പ്രാണഭയം ജന്തുക്കള്‍ക്കുണ്ട്, മനുഷ്യര്‍ക്കുണ്ട്, അതിനാല്‍ എഴുത്തുകാര്‍ക്കുമുണ്ട്. അതിനാല്‍, ‘തിരിഞ്ഞോടുന്ന’ എഴുത്തുകാരന്‍റെ ഹൃദയമിടിപ്പിന്റെ എണ്ണം നാം കണക്കുകൂട്ടി വെയ്ക്കണ്ടതില്ല. ആ സമയം അയാളുടെ ധൈര്യമല്ല പരിശോധിക്കേണ്ടത്. മറിച്ച്, നമ്മള്‍ പരിശോധിക്കേണ്ടത് അത്തരമൊരു ‘ഭയം’ നമ്മുക്ക് അവകാശപ്പെട്ടതാണോ എന്നാണ്.

തീര്‍ച്ചയായും, അങ്ങനെയൊരു സന്ദര്‍ഭത്തിലാണ് നമ്മള്‍. അതു കൊണ്ടു തന്നെ, എസ്. ഹരീഷ്, അയാളുടെ നോവല്‍ ‘മീശ’, മാതൃഭൂമിയില്‍ നിന്നും പിന്‍വലിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള ‘ഒളിച്ചോട്ട’മായല്ല ഞാന്‍ കാണുന്നത്. മറിച്ച്, ഒരു സമൂഹം എന്ന നിലയില്‍, ഇന്നുള്ള ‘പൊതു ഇന്ത്യന്‍ ഭയ’ത്തിലേക്ക് കേരളീയരും അതിവേഗം എത്തുന്നു എന്ന സൂചനയാണ്‌ അയാള്‍ ഇതിലൂടെ തരുന്നത്. അത് അയാളുടെ ഊഴമാണ്. അയാളുടെ നോവല്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറായ ആഴ്ച്ചപതിപ്പ് നമ്മുക്ക് തരുന്ന ഊഴവും അതാണ്‌.

Read More: ‘സ്വന്തം പ്രതിബിംബത്തെ വേട്ടയാടുന്നവർ’ ജയകൃഷ്ണൻ എഴുതുന്നു

എന്നാല്‍, അങ്ങനെയൊരു ഭയം, ഇന്ന്, എഴുത്തുകാരന്റെ ‘ആവിഷ്ക്കാര സ്വാതന്ത്ര്യ’ത്തില്‍ ഇടപെടുന്നതിനേക്കാള്‍ കൂടുതല്‍ ഇടപെടുന്നത്, ഏതു തരം സമൂഹത്തിലാണ് നമ്മള്‍ ജീവിക്കേണ്ടത് എന്ന നമ്മുടെ തന്നെ തിരഞ്ഞെടുപ്പിലാണ് എന്ന് നാം കാണാതിരുന്നൂടാ. എഴുത്തുകാരുടെ ജീവിതമല്ല, നമ്മുടെ തന്നെ പൗര ജീവിതമാണ് ഇന്ന് കലങ്ങുന്നത്. അത് ആശങ്കാജനകവുമാണ്. നമ്മുടെ ജീവിതത്തില്‍ നമുക്ക് ‘വേണ്ടാത്ത ഒരു ശത്രു’ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. അതാണ്‌, ഇന്ത്യയില്‍ പൊതുവേ, ഇതിനകം സംഘപരിവാറും ആര്‍ എസ് എസും സാധിച്ചിരിക്കുന്നത്.

ഇന്ത്യ, സ്വതന്ത്ര ദേശീയതകളുടെ ഒരു സമുച്ചയം എന്ന നിലയിലാണ്, നമ്മുടെ സംസ്കാരത്തിലും കലയിലും എഴുത്തിലും ആവിഷ്ക്കരിക്കപ്പെടുന്നത്, അന്നും ഇന്നും. നമ്മുടെ സാഹിത്യത്തിന്റെ സവിശേഷതയും അതാണ്‌. അത്തരമൊരു ഇന്ത്യന്‍ ജീവിതത്തില്‍ ഹിന്ദുരാഷ്ട്രം എന്ന ആധിപത്യ രാഷ്ട്രീയം ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ പിടി മുറുക്കാന്‍ തുടങ്ങിയിരുന്നു. ഇതു വരെയും നമ്മുടെ സാമൂഹിക ആവശ്യം ദാരിദ്ര്യത്തില്‍ നിന്നുള്ള മോചനമോ ജീവിക്കാനുള്ള അവകാശമോ ആയിരുന്നുവെങ്കില്‍ (ജനാധിപത്യത്തെ അങ്ങനെയാണ് പരിഷ്കൃത സമൂഹം കണ്ടെത്തുന്നത്), അതിനെ അട്ടിമറിച്ച്, അതിന്റെ സ്ഥാനത്ത്, നമുക്ക് മറ്റൊരു സ്വത്വം നിര്‍മ്മിച്ചിരിക്കുന്നു – ആധിപത്യ രാഷ്ട്രീയത്തിന്റെ ഒറ്റ ഒറ്റ വാളുകളായി നമ്മെ ഓരോരുത്തരെയും ഭരണകൂടത്തിന്റെ ശത്രുവോ മിത്രമോ ആക്കിയിരിക്കുന്നു. ഇതാണ് അവരുടെ രാഷ്ട്രീയ വിജയം തന്നെ.

Read More: ഹരീഷിന്റെ ‘മീശ’യും അതിഹൈന്ദവരുടെ ഭീരുത്വവും

ഈ രാഷ്ട്രീയം, സംഘ പരിവാറിന് ഇത്ര വേഗം കേരളീയ സമൂഹത്തില്‍ സാധ്യമായത് എങ്ങനെ എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നില്ല. കാരണം, നമ്മുടെ ജനാധ്യപത്യകാംഷകള്‍, മറ്റൊരു തരം സ്വേച്ഛാധിപത്യ രാഷ്ട്രീയത്തിന്‍റെ സുരക്ഷയിലാണ് എന്ന് വിശ്വസിക്കുന്ന ‘പുരോഗമന വാദികളായ എഴുത്തുകാര്‍’ വരെ നമുക്കിടയിലുണ്ട് എന്നതു കൊണ്ടു തന്നെ. സംഘപരിവാര്‍ ശക്തികളോടുള്ള പ്രതിരോധം ജനാധിപത്യത്തിന്റെ സാധ്യതയില്‍ത്തന്നെയാണ് ഉള്ളത് എന്ന് നമ്മുടെ എഴുത്തുകാര്‍ പലരും ഇപ്പോഴും വിട്ടു പറയില്ല. നിഷ്ടൂരമായ രാഷ്ട്രീയ കൊലപാതകങ്ങളെ ന്യായീകരിച്ചു പ്രസംഗിച്ചു നടന്ന, ‘പാര്‍ട്ടിമേന്‍’ ആയിരുന്ന, എം എന്‍ വിജയന്‍, ഇപ്പോഴും നമ്മുടെ ഒരു വലിയ സംഘം എഴുത്തുകാരുടെ ആരാധനാ മൂര്‍ത്തിയാണ്. അതില്‍ ഒരു ലജ്ജയും തോന്നാത്ത വായനക്കാര്‍ ഉള്ള ഭാഷയാണ് നമ്മുടെ. അതു കൊണ്ടു തന്നെ, ഫാഷിസത്തോടുള്ള നമ്മുടെ എഴുത്തുകാരുടെ പ്രതിരോധം ദുർബ്ബലമായിരുന്നു. ഇപ്പോഴും അതെ.

ഒരാളുടെ പൗരബോധം രൂപപ്പെടുന്നത് ഭരണകൂടവുമായുള്ള അയാളുടെ ബന്ധത്തെ ഓരോ വിധത്തില്‍ നേരിട്ടും അവതരിപ്പിച്ചുമാണ്. ഇതില്‍ നിന്നും എഴുത്തുകാര്‍ക്കും മാറി നില്‍ക്കാനാവില്ല. നമ്മള്‍ പലരും കരുതുന്ന പോലെ, എഴുത്തുകാര്‍ സ്വാതന്ത്ര്യത്തിന്‍റെ പതാക വാഹകരുമല്ല, അതിനേക്കാള്‍ അവര്‍ പലപ്പോഴും നമ്മുടെ ‘ഗതികെട്ട ജീവിത’ത്തിന്റെ പ്രിസം പോലെയാണ്.

Read More: ‘എഴുത്തുകാർ കഥാപാത്രങ്ങളുടെ മനഃസാക്ഷി സൂക്ഷിപ്പുകാരല്ല’ ​ഇ. സന്തോഷ് കുമാർ എഴുതുന്നു

സംഘപരിവാര്‍/ഹിന്ദുത്വ ശക്തികളെ നേരിടാന്‍, ജനാധിപത്യത്തിന്‍റെ എല്ലാ സാധ്യതകളും ഉപയോഗിക്കുക എന്നല്ലാതെ വേറെ വഴി അന്നും ഇന്നുമില്ല. അതിന്, മലയാളികള്‍ ആദ്യം വേണ്ടത്, തിരഞ്ഞെടുപ്പുകളില്‍, പഞ്ചായത്ത് മുതല്‍ പാര്‍ലിമെന്റ് വരെ ബി ജെ പി /ആര്‍ എസ് എസ് സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കുക എന്നതാണ്. അതിനായി, ജനാധിപത്യത്തെക്കുറിച്ചുള്ള സംവാദങ്ങളില്‍ എഴുത്തുകാര്‍ കൂടുതല്‍ പങ്കെടുക്കുകയാണ് വേണ്ടത്. അത്തരം വേദികളില്‍, സംഘങ്ങളില്‍ വരുക എന്നാണ്‌. അതിനായി, തങ്ങളുടെ പാര്‍ട്ടിയുടെ ശ്വസന പ്രക്രിയയില്‍ നിന്നും സ്വയം മോചിതരാവുകയാണ് ആദ്യം അവര്‍ ചെയേണ്ടത്.

ആ ഊഴം ഇപ്പോഴും എഴുത്തുകാര്‍ക്ക് ബാക്കിയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook