര്‍ത്തും ബാലിശമായ അന്ധവിശ്വാസമാണ്. മൂന്നമതായി, ഒരു തന്ത്രിയ്ക്കോ എതെങ്കിലും പൂജാരിയ്ക്കോ പോപ്പിനോ ദൈവവുമായി എന്തെങ്കിലും പ്രത്യേക സമവാക്യങ്ങളുണ്ടെന്നു കരുതുന്നത് വിഡ്ഡിത്തം മാത്രമാണ്. തന്ത്രികളുൾപ്പടെ, മിക്കവാറും പൂജാരികൾ സാധാരണ ജനങ്ങളെക്കാൾ ആത്മീയപരമായി താഴ്ന്നവരാണ്. അങ്ങനെയല്ലെന്നു ധരിപ്പിക്കുവാൻ ശ്രമിക്കുന്നവർ നാട്യക്കാർ മാത്രമാണ്, അവരിൽ സത്യമില്ല. നാലാമതായുള്ള കാര്യം, ഒരു പ്രത്യേക ക്ഷേത്രം സന്ദർശിച്ചാൽ, ദൈവത്തിൽ നിന്നും പ്രത്യേക ഗുണഫലങ്ങളുണ്ടാകുമെന്ന പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് നാണക്കേടാണ്. ഇക്കാര്യത്തിൽ, ഒരു ക്ഷേത്രം മറ്റൊന്നിനെക്കാൾ കൂടുതൽ കാര്യക്ഷമതയുള്ളതാണെന്നു വിശ്വസിപ്പിച്ച് ആളുകളെ വഞ്ചിക്കുന്നത് അതിലേറെ വലിയ അന്ധവിശ്വാസമാണ്.

sabarimala ,protest

ഫൊട്ടോ : ഹരികൃഷ്ണന്‍ കെ.ആര്‍

ശബരിമലയെക്കുറിച്ചുള്ള അന്ധവിശ്വാസങ്ങളെ പിന്തുണയ്ക്കുന്ന യാതൊരു ലിഖിതരേഖകളുമില്ല. എന്നിട്ടും, കൂടുതൽ കൂടുതലാളുകൾ അതിലേയ്ക്ക്  ആകർഷികപെടുകയും ഈ അന്ധവിശ്വാസങ്ങള്‍ വളരുകയും ചെയ്യുന്നു. അന്ധവിശ്വാസങ്ങളാൽ നയിക്കപ്പെടുന്ന തെറ്റിദ്ധരിക്കപ്പെട്ട ഒരു ജനത അവസരവാദികളായ രാഷ്ട്രീയക്കാരുടെ അത്യാഗ്രഹങ്ങളെ ഉണർത്തുന്നു. ശബരിമലയിലെ വാർഷിക സന്ദർശന നിരക്ക് ആയിരത്തിലൊതുങ്ങിയാൽ ഒരു രാഷ്ട്രീയപാർട്ടിയും അവിടെ താല്പര്യം കാണിക്കില്ല. ക്ഷേത്രം സമാധാനപരമായി നിലകൊള്ളുകയും ചെയ്യുമായിരുന്നു.

ഇവിടുത്തെ പ്രവർത്തന രീതി കാര്യമായി മനസ്സിലാക്കേണ്ടതുണ്ട്. അന്ധവിശ്വാസം ജനസാമാന്യത്തിന്റെ വികാരങ്ങളെ ഇളക്കി വിടുന്നു. അത് ആൾക്കൂട്ടത്തെ പെരുപ്പിക്കുന്നു. ശവങ്ങൾ കഴുകന്മാർക്ക് ആകർഷണമാകുന്നതു പോലെ ആൾകൂട്ടം രാഷ്ട്രീയക്കാരെ ആകർഷിക്കുന്നു. യുക്തിരഹിതമായ മതചിന്ത വ്യക്തികളുടെ സാമാന്യബുദ്ധിയെ മറയ്ക്കുന്നു എന്നതിനാലാണു രാഷ്ട്രീയക്കാർ ഇവിടങ്ങളിൽ പാഞ്ഞെത്തുന്നത്. ഈ ‘വിശ്വാസി‘കളെ അവർക്ക് തങ്ങളുടെ വഴിയിലൂടെ നയിക്കുവാനാകും. അപ്പോള്‍ ദൈവം അരികുകളിലേക്ക് ഒതുക്കപ്പെടുന്നു. ഒഴിഞ്ഞു കിടക്കുന്ന ആ ഇടത്തേക്ക് ലാഭേച്ഛപൂണ്ട കച്ചവട താല്പര്യങ്ങൾ വന്നു കയറുന്നു. ഒരു അസ്വാഭാവിക അവസ്ഥയായതിനാൽ, അത് വിവാദങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും കാരണമാകുന്നു. യഥാർത്ഥ വിശ്വാസികൾ ദുരിതമനുഭവിക്കുന്നു. അവർ ഈ അന്ധവിശ്വാസികളെപ്പോലെയല്ല, ആത്മീയമായി സംവേദനക്ഷമതയുള്ളവരാണ്. ദേവാലയത്തിന്റെ വിശുദ്ധിയെ ആവരണം ചെയ്യുന്ന വെറുപ്പ് അവർ തിരിച്ചറിയുന്നു. അവർ വേദനിക്കുന്നു, എന്നാൽ അന്ധവിശ്വാസത്തിന്റെ അടിമകൾ രാഷ്ട്രീയ നാടകത്തിന്റെ ഭ്രാന്ത് ബാധിച്ച് ഉറഞ്ഞു തുള്ളുന്നു.

അന്ധവിശ്വാസം മതത്തെ ദുഷിപ്പിക്കുന്നതിന്റെയും തൽഫലമായി മതം അധാർമ്മികമായ ഒരു അഭയസ്ഥാനമായി മാറുന്നതിന്റെയും അപകടത്തിനെതിരെ സമൂഹം ഉണർന്നെഴുന്നേൽക്കേണ്ടതിന്റെ ആവശ്യകതയാണു ശബരിമല ഉയർത്തുന്ന സന്ദേശം.

വേദപണ്ഡിതനും സാമൂഹ്യപ്രവർത്തകനുമാണു ലേഖകൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook