scorecardresearch
Latest News

പുരോഗമനവാദികളെ ഇതിലെന്താണ് ധർമ്മസങ്കടം

“സുപ്രീം കോടതി വിധി നടപ്പാക്കാനായില്ലെങ്കിൽ, അത് സാമൂഹിക പരിഷ്കരണങ്ങളെ പിന്തള്ളിക്കൊണ്ട് മത- വർഗ്ഗീയ രാഷ്ട്രീയക്കാർ നേടുന്ന വിജയം മാത്രമായിരിക്കില്ല, മറിച്ച് നീതിന്യായവ്യവസ്ഥ നേരിടുന്ന പരാജയം കൂടിയാകും. ഇത്തരം സൂചനകൾ അയൽ രാജ്യങ്ങളിലെ തെരുവുപ്രക്ഷോഭകരിലേയ്ക്ക് ചെന്നെത്തുമ്പോൾ മതത്തിന്റെ പേരിൽ നിയമം കൈയിലെടുക്കുവാൻ തുനിഞ്ഞിരിക്കുന്നവർക്ക് അതു ധൈര്യം പകരും. അപ്പോൾ, ഇതിലെവിടെയാണ് ധർമ്മസങ്കടം? ” അധ്യാപകനും ഗവേഷകനും സാമൂഹിക നിരീക്ഷകനുമായ ലേഖകന്റെ വിശകലനം

Sabarimala, Sabarimala temple, sabarimala verdict, sabarimala protests, sabarimala temple entry, supreme court on sabarimala, bjp, congress, iemalayalm,Christophe Jaffrelot,

ശബരിമല പ്രശ്നത്തിന്റെ സങ്കീർണ്ണതകൾ മൂലം വിഷമവൃത്തത്തിലായ ഇന്ത്യയിലെ പുരോഗമനവാദികൾക്ക് നിലവിലുള്ള സ്ഥിതിവിശേഷത്തെ കൂടുതൽ വ്യക്തമായ ഒരു പരിപ്രേക്ഷ്യത്തിൽ നിന്നു നോക്കിക്കാണാ വുന്നതാണ്. ഇതിന് ചരിത്രപരവും ഭരണഘടനാപരവുമായ മൂന്ന് ഘടകങ്ങളെ അടിസ്ഥാനമാക്കാവുന്നതാണ്.

ഒന്നാമതായി, സാമൂഹികവും മതപരവുമായ ആചാരങ്ങൾക്കെതിരായി നിന്നപ്പോഴൊക്കെ, സാമൂഹികപരിഷ്കർത്താക്കൾക്ക് എതിർപ്പ് നേരിടേണ്ടിവന്നിട്ടുണ്ട്. സതി നിർത്തലാക്കിയതിന്റെ പേരിൽ, ആധുനിക ഇന്ത്യയിലെ ആദ്യ സാമൂഹികപരിഷ്കർത്താവായ രാജാ റാം മോഹൻ റോയിക്ക് യഥാസ്ഥിതികരിൽ നിന്നും കടുത്ത പ്രതിഷേധമാണ് നേരിടേണ്ടിവന്നത്. ഹിന്ദു വിധവകളുടെ പുനർ വിവാഹാവകാശത്തിനായി പോരാടിയ ഈശ്വർ ചന്ദ്ര വിദ്യാസാഗർ, മരിക്കുമ്പോൾ വളരെ നിരാശനായിരുന്നു എന്ന് സുരേന്ദ്രനാഥ് ബാനർജി (1848-1925) പറയുന്നു. 1925 ൽ അതിനും 50 വർഷം മുൻപുണ്ടായിരുന്നത്ര തന്നെ ഹിന്ദു വിധവകൾ അവശേഷിച്ചിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. മഹാത്മാഗാന്ധിയ്ക്ക് അയിത്തത്തിനെതിരായ പ്രവർത്തനങ്ങൾക്കായി തന്റെ കുടുംബാംഗങ്ങളെയും ആശ്രമവാസികളെയും അനുനയിപ്പിക്കേണ്ടിവന്നിരുന്നു. അയിത്തോച്ചാടന പ്രവർത്തനങ്ങളെ അതിന്റെ യുക്ത്യാനുസരണമുള്ള പരിസമാപ്തിയിലെത്തിക്കുവാൻ ഗാന്ധിയ്ക്കുമായില്ല. പരിഷ്കർത്താക്കൾ എല്ലാക്കാലവും ഒറ്റപ്പെട്ടവരായിരുന്നു. പരിഷ്കരണത്തെ അവഗണിച്ചുകൊണ്ട്, പുറന്തള്ളിക്കൊണ്ട് സാമൂഹിക യാഥാസ്ഥിതികത്വം മടങ്ങിവരുന്നതിനെക്കുറിച്ച് മനസ്സിലാക്കുവാൻ പോയവർഷത്തെ “സ്റ്റഡീസ് ഇൻ ഇന്ത്യൻ പൊളിറ്റിക്സ്”ന്റെ വിശേഷാൽ പതിപ്പുകൾ കാണുക.

രണ്ടാമത്, ശബരിമല പ്രശ്നത്തിലെ ശരിയായ നിലപാടിനെക്കുറിച്ച് ഉറപ്പില്ലാത്ത ചില പുരോഗമനവാദികൾ, ഇക്കാര്യത്തിലെ ജനങ്ങളുടെ എതിർപ്പ്, ആചാരങ്ങളെ തങ്ങൾക്കനുകൂലമായ ഉപകരണങ്ങളാക്കുന്ന യാഥാസ്ഥികരുടെ പ്രയത്നഫലമാണെന്നിരിക്കെത്തന്നെ, അതിനെ സ്വമേധയാ പൊട്ടിപ്പുറപ്പെട്ട ജനകീയപ്രക്ഷോഭമായി കാണുന്നു. ചരിത്രപരമായി നമുക്ക്, ഇന്ത്യൻ സനാതന ധർമ്മത്തിന്റെ വിശ്വാസികളായ മദൻ മോഹൻ മാളവ്യയോ സ്വാമി കർപത്രിജിയോ പോലെയുള്ള ശുദ്ധ യാഥാസ്ഥിതികരെ, സ്വത്വരാഷ്ട്രീയത്തിന്റെ ഭാഗമായി പുരാതന ആചാരങ്ങളെ സം‌രക്ഷിച്ചു നിന്ന ബാലഗംഗാധര തിലകനെപ്പോലെയുള്ള പാരമ്പര്യവാദികളിൽ നിന്നും വേർതിരിച്ചറിയേണ്ടതുണ്ട്. ശബരിമല പ്രശ്നം പോലെ വിവാദ ചർച്ചകളുയർത്തിയ ‘ഏജ് ഒഫ് കൺസെന്റ്’ ബില്ലിനെക്കുറിച്ചുള്ള അഭിപ്രായത്തിൽ, തിലകിന്റെ ലോകവീക്ഷണം പ്രതിഫലിക്കുന്നുണ്ട്. വിവാഹപ്രായത്തെക്കുറിച്ചുള്ള നിയമനിർമ്മാണ ത്തിനായി പത്തൊൻപതാം നൂറ്റാണ്ടിന്റെയന്ത്യത്തിൽ പടിഞ്ഞാറൻ ഇന്ത്യ ചർച്ചകൾ നടത്തി. ശൈശവ വിവാഹം നിർത്തലാക്കുന്ന നിയമത്തെ , ജ്യോതിറാവുഫൂലെയെപ്പോലുള്ള സാമൂഹികപരിഷ്കർത്താക്കൾ അനുകൂലിച്ചപ്പോൾ, വിശ്വനാഥ് നാരായൺ മാലിക്കും തിലകും അനുകൂല നിലപാടുകളെടുത്തില്ല. സനാതനരുടെ ശാസ്ത്രങ്ങൾ ഇത്തരം ആചാരങ്ങളെ അംഗീകരിച്ചിരുന്നതിനാൽ, ശൈശവ വിവാഹം നിലനിൽക്കണമെന്നാണ് വിശ്വനാഥ് നാരായൺ മാലിക്ക് അഭിപ്രായപ്പെട്ടത്. തിലക് മുൻപോട്ട് വച്ചത് മറ്റൊരു കാഴ്ചപ്പാടാണ്. 1881ൽ അദ്ദേഹം “ ഈ ആചാരത്തെ പൂർണ്ണമായും ഇല്ലാതാക്കുന്നതിനായി ഓരോ ആര്യാവർത്ത പുത്രനും കഠിനമായി യത്നിക്കണമെന്ന് ഒരുഭാഗത്തും, എന്നാൽ ആചാരങ്ങളിൽ ഒരു മാറ്റവും ഉണ്ടാകരുതെന്ന് മറുഭാഗത്തും വാദമുന്നയിച്ചു: “ സർക്കാരിന്റെ നടപടികൾ വളരെ ഉപകാരപ്രദവും അനുയോജ്യവുമാണെങ്കിൽപ്പോലും ഞങ്ങളുടെ സാമൂഹികക്രമങ്ങളും ജീവിത ശൈലിയും നിയന്ത്രിക്കുന്നതിനായി സർക്കാർ നിയമങ്ങൾ ഞങ്ങളാഗ്രഹിക്കുന്നില്ല,” എന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.

Sabarimala, Sabarimala temple, sabarimala verdict, sabarimala protests, sabarimala temple entry, supreme court on sabarimala, bjp, congress, iemalayalm,Christophe Jaffrelot,
ഈശ്വർ ചന്ദ്ര വിദ്യാസാഗർ , രാജാറാം മോഹന്‍ റോയി

അതിലടങ്ങാതെ, തന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കുന്നതിനായി താൻ കൂടിച്ചേർന്ന് അംഗീകാരം നൽകിയ ഒരു പരിഷ്കാരത്തിനെതിരായി ജനങ്ങളെ സംഘടിപ്പിക്കുകയാണ് തിലക് ചെയ്തത്. ഇന്ത്യൻ പൊതുരംഗത്തേയ്ക്ക് ദേശീയ- ജനപ്രിയത (National populism) ആദ്യമായി കടന്നുവന്നത് തിലകിസത്തിലൂടെയാണ്. അദ്ദേഹമാണ് മതത്തെ ആദ്യമായി പരസ്യമായി രാഷ്ട്രീയത്തിൽ ഉപയോഗിച്ചത്. 1896 ലെ കേസരിയുടെ ഒരു മുഖപ്രസംഗത്തിൽ ഇങ്ങനെ പറയുന്നു: എന്തുകൊണ്ട് നമുക്ക് മത ഉത്സവങ്ങളെ രാഷ്ട്രീയ ജന ഘോഷയാത്രകളാക്കിക്കൂടാ?”
അതിന് മുൻപ് സ്വകാര്യാഘോഷമായി ഒതുങ്ങി നിന്നിരുന്ന ഗണേശോത്സവത്തെ വംശീയ -ദേശീയാഘോഷമാക്കി മാറ്റുവാൻ തിലകിന്റെ അനുയായികൾ ശ്രമിച്ചു എന്ന് മറ്റൊരു കേസരി മുഖപ്രസംഗം വ്യക്തമാക്കുന്നു: “മതചിന്തകളും പൂജകളും ഏകാന്തതയിലും സാധ്യമാകാം, എന്നാൽ ജനക്കൂട്ടത്തെ ഉണർത്തുന്നതിന് പ്രദർശനങ്ങളും ആഘോഷവുമെല്ലാം ആവശ്യമാണ്. ഈ ദേശീയാഭ്യർത്ഥനയിലൂടെ ഗണപതി ആരാധൻ കുടുംബവൃത്തങ്ങളിൽ നിന്ന് പൊതു ഇടങ്ങളിലേയ്ക്ക് വ്യാപിച്ചു.” ജനക്കൂട്ടം പിന്തുടരണമെന്നല്ല, അവർ ഉണർത്തപ്പെടണമെന്നാണു പറഞ്ഞതെന്നു ശ്രദ്ധിക്കുക. ഇതിൽ അവരുടെ അവബോധമല്ല പ്രധാനം, മറിച്ച് വംശീയവും മതപരവുമായ മുന്നേറ്റങ്ങൾക്കായി അവരെ പരുവപ്പെടുത്തുക എന്നതായിരുന്നു പ്രഥമമായ ആവശ്യകത.

അതേ തന്ത്രങ്ങളാണ് ഇന്ന്, ശബരിമല വിഷയത്തിൽ സംഘപരിവാർ പ്രയോഗിക്കുന്നതെന്ന്, ബി ജെ പിയുടെ കേരളാഘടകം പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ളയുടെ ആഹ്വാനത്തിൽ നിന്നും വ്യക്തമാണ്. മാധ്യമങ്ങൾക്ക് ചോർന്നുകിട്ടിയ ഒരു ടേപ്പിൽ പിള്ള ഇങ്ങനെ പറയുന്നു, “ശബരിമല ഒരു സുവർണ്ണാവസരമാണ്. ഇതൊരു പ്രശ്നമാണ്. നേർ വഴിയിലൂടെ പരിഹരിക്കാനാവുന്നതല്ല ശബരിമല പ്രശ്നം. നമ്മൾ ഒരജണ്ട മുൻപോട്ടു വയ്ക്കുന്നു. മറ്റെല്ലാവരും അതിനു മുൻപിൽ അടിയറവു പറയുന്നു, ഒടുവിൽ നമ്മളും നമ്മുടെ ശത്രുക്കളും, അതായത് സർക്കാരും അതിലെ പാർട്ടികളും, മാത്രം ബാക്കിയാകുന്നു.”Sabarimala, Sabarimala temple, sabarimala verdict, sabarimala protests, sabarimala temple entry, supreme court on sabarimala, bjp, congress, iemalayalm,Christophe Jaffrelot,

കഴിഞ്ഞ മാസം ക്ഷേത്രം തുറന്നപ്പോഴുണ്ടായ സംഘർഷങ്ങൾ ബി ജെ പി ആസൂത്രണം ചെയ്തതാണെന്നും പിള്ള പറയുന്നു: “ നമ്മുടെ ബി ജെ പി സെക്രട്ടറിമാർ മുൻ‌കൂട്ടി തീരുമാനിച്ച സ്ഥലത്തു പോകുകയും അവരുടെ കർത്തവ്യങ്ങൾ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. ശ്രീജിത് ഐ പി എസ്, രണ്ടു സ്ത്രീകളുമായി ശബരിമലയിലേയ്ക്ക് പോയപ്പോൾ, നമ്മുടെ യുവമോർച്ച നേതാവാണ് ഭക്തരെ വിളിച്ചുകൂട്ടി അവരെ തടഞ്ഞത്. പുറം ലോകത്തിനതറിയില്ല.” ജനപ്രക്ഷോഭങ്ങൾ സ്വമേധയാ ഉണ്ടായതാണെന്ന് വരുത്തിത്തീർക്കേണ്ടതിനാൽ പശ്ചാത്തലത്തിൽ നടന്ന സംഭവങ്ങൾ രാജ്യമറിയേണ്ടതില്ല.

ഈ വിഷയത്തിലെ ഒരേ ഒരു പ്രശ്നമല്ല ശബരിമല. അയോധ്യകേസിലും സുപ്രീം കോടതിയെ സംഘപരിവാർ വിമർശിച്ചിട്ടുണ്ട്. രാമക്ഷേത്ര നിർമ്മാണത്തിനായി നിയമം പാസ്സാക്കണമെന്ന് പ്രധാനമന്ത്രി മോദിയോട് കഴിഞ്ഞ മാസം ആവശ്യപ്പെട്ട അഖില ഭാരതീയ സന്ത് സമിതി സമ്മേളനം, കോടതിയെയും ആക്രമിച്ചിരുന്നു. നീതിപീഠത്തിലുള്ള എല്ലാവരും ക്ഷേത്രവിരുദ്ധരാണെന്നാണ് ഒരു പ്രാസംഗികൻ പറഞ്ഞത്. “ഹിന്ദുക്കളുടെ വികാരം വ്രണപ്പെട്ടു” എന്ന് ഒരു പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ച ആർ എസ് എസ് ജനറൽ സെക്രട്ടറി ഭയാജി ജോഷി, സുപ്രീം കോടതിയ്ക്ക് രാമക്ഷേത്രം ഒരു മുഖ്യപരിഗണനയല്ലെന്ന് പരാതിപ്പെട്ടു.

ശബരിമല, അയോധ്യ കേസുകളിൽ, ആചാരങ്ങളെ ആയുധമാക്കി ജനങ്ങളുടെ പടയൊരുക്കം നടത്തുകയും ജനങ്ങളെ ധ്രുവീകരിക്കുകയും ചെയ്യുന്ന സ്വത്വരാഷ്ട്രീയത്തിന്റെ സംഘാടകർ കോടതിയുടെ അന്തസ്സും അധികാരവും അപകടത്തിലാക്കുകയാണ്. ‘വർഗ്ഗീയ ലഹളകൾ ഒരാൾക്കും തടയാനാവില്ല” എന്നാണു അഖില ഭാരതീയ സന്ത് സമിതിയിലെ ഒരംഗം താക്കീത് നൽകിയത്.

സുപ്രീം കോടതി വിധി നടപ്പാക്കാനായില്ലെങ്കിൽ, അത് സാമൂഹിക പരിഷ്കരണങ്ങളെ പിന്തള്ളിക്കൊണ്ട് മത- വർഗ്ഗീയ രാഷ്ട്രീയക്കാർ നേടുന്ന വിജയം മാത്രമായിരിക്കില്ല, മറിച്ച് നീതിന്യായവ്യവസ്ഥ നേരിടുന്ന പരാജയം കൂടിയാകും. ഇത്തരം സൂചനകൾ അയൽ രാജ്യങ്ങളിലെ തെരുവുപ്രക്ഷോഭകരിലേയ്ക്ക് ചെന്നെത്തുമ്പോൾ മതത്തിന്റെ പേരിൽ നിയമം കൈയിലെടുക്കുവാൻ തുനിഞ്ഞിരിക്കുന്നവർക്ക് അതു ധൈര്യം പകരും. അപ്പോൾ, ഇതിലെവിടെയാണ് ധർമ്മസങ്കടം?

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Sabarimala temple women entry protests bjp

Best of Express