scorecardresearch

ഞങ്ങള്‍ ആർ എസ് എസ് തലവൻ മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തിയത് എന്തിന്?

ആൾക്കൂട്ട ആക്രമണത്തിന് ഇരയായി നിരപരാധികൾ കൊല്ലപ്പെടുന്ന ആവർത്തിച്ചുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മുസ്‌ലിം സമൂഹം അനുഭവിക്കുന്ന അരക്ഷിതാവസ്ഥ, എല്ലാ മേഖലകളിലും മുസ്‌ലിം സമുദായത്തെ പാർശ്വവൽക്കരിക്കാനും വംശഹത്യയ്‌ക്ക് വേണ്ടിയുള്ള തീവ്ര ഹിന്ദുത്വ തലവന്മാരുടെ ആഹ്വാനങ്ങൾ എന്നിവയാണ് ആർ‌എസ്‌എസുമായി സംഭാഷണം ആരംഭിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത്

S Y Quraishi, opinion, iemalayalam

ഓഗസ്റ്റ് 22 ന് ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവതിനെ മുസ്ലിം വിഭാഗത്തില്‍നിന്നുള്ള അഞ്ചു പേര്‍ പോയി കണ്ടുവെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ നിരവധി വ്യാഖ്യാനങ്ങളാണു മാധ്യമങ്ങള്‍ നടത്തുന്നത്. ഡല്‍ഹിയിലെ മുന്‍ ലഫ്റ്റനന്റ് ജനറല്‍ നജീബ് ജങ്, മാധ്യമപ്രവര്‍ത്തകൻ ഷാഹിദ് സിദ്ദിഖി, ഹോട്ടല്‍ വ്യവസായി സഈദ് ഷെര്‍വാനി, ലഫ്. ജനറല്‍ സമീര്‍ ഉദ്ദിന്‍ ഷാ പിന്നെ ഞാനും ഉൾപ്പെടുന്ന അഞ്ചു പേരാണ് ആ കൂടിക്കാഴ്ചയിലുണ്ടായിരുന്നത്.

മോഹന്‍ ഭാഗവതിനെ പോയിക്കാണുകയെന്ന തീരുമാനം സമാന ചിന്താഗതിക്കാരായ ഞങ്ങളുടെ മാത്രം തീരുമാനമായിരുന്നു. മുസ്ലിങ്ങളുടെ നിലവിലെ അരക്ഷിതാവസ്ഥയെക്കുറിച്ചുള്ള ഉത്കണ്ഠയാണ് ഈ കൂടിക്കാഴ്ചയ്ക്കു ഞങ്ങളെ പ്രേരിപ്പിച്ചത്. ഈ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ മുസ്ലിം വിഭാഗത്തിനുള്ളില്‍നിന്നും പുറത്തുനിന്നും നിരവധി അഭിനന്ദന സന്ദേശങ്ങള്‍ ലഭിക്കുകയുണ്ടായി. തുറന്ന സംഭാഷണങ്ങള്‍ മാത്രമാണു നിലവിലെ അരക്ഷിതാവസ്ഥയെ മറികടക്കാനുള്ള പോംവഴിയെന്ന് അമുസ്ലീങ്ങളായ സുഹൃത്തുക്കള്‍ വരെ പറയുകയുണ്ടായി.

മുസ്‌ലിം ജനവിഭാഗത്തെയാകെ പ്രതിനിധീകരിക്കാന്‍ ഞങ്ങളെ ആരാണ് ചുമതലപ്പെടുത്തിയത് എന്നതടക്കം നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നു. വര്‍ഗീയ സംഘടനയുമായുള്ള കൂടിക്കാഴ്ച ഇന്നുവരെയുള്ള സല്‍പ്പേരിനു കളങ്കമാകുമെന്ന് ചിലര്‍ ആശങ്കപ്പെട്ടു. അവരുടെ കുഴിയില്‍ വീണുപോകരുതെന്നു ചിലര്‍ മുന്നറിയിപ്പ് നല്‍കി. പക്ഷേ സംവാദമാണു മുന്നോട്ടുള്ള വഴി എന്നതിനെ ആരും ചോദ്യം ചെയ്തില്ല.

ഇന്ത്യന്‍ എക്‌സ്പ്രസ് ആവശ്യപ്പെട്ട ഈ ലേഖനം എഴുതാനിരിക്കുമ്പോള്‍, വിഷയത്തിൽ ഞങ്ങൾക്കു നേരെ ഉയരുന്ന നിരവധി ചോദ്യങ്ങൾക്കു മറുപടി നൽകാനാണു ഞാൻ ശ്രമിക്കുന്നത്.

ഈ കൂടിക്കാഴ്ചയ്ക്ക് ഞങ്ങളെ പ്രേരിപ്പിച്ചത് എന്തായിരുന്നു? കാര്യങ്ങളുടെ പോക്കിനെക്കുറിച്ചായിരുന്നു ഞങ്ങളുടെ അടിസ്ഥാന ആശങ്ക. പ്രത്യേകിച്ചും നിരപരാധികൾ ആൾക്കൂട്ട ആക്രമണത്തിനിരയാകുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതിന്റെയും വംശഹത്യയ്ക്കായുള്ള ഹിന്ദുത്വവാദികളുടെ മുറവിളികളുടെയും എല്ലാ മേഖലകളിലും സമുദായം പാർശ്വവത്കരിക്കപ്പെടുന്നതിന്റെയും സാഹചര്യത്തിൽ.

കൂടിക്കാഴ്ചയുടെ സ്വഭാവം എന്തായിരുന്നു ? ആദ്യം തന്നെ പറയട്ടെ, ആര്‍ എസ് എസ് തലവന്റെ കാര്യാലയത്തിലെ ലാളിത്യം ഞങ്ങളെ അമ്പരപ്പിച്ചു. അദ്ദേഹത്തിന്റെ കൃത്യനിഷ്ഠ എടുത്തുപറയേണ്ടതാണ്. കൃത്യം പത്തുമണിക്ക് അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് തയാറായി എത്തിയിരുന്നു. അദ്ദേഹത്തിന്റെ ക്ഷമയും പ്രശംസനീയമാണ്. ഒരു ഇടര്‍ച്ചയുമില്ലാതെ കൃത്യം ഒരു മണിക്കൂര്‍ ഞങ്ങളുടെ എല്ലാവരുടെയും ആശങ്കകളും പറയാനുള്ളതുമെല്ലാം അതീവ ശ്രദ്ധയോടെ അദ്ദേഹം കേട്ടു. അദ്ദേഹത്തിന്റെ അടുത്ത സഹായിയായ കൃഷ്ണഗോപാല്‍ മാത്രമാണ് പുറത്തുനിന്നുള്ള വ്യക്തിയായി ഈ സമയമത്രയും അവിടെയുണ്ടായിരുന്നത്.

ഒരു അധികാരസ്ഥാനത്തിരുന്നാണ് മോഹന്‍ ഭാഗവത് സംസാരിക്കുന്നതെന്ന് തീര്‍ച്ചയായും ഞങ്ങൾക്കു മനസിലായി. പക്ഷേ അദ്ദേഹത്തിന്റെ പെരുമാറ്റം ഒരിക്കല്‍ പോലും ഞങ്ങളെ അസ്വസ്ഥമാക്കും വിധമായിരുന്നില്ല, മറിച്ച് വളരെ ആർദ്രമായിട്ടായിരുന്നു. സംസാരിച്ച് തുടങ്ങിയപ്പോള്‍ തന്നെ മൂന്ന് കാര്യങ്ങളിലാണ് അദ്ദേഹം ഊന്നല്‍ നല്‍കിയത്. ഹിന്ദുത്വമെന്നത് എല്ലാ വിഭാഗങ്ങള്‍ക്കും അവരുടേതായ പ്രാധാന്യം നല്‍കുന്ന ഉള്‍ക്കൊള്ളുന്ന ആശയമാണെന്നു പറഞ്ഞ അദ്ദേഹം എല്ലാ വിഭാഗങ്ങളും ഒന്നിച്ചുനിന്നാല്‍ മാത്രമേ രാജ്യത്തിനു പുരോഗതി കൈവരിക്കാന്‍ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വളരെ പ്രധാന്യമുള്ളതായി ഊന്നല്‍ നല്‍കി അദ്ദേഹം പറഞ്ഞത്, ഇന്ത്യന്‍ ഭരണഘടന പരിപാവനമായതാണ്, രാജ്യം മുഴുവന്‍ അതിനെ അംഗീകരിക്കണമെന്നാണ്. ഒരവസരം കൈവന്നാല്‍ ആര്‍എസ്എസ് ആദ്യം ഇന്ത്യന്‍ ഭരണഘടനയെ ഇല്ലായ്മ ചെയ്യുമെന്നും മുസ്‌ലിങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുമെന്നുമുള്ള ഭയാശങ്ക അടിസ്ഥാനമില്ലാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടു കാര്യങ്ങളില്‍ ഹിന്ദുക്കള്‍ അങ്ങേയറ്റം വൈകാരികമായാവും പെരുമാറുകയെന്ന് അദ്ദേഹം പറഞ്ഞു. ഒന്ന്, പശു. ഗോവധ നിരോധനം ഇന്ത്യയില്‍ പലയിടത്തുമുള്ളതിനാല്‍ തന്നെ മുസ്‌ലിങ്ങള്‍ ഇത് പൂര്‍ണമായും മനസിലാക്കുന്നുവെന്ന് ഞങ്ങള്‍ പറഞ്ഞു. ലംഘിക്കുന്നവര്‍ക്കു നിയമപരമായ ശിക്ഷയും ലഭിക്കുന്നുണ്ട്. എന്നാല്‍ നിയമപരമായ നിരോധനം ഇല്ലാത്ത സംസ്ഥാനങ്ങളിലും മുസ്‌ലിങ്ങള്‍ ബീഫ് സ്വമേധയാ ഒഴിവാക്കണമെന്നാണ് അദ്ദേഹത്തിന്റെ അനുമാനം. സമൂഹത്തിനു സുരക്ഷിതത്വം ഉറപ്പുനൽകുന്നുവെങ്കിൽ ഇത് വളരെ എളുപ്പമുള്ളതായിരിക്കണം.

അദ്ദേഹം ചൂണ്ടിക്കാട്ടിയ മറ്റൊരു കാര്യം ഹിന്ദുക്കള്‍ക്കു നേരെ ഉയരുന്ന ‘കാഫിര്‍’ വിളികളാണ്. കാഫിറെന്ന അറബി വാക്കിന്റെ അര്‍ഥം അവിശ്വാസിയെന്നു മാത്രമേയുള്ളുവെന്ന് ഞങ്ങള്‍ ഇതിന് മറുപടി നല്‍കി. പക്ഷേ, അപമാനിക്കുന്നതും താഴ്ത്തിക്കെട്ടുന്നതുമായി കരുതുന്ന സ്ഥിതിക്കു പൂര്‍ണമായും ആ വിളി ഒഴിവാക്കേണ്ടതുണ്ട്. വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്നതാണത്. വിശുദ്ധ ഖുര്‍ ആന്‍ പറയുന്നത്- ‘അള്ളാ റബ്ബുല്‍ ആലമിന്‍’ ആണെന്നാണ്, അല്ലാതെ ‘റബ്ബുല്‍ മുസ്‌ലിമിന്‍’ അല്ല (ദൈവം മുസ്‌ലിങ്ങളുടേത് മാത്രമല്ല, പ്രപഞ്ചത്തിലെ എല്ലാവരുടേതുമാണ്). നിങ്ങള്‍ക്കു നിങ്ങളുടെ മതം, എനിക്ക് എന്റേതുമെന്നും അത് കൂട്ടിച്ചേര്‍ക്കുന്നു.

മുസ്‌ലിങ്ങള്‍ക്കും സമാനമായി ‘ജിഹാദി’യെന്നും ‘പാകിസ്ഥാനി’യെന്നുമുള്ള വിളി കേള്‍ക്കേണ്ടി വരുന്നതു ഞങ്ങള്‍ ചൂണ്ടിക്കാട്ടി. അത് അടിയന്തരമായി അവസാനിപ്പിക്കേണ്ടതാണെന്നതിനോട് അദ്ദേഹം യോജിച്ചു.

ഈ സംവാദം തുടരേണ്ടതിന്റെ ആവശ്യകത ഞങ്ങള്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തി. സംവാദം തുടരുന്നതിനായി അദ്ദേഹത്തിന്റെ ചില അനുയായികളുടെ പേരുകള്‍ നിര്‍ദ്ദേശിച്ചാല്‍ നന്നാവുമെന്നും ഞങ്ങള്‍ പറഞ്ഞു. നാല് പേരുകള്‍ ആര്‍ എസ് എസ് തലവന്‍ മുന്നോട്ടുവച്ചു. ആവശ്യമായി വരുന്ന ഏതു സമയത്തും കൂടിക്കാഴ്ചയ്ക്കു താന്‍ സന്നദ്ധനാണെന്നും അദ്ദേഹം അറിയിച്ചു.

‘ദി പോപ്പുലേഷന്‍ മിത്ത്: ഇസ്‌ലാം, ഫാമിലി പ്ലാനിങ്, പൊളിറ്റിക്‌സ് ഇന്‍ ഇന്ത്യ’ എന്ന എന്റെ പുസ്തകം ഒപ്പമുണ്ടായിരുന്നവരുടെ അനുവാദത്തോടെ ഞാന്‍ അദ്ദേഹത്തിനു സമ്മാനിച്ചു. അതു നല്‍കുമ്പോള്‍ നാല് കാര്യങ്ങള്‍ ഞാന്‍ സൂചിപ്പിച്ചു.

ഒന്ന്, മുസ്‌ലിങ്ങള്‍ക്കിടയില്‍ ജനസംഖ്യാ വര്‍ധനവ് കൂടുതലാണെങ്കിലും ഊതിപ്പെരുപ്പിക്കപ്പെട്ട നിരക്കാണ് പുറത്ത് പ്രചരിപ്പിക്കപ്പെടുന്നത്. 30 വര്‍ഷം മുന്‍പ് 1:1 എന്നതായിരുന്നു ഹിന്ദു- മുസ്‌ലിം നിരക്കിലെ വ്യത്യാസം. കുടുംബാസൂത്രണം ഹിന്ദുക്കളേക്കാള്‍ വേഗത്തില്‍ മുസ്‌ലിങ്ങള്‍ നടപ്പിലാക്കിയതിനെ തുടര്‍ന്ന് അത് ഇന്ന് 0.3 ലേക്ക് ചുരുങ്ങി.

രണ്ട്, പൊതുബോധത്തില്‍നിന്ന് വിഭിന്നമായി മുസ്‌ലിങ്ങള്‍ക്കിടയിലാണ് ഏറ്റവും കുറവ് ബഹുഭാര്യത്വം-ഭര്‍തൃത്വം എന്ന് കേന്ദ്രസർക്കാരിന്റെ തന്നെ റിപ്പോര്‍ട്ടുകളും പഴയ സെന്‍സസ് റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നു.

മൂന്ന്, ഇന്ത്യയിലെ സ്ത്രീ-പുരുഷ അനുപാതത്തിലെ വൈരുധ്യം കൊണ്ടുതന്നെ പരക്കെ പറയപ്പെടുന്ന ബഹുപങ്കാളിത്തം സാധ്യമല്ല. 1000 പുരുഷന്‍മാര്‍ക്കു 940 സ്ത്രീകളാണ് ഇന്ത്യയിലുള്ളത്. അതായത് 60 പുരുഷന്‍മാര്‍ക്ക് ഒരു ഭാര്യ പോലുമില്ല. ഇത് കേട്ടതും ഞാന്‍ പറഞ്ഞതിലെ കാര്യം ഗ്രഹിച്ചിട്ടെന്നവണ്ണം മോഹന്‍ ഭാഗവത് ഉള്ളുതുറന്ന് ചിരിച്ചു.

നാല്, വരുന്ന 1000 വര്‍ഷത്തേക്ക് മുസ്‌ലിങ്ങള്‍ക്ക് ഒരിക്കലും ഹിന്ദുക്കളെ മറികടക്കാനാവില്ല. ഇത് ഗണിതശാസ്ത്ര ഗവേഷകരായ ദിനേഷ് സിങും അജയ് കുമാറും തയാറാക്കിയ ഗണിതശാസ്ത്ര മോഡല്‍ സഹിതം അദ്ദേഹത്തിനു വ്യക്തമാക്കി.

കൂടിക്കാഴ്ചയുടെ വിവരം പുറത്തായതോടെ മാധ്യമങ്ങള്‍ അതിന്റെ പുറകെയായി. പ്രതികരണമോ?

അതിശയിപ്പിക്കുന്ന തരത്തില്‍ പോസിറ്റീവ്.

എന്തെങ്കിലും ആശങ്ക? ആര്‍ എസ് എസ് മാറാന്‍ പോകുന്നില്ല.

ചിലപ്പോള്‍ മാറാം, മാറാതിരിക്കാം.

വിമര്‍ശനം: ഞങ്ങള്‍ അവർക്ക് ‘നൈതികത’ നൽകുന്നു.

നോക്കൂ, അവര്‍ക്കു ഞങ്ങളുടെ അംഗീകാരം ആവശ്യമില്ല. നിലവിൽ, ലോകത്തെ തന്നെ ഏറ്റവും കരുത്തുറ്റതും വലുതുമായ സംഘടനയാണ് അവരുടേത്. ഞങ്ങള്‍ ആരാണ് അവര്‍ക്ക് അംഗീകാരം നല്‍കാന്‍? ഔദ്യോഗിക ജീവിതം വിജയകരമായി പൂര്‍ത്തിയാക്കി വിരമിച്ച, രാജ്യത്തിന്റെയും സമൂഹത്തിന്റെയും പോക്കിനെക്കുറിച്ച് ആശങ്കയുള്ള കുറച്ച് മനുഷ്യര്‍. അത്രമാത്രം.

ഞങ്ങള്‍ സമുദായത്തെ പ്രതിനിധീകരിക്കുന്നുണ്ടോ?

ഇല്ലെന്നാവും മറുപടി. ആരും ഞങ്ങളെ തിരഞ്ഞെടുത്തതോ ചുമതലപ്പെടുത്തിയതോ അല്ല. പക്ഷേ, ഞങ്ങളും സമുദായത്തില്‍പ്പെട്ടവരാണ്. ഞങ്ങളുടേതായ കാഴ്ചപ്പാടുകളും നിരീക്ഷണങ്ങളും ഞങ്ങള്‍ക്കുണ്ട്. ഇത് ഞങ്ങളുടെ വ്യക്തിപരമായ മുൻകൈയായിരുന്നു.

ഞങ്ങള്‍ വരേണ്യരാണോ? സാധ്യതയുണ്ട്. സാധാരണ വീടുകളില്‍ താമസിക്കുന്ന ഞങ്ങളെക്കാള്‍ പത്തോ പതിനഞ്ചോ മടങ്ങ് വലിയ കൊട്ടാരങ്ങളില്‍ താമസിക്കുന്നവരാണ് ഈ ആരോപണം ഉന്നയിക്കുന്നത്. ഞങ്ങള്‍ നിരക്ഷരര്‍ അല്ല. അടിസ്ഥാന യാഥാര്‍ഥ്യങ്ങളെക്കുറിച്ച് ഉറച്ച ബോധ്യമുള്ളവരാണ്. ആള്‍ക്കൂട്ടക്കൊലകൾ, വംശഹത്യയ്ക്കുള്ള ആഹ്വാനങ്ങൾ, ബലാല്‍സംഗങ്ങൾ, സാമ്പത്തിക ഉപരോധം, വോട്ടവകാശം ചോദ്യം ചെയ്യൽ, വീടും ജോലിയും അന്വേഷിക്കുമ്പോൾ ഉൾപ്പടെ നേരിടുന്ന വിവേചനങ്ങൾ എന്നിവ ഞങ്ങൾക്കു മുന്നിലുണ്ട്.

ഞങ്ങളുടെ ധർമസങ്കടം: മാധ്യമങ്ങള്‍ക്കു മുന്നില്‍ എത്രമാത്രം വെളിപ്പെടുത്തണം?

പ്രാഥമികമായി മാധ്യമങ്ങളുടെ അടുത്തുപോകാന്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ, അവര്‍ സമീപിക്കുമ്പോള്‍ ഒഴിഞ്ഞുനില്‍ക്കാനും ആഗ്രഹിക്കുന്നില്ല. ഇതിനെല്ലാമപ്പുറമായി, അതും നിരവധി സുഹൃത്തുക്കളോട് സ്വതന്ത്രമായി ഇടപെട്ടിട്ടും ഒരു മാസത്തോളം ഈ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ മാധ്യമങ്ങളില്‍നിന്ന് മറച്ചുവയ്ക്കാന്‍ ഞങ്ങള്‍ക്കായി. ഞങ്ങള്‍ പബ്ലിസിറ്റിക്കായാണ് ഇത് ചെയ്തതെന്ന് വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി ഇപ്പറഞ്ഞതാണ്.

സംവാദങ്ങളാണു മുന്നോട്ടുള്ള പാത സുഗമമാക്കുകയെന്ന് ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു. നമുക്ക് നഷ്ടമാകാന്‍ ഒന്നുമില്ല. എല്ലാം നേടാനേയുള്ളൂ. ഞങ്ങളുടെ ആശങ്കകള്‍ പ്രധാനമന്ത്രിയെക്കൂടി എത്രയും വേഗം ധരിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളെ കേൾക്കുന്നതിന് അദ്ദേഹം തയാറാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

  • ഇന്ത്യയുടെ മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും ‘ആന്‍ അണ്‍ഡോക്യുമെന്റഡ് വണ്ടര്‍- ദ മേക്കിങ് ഓഫ് ദ ഗ്രേറ്റ് ഇന്ത്യന്‍ ഇലക്ഷന്‍’ എന്ന പുസ്തകത്തിന്റെ രചയിതാവുമാണ് എസ് വൈ ഖുറേഷി

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: S y quraishi explains why muslim community members met the rss chief mohan bhagwat