ശബരിമലപ്രശ്നത്തിൽ ഹിന്ദു പാരമ്പര്യങ്ങളുടെ പരിഷ്ക്കരണത്തെ ഒരു വിഷയമായിപ്പോലും കണക്കിലെടുക്കാൻ ഇവിടെ ഹിന്ദു മത വിശ്വാസത്തിന്റെ കുത്തക സ്വയം കൈയാളിയിരിക്കുന്ന ഹിന്ദുത്വ ശക്തികൾ തയ്യാറാകാത്തത് എന്തുകൊണ്ടാണ്? ഇന്ത്യയിലെ ഹിന്ദു സ്ത്രീകൾക്കിടയിൽ നിന്നാണ് ഈ ആവശ്യം ആദ്യം ഉയർന്നത്. തൃപ്തി ദേശായ് എന്ന ക്ഷേത്രപ്രവേശനാവകാശപ്രവർത്തകയുടെ മുൻകൈയിൽ. ആർത്തവം അശുദ്ധമല്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് രൂപമെടുത്ത സ്ത്രീസംഘവും ഇതാണ് ആവശ്യപ്പെട്ടത്. ഇതിന് പ്രതികരണമായിത്തന്നെയാണ് സുപ്രിം കോടതിവിധി.

പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടിഷ് ഭരണാധികാരികൾ സ്ത്രീകളുടെ ലൈംഗികസമ്മതത്തിന്റെ കുറഞ്ഞ പ്രായം 12 ആയി ഉയർത്തിയതിനെതിരെ ശബ്ദമുയർത്തിയ പാരമ്പര്യവാദികൾ അന്നത്തെ ഭരണകൂടത്തിന്റെ വിദേശ സ്വഭാവത്തെയാണ് ഊന്നിപ്പറഞ്ഞത്. ഇന്ന് ആ വാദത്തിന് തീരെ പ്രസക്തിയില്ല. നമ്മുടെ വിശ്വാസമനുസരിച്ചല്ല, വടക്കേയിന്ത്യൻ മാനദണ്ഡ മനുസരിച്ചാണ് വിധിയെന്ന വാദത്തിലാകട്ടെ, ഇരട്ടത്താപ്പുണ്ട്.  ഇവിടുത്തെ ഹിന്ദുത്വവാദികൾ മറ്റെല്ലാ മതസമുദായകാര്യങ്ങളിലും പ്രമാണമായി സ്വീകരിച്ചിട്ടുള്ളത് ഗംഗാനദീതട ‘സംസ്കാരത്തെ’യാണ് (ആണധികാ രത്തെ പൂർണമായും ന്യായീകരിക്കുന്ന അതിനെ സംസ്കാ രമെന്ന് വിളിക്കാൻ ബുദ്ധിമുട്ടാണ്). ഏതു പ്രമാണങ്ങളനുസരിച്ചാണ് ശബരിമലയിൽ മാത്രം അതുവേണ്ടെന്ന് പറയുന്നതെന്ന് വ്യക്തമല്ല.

കേരളത്തിലെ ലക്ഷക്കണക്കിന് ശൂദ്ര-കീഴ്സമുദായക്കാരികൾക്ക് താരതമ്യേന കൂടുതൽ സുരക്ഷ ഉറപ്പാക്കുമായിരുന്ന (സ്വന്തം വീട്ടിൽ നിന്ന് അവരെ ഇറക്കിവിടാനുള്ള ആണധികാരത്തെ അത് പരിമിതപ്പെടുത്തി യിരുന്നതുകൊണ്ട്) മരുമക്കത്തായ സംസ്കാരത്തെ തിരിച്ചുകൊണ്ടു വരണമെന്ന് പാരമ്പര്യവാദികൾ ആരും വാദിക്കുന്നില്ല. പകരം ഈ സ്ത്രീകളുടെ സ്ഥിതിയെ വല്ലാതെ അസ്ഥിരപ്പെടുത്തിയതായി പ്രത്യക്ഷത്തിൽ തെളിവുള്ള പുരുഷകേന്ദ്രിത വിവാഹ രീതിയും മക്കത്തായ കുടുംബരീതിയും രണ്ടും ഗംഗാനദീതടത്തിൽ നിന്ന് കടംകൊണ്ടത് ഇപ്പറഞ്ഞവർ കൈനീട്ടി സ്വീകരിക്കുന്നു. പാരമ്പര്യ സ്വീകാരത്തിന്റെയും തീരസ്കാരത്തിന്റെയും മാനദണ്ഡങ്ങൾ തദ്ദേശസ്നേഹത്തിൽ നിന്ന് ഏകപക്ഷീയമായി ഉയർന്നു വരുന്നവയല്ല എന്നർത്ഥം. അങ്ങനെയെങ്കിൽ ഇക്കാര്യത്തിൽ മാത്രം അവർ ഉയർത്തിപ്പിടിക്കുന്ന തദ്ദേശസ്നേഹം വ്യാജമായിരിക്കാനാണിട. അതുപോലെ, വിവാഹ-കുടുംബരീതികളും ആരാധനാരീതികളും രണ്ടല്ലേ എന്ന ചോദ്യത്തിന് ഹിന്ദുമതത്തിൽ പ്രസക്തിയില്ല. അവ രണ്ടും പരസ്പരബന്ധിതങ്ങളായിത്തന്നെയാണ് നിലനിന്നിട്ടുള്ളത് — ബ്രാഹ്മണമൂല്യങ്ങളും താത്പര്യങ്ങളും തന്നെയാണ് രണ്ടിനെയും രൂപപ്പെടുത്തിയിട്ടുള്ളത്. പത്തൊൻപതാം നൂറ്റാണ്ടിലെ സ്ത്രീകളുടെ ലൈംഗികസമ്മതത്തിന്റെ കുറഞ്ഞപ്രായത്തെപ്പറ്റിയുള്ള ചർചയിൽ ഇന്നത്തെ ചർചയ്ക്കു സമാനമായ പലതും ഉയർന്നു കണ്ടിരുന്നു- ഉദാഹരണത്തിന്, ഈ വിഷയം ഉയർത്തിക്കൊണ്ടു വന്ന വ്യക്തി ഹിന്ദുവിശ്വാസി അല്ല എന്ന വാദം, ഈ വിഷയത്തിൽ യാഥാസ്ഥിതിക അഭിപ്രായത്തെ തള്ളിക്കളഞ്ഞ ഹിന്ദുസ്ത്രീകളെ കണ്ടില്ലെന്ന് നടിക്കുന്ന യാഥാസ്ഥിതിക നിലപാട്, അങ്ങനെ പലതും. എന്നാൽ അന്നത്തെ യാഥാസ്ഥിതികർ സത്യസന്ധരായിരുന്നു. ഹിന്ദു കുടുംബ-വിവാഹ കാര്യങ്ങ ൾ മതകാര്യങ്ങളാണെന്ന് അവർ സമ്മതിച്ചു. ഇന്നില്ലാത്തത് ആ സത്യസന്ധതയാണ്.

Women entry at Sabarimala Supreme Court Judgement repurcussions

മൂന്നാമതായി, ഐതീഹ്യത്തെപ്പിടിച്ച് ആണയിടുന്നവർ അവയെ ഭാഗികമായി വായിക്കുന്നു എന്നതും ശ്രദ്ധേയമാണ്. മാളികപ്പുറത്തമ്മയ്ക്ക് കൊടുത്ത വാക്ക് പാലിക്കാനുള്ള സമയമായിയെന്ന് നാം എന്തുകൊണ്ട് കാണുന്നില്ല? കന്നി അയ്യപ്പന്മാർ മല ചവിട്ടാത്ത ഒരു നടതുറക്കൽ കഴിഞ്ഞിരിക്കുന്നു. ഹിന്ദുവിശ്വാസത്തെ കൂടുതൽ ഉൾപ്പെടുത്തൽ ശേഷിയുള്ളതായി ചിത്രീകരിക്കാൻ ദേശീയ ആർ എസ് എസ് നേതൃത്വം (വ്യാജമായെങ്കിലും) ശ്രമിക്കുന്നുണ്ടെങ്കിലും അതിവിടെ ഇല്ലെന്ന് വ്യക്തമാണ്, കാരണം അങ്ങനെയായിരുന്നെങ്കിൽ ഐതീഹ്യം സ്ത്രീകൾ ക്കനുകൂലമായി വായിക്കപ്പെട്ടേനെ. പ്രളയാനന്തര സാഹചര്യ ത്തിൽ കന്നി അയ്യപ്പന്മാരുടെ സന്ദർശനം ഉണ്ടാകാത്ത നടതുറക്കൽ സംഭവിച്ചതിനാൽ ശബരിമലശാസ്താവിന്റെ നൈഷ്ഠിക ബ്രഹ്മചര്യം അവസാനിച്ചതായി പ്രഖ്യാപിക്കപ്പെട്ടേനെ. ബ്രാഹ്മണാധികാരത്തെയും ഫ്യൂഡൽ മതാധികാരികളെയും നിലനിർത്തിക്കൊണ്ടേ ഹിന്ദുവിശ്വാസം തുടരാനാകൂ എന്ന പ്രഖ്യാപനമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.

ദീപാ ഈശ്വർ, പത്മാപിള്ള മുതലായ ചില സ്ത്രീകൾ ഈ ആൺകോയ്മയ്ക്ക് ചൂട്ടുപിടിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. മതകാര്യത്തിൽ ഇവരുടെ അഭിപ്രായങ്ങൾ ആരെങ്കിലും ചോദിക്കുന്നുണ്ടെങ്കിൽ, അവ പൊതുവേദികളിൽ എത്തുന്നുണ്ടെങ്കിൽ, അത് ഹിന്ദുസമുദായരീതികളിൽ കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളായി ഉണ്ടായ മാറ്റം കൊണ്ടാണെന്ന് തിരിച്ചറിയാനുള്ള ചിന്താശക്തി പോലും ബാക്കിയില്ലാത്തവരായിപ്പോയി ഇവർ. എല്ലാ സ്ത്രീകളും നിർബന്ധമായും ശബരിമലയ്ക്ക് പോയിക്കൊള്ളണമെന്നല്ല സുപ്രീം കോടതി പറയുന്നത്. ഈശ്വരസൃഷ്ടമായ ഉടലുകളിൽ ആണിന്റേത് പരിശുദ്ധവും പെണ്ണിന്റേത് മലിനവുമാണെന്ന് കരുതുന്ന ഒരു സ്ത്രീയും അവിടെ പോകണമെന്നില്ല. പക്ഷേ അങ്ങനെ കരുതാത്തവരെ തടയാൻ ഇവർക്ക് യാതൊരധികാരവുമില്ല. സ്ത്രീശരീര ഭീതികൾ കൊണ്ടു നടക്കാത്ത സ്ത്രീകളെ തടയുന്നത് ബ്രാഹ്മണവാദ സ്ത്രീവിരുദ്ധതയെ എല്ലാ വിശ്വാസികളുടെയും തലയിൽ അടിച്ചേൽപ്പിക്കലാണ്.

ആരാധനയുടെയും ആരാധനാലയപ്രവേശത്തിന്റെയും കാര്യത്തിൽ ലോകമതങ്ങളെല്ലാം അധികാരം പുരുഷപ്രമാണികളുടെ കൈയിലായിരിക്കണമെന്ന പക്ഷക്കാരാണ്. പ്രമുഖ മുസ്‌‌ലിം പാരമ്പര്യവാദികൾ ഇക്കാര്യ ത്തിൽ ഹിന്ദുത്വപക്ഷം ചേർന്നത് ചുമ്മാതല്ല. എന്നാൽ ശബരിമലയിൽ സ്ത്രീപ്രവേശനം തടയുന്നത് ഒരു പ്രത്യേകവാദമുപയോഗിച്ചാണ്. ആർത്തവ അശുദ്ധിയെ സംബന്ധിച്ചുള്ളത്. മാസത്തിൽ ആർത്തവ മുണ്ടാകുന്ന കാലത്ത് മാത്രമല്ല, ആർത്തവമുണ്ടാകുന്ന വയസ്സുകളിൽ മുഴുവൻ സ്ത്രീ അശുദ്ധയായിരിക്കുമെന്നാണ് ഇവിടെ സൂചന. ആദ്യത്തേത് മാത്രമായിരുന്നെങ്കിൽ വ്രതകാലം സ്ത്രീകൾക്ക് വേണ്ടി പ്രത്യേകം നീട്ടാനുള്ള സവിശേഷ മാമൂൽ ഉണ്ടാക്കിയാൽ മതിയാകുമായിരുന്നു. ആർത്തവസാദ്ധ്യതയുള്ള സ്ത്രീശരീരമാണ് പുരുഷന്റെ – ദൈവമായ പുരുഷന്റെ – ലൈംഗിക അച്ചടക്ക പരിശ്രമത്തെ തകർക്കുന്നതെന്ന ഏറ്റവും അസഹ്യമായ ദുഃസൂചനയെയാണ് ഇവിടെ ദീപാ ഈശ്വർ, പത്മാപിള്ള മുതലായ പാരമ്പര്യവാദികൾ ‘ഹിന്ദുപാരമ്പര്യ’മായി എഴുന്നള്ളിച്ചു കൊണ്ടുവന്നിരിക്കുന്നത്. ക്ഷേത്രകാര്യത്തിൽ മാത്രം അത് സാധുവാണെന്നും (പാരമ്പര്യമായതിനാൽ), അല്ലാത്തിടത്ത് അത് അസാധുവാണെന്നും ഇവരിൽ ചിലർ പറയുന്നു. ഏതടിസ്ഥാനത്തിൽ എന്നു മാത്രം വ്യക്തമാക്കുന്നില്ല. ശബരിമല ക്ഷേത്രമെന്ന ഇടത്തിൽ മാത്രം സ്ത്രീശരീരം ഇത്തരമൊരു ഫലമുളവാക്കുമെന്നാണ് വാദമെങ്കിൽ അത് അയ്യപ്പനെന്ന ദൈവത്തെ അങ്ങേയറ്റം ആക്ഷേപിക്കലായിപ്പോകും, അതുകൊണ്ട് അതിനെ സാമാന്യവൽക്കരിക്കാതെ വേറെ വഴിയില്ല. അങ്ങനെയെങ്കിൽ ദൈവത്തിനില്ലാത്ത ആത്മ നിയന്ത്രണം വെറും മനുഷ്യർക്കുണ്ടാകാനിയില്ലാത്തതിനാൽ ആർത്തവശേഷിയുള്ള സ്ത്രീകളുടെ ശരീരങ്ങളെ അകറ്റിനിർത്തുകയാണ് ലൈംഗിക അതിക്രമം തടയാനുള്ള ഏക ഫലപ്രദമായ മാർഗം എന്നും വരും.

ആണുങ്ങളുടെ ലൈംഗിക അച്ചടക്കം ഇന്ന് ക്ഷേത്രത്തിൽ മാത്രമല്ല നാം വ്യാപരിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും ആവശ്യമുള്ളതാണ്. ഈ യുക്തി അവിടെ പ്രയോഗിച്ചാൽ ഇന്ന് ഹിന്ദുത്വവാദത്തിന്റെ ആധുനിക മുഖങ്ങളായി ടെക്നോപാർക്കിലും മറ്റും വേലയെടുത്തു വരുന്ന ഈശ്വറും പിള്ളയുമെല്ലാം എന്തുചെയ്യും? സ്ത്രീകളെ വീട്ടിലിട്ടടയ്ക്കുന്ന സംസ്ക്കാരം അവർക്കൊരുപക്ഷേ പ്രശ്നമല്ലായിരിക്കാം. അവരവരുടെ അന്നം സ്വയം ഉണ്ടാക്കാനാഗ്രഹിക്കുന്ന ഒരു സ്ത്രീയ്ക്കും, പക്ഷേ, ഇതു സ്വീകാര്യമാകില്ല. മാത്രമല്ല ആർത്തവസാദ്ധ്യതയുള്ള സ്ത്രീശരീരങ്ങളെ മുഴുവൻ ഉൽപ്പാദന മേഖലയിൽ നിന്ന് മാറ്റിയാൽ ഇന്ത്യൻ സാമ്പത്തികവ്യവസ്ഥ പൊളിഞ്ഞു തകർന്നുവീഴുക തന്നെ ചെയ്യും.

ലോകം മുഴുവൻ ഇന്ന് സ്ത്രീകൾ നടത്തുന്ന പോരാട്ടം ഈ ദുഃസൂചനയ്ക്കെതിരെയാണെന്ന് വല്ലപ്പോഴും പത്രം വായിച്ചാൽ മനസ്സിലാകും. ലോകത്ത് പലയിടത്തും ഇന്ത്യയിലും നടന്നുകൊണ്ടിരിക്കുന്ന ‘മീ ടൂ’ പ്രസ്ഥാനത്തിന്റെ കാതലായ പ്രതിഷേധം ഇതിനെതിരെയാണ്. ഈ വർഷത്തെ നോബൽ സമാധാന സമ്മാനം ഈ ധാരണയിലൂന്നി നിൽക്കുന്ന മഹാപാതകങ്ങൾക്കെതിരെ പോരാടുന്നവർക്കാണ്. ഹിന്ദുത്വവാദികൾ അതു തിരിച്ചറിയാതിരിക്കുന്നത് ആകസ്മികമോ?

അല്ല എന്നതാണ് സത്യം. ഇന്ന് പാരമ്പര്യമെന്നാൽ വൻലാഭം കൊയ്യുന്ന ചരക്കാണ്. ശുദ്ധപാരമ്പര്യമെന്നത് സാദ്ധ്യത പോലുമല്ല. കാരണം, അവയെല്ലാം അങ്ങേയറ്റം വിപണിവൽക്കരിക്കപ്പെട്ടിരിക്കുന്നു. പുണ്യം ചില തരം പൂജ, ക്ഷേത്രസന്ദർശനം, മുതലായവ വഴിയാണ് ഉണ്ടാകുന്നതെന്ന ധാരണ ഇന്ന് ക്ഷേത്രങ്ങളെയും വിശ്വാസങ്ങളെയും മാറ്റമേതു മില്ലാത്തവയാക്കി മാറ്റിയിരിക്കുന്നു. അവയ്ക്കു മാറ്റമുണ്ടാകാതിരിക്കുക എന്നത് ആത്മീയവിപണിയിൽ അവയുടെ മൂല്യമിടിയാതിരിക്കുക എന്നതാണ്. അതായത്, പത്തൊൻപതാം നൂറ്റാണ്ടിലെ സ്ഥിതിയല്ല ഇന്ന് എന്നു സാരം. അന്ന് മനുഷ്യവിരുദ്ധ മാമൂലുകളെ മുറുക്കെപ്പിടിച്ചിരുന്നത് പരമ്പരാഗത അധികാരത്തിന്റെ സൂക്ഷിപ്പുകാരാണെങ്കിൽ, ഇന്ന് വിപണിവൽക്കരിക്കപ്പെട്ട മതവിശ്വാസത്തിൽ നിന്ന് സാമ്പത്തിക-രാഷ്ട്രീയലാഭം കൊയ്യുന്നവരാണ് അവയുടെ കാവലാളുകൾ. ഹിന്ദുത്വ വാദികളായി, അല്ലെങ്കിൽ അവർക്കൊപ്പം, പ്രത്യക്ഷരാകുന്നത് ഇക്കൂട്ടരാണ്. വെറുതേയല്ല, അവർക്ക് മതത്തിന്റെ ഇടത്തെ കൂടുതൽ വിശാലമാക്കാനുള്ള കാര്യമായ ശ്രമങ്ങൾ അരോചകമായിത്തോന്നുന്നത്. ലാഭക്കച്ചവടമാണെങ്കിൽ ശങ്കരാചാര്യരെയും അദ്വൈതത്തെയും കടലിൽ തളളും ഇവർ. അതിൽ ആശ്വസിക്കണോ വിഷമിക്കണോ എന്നറിയാത്ത അവസ്ഥയിലാണ് ഞാൻ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook