scorecardresearch

നവോത്ഥാനം നാം നമ്മോടു തന്നെ പറയുന്ന നുണയാണോ?

"സുപ്രീകോടതി അനുവദിച്ച അവകാശത്തെ അനുഭവിക്കാനായി ഒരു സ്ത്രീ ശാക്തീകരണ സംഘടനകളും ശബരിമലയിലേയ്ക്ക് വന്നില്ല. അവകാശ നിഷേധത്തെ എതിർക്കാൻ തെരുവിലും അവരുടെ ശബ്ദമുയർന്നില്ല. ഗാന്ധിയൻ മാർഗ്ഗങ്ങളും നാമജപസമരങ്ങളും നിയമനിഷേധികൾ മാത്രം ഉപയോഗപ്പെടുത്തി. ഇത് ഓരോ മലയാാളിയെയും ഒരേ സമയം വേദനിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യേണ്ടതാണ്" "ചിന്താജാലക"ത്തിൽ​ എൻ ഇ സുധീർ എഴുതുന്നു

"സുപ്രീകോടതി അനുവദിച്ച അവകാശത്തെ അനുഭവിക്കാനായി ഒരു സ്ത്രീ ശാക്തീകരണ സംഘടനകളും ശബരിമലയിലേയ്ക്ക് വന്നില്ല. അവകാശ നിഷേധത്തെ എതിർക്കാൻ തെരുവിലും അവരുടെ ശബ്ദമുയർന്നില്ല. ഗാന്ധിയൻ മാർഗ്ഗങ്ങളും നാമജപസമരങ്ങളും നിയമനിഷേധികൾ മാത്രം ഉപയോഗപ്പെടുത്തി. ഇത് ഓരോ മലയാാളിയെയും ഒരേ സമയം വേദനിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യേണ്ടതാണ്" "ചിന്താജാലക"ത്തിൽ​ എൻ ഇ സുധീർ എഴുതുന്നു

author-image
NE Sudheer
New Update
n e sudheer, sabarimala, kerala

“ഈ വയസ്സുകാലത്ത് കേരള ചരിത്രം വീണ്ടും വായിക്കേണ്ടി വന്നിരിക്കുന്നു.”  അടുത്ത ദിവസം കണ്ടപ്പോഴാണ് കവി ബാലചന്ദ്രൻ ചുള്ളിക്കാട് ആത്മഗതം പോലെ ഈ വാചകം പറഞ്ഞത്. വർത്തമാന കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ദുരവസ്ഥയിൽ നിന്ന് കേരളത്തെ മോചിപ്പിക്കാൻ നാം ചരിത്രത്തിലേയ്ക്ക് ആഴ്ന്നിറങ്ങേണ്ടിയിരിക്കുന്നു. രേഖപ്പെടുത്താതെ പോയ, ഉറക്കെപ്പറയാതിരുന്ന, പറയുവാൻ മടിച്ച, പാതി വഴിയിൽ ഉപേക്ഷിച്ച പലതിനെയും ഇന്നലെകളിൽ നിന്ന് വീണ്ടെടുക്കേണ്ടിയിരിക്കുന്നു. തെരുവിലിന്ന് ഉയരുന്ന വീരവാദങ്ങൾ കേരളത്തെ പുറകോട്ട് നയിക്കുകയാണ്. സത്യത്തോട്, വസ്തുതകളോട്, ചരിത്രത്തോട് യാതൊരു പ്രതിപത്തിയുമില്ലാത്ത ഒരു രാഷ്ട്രീയമാണ് തെരുവിന്റെ ശബ്ദമായി കേരളത്തിലിപ്പോൾ മുഴങ്ങിക്കൊണ്ടിരിക്കുന്നത്. അതിനെ പ്രതിരോധിച്ചാൽ മാത്രമേ ആധുനിക കേരളത്തെ മുന്നോട്ട് കൊണ്ടുപോവാൻ സാധിക്കുകയുള്ളൂ.

Advertisment

കേരളം ഇപ്പോൾ നവോത്ഥാനത്തെപ്പറ്റി സംസാരിച്ചു തുടങ്ങിയിരിക്കുന്നു. ഒരു ഭാഗത്ത് നാമജപ സമരവും മറു ഭാഗത്ത് നവോത്ഥാനത്തെപ്പറ്റിയുള്ള ഉദ്ബോധനങ്ങളുമാണ് കേരളീയാന്തരീക്ഷത്തെ ഇപ്പോൾ ശബ്ദമുഖരിത മാക്കുന്നത്. ശബരിമലയിലെ പ്രായഭേദമന്യേയുളള സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധി മലയാളിയുടെ മുന്നിൽ ആത്മപരിശോധനയ്ക്കുള്ള സാധ്യത തുറന്നിട്ടിരിക്കുന്നു. പല തലത്തിലും ലോകോത്തര സാമൂഹ്യ നിലവാരം അവകാശപ്പെടുന്ന കേരളീയ സമൂഹം യഥാർത്ഥത്തി ൽ എവിടെ നിൽക്കുന്നു എന്ന് തിരിച്ചറിയുവാനുള്ള ഒരവസരമായി ഇതിനെ കാണാവുന്നതാണ്. നവോത്ഥാനം എന്നത് ഒരു പ്രത്യേക ചരിത്രസന്ധിയിൽ ആരംഭിച്ച് മറ്റൊരിടത്ത് പൂർത്തിയാവുന്ന ഒരു സാമൂഹിക പ്രക്രിയ അല്ല എന്നാണ് ആദ്യമായി നമ്മൾ മനസ്സിലാക്കേണ്ടത്. മറിച്ച് അതൊരു ജൈവ സാമൂഹിക പ്രക്രിയയാണ്. മൂല്യങ്ങളെ ഉൾക്കൊണ്ടുള്ള കാലാനുസൃതമായ നവീകരിക്കൽ എന്നാണ് നവോത്ഥാനം എന്നത് കൊണ്ട് സാമാന്യമായി മനസ്സിലാക്കേണ്ടത്.

ഒരു നൂറ്റാണ്ട് മുമ്പാണ് കേരളീയ പരിസരത്ത് ബോധപൂർവ്വമായ നവോത്ഥാന പരിശ്രമങ്ങൾക്ക് തുടക്കം കുറിച്ചത്. തികച്ചും ജാതീയമായ അന്ധകാരത്തിൽ മുഴുകിക്കിടന്ന സാമൂഹിക പശ്ചാത്തലത്തിൽ നിന്നാണ് ആ മുന്നേറ്റം ഊർജ്ജം കൈവരിച്ചത്. നാരായണ ഗുരുവിന്റേ തുൾപ്പടെ യുള്ള നവോത്ഥാന മുന്നേറ്റങ്ങൾ ജാതി വ്യവസ്ഥയ്ക്കകത്തെ നവീകരണ ത്തെയാണ് ലക്ഷ്യമിട്ടത്. അതിനായുള്ള ഇടപെടലുകളാണ് വ്യത്യസ്ത തലത്തിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ ഇവിടെ നടന്നത്. അത് ഒരു മുന്നേറ്റമെന്ന തലത്തിൽ നവോത്ഥാനത്തെ പല രീതിയിലും പരിമിതപ്പെടുത്തി. അതൊരു മാനവിക മുന്നേറ്റത്തിന്റെ തലത്തിലേയ്ക്ക് ഉയർന്നു വന്നില്ല. ജാതിയുടെ മതിൽക്കെട്ടിൽ നിന്ന് പുറത്തു കടക്കുവാനുള്ള ശക്തി അതിനുണ്ടായിരുന്നില്ല. മാത്രവുമല്ല, ജാതിയെ സംഘടിത ശക്തിയാക്കി കൊണ്ടുളള പുനക്രമീകരണം അതോടെ കേരളത്തിൽ നടക്കുകയും ചെയ്തു. എസ്.എൻ.ഡി.പിയും എൻ.എസ്.എസ്സും പോലുള്ള ജാതിയടിസ്ഥാ നത്തിലുള്ള സംഘടനകൾ കേരളത്തിലുണ്ടായി. അവർ നവീകരണ പ്രക്രിയയെ ഉപേക്ഷിക്കുകയും അവരവരുടെ ജാതിയെ ശക്തിപ്പെടു ത്താനുള്ള ശ്രമങ്ങളിൽ ഏർപ്പെടുകയും ചെയ്തു. ഇന്നിപ്പോൾ സംഘടനയില്ലാത്ത ഒരു ജാതിയും ഈ കേരളത്തിലില്ല അതോടെ ദുരാചാരങ്ങളും അനാചാരങ്ങളും ജാതിയടിസ്ഥാനത്തിൽ തിരിച്ചെത്തി. മതനവീകരണം ആകട്ടെ ആരംഭിച്ചതേയില്ല. അവയെല്ലാം സ്വത്വ നിർമ്മാണ വെപ്രാളത്തിൽ പാരമ്പര്യത്തെ മുറുകെ പിടിച്ചു. നിലനിൽപ്പിനായി തീീവ്രവാദത്തെ അവർ സ്വീകരിക്കുകയും ചെയ്തു.n e sudheer, sabarimala, kerala

നവോത്ഥാനത്തിന്റെ അന്തർധാരയായി പ്രവർത്തിക്കേണ്ടിയിരുന്ന ജ്ഞാനോദയം ഇവിടെ സംഭവിച്ചില്ല. യുക്തിയുടെയും ശാസ്ത്രത്തിന്റെയും ധാരകൾ സാമൂഹിക മാറ്റത്തിന്റെകൂടെ പ്രവർത്തിച്ചില്ല. അതോടെ നവോത്ഥാനം അനാഥമായി .അതിന് വേണ്ടത്ര തുടർച്ചയുണ്ടായില്ല. പൊതുമണ്ഡലത്തിലെ മാനവികമായ ഒരു നവീകരണ പ്രക്രിയയായി അത് ശക്തിപ്പെട്ടില്ല. ആദ്യകാലത്ത് ഇതിനായി ആത്മാർത്ഥതയോടെ ശ്രമിച്ച കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും അധികം വൈകാതെ ജാതി-മത സംഘടനകളുമായി സന്ധിയാവേണ്ടി വന്നു. രാഷ്ട്രീയക്കളരിയുടെ ആവശ്യങ്ങൾക്കൊത്ത് തുള്ളാൻ നിർബന്ധിതരായ രാഷ്ട്രീയ കക്ഷികളും സാമൂഹിക-സാമുദായിക സംഘടനകളും നവോത്ഥാനത്തെ അപ്പാടെ ഉപേക്ഷിച്ചു. ഇന്നത് ചരിത്രത്തിലെ ഒരേടായി മാറി നിൽക്കുകയാണ്. അതിനെയാണ് പൊടി തട്ടിയെടുത്ത് ഈ ദശാസന്ധിയിൽ നമ്മൾ പൊതുമണ്ഡലത്തിലേക്ക് വെയ്ക്കുന്നത്.

Advertisment

ഇന്നിപ്പോൾ തെരുവിലുള്ളത് ഭക്തിയാണ്. യുക്തിയാണ് അതിന്റെ മുഖ്യശത്രു. അത് ആൾക്കൂട്ടത്തെ നിർമ്മിക്കുന്നു. ആൾക്കൂട്ടത്തിന്റെ രസതന്ത്രം ജനാധിപത്യവുമായി കലരുമ്പോൾ വീണ്ടും പുതിയ സന്ധിയാവലുകൾക്ക് കളമൊരുങ്ങും . അത് മിക്കപ്പോഴും തിരിച്ചു പോക്കിലാണ് അവസാനിക്കുക. നവോത്ഥാനത്തിന്റെ മൂല്യങ്ങൾക്ക് വിരുദ്ധമായ തിരിച്ചുപോക്ക്. കേരളത്തിന്റെ മുന്നിലിപ്പോൾ നിലനിൽക്കുന്ന സ്ഥിതിവിശേഷം നൽകുന്ന സൂചന ഇതു തന്നെയാണ്. ചോദ്യങ്ങൾ പഴയതു തന്നെ. ആചാരമാണോ നിയമമാണോ മുഖ്യം ? പാരമ്പര്യമാണോ നിലനിർത്തപ്പെടേണ്ടത് അതോ ഭരണഘടനാ മൂല്യങ്ങളോ? വ്യവസ്ഥിതിക്ക് മുമ്പിൽ പുരോഗതി പരാജയപ്പെടു കയാണോ? ഈ ചോദ്യങ്ങളെ നേരിടാനുള്ള പാകപ്പെടൽ നടക്കാതെ പോയ ഒരു സമൂഹമാണ് നമ്മുടേത്. ആ യാഥാർത്ഥ്യം ഇനിയും മറച്ചു പിടിക്കരുത്. ജാതി-മത വിഭാഗീയതയെ തള്ളിപ്പറയുവാനുള്ള പ്രാപ്തി കേരളം നേടിയിട്ടില്ല. അത്തരത്തിലുള്ള ഒരു നവോത്ഥാന ശ്രമം ഇവിടെ ഉണ്ടായിട്ടില്ല. പുരോഗമനം വാക്കുകളിലും പൊതുമണ്ഡലങ്ങളിലും മാത്രമായി ചുരുങ്ങുകയും കുടുംബത്തിലേയ്ക്കുള്ള അതിന്റെ കടന്നുകയറ്റത്തെ അതിശക്തമായി പ്രതിരോധിക്കുകയും ചെയ്ത സമൂഹമാണ് കേരളത്തിലുള്ളത്. അതുകൊണ്ടാണ് ഈ പരീക്ഷണത്തിൽ നമ്മൾ ഇങ്ങനെ അന്തംവിട്ട് നിൽക്കേണ്ടി വരുന്നത്. അതുകൊണ്ടാണ് നീതിയെ ആചാരം തെരുവിലിട്ട് കശാപ്പ് ചെയ്യുന്നത്. അതു കൊണ്ടാണ് വിശ്വാസികളെല്ലാം ഭക്തരാണെന്ന തെറ്റിദ്ധാരണ നമുക്കിടയിൽ നില നിൽക്കുന്നത്. വിശ്വാസിയെയും ഭക്തിയെയും വേർതിരിച്ച് അറിയാൻ കഴിയാതെ പോകുന്നു.

sabarimala ,protest ഫൊട്ടോ : ഹരികൃഷ്ണന്‍ കെ.ആര്‍

ജനാധിപത്യത്തിന്റെ വികാസത്തിനും ഈ മൂല്യശോഷണം തടസ്സമുണ്ടാക്കി. കേരളം ഒരു സമൂഹമെന്ന നിലയിൽ ഇനിയും ജനാധിപത്യവൽക്കരിക്ക പ്പെട്ടിട്ടില്ല. ഉണ്ടായിരുന്നെങ്കിൽ ശബരിമല വിഷയത്തിൽ ഇത്തരമൊരു ദുരവസ്ഥ സന്നിഹിതമാവുമായിരുന്നില്ല. സുപ്രീം കോടതി വിധിയോട് യോജിക്കുന്നവരെ ശബരിമല സന്ദർശിക്കുവാൻ അനുവദിക്കുമ്പോൾ അത് ജനാധിപത്യ മര്യാദയാവുന്നു. യോജിക്കാത്തവർക്ക് പാരമ്പര്യാടിസ്ഥാനത്തിലുള്ള പ്രായക്കണക്ക് മാനിച്ചുകൊണ്ട് മാറിനിൽക്കുകയുമാവാം. എന്നാൽ ഇവിടെ നടന്നത് മറിച്ചാണ്. ഭരണഘടന അനുവദിച്ചു കൊടുത്ത അവകാശം അതിഷ്ടപ്പെടാത്തവരുടെ മർക്കടമുഷ്ഠിക്ക് മേൽ അനുവദിക്കപ്പെടാത്ത ഒരു സാഹചര്യമാണ് വന്നു പെട്ടത്. സ്ത്രീകൾക്ക് ലഭിച്ച തുല്യതാവകാശം അവരാൽ തന്നെ തള്ളിപ്പറയുന്ന വൈരുദ്ധ്യം. ഇത് ജനാധിപത്യ ബോധത്തിന്റെ കുറവിനെയാണ് കാണിക്കുന്നത്. സ്ത്രീവിരുദ്ധതയെ ആചാരത്തിന്റെ മറവിൽ പുരുഷ കേന്ദ്രീകൃത രാഷ്ട്രീയം ആഘോഷമാക്കുകയാണ്. സുപ്രീകോടതി അനുവദിച്ച അവകാശത്തെ അനുഭവിക്കാനായി ഒരു സ്ത്രീ ശാക്തീകരണ സംഘടനകളും ശബരിമലയിലേയ്ക്ക് വന്നില്ല. അവകാശ നിഷേധത്തെ എതിർക്കാൻ തെരുവിലും അവരുടെ ശബ്ദമുയർന്നില്ല. ഗാന്ധിയൻ മാർഗ്ഗങ്ങളും നാമജപസമരങ്ങളും നിയമനിഷേധികൾ മാത്രം ഉപയോഗപ്പെടുത്തി. ഇത് ഓരോ മലയാാളിയെയും ഒരേ സമയം വേദനിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യേണ്ടതാണ്.

നവോത്ഥാനം നാം നമ്മോടു തന്നെ പറയുന്ന ഒരു നുണയാണോ? വാചാലത കൊണ്ട് പുരോഗമനവാദിയാവാൻ ശ്രമിക്കുന്നവന്റെ മുന്നിലേയ്ക്ക് ഈ ചോദ്യം ഇപ്പോൾ കടന്നു വരുന്നുണ്ട്. അക്ഷേപ പദങ്ങൾ കൊണ്ട്, മുദ്രാവാക്യങ്ങൾ കൊണ്ട് ഈ ചോദ്യത്തെ നേരിട്ടാൽ നമ്മുടെ അടുത്ത തലമുറയും കെട്ടുകഥകളുടെ ഊരാക്കുടുക്കിൽ ജീവിതം ഹോമിക്കാൻ നിർബന്ധിതരാകും. നവോത്ഥാനത്തിന്റെ ധൈഷണിക മൂടുപടം അഴിച്ചു കളഞ്ഞ് അതിനെ ജനകീയമാക്കാൻ ഇനിയും വൈകിക്കൂട. മതാധിഷ്ഠിത സംസ്കാരത്തിന്റെ തണലിൽ അതിനു വിത്തുപാകാമെന്ന മൗഢ്യത്തെയും വേരോടെ പിഴുതുകളയണം. അതാണ് ആദ്യം ചെയ്യേണ്ടത്.

ബാലചന്ദ്രൻ ചുളളിക്കാട് സൂചിപ്പിച്ചതുപോലെ ചരിത്രം വായിക്കണം. വസ്തുനിഷ്ഠമായ ചരിത്രം അറിയണം. ഭക്തിയിൽ നിന്നും മിത്തിൽ നിന്നും മോചനം നേടിയ ചരിത്രം. അതിന്റെ പിൻബലത്തോടെ പുതിയൊരു നവോത്ഥാന സംസ്കാരത്തിന് തുടക്കം കുറിക്കണം. അതിന്റെ സ്വാഭാവിക നൈരന്തര്യത്തിന് വിഘാതങ്ങളില്ലാതെ നോക്കണം. എങ്കിലേ ദൈവത്തിന്റെ സ്വന്തം നാട് ദൈവത്തിന്റെ പിടിയിൽ നിന്ന് മോചിതയാവൂ.

Supreme Court Ne Sudheer Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: