കേരളത്തിൽ സാഹിത്യ വിവാദങ്ങൾക്ക് ക്ഷാമമുണ്ടായിട്ടില്ല. ആഴത്തിലും പരപ്പിലുമുളള സാഹിത്യ വിമർശനങ്ങളും വിവാദങ്ങളും മലയാള സാഹിത്യത്തിൽ പലതവണ ഉണ്ടായിട്ടുണ്ട്. അതെല്ലാം സാഹിത്യത്തെ വലിയൊരളവ് വരെ സജീവമാക്കുകും ചെയ്തിരുന്നു. വെറുപ്പിന്റെയോ വിദ്വേഷത്തിന്റെയോ കന്മഷമില്ലാത്ത സംവാദങ്ങളായിരുന്നു അവ. എന്നാൽ, സാഹിത്യത്തിനുപരിയായി കടന്ന് അക്രമത്തിന്റെയും വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും മീശപിരിക്കലിന് വഴിയൊരുക്കിയതായിരുന്നു ഹരീഷിന്റെ ‘മീശ’ എന്ന നോവൽ. കഥാസന്ദർഭം പോലും പരിഗണിക്കാതെ ഹരീഷിനും മീശയ്ക്കും ഹരീഷിന്റെ കുടുംബത്തിനുമെതിരെ നടന്ന ആക്രമണങ്ങൾ ഇപ്പോഴും സംഘപരിവാർ അവസാനിപ്പിച്ചിട്ടില്ല. നോവൽ ഖണ്ഡശഃ പ്രസിദ്ധീകരണം മൂന്നാം ലക്കത്തോടെ നിർത്തിവെയ്ക്കേണ്ടി വന്നു ഹരീഷിന്. പക്ഷേ, അത് പുസ്തക രൂപത്തിൽ പുറത്തിറങ്ങി. അതിന് ശേഷവും ഹരീഷിന്റെ നോവലുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളില്‍ നിറഞ്ഞു നിൽക്കുന്ന ചില ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ ശ്രമിക്കുകയാണ്.

1. നോവല്‍ വളരെ വേഗം പ്രസിദ്ധീകരിച്ചു. നമ്മുടെ സാംസ്‌ക്കാരികാന്തരീക്ഷം പാകമാകുന്നതു വരെ കാത്തു നിൽക്കും എന്നാണ് ഹരീഷ് പറഞ്ഞത്

അങ്ങനെയൊരു പാകപ്പെടല്‍ അടുത്തെങ്ങും നടക്കാനിടയില്ലെന്ന് എഴുത്തുകാരന്‍ മനസ്സിലാക്കിക്കാണണം. അപ്പോള്‍പ്പിന്നെ അയാള്‍ നാലഞ്ചുവര്‍ഷമെടുത്ത് എഴുതിയ ഒരു രചന എന്തു ചെയ്യണം? ഏതായാലും നമ്മുടെയൊക്കെ ആവശ്യം നോവല്‍ തടസ്സം കൂടാതെ പ്രസിദ്ധീകരിക്കപ്പെടുക എന്നതായിരുന്നു. അതു സംഭവിച്ചു. എത്രയും എളുപ്പത്തില്‍ അതു നടന്നു എന്നതില്‍ സന്തോഷിക്കുകയല്ലേ വായനാസമൂഹം ചെയ്യേണ്ടത്?

2. തോന്നിയവാസം എഴുതാനുള്ളതാണോ സാഹിത്യം?

അതേ, അതേ എന്നുതന്നെയാണ് ഉത്തരം. സാഹിത്യം മാത്രമല്ല, കലയുടെ എല്ലാ ആവിഷ്‌ക്കാരങ്ങള്‍ക്കും ഈ സംഗതി ബാധകമാണ്. കലാകാരന്റെ തോന്നിയവാസമല്ലാതെ പിന്നെ മറ്റെന്താണ് കല? അതല്ല, മറ്റു ബാഹ്യശക്തികള്‍ക്ക് പ്രിയപ്പെട്ട പ്രമേയങ്ങളിലും രീതികളിലുമാണ് ഒരെഴുത്തുകാരന്‍ അഭിരമിക്കേണ്ടത് എന്നുണ്ടെങ്കില്‍ ക്ഷമിക്കണം, അങ്ങനെയുണ്ടാവുന്ന സൃഷ്ടികള്‍ വേദോപദേശപാഠശാലകളിലോ, പൊലീസ് ട്രെയിനിങ്ങ് കോളേജുകളിലോ ഒക്കെ പരിശീലനത്തിനായി ഉപയോഗിക്കാം. സാഹിത്യം ഈ സിലബസ്സിന് പുറത്താണ്.

3. കുടുംബമായിട്ടിരുന്ന് വായിക്കാന്‍ പറ്റുന്ന രചനയല്ല ഇത്

കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒത്തുചേര്‍ന്നിരുന്ന് നിങ്ങള്‍ അവസാനം വായിച്ച നോവല്‍ ഏതാണ്?

4. മാതൃഭൂമി പത്രം വായിക്കരുത്: ഇന്നലെ ഈയൊരാവശ്യവുമായി ഒരു ജാതിസംഘടനാ നേതാവ് നാട്ടില്‍ വന്ന് മീറ്റിങ് നടത്തി എന്നു വീട്ടില്‍ വിളിച്ചപ്പോള്‍ കേട്ടു

മാതൃഭൂമിയോ മനോരമയോ ഏതെങ്കിലും മതത്തെ പ്രീണിപ്പിക്കും എന്നു തോന്നുന്നുണ്ടോ? അവരുടെ വ്യാപാരത്തെ ബാധിക്കുന്ന കാര്യമല്ലേ അത്? മറ്റെന്തു ചെയ്താലും അത്തരമൊരു ആത്മഹത്യാശ്രമം അവരുടെ ഭാഗത്തുനിന്നും ഉണ്ടാവുകയില്ല. അസഹിഷ്ണുക്കളെ എതിര്‍ക്കാന്‍ പോന്ന കരുത്ത് പലപ്പോഴും പത്രങ്ങള്‍ക്കില്ലാതെ പോകുന്നതും അവരോടുള്ള സ്‌നേഹം കൊണ്ടല്ല, തങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുമല്ലോ എന്ന ഭയം കൊണ്ടാണ്. പിന്നെ എല്ലാ വര്‍ഗീയസ്നേഹിതര്‍ക്കും രാഷ്ട്രീയകക്ഷികള്‍ക്കും ഇടയ്ക്കിടെ ഇങ്ങനെ തങ്ങളെയാണല്ലോ ടാര്‍ജറ്റ് ചെയ്യുന്നത് എന്നു തോന്നും: കാരണം കൃത്യമായും ആ സമയത്ത് പത്രങ്ങള്‍ അവരെ വിമര്‍ശിക്കുന്നുണ്ടാവും. അപ്പോള്‍ എതിര്‍ഭാഗത്തുള്ളവര്‍ കൈയ്യടിക്കുകയോ നിശ്ശബ്ദം പ്രോത്സാഹിപ്പിക്കുകയോ ചെയ്യും. കുറച്ചു കഴിയുമ്പോള്‍ ചക്രം നേരേ തിരിയും, എതിര്‍ഭാഗത്തുള്ളവര്‍ക്കാവും വിമര്‍ശനം. ഉടന്‍ മറുഭാഗം യുദ്ധസന്നദ്ധരാവും, അതേയുള്ളൂ. മലയാളപത്രങ്ങളുടെ വിപണിതാൽപര്യങ്ങള്‍ വേറേ പലതുമാണ്. അല്ലാതെ ഒരു വര്‍ഗീയഭ്രാന്തിനെ മറ്റൊന്നിന്റെ ചെലവില്‍ എണ്ണതേപ്പിച്ചു കുളിപ്പിക്കുകയൊന്നുമല്ല.

ഈ ശ്രമകരമായ നിഷ്പക്ഷതയില്ലെങ്കില്‍ പിന്നെ ഒരു വാര്‍ത്തയും വരാനെളുപ്പമല്ല. ഒരു കാര്‍ട്ടൂണ്‍ പോലും. ഉദാഹരണത്തിന് മാതൃഭൂമിയില്‍ വരയ്ക്കുന്ന ഗോപീകൃഷ്ണന്‍ അല്ലെങ്കില്‍ രജീന്ദ്രകുമാര്‍ ഇവര്‍ ഏതെങ്കിലും വര്‍ഗീയ പത്രത്തിലോ, പോട്ടേ ചുരുങ്ങിയത് ദേശാഭിമാനിയിലോ പോയി വരയ്ക്കുന്നു എന്നു വയ്ക്കുക. ആ കാര്‍ട്ടൂണുകള്‍ വിഭാഗീയമായിരിക്കും. അവരുടെ പരിഹാസത്തില്‍ നിന്നും ഒരു വലിയ വംശം സംരക്ഷിക്കപ്പെടും. അതേ നിലവാരത്തിലുള്ള കാര്‍ട്ടൂണ്‍ കണ്ടിട്ടായാലും ഇപ്പോള്‍ ചിരിക്കുന്നവരില്‍ പലരും ചിരിക്കില്ല. ചിരിച്ചാല്‍ത്തന്നെ വശം കോടിയ ചിരിയായിരിക്കും അത്. കാണുന്നവര്‍ക്ക് വിഷമം തോന്നും.e santhoshkumar,meesha,s hareesh

5. തസ്‌ലീമ നസ്രീന്‍, സല്‍മാന്‍ റുഷ്ദി, പി. എം ആന്റണി: ഇവരുടെ പുസ്തകങ്ങള്‍ നിരോധിച്ചപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു?

ഇവിടെത്തന്നെയുണ്ടായിരുന്നു. ഈ നിരോധനങ്ങള്‍ക്കെല്ലാം എതിരുമായിരുന്നു. ഞങ്ങള്‍ പക്ഷേ, ഒരു ന്യൂനപക്ഷമാണ്. അക്കാലത്തെല്ലാം, ഇപ്പോള്‍ നിങ്ങള്‍ ചെയ്യുന്നതു പോലെത്തന്നെ മറുപക്ഷവും ഭീഷണി മുഴക്കിയിരുന്നു. സ്വാഭാവികമായും ആ വലിയ ശബ്ദങ്ങള്‍ക്കിടയില്‍ ഞങ്ങളുടെ വിയോജിപ്പുകള്‍ ഉയർന്നിരുന്നു. അന്നു സോഷ്യല്‍ മീഡിയയൊന്നും പ്രചാരത്തിലുണ്ടായിരുന്നില്ല. അതേയുള്ളൂ. അതേ സമയം, ആ വിഷയങ്ങളിലെല്ലാം നിങ്ങളും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പക്ഷത്താണ് എന്നു കേള്‍ക്കുമ്പോഴുണ്ടാവുന്ന ആഹ്ലാദം പറഞ്ഞറിയിക്കാന്‍ വയ്യ. എന്താണ് നിങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നം? മറുപക്ഷത്തുള്ളവര്‍ ഇത്തരം സാഹചര്യങ്ങളില്‍ കൂടുതല്‍ മാര്‍ക്കു വാങ്ങി എന്നുള്ളതാണോ? ഒരു സാങ്കൽപ്പിക സന്ദര്‍ഭം ആലോചിക്കുക: മേല്‍പ്പറഞ്ഞ എഴുത്തുകാരുടെ സൃഷ്ടികള്‍, കൂടാതെ റഷ്യയിലേയും ചൈനയിലേയുമൊക്കെ നിരോധിക്കപ്പെട്ട കൃതികള്‍ എല്ലാം ഇവിടെ ലഭ്യമാവുന്ന സാഹചര്യം വരുന്നു എന്നു വയ്ക്കുക. ഒരാളും എതിര്‍ക്കുന്നില്ല. പൂര്‍ണസ്വാതന്ത്ര്യം. അപ്പോള്‍പ്പിന്നെ എം.എഫ് ഹുസൈന്‍, കാല്‍ബുര്‍ഗി, പന്‍സാരെ, ധാബോല്‍ക്കര്‍, പെരുമാള്‍ മുരുകന്‍ മുതല്‍ ഹരീഷ് വരെയുള്ളവരുടെ ഭാഗത്തായിരിക്കുമോ താങ്കള്‍? (സമഗ്രസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള നിങ്ങളുടെ നിലപാടുകളെ മുന്‍കൂറായി സ്വാഗതം ചെയ്യട്ടെ).

6. ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചതില്‍ നിന്നും വ്യത്യസ്തമായി പുസ്തകത്തില്‍ ഒരു വാക്യം എഴുതിച്ചേര്‍ത്തു

എഴുത്തുകാരനല്ലാതെ പിന്നെ ആരാണ് അതു ചെയ്യുക? എഴുത്ത് അങ്ങനെയാണ്, എഡിറ്റിങ്ങിന്റെ കല കൂടിയാണ് അത്. അടുത്ത എഡിഷനില്‍ കുറച്ചുകൂട്ടിച്ചേര്‍ക്കണമെന്നു തോന്നിയാലോ, കുറയ്ക്കണമെന്നു തോന്നിയാലോ അതും സംഭവിക്കും. ഇതിനെയൊക്കെ മൊത്തത്തില്‍ ചേര്‍ത്താണ് എഴുത്തുകാരന്റെ സ്വാതന്ത്ര്യം എന്നു വിളിക്കുന്നത്. അങ്ങനെ ചെയ്യാത്ത ഏതെങ്കിലും എഴുത്തുകാരന്റെ വീട്ടില്‍ നിന്നും ഒരു പിടി കടുകു വാങ്ങിച്ചു കൊണ്ടു വരൂ, ഭാഗ്യമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അമരത്വം ലഭിക്കും.

7. ഇത്തരം എഴുത്തുകള്‍ സമൂഹത്തെ വഴി തെറ്റിക്കുന്നു

സമൂഹം ഇതുവരെ വളരെ നേര്‍വഴിക്ക് സഞ്ചരിക്കുകയായിരുന്നു എന്നറിയുന്നത് അത്ഭുതം തന്നെ. നാട്ടിലില്ലാത്ത എന്തെങ്കിലും നോവലിലുണ്ടോ എന്നു നോക്കേണ്ടതാണ്. ഉണ്ടെങ്കില്‍ അത് ഭാവനയുടെ കൊടിയടയാളമായി കാണണം. ഇല്ലായ്മയില്‍ നിന്നും കളഭമോ ഭസ്മമോ സൃഷ്ടിക്കുന്നതുപോലെ വിസ്മയകരമായൊരു പ്രവൃത്തിയാണത്.

ഇനി മറ്റൊരു സാങ്കൽപ്പിക പരീക്ഷണം നോക്കൂ: നേരേ മറിച്ച് വളരെയധികം നന്മയും സ്‌നേഹവും സാഹോദര്യവുമൊക്കെ കുത്തിനിറച്ചിട്ടുള്ള പുസ്തകങ്ങള്‍ സങ്കൽപ്പിക്കൂ. അങ്ങനെയും ധാരാളമായിട്ടുണ്ടല്ലോ, നാട്ടില്‍. ഈ വിഷയങ്ങളില്‍ വലിയ താൽപര്യമെടുക്കുന്നതുകൊണ്ട് ഇവയില്‍ പലതും നിങ്ങള്‍ വായിച്ചുകാണും എന്ന് ഊഹിക്കുന്നു. എന്റെ സംശയം ഇതാണ്: എന്നിട്ടും, ഇതെല്ലാം കമ്പോടുകമ്പു വായിച്ചിട്ടും എന്താണ് ഇപ്പോഴും നിങ്ങളെല്ലാം ഇങ്ങനെ? ഒരു മാറ്റവുമില്ലല്ലോ, സുഹൃത്തുക്കളേ.

ഈ വിഷയത്തില്‍ കൂടുതല്‍ റഫറന്‍സിനായി (ആവശ്യമുണ്ടെങ്കില്‍ മാത്രം) ഈ ലേഖകന്‍ എഴുതിയ ‘നീചവേദം’ എന്ന കഥ വായിക്കാന്‍ താൽപര്യപ്പെടുന്നു.

8. പ്രസാധകന്‍ കച്ചവടക്കണ്ണോടെ പ്രവര്‍ത്തിച്ചു

പ്രസാധകന്റെ ജോലി കച്ചവടം തന്നെയായിരുന്നുവല്ലോ, അതല്ല എന്ന് അവര്‍ എപ്പോഴാണ് പറഞ്ഞിരുന്നത്? അടുത്ത കാലത്തെങ്ങും അവരുടെ നയങ്ങളില്‍ മാറ്റം വന്നിട്ടില്ല എന്നാണ് അറിവ്. കര്‍ക്കിടമാസത്തില്‍ അവര്‍ കൂടുതല്‍ രാമായണം വില്‍ക്കും: പൊടുന്നനെ രാമായണത്തോടു ഭക്തി മൂത്തിട്ടാണോ അത്? അതോ പഞ്ഞമാസത്തില്‍ രാമായണമെങ്കിലും ചെലവാകും എന്നു വച്ചിട്ടോ?

മാര്‍ക്കറ്റിങ്ങില്‍ അഞ്ച് പി (P) കളെക്കുറിച്ചു പറയുന്നുണ്ട് (ചിലപ്പോള്‍ ഏഴും): Product, Price, Place, People and Promotion. ഇതിനെ പലവിധത്തില്‍ മിക്‌സ് ചെയ്തിട്ടാണ് ലോകത്തെമ്പാടുമുമുള്ള കച്ചവടക്കാര്‍ ഉപ്പു മുതല്‍ കര്‍പ്പൂരം വരെ വിൽക്കുന്നത്. എന്തിന്? ആത്മീയവ്യാപാരം പോലും അങ്ങനെയല്ലേ?

Read More: ഇ സന്തോഷ് കുമാറിന്റെ മറ്റ് ചില രചനകൾ ഇവിടെ വായിക്കാം

Get Malayalam News and latest news update from India and around the world. Stay updated with today's latest Opinion news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ