മലയാള സാഹിത്യത്തിൽ സജീവമായ പുതിയ തലമുറയുടെ മൂന്നു പ്രതിനിധികളാണ് വിനോയ് തോമസും കെ വി പ്രവീണും രാഹുൽ രാധാകൃഷ്ണനും. കരിക്കോട്ടക്കരി എന്ന ആദ്യനോവലിലൂടെ തന്നെ വായനക്കാരുടെ ശ്രദ്ധയാകർഷിച്ച വിനോയ് തോമസ് പിന്നീട് കഥകളിലൂടെയാണ് തൻറെ സാന്നിദ്ധ്യം ഉറപ്പിച്ചത്. ആദ്യ കഥാസമാഹാരമായ രാമച്ചി വിനോയിയുടെ എഴുത്തിൻറെ
അടയാളമാണ്.  ഡിജാൻലീ , പ്രച്ഛന്നവേഷം തുടങ്ങിയ നോവലുകളിലൂടെയും
ഓർമ്മചിപ്പ്, ജാക് പോട്ട് തുടങ്ങിയ കഥകളിലൂടെയും മലയാള സാഹിത്യത്തിൽ തൻറേതായ ഇടം ഉറപ്പിച്ചു കെ വി പ്രവീൺ. ഓർമ്മചിപ്പ് എന്ന കഥാ സമാഹാരം പുറത്തിറങ്ങി കഴിഞ്ഞു. മലയാളത്തിലെ യുവ നിരൂപകരിൽ ശ്രദ്ധേയനാണ് രാഹുൽ രാധാകൃഷ്ണൻ. സാഹിത്യത്തിലെ അടരുകളെ കുറിച്ചുളള എഴുത്തുകളിലൂടെയാണ് രാഹുൽ ശ്രദ്ധേയനായത്. ഇവർ മൂവരും തമ്മിൽ സാഹിത്യത്തെ കുറിച്ച് നടത്തിയ സൗഹൃദഭാഷണം


രാഹുൽ രാധാകൃഷ്ണൻ:
വിനോയിയുടെ കഥകളിലും പ്രവീണിന്റെ കഥകളിലും ഒരു പ്രത്യേക രീതിയിൽ അനുഭവപ്പെടുന്ന വേരുകളുടെ -സംസ്‌കകാരത്തിന്റെയും പാരമ്പര്യത്തിന്റെയും- സാന്നിധ്യത്തെ പറ്റി എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? എനിക്ക് തോന്നുന്നത് മധ്യ തിരുവിതാംകൂറിൽ നിന്നും മലബാറിലേക്കുള്ള കുടിയേറ്റത്തിലൂടെ സ്ഥലം വെട്ടിപ്പിടിച്ചെടുക്കാനുള്ള ഒരു ഔദ്ധത്യം കരസ്ഥമാക്കിയ വംശത്തിന്റെ കണ്ണിയായത് കൊണ്ട് കഥകളും ആ രീതിയിൽ പരുവപ്പെട്ടു എന്നാണ്. എന്നാൽ പൂർണമായും മധ്യവർഗ/ഉപഭോഗ സംസ്കാര ലോകത്തിൽ നിൽക്കുന്ന പ്രവീണും വേറൊരു വിധത്തിൽ കുടിയേറ്റക്കാരനാണ്. അമേരിക്കയിൽ ജോലിയുമായി എത്തിയ പ്രവീൺ വംശീയമായി കാര്യങ്ങളെ അവതരിപ്പിക്കാൻ ശ്രമിച്ചിരുന്നു എന്ന് പറഞ്ഞാൽ തെറ്റാവില്ല. കുടിയേറ്റത്തിന്റെ രീതിശാസ്ത്രം ഒരു പ്രത്യേക പ്രദേശവുമായി ബന്ധപ്പെടുത്തി പറയാനാകില്ലെങ്കിലും അതിനു ദേശ/രാഷ്ട്ര വ്യത്യസ്തതകൾ ഉണ്ട് . വിനോയിയുടെ മിക്കനിയാ മൈക്രാന്തയും പ്രവീണിന്രെ ജാക്ക്പോട്ടും രണ്ടു തരത്തിൽ അതിനെ അഭിമുഖീകരിക്കുകയും ചെയ്യുന്നു.

vinoy thomas,ramachi, malayalam short story writer,,

വിനോയ് തോമസ്

വിനോയ് തോമസ്: എനിക്കു തോന്നുന്നത് ഓരോരുത്തരും അവരവരുടെ അനുഭവ പരിസരത്തു നിന്നാണല്ലോ എഴുതുന്നത്. ആകാശത്തിലൂടെ പറന്നുപോകുന്നതും നിലത്തിറങ്ങി വിശ്രമിക്കുന്നതുമായ വിമാനങ്ങളെ കാണാന്‍ മാത്രമേ എനിക്കു സാധിച്ചിട്ടുള്ളൂ. പ്രവീണ്‍ വിമാനത്തില്‍ സഞ്ചരിച്ച് മടുത്ത ആളാണ്. ആ വ്യത്യാസം ഞങ്ങളുടെ കഥകളിലും കാണും. എന്നാലും എനിക്കു തോന്നുന്നത് ഓര്‍മ്മച്ചിപ്പിലെ അമ്മയും മിക്കാനിയാ മൈക്രാന്തയിലെ അമ്മയും അനുഭവിക്കുന്നത് കേരളത്തിന്റെ പുതിയ സാമൂഹ്യസാഹചര്യം സൃഷ്ടിച്ച വേദനകള്‍ തന്നെയാണ്. അവസാനമില്ലാത്ത കുടിയേറ്റങ്ങളിലൂടെ ഭാഗ്യാന്വേഷണവും നിലനില്‍പ്പുവഴി തേടലും നടത്തുന്ന മലയാളികളുടെ കഥ തന്നെയാണ് ഞങ്ങളൊക്കെ പറയുന്നത്. വംശത്തെ സംബന്ധിച്ച് പറയുമ്പോള്‍ മലയാളി എന്ന ഒറ്റ വംശമല്ലേ ഉള്ളൂ.


കെ.വി. പ്രവീൺ:
ഗര്‍ഭപാത്രത്തില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ തൊട്ട് പ്രവാസവും വിവേചനവും അതിജീവനവും ആരംഭിക്കുകയായി എന്നാണ് എനിക്കു തോന്നുന്നത്. പിന്നീടങ്ങോട്ട് നിലനില്‍പ്പിനായുളള മനുഷ്യജീവിയുടെ ഭൗതികവും മാനസികവുമായ തത്രപ്പാടുകളാണ്. ദേശത്തേക്കാളേറെ മനുഷ്യാവസ്ഥയുടെ ഈ അടിസ്ഥാന സമസ്യയുമായി ബന്ധപ്പെട്ട സംഗതികളാണ് വിനോയിയുടേയും എന്റേയും കഥകളിലൊക്കെ വരുന്നത്. കഥ നടക്കുന്ന സ്ഥലം കേരളമോ അമേരിക്കയോ ഒക്കെ ആകാം എന്നേയുളളൂ. ജാതി/മതം/വംശം/ലിംഗം എന്നിവയുമായി ബന്ധപ്പെട്ട വിവേചനവും മുന്‍‌വിധിയും മിക്ക മനുഷ്യരിലും കട്ട പിടിച്ചു കിടക്കുന്നുണ്ട് എന്നാണ് എന്റെ അനുഭവം. ചിലര്‍ അത് പരസ്യമായി പുറത്തു കാണിക്കുന്നില്ല എന്ന് മാത്രം.


രാഹുൽ:
കഥ രൂപപ്പെട്ടു വരുന്നത്, പരിസരങ്ങളിൽ നിന്നോ നിരീക്ഷണങ്ങളിൽ നിന്നോ അനുഭവങ്ങളിൽ നിന്നോ ആണെങ്കിൽ കൂടി, രാത്രിയിൽ ആകാശത്തിലെ തെളിഞ്ഞു നിൽക്കുന്ന നക്ഷത്രത്തിന്റെ ഭംഗി അതിനുണ്ടാവണമെങ്കിൽ എഴുത്തുരീതി ജൈവികമായിരിക്കണം. ജാക്‌പോട്ടിലെ ക്രിസും വണ്ടർ വുമണിലെ ഗീതയും ഓർമ്മചിപ്പിലെ അമ്മയും സാങ്കൽപ്പിക കഥാപാത്രങ്ങൾ ആവുന്നില്ല. അതു പോലെ തന്നെയാണ് വിശുദ്ധ മാഗ്‌ദാന പള്ളിയിലെ സാംസണും ഉടമസ്ഥനിലെ പാപ്പച്ചനും രാമച്ചിയിലെ പ്രദീപനും മല്ലികയും. നമ്മെ തൊടുന്നവരെ തിരിച്ചു തൊടുന്നത് പോലെയുള്ള ക്രയവിക്രയമാണ് കഥപറച്ചിലിൽ നടക്കുന്നത്. നമ്മുടെ കഥനരീതിയുടെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ ജീവൽസാഹിത്യവും അനുഭവങ്ങളും ഫാന്റസിയും ഉത്തരാധുനിക ഘടനയും തുടങ്ങിയ പല തരത്തിലുള്ള ശൈലികൾ അത് പിന്തുടർന്നിട്ടുണ്ട്.


വിനോയ്:
യഥാര്‍ത്ഥമായ ഒരു ആദ്യരൂപം കഥാപാത്രങ്ങള്‍ക്ക് ഉണ്ടെങ്കില്‍ അതിന്‍മേല്‍ നമ്മള്‍ വച്ചുപിടിപ്പിക്കുന്ന അലങ്കാരങ്ങളൊക്കെ കൂടുതല്‍ വിശ്വസനീയവും സ്വീകാര്യവുമാകും. പക്ഷെ ആ ആദ്യരൂപത്തെ അതേപടി ഉപയോഗിക്കുമ്പോള്‍ നമ്മുടെ ചുറ്റും ജീവിച്ചിരിക്കുന്നവരുടെ മനസ്സ് മുറിപ്പെടാന്‍ ഇടയുണ്ട്. ഒന്നുരണ്ട് അനുഭവങ്ങള്‍ എനിക്ക് ആദ്യം അങ്ങനെയുണ്ടായി. അതുകൊണ്ട് ഇപ്പോള്‍ ഞാന്‍ ശ്രമിക്കുന്നത് യഥാര്‍ത്ഥമാതൃകകളില്‍ നിന്ന് പരമാവധി അകലേക്ക് കഥാപാത്രങ്ങളെ കൊണ്ടുപോവുക എന്നതാണ്. അപ്പോഴുണ്ടാകുന്ന അവിശ്വസനീയതയെ മറികടക്കാന്‍ എഴുത്തില്‍ ഞാന്‍ ചില തന്ത്രങ്ങള്‍ ഉപയോഗിക്കും. അത് അതീവരഹസ്യമായതിനാല്‍ ഞാന്‍ വെളിപ്പെടുത്തൂല്ല.

kv praveen, malayalam writer, ormachippu, short story,

കെ. വി. പ്രവീൺ


പ്രവീൺ:
നമ്മള്‍ ഫിക്ഷന്‍ വായിക്കുന്നത് പ്രധാനമായും പുതിയ ആളുകളെ/കഥാപാത്രങ്ങളെ കണ്ടു മുട്ടാനാണ് എന്നു പറയാം. അതുകൊണ്ട് കഥയില്‍ ഏറ്റവും പ്രധാന ഘടകം കഥപാത്രങ്ങള്‍ തന്നെയാണ്. എന്റെ മിക്കവാറും എല്ലാ കഥാപാത്രങ്ങള്‍ക്കും നിത്യജീവിതത്തില്‍ മാതൃകകളുണ്ട്. പക്ഷെ ഒരാളെ അതേ പടി കഥാപാത്രമാക്കുകയല്ല, മറിച്ച് പല ആളുകളില്‍ നിന്നും കടം കൊണ്ട പല സംഗതികള്‍ക്കു മേല്‍ ഭാവനയും ചേര്‍ത്ത് കഥാപാത്രങ്ങളെ സൃഷ്ടിക്കുകയാണ് പതിവ്‌. ജീവനുളള കഥാപാത്രങ്ങളെ സൃഷ്ടിക്കലാണ് എഴുത്തിന്റെ ഒരു വലിയ രസം; വെല്ലുവിളിയും.


രാഹുൽ:
നോർവേയിലെ കാൾ നോസ്‌ഗാർഡിന്രെ (Karl Ove Knausgard) മൈ സ്ട്രഗ്ഗിൾസ് എന്ന ആറു ഭാഗങ്ങളുള്ള ആത്മകഥാധിഷ്ടിതമായ കൃതിയുടെ അഞ്ച് ലക്ഷത്തോളം പ്രതികളാണ് ജനസംഖ്യ ഏതാണ്ട് അഞ്ച് ദശ ലക്ഷം മാത്രമുള്ള നോർവേയിൽ വിറ്റ് പോയത്. ഓർമകളെ രേഖപ്പെടുത്തുന്ന സാഹിത്യജീവിതത്തിൽ, രാമച്ചിയും ഓർമച്ചിപ്പും ഓർമകളുടെ രണ്ടു തരത്തിലുള്ള ചിത്രീകരണമാണ്. ഓർമകളുടെ രാഷ്ട്രീയം കഥയിൽ ആവിഷ്കരിക്കുന്ന രീതിക്ക് ഉത്തരാധുനികസാഹിത്യ ഭൂമികയിൽ പ്രസക്തി ഏറുകയാണ്. അത് വഴി ഓർമകളുടെ അണക്കെട്ടിന്റെ വാതിൽ തുറക്കുക എന്ന കർമ്മമാണ് പലരും ചെയ്യുന്നത്.
വിനോയ്: അങ്ങിനെയാണെങ്കില്‍ ഇനി ഞാന്‍ ഓര്‍മ്മ മാത്രമേ എഴുതുകയുള്ളൂ. നമ്മള്‍ മലയാളികള്‍ എത്ര കോടി വരും? അല്ല, ഞാനെഴുതിയതെല്ലാം ഓര്‍മ്മകളാണല്ലോ! ആ കാര്യം ഈ മലയാളികളെ മുഴുവന്‍ ഒന്നറിയിക്കാന്‍ എന്താ വഴി? മൂര്‍ഖന്‍പറമ്പ് ഈന്തിന്റെ ഓര്‍മ്മ, വിശുദ്ധ മഗ്ദലനമറിയത്തിന്റെ പള്ളി കശാപ്പിന്റെ ഓര്‍മ്മ, ഉടമസ്ഥന്‍ നായകളേക്കുറിച്ചുള്ള ഓര്‍മ്മ, ഇടവേലിക്കാര്‍ ചീട്ടുകളിയുടെ ഓര്‍മ്മ, അങ്ങനെയങ്ങനെ എല്ലാം ഓര്‍മ്മകള്‍. എന്നിട്ടും ഓര്‍മ്മ കൂട്ടി ഒരു പേരിടാന്‍ എനിക്ക് തോന്നീല്ലല്ലോ. പ്രവീണ്‍ ഓര്‍മ്മച്ചിപ്പെന്ന് പേരിട്ടതിന്റെ കാര്യം എനിക്കിപ്പോള്‍ മനസ്സിലായി. എന്റെ കുഴപ്പം തന്നെയാ. നന്നായിട്ട് ഇംഗ്ലീഷ് പഠിക്കുകയായിരുന്നെങ്കില്‍ നോര്‍വേലെ സംഗതി എനിക്ക് മുന്നേ പിടികിട്ടുവാരുന്നല്ലോ.


പ്രവീൺ: 
നമ്മള്‍ ഓര്‍മയുടെ രാഷ്ട്രീയത്തെക്കുറിച്ച് എഴുതാം എന്ന മുന്‍‌കൂട്ടി തീരുമാനിച്ച് എഴുതുകയല്ലല്ലോ. പിന്നെ, പ്രകൃതി നിയമത്തിനുളള അവതാരികയില്‍ കെ സി നാരായണന്‍ കുന്ദേരയുടെ ‘അധികാരത്തിനെതിരായ മനുഷ്യന്റെ പോരാട്ടം മറവിക്കെതിരായ ഓര്‍മകളുടെ കലാപം തന്നെയാണ്’ എന്ന വാചകം ഉദ്ധരിച്ചത് കണ്ടപ്പോൾ തൊട്ട് ആ ഒരു ആശയം അബോധത്തില്‍ കിടക്കുന്നുണ്ടായിരുന്നു എന്നു തോന്നുന്നു. ഓര്‍മകളില്ലാത്ത ജീവിതം ജീവിതമേ ആകുന്നില്ലല്ലോ.

rahul radhakrishnan, malayala wirter, critic,

രാഹുൽ രാധാകൃഷ്ണൻ


രാഹുൽ: 
പരമാധികാരവും ഏകാന്തതയും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് മാർകേസ് എഴുതിയതെല്ലാം. ഈ ഒരേ പ്രമേയത്തിന്റെ മുക്കും മൂലയും തൊട്ടു തലോടുക എന്നതായിരുന്നു അദ്ദേഹം തന്റെ കൃതികളിൽ അവലംബിച്ചിരുന്ന രചനാശൈലി. മാജിക്കൽ റിയലിസത്തെ മറന്നു കൊണ്ടല്ല ഇത് പറയുന്നത്. “No man is an island” എന്ന ആശയത്തെ മുൻനിർത്തിയാണ് സമകാലിക ലോകം കുതിച്ചു പായുന്നത്. സാങ്കേതികവിദ്യയിലും നവസാമൂഹിക മാധ്യമങ്ങളിലും ജീവിതത്തെ ആഘോഷമാക്കി മാറ്റുന്നവർക്കു അണുകുടുംബങ്ങളിലെ സ്വൈരക്കേടുകളും അസ്വസ്ഥതകളും ബോധ്യപ്പെടുകയില്ല. ക്രമമില്ലാതെയും ആസൂത്രണവൈദഗ്ദ്യം ഇല്ലാതെയും ജീവിതരംഗങ്ങൾ മാറിമറിയുമ്പോൾ പാകപ്പിഴകൾ ധാരാളമുണ്ടാകുന്നു. മിഥ്യകളും തഥ്യകളും ക്രിയാത്മകതയ്ക്കു വേണ്ടി പരസ്പരം മറഞ്ഞു നിൽക്കുകയോ അപ്രത്യക്ഷമവുകയോ ചെയ്യുന്ന ജീവിതത്തിന്റെ പ്രതിബിംബമായി ഫിക്ഷനുകൾ മാറുന്നു.ഭാവാനാകാശങ്ങളിലൂടെ പറക്കുന്ന ആധുനികമനുഷ്യൻ ബന്ധങ്ങളുടെ സ്ഥായീഭാവത്തിൽ നിർമമനാവുകയാണ്. ലോകത്തെ സ്മാർട്ട് ഫോണിലൂടെ കാണുന്ന അവൻ സങ്കീർണ്ണതകളെയും ഫാന്റസിയെയും പ്രണയിക്കാൻ ആരംഭിച്ചു. അങ്ങനത്തെ കഥകൾ അവൻ എഴുതാനും വായിക്കാനും ഇഷ്ടപ്പെട്ടു. മുത്തശിക്കഥകളിൽ കേട്ട് മാത്രം പരിചയിച്ചിരുന്ന വിസ്മയലോകം നൂതന സാങ്കേതികത അവന്രെ കണ്മുന്നിൽ പ്രത്യക്ഷമാക്കി. ജീവിച്ചിരുന്ന ചുറ്റുപാടുകളേക്കാൾ സാങ്കൽപ്പിക ചുറ്റുപാടുകളെ നെഞ്ചോട് ചേർക്കാനും തുടങ്ങി.


വിനോയ്:
ഞാനും വല്ലാത്ത ധര്‍മ്മസങ്കടത്തിലാകാറുണ്ട്. കുടുംബത്തിലെയും നാട്ടുകാരുടേം ചില ഇടപാടുകളെല്ലാം കാണുമ്പോള്‍ ഏകാന്തതയാ നല്ലതെന്നു തോന്നും. പക്ഷെ ഒന്നോ രണ്ടോ ദിവസം ഏകാന്തതയും കൊണ്ടിരിക്കുമ്പോള്‍ അറിയാതെ പഴയ ബഹളത്തിലേക്ക് എടുത്തുചാടും. ആതീവഗൗരവമായ എഴുത്തിനിടയില്‍പോലും ഇടയ്ക്കൊന്ന് ഫെയ്‌സ്‌ബുക്ക് നോക്കും. അതിനകത്ത് കേറുമ്പോള്‍ തോന്നും നമ്മുടെ നാടും ചുറ്റുപാടും വല്ലാതെ വിശാലമായിപ്പോയെന്ന്. പണ്ട് നാട്ടുംപുറത്തോടെ നടന്ന എല്ലാത്തരം ആളുകളും അതിനകത്തുണ്ടല്ലോ. ബുദ്ധിജീവികള്‍, നിര്‍ദോഷനാട്യക്കാരായ വിശ്വാസികള്‍, അസൂയക്കാര്‍, പരദൂഷണക്കാര്‍, പൊങ്ങച്ചക്കാര്‍, പാവത്തുങ്ങള്‍, സുന്ദരികള്‍, കാമനന്‍മാര്‍… ഇവരെ വച്ച് ഫിക്ഷനെഴുതാന്‍ പറ്റും. അങ്ങനെയുണ്ടാകുന്ന ഫിക്ഷന്‍ മിഥ്യയാണോ തഥ്യയാണോ എന്ന് തിരിച്ചറിയാന്‍ കഴിയുമോ?


പ്രവീൺ:
എഴുത്ത് ഒരു ഏകാന്ത പ്രവൃത്തിയാണ്. ടെക്നോളജി എത്ര പുരോഗമിച്ചാലും, ലോകം ചെറുതയാലും, ജീവിതത്തിന്രെ അടിസ്ഥാന വ്യഥകള്‍ മാറ്റമില്ലാതെ തുടരും. മരണം, വിരസത, വേദന തുടങ്ങിയ കാര്യങ്ങൾക്കൊന്നും ഒരു പരിഹാരവുമില്ല. ഏറ്റവും പുതിയ ജീവിത സാഹചര്യങ്ങളിലും ഈ അടിസ്ഥാന പ്രശ്നങ്ങള്‍ തന്നെയാണ് എന്റെ എഴുത്തിന് വിഷയമാകുന്നത്.


രാഹുൽ:
ദിശ തെറ്റി സഞ്ചരിക്കുന്ന കപ്പലിലെ നാവികന്റെ വികാരം പോലെയാണ് എഴുത്ത്. കാറ്റും കോളും നിറഞ്ഞ ആകാശവും ഘനീഭവിച്ചിരിക്കുന്ന മേഘക്കൂട്ടങ്ങളും ആർത്തിരമ്പുന്ന തിരമാലകളും എഴുത്തിനെ പ്രക്ഷുബ്ധമാക്കുന്നു, എന്നാൽ ഈ ദുർഘടമായ യാത്ര തീരത്ത് അവസാനിക്കുമ്പോൾ, സർഗാത്മകമായ സുരക്ഷിതത്വം എഴുത്തുകാരൻ പ്രതീക്ഷിക്കുന്നു. വിഷയങ്ങളും പ്രമേയങ്ങളും എഴുത്തുകാരനിൽ നിന്നും കുതറി മാറിക്കൊണ്ട് മറ്റൊരു മായാലോകത്തേക്ക് കൂടുതൽ കരുതലോടെ നടന്നു നീങ്ങുകയാണ്. എന്നാൽ ഇത്തരം അവസ്ഥകളുടെ ഗന്ധം മാത്രം മതി എഴുത്തുകാരന്റെ സൃഷ്ടിപരമായ അതിജീവനത്തിന്. അതിനാൽ തന്നെ എകാന്തതയിൽ നിന്ന് മോചനം നേടാനുള്ള വ്യഗ്രതയാണ് എഴുത്തുകാരന് ആത്മപ്രകാശത്തിലൂടെ സമൂഹത്തോട് സംവദിക്കനുള്ള വഴിയൊരുക്കുന്നത്


വിനോയ്:
സര്‍ഗ്ഗാത്മകമായ സുരക്ഷിതത്ത്വം എന്നൊന്നുണ്ടോ? എഴുത്തു പൂര്‍ത്തിയാകുന്നതോടെ ഒരു വേര്‍പിരിയലാണ് നടക്കുന്നത്. സൃഷ്ടിക്ക് അതിന്റെ ജീവിതം. സൃഷ്ടാവിന് അയാളുടെ ജീവിതം. സൃഷ്ടാവിനേക്കാള്‍ സൃഷ്ടി ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണല്ലോ എല്ലാവരും. അങ്ങനെയാവണമെങ്കില്‍ രാഹൂല്‍ പറഞ്ഞ മായാലോകത്തില്‍ ജീവിക്കാന്‍ വേണ്ട ആരോഗ്യം ഓരോ സൃഷ്ടിക്കുമുണ്ടാക്കുക എന്നതാണ് എഴുത്തു കാരന്‍ നേരിടുന്ന വെല്ലുവിളി. അല്ലാതെ ഒരവസ്ഥയുടേയും ഗന്ധംകൊണ്ട് എഴുത്ത് അതിജീവിക്കുകയില്ല.


പ്രവീൺ:
‘എഴുത്തു കൊണ്ട് നേടാവുന്നത് എല്ലാം നേടിയ മലയാള സാഹിത്യകാരന്മാരുണ്ട്. പക്ഷെ അവരെയൊന്നും ഇന്ന് ആരും വായിക്കുന്നില്ല’ എന്നോ മറ്റോ എന്‍ എസ് മാധവന്‍ ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. എഴുത്തിന്റെ അതിജീവനം എന്ന് കേൾക്കുമ്പോഴേയ്ക്കും ഏതൊരു ലൈബ്രറിയിലേയും ആരും ചെക്ക് ഔട്ട് ചെയ്യത്ത് 70% പുസ്തകങ്ങളെക്കുറിച്ച് ഓര്‍മ വരും. ചില ജീവിത ശകലങ്ങള്‍, വികാരങ്ങള്‍, ചിന്തകള്‍ ഇതൊക്കെ അടയാളപ്പെടുത്താനുളള ശ്രമം, ശ്രമം മാത്രമാണ് എനിക്ക് എഴുത്ത്. എഴുത്തിന്റെ അമരത്വത്തെക്കുറിച്ച് ദിവാസ്വപനങ്ങള്‍ ഒന്നും ഇല്ല.


രാഹുൽ: 
രാമച്ചിയും ഓർമചിപ്പും ഓർമകളുടെ സങ്കേതം ഉപയോഗിച്ചിട്ടുണ്ട് എന്ന് കാണാം. രാമച്ചിയിൽ ആ ഓർമകളെ പൊയ്പോയ കാലവുമായും ഓർമ്മചിപ്പിൽ വരാനിരിക്കുന്ന കാലവുമായും ദ്യോതിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്-നേരത്തെ സൂചിപ്പിച്ചത് പോലെയുള്ള ഓർമ്മകളുടെ ഒരു പ്ലേസ്മെന്റ് തന്നെയാണിത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പശ്ചാത്തലം തീർത്തും വ്യത്യസ്തമാണെങ്കിൽ കൂടി


വിനോയ്:
ഓര്‍മ്മച്ചിപ്പ് ഓര്‍മ്മയെ സാങ്കേതികമായിത്തന്നെ അഭിസംബോധന ചെയ്യുന്ന രീതിയിലാണ് എഴുതപ്പെട്ടിട്ടുള്ളത്. രാമച്ചിയില്‍ ഫ്ലാഷ്ബാക്ക് എന്നപോലെ പരമ്പരാഗത രീതിയിലാണ് ഓര്‍മ്മയെ സമീപിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ പുതിയകാലത്തിന്റെ കഥ ഓര്‍മ്മച്ചിപ്പാണ്. രാമച്ചിയെ ഒരു പ്രണയകഥ എന്ന് പരിഗണിക്കുമ്പോള്‍ മൃദുലമായ ഒരു സങ്കേതം അതിനു വേണം എന്നെനിക്ക് തോന്നി. നേരത്തെ പറഞ്ഞതുപോലെ ഇതെല്ലാം അനുഭവ പരിസരങ്ങളുടെ വ്യത്യാസം മാത്രമാണ്.


പ്രവീൺ: 
ഒരു സയന്‍സ് ഫിക്ഷന്‍ കൗതുകം കഥയായി എഴുതുക എന്നതായിരുന്നില്ല ഉദ്ദേശ്യം.. അധികാരം, ഓര്‍മ്മ, ടെക്നോളജി എന്നീ മൂന്നു ബിന്ദുക്കളെ ബന്ധിപ്പിക്കുന്ന ഒരു ത്രികോണം നിര്‍മ്മിക്കാനുളള ശ്രമമായിരുന്നു ഓര്‍മ്മചിപ്പ്. വിനോയ് സൂചിപ്പിച്ചതു പോലെ എനിക്കു പരിചയമുളള ഒരു ജീവിത സാഹചര്യത്തിൽ അത് എഴുതപ്പെട്ടു എന്നേ ഉളളൂ.


രാഹുൽ:
തൊണ്ണൂറുകൾക്ക് ശേഷം വന്ന കഥകളിൽ ആണ് ലിംഗ വേർതിരിവുകൾ പ്രകടമായത്. ജാതിയും അത് പോലെ തന്നെ. സൈബർ യുഗത്തിലും അതിന്റെ പ്രാധാന്യം വളരെയധികമാണ്. വിശേഷിച്ചും അധികാരവുമായുള്ള ലിംഗപരമായ കൊടുക്കൽവാങ്ങലുകൾ


വിനോയ്:
നമ്മുടെ സമൂഹഘടനയില്‍ നിലനില്‍ക്കുന്ന വിധത്തില്‍ തന്നെ കഥകളില്‍ പ്രതിഫലിച്ചെങ്കിലേ അത് സത്യസന്ധമാവുകയുള്ളൂ. പണിയ വിഭാഗത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ കരുത്തുള്ളതുകൊണ്ടാണ് മല്ലിക അങ്ങനെ ആയത്. അത് മതരഹിതമായ ഒരു സമൂഹമായി നിലനില്‍ക്കുമ്പോള്‍ മാത്രമാണ് അങ്ങനെയാവുന്നത്. ആറളംഫാമിലേക്ക് മതം പതുക്കെപതുക്കെ കടന്നുവരുന്നതോടെ മല്ലികമാര്‍ ഉടമസ്ഥനിലെ പെണ്‍മക്കളേപ്പോലെ അധികാരത്തിന് കീഴ്‍പെട്ട് ജീവിക്കേണ്ടി വരും.


പ്രവീൺ:
സൂക്ഷ്മാധികാരത്തിന്റെ വിളനിലങ്ങളാണ് മനുഷ്യ ബന്ധങ്ങള്‍, പ്രത്യേകിച്ച് സ്ത്രീ-പുരുഷ ബന്ധങ്ങള്‍. സ്ത്രീകള്‍ കൂടുതല്‍ സ്വതന്ത്രരാവുകയും തങ്ങളുടെ സ്വത്വം തിരിച്ചറിഞ്ഞ് അതിനു വേണ്ടി നിലകൊളളുകയും ചെയ്യുമ്പോള്‍ ബന്ധങ്ങളുടെ അധികാര വാക്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണാമാകും. ഇത്തരം സമവാക്യങ്ങളുടെ രണ്ടു വശത്തും നില്‍ക്കുന്ന സ്ത്രീകളെ എനിക്ക് അറിയാം. അവര്‍ എന്റെ കഥകളിലേയ്ക്ക് സ്വഭാവികമായി കടന്നു വരുന്നത് എന്നെ സന്തോഷിപ്പിക്കാറുണ്ട്.


രാഹുൽ:
ഒരു കഥ പിറക്കുന്നതിനു പിന്നിലെ തത്ത്വശാസ്ത്രം ഓരോരുത്തർക്കും വിഭിന്നമായിരിക്കും . അതിൽ നിരീക്ഷണങ്ങളും ഭാവനയും ഓർമയും ചരിത്രവും എല്ലാം വ്യത്യസ്ത തോതുകളിൽ കലർന്നിട്ടുണ്ടാവും. കഥയെഴുത്തിന്റെ ലാവണ്യാത്മകത തന്നെ ഇതിനെ ആസ്പദമാക്കിയാണ് എന്നാണ് എന്റെ വിചാരം


വിനോയ്:
ഇതില്‍ ഒരു കഥയുണ്ട് എന്നു തോന്നുന്ന ഏതെങ്കിലും വിഷയം കിട്ടിക്കഴിഞ്ഞാല്‍ പിന്നെ അതേക്കുറിച്ചുള്ള എല്ലാക്കാര്യങ്ങളും അന്വേഷിച്ച് വിവരശേഖരണം നടത്തുകയാണ് ഞാന്‍ ചെയ്യുന്നത്. അങ്ങിനെ ലഭിക്കുന്ന നിര്‍ജീവമായ ഡാറ്റകള്‍ക്ക് ജീവന്‍ കൊടുക്കുക എന്നതാണ് കഥയെഴുത്തിലൂടെ നടക്കേണ്ടത്. അങ്ങനെ നടക്കാതെ പോകുമ്പോഴാണ് ഉപേക്ഷിക്കപ്പെട്ട കഥകളോ പരാജയപ്പെട്ട കഥകളോ ഉണ്ടാകുന്നത്.


പ്രവീൺ:
ഓരോ കഥയ്ക്കു പിന്നിലും അത് എഴുതപെടുന്നന്നതിന്രെ മറ്റൊരു കഥയുണ്ട്. അത് മിക്കവാരും എഴുത്തുകാരനു മാത്രം താല്പര്യമുളള സ്വകാര്യമായ സംഗതികളായിരിക്കും. പിന്നെ, വിനോയ് പറഞതു പോലെ കഥയ്ക്കു വേണ്ടിയുളള വിവര ശേഖരണം ഗൂഗിളിന്റെ കാലത്ത് എളുപ്പമാണ്. പക്ഷെ, ധാരാളം റിസേര്‍ച്ച് നടത്തിയതു കൊണ്ടോ, സ്വന്തം അനുഭവത്തേയും ഓർമ്മകളേയും മാത്രം ആശ്രയിച്ച് എഴുതിയതു കൊണ്ടോ ഒന്നും ഒരു കഥ ലക്ഷ്യ സ്ഥാനത്ത് എത്തണമെന്നില്ല. അതു കൊണ്ടാണല്ലോ ബെസ്റ്റ് സെല്ലറുകളെക്കാള്‍ കൂടുതല്‍ ‘ബെസ്റ്റ് സെല്ലറുകള്‍ “എഴുതാനുളള ഫോര്‍മുല നിര്‍ദ്ദേശിക്കുന്ന പുസ്തകങ്ങള്‍ മാർക്കറ്റിലുള്ളത്.


രാഹുൽ:
ദേശം, ജീവിത ശൈലി, പ്രവാസം, കുടിയേറ്റം തുടങ്ങിയവ എഴുത്തുകാരന്റെ കഥാ ശൈലിയിൽ കൊണ്ടുവരുന്ന പരിണാമം ഓരോ കാലത്തും കഥയുടെ ശൈലി വ്യത്യാസപ്പെട്ടുകൊണ്ടേ ഇരിക്കുന്നുണ്ടല്ലോ. പുതിയകാലത്ത് ദേശം, കുടിയേറ്റം തുടങ്ങിയവ കഥയില്‍ കടന്നു വരുന്നുണ്ട്. ഇതിനേക്കാള്‍ ആകര്‍ഷകമായ, പ്രസക്തമായ മറ്റെന്തെങ്കിലും വരുന്നതുവരെ ഇത് നിലനില്‍ക്കുമായിരിക്കും. പണ്ടൊക്കെ ഒരെഴുത്തുകാരന് ഒരു ശൈലി തന്നെ മതിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവനവനെ നിരന്തരം പരിഷ്കരിക്കുക എന്നത് എഴുത്തില്‍ നിലനില്‍ക്കാന്‍ അത്യാവശ്യമായി വന്നിരിക്കുന്നു.


പ്രവീൺ:
എഴുത്തുകാരന്റെ ഭൗതിക സാഹചര്യങ്ങള്‍ എഴുതിനെ ഒരു പരിധി വരെയെ സ്വധീനിക്കൂ എന്ന് പറയാറുണ്ട്. അതായത് പട്ടാളക്കഥ എഴുതാന്‍ പട്ടാളക്കരന്‍ ആകണാമെന്നില്ല. പക്ഷെ, പട്ടാളക്കാരനായ ഒരു എഴുത്തുകാരന്‍ തന്റെ പട്ടാള അനുഭവങ്ങളെക്കുറിച്ച് കഥയെഴുതാന്‍ തീരുമാനിക്കുകയും സവിശേഷമായ ഒരു കഥലോകം നിര്‍മ്മിക്കുകയും ചെയ്യാം. ഇന്ത്യക്ക് പുറത്ത് ജീവിക്കുന്ന ഒരാളെന്ന നിലയില്‍ അത്തരം അനുഭവങ്ങള്‍ കഥയിലേയ്ക്ക് സ്വഭാവികമായും കടന്നു വരാറുണ്ട്. അത് കുറച്ചൊക്കെ ബോധപൂര്‍വ്വം തന്നെയാണ്.

rahul radhakrisnan, vinoy thoma, kv praveen, malayalm writers,

രാഹുൽ രാധാകൃഷ്ണൻ, വിനോയ് തോമസ്, കെ വി പ്രവീൺ

 രാഹുൽ: പുതു കഥകളലെ സംവേദനക്ഷമത , ആഖ്യാനരീതി, ഘടന, പ്രാദേശിക ഭാഷാ പ്രയോഗം തുടങ്ങിയവ വായനാ നിലവാരത്തിന്റെ കാലക്രമേണയുള്ള കുതിപ്പിന് എത്ര കണ്ട് പ്രചോദനം നല്കിയിട്ടുണ്ട്. വായനാ നിലവാരത്തില്‍ കുതിപ്പ് ഉണ്ടായിട്ടുണ്ടോ?


വിനോയ്:
എന്‍ പ്രഭാകരന്‍ മാസ്റ്റര്‍ ഇപ്പോള്‍ പല സ്ഥലങ്ങളിലും ജനകീയ പാഠശാല നടത്തുന്നുണ്ട്. സ്വതന്ത്രവും ആഴത്തിലുള്ളതുമായ വായനയുടേയും ആസ്വാദനത്തിന്റേയും പാഠങ്ങളായിരിക്കാം അദ്ദേഹം നല്‍കുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ എല്ലാവരും വായനക്കാരാകുമ്പോള്‍ ബഹുസ്വരത സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കിലും അപകടകരമായ വായനയിലേക്ക് ശുദ്ധഗതിക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. മികച്ച വായനാശീലമുണ്ടാക്കേണ്ടത് ആരുടെ ഉത്തരവാദിത്വമാണെന്ന ചോദ്യമുണ്ടാകുമ്പോള്‍ ആരോപണവിധേയരാകുന്നത് ഞങ്ങള്‍ അധ്യാപകര്‍ തന്നെയാണ്.


പ്രവീൺ:
മുപ്പത്തിയഞ്ച് വയസ്സിനു താഴെ പ്രായമുളളവരിൽ സീരിയസായി സാഹിത്യം വായിക്കുന്നവര്‍ കുറവാണ് എന്നു തോന്നുന്നു. കേവല വിനോദത്തിനു വേണ്ടി വായിക്കേണ്ട കാര്യം ഇന്നില്ല. അതിനു മൊബൈല്‍ ഫോണും, കേബിളും ഇന്റര്‍നെറ്റും ഉണ്ട്. പിന്നെ ഓടിച്ചു നോക്കിയുളള വായനയുണ്ട്. യഥാര്‍ത്ഥ വായനക്കാരന്‍ എന്ന്‍ ഞാന്‍ കരുതുന്നത് ഇതൊന്നുമല്ലാതെ, ജീവിതമെന്ന ആഘോഷവും ദുരന്തവും കഥകളില്‍ അന്വേഷിക്കുന്ന വായനക്കാരെയാണ്. അവര്‍ക്ക് വേണ്ടത് നല്‍കാന്‍ പുതു കഥക്ക് കഴിയുന്നുണ്ടെന്നാണ് എന്റെ വിശ്വാസം.


രാഹുൽ: 
മൂല്യമില്ലാത്തൊരു ലോകത്തിൽ മൂല്യം കണ്ടെത്താൻ ബാദ്ധ്യസ്ഥനായിത്തീർന്ന എഴുത്തുകാരന്റെ ദാർശനിക വ്യഥയാണ് പുതിയ സൃഷ്ടികളെ സകല കാലത്തേയും സാഹിത്യ രൂപമാക്കി മാറുന്നത്.


വിനോയ്:
പൊതുപ്രവര്‍ത്തകര്‍ക്കോ മത സാമൂഹ്യ സംഘടനകള്‍ക്കോ ഉള്ളതിനേക്കാള്‍ എന്ത് ബാധ്യതയാണ് എഴുത്തുകാര്‍ക്കുള്ളത്? ദാര്‍ശനികവ്യഥകൊണ്ട് മാത്രം ഒരു സൃഷ്ടി സാര്‍വ്വകാലികമാകുന്നില്ല. അതിന് മറ്റ് പല ഘടകങ്ങളും കൂടിച്ചേരേണ്ടതുണ്ട്.


പ്രവീൺ:
മൂല്യച്യുതിക്കുളള മരുന്ന് കണ്ടെത്തൽ എഴുത്തിന്റെ ധര്‍മമാണെന്നൊന്നും കരുതുന്നില്ല. മികച്ച എഴുത്തില്‍ എല്ലാം സജീവമായ ഒരു മോറല്‍ ഇന്റലിജന്‍സിന്റെ സ്ഫുരണം കാണാന്‍ കഴിയും. അത് കാലാതിവര്‍ത്തിയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ