മാതൃഭൂമി ആഴ്ചപ്പതിപ്പിൽ മൂന്നദ്ധ്യായം മാത്രം പ്രസിദ്ധീകരിച്ച് , വിവാദങ്ങളെ തുടർന്ന് പിൻവലിക്കപ്പെട്ട എസ്. ഹരീഷിന്റെ ‘മീശ’ എന്ന നോവൽ, വേണ്ട രീതിയിൽ വായിച്ചുവോ എന്നു സംശയിക്കണം. കാരണം, വിവാദമാവേണ്ട ഭാഗമല്ല വിവാദമാക്കിയത് എന്നതുതന്നെ.
സ്വന്തം കുടുംബത്തിനുവരെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി ഉയർന്നു വന്നപ്പോൾ, എഴുത്തുകാരനെ കൊണ്ടുതന്നെ നോവൽ പിൻവലിപ്പിച്ച് പ്രസിദ്ധികരണം  തടിയൂരുകയാണ് ചെയ്തത്.

സൂക്ഷിച്ച് വായിച്ചാൽ, പരക്കെ പറഞ്ഞുപരത്തിയതുപോലെ ഹിന്ദു സ്ത്രീകളെ അപമാനിക്കുന്ന സംഭാഷണങ്ങൾ ഉള്ളതുകൊണ്ടു മാത്രമായിരുന്നോ നോവൽ വിവാദമായത്?
കേരളത്തിന്റെ സാമൂഹിക സാഹചര്യങ്ങളിലേക്ക് പല വഴികളിലൂടെ ശ്രമിച്ചിട്ടും കടക്കാൻ കഴിയാതിരുന്ന സംഘപരിവാര പ്രഭൃതികളുടെ പരീക്ഷണശാലയായിരുന്നു ‘മീശ’ വിവാദം.
വിവാദപ്രചാരകരിൽ പലരുമായും നേരിട്ട് സംസാരിച്ചപ്പോൾ അവരാരും അതുവരെ അച്ചടിച്ചുവന്ന നോവൽഭാഗങ്ങൾ വായിച്ചിട്ടു പോലുമുണ്ടായി രുന്നില്ല. ഇത് നോവലാണോ കഥയാണോ ലേഖനമാണോ വാർത്തയാണോ പത്രത്തിലാണോ ആഴ്ചപതിപ്പിലാണോ വന്നത് എന്നുപോലും പലർക്കും അറിയില്ലായിരുന്നു. തെരുവിൽ സമരത്തിനിറങ്ങിയ പലരോടും സംസാരിച്ചവരും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മാധ്യമ പ്രവർത്തകർ ഉൾപ്പടെ. ചാനൽചർച്ചകളിൽ ഹരീഷിനെ അടിക്കാൻ ആഹ്വാനം ചെയ്തവരൊക്കെ അതേക്കുറിച്ച് പറഞ്ഞത് മാത്രം ശ്രദ്ധിച്ചാൽ മതി ഇത് വ്യക്തമാകാൻ. ഹിന്ദു സ്ത്രീകളെ അപമാനിക്കുന്നുവെന്നു പറഞ്ഞ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെട്ട സ്ക്രീൻ ഷോട്ടിനപ്പുറത്ത് അവർക്കൊരു ബോധവും ചിന്തയുമില്ലായിരുന്നു. ആരാണ് അവർക്ക് ഇതു കൈമാറിയത് എന്നതിനും അവർക്ക് വ്യക്തമായ ഉത്തരമില്ലായിരുന്നു.

പക്ഷെ ആ കച്ചിത്തുരുമ്പിൽ പിടിച്ചു കളിച്ചത്, നോവലിലെ വിവാദഭാഗത്തിനു താഴത്തെ വരികളിൽ വിവരിക്കപ്പെട്ടവരായിരുന്നുവെന്നത് ഇന്നു നമുക്ക് മനസ്സിലാവും. വിവാദ ഭാഗങ്ങളിലൂടെ ഒന്നുകൂടെ കടന്നുപോയാൽ കൃത്യമായി അതു മനസ്സിലാവും.
‘മീശ’ എന്ന നോവലിലെ ഇരുപത്തിയേഴാം പേജിലെ ഈ ഭാഗങ്ങളാണ് വിവാദമായത് :
“പെൺകുട്ടികൾ എന്തിനാണിങ്ങനെ കുളിച്ച് സുന്ദരികളായി അമ്പലത്തിൽ പോകുന്നത്? “- ആറുമാസം മുമ്പുവരെ കൂടെ നടക്കാനുണ്ടായിരുന്ന സുഹൃത്ത് ഒരിക്കൽ ചോദിച്ചു.
” പ്രാർത്ഥിക്കാൻ “- ഞാൻ പറഞ്ഞു.
“അല്ല. നീ ഒന്നുകൂടി സൂക്ഷിച്ചുനോക്ക്. ഏറ്റവും നല്ല വസ്ത്രങ്ങൾ ഏറ്റവും ഭംഗിയായണിഞ്ഞ് , ഏറ്റവും ഒരുങ്ങി എന്തിനാണ് പ്രാർത്ഥിക്കുന്നത്? തങ്ങൾ ലൈംഗിക ബന്ധത്തിലേർപ്പെടാൻ തയ്യാറാണെന്ന് അബോധപൂർവമായി പ്രഖ്യാപിക്കുകയാണവർ. ”
“മണ്ടത്തരം പറയാതെ” – ഞാൻ ചിരിച്ചു. (“മണ്ടത്തരം പറയാതെ” എന്ന വരി ആഴ്ചപ്പതിപ്പിലില്ല. പുസ്തകത്തിലുണ്ട്)
“അല്ലെങ്കിൽ അവരെന്താണ് മാസത്തിൽ നാലോ അഞ്ചോ ദിവസം അമ്പലത്തിൽ വരാത്തത്? തങ്ങൾ അതിനു തയ്യാറല്ലെന്ന് അറിയിക്കുകയാണ്. പ്രത്യേകിച്ചും അമ്പലത്തിലെ തിരുമേനിമാരെ. അവരായിരുന്നല്ലോ പണ്ട് ഈ കാര്യത്തിന്റെ ആശാൻമാർ.
ഇതിൽ സ്ത്രീകളെ അപമാനിക്കുന്നുവെന്ന പരാമർശമാണ് പൊതു സമൂഹത്തിൽ വ്യാപകമായി പ്രചരിപ്പിച്ച് കലാപത്തിനു കോപ്പുകൂട്ടിയത്. യഥാർത്ഥത്തിൽ ശരിക്കും അപമാനിക്കപ്പെട്ടത് പരസ്യമായി സമൂഹത്തിനു മുന്നിൽ തുറന്നുകാട്ടപ്പെട്ട, ഇക്കാര്യത്തിലെ ആശാൻമാരായിരുന്ന. തിരുമേനിമാരായിരുന്നു. അവർ ന്യൂനപക്ഷമായിരുന്നതിനാൽ അവരെ ഉപയോഗിച്ച് കലാപമുണ്ടാക്കുന്നത് എളുപ്പമല്ല എന്നും ഭൂരിഭാഗം വരുന്ന, അമ്പലത്തിൽ പോകുന്ന പെണ്ണുങ്ങളെ ഉപയോഗിച്ച് വിവാദമാക്കുന്നതാണ് നല്ലതെന്നുമുള്ള സംഘപരിവാര ബുദ്ധി പ്രവർത്തിക്കുകയായിരുന്നു. കുത്തി മുറിവേൽപ്പിക്കപ്പെട്ട അധികാരബലമുളള സവർണ ന്യൂനപക്ഷത്തിന്റെ പ്രതികാരത്തിന് സാധാരണക്കാരായ ഭൂരിപക്ഷത്തെ ഉപയോഗിക്കുകയെന്ന പരീക്ഷണമാണ് അവർ നടത്തിയത്. അത് ഇവിടെ വിജയിച്ചു.dr.k .ajayakumar, sabarimala, meesha ,novel,s.hareesh

ഇപ്പോൾ ശബരിമല വിഷയത്തിലും ഇതേ നയം തന്നെയാണ് ഉപയോഗിക്കപ്പെടുന്നത്. പോവണോ വേണ്ടയോ എന്ന് അവൾക്കുതന്നെ തീരുമാനിക്കാവുന്ന സാഹചര്യം മാത്രമാണ് കോടതി നൽകിയിരിക്കുന്നത്. അത് ഉപയോഗിക്കാനുള്ള അധിക സ്വാതന്ത്ര്യം നിയമപരമായി ലഭിച്ചിട്ടുപോലും അതിനെതിരെ ആ ഭൂരിഭാഗത്തിനെ തന്നെ ഉപയോഗിക്കാവുന്ന സാഹചര്യം ‘മീശ’ പരീക്ഷണത്തിലൂടെ സംഘപരിവാരങ്ങൾക്കു കണ്ടെത്താനായി. ആദ്യമാദ്യം പ്രത്യക്ഷത്തിൽ രംഗത്തുവരാതെ ആൾക്കൂട്ടത്തെ ഇളക്കിവിട്ട് ഇപ്പോൾ അവരും രംഗത്തു വരാൻ തുടങ്ങി.

ഇപ്പോൾ ശബരിമല വിധിയെ എതിർത്തുകൊണ്ട് തന്ത്രി മുതൽ മുൻരാജകുടുംബം വരെ മുഖ്യസ്ഥാനത്തുനിൽക്കുന്നവർക്ക് കാലങ്ങളായി ബ്രാഹ്മണപൗരോഹിത്യം അനുവദിച്ചുനൽകിയ അധിക ഔദാര്യങ്ങൾ ഘട്ടംഘട്ടമായി നഷ്ടപ്പെടുമെന്ന ഭീതിയുണ്ട്. അതിനു കൂട്ടുനിൽക്കുന്ന ഹൈന്ദവ സംഘടനകൾക്ക് ജാത്യധികാരത്തിനപ്പുറത്ത് അവർണർ മുകളിലേയ്ക്ക് കയറിവന്ന് ശ്രീകോവിൽ വരെ കൈയടക്കുമെന്ന് പേടിയുമുണ്ട്. പക്ഷ ഈ പേടിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവർക്കറിയാത്തതുകൊണ്ട് അവർ ഒരു മഹാ ഭൂരിപക്ഷത്തെ ഇളക്കിവിട്ടിരിക്കയാണ്. പ്രത്യക്ഷത്തിൽ വിധിയുമായി ബന്ധമില്ലാത്ത കേരളത്തിലെ സർക്കാരിനെതിരെ സമരം ചെയ്യുന്നതെന്തിനെന്ന് അവർക്കാർക്കും ഉത്തരമില്ല. ഇളകിവരുന്ന സമരപ്പടയ്ക്കാകട്ടെ എന്തിനാണ് സമരമെന്നോ ആരോടാണു സമരമെന്നോ ബോദ്ധ്യവുമില്ല.dr.k .ajayakumar, sabarimala, meesha ,novel,s.hareesh

കേരള സർക്കാർ വിചാരിച്ചാൽ, സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി അട്ടിമറിക്കാനും കേരളത്തിൽ ക്രമസമാധാന പ്രശ്നം സൃഷ്ടിക്കാനും കരുതിക്കൂട്ടി നടത്തുന്ന ഈ സമരത്തെ, നിരോധനാജ്ഞ പ്രഖ്യാപിച്ച്, സംഘം ചേരൽ നിരോധിച്ച് ഇപ്പോഴേ നിർത്താവുന്നതേ ഉള്ളൂ. കരുതൽ തടങ്കൽ പ്രയോഗവും ആവാം. അതിന് ഇവിടുത്തെ വിപ്ളവകാരികൾ , ശബരിമലയിൽ പോയി ഒളിക്കാതിരിക്കുക തന്നെ വേണം.

ഡി.ബാബുപോൾ പണ്ടൊരു ലേഖനത്തിൽ പറഞ്ഞത്, (ഓർമ്മയിൽനിന്ന് ഉദ്ധരിക്കുന്നത്) ഒരു വില്ലേജാപ്പീസറും ഒരു പോലീസുകാരനും മാത്രം വിചാരിച്ചാൽ ഒരാളുടെ ജീവിതം ദുസ്സഹമാക്കാനാവുമെന്നാണ്. അപ്പോൾ ഒരു സർക്കാരും അതിന്റെ മെഷിനറിയും വിചാരിച്ചാൽ പൊതുജീവിതം സ്തംഭിപ്പിക്കുന്ന, നേതാക്കളില്ലാത്ത, ആൾക്കൂട്ടം മാത്രമുള്ള, ഈ ശരണവിപ്ളവത്തെ നുള്ളിക്കളയാവുന്നതേയുള്ളൂ. അമാന്തിക്കരുതെന്ന് മാത്രം.

‘മീശ’ എന്ന നോവലിലെ ഇരുപത്തിയേഴാം പേജിലെ വിവാദ ഭാഗങ്ങളിൽനിന്ന് മാറി, വിവാദപ്പേജിന്റെ രണ്ടുപുറമപ്പുറത്ത് വിവരിച്ച കാര്യം വായിച്ചാൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങളുടെ പ്രകോപനം കൃത്യമായി മനസ്സിലാവും.

അതിങ്ങനെയാണ്.
“ഒളശക്കാരൻ നാരായണപിള്ള തന്റെ ആത്മകഥയിൽ പറഞ്ഞ ഒരു വാചകമുണ്ട്. യഥാർത്ഥ വിപ്ളവത്തിന്റെ ആദ്യവെടിയൊച്ച മുഴങ്ങുമ്പോൾ ഇവിടുത്തെ കപട വിപ്ളവകാരികളൊക്കെ ശബരിമലയിൽ പോയൊളിക്കുമെന്ന്. നോക്കണേ. ശബരിമല. എന്തു കറക്ടാണ്! അതുപോലെ യഥാർത്ഥ ഫാസിസം വരുമ്പോൾ ഇവനൊക്കെ മുട്ടിലിഴയും. അതിനിനി വല്യ താമസമൊന്നുമില്ല. ” (മീശ, പേജ് മുപ്പത്).

Get Malayalam News and latest news update from India and around the world. Stay updated with today's latest Opinion news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ