scorecardresearch
Latest News

ഭയമില്ലാതെ പ്രതികരിക്കുന്നവർ

ആരാണ് ബിന്ദു ടീച്ചർ, സവർണഫാസിസ്റ്റ് സാമൂഹ്യശക്തികൾ രാഷ്ട്രീയ ഇടത്തെ മൊത്തത്തിൽത്തന്നെ പിടിച്ചടക്കിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കേരളത്തിൽ?

bindhu ammini, sabarimala, j devika, opinion, iemalayalam

ആരാണ് ബിന്ദു ടീച്ചർ, സവർണഫാസിസ്റ്റ് സാമൂഹ്യശക്തികൾ രാഷ്ട്രീയ ഇടത്തെ മൊത്തത്തിൽത്തന്നെ പിടിച്ചടക്കിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കേരളത്തിൽ?

കുരുമുളകു സ്പ്രേ പ്രയോഗിച്ച ഗുണ്ടയുടെയും കൂട്ടാളികളുടെയും അതു കാണാൻ ഒരുങ്ങി വന്ന ബിജെപി നേതാക്കളുടെയും ‘ബഹുമാന്യ’പത്രപ്രവർത്തകരുടെയും പ്രസ് ഫോട്ടോഗ്രാഫർമാരുടെയും കണ്ണിൽ, മേലാളരുടെ വരുതിക്കു നിൽക്കാത്ത, അതു കൊണ്ട് ശിക്ഷിക്കപ്പെടേണ്ട, ഫെമിനിസ്റ്റ് സ്ത്രീശരീരമാണ് അവർ. ഒരിക്കലല്ല, നിരന്തരമായി ശിക്ഷിക്കപ്പെടേണ്ട ഒന്ന്. ആ ശിക്ഷ നടപ്പാക്കുന്നതിന് അനുവാദം നൽകിക്കൊണ്ട് തമാശ പൊട്ടിക്കുന്ന ഇടതു പ്രവർത്തകരും ശിക്ഷ നടപ്പാക്കാൻ മുൻകൈ എടുത്ത വലതു ഗുണ്ടയും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നും, ഫെമിനിസ്റ്റ് ശരീരങ്ങൾ നിരന്തരമായ ശിക്ഷ അർഹിക്കുന്നുവെന്ന പൊതുസമ്മതം അവർ പങ്കു വയ്ക്കുന്നുവെന്നും ഇനിയെങ്കിലും കേരളത്തിലെ ഫെമിനിസ്റ്റ് അനുകൂലികൾ തിരിച്ചറിഞ്ഞെങ്കിൽ!

വീര്യം കുറഞ്ഞതെങ്കിലും സാമൂഹ്യമാറ്റം ആവശ്യപ്പെട്ടിരുന്ന ഫെമിനിസം സ്ത്രീശാക്തീകരണ വ്യവഹാരങ്ങൾക്കുള്ളിൽ, സർക്കാർവത്കൃത ഇടങ്ങളിൽ, സ്വീകാര്യമായിരുന്ന ആ കാലം പൊയ്പ്പോയിരിക്കുന്നു എന്ന സൂചനയാണ് ഇടതുപക്ഷത്തെ ആൺകൂട്ടങ്ങളിൽ നിന്നയുരുന്ന ആ അശ്ലീലച്ചിരി. ഫെമിനിസത്തെ ഗുണാത്മകമായ സാമൂഹ്യമാറ്റത്തിൻറെ ശക്തിയായി നമ്മുടെ പൊതുമണ്ഡലം അംഗീകരിച്ചിരുന്ന കാലവും പൊയ്ക്കൊണ്ടിരിക്കുന്നുവെന്ന സൂചന കഴിഞ്ഞ മണ്ഡലക്കാലത്ത് അരങ്ങേറിയ ശൂദ്രലഹളയിൽ തന്നെ വ്യക്തമായിരുന്നെങ്കിലും, ഇന്നത് പരിപൂർണമായിരിക്കുന്നു. അവിടെ കൂടി നിന്ന മാന്യന്മാരാരും ഇടപെടാൻ കൂട്ടാക്കാതെ കൈയും കെട്ടിനിൽക്കുന്ന കാഴ്ച കണ്ടപ്പോൾ കേരളത്തിലെ ഫെമിനിസ്റ്റുകൾക്കും – കേരളമെന്ന ഈ ഭൂഭാഗത്തിനും –ഫെമിനിസ്റ്റുകൾ മാത്രമേ ഉള്ളൂ എന്ന് ബോദ്ധ്യമായി.

എന്നാൽ ബിന്ദു ടീച്ചറുടെ ധീരമായ പ്രതികരണം, ചാനൽ ചർചകളിൽ താൻ നേരിട്ട നാറിയ മേലാള-പുരുഷ അഹന്തയുടെ മുന്നിൽ അവർ കാട്ടിയ കൂസലില്ലായ്മ, ഇവ കേരളത്തിലെ ഫെമിനിസത്തിലേക്കും കൂടി സംക്രമിക്കുമെന്ന പ്രതീക്ഷയും ബാക്കിനിൽക്കുന്നു. നവലിബറൽ കാലത്ത് ജനാധിപത്യപരമായ സാമൂഹ്യ മാറ്റത്തിനായി നിലകൊണ്ട എല്ലാ പ്രസ്ഥാനങ്ങളും അധികാരസ്ഥാപനങ്ങളുടെ ശീതളച്ഛായയിൽ അകപ്പെട്ട് ആന്തരികമായ ധാർമ്മികശക്തിയും നൈതികമായ ഉൾക്കാമ്പും നശിച്ചു പോയ ആ ഇടത്തിലേക്കാണ് വലതുപക്ഷം തള്ളിക്കയറിക്കൊണ്ടിരിക്കുന്നത്. നവലിബറലിസം അകപ്പെടുത്തിയ ആ ചതിക്കുഴിയിൽ നിന്നു ഫെമിനിസ്റ്റുകൾക്ക് രക്ഷപ്പെടാനും, യാതൊരു മറയും കൂടാതെ ഹിംസാത്മകമായി ഉയർന്നു പൊന്തിയിരിക്കുന്ന ആൺഹുങ്കിന്റെ കണ്ണിൽ ഭയലേശമില്ലാതെ നോക്കാനുള്ള ആന്തരികമായ കരുത്ത് അവരിൽ സൃഷ്ടിക്കാനും ബിന്ദു ടീച്ചറുടെ ഈ പ്രതിരോധത്തിനു കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.bindhu ammini, sabarimala, j devika, opinion, iemalayalam

ഒരർത്ഥത്തിൽ, ഇതൊരു വലിയ ആശ്വാസമാണ്. ഭയമില്ലാതെ പ്രതികരിക്കാനാവുന്ന ജീവിതം മാത്രമേ സത്യത്തിൽ ജീവിച്ചിട്ടു കാര്യമുള്ളൂ എന്ന് അസന്ദിഗ്‌ധമായി സ്ഥാപിക്കുന്നു അവർ. ഞാനവരെ ‘ബിന്ദു ടീച്ചർ’ എന്നു മാത്രമേ വിളിക്കൂ – കാരണം, ഇപ്പറഞ്ഞ പാഠം ഇരട്ടത്താപ്പു ശീലിച്ച എല്ലാ പുരോഗമനവാദികളെയും സ്വന്തം അധികാരം കൊണ്ട് അന്ധരായിത്തീർന്നിരിക്കുന്ന വലതുപക്ഷ ഗുണ്ടകളെയും ഇരുകൂട്ടരുടെയും ശത്രുപക്ഷത്ത് ഇന്നു നിൽക്കുന്ന ഫെമിനിസ്റ്റുകളെയും ഒരുപോലെ പഠിപ്പിക്കുന്ന ടീച്ചർ അവരാണ്.

മാത്രമല്ല, ടീച്ചർ ഇവിടുത്തെ പിതൃമേധാവിത്വവിരുദ്ധസമരങ്ങളുടെ ദീർഘകാലചരിത്രത്തിലെ നിർണ്ണായകമായ സ്ത്രീകർതൃത്വത്തിന്റെ വേരുകളെപ്പറ്റി വീണ്ടും നമ്മെ ഓർമ്മിപ്പിച്ചിരിക്കുന്നു. മലയാളി സമൂഹത്തിലെ ലിംഗ ബന്ധസംബന്ധിയായ മാറ്റങ്ങളെ പലപ്പോഴും ഘടനാപരമായ ചരിത്രപരിണാമത്തിന്റെ ഭാഗമായാണ് ചരിത്ര പണ്ഡിതർ അവതരിപ്പിക്കാറ്. അതു സാദ്ധ്യമാക്കിയ കർതൃത്വങ്ങളെപ്പറ്റിയുള്ള ചർച്ച പലപ്പോഴും ചില പ്രത്യേകവ്യക്തികളെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. എന്നാൽ മലയാളി സ്ത്രീകളുടേതെന്ന് –മലയാളി വരേണ്യ സ്ത്രീകളുടേതെന്ന് മാത്രമല്ലാതെ – വിശേഷിപ്പിക്കാവുന്ന കർതൃത്വത്തെപ്പറ്റിയുള്ള പരാമർശങ്ങൾ പത്തൊൻപതാം നൂറ്റാണ്ടിലെ രേഖകളിൽ തന്നെയുണ്ട്. എത്രതന്നെ സമയം നീളുന്ന പോരാട്ടമായാലും, എത്ര തന്നെ ഹിംസയെയും അതിക്രമത്തെയും നേരിടേണ്ടി വന്നാലും, അധികാരത്തെ കണ്ണിൽ നോക്കിക്കൊണ്ടു തന്നെ വീണ്ടും വീണ്ടും എതിർക്കുക എന്ന ആ രീതിക്ക് തെക്കൻ തിരുവിതാംകൂറിലെ ചാന്നാർ സ്ത്രീകൾ നടത്തിയ പോരാട്ടങ്ങളിൽ അവർ സ്വീകരിച്ച കർതൃത്വത്തെ ആ സമരങ്ങൾക്കു സാക്ഷിയായ ഒരു എൽഎംഎസ് പാതിരി വിശേഷിപ്പിച്ചത് ‘സ്ത്രീവാശി’ എന്നാണ്. പിൽക്കാലത്ത് ലളിതാംബിക നമ്പൂതിരി സമുദായപരിഷ്ക്കരണത്തിന്റെ (അധികവും പുരുഷ) നേതൃത്വം ജനിക്കുന്നതിനു അനേകം നൂറ്റാണ്ടുകൾ മുൻപു മുതൽ സമുദായം പാരമ്പര്യം എന്ന ആ ഭാരമേറിയ വാതിലിന്മേൽ നിരന്തരം തലയിടിച്ചിടിച്ച് അതിനെ തീർത്തും ദുർബലമാക്കിയ പേരില്ലാത്ത അന്തർജനങ്ങളുടെ തലമുറകളെ സ്മരിച്ചപ്പോഴും അവിടെ നിഴലായി തെളിഞ്ഞത് ലിംഗ നീതിയ്ക്കു വേണ്ടിയുള്ള ‘സ്ത്രീവാശി’യാണ്.bindhu ammini, sabarimala, j devika, opinion, iemalayalam

ഇന്ന് ആ ശക്തിയുടെ ആൾരൂപമായി നമ്മുടെ മുന്നിലുള്ളത് ബിന്ദു ടീച്ചറാണ്. തിരുവിതാംകൂർ രാജാവിന്റെയോ രാജാവിന്റെ ശൂദ്രദാസന്മാരുടെയോ പ്രതാപശാലികളായ നമ്പൂതിരിമാരുടെയോ ശക്തിയ്ക്ക് അതിനെ ഇല്ലാതാക്കാൻ കഴിഞ്ഞില്ല. ആ അധികാരസ്വരൂപങ്ങൾക്കോ ഇന്ന് അധികാരപ്രമത്തതയിൽ അഴിഞ്ഞാടുന്ന ഇടതു-വലതു ആൺകൂട്ടങ്ങൾക്കോ തങ്ങളുടെ നശ്വരതയെപ്പറ്റി തെല്ലും ബോധം ഉണ്ടായിരുന്നില്ല, ബോധം ഇല്ല. ആന്തരികമായ ശക്തിയാർജിച്ച ഒന്നിനേയും അങ്ങനെ തച്ചുടയ്ക്കാനാവില്ലെന്ന തിരിച്ചറിവ് അധികാരികൾക്ക് വളരെ അപൂർവ്വമായി മാത്രമേ ഉണ്ടാകൂ. വർഷാവർഷം ശബരിമലയിലേക്ക് ട്രിപ്പടിച്ച് അതാണ് തീർത്ഥാടനം എന്നു വരുത്തുന്ന വിഡ്ഢിക്കൂട്ടങ്ങളെ ഭക്തരായി കണക്കാക്കുകയും, ജീവിതത്തെത്തന്നെ മഹാപ്രസ്ഥാനമാക്കിയവരെ ഹിന്ദുമതമെന്ന പേരിൽ സ്ഥാപനവത്ക്കരിക്കപ്പെട്ടിരിക്കുന്ന പുരുഷാധികാരപരവും നീചവുമായ കച്ചവടത്തിൽ പങ്കാളികളോ ഉപഭോക്താക്കളോ ആകുന്നില്ലെന്ന ഒറ്റക്കാരണത്താൽ പുറത്താക്കുകയും ചെയ്യുന്നവരിൽ അതു കാണാനുള്ള ശേഷി പ്രതീക്ഷിക്കുകയേ വേണ്ട.

‘കല്ലും മുള്ളും കാലുക്കു മെത്തൈ’ എന്ന ആ ശരണംവിളി ഉയർത്താൻ ആർക്കാണ് കൂടുതൽ യോഗ്യത? ജീവിതത്തിലെ വെല്ലുവിളികളെ മുഴുവൻ ആത്മശക്തി നേടാനുള്ള അവസരങ്ങളായി എണ്ണി ഒടുവിൽ ആത്മസാക്ഷാത്കാരത്തിലെത്തുന്നതിനെപ്പറ്റി നമ്മെ ഓർമ്മിപ്പിക്കുന്ന രൂപകമാണ് ശബരിമല തീർത്ഥാടനം. നിലവിലുള്ള അനീതികളും പരസ്പരഹിംസയും മാത്രമുള്ള നമ്മുടെ വ്യവസ്ഥാപിതസാമൂഹ്യവ്യവസ്ഥകളെ പിന്നിലുപേക്ഷിച്ച് നീതിയും സ്നേഹവും നന്മയും പൂർണമനുഷ്യത്വവും തേടിയുള്ള മഹാപ്രസ്ഥാനമാണ് ജീവിതത്തിൽ സ്വന്തം വഴികൾ കണ്ടെത്താൻ പണിപ്പെടുന്ന ഓരോ ഫെമിനിസ്റ്റിന്റെയും ജിവിതം. പലപ്പോഴും അത് മതാധികാരികളുടേതല്ലാത്ത, മനസ്സിനെ ശാക്തീകരിക്കുന്ന, ആത്മീയതയ്ക്കു വേണ്ടിയുള്ള അന്വേഷണമാണ്.

ആ ജീവിതം അതിൻറെ പൂർണതയിൽ കാണണമെങ്കിൽ ബിന്ദു ടീച്ചറുടെ ജീവിതം അറിയണം. അതെന്തെന്നു കാണാൻ വെറും ഭൗതികമായ താത്പര്യങ്ങളിൽ, ഇടുങ്ങിയ വ്യക്തിത്വങ്ങളിൽ, സമുദായ വടംവലിയുടെ കുതന്ത്രങ്ങളിൽ, പരസ്പരമത്സരങ്ങളിൽ, അധികാരഭ്രാന്തിൽ, ആചാരബദ്ധമായ കപടഭക്തിയിൽ, അല്ലെങ്കിൽ ആത്മാർത്ഥത തൊട്ടുതീണ്ടാത്ത നവേത്ഥനനാമോച്ചാരണത്തിൽ, കുടുങ്ങിക്കിടക്കുന്നവർക്കു കഴിയില്ല.
നാമജപത്തിലോ വനിതാമതിലിലോ ആണധികാരികൾക്കു ശരീരം കടംകൊടുത്തപ്പോൾ അല്പം വെയിലു കൊണ്ടു ക്ഷീണിച്ച അനുഭവം മാത്രമുള്ളവർക്ക് ‘തീയിൽ കുരുത്തത് വെയിലത്തു വാടില്ല’ എന്ന പഴഞ്ചൊല്ലിന്റെ പൊരുൾ തെളിയില്ല. ഈ സമൂഹത്തിന്റെ ചരിത്രത്തിൽ ബിന്ദു ടീച്ചർ ഉണ്ടാകും. അവരെ ആക്രമിച്ച ഗുണ്ട അവരുടെ കാലനടിയിലെ വെറും പൊടിയായി അറിയപ്പെടും.

Read Here: ഉത്തമസ്ത്രീകള്‍ ‘കുല-പാതകി’കളാകുമ്പോള്‍

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Sabarimala women entry bindu ammini j devika