Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

നിയമത്തിന്റെ മാറ്റവിധി ദൈവത്തിനോ വിശ്വാസിക്കോ എതിരല്ല

“സഹജീവി ദൈവമാകുന്ന കാലം വരെ ജീവിതപ്രാരാബ്ധങ്ങളിൽ ആരെയെങ്കിലും ഒന്നു വിളിച്ചു കരയുവാൻ മനുഷ്യനൊരു ദൈവം ആവശ്യമാണ്. പക്ഷേ ആ ദൈവത്തെ സവർണ്ണന്റെ നിയമങ്ങൾ കൊണ്ട് പൂട്ടിയിടേണ്ട കാര്യമില്ല” ശബരിമല കോടതി വിധിയുടെ പശ്ചാത്തലത്തിലുളള നിരീക്ഷണം

sabarimala supreme court judgement

ഇന്ത്യയിൽ കഴിഞ്ഞ കുറച്ച് ദിവസമായി വരുന്ന കോടതി വിധികൾ വളരെ സജീവമായ ചർച്ചയാകുന്നുണ്ട്. രൂഢമൂലമായ വിശ്വാസങ്ങളും സദാചാര മാമൂലുകളും സമൂഹത്തിൽ സൃഷ്ടിച്ച ചിലന്തിവലകളെ ആ വിധികൾ പൊട്ടിക്കുന്നത് കൊണ്ടും കൂടെയാണ് ഇവ ഇത്രയധികം ചർച്ച ചെയ്യപ്പെടുന്നത്. ഇതിൽ മലയാളികൾക്ക് ഏറ്റവും പ്രധാനപ്പെട്ട വിധികളിലൊന്നാണ് ശബരിമലയിലെ സ്ത്രീ പ്രവേശനത്തിലെ പ്രായം അടിസ്ഥാനമാക്കിയുളള വിവേചനം ഇല്ലാതാക്കിയത്.

അധികാരവും വിശ്വാസവും എക്കാലത്തും എല്ലാ മതവിശ്വാസത്തിലും ഇഴചേർന്ന് കിടക്കുന്ന ഒന്നാണ്. ചെറിയൊരു വിഭാഗത്തിന്റെ അധികാരതാൽപര്യങ്ങളിലൂന്നി നിന്നുളള ആ താൽപര്യസംരക്ഷണത്തിന് സ്ത്രീവിരുദ്ധതയും കീഴാള വിരുദ്ധതയുമാണ് അവയുടെ അടിത്തറ. വിശുദ്ധയായും ദേവതയായും ഒക്കെ വാഴ്ത്തിപ്പാടലുകൾ നടത്തിക്കൊണ്ട് തന്നെ, സ്ത്രീയോട് പുലർത്തുന്ന വിവേചനത്തിന്റെയും, അയിത്തത്തിന്റെയും അടിയകലങ്ങൾ എല്ലാ മതങ്ങളുടെയും ഭാഗമാണ്. ഈ പശ്ചാത്തലത്തിലാണ് അധികാരത്തിന്റെ സാധ്യതകളിൽ നിന്നു തന്നെ മറ്റൊരു അധികാര കേന്ദ്രത്തെ പിടിച്ചുകുലുക്കുന്ന വിധിയുണ്ടാകുന്നത്. ശബരിമല വിധി പ്രഖ്യാപിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ തന്നെയുണ്ടായിരുന്ന ഏക വനിത ന്യായാധിപ സ്ത്രീകൾക്ക് നിലനിൽക്കുന്ന വിവേചനം തുടരണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന സാഹചര്യവുമുണ്ടായി.

മതവിശ്വാസവുമായും ക്ഷേത്രാരാധനയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശബരിമലയെന്നല്ല , ഏതായാലും വിശ്വാസമാണ് പ്രധാനമെന്നും അവയിൽ നിയമം ഇടപെടാതിരിക്കണമെന്നുമുള്ള രീതിയിലുളള നിലപാടാണ് ഈ കേസ് പരിഗണിച്ച ബെഞ്ചിലെ ജസ്റ്റീസ് ഇന്ദു മൽഹോത്ര സ്വീകരിച്ചത്.

“വിവേചനമുള്ളതായി കാണപ്പെട്ടാലും കോടതി മതപരമായ ആചാരങ്ങളിൽ ഇടപെടേണ്ടതില്ല, മതത്തിന്റെ കാര്യങ്ങളിൽ യുക്തിപൂർ‌വ്വകമായ ഇടപെടലുകൾ ആവശ്യമില്ല. ആർട്ടിക്കിൾ 25 അനുസരിച്ചുള്ള ആരാധനാസ്വാതന്ത്ര്യത്തെ തുല്യാവകാശവാദത്താൽ മറികടക്കാൻ പാടില്ല.” എന്നാണ് ജസ്റ്റീസ് ഇന്ദു മൽഹോത്ര പറഞ്ഞത്. മൗലികാവകാശവും സമത്വാവകാശവും തമ്മിലുള്ള പ്രശ്നമാണിതിൽ വ്യക്തമാകുന്നത്. ആർട്ടിക്കിൾ 25 മൂലമുള്ള ആ പൊരുത്തക്കേട്, നിലവിൽ സമൂഹത്തിന്റെ പുരോഗതിയ്ക്ക് പ്രശ്നമാകുന്നുവെങ്കിൽ, അതുതന്നെയല്ലേ അഴിച്ചു പണിയേണ്ടത്? ഭൂരിപക്ഷമോ ന്യൂനപക്ഷമോ ആയ മതങ്ങൾ സ്വന്തം നിയമങ്ങൾ അവയുടെ വിശ്വാസികളിൽ അടിച്ചേല്‍പ്പിക്കുവാന്‍ അനുവദിക്കുന്നത് എത്ര കാലം തുടരും? (മതാചാരവും വിശ്വാസവും നിയമവുമായി കൊമ്പുകോർക്കുന്നത് അടുത്ത കാലത്ത് കൂടുതൽ സംഭവിക്കുന്നുണ്ട്, തട്ടമിട്ട് പ്രവേശന പരീക്ഷ എഴുതുന്നത്, ശനിയാഴ്ച നടത്തുന്ന പരീക്ഷകൾ, താലിമാല ഊരേണ്ടിവരുന്നത് എന്നിവപോലെയുള്ള ചെറിയ ചെറിയ പ്രശ്നങ്ങൾ ഓർക്കാം)

ശബരിമലയെ സംബന്ധിച്ചതും കാലങ്ങളായി നിലനിന്നുവരുന്നതുമായ 50 കഴിഞ്ഞ സ്ത്രീകൾക്ക് മാത്രമേ മല ചവിട്ടാനാകൂ എന്ന വിശ്വാസത്തിലധിഷ്ഠിതമായ ആചാരത്തെയാണ് സുപ്രീം കോടതി വിധി ഇല്ലാതാക്കിയത്. പൗരാവകാശങ്ങളും മതേതരത്വവും എല്ലാം നിലനിൽക്കേണ്ടതുള്ളപ്പോൾ തന്നെ ആചാരങ്ങളിൽ, നിയമനിർമ്മാണസഭകൾ വഴിയോ കോടതി വഴിയോ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്, അത്തരം മാറ്റങ്ങളെ, സാമൂഹിക പുരോഗതിയുടെ പടികളായി നോക്കിക്കാണുകയല്ലേ കൂടുതൽ ഉചിതം? ദൈവവും ദേവാലയങ്ങളും നിലനിൽക്കട്ടെ, അവയെ തള്ളിക്കളയുകയോ, അവഗണിക്കുകയോ ചെയ്യുവാൻ സർക്കാരുകൾക്ക് നിലവിലുള്ള ഭരണഘടനയിൽ അവകാശമില്ല എന്നിരിക്കെത്തന്നെ, ഇത്തരം ഇടപെടലുകൾ ഭരണപരമായ രീതിയിൽ ഉണ്ടാകുന്നില്ലെങ്കിൽ സമൂഹം കൂടുതൽ ജീർണ്ണിക്കുകയല്ലേ ചെയ്യുക? ബ്രാഹ്മണർ മാത്രം പൂജാരിമാരാകുക, ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റു ജോലികൾ അമ്പലവാസികൾ എന്നു പ്രത്യേകം തിരിച്ചിട്ടുള്ള ജാതികളിൽ പെട്ടവർ മാത്രം ചെയ്യുക, ക്ഷേത്രത്തിന് പരിസരത്തുകൂടി അഹിന്ദുക്കൾ യാത്ര ചെയ്യരുത്, ക്ഷേത്രത്തിനു മുൻപിലൂടെ മൃതദേഹങ്ങൾ കൊണ്ടുപോകുവാൻ പാടില്ല, ഉത്സവാഘോഷങ്ങളിൽ താലമെടുക്കുക പോലെയുള്ള ആചാരങ്ങളിൽ അവർണ ജാതിക്കാരിൽ പെട്ട സ്ത്രീകൾ പങ്കെടുക്കുവാൻ പാടില്ല മുതലായ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പൗരാവകാശ ലംഘനങ്ങൾ തന്നെയായ നിരവധി നിയമങ്ങൾ ഇപ്പോഴും നിലവിലുണ്ട്. ഇവയൊക്കെ വിശ്വാസികൾ തന്നെ സ്വയം മാറ്റട്ടെ എന്നാണെങ്കിൽ അതിനിനി എത്രയോ തലമുറകൾ കഴിയേണ്ടി വരും? തന്നെയുമല്ല, ഇത്തരം കാര്യങ്ങൾ തീരുമാനിക്കുന്നത് ഭൂരിപക്ഷവുമല്ല. സവർണ്ണർക്ക്, അവരിലെ മൗലികവാദികള്‍ക്ക്, പ്രത്യേക വീറ്റോ പവർ ഉള്ളവയാണ് ക്ഷേത്രവുമായി സംബന്ധിച്ച കൂടുതൽ കാര്യങ്ങളും. അതുകൊണ്ടു തന്നെ ഒന്നോ രണ്ടോ പേർ മാത്രം വിചാരിച്ചാൽ പോലും ഇവയൊക്കെ നിലനിൽക്കും. വിശ്വാസത്തെ സ്പർശിക്കുന്നുവെന്നു വരുത്തിത്തീർക്കുവാൻ അവർക്കെളുപ്പമായിരിക്കും. പരിപാടിയിൽ മാറ്റം വരുത്താൻ ഉത്സവക്കമ്മിറ്റിയ്ക്ക് അധികാരമുണ്ടെന്ന് മാത്രമല്ല, ഉത്സവക്കമ്മിറ്റിക്കാർക്കു മാത്രമേ അധികാരമുള്ളൂ ( പിന്നെ മഴയ്ക്കും) എന്നതാണ് വാസ്തവം.

മത വിശ്വാസമാണിത് എന്നാണെങ്കിൽ, മതത്തിൽ പാതിയോ അതിലധികമോ തന്നെ വരുന്ന സ്ത്രീകൾക്കോ, മതത്തിലുൾപ്പെട്ട പല ജാതികൾക്കോ പങ്കില്ലാതെ എങ്ങനെയാണിത്തരം നിയമങ്ങൾ ഉണ്ടായത്? മതം തന്നെ തെറ്റാണെന്നും അതുകൊണ്ട് മതത്തിനുള്ളിലെ തെറ്റുതിരുത്തുവാൻ ശ്രമിക്കുന്നത് അർത്ഥശൂന്യമാണെന്നും വാദിക്കാം, പക്ഷേ മതമെന്ന അധികാരസ്ഥാപനം ഒറ്റയടിയ്ക് ഇല്ലാതാകുന്നതല്ല. എന്നാൽ, മതത്തിന്റെ അധികാരങ്ങളെ നേർപ്പിച്ചുകൊണ്ട് കാലക്രമേണ അങ്ങനെയൊന്നിന്റെ സാമൂഹിക സ്വാധീനം ഒഴിവാക്കാം.

അവർണ്ണരും സ്ത്രീകളുമാണ് ദൈവവിശ്വാസവുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളിലെയും ഇരകൾ. എതിർക്കാതെ അനുസരിച്ചു വന്നവർ ഘട്ടം ഘട്ടമായി ഓരോരോ നിയമങ്ങളെ പൊളിച്ചുമാറ്റുകയാണിപ്പോൾ. ജാതിയിൽ താഴ്ന്നവൻ ക്ഷേത്രത്തിൽ നിന്ന് നിശ്ചിത അകലം മാറി നിന്ന് തൊഴുകയും പൂജാരി നീട്ടിയെറിഞ്ഞുകൊടുക്കുന്ന പ്രസാദം അവിടെ നിന്ന് വാങ്ങുകയും ചെയ്തിരുന്ന കാലത്തിൽ നിന്ന്, ഇപ്പോൾ മറ്റുള്ളവരുടെ കൂടെ നിൽക്കുവാനുള്ള അധികാരം നേടിയതും അങ്ങനെയാണ്. അബ്രാഹ്മണർ വളരെ കുറഞ്ഞ തോതിലെങ്കിലും പൂജാ ജോലികളിലേയ്ക്ക് വന്നു തുടങ്ങിയിരിക്കുന്നു. അതായത് സമൂഹത്തിൽ നേരിയ രീതിയിൽ മാറ്റങ്ങൾ വന്നുതുടങ്ങുന്ന ഇക്കാലത്തും നമുക്ക് മതേതരത്വത്തിന്റെ പേരിൽ, പഴയ ആചാരങ്ങളെ നിലനിർത്തണമെന്നോ അതല്ല, അവയെ വിശ്വാസികൾ കൈകാര്യം ചെയ്യട്ടെയെന്നോ പറഞ്ഞു മാറിനിൽക്കാനാവില്ല. വിശ്വാസി എന്ന വാക്കിൽ തന്നെ അതിന്റെ കാരണവുമുണ്ട്. യുക്തിയോ ബുദ്ധിയോ ആവശ്യമില്ലാത്ത ഒന്നാണ് വിശ്വാസം, എന്നു മാത്രമല്ല, “ അതങ്ങനെയാണ്” എന്ന ഒറ്റ വാക്യത്തിൽ നമുക്ക് പലതും മറച്ചു വയ്ക്കുകയും ചെയ്യാം. ഒച്ചിന്റെ സഞ്ചാരവേഗതയിൽ മതി സമൂഹത്തിന്റെ മുന്നേറ്റമെന്ന് പറയുന്നത് മനുഷ്യവിരുദ്ധമാണ്.

ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട വടയമ്പാടി പോലെയും കലാകാരന്റെ മൃതദേഹത്തെ അവഹേളിച്ച എറണാകുളം പ്രശ്നം പോലെയുമുള്ള സംഭവങ്ങൾ അടുത്ത കാലത്തും കേരളത്തിലുണ്ടായതാണ്. “എന്റെ മുറ്റത്തു പുലയനും പറയനും തീയനും കയറാൻ പാടില്ല” എന്നു പറഞ്ഞ പഴയ തമ്പുരാൻ തന്നെയാണു അമ്പലമുറ്റത്തും ആരൊക്കെ കയറണം എന്നു തീരുമാനിച്ചത്. അതു വിശ്വാസിയുടെ അടിസ്ഥാന നിയമമല്ല. ആണെന്നു വരുത്തിത്തീർത്തതാണ്. അതുകൊണ്ടു തന്നെ പുതിയ മനുഷ്യൻ – ഇന്നത്തെ മനുഷ്യൻ -പുതിയ രീതിയിൽ ചിന്തിച്ചേ പറ്റൂ. വിശ്വാസം നിലനിൽക്കട്ടെ, സഹജീവി ദൈവമാകുന്ന കാലം വരെ ജീവിതപ്രാരാബ്ധങ്ങളിൽ ആരെയെങ്കിലും ഒന്നു വിളിച്ചു കരയുവാൻ മനുഷ്യനൊരു ദൈവം ആവശ്യമാണ്. പക്ഷേ ആ ദൈവത്തെ സവർണ്ണന്റെ നിയമങ്ങൾ കൊണ്ട് പൂട്ടിയിടേണ്ട കാര്യമില്ല.

നിയമത്തിന്റെ മാറ്റവിധി ദൈവത്തിനോ വിശ്വാസിയ്ക്കോ എതിരല്ല, വിശ്വാസത്തെയും ദൈവത്തെയും സ്വന്തമാക്കിയ ചില അധികാരിവർഗ്ഗ ങ്ങൾക്കെതിരെ മാത്രമാണ്, അതിനാൽ തന്നെ ഭരണഘടനയെ അതു ലംഘിക്കുന്നുമില്ല.

Read More: പഞ്ചകന്യകമാരുയർത്തിയ ചോദ്യങ്ങൾ: കന്യാസ്ത്രീകളുടെ സമരത്തെ കുറിച്ച് ബോബി തോമസ് എഴുതിയ ലേഖനം

Get the latest Malayalam news and Opinion news here. You can also read all the Opinion news by following us on Twitter, Facebook and Telegram.

Web Title: Sabarimala sc removes gender barrier women of all ages can worship now

Next Story
പഞ്ചകന്യകമാരുയർത്തിയ ചോദ്യങ്ങൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com