ഇതെഴുതുമ്പോള്‍ ടെലിവിഷനില്‍ ശബരിമലയിലെ സംഘര്‍ഷം സംപ്രേഷണം ചെയ്യപ്പെടുന്നുണ്ട്. ആന്ധ്ര സ്വദേശിനികളായ യുവതികള്‍ സന്നിധാനത്തെത്തുന്നതും തിരിച്ചയയ്ക്കപ്പെടുന്നതും കാണുന്നുണ്ട്. മുമ്പൊരിക്കലുമില്ലാത്ത വിധം തുലാമാസ പൂജയ്ക്ക് ആക്രമണോല്സുകരായ ചെറുപ്പക്കാരുടെ വന്‍ കൂട്ടങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. നട തുറന്ന ദിവസം മുഖംമൂടി ധാരികളായ അക്രമികള്‍ മാധ്യമങ്ങളുടെ വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുന്നതും മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്നതും എല്ലാ മാധ്യമങ്ങളും തല്‍സമയം റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടര്‍ ഉള്‍പ്പെടെ നാല് വനിതകള്‍ക്കു പരുക്കേറ്റു. ഒരു ജീവിത കാലത്തേക്കുള്ള തെറിവിളി കേള്‍ക്കുകയും ഉപകരണങ്ങളും വാഹനങ്ങളും നശിപ്പിക്കപ്പെടുകയും ചെയ്തു. പൊലീസിനെ പ്രകോപിപ്പിക്കുകയാണ് അക്രമികളുടെ ഉദ്ദേശ്യമെന്നത് പകല്‍ പോലെ വ്യക്തമായിരുന്നു. പൊലീസ് ലാത്തി വീശിയതും ഹിന്ദുത്വപാര്‍ട്ടി നേതാക്കള്‍ സ്ഥലത്ത് നിന്നു നിഷ്ക്രമിക്കുന്നതും അണികള്‍ അടി കൊള്ളുന്നതും കാണാമായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും മല കയറാനെത്തിയ സ്ത്രീകള്‍ തടഞ്ഞു വയ്ക്കപ്പെട്ടു. ആ സ്ത്രീകളുടെ വീടുകള്‍ തല്ലിത്തകര്‍ക്കപ്പെട്ടു. ഇനിയുള്ള ദിവസങ്ങളിലും സ്ത്രീകള്‍ എത്താനിടയുണ്ട്. അപ്പോള്‍ ആക്രമണം രൂക്ഷമാകും. പൊലീസ് വെടിവയ്പുണ്ടാകാം, അങ്ങനെയുണ്ടായാൽ ഒരു നേതാവും മരിക്കുകയില്ല എന്ന് ഉറപ്പാണ്. പക്ഷേ, ഏതെങ്കിലും സാധു വിശ്വാസി കൊല്ലപ്പെടും എന്ന് ഉറപ്പാണ്. അതു വഴി തിരഞ്ഞെടുപ്പില്‍ ഹിന്ദുത്വപാര്ട്ടികള്ക്ക് സീറ്റ് സാധ്യത വര്‍ധിക്കും എന്നും ഉറപ്പാണ്. ശബരിമല വിവാദത്തിന് അതുവരെയേ പ്രസക്തിയുള്ളൂ. അത്രയേ പ്രാധാന്യമുള്ളൂ.

ചാരക്കേസ് വിവാദത്തില്‍നിന്ന് ഒരു പാഠവും പഠിക്കാത്ത മാധ്യമങ്ങള്‍ക്കാണ്, ശബരിമല സംഭവത്തെ പ്രതി കേരളത്തില്‍ ഒരു കലാപം ഉണ്ടായാല്‍, അതിന്റെ ഉത്തരവാദിത്തം എന്നു ഞാന്‍ വിശ്വസിക്കുന്നു. പ്രത്യേകിച്ചും 24 മണിക്കൂര്‍ വാര്‍ത്താ ചാനലുകള്‍ക്ക്. അത്രയേറെ പറഞ്ഞും പറയിപ്പിച്ചും അവര്‍ വളര്‍ത്തിയെടുത്ത രക്തദാഹിയായ പുലിയാണ് ശബരിമല വിവാദം. വിധി പ്രസ്താവിക്കപ്പെട്ടപ്പോള്‍ എല്ലാ രാഷ്ട്രീയ കക്ഷികളും തുല്യനീതി ഉറപ്പു വരുത്തുന്ന ഈ വിധിയെ അംഗീകരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. ബി.ജെ.പിയും ആര്.എസ്.എസും ഉള്‍പ്പെടെ ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് വേണ്ടി എത്രയോ കാലമായി വാദിക്കുന്നു. വിധിയെ എതിര്‍ത്തത് ആകെ തന്ത്രികുടുംബവും രാജകുടുംബവുമാണ്. ഇവര്‍ രണ്ടു കൂട്ടരുടെയും പ്രതിനിധിയായി ടെലിവിഷന്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട ഒരു യുവാവും അയാളുടെ ഭാര്യയുമാണ് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയും സ്ത്രീപ്രവേശനം തടയാന്‍ വേണ്ടി വാദിക്കുകയും ചെയ്തത്. അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം തകരും എന്ന അസംബന്ധ വാദമാണ് ഇവര്‍ മുന്നോട്ടു വച്ചത്. 1951നു മുമ്പ് സ്ഥിരമായി സ്ത്രീകള്‍ പ്രവേശിച്ചിരുന്ന സന്നിധാനത്ത്, എണ്‍പതുകളില്‍ സിനിമാഷൂട്ടിങ് വരെ നടന്നിട്ടുള്ള സന്നിധാനത്ത് ഇനി സ്ത്രീകള്‍ പ്രവേശിച്ചാല്‍ നൈഷ്ഠിക ബ്രഹ്മചര്യം തകരുന്നതെങ്ങനെ എന്ന ചോദ്യത്തിന് കൃത്യമായ ഒരു മറുപടിയുണ്ടായിരുന്നു എങ്കില്‍ അവര്‍ക്ക് അതു കോടതിയെ ബോധ്യപ്പെടുത്താവുന്നതായിരുന്നു. പന്ത്രണ്ട് വര്‍ഷം നീണ്ടു നിന്ന കേസിന്റെ വിധി വന്നതിനുശേഷം ആ വിധിയെ കുറിച്ചു പിന്നെയും പിന്നെയും ചര്‍ച്ച ചെയ്യുന്ന കാഴ്ചയാണ് കഴിഞ്ഞ കുറേ ആഴ്ചകളില്‍ കേരളത്തില്‍ കാണാന്‍ സാധിച്ചത്. കണ്ടു കണ്ടു കടല്‍ വലുതാകുന്നതു പോലെ പറഞ്ഞു പറഞ്ഞ് നൈഷ്ഠിക ബ്രഹ്മചര്യമായി കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രശ്നം. ചോര കുടിക്കാന്‍ ആദ്യം വന്നത് കോണ്‍ഗ്രസ് ആയിരുന്നു. പ്രതിപക്ഷ നേതാവിന്റെ സാമൂഹികപ്രതിബദ്ധതയ്ക്ക് നമോവാകം. വൈകാതെ ബി.ജെ.പിയും അതിന്റെ സാധ്യതകള്‍ മനസ്സിലാക്കി. അല്ലെങ്കില്‍, മറ്റാരെങ്കിലും പ്രശ്നം ഉന്നയിക്കാന്‍ കാത്തിരിക്കുകയായിരുന്നു എന്നും വരാം. ഏതായാലും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് നിന്ന നില്പ്പില് മലക്കം മറിഞ്ഞു. ശബരിമല വിവാദം ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കാനുള്ള അവസരമായി ഉപയോഗിക്കണമെന്നു പാര്‍ട്ടി പ്രസിഡന്റ് അമിത് ഷാ ആഹ്വാനം ചെയ്ത വാർത്തയും വന്നു.
അങ്ങനെ, സുപ്രീം കോടതി വിധിയുടെ പഴി സംസ്ഥാനസര്‍ക്കാരിനായി. എന്താണ് സര്‍ക്കാര്‍ ചെയ്ത കുറ്റം? സുപ്രീം കോടതി വിധി നടപ്പാക്കും എന്ന് പ്രഖ്യാപിച്ചു. മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നിലപാടുകള്‍ മാറ്റിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് മാത്രം ആ നിലപാടില്‍ ഉറച്ചു നിന്നു. അദ്ദേഹത്തിന്റെ വിശദീകരണം വളരെ വ്യക്തമായിരുന്നു: ‘സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത നിലപാട് ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണോ വേണ്ടയോ എന്ന് പണ്ഡിതന്മാരുടെയും വിദഗ്ധന്മാരുടെയും അഭിപ്രായം ആരാഞ്ഞ ശേഷം കോടതി ഒരു തീരുമാനം എടുക്കണം എന്നതാണ്. ഇക്കാര്യത്തില്‍ കോടതിയുടെ തീരുമാനമെന്തോ അതാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.’ കോണ്‍ഗ്രസും ബി.ജെ.പിയും ഒറ്റക്കരളായി ആക്രമിക്കുമ്പോഴും ‘ആചാരങ്ങള്‍ ലംഘിക്കാനുള്ളതാണ്’ എന്നും ‘സര്‍ക്കാര്‍ തുല്യനീതിക്കു വേണ്ടിയാണ് നിലകൊള്ളുന്നത്’ എന്നും ഉറച്ചു നില്ക്കാന് ധൈര്യം കാട്ടിയ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് കാലത്തോടും ജനാധിപത്യത്തോടും നീതി കാട്ടിയത്.
പിന്നീട് കണ്ടത് വമനേച്ഛയുണ്ടാക്കുന്ന രാഷ്ട്രീയ സത്യസന്ധതയില്ലായ്മ. സുപ്രീം കോടതി വിധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കുകയില്ല എന്നും കോടതി വിധി എന്തായാലും അനുസരിച്ചു കൊള്ളാം എന്നു പറഞ്ഞ സ്ഥിതിക്ക് റിവ്യൂ ഹര്‍ജി നല്കാന് സാധിക്കുകയില്ലെന്നും ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് എതിരേ റിവ്യൂ ഹര്‍ജി നല്കിയാലും പ്രയോജനമുണ്ടാകുകയില്ല എന്നും വ്യക്തമായ ബോധ്യത്തോടെ എങ്ങനെയാണ് ഒരു സമൂഹത്തെ ഇളക്കി മറിച്ചത് എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ശബരിമല വിധിയും അതു മാധ്യമങ്ങള്‍ കൈകാര്യം ചെയ്ത വിധവും. ഉത്തരേന്ത്യന്‍ കുഗ്രാമങ്ങളിലെ അക്ഷരാഭ്യാസമില്ലാത്ത സാധുക്കളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഇളക്കി മറിച്ചു വോട്ട് നേടുന്നതു കണ്ടു കൈകൊട്ടിച്ചിരിച്ചിരുന്ന മലയാളികളെ നോക്കി ഇനി അവര്‍ക്കും കൈകൊട്ടിച്ചിരിക്കാം. സാക്ഷരതയും വിദ്യാഭ്യാസവും പൊതുവിജ്ഞാനവും ഉള്ളതും ഇല്ലാത്തതും തമ്മില്‍ വ്യത്യാസമില്ല എന്നു തെളിയിച്ചതിന്.

അതുകൊണ്ട്, ശബരിമലയില്‍ സംഘര്‍ഷത്തിനിടയില്‍ റിപ്പബ്ലിക് ടിവി ഉള്‍പ്പെടെയുള്ള മാധ്യമസ്ഥാപനങ്ങളുടെ വാഹനങ്ങളും പ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടപ്പോള്‍ അവര്‍ വിതച്ചത് അവര്‍ കൊയ്തു എന്നാണ് മനസ്സിലായത്. മൗലികാവകാശങ്ങളുടെ വില അറിയാത്ത പൗരന്മാര്ക്ക് ഉത്തരവാദിത്തമില്ലാത്ത മാധ്യമങ്ങളെ കുറിച്ച് പരാതിപ്പെടാന്‍ അവകാശമില്ല. പക്ഷേ, തുല്യനീതിയുടെ എത്ര വലിയ സാധ്യതയാണ് അവര്‍ അടച്ചു കളയുന്നത്! അശാസ്ത്രീയതയുടെയും അന്ധവിശ്വാസങ്ങളുടെയും എത്ര വലിയ പ്രചാരണമാണ് അവര്‍ നടത്തുന്നത്! ഇതില്‍നിന്നു തെളിയുന്നത് നമ്മുടെ സമൂഹം മാത്രമല്ല, മാധ്യമങ്ങളും എത്രയധികം സ്ത്രീവിരുദ്ധമാണ് എന്നതാണ്. സ്ത്രീവിരുദ്ധത തീവ്ര ഹിന്ദുത്വത്തിന്റെ അന്തഃസത്തയായി മാറുന്നതിനെയാണ് വിശ്വാസം എന്ന് ഓമനപ്പേരിട്ടു വിളിച്ച് അവര്‍ പ്രോല്‍സാഹിപ്പിക്കുന്നത്. പക്ഷേ, ഇതിന്റെ അപകടം എവിടെയാണ്? ആര്‍ക്കാണ്?
എന്റെ അനുഭവം പറയാം. വിജയദശമി ദിവസം കുറേക്കാലമായി കേരളത്തില്‍ വലിയ ആഘോഷമാണ്. ഹിന്ദുക്കള്‍ മാത്രമല്ല, എല്ലാ മതക്കാരും ആ ദിവസം കുട്ടികളെ ആദ്യമായി അക്ഷരം എഴുതിപ്പിക്കാറുണ്ട്. അതു കേരളത്തിലെ ക്ഷേത്രങ്ങളില്‍ പരമ്പരാഗത ചടങ്ങായും മാധ്യമസ്ഥാപനങ്ങളും പ്രസിദ്ധീകരണസ്ഥാപനങ്ങളും അവരുടെ പി.ആര്, മാര്‍ക്കറ്റിങ് തന്ത്രങ്ങളുടെ ഭാഗമായും നടത്തി വരുന്നുണ്ട്. അടുത്ത കാലത്തായി എഴുത്തുകാരി എന്ന നിലയില്‍ എന്നെയും ആളുകള്‍ അക്ഷരം എഴുതിപ്പിക്കുന്ന ഗുരുവായി വിളിക്കുകയും അക്ഷരം തരികയില്ല എന്ന് ഒരു എഴുത്തുകാരിക്കും പറയാന്‍ അവകാശമില്ലാത്തതിനാല്‍, തലതിരിഞ്ഞവളായ ഞാന്‍ എഴുതിപ്പിക്കുന്ന കുട്ടികളും അങ്ങനെയായാലോ എന്നു പേടിച്ച് എഴുതാന്‍ വരുന്ന കുട്ടികളേക്കാള്‍ ടെന്ഷനോടെ ഞാന്‍ പോകുകയും ചെയ്യുന്നു.
ഇക്കൊല്ലം പ്രസിദ്ധമായ മലയാലപ്പുഴ ദേവീ ക്ഷേത്രത്തിലേക്കാണ് മാസങ്ങള്‍ക്കുമുമ്പേ ക്ഷണം കിട്ടിയത്. സത്യത്തില്‍ ആ ദിവസങ്ങളില്‍ കേരളത്തില്‍ ഉണ്ടാകുമായിരുന്നില്ലെങ്കിലും എന്നെ ക്ഷണിച്ചയാളുമായുള്ള സൗഹൃദം കണക്കിലെടുത്ത് ഞാന്‍ സമ്മതിച്ചു. ഇതിനു ശേഷമാണ് ശബരിമല വിധിവന്നതും ഞാന്‍ വിധിയെ സ്വാഗതം ചെയ്തതും. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് മലയാലപ്പുഴയില്‍ എഴുത്തിനിരുത്തുന്നവരുടെ പേരുവിവരങ്ങള്‍ വാര്‍ത്തയാകുകയും ചില വായനക്കാര്‍ എന്നെ വിളിച്ച് അവര്‍ അവരുടെ കുട്ടികളെ എന്നെക്കൊണ്ട് എഴുതിക്കാന്‍ കാത്തിരിക്കുകയാണ് എന്ന് ആഹ്ലാദപൂര്‍വ്വം അറിയിക്കുകയും ചെയ്തു. അങ്ങനെ മറ്റു പല ആവശ്യങ്ങളും മാറ്റി വച്ചു കേരളത്തില്‍ എത്തിയപ്പോഴാണ് . എന്നെ നിര്‍ബന്ധിച്ചു ക്ഷണിച്ച സുഹൃത്തിന്റെ അഭ്യര്‍ത്ഥന അങ്ങോട്ടു ചെല്ലരുത്. കാരണം, ഞാന്‍ ചെന്നാല്‍ കരിങ്കൊടി കാണിക്കും എന്ന് സ്ഥലത്തെ ഹിന്ദുത്വസംഘടനകള് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
പഠിച്ചിരുന്ന സ്കൂളിലും കോളജിലും യൂണിവേഴ്സിറ്റിയിലുമൊക്കെ അധ്യാപകരുടെയും കൂട്ടുകാരുടെയും പ്രിയപ്പെട്ടവള്‍ ആയിരുന്നതിനാല്‍, വേദിയില്‍ കയറുമ്പോള്‍ത്തന്നെ കയ്യടി മുഴങ്ങുന്നതു കേട്ടു വളര്‍ന്ന ഒരുവളാണു ഞാന്‍. കരിങ്കൊടി കാണുക, കരിഓയില്‍ ദേഹത്തുവീഴുക, കോലം കത്തിക്കുക തുടങ്ങിയ രസകരമായ ആചാരങ്ങള്‍ അനുഭവിക്കാന്‍ ഒരിക്കലും അവസരമുണ്ടായിട്ടില്ല. ജീവിതത്തില്‍ ആദരവും അംഗീകാരവും മാത്രം പോരല്ലോ, ഒരു എഴുത്തുകാരിക്ക്. ആരെങ്കിലുമൊക്കെ കരിങ്കൊടി കാണിക്കണം, തെറിവിളിക്കണം, വധഭീഷണി മുഴക്കണം. ചിലപ്പൊള്‍ വധിക്കപ്പെടുകയും വേണം. ഇതൊന്നുമില്ലാതെ വെറുതെ നാടമുറിച്ചും വിളക്കു കത്തിച്ചും കയ്യടി കേട്ടും തീര്‍ക്കാനുള്ളതല്ല ഒരു കലാകാരിയുടെയും എഴുത്തുകാരിയുടെയും ജീവിതം എന്നാണ് എന്റെ ഉറച്ച വിശ്വാസമെന്നതിനാല്‍ കരിങ്കൊടി പ്രകടനത്തെ കുറിച്ചു കേട്ടപ്പോള്‍ സന്തോഷമാണ് ഉണ്ടായത്.

പക്ഷേ, ഇതില്‍നിന്ന് മറ്റൊരു പാഠം പഠിക്കാനുണ്ട് എന്നു പിന്നീട് തോന്നി. ആര്, ആര്‍ക്കെതിരേയാണ് കരിങ്കൊടി ഭീഷണി മുഴക്കിയത്? കുട്ടിക്കാലം മുതല്‍ കടുത്ത വിശ്വാസിയായി വളര്‍ത്തിയെടുക്കപ്പെടുകയും വളര്‍ന്നതിനു ശേഷവും ലളിതാസഹസ്രനാമം ചൊല്ലുകയും സാധിക്കുന്ന ദിവസങ്ങളിലൊക്കെ അമ്പലത്തില്‍ പോകുകയും കത്തിച്ചു വച്ച വിളക്കുകളും പായസവും തൃമധുരവും കൊണ്ട് പ്രചോദിപ്പിക്കപ്പെടുകയും ചെയ്യുന്ന എന്റെ നേരെയാണ് ഹിന്ദുത്വസംഘടനകളുടെ കരിങ്കൊടി ഭീഷണി. എന്തിന്? ക്ഷേത്രങ്ങള്‍ ആക്രമിച്ചതിനോ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചതിനോ സിറിയയില്‍ ആടു മേയ്ക്കാന്‍ പോയതിനോ അല്ല. എന്റെ അഭിപ്രായം തുറന്നു പറഞ്ഞതിന്. യുവതികള്‍ കയറിയാല്‍ ദൈവത്തിന്റെ ബ്രഹ്മചര്യം നഷ്ടപ്പെടുകയില്ല എന്നും അങ്ങനെ പ്രചരിപ്പിച്ചു ദൈവത്തെ അപമാനിക്കരുത് എന്നും പറഞ്ഞതിന്. പ്രളയത്തിന്റെ മുറിവുകള്‍ ഇനിയും ഉണങ്ങാത്ത ഒരു സംസ്ഥാനത്ത് എല്ലാം നഷ്ടപ്പെട്ടവരുടെ മുമ്പിലൂടെ ദൈവത്തിന്റെ ബ്രഹ്മചര്യം സംരക്ഷിക്കാന്‍ തെരുവില്‍ ഇറങ്ങുന്നതു ദൈവനിന്ദയല്ലേ എന്നു ചോദിച്ചതിന്. ഇതില്‍നിന്ന് പഠിക്കാവുന്ന പാഠം വളരെ ലളിതവും സുതാര്യവുമാണ് ഹിന്ദുത്വവാദികള്‍ക്ക് ഹിന്ദുമതമല്ല പ്രധാനം, വിശ്വാസമോ ദൈവമോ അല്ല, അവരുടെ ചിന്താവിഷയം.
അവര്‍ക്ക് വിശ്വാസമല്ല പ്രധാനം എന്ന ഒറ്റ സത്യം മതി, ശബരിമലയിലെ സംഘര്‍ഷത്തിന് പിന്നിലും പ്രവര്‍ത്തിക്കുന്നത് വിശ്വാസമല്ല, സമൂഹത്തില്‍ രൂഢമൂലമായ സ്ത്രീവിരുദ്ധതയെ ഉപയോഗപ്പെടുത്തി ഹിന്ദുമതത്തില്‍ത്തന്നെ വിള്ളലുണ്ടാക്കാനുള്ള അതിനീചമായ ഒരു അജണ്ടയാണ് എന്നു വ്യക്തമാകാന്‍. ലിബറല്‍ ഹിന്ദു സ്ത്രീകള്‍ വിശ്വാസത്തിന് എതിരാണെന്ന് വിശ്വാസികളായ സാധാരണ സ്ത്രീകളെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് ഇത്. അല്ലെങ്കിലും ലിബറല്‍ ഹിന്ദുവാണ് എല്ലാക്കാലത്തും തീവ്രഹിന്ദുവിന്റെ ഏറ്റവും വലിയ ശത്രു.
ഇതില്‍ ഒരു വലിയ രാഷ്ട്രീയമുണ്ട്. എന്ത് രാഷ്ട്രീയം? ജാതിയുടെ രാഷ്ട്രീയം. ജാതിയുടെ രാഷ്ട്രീയം തുല്യതയ്ക്ക് എതിരേയുള്ള രാഷ്ട്രീയമാണ്. തുല്യതയ്ക്ക് എതിരേയുള്ള രാഷ്ട്രീയം ഭരണഘടനയ്ക്ക് എതിരേയുള്ള രാഷ്ട്രീയമാണ്. ഭരണഘടന കത്തിക്കണം എന്ന് ഒരു ബി.ജെ.പി. നേതാവ് പരസ്യമായി പ്രസംഗിച്ചത് അതിനുള്ള ഒരു തെളിവു മാത്രമാണ്. തിയറ്ററില്‍ ദേശീയ ഗാനം കേട്ട് എഴുന്നേറ്റു നില്‍ക്കാത്തവരെ തല്ലിയവരൊന്നും ഭരണഘടന കത്തിക്കണമെന്ന് പറഞ്ഞയാളെ തല്ലാതിരിക്കുന്നത് ദേശീയഗാനത്തിനാണ് ഭരണഘടനയെക്കാള്‍ രാജ്യസ്നേഹത്തിന്റെ തുലാസില്‍ കൂടുതല്‍ ഭാരമെന്നു സ്ഥാപിക്കുന്നത് ഒരു വലിയ അജണ്ടയുടെ ഭാഗമാണ്. മനുഷ്യസ്നേഹികളായ പണ്ഡിതന്മാര് രൂപം നല്കിയ ഭരണഘടനയിലെ മാനവികതയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളാണോ വിശ്വാസത്തെ അധികാരത്തിന്റെ ചട്ടുകമാക്കി മാറ്റിയ, അറിവും അധികാരവും കയ്യടക്കി വച്ച് ഭൂരിപക്ഷം വരുന്ന സാധുക്കളെ അടിമകളാക്കി സുഖിച്ചു വാണിരുന്ന ഒരു വിഭാഗം അവരുടെ സ്വത്തും അധികാരവും നിലനിര്‍ത്താന്‍ രൂപപ്പെടുത്തിയ ആചാരങ്ങളാണ് നമ്മുടെയും നമ്മുടെ നിങ്ങളുടെ ഭാവിതലമുറയുടെയും സൗഖ്യവും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്നത് എന്ന ചോദ്യത്തെ നിശ്ശബ്ദമാക്കാനാണ്.
‘ഇനിയെത്ര കാലം ഇങ്ങനെ പ്രസംഗിക്കാനൊക്കെ സ്വാതന്ത്ര്യം ഉണ്ടാകുമെന്ന് തീര്‍ച്ചയില്ല’ എന്നു പ്രശസ്ത പ്രഭാഷകനും പണ്ഡിതനുമായ സുനില്‍ പി ഇളയിടം പറഞ്ഞതു പോലെ, ഇനിയെത്ര കാലം നമുക്ക് ചോദ്യങ്ങള്‍ ചോദിക്കാന്‍ സാധിക്കുമെന്ന് എനിക്കും തീര്‍ച്ചയില്ല. ചോദ്യങ്ങള്‍ ചോദിക്കുക, അഭിപ്രായം പറയുക, വിമര്‍ശിക്കുക, എന്നിങ്ങനെ ഓരോ സ്വാതന്ത്ര്യമായി പിന്വലിക്കപ്പെടുമ്പോള് അവസാനം ചിന്തിക്കാനുള്ള സ്വാതന്ത്ര്യം പോലും നഷ്ടപ്പെടും എന്നതില്‍ സംശയവും ഇല്ല. ചിന്തിക്കാനുള്ള സ്വാതന്ത്ര്യം എന്നാല്‍ സ്നേഹിക്കാനുള്ള സ്വാതന്ത്ര്യവും ഓര്‍മ്മിക്കാനുള്ള സ്വാതന്ത്ര്യവും മാത്രമല്ല, ജീവിക്കാനുള്ള സ്വാതന്ത്ര്യവും കൂടിയാണ് എന്നതിനാല്‍, സ്വാതന്ത്ര്യങ്ങള്‍ മൊത്തമായി പിന്‍വലിക്കപ്പെടുന്നതിനു മുമ്പ് നമുക്കു ചോദിക്കാനുള്ള ചോദ്യങ്ങള്‍ ചോദിക്കുക. ഉത്തരം കിട്ടിയില്ല എങ്കില്‍ക്കൂടി ചോദിച്ചു കൊണ്ടേയിരിക്കുക.
എന്തുകൊണ്ടാണ് ഞാന്‍ ശബരിമല വിധിയെ സര്‍വാത്മനാ പിന്തുണയ്ക്കുന്നത്? കാരണം, ഈ നൂറ്റാണ്ടില്‍ കേരളത്തിലുണ്ടായ ഏറ്റവും പ്രധാനപ്പെട്ട രണ്ട് സ്ത്രീമുന്നേറ്റങ്ങളും ശബരിമല വിധിയും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു. മലയാളത്തിലെ ഒരു സിനിമാതാരം ആക്രമിക്കപ്പെട്ടപ്പോള്‍ പൊലീസില്‍ പരാതിപ്പെടാനും നീതി തേടാനും അവള് മുന്നോട്ടു വന്നതും അവളെ പിന്തുണയ്ക്കാന്‍ സ്വന്തം തൊഴില്‍ അവസരങ്ങള്‍ തന്നെ പണയപ്പെടുത്തി അവളുടെ സഹപ്രവര്‍ത്തകരായ ഏതാനും പേര് വിമന്‍ ഇന്‍ സിനിമ കലക്ടീവ് എന്ന പേരില്‍ സംഘടന ആരംഭിച്ചതുമാണ് ശ്രദ്ധേയമായ ആദ്യത്തെ മുന്നേറ്റം. രണ്ടാമത്തേത് ചരിത്രത്തില്‍ ആദ്യമായി ഒരു കന്യാസ്ത്രീ ബിഷപ്പിന് എതിരെ നല്കിയ ബലാല്‍സംഗ കേസില്‍, അതിജീവിച്ചവള്ക്കു കരുത്തു പകരാന്‍ അഞ്ച് കന്യാസ്ത്രീകള്‍ ജീവനും സാമൂഹിക ജീവിതവും പണയം വച്ച് നടത്തിയ സമരമാണ്.
ഈ രണ്ടു കേസുകളെയും ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയെയും കൂട്ടിയിണക്കുന്നത് മൂന്നു കേസുകളിലും ഭരണഘടനയെയും സ്വാഭാവികനീതിയെയും വെല്ലുവിളിക്കുന്നവര് പ്രബലന്മാരാണ് എന്നതും അവരോട് മല്‍സരിക്കാന്‍ ശേഷിയില്ലാത്തവരാണ് അവരെ ചോദ്യം ചെയ്യുന്നത് എന്നതുമാണ്. കുറ്റാരോപിതനായ നടനും അറസ്റ്റിലായ ബിഷപ്പിനും കോടികളുടെ ആസ്തിയും ആള്‍ബലവും രാഷ്ട്രീയബന്ധങ്ങളും ഉണ്ടെങ്കില്‍, കേരളത്തില്‍ ഏറ്റവുമധികം നടവരവുള്ള ക്ഷേത്രത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ വരുമാനമുള്ള വിഭാഗമാണ് ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നത്. നടന് ചാന്‍സില്ലാത്ത ഒരു ദുര്‍ബലനും ബിഷപ്പ് കാശിനു വകയില്ലാത്ത ഒരു ദരിദ്രനും ശബരിമല നടവരവില്ലാത്ത ഒരു ക്ഷേത്രവുമായിരുന്നെങ്കില് തുല്യനീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് കൂടുതല്‍ തുല്യതയുണ്ടാകുമായിരുന്നു എന്ന് ഉറപ്പാണ്. പക്ഷേ, അങ്ങനെയല്ലാത്തതുകൊണ്ട്, ഈ മൂന്നു കേസുകളും ഒരേ രോഗത്തിന്റെ മൂന്നു വകഭേദങ്ങളാകുന്നു; ആ രോഗത്തിന്റെ പേരു സ്ത്രീവിരുദ്ധത എന്നും ആകുന്നു.
സ്ത്രീപ്രവേശനത്തിന് എതിരേയുള്ള വാദങ്ങളെക്കുറിച്ച്, വിശ്വാസിയെന്ന നിലയില്‍ എനിക്ക് ഒട്ടേറെ സംശയങ്ങളുണ്ട്. പക്ഷേ, അതൊന്നും ചോദിച്ചിട്ടു കാര്യമില്ല. കാരണം, എതിര്‍പക്ഷത്ത് ശ്രീനാരായണ ഗുരു പറഞ്ഞതു പോലെ അറിയാനും അറിയിക്കാനും വേണ്ടി വാദിക്കുന്നവരല്ല ഉള്ളത്. അവര്‍ വാദിക്കുന്നത് അസത്യം പറഞ്ഞു ജയിക്കാനും കൂടുതല്‍ ഗൗരവമുള്ള പ്രശ്നങ്ങളില്‍നിന്നു ശ്രദ്ധ തിരിക്കാനുമാണ്. അതുകൊണ്ട് ഇതിനകം ലംഘിക്കപ്പെട്ട ആചാരങ്ങളെക്കുറിച്ചു ചോദിക്കുന്നില്ല. ആചാരങ്ങളല്ല, മറിച്ച് ക്ഷേത്രത്തെ പൊതുസ്ഥലമായി നിര്‍വചിക്കുമ്പോള്‍ ഭാവിയില്‍ അത് വരുമാനത്തിന്റെയും അധികാരത്തിന്റെയും ജാതിക്കോയ്മയുടെയും അടിത്തറ ഇളക്കും എന്നതാണ് യഥാര്‍ഥ പ്രകോപനം എന്ന സത്യം ഭൂരിപക്ഷ ജനതയെ പ്രകോപിപ്പിക്കും എന്നതിനാല്‍, ഇന്ത്യന്‍ സമൂഹത്തിനു പെട്ടെന്നു ബോധ്യപ്പെടാവുന്ന സ്ത്രീയുടെ അശുദ്ധിയും മൂര്‍ത്തിയുടെ ബ്രഹ്മചര്യവും മറയാക്കുന്നു എന്നു ചിന്താശേഷിയുള്ളവര്‍ക്കു പ്രത്യേകം പറഞ്ഞു കൊടുക്കേണ്ട കാര്യവുമില്ല. അതുകൊണ്ട് വിശ്വാസത്തിന്റെ കാര്യം മറന്നു നമുക്ക് പ്രത്യക്ഷ രാഷ്ട്രീയം ചര്‍ച്ച ചെയ്യാം.

പന്ത്രണ്ട് വര്‍ഷം മുമ്പ് ഈ കേസ് കൊടുത്ത അഞ്ച് അഭിഭാഷകര്‍ ഹിന്ദുത്വപാര്ട്ടികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്ന് വാര്‍ത്ത വന്നതിനെക്കുറിച്ച് എന്താണ് ഹിന്ദുത്വ പാര്‍ട്ടികളുടെ വിശദീകരണം? നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പനെ ഇങ്ങനെ തെരുവിലേയ്ക്ക് ഇറക്കാന്‍ വേണ്ടിയാണോ അവര്‍ കേസു കൊടുത്തത്? (പന്ത്രണ്ട് കൊല്ലത്തിനു ശേഷം കേസു കൊടുത്തവരില്‍ ചിലര്‍ കേസു പിന്‍വലിക്കാന്‍ ശ്രമിച്ചുവത്രേ. എപ്പോള്‍? വിധി വരുന്നതിന് ഏതാണ്ട് എട്ട് ദിവസം മുമ്പ് ! ) നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പന്റെ സന്നിധിയില്‍ മുമ്പ് യുവതികള്‍ ആരും കയറിയിട്ടില്ലെന്ന് തെളിയിക്കാന്‍ അവര്‍ക്ക് സാധിക്കാതെ പോയത് എന്തുകൊണ്ട്? ആചാരത്തിന് ഉപോല്‍ബലകമായ തന്ത്രവിധികള്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ അവര്‍ക്ക് സാധിക്കാതെ പോയത് എന്തുകൊണ്ട്? വിശ്വാസികള്‍ എന്ന് സ്വയം വിളിക്കുന്നവര്‍ വലിയ പ്രതിരോധം സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ എല്ലാ ദേശീയ മാധ്യമങ്ങളും നിരന്തരം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാര്‍ കത്ത് അയയ്ക്കുന്നതിനെക്കുറിച്ച് എന്താണ് വിശദീകരണം?
എനിക്ക് ഒരൊറ്റ ചോദ്യത്തിനെങ്കിലും ഉത്തരം കിട്ടിയാല്‍ മതിയായിരുന്നു. ആ ചോദ്യം തങ്ങളുടെ പാര്‍ട്ടി അധ്യക്ഷനെ പപ്പു മോന് എന്നു വിളിച്ചു കളിയാക്കുന്ന ബി.ജെ.പിയുടെ യോഗം ഉദ്ഘാടനം ചെയ്യാന്‍ കെ.പി.സി.സി. സെക്രട്ടറിക്ക് സ്വാതന്ത്ര്യം നല്കാന് മാത്രം ഹൃദയവിശാലതയുള്ള കോണ്‍ഗ്രസുകാരോടോ തങ്ങളുടെ തന്നെ ആളുകള്‍ കൊടുത്ത ഹര്‍ജിയില്‍ കിട്ടിയ വിധി ആദ്യം സ്വാഗതം ചെയ്യുകയും പാര്‍ട്ടി പത്രത്തില്‍ വിധിയെ പുകഴ്ത്തുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ട് ഒരു ദിവസം മുതല്‍ വിധിയെ എതിര്‍ക്കുകയും അതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിന് മേല്‍ കെട്ടിവയ്ക്കുകയും കേന്ദ്രസര്‍ക്കാരിനോട് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ആവശ്യപ്പെടാതിരിക്കുകയും ശബരിമലയില്‍ മുഖംമൂടിധാരികളെക്കൊണ്ട് ആക്രമണം ആസൂത്രണം ചെയ്യുകയും പോലീസ് ലാത്തിച്ചാര്‍ജ്ജ് തുടങ്ങുമ്പോള്‍ ദേഹം നോവാതെ സ്ഥലം കാലിയാക്കുകയും കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെ കുറിച്ചു സംസാരിക്കാന്‍ പോലും ധൈര്യമില്ലാതിരിക്കുകയും ചെയ്യുന്ന ഹിന്ദുത്വ നേതാക്കളോടോ അല്ല. അവരെ കൈ മെയ് മറന്നു പ്രോല്‍സാഹിപ്പിക്കുന്ന വാര്ത്താചാനലുകളോടും മാധ്യമങ്ങളോടുമാണ്. ഈ ചരിത്ര സന്ധിയില്‍, നിങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തോടും നിങ്ങളോടു തന്നെയും ചെയ്യുന്നതെന്താണ് എന്നു നിങ്ങള്‍ക്കു ബോധമുണ്ടോ?
ശബരിമല വിവാദത്തിന് അടുത്ത തിരഞ്ഞെടുപ്പ് വരെയേ ഉണ്ടാകൂ ആയുസ്സ്. അതു കഴിഞ്ഞ് അവിടെ സ്ത്രീകള്‍ ധാരാളമായി കയറും. നാമജപം നടത്തി പ്രതിഷേധം നടത്തിയ സ്ത്രീകള്‍ തന്നെ അവിടെ ഇടിച്ചു കയറും. നടവരവു കൂടും. പക്ഷേ, നമ്മുടെ മാധ്യമങ്ങളിലൂടെ നിക്ഷിപ്തതാല്പര്യക്കാര് ചുണ്ടിലും നഖങ്ങളിലും വിഷം പുരട്ടിയ കൃഷ്ണപ്പരുന്തുകളായി പറത്തി വിട്ട പുരോഗമനവിരുദ്ധമായ ആശയങ്ങളെ എങ്ങനെ നിര്‍മാര്‍ജ്ജനം ചെയ്യും?
Read More: പ്രതാപ് ഭാനു മേത്ത എഴുതുന്നു: ശബരിമല : ജനാധിപത്യത്തിലെ അശുഭ സൂചനകള്‍