തിരുവനന്തപുരം ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ചൈത്ര തെരേസ ജോണ്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് പാതിരാത്രിക്ക്‌ റെയ്ഡ് ചെയ്തത് വലിയൊരു പാതകമായിപ്പോയി എന്ന മട്ടിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അസംബ്ലിയില്‍ വിശദീകരണം നല്‍കിയിട്ടുള്ളത്. ചില നിക്ഷിപ്ത താല്‍പര്യങ്ങള്‍ രാഷ്ട്രീയ രംഗത്തുള്ളവരെ കരിതേച്ചു കാണിക്കുന്ന പ്രവണത പുലര്‍ത്തി പോരുന്നുണ്ടെന്നും ചിലപ്പോള്‍ ചിലര്‍ ഇത്തരം പ്രവണതകള്‍ക്ക് വഴിപ്പെട്ടു പോകാറുണ്ടെന്നും പ്രസ്തുത പൊലീസ് ഉദ്യോഗസ്ഥയെ ലാക്കാക്കി കൊണ്ട് പിണറായി കൂട്ടിച്ചേര്‍ക്കുകയുണ്ടായി.

ഒരു ജനാധിപത്യത്തില്‍ പാര്‍ട്ടി ഓഫീസുകളുടെ സുഗമമായ പ്രവര്‍ത്തനത്തിനും അത്തരം സ്ഥാപനങ്ങളുടെ സംരക്ഷണത്തിനും പറ്റിയ അന്തരീക്ഷം സൃഷ്ടിക്കേണ്ടത്‌ അത്യന്താപേക്ഷിതമാണെന്നും മുഖ്യമന്ത്രി തുടര്‍ന്നും വിശദീകരിക്കുന്നത് ശ്രദ്ധേയമാണ്. പാര്‍ട്ടി ഓഫീസുകള്‍ ജനാധിപത്യത്തിന്‍റെ ആധാരശിലകളാണെന്നെല്ലാം പിണറായി വിജയനെപ്പോലെ ഒരു സ്റ്റാലിനിസ്റ്റ് പറയുമ്പോള്‍ കൗതുകം ജനിക്കുന്നത് സ്വാഭാവികം. സിപിഎം സ്റ്റേറ്റ് സെക്രട്ടറി ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് മുകളില്‍ പറക്കരുതെന്ന താക്കീതാണ് നല്‍കിയിരിക്കുന്നത്. ഫലത്തില്‍ പിണറായിയും കോടിയേരിയും ചെയ്തിരിക്കുന്നത് സര്‍ക്കാരിന് മുകളില്‍ പാര്‍ട്ടിയെ പ്രതിഷ്ഠിക്കുകയാണ്. പക്ഷേ അവരത് ശരിയായ അര്‍ത്ഥത്തില്‍ തിരിച്ചറിയുന്നില്ലെന്നു മാത്രം.

മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനില്‍ അറസ്റ്റിലായ പ്രതികളെ കാണാന്‍ ചെന്നവരെ അതിനുനുവദിക്കാതിരുന്ന സാഹചര്യത്തില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നു സ്റ്റേഷന് നേരെ കല്ലേറുണ്ടായി. ജനല്‍ ചില്ലുകള്‍ തകര്‍ന്നും മറ്റും 2000 രൂപയുടെ നഷ്ടമുണ്ടാവുകയും ചെയ്തു. ബന്ധപ്പെട്ട കേസിലെ പ്രതികള്‍ പാര്‍ട്ടി ഓഫീസിലുണ്ടെന്ന വ്യക്തമായ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. പക്ഷേ പൊലീസ് എത്തുന്നതിനു മുമ്പ് ആ വിവരം അവിടെ എത്തിയിരിക്കുമെന്നും പൊലീസ് അന്വേഷിക്കുന്നവരെ അവിടെ നിന്നു നീക്കിയിരിക്കുമെന്നും സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ആ നിലക്ക് ആരെയും അറസ്റ്റ് ചെയ്യാനാവാതെ വന്നത് സ്വാഭാവികം മാത്രം.

ആരെയും അറസ്റ്റ് ചെയ്യാനാവാതെ വന്നതിന്‍റെ പേരിലാണ് പൊലീസ് ഓഫീസര്‍ ഏറ്റവും അധികം വിമര്‍ശിക്കപ്പെടുന്നതെന്നതും വിചിത്രമായി തോന്നാം. പക്ഷേ അതാണ്‌ സംഭവിച്ചു കൊണ്ടിരിക്കുന്നത്. അറസ്റ്റ് ചെയ്യാതിരിക്കാനായി വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തവര്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ കഴിയാതെ വന്നതിനെ വിമര്‍ശിക്കുന്നതില്‍ പ്രകടമാവുന്ന രാഷ്ട്രീയ കാപട്യം എത്ര ഭീകരമാണെന്ന് നോക്കുക. ഇത്തരം കള്ളക്കളികള്‍ മുഖ്യമന്ത്രിയുടെയും മുഖ്യഭരണകക്ഷി നേതാവിന്റെയും അറിവോടെയാണ് നടക്കുന്നതെന്ന് വിശ്വസിക്കേണ്ടി വരുമ്പോഴാണ് നമ്മുടെ സമൂഹം എത്തിപ്പെട്ടിട്ടുള്ള രാഷ്ട്രീയാപചയത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടി വരുന്നത്.

ഈ രാഷ്ട്രീയാപചയം ഏതെങ്കിലും രാഷ്ട്രീയപക്ഷത്തെയോ പാര്‍ട്ടികളെയോ മാത്രമായി ബാധിച്ചിട്ടുള്ള സംഗതിയല്ല. അധികാര രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന എല്ലാ പാര്‍ട്ടികളെയും ഇത് ഗ്രസിച്ചിട്ടുണ്ട്. ഒരു ജനാധിപത്യ വ്യവസ്ഥയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്‌ നിര്‍ണായക പങ്ക് വഹിക്കാനുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. എന്നാല്‍ രാഷ്ട്രീയാധികാരവും രാഷ്ട്രീയ പാര്‍ട്ടികളും തമ്മിലുള്ള ബന്ധം സൂക്ഷ്മമായി മനസ്സിലാക്കുന്ന കാര്യത്തില്‍ സര്‍വത്ര ആശയക്കുഴപ്പമാണ് താനും. അധികാരത്തില്‍ എത്തുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്‌ നേരിട്ട് അധികാരം കയ്യാളാന്‍ അവകാശമുണ്ടെന്നു കരുതുന്നവര്‍ കുറവല്ല. യഥാര്‍ത്ഥത്തില്‍ അധികാരം കയ്യാളുന്നത് സര്‍ക്കാരാണെന്നും പാർട്ടിയല്ലെന്നും പൊതുവില്‍ മനസ്സിലാക്കപ്പെടുന്നുണ്ടെങ്കിലും സര്‍ക്കാരിനെ നയിക്കുന്നത് അധികാര പാർട്ടിയാണെന്നു പ്രയോഗത്തില്‍ കാണുമ്പോള്‍ ആശയക്കുഴപ്പം വീണ്ടും തലപൊക്കുക സ്വാഭാവികമാണ്. സര്‍ക്കാരും രാഷ്ട്രീയപാര്‍ട്ടികളും തമ്മിലുള്ള ബന്ധം വ്യക്തമായി മനസ്സിലാക്കിക്കൊണ്ട് മാത്രമേ ഈ ആശയക്കുഴപ്പം കുറച്ചെങ്കിലും പരിഹരിക്കാനാകൂ.

ജനാധിപത്യ സമ്പ്രദായത്തില്‍ ജനങ്ങളുടെ രാഷ്ട്രീയ ഇച്ഛാശക്തി ക്രോഡീകരിക്കുന്ന സാമൂഹ്യ സംഘടനകള്‍ ആണ് രാഷ്ട്രീയപാര്‍ട്ടികള്‍. പക്ഷേ ഒരു രാഷ്ട്രീയപാര്‍ട്ടിയും മുഴുവന്‍ സമൂഹത്തെയും പ്രതിനിധാനം ചെയ്യുകയില്ല. ഓരോ പാര്‍ട്ടിയും ഏതെങ്കിലും ആശയത്തെ കേന്ദ്രീകരിച്ചു നിലനില്‍ക്കുകയും വളരുകയും ചെയ്യുമ്പോള്‍ അത്തരം ആശയങ്ങളോട് വിയോജിക്കുന്നവര്‍ ഓരോ സമൂഹത്തിലും ഉണ്ടാകും. അതു കൊണ്ടാണ് രാഷ്ട്രീയപാര്‍ട്ടി എത്ര വലുതായാലും അത് ഒരു സമൂഹത്തെ മുഴുവന്‍ പ്രതിനിധാനം ചെയ്യുന്നില്ലെന്ന് കാണേണ്ടി വരുന്നത്.

അതേ സമയം, സര്‍ക്കാര്‍ പ്രതിനിധാനം ചെയ്യുന്നത് മുഴുവന്‍ സമൂഹത്തെയുമാണ്. ആ പ്രാതിനിധ്യം എത്രത്തോളം ഫലപ്രദമാണ് എന്നതെല്ലാം വ്യക്തമായ ഉത്തരമില്ലാതെ തുടരുമ്പോഴും ഓരോ സമൂഹത്തിന്‍റെയും അസ്തിത്വം തന്നെയാണ് സാമൂഹ്യ യാഥാര്‍ത്ഥ്യത്തെ സ്ഥിരീകരിക്കുന്നത്. മേധാവിത്തവര്‍ഗങ്ങളെയും അവരുടെ താല്‍പര്യങ്ങളെയുമാണ് ഓരോ സര്‍ക്കാരും പ്രതിനിധാനം ചെയ്യുന്നതെന്ന മാര്‍ക്സിയന്‍ വ്യാഖ്യാനത്തെ അവഗണിച്ചു കൊണ്ടല്ല ഇത് പറയുന്നത്. നൂറ്റിമുപ്പതു കോടിയോളം വ്യക്തികളുള്ള ഇന്ത്യന്‍ സമൂഹത്തില്‍ ഓരോ വ്യക്തിയും ഇന്ത്യന്‍ പൗരനെന്ന അസ്തിത്വം സ്ഥാപിച്ചെടുക്കുന്നത് പൊതുസര്‍ക്കാരുമായി വിവിധ രൂപങ്ങളില്‍ ബന്ധം സ്ഥാപിക്കുകയും വിനിമയം നടത്തുകയും ചെയ്യുന്നതിലൂടെയാണ്. രാജാവിന്‍റെ കീഴിലെ പ്രജയുടെ പദവിയില്‍ നിന്നു ജനാധിപത്യത്തിലെ പൗരനിലേക്കുള്ള വ്യക്തിയുടെ വളര്‍ച്ച വലിയൊരു ചരിത്രപ്രക്രിയ തന്നെ ആയിരുന്നു. അതവിടെ നിക്കട്ടെ. നമ്മുടെ വിഷയത്തിലേക്ക് തന്നെ വരാം.

ഒരു ജനാധിപത്യ സമൂഹത്തില്‍ മുഴുവന്‍ സമൂഹത്തെയും പ്രതിനിധാനം ചെയ്യുന്ന സര്‍ക്കാര്‍ സംവിധാനത്തിലൂടെ മാത്രമേ അധികാരപ്രയോഗം സാധ്യമാവൂ. സര്‍ക്കാര്‍ സംവിധാനത്തെ നിയന്ത്രിക്കാനുള്ള അധികാരമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്‌ ലഭിക്കുന്നത്. പാര്‍ട്ടികള്‍ക്ക് നേരിട്ട് അധികാരം പ്രയോഗിക്കാനാവില്ല. സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ മാത്രമേ അവര്‍ക്കത് കഴിയൂ. നമ്മുടെ വിഷയമായ പാര്‍ട്ടി ഓഫീസ് റെയ്ഡില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് നോക്കാം. മെഡിക്കൽ കോളേജിനു നേരെ കല്ലേറ് നടത്തിയ പ്രതികള്‍ക്കു വേണ്ടി പാര്‍ട്ടി ഓഫീസില്‍ പൊലീസ് നടത്തിയ റെയ്ഡ് നിയമാനുസൃതമായ എല്ലാ ചട്ടങ്ങളും പാലിച്ചു കൊണ്ടാണെന്നു മുഖ്യമന്ത്രി തന്നെ നിയമിച്ച അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് നല്‍കിയതോടെ ഇപ്പോള്‍ മുഖ്യമന്ത്രി പിണറായിയും പാര്‍ട്ടി നേതാവ് കോടിയേരിയുമാണ് ജനങ്ങളുടെ മുന്നില്‍ പ്രതികൂട്ടില്‍ നില്‍ക്കുന്നത്.

സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ നിയമപ്രകാരമുള്ള അധികാര പ്രയോഗമാണ് അവിടെ നടന്നത്. പാര്‍ട്ടി ഓഫീസുകളില്‍ ഇത്തരം റെയ്ഡുകള്‍ നടത്താന്‍ പാടില്ലെന്ന ഒരു പുതിയ കീഴ്‌വഴക്കം ഇതോടെ ഉണ്ടായാല്‍ എന്തുണ്ടാകും എന്നു കൂടി നോക്കേണ്ടതുണ്ട്. കുറ്റവാളികളുടെ ഒളിസങ്കേതങ്ങളായി പാര്‍ട്ടി ഓഫീസുകള്‍ മാറാന്‍ പിന്നെ അധികകാലം വേണ്ടിവരില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുവില്‍ കുറ്റവാളികളെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു എന്നല്ല ഉദ്ദേശിച്ചത്. എങ്കിലും അങ്ങിങ്ങായി രാഷ്ട്രീയ സംഘട്ടനങ്ങള്‍ സംഭവിക്കുന്നുണ്ടെന്നത് അവഗണിക്കാനും പാടില്ല. മാത്രമല്ല, സിപിഎമ്മും ബിജെപിയും നിരന്തരം രാഷ്ട്രീയസംഘട്ടനങ്ങളില്‍ ഏര്‍പ്പെടുകയും കുറ്റവാളികളെ സൃഷ്ടിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു എന്നതും യാഥാര്‍ത്ഥ്യമാണ്. ഇത്തരം സംഘട്ടനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ അവരവരുടെ പാര്‍ട്ടി ഓഫീസുകളില്‍ അഭയം തേടുന്നതും സ്വാഭാവികമാണ്. ഓഫീസുകളിലുള്ളവരും നേതാക്കളും അവരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിലും അസ്വാഭാവികമായിട്ടൊന്നുമില്ല. യാഥാര്‍ത്ഥ്യങ്ങളുടെ കിടപ്പ് ഇങ്ങനെയൊക്കെ ആണെന്ന് പിണറായിക്കും കൊടിയേരിക്കും നല്ല പോലെ അറിയാവുന്നതുമാണ്. എന്നിട്ടും സ്വന്തം പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസില്‍ സ്വന്തം വകുപ്പിനു കീഴിലുള്ള ഉദ്യോഗസ്ഥ റെയ്ഡ് ചെയ്തതിലെ ജാള്യത മറച്ചു വയ്ക്കാനായി പാര്‍ട്ടി ഓഫീസുകളെ മൊത്തത്തില്‍ വെള്ള പൂശാന്‍ പിണറായി നടത്തിയ ശ്രമം സഹതാപാർഹമാണ്.

പാര്‍ട്ടി ഓഫീസുകളെ സംരക്ഷിക്കുന്ന നയമാണ് തന്‍റെ സര്‍ക്കാരിന്റേത് എന്നു പറഞ്ഞു കൊണ്ടുള്ള പിണറായിയുടെ ഇടപെടല്‍ ഫലത്തില്‍ നിയമ വാഴ്ചയെ തുരങ്കം വയ്ക്കുന്ന തരത്തിലായിപ്പോയി. നിയമവാഴ്ചക്കാണ് താന്‍ ഊന്നല്‍ നല്‍കുന്നതെന്ന നിലപാട് അദ്ദേഹം സ്വീകരിച്ചിരുന്നെങ്കിൽ ഡെപ്യൂട്ടി കമ്മീഷണര്‍ ചൈത്രയുടെ നടപടിക്കെതിരെ നീങ്ങാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. സര്‍ക്കാരിനെയാണ് അദ്ദേഹം പ്രതിനിധാനം ചെയ്തിരുന്നതെങ്കില്‍ അദ്ദേഹം നിയമവാഴ്ചയെ ഉയര്‍ത്തിപ്പിടിക്കുമായിരുന്നു. പക്ഷേ അദ്ദേഹം സര്‍ക്കാരിനെയും നിയമവാഴ്ചയെയും കയ്യൊഴിഞ്ഞു പാര്‍ട്ടിയെ സംരക്ഷിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. ഫലത്തില്‍ അദ്ദേഹമിപ്പോള്‍ കേരളത്തിന്‍റെ മുഖ്യമന്ത്രിയല്ല, പാര്‍ട്ടിയുടെ മുഖ്യമന്ത്രിയാണ്. പാര്‍ട്ടി മുഖ്യമന്ത്രിയാവുന്നതും കേരളത്തിന്‍റെ മുഖ്യമന്ത്രിയാവുന്നതും ഒന്നു തന്നെയാണെന്ന് ഒരുപക്ഷേ അദ്ദേഹം കരുതുന്നുമുണ്ടാകാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook