Latest News

ശബരിമല : ജനാധിപത്യത്തിലെ അശുഭ സൂചനകള്‍

“സുപ്രീം കോടതി വിധിക്ക് നേരെ, മതാധിപത്യത്തിന്റെ ശക്തിയെ തുറന്നു വിടുക, സാമൂഹിക പരിഷ്കരണത്തിനെതിരെ ദുരാചാരത്തിന്റെ രാഷ്ട്രീയവും, കൂടുതൽ രാഷ്ട്രീയവിവാദങ്ങളുണർത്തുന്നതിനുള്ള പ്രതിഷേധങ്ങളും നടപ്പാക്കുക ഇവയൊന്നും ഒരു പരമാധികാര ജനാധിപത്യ രാജ്യത്തിന് ശുഭസൂചകങ്ങളല്ല” പ്രതാപ് ഭാനു മേത്തഎഴുതുന്നു

sabarimala prathap bhanu

അശുഭസൂചകമായ ഒരു വിലക്ഷണ രാഷ്ട്രീയ ചിത്രമാണ് ശബരിമല വിധിയുടെ അനന്തരഫലങ്ങൾ കാണിച്ചു തരുന്നത്. വിധിയെപ്പറ്റി, നിയമാനുസാരമായ അനവധി ഉത്കണ്ഠകളുണ്ട്. വിധിയെ അനുകൂലിക്കു ന്നവർ പോലും അതിൽ അന്തർഭവിച്ചിരിക്കുന്ന വിശാലയുക്തിയെപ്പറ്റി ആശങ്കപ്പെടുന്നു; നേരെ മറിച്ച്, അനന്തര ഫലങ്ങളോട് പ്രതികൂലിക്കുന്ന വർ പലരും പ്രതിലോമകാരികളല്ല. പക്ഷേ, കേരളത്തിന്റെ മണ്ണിൽ, വിധി നടപ്പാക്കുന്നതിനെ തടയുന്നതിനുള്ള അസാധാരണമായ ഒരു പ്രക്ഷോഭ ത്തെ ഇളക്കിവിടുന്നതിനിതുപയോഗിക്കപ്പെട്ടു. വിധിയെപ്പറ്റിയുള്ള നമ്മുടെ വിയോജിപ്പുകൾ എന്തായിരുന്നാലും, ഈ പ്രക്ഷോഭങ്ങൾ പ്രതിനിധീകരിക്കുന്ന അപകടങ്ങളെപ്പറ്റി നാം അബദ്ധധാരണകൾ വച്ചുപുലർത്തരുത്.

മൂന്നു പ്രശ്നങ്ങളാണ്, ശബരിമല വിധിയുടെ അനന്തരഫലങ്ങൾ ഉയർത്തുന്നത്. ഒന്ന്, ഈ സവിശേഷ കോടതിവിധിക്കെതിരായുള്ള മനോഭാവത്തെയല്ല ഈ പ്രക്ഷോഭങ്ങൾ കാണിച്ചു തരുന്നതെന്ന മിഥ്യാധാരണ നമുക്കുണ്ടാകരുത്. മറിച്ച്, അത് കോടതിയുടെ അധികാരത്തിനെതിരായുള്ള അതിശക്തമായ ഒരു പടയൊരുക്കം തന്നെയാണ്. അതായത്, വിശ്വാസത്തിന്റെ കുപ്പായമണിയിച്ച് ഒരു പ്രതിരോധത്തിന് രൂപം കൊടുക്കുവാനാകുമെങ്കിൽ, സുപ്രീം കോടതി വിധിയെ തടയുന്നത് തികച്ചും ഉചിതമായ കാര്യമാണെന്ന ആശയത്തിന് നിയമസാധുത നൽകുവാനുള്ള ശ്രമമാണിത്. സുപ്രീം കോടതിയുമായി വിയോജിക്കുന്നതിന് വല്ലപ്പോഴുമൊക്കെ കാരണങ്ങളുണ്ടാകാറുണ്ട്, ചിലപ്പോഴത് മണ്ടത്തരങ്ങളുമായി വരാറുമുണ്ട്. പക്ഷേ, വിധിക്കെതിരായ ഈ പ്രക്ഷോഭം വിജയിക്കുകയാണെങ്കിൽ, മതത്തിന്റെ കാര്യം വരുമ്പോൾ, അരാജകത്വത്തിന്റെ ഏതു ഭാഷയും, വിശ്വാസ്യത നേടുന്നുവെന്ന ഉറച്ച പ്രഖ്യാപനത്തിലേയ്ക്കാകും അതു നയിക്കപ്പെടുക. മതാടിസ്ഥാനത്തിലുള്ള രാഷ്ട്രീയപ്രക്ഷോഭങ്ങൾക്ക് ഭരണഘടനാപരമായ ഏതു തത്വത്തിനും മേലെ നിൽക്കുന്ന ഒരു വീറ്റോ അധികാരമുണ്ടെന്നും അതിന് സുപ്രീം കോടതിയുടെ അധികാരത്തെ റദ്ദ് ചെയ്യാനാകുമെന്നുമുള്ള ആശയത്തിന് അടിത്തറയിടുന്നവയാണ്, ഈ പ്രക്ഷോഭത്തിന്റെ അനന്തരഫലങ്ങൾ.

ഇത് വളരെ ആപത്കരമായ ഒരു പാതയാണ്. ആം ആദ്മി പാർട്ടി, അഴിമതിപ്രശ്നങ്ങൾക്കെതിരെ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചപ്പോൾ, അരാജകത്വത്തിന്റെ ബീഭത്സത ഉയർത്തിയ രാഷ്ട്രീയപാർട്ടികളും വാദക്കാരും, ഒരു സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെ തടയുന്നതിനായി അക്രമമാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതിന് രാഷ്ട്രീയപാർട്ടികൾ പരസ്യമായി തയ്യാറായതിൽ യാതൊരു ദുസ്സൂചനകളും കണ്ടില്ല. തങ്ങൾക്കനുകൂലമായി ലഭിച്ച സുപ്രീം കോടതി വിധി നടപ്പാക്കിയെടുക്കുവാൻ തയ്യാറായ സ്ത്രീകളെ തടയുവാനും ഭയപ്പെടുത്തുവാനും ആൾക്കൂട്ടത്തിന് കഴിഞ്ഞു എന്നതിൽ നാം ദുഃഖിക്കണം. ഈ സംഘർഷങ്ങളെ തണുപ്പിക്കുവാൻ ശ്രമിക്കുന്നതിന് പകരം, അതിനെ ആളിക്കത്തിക്കുവാനാണ്‌ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ശ്രമിച്ചതെന്നുള്ളത്, നിയമവ്യവസ്ഥയുടെ മുൻപിൽ ഒരു നല്ല സൂചനയല്ല. ഇത് കേരളത്തിൽ മാത്രമൊതുങ്ങി നിൽക്കുന്ന ഒരു ദുഷ്ക്കാഴ്ചയല്ല.sabarimala, prathap bhanu metha

സാമൂഹിക പരിഷ്കരണങ്ങളുടെ നടപടിക്രമങ്ങളാണ് രണ്ടാമത്തെ പ്രശ്നം. സാമൂഹിക പരിഷ്കരണത്തിൽ കോടതിയുടെ പങ്ക് എന്തായിരിക്കണം? കോടതിയുടെ പങ്കാളിത്തത്തെപ്പറ്റിയുള്ള രണ്ടു തരത്തിലുള്ള തീവ്രനിലപാടുകളും സങ്കല്‍പ്പിക്കുവാനാകാത്തവയാണ്. ഇത് കോടതിയുടെ പ്രവർത്തനമണ്ഡലമേയല്ലെന്ന് ഒരു വീക്ഷണം പറയുന്നു. ഈ വാദം പ്രത്യക്ഷത്തിൽ തന്നെ ശരിയല്ല. അസമത്വത്തിന്റെ ഏത് പ്രശ്നങ്ങളിലാണ് ഇടപെടേണ്ടതെന്ന കാര്യം തീരുമാനിക്കുക എന്നത് പൂർണ്ണമായും സമൂഹത്തിന് വിട്ടുകൊടുക്കുവാൻ ഒരു കോടതിയ്ക്കുമാകില്ല. മറ്റൊരു വീക്ഷണം പറയുന്നത്, ഏതളവിലുള്ള നാശമാണുണ്ടാക്കുന്നതെ ന്ന വിവേചനമില്ലാതെ തന്നെ, ഭരണഘടനാപരമായ നീതി നടപ്പാക്കുവാൻ കോടതി അതിന്റെ അധികാരം ഉപയോഗിക്കണമെന്നാണ്. എതു നടപടി ക്രമങ്ങളിലും കോടതി ഇടപെടുവാൻ ശ്രമിക്കുന്നതിലേയ്ക്ക് നയിക്കുന്ന ആശയമാണിത്. എല്ലാ മധ്യവർത്തി സ്ഥാപനങ്ങളുടെയും ആന്തരിക നടപടിക്രമങ്ങളെ ഭരണഘടനാപരമായ പ്രമാണങ്ങളിലൂടെ, അവ ചെറു പരാമാധികാരസംവിധാനങ്ങൾ ആകേണ്ടതാണെന്നതുപോലെ, പുന:സംഘടിപ്പിക്കുകയാണിതിന്റെ ഉദ്ദേശം. കോടതിയധികാരത്തെ ക്കുറിച്ചുള്ള ഈ കാഴ്ചപ്പാടിൽ തെറ്റുണ്ട്. നിയമത്തിന് പ്രവർത്തിക്കു വാനായി, വസ്തുതകളും നിയമങ്ങളും, നിയമവും സമൂഹവും, പാതിവഴിയി ലെങ്കിലും പരസ്പരം കണ്ടുമുട്ടണമെന്ന് പഴയ ഒരു സാമാന്യോക്തി പറയുന്നു. സാമൂഹിക ക്രമങ്ങളോട് തീർത്തും ബന്ധമില്ലാത്ത നിയമം നടപ്പിലാക്കുക ദുഷ്കരമാണ്. എന്നാൽ, മറുഭാഗത്ത്, സാമൂഹിക നിയമക്രമങ്ങൾക്ക് പൂർണ്ണമായും അടിയറവ് പറയുന്നത്, അന്യായത്തിന് അടിയറവ് പറയുക തന്നെയാകുകയും ചെയ്യാം. സാമൂഹിക മധ്യവർത്തി കളെന്ന നിലയിൽ കോടതിയ്ക്ക്, ഈ രണ്ട് നിലപാടുകൾക്കും ഇടയിൽ വ്യക്തമായ ഒരു രേഖ കണ്ടെത്തുന്നതിന്, എല്ലായ്പ്പോഴും കഠിനമായി യത്നിക്കേണ്ടിവരും.

കോടതികളെപ്പറ്റി ഇനിയുമൊരു വശം കൂടി. കോടതി ഇടപെടലുകൾ പ്രതിലോമശക്തികളെ ഏകീകരിക്കുന്നു, അതിനാൽ അവയെക്കുറിച്ച് ജാഗ്രത പാലിക്കേണ്ടതുണ്ട് എന്നും പലപ്പോഴും കേൾക്കുന്നു. ഷാബാനു കേസിനു ശേഷം ഇത് എല്ലായ്പ്പോഴും അങ്ങനെയാകണമെന്നില്ല. ഇത് അമേരിക്കയിലും പല കോടതി ഇടപെടലുകളുടെയും, ‘Roe v. Wade’ ഉൾപ്പടെ, ബാക്കിപത്രമായി ഉയർന്നിരുന്ന വാദമാണ്. പക്ഷേ, ഈ ഏകീകരണം മിക്കവാറും സംഭവിക്കുന്നത് ലിംഗപരമായ പ്രശ്നങ്ങളിലാണെന്നുള്ളതാണ് കൗതുകകരമായ വസ്തുത. സ്ത്രീകളും ഈ വിധിയെ എതിർക്കുന്നവരിൽ ഉണ്ടെന്നത് വാസ്തവമാണെങ്കിലും ഇതിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയശക്തികൾ വലിയ തോതിൽ പുരുഷാധിപത്യത്തിന്റേത് തന്നെയാണ്.

സാമൂഹിക പരിഷകരണത്തിന്റെ ഉത്തരവാദിത്തം രാഷ്ട്രീയ പാർട്ടികളു ടെയും സാമൂഹിക സംഘടനകളുടെയും ചുമലിൽ വച്ചുകൊടുക്കണ മെന്നാണ് കോടതിയുടെ വിമർശകരിൽ പലരും ആവശ്യപ്പെടുന്നത്. ഈ വാദത്തോട് എനിക്ക് അനുതാപമുണ്ട്. പക്ഷേ, ഇവിടെ ശബരിമല എടുത്തു കാട്ടുന്നത് ഇരട്ട ദുരന്തമാണ്. ഇന്ത്യൻ രാഷ്ട്രീയപാർട്ടികൾ സ്പഷ്ടമായിത്തന്നെ യാഥാസ്ഥിതികരും പ്രതിലോമശക്തികളൂം, സമൂഹത്തെ മുൻപോട്ട് നയിക്കുന്നതിൽ വിമുഖരുമാണ്. ബി ജെ പിയും, തനതായ രീതിയിൽ കോൺഗ്രസ്സും മത ഏകീകരണത്തിന്റെ രാഷ്ട്രീയം കളിക്കുന്നതിന് പൂർണ്ണമായും തയാറാണ്. ഇവർ രണ്ടു കൂട്ടരും ആചാരവിശ്വാസികൾക്ക് പിന്തുണ നൽകുന്നു. അതവരെ സാമൂഹിക പരിഷ്കർത്തക്കൾ എന്ന പ്രതീക്ഷിക്കപ്പെടുന്ന ഭാഗത്തു നിന്നു മാറ്റി പരിഷ്കരണവിരോധികളാക്കുന്നു. സാമൂഹിക സംഘടനകളാണെങ്കിൽ, സ്വാതന്ത്ര്യാനന്തരം, അവ ദുർബലമാക്കപ്പെടുകയാണുണ്ടായത്. അമ്പലങ്ങളുടെയും ട്രസ്റ്റുകളുടെയും കാര്യത്തിൽ, വിചിത്രമായ രാഷ്ട്രീയ കൂട്ടുകെട്ടുകൾ രൂപപ്പെട്ടു. ഒരുഭാഗത്ത്, പല ഹിന്ദു സ്ഥാപനങ്ങളും സർക്കാർ ഫലപ്രദമായി ഏറ്റെടുത്തു. മറുഭാഗത്ത്, ദേവസ്വം ബോർഡ് പോലെയുള്ള അത്തരം സംവിധാനങ്ങൾക്ക് പരിഷ്കരണത്തിനോ സംവാദത്തിനോ ഉള്ള സംവിധാനമാകാൻ സാധിച്ചില്ല. ശബരിമലയിൽ പോലും, പരിപാലകരിൽ പലരും ദൈവശാസ്ത്രത്തെക്കാളധികമായി വമിപ്പിക്കുന്നത് സ്ത്രീ വിരുദ്ധതയാണ്. പക്ഷേ അങ്ങേയറ്റം പിന്തിരിപ്പന്മാ രായ മതസംഘടനകൾക്ക് രാഷ്ട്രീയപാർട്ടികൾ പരസ്യമായ പിന്തുണ നൽകുമ്പോൾ, ( ഷാ ബാനു കേസ് കഴിഞ്ഞപ്പോഴുള്ള കോൺഗ്രസ്സ് നടപടികൾ, ബി ജെപിയുടെ യാഥാസ്ഥിതിക സേനയുടെ പ്രവൃത്തികൾ എന്നിവ പോലെ) സാമൂഹിക പരിഷ്കരണമെന്നത് ഒരു മരീചികയാകുന്നു. സുപ്രീം കോടതിയുടെ അധികാരപരിധിക്കപ്പുറം കടക്കുന്നുവെന്നത്, നമ്മുടെ പ്രവർത്തനഭംഗത്തിന്റെയൊരു കാരണമല്ല: അതൊരു ലക്ഷണമാണ്.എന്നാൽ, യാഥാസ്ഥിതികർക്ക് പിന്നിൽ അണിനിരക്കുന്ന രണ്ട് ദേശീയപാർട്ടികളുടെ ഭീകരചിത്രം നിങ്ങൾക്ക് അപായസൂചനകൾ തന്നേ പറ്റൂ.

sabarimala,prathap bhanu mehtha
ഫൊട്ടോ : വിഗ്നേഷ് കൃഷ്ണമൂര്‍ത്തി

മൂന്നാമത്തെ പ്രശ്നം, ഇത്തരം പ്രക്ഷോഭങ്ങൾ പ്രദർശിപ്പിക്കുന്ന വിപുലമായ ധാർമ്മിക മനഃശാസ്ത്രമാണ്. ഇരയുടെ ഭാഗം അഭിനയിക്കുവാനവസരം കാത്തിരുന്ന ഹിന്ദു സംഘങ്ങൾക്ക് കോടതി വിധി സഹായകമായി എന്നത് വാസ്തവം. ഹിന്ദുക്കൾ, ഭിന്നശക്തികളുടെ നിരന്തര ഭീഷണിക്ക് വിധേയരാണ് എന്ന ആശയം ബി ജെ പിയ്ക്ക് ശക്തിപ്പെടുത്തുവാനായി. “ഹിന്ദു മതം ആപത്തിലാണ്” എന്ന ഭീകരാശയത്തെ സജീവമാക്കുവാൻ ഇതുകൊണ്ടവർക്ക് സാധിച്ചു. ഭരണകൂടത്തെ പ്രകോപിപ്പിക്കുക എന്നതും അവരുടെ തന്ത്രത്തിന്റെ ഭാഗമാണ്. അയ്യപ്പസ്വാമിയെ സംരക്ഷിക്കുന്ന “വിശ്വാസി” കളെ ആക്രമിക്കുന്ന ഭരണകൂടം അവരുടെ തന്ത്രങ്ങൾക്ക് കൂടുതൽ ബലം നൽകും. അതുകൊണ്ടുതന്നെയാണ് ഭരണകൂടം ഒരു വിഷമസന്ധിയിലായതും. ഇതൊരു വലിയ സാംസ്കാരിക യുദ്ധമായി ഉപയോഗിക്കുവാൻ കമ്യൂണിസ്റ്റുകൾക്ക് കാരണങ്ങളുണ്ടായി രുന്നിരിക്കാം. പക്ഷേ, വാസ്തവത്തിൽ, സുപ്രീം കോടതി വിധി നടപ്പാക്കു വാൻ ശ്രമിക്കുകയല്ലാതെ കേരള മുഖ്യമന്ത്രിയ്ക്ക് മറ്റ് മാർഗ്ഗങ്ങളില്ല. ബി ജെ പിയ്ക്ക് രക്തസാക്ഷിത്വത്തിന്റെ ആവരണം ലഭിക്കാതെതന്നെ ഇതു നടപ്പാക്കുവാൻ അദ്ദേഹത്തിന് കഴിയണം.

സുപ്രീം കോടതി വിധിക്ക് നേരെ, മതാധിപത്യത്തിന്റെ ശക്തിയെ തുറന്നു വിടുക, സാമൂഹിക പരിഷ്കരണത്തിനെതിരെ ദുരാചാരത്തിന്റെ രാഷ്ട്രീയവും, കൂടുതൽ രാഷ്ട്രീയവിവാദങ്ങളുണർത്തുന്നതിനുള്ള പ്രതിഷേധങ്ങളും നടപ്പാക്കുക ഇവയൊന്നും ഒരു പരമാധികാര ജനാധിപത്യ രാജ്യത്തിന് ശുഭസൂചകങ്ങളല്ല. ഇനിയിപ്പോൾ, ശബരിമലയുടെ യഥാർത്ഥ ദുരന്തം, ദേശീയമായി അനാവരണം ചെയ്യപ്പെടുകയാണുണ്ടാകുക.

Read More: കെ ആർ മീര എഴുതുന്നു:അടുത്ത തിരഞ്ഞെടുപ്പ് വരെ മാത്രം ആയുസ്സുളള നാമജപം

Get the latest Malayalam news and Opinion news here. You can also read all the Opinion news by following us on Twitter, Facebook and Telegram.

Web Title: Sabarimala aftermath imperilling the authority of courts pratap bhanu mehta

Next Story
അടുത്ത തിരഞ്ഞെടുപ്പ് വരെ മാത്രം ആയുസ്സുളള നാമജപംmeera on sabarimala
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express