scorecardresearch

ശബരിമലയും മലയാളി സമൂഹവും

” 1991-ലെ കോടതിവിധിയോട് കൂടിയാണ് 10–50 വയസ്സിനിടക്കുള്ള സ്ത്രീകളുടെ ശബരിമലക്ഷേത്ര പ്രവേശനം നിയമപരമായി വിലക്കപ്പെടുന്നത്. ആ വിലക്കാണ് ഇപ്പോള്‍ സുപ്രീംകോടതി വിധിയിലൂടെ റദ്ദാക്കപ്പെട്ടിരിക്കുന്നത്” രാഷ്ട്രീയ, സാമൂഹിക നിരീക്ഷകനായ ലേഖകൻ “നിറഭേദങ്ങൾ” പംക്തിയിൽ

ശബരിമലയും മലയാളി സമൂഹവും

ശബരിമലയില്‍ പ്രായഭേദമെന്യേ മുഴുവന്‍ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയോട് മലയാളി സമൂഹത്തിന്റെ പ്രതികരണം സാമൂഹികമായി നമ്മള്‍ എത്ര പിന്നോക്കാ വസ്ഥയിലാണെന്നു തെളിയിക്കുന്നു. ആരംഭത്തില്‍ പൊതുവില്‍ എല്ലാവരും കോടതി നിലപാടിനെ മാനിക്കുന്നു എന്നു പറഞ്ഞെങ്കിലും ഒരുവിഭാഗത്തിന്റെ ഭാഗത്ത് എതിര്‍പ്പുണ്ടെന്ന് കണ്ടപ്പോള്‍ പലരും നിലപാട് മാറ്റി കോടതി വിധിയെ എതിര്‍ക്കാന്‍ തുടങ്ങി. ജനങ്ങളുടെതെന്ന രീതിയിലുള്ള പ്രതിഷേധ പ്രകടനങ്ങള്‍ വർധിച്ചുവരുന്നുണ്ടെങ്കിലും അവയെല്ലാം എത്രത്തോളം യഥാര്‍ത്ഥത്തില്‍ ജനകീയമാണെന്ന് തിരിച്ചറിയപ്പെടെണ്ടതുണ്ട്. എന്നിരുന്നാലും ജനങ്ങള്‍ക്കിടയില്‍ ആചാര സംരക്ഷണ പ്രവണത ശക്തമാണെന്ന് വ്യക്തമാണ്. വോട്ടുബാങ്ക് ലക്ഷ്യം വെച്ച് രാഷ്ട്രീയപാര്‍ട്ടികള്‍ ഇത്തരം പ്രവണതകളുടെ പിന്നാലെ നീങ്ങുകയും ചെയ്യുന്നു.

ഈ പ്രത്യക്ഷ കരുനീക്കങ്ങള്‍ക്ക് പിന്നില്‍ കൂടുതല്‍ ആഴത്തിലുള്ള സാമൂഹിക ചലനങ്ങള്‍ സംഭവിക്കുന്നത്‌ തിരിച്ചറിയേണ്ടതുണ്ട്. സുപ്രീം കോടതിയുടെ ഭൂരിപക്ഷവിധി ശബരിമല സ്ത്രീ പ്രവേശന വിലക്കിന് പിന്നിലുള്ള പിതൃമേധാവിത്ത വ്യവസ്ഥയ്ക്ക് നേരെ തന്നെയാണ് വിരല്‍ചൂണ്ടിയിട്ടുള്ളത്. പുരുഷമേധാവിത്തശക്തികള്‍ അത് തിരിച്ചറിയുകയും ചെയ്തിരിക്കുന്നു. സമൂഹത്തില്‍ എല്ലാ മേഖലകളും അടക്കിവാഴുന്ന അവര്‍ കോടതിവിധിയുടെ ഗൗരവം ശരിക്കും തിരിച്ചറിയുന്നുണ്ട്. പുരുഷ മേധാവിത്തം നൂറ്റാണ്ടുകളായി അടിമകളായി നിലനിര്‍ത്തിപ്പോന്ന സ്ത്രീ സമൂഹത്തെയാണ് തങ്ങള്‍ക്കു വേണ്ടി അവര്‍ ഇളക്കിവിട്ടു കൊണ്ടിരി ക്കുന്നത്.

k venu,sabarimala,
ചിത്രീകരണം: വിഷ്ണു റാം

ഗോത്ര കാലഘട്ടത്തില്‍ നിന്നു നാഗരികസംസ്കാരത്തിലേയ്ക്ക് മനുഷ്യ സമൂഹം നീങ്ങിയ കാലം മുതല്‍ക്കു തന്നെ പുരുഷമേധാവിത്വം പിടി മുറുക്കാന്‍ തുടങ്ങിയിരുന്നു. ആ പ്രക്രിയയില്‍ സ്ത്രീകളുടെ സ്വാഭാവിക ജൈവപ്രവര്‍ത്തനമായ ആര്‍ത്തവം പുരുഷമേധാവികളുടെ കയ്യില്‍ സ്ത്രീകളെ കീഴ്പ്പെടുത്താനുള്ള ഫലപ്രദമായ ഒരു കരുവാകുകയായിരുന്നു. ആര്‍ത്തവത്തിന്‍റെ യഥാര്‍ത്ഥ സ്വഭാവം ഇന്നത്തെ ശാസ്ത്രത്തിന് അറിയൂന്നത് പോലെ അന്ന് അറിയുമായിരുന്നില്ലെങ്കിലും സ്ത്രീ അമ്മയാകുന്ന പ്രക്രിയയിലെ ഒരു നിര്‍ണായക ഘട്ടമാണ് ആര്‍ത്തവമെന്ന് പൗരാണിക കാലം മുതല്‍ക്കേ മനുഷ്യസമൂഹത്തിന് അറിയാമായിരുന്നു. ആര്‍ത്തവം തുടങ്ങുന്നതോടെ പെണ്‍കുട്ടി ഋതുമതിയാവുന്നു, എന്നെല്ലാം തിരിച്ചറി ഞ്ഞിരുന്നു. മാതൃത്വത്തിന്‍റെ അടിസ്ഥാനത്തില്‍ സ്ത്രീയെ ദൈവതുല്യമായി പരിഗണിക്കണമെന്ന് അനുശാസിക്കുന്ന പാരമ്പര്യമാണ് നമുക്കുള്ളത്. അപ്പോള്‍ മാതൃത്വത്തിന്‍റെ അടിസ്ഥാനമായ ആർത്തവവും പുണ്യവൃത്തി യായി പരിഗണിക്കപ്പെടേണ്ടതാണ്. പക്ഷേ സംഭവിക്കുന്നത്‌ മറ്റൊന്നാണ്. ആര്‍ത്തവകാലത്തെ സ്ത്രീ അശുദ്ധയാണെന്ന് സ്ഥാപിച്ചു ഭ്രഷ്ടയാക്കപ്പെടു ന്നു. യഥാര്‍തത്തില്‍ ഒരട്ടിമറിയാണ് അവിടെ സംഭവിക്കുന്നത്. ആ അട്ടിമറി ക്ക് പിന്നിലുള്ള സാമൂഹിക പ്രക്രിയയാണ് അനാവരണം ചെയ്യപ്പെടേണ്ടത്.

സ്ത്രീ ശരീരം ആര്‍ത്തവകാലത്ത് അശുദ്ധമാകുന്നു എന്ന വിശ്വാസം ഈ ആധുനിക കാലഘട്ടത്തിലും വലിയൊരുവിഭാഗം സ്ത്രീ പുരുഷന്മാര്‍ പുലര്‍ത്തിപ്പോരുന്നു എന്നതൊരു യാഥാര്‍ത്ഥ്യമാണ്. ആര്‍ത്തവപ്രക്രിയ സംബന്ധിച്ച് എല്ലാ കാര്യങ്ങളും ശാസ്ത്രം വെളിപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ ശാസ്ത്രജ്ഞാനത്തിന്‍റെ അടിസ്ഥാനത്തില്‍ നൂറ്റാണ്ടുകളല്ല, സഹസ്രാബ്ധങ്ങള്‍ തന്നെയായി പുലര്‍ത്തിപ്പോരുന്ന ഈ അന്ധവിശ്വാസം പുനപ്പരിശോധിക്കാന്‍ പോലും ഇത്തരക്കാര്‍ തയ്യാറാകുന്നില്ല. കാലാകാലമായിട്ടുള്ള വിശ്വാസമാണ്, ആചാരമാണ് എന്നതിന്റെ പേരില്‍ ഏതു അന്ധവിശ്വാസത്തെയും അംഗീകരിക്കണമെന്ന് പറഞ്ഞാല്‍ ഒരു ജനാധിപത്യ സമൂഹം അത് വകവെച്ചു കൊടുക്കേണ്ടതില്ല. അന്ധവിശ്വാസങ്ങള്‍ തുറന്നു കാട്ടപ്പെടുകയും വേണം.

ആര്‍ത്തവകാല സ്ത്രീ ശരീരം അശുദ്ധമാണെന്ന ധാരണ അബദ്ധജടിലമാണ്. ശരീരത്തില്‍ മുറിവുണ്ടായി രക്തം വന്നാല്‍ അതുകൊണ്ടു ശരീരം അശുദ്ധമായി എന്നു ആരും കണക്കാക്കുകയില്ല. രക്തം അശുദ്ധവസ്തു ആയി ആരും കണക്കാക്കുന്നില്ല എന്നത് തന്നെ കാരണം. ബീജസങ്കലനം നടക്കാനിടയാകാത്ത സ്ത്രീബീജകോശം ഗര്‍ഭാശയത്തില്‍ നിന്നും വേര്‍പെട്ട് രക്തവും ഗര്‍ഭാശയ ദ്രാവകവും മറ്റ് അവശിഷ്ട വസ്തുക്കളും ചേര്‍ന്ന് പുറത്തു പോവുകയാണ്‌ ആര്‍ത്തവത്തില്‍ സംഭവിക്കുന്നത്‌. ഏതൊരു മനുഷ്യ ശരീരവും സദാ പേറിക്കൊണ്ട് നടക്കുന്ന മലവും മൂത്രവും വിയര്‍പ്പും പോലുള്ള അശുദ്ധവസ്തുക്കളെ അപേക്ഷിച്ച് ഈ സ്രവത്തിന് പ്രത്യേകിച്ച് അശുദ്ധിയൊന്നുമില്ല. സ്ത്രീബീജകോശവും മറ്റു അവശിഷ്ട വസ്തുക്കളും മൃതകോശങ്ങള്‍ മാത്രമാണ്. മലത്തിലും മൂത്രത്തിലുമായി നിരന്തരം മനുഷ്യശരീരം പുറന്തള്ളിക്കൊണ്ടിരിക്കുന്ന മൃതകോശങ്ങളെ അപേക്ഷിച്ച് ആര്‍ത്തവസ്രവത്തിലൂടെയുള്ള പുറന്തള്ളല്‍ എത്രയോ തുച്ഛമാണ്.

വസ്തുതകള്‍ ഇങ്ങിനെയെല്ലാമായിരിക്കെ ആര്‍ത്തവ അശുദ്ധി വലിയൊരു സാമൂഹിക പ്രശ്നമായി ഉയര്‍ത്തിക്കൊണ്ട് വന്നത് മറ്റ് ചില നിക്ഷിപ്ത താൽപര്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടാണെന്നു കാണാന്‍ വിഷമമില്ല. മനുഷ്യ സമൂഹത്തിന്‍റെ നിലനില്‍പ്പിനു തന്നെ ആധാരമായ സ്ത്രീസമൂഹ ത്തിന്‍റെ മാതൃത്വശേഷിയെ പുരഷസമൂഹം ആദരിക്കുകയാണ് ചെയ്യേണ്ടത്. ആ മാതൃത്വശേഷിയിലെ ഒരു നിര്‍ണായക ഘട്ടമായ ആര്‍ത്തവകാലത്ത് പുരുഷന്മാര്‍ സ്ത്രീകളെ ആരാധിക്കുക മാത്രമല്ല സേവിക്കുക കൂടി ചെയ്യേ ണ്ടതുണ്ട്. പകരം ചെയ്തതാകട്ടെ നേരെ തിരിച്ചും. അതോടെ സ്ത്രീ സമൂഹ ത്തിന്‍റെ കരുത്താകേണ്ടിയിരുന്ന മാതൃത്വം അവര്‍ക്കൊരു ബാദ്ധ്യതയായി തീരുകയായിരുന്നു. ഈ കെണിയില്‍ നിന്നു തലയൂരാന്‍ സ്ത്രീ സമൂഹം കാര്യമായിട്ടെന്തെങ്കിലും ചെയ്തതായി ചരിത്രത്തില്‍ കാണാനുമില്ല. പുരു ഷന്മാര്‍ പിടി മുറുക്കുകയാണ് ചെയ്തത്. അതിപ്പോഴും പൂര്‍വാധികം ശക്തമായി തുടരുകയും ചെയ്യുന്നു.

k venu,sabarimala
ശബരിമല പ്രതിഷേധം: ഫൊട്ടോ: ഹരികൃഷ്ണൻ കെ ആർ

നമുക്കിനി ശബരിമലയിലേയ്ക്ക് വരാം. ഇന്ത്യയെപ്പോലുള്ള ഒരു വര്‍ണ ജാതി സമൂഹത്തില്‍ വര്‍ണജാതി വിവേചനമില്ലാതെ അതിബൃഹത്തായ ഒരു ആരാധനാസമൂഹത്തെ സൃഷ്ടിക്കാന്‍ കഴിഞ്ഞ ശബരിമലയിലെ അയ്യപ്പസങ്കല്പം ഒരു ചരിത്ര പ്രതിഭാസം തന്നെയാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നെല്ലാം താഴ്ന്ന ജാതികളില്‍ പെട്ട ദശലക്ഷക്കണക്കി ന്‌ ഭക്തരാണ് അയ്യപ്പനെ ദര്‍ശിക്കാന്‍ എത്തിക്കൊണ്ടിരിക്കുന്നത്. ശബരി മല ദര്‍ശനത്തിനായി കറുത്ത വസ്ത്രം ധരിച്ച് വ്രതാനുഷ്ടാനം തുടങ്ങുന്ന തോടെ നമ്പൂതിരിയും പട്ടികജാതിക്കാരനും ആദിവാസിയുമെല്ലാം സമന്മാ രായ അയ്യപ്പന്മാരാവുന്നു. അവര്‍ ഒരുമിച്ചു യാത്ര ചെയ്യുകയും ഭക്ഷണം കഴിക്കുകയും ഉറങ്ങുകയുമെല്ലാം ചെയ്യുന്നു. സാധാരണഗതിയില്‍ ചിന്തി ക്കുക പോലും ചെയ്യാന്‍ കഴിയാത്ത കാര്യമാണിത്. അയ്യപ്പന്മാരാവുന്ന തോടെ അത് അനായാസം സാധ്യമാവുകയും ചെയ്യുന്നു. സാമൂഹിക ശാസ്ത്രപരമായി ഏറെ ഗൗരവമുള്ള ഈ വിഷയം ഇനിയെങ്കിലും ഗവേഷണ വിഷയമാകേണ്ടാതാണ്.

ശബരിമലയിലെ പ്രതിഷ്ഠയായ അയ്യപ്പന്‍ നിത്യബ്രഹ്മചാരിയാണെന്ന സങ്കൽപ്പത്തിന്‍റെ അടിസ്ഥാനത്തില്‍ ആര്‍ത്തവഘട്ടത്തിലൂടെ കടന്നുപോകുന്ന സ്ത്രീകള്‍ അയ്യപ്പക്ഷേത്രദര്‍ശനത്തിന് പോകരുതെന്ന ആചാരപരമായ വിലക്ക് നിലനിന്നിരുന്നു. 1991-ലെ കോടതിവിധിയോട് കൂടിയാണ് 10–50 വയസ്സിനിടക്കുള്ള സ്ത്രീകളുടെ ശബരിമലക്ഷേത്ര പ്രവേശനം നിയമപരമായി വിലക്കപ്പെടുന്നത്. ആ വിലക്കാണ് ഇപ്പോള്‍ സുപ്രീംകോടതി വിധിയിലൂടെ റദ്ദാക്കപ്പെട്ടിരിക്കുന്നത്. അതോടെ ആചാരപരമായ പഴയ വിലക്കും അപ്രസക്തമായിരിക്കുന്നു. ഇതാണ് വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധ ത്തിനു ഇടയാക്കിയിരിക്കുന്നത്. അതേസമയം ഇതുവരെ കണ്ട പ്രതിഷേധ പ്രകടനങ്ങളെല്ലാം ഏതെങ്കിലും ഹിന്ദു സംഘടനകള്‍ സംഘടിപ്പിച്ചവയാ ണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ജനങ്ങളുടെ സ്വമേധയാ ഉള്ള പ്രതിഷേധ പ്രകടനങ്ങള്‍ കാര്യമായി നടന്നിട്ടില്ലെന്നര്‍ത്ഥം. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അധികവും ആര്‍ത്തവ അശുദ്ധിയെ കുറിച്ചാണ് താനും. നേരത്തെ സൂചിപ്പിച്ചത് പോലെ ആര്‍ത്തവ ത്തെ കുറിച്ചുള്ള അശാസ്ത്രീയമായ ധാരണകള്‍ സമൂഹത്തില്‍ വ്യാപക മായി നിലനില്‍ക്കുന്നുണ്ട്. അത്തരം ധാരണകള്‍ തിരുത്തപ്പെടുന്നതിന് സഹായകമാവുന്ന ഇടപെടലുകളാണ് ഇപ്പോള്‍ ആവശ്യമായിട്ടുള്ളത്.

പക്ഷേ, രാഷ്ട്രീയ പാര്‍ട്ടികള്‍ വിഷയത്തില്‍ ആരോഗ്യകരമായ നിലപാട് എടുക്കാന്‍ തയ്യാറായിട്ടില്ല. കോൺഗ്രസ് കോടതിവിധിക്കെതിരെ നിലപാടെടുത്തത് ഒരു വിഭാഗം ജനങ്ങൾ അത്തരമൊരു നിലപാടിലേക്ക് നീങ്ങുന്നു എന്നു കണ്ടപ്പോഴാണ്. സി.പി.എം. കോടതി വിധിയെ പിന്തുണച്ചത്‌ അതിന്‍റെ പുരോഗമനസ്വഭാവം കൊണ്ടാണെന്ന് പറയാന്‍ ബുദ്ധിമുട്ടാണ്. ഇത്തരം കാര്യങ്ങളില്‍ അവര്‍ തത്വാധിഷ്ടിത നിലപാട് സ്വീകരിച്ചിരുന്നു എങ്കില്‍ കന്യാസ്ത്രീകളുടെ സമരത്തെ അവര്‍ പിന്തുണക്കേണ്ടതായിരുന്നു. പക്ഷേ, അവര്‍ അത് ചെയ്തില്ല. കാഴ്ചക്കാരായി നിന്നു സമരം വിജയിച്ചതിനു ശേഷം പിന്തുണയുമായി ചെല്ലുകയായിരുന്നു. ആരംഭം മുതല്‍ക്കേ പിന്തുണച്ചാല്‍ ക്രിസ്ത്യന്‍ സമൂഹത്തിന്‍റെ പിന്തുണ നഷ്ടപ്പെടുമെന്ന ആശങ്കയാണ് അവരെ പിന്തിരിപ്പിച്ചത്.

ശബരിമല വിഷയത്തിൽ ഇടതുപക്ഷം അധികാരത്തിലുളളത് കൊണ്ട് കോടതിവിധിയെ ധിക്കരിക്കാനാവില്ലെന്ന അവസ്ഥ എളുപ്പത്തിൽ ആരെയും ബോധ്യപ്പെടുത്താവുന്ന സംഗതിയാണ്. കോടതിവിധി പുരോഗമന സ്വഭാവമുളളതായത് കണ്ട് അതിനെ പിന്തുണയ്ക്കുന്നത് എളുപ്പമായി. കോടതി വിധിയെ അനുകൂലിക്കുന്നത് വഴി ന്യൂനപക്ഷങ്ങൾ വഴി ഏതൊക്കെ വിഭാഗങ്ങളുടെ പിന്തുണ ഏതൊക്കെ വിഭാഗങ്ങളുടെ പിന്തുണ നേടാനാകുമെന്ന് കണക്കുകൂട്ടിക്കൊണ്ട് കൂടിയാണ് സി പി എം കരുക്കൾ നീക്കുന്നത്. പാർട്ടി അണികളെയും അനുഭാവികളെയും ശബരിമല വിഷയത്തിന്റെ സങ്കീർണത ബോധ്യപ്പെടുത്താനായി പഠന, പ്രചാരണ പരിപാടികൾ അവർ ആരംഭിച്ചു. അതേതായാലും നല്ല കാര്യമാണ്. പക്ഷേ കോടതി വിധിയുടെ സാഹചര്യത്തിൽ അധികാരത്തിലിരിക്കുന്ന പാർട്ടി എന്ന നിലയ്ക്ക് കോടതിവിധിയെ പിന്തുണയ്ക്കുകയല്ലാതെ വേറെ മാർഗമല്ലെന്ന മട്ടിലുളള പ്രചാരണം സമൂഹത്തിന് ഗുണം ചെയ്യില്ല. ആചാരപരമായ കാര്യങ്ങളിലും മറ്റും ശാസ്ത്രീയ സമീപനത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന പ്രചരണങ്ങളാണ് ഇത്തരം സന്ദർഭങ്ങളിൽ വേണ്ടത്. ഇന്ത്യൻ ഭരണഘടനയുടെ ജനാധിപത്യ സ്വഭാവത്തിന് കരുത്ത് പകരുന്ന ഇത്തരം കോടതിവിധികൾ നൽകുന്ന രാഷ്ട്രീയ പാഠങ്ങളും ചർച്ചാ വിഷയമാക്കാവുന്നതാണ്.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Sabarimala temple women entry sc verdict protests

Best of Express