Latest News

തന്ത്രിക്കാര് മണികെട്ടും?

യുവതി പ്രവേശം സാധ്യമാക്കിയ സുപ്രീം കോടതി അതിന്റെ പേരിൽ രണ്ട് യുവതികൾക്കുണ്ടായ അവഹേളനത്തെ കണ്ടില്ലെന്നു നടിക്കരുത്. അവരുടെ അന്തസ്സിനേറ്റ ക്ഷതത്തെ അവഗണിക്കരുത്. തന്ത്രിയെ വിളിച്ചു വരുത്തി ശാസിക്കണം . നിയമവാഴ്ചയുടെ ശക്തി ബോദ്ധ്യപ്പെടുത്തണം

ചോദ്യവും ഉത്തരവും ഒരു പോലെ  വ്യക്തവും ലളിതവുമായിരുന്നു.

പക്ഷേ, നമ്മൾ അതിനെ നേരിട്ട രീതി പ്രാകൃതമായിരുന്നു.

കേരളത്തിന്റെ മുന്നിലെ ചോദ്യം ഇതായിരുന്നു.

കനക ദുർഗയെയും ബിന്ദുവിനെയും ആരാണ്  ശബരിമല സന്നിധാനത്തിലെത്തിച്ചത്?

പകൽ പോലെ തെളിഞ്ഞ ഉത്തരം നമുക്ക് മുന്നിലുണ്ട്.

ഇന്ത്യൻ ഭരണഘടനയാണ് ആ യുവതികളെ ശബരിമലയിലെ അയ്യപ്പസന്നിധാനത്ത് എത്തിച്ചത്. ഭരണഘടന സംസാരിക്കുന്നത് സുപ്രീം കോടതിയിലൂടെയാണ്. ന്യായാധിപന്മാരിലൂടെയാണ്. ഭരണഘടനയുടെ തീരുമാനങ്ങൾ നടപ്പിലാക്കപ്പെടേണ്ടത് തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങളിലൂടെയാണ്.  ഈ സാമാന്യ ബോദ്ധ്യത്തോടെ തീരേണ്ട ഒന്നായിരുന്നു ശബരിമലയിലെ യുവതി പ്രവേശന വിഷയം. എന്നാൽ ആ ഉത്തരത്തോട് സമരസപ്പെടാൻ സാധിക്കാത്ത ഒരു വർഗീയ കൂട്ടായ്മ കേരളത്തോട് നിരന്തരം കലഹിച്ചു കൊണ്ട് പുതിയ പുതിയ രൂപഭാവങ്ങൾ തേടി തെരുവിലലയുകയാണ്. അവരാണ് നമ്മുടെ തെരുവുകളെ യുദ്ധക്കളമാക്കുന്നത്. പ്രശ്നപൂരിതമാക്കുന്നത്. അവർ ചോദ്യത്തിന് പുതിയ പുതിയ ഉത്തരങ്ങളെ കണ്ടെത്തി യഥാർത്ഥ ഉത്തരത്തെ മറച്ചു പിടിച്ചു. അവരുടെ രാഷ്ട്രീയ ലാഭത്തിനായി  ഈ പ്രശ്നത്തെ വലിച്ചിഴച്ചു.

അല്പം വൈകിയാണെങ്കിലും ശബരിമലയിൽ  യുവതി പ്രവേശനം യാഥാർത്ഥ്യമായിരിക്കുന്നു. സുപ്രീം കോടതി വിധി പ്രായോഗികാർത്ഥത്തിൽ നടപ്പിലാക്കപ്പെട്ടു എന്നർത്ഥം. യുവതികളായ  കനക ദുർഗയും ബിന്ദുവും ശബരിമല സന്നിധാനത്തിലെത്തി അയ്യപ്പദർശനം നടത്തിയത് എല്ലാ അർത്ഥത്തിലും വലിയ തുടക്കം കുറിക്കലാണ്. നിയമത്തിന്റെ പിൻബലത്തോടെ  ശബരിമലയിലെത്തുന്ന ആദ്യത്തെ യുവതികളായിമാറുകയാണ് ഇവർ. പണം കൊടുത്തും തന്ത്രിയിൽ സ്വാധീനം ചെലുത്തിയും മറ്റും ഇതിനു മുൻപും ചില യുവതികൾ ശബരിമല സന്നിധാനത്തിലെത്തിയിട്ടുണ്ടാകാം. എന്നാൽ ഇത് വ്യത്യസ്തമാണ്. മുമ്പ് ചെയ്തവർ നിയമ / ആചര ലംഘനം നടത്തുകയായിരുന്നു എന്ന് പറയാം. കനക ദുർഗയും ബിന്ദുവും നിയമാനുസൃതമായി സുപ്രീം കോടതിയുടെ വിധി പ്രകാരം അവർക്ക് ലഭിച്ച അവകാശം പ്രാബല്യത്തിൽ വരുത്തിയവരാണ്. എന്നാൽ അവരുടെ സന്ദർശനം സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ ഏറെ ഞെട്ടിക്കുന്നതും ഒരു ജനാധിപത്യ സമൂഹത്തിന് നിരക്കാത്തതുമാണ്. അതിനെപ്പറ്റിയാണ്  ഇനി കേരളം ചർച്ച ചെയ്യേണ്ടത്.

ശബരിമലയിൽ യുവതികൾ പ്രവേശിച്ചത് സ്ഥിരീകരിക്കപ്പെട്ടതോടെ തന്ത്രിയും മേൽശാന്തിയും കൂടിയാലോചന നടത്തി നടയടച്ച് ”ശുദ്ധി ക്രിയ “ നടത്തി എന്നാണ് വാർത്ത.

ഞാൻ ആദ്യം സൂചിപ്പിച്ച ചോദ്യം സ്വയം ചോദിച്ചിരുന്നുവെങ്കിൽ തന്ത്രിയും അദ്ദേഹത്തെ നയിക്കുന്നവരും ഇങ്ങനെയൊരു ഹീനകൃത്യത്തിന് മുതിരുമായിരുന്നില്ല. അവരുടെ പ്രവൃത്തി  സുപ്രീം കോടതിയെയും ഭരണഘടനയേയും അവഹേളിക്കുന്നതിന് തുല്യമാണ്. നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയായി മാത്രമെ ഇതിനെ കാണാനൊക്കൂ. അതിലുപരി ആ രണ്ട് സ്ത്രീകളുടെ അന്തസ്സിനെ ചോദ്യം ചെയ്യലാണ്. നിയമത്തിന്റെ പിൻബലത്തോടെ അവർ നടത്തിയ ക്ഷേത്ര സന്ദർശനത്തിന്റെ പേരിൽ ശുദ്ധി ക്രിയ ചെയ്യുക എന്നു പറഞ്ഞാൽ അവർ അശുദ്ധിയുണ്ടാക്കി എന്നാണല്ലോ അർത്ഥമാക്കേണ്ടത്. അവർക്ക് അവിടെ  അയിത്തം കല്പിക്കപ്പെട്ടിരിക്കുന്നു. അയിത്തം കല്പിക്കുക എന്നത് ഇന്ത്യയിൽ കുറ്റമാണ്. നിരോധിക്കപ്പെട്ട ഒന്നാണ്. അതാണ് തന്ത്രിയും മേൽശാന്തിയും ശബരിമലയിൽ നടത്തിയിരിക്കുന്നത്. നിയമത്തിന്റെ മുന്നിൽ അവർ കുറ്റവാളികളാണ്. രണ്ടു യുവതികളുടെ അന്തസ്സിനെയാണ് അവർ ചോദ്യം ചെയ്തിരിക്കുന്നത്. അതു വഴി സുപ്രീം കോടതിയുടെ അന്തസ്സിനാണ് കോട്ടം തട്ടിയിരിക്കുന്നത്. ഇത് കാണാതെ നമ്മൾ മുന്നോട്ടു പോവരുത്. മുൻകാലങ്ങളിൽ  അങ്ങനെ പലതിനോടും കണ്ണടച്ചതിന്റെ ഭവിഷ്യത്താണ് നമ്മളിപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലിരുന്ന് തന്ത്രിയെപ്പറ്റി ചർച്ചചെയ്യേണ്ടി വരുന്നത്. ആർത്തവത്തിന്റെ ശുദ്ധാശുദ്ധ തലങ്ങൾ അന്വേഷിക്കേണ്ടി വരുന്നത്. വിശ്വാസത്തെയും ഭക്തിയേയും  അയിത്താചാരമാക്കി മാറ്റിയ തന്ത്രിയെ, അതിനയാൾക്ക് അനുവാദം കൊടുത്ത അധികാരത്തെ നമ്മൾ എന്തു ചെയ്യണം എന്ന വലിയ ചോദ്യം കേരളത്തിന്റെ മുന്നിലേക്ക് വന്നിരിക്കുന്നു. അതാണ് നമ്മൾ ഉത്തരം കാണേണ്ട പുതിയ ചോദ്യം. നമ്മളെ അലട്ടേണ്ട ചോദ്യം.

മുന്നിലെ സാഹചര്യത്തെപ്പറ്റി വീണ്ടുവിചാരം  കൂടാതെ പ്രാകൃതമായ പരിഹാരക്രിയകൾക്ക് തുനിഞ്ഞ ഒരാളുടെ മനസ്സിനെപ്പറ്റി നമ്മൾ ചിന്തിക്കേണ്ടതുണ്ട്. അയാളിൽ വിധേയപ്പെടുന്ന ഭക്തജനങ്ങളെപ്പറ്റി ആലോചിക്കേണ്ടതുണ്ട്. അയാളുടെ പ്രവർത്തിയെ മഹത്വവത്ക്കരിക്കുന്ന സമൂഹം എവിടേക്കാണ് പോവുന്നത് എന്ന് അന്വേഷിക്കേണ്ടതുണ്ട്. അയാളെ നിലനിർത്തുന്ന സംവിധാനങ്ങളെ ഓർത്ത് നമ്മൾ ഭയപ്പെടേണ്ടതുണ്ട്. തന്ത്രിയുടെ  ശുദ്ധിക്രിയയെ അലസമായി കേരള സമൂഹം വിട്ടു കളയരുത്. ശബരിമല യുവതീ പ്രവേശനം ഇനിയൊരു പ്രശ്നമായി നിലനിൽക്കില്ല. പുന:പരിശോധന ഹർജി കോടതി ഇനി പരിഗണിക്കാതെ തള്ളിക്കളയും. വിശ്വാസികളായ സ്ത്രീകൾ പ്രായഭേദമന്യേ ശബരിമലയിലേക്ക് മെല്ലെ മെല്ലെ വന്നുകൊള്ളും. ബാക്കിയാവുന്ന പ്രശ്നം കേരളത്തിന്റെ ചിന്താഗതിയാണ്. വൃത്തികെട്ട മനസ്സുള്ള പ്രാകൃതരായ അധികാര കേന്ദ്രങ്ങളാണ്. ഒരു ജനാധിപത്യ സംവിധാനത്തിൽ  തന്ത്രിയും മേൽശാന്തിയുമൊക്കെ എവിടെ നില്ക്കണം എന്ന് തിട്ടപ്പെടുത്തി മുന്നേറേണ്ടതുണ്ട്.

യുവതി പ്രവേശം സാധ്യമാക്കിയ സുപ്രീം കോടതി അതിന്റെ പേരിൽ രണ്ട് യുവതികൾക്കുണ്ടായ അവഹേളനത്തെ കണ്ടില്ലെന്നു നടിക്കരുത്. അവരുടെ അന്തസ്സിനേറ്റ ക്ഷതത്തെ അവഗണിക്കരുത്. തന്ത്രിയെ വിളിച്ചു വരുത്തി ശാസിക്കണം . നിയമവാഴ്ചയുടെ ശക്തി ബോദ്ധ്യപ്പെടുത്തണം.

കേരളം മാതൃകയാവണം. ഭക്തിയേയും വിശ്വാസത്തേയും മൂന്നാംകിട മനുഷ്യരാൽ നിയന്ത്രിക്കപ്പെടാനിടയാവരുത്.  ഇരുട്ട് നിറഞ്ഞ മനസ്സുമായി, ലോകത്തിന്റെ വെളിച്ചം അനുഭവിക്കാത്ത ചെറിയ കൂട്ടം പ്രാകൃതർക്ക് വഴങ്ങിക്കൊടുക്കുന്ന ഒരു വിശ്വാസ സമൂഹം ഈ നൂറ്റാണ്ടിൽ ഇവിടെ നിലനിൽക്കരുത്. ശബരിമല പല ചോദ്യങ്ങളും കേരളീയ സമൂഹത്തിന്റെ മുന്നിലേക്ക് ഉയർത്തിയിട്ടുണ്ട്. പുരോഗമനം  വീമ്പിളക്കിയ നമ്മൾ സ്വയം ചോദിക്കേണ്ട പല ചോദ്യങ്ങളും . ആ അർത്ഥത്തിൽ ശബരിമല വലിയൊരു സാധ്യതയാണ് കേരളത്തിനു മുന്നിൽ തുറന്നു തന്നിട്ടുള്ളത്. യുക്തിബോധത്തോടെ ആ സാധ്യതയെ നേരിടാൻ നമ്മൾ തയ്യാറായാൽ അതിന്റെ പേരിൽ വന്ന മറ്റു പ്രശ്നങ്ങൾ അവഗണിക്കാവുന്നതേയുള്ളൂ. ഭക്തിയുടെ പേരിലുള്ള അയിത്തത്തെയും  അനാചാരങ്ങളെയും നേരിടാൻ വരുന്ന ദിനങ്ങളിൽ നമുക്ക് കഴിയണം. അങ്ങനെ വേണം കനക ദുർഗയോടും ബിന്ദുവിനോടും ആദരവ് പ്രകടിപ്പിക്കാൻ.

തന്ത്രിക്കാര് മണികെട്ടും എന്ന ചോദ്യത്തോടെ ഞാനീ കുറിപ്പ് അവസാനിപ്പിക്കുന്നു. ആ ചോദ്യം ഈ ബഹളത്തിനിടയിൽ നമ്മൾ  വിട്ടു പോയാൽ കേരളം പുറകോട്ടു പോകും. ജനാധിപത്യബോധമില്ലാത്ത ഒരാളും ഇവിടെ പൊതുമണ്ഡലത്തിൽ വിഹരിക്കരുത്. അങ്ങനെയുള്ളവരെ മണി കെട്ടി പുറത്തു നിർത്തണം.

Get the latest Malayalam news and Opinion news here. You can also read all the Opinion news by following us on Twitter, Facebook and Telegram.

Web Title: Sabarimala women entry supreme court tantri bjp cpm

Next Story
പൊറമ്പോക്കിലെ റ്റി.എം.കൃഷ്ണ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express