സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറേ ദിവസമായി, സങ്കടക്കാഴ്ചകളുടെ പെരുമഴയാണ്. മ്യാൻമർ സൈന്യത്തിന്രെയും ബുദ്ധിസ്റ്റ് തീവ്രവാദത്തിന്‍രെയും സമാനതകളില്ലാത്ത ക്രൂരതകൾക്ക് ഇരയാകുന്ന റോഹിങ്ക്യ വംശജരുടെ ദൈന്യതയുടെ കണ്ണീർ കാഴ്ചകൾ. കണ്ണ് പൊത്തിപ്പോകും വിധമുള്ള ദൃശ്യങ്ങൾ. അത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് എത്രത്തോളം ശരിയാണ് എന്നത് വേറെക്കാര്യം. ഏതായാലും ആ ജനവിഭാഗത്തോട് ഐക്യപ്പെടാൻ പരമാവധി ശ്രമിക്കുന്നുണ്ട് മലയാളികൾ. ഒപ്പു ശേഖരണം നടത്തിയും ഐക്യദാർഢ്യ സംഗമങ്ങൾ നടത്തിയും പ്രാർഥനകളിൽ ഉൾപ്പെടുത്തിയും തങ്ങളാലാവും വിധം ആ ദയനീയ ജീവിതങ്ങളുടെ കൂടെ നിൽക്കാൻ നമ്മൾ ശ്രമിക്കുന്നുണ്ട്. സ്വാഗതാർഹം തന്നെ.
എന്നാൽ, ചിലരുടെ കാര്യത്തിലെങ്കിലും ഈ ‘വെർച്വൽ സോളിഡാരിറ്റി’ ആ അഭയാർത്ഥികളെ എത്രത്തോളം പിന്തുണയ്ക്കുന്നതാണ്. ഇന്ന് ഫെയ്സ്ബുക്കിൽ പ്രൊഫൈൽ പിക്ച്ചർ മാറ്റലും പ്രാർഥനകളിൽ അവരെ ഉൾപ്പെടുത്തലുമൊക്കെ ആർക്കും എളുപ്പം ചെയ്യാവുന്ന കാര്യമാണ്. പ്രത്യേകിച്ച് അധ്വാനമോ ചെലവോ അതിനില്ലല്ലോ. ഇപ്പറഞ്ഞ അധ്വാനവും ചെലവും മുമ്പിൽ വരുമ്പോഴാണ് നമ്മളിൽ പലരുടെയും ഐക്യദാർഢ്യത്തിന്രെ ‘വലിപ്പം’ മനസ്സിലാകുന്നത്. മാധ്യമപ്രവർത്തകൻ എന്ന നിലയ്ക്ക് റോഹിങ്ക്യ വംശജരുമായി ബന്ധപ്പെട്ട് നേരിട്ട ഒരു അനുഭവത്തിന്‍രെ പശ്ചാത്തലത്തിലാണ് ഇതെഴുതുന്നത്.
കഴിഞ്ഞ വര്‍ഷം നോമ്പ് 26നാണ് മലപ്പുറത്ത് വെച്ച് മഅ്മൂന്‍ റഫീഖിനെ കണ്ടത്. മ്യാന്മറില്നിന്ന് ആട്ടിയോടിക്കപ്പെട്ട റോഹിങ്ക്യ വംശജനാണ് അദ്ദേഹം. 2012 ജൂണില്‍ മ്യാന്മറിലെ റൈഖാന് പ്രവിശ്യയില്‍ ബുദ്ധിസ്റ്റ് തീവ്രവാദികള്‍ നടത്തിയ നരനായാട്ടിനെ തുടര്‍ന്ന് പിറന്ന മണ്ണില്‍നിന്ന് ആട്ടിയോടിക്കപ്പെട്ട ഒരായിരം നഷ്ട ജന്മങ്ങളില് ഒരാള്‍.
ജന്മനാട്ടില്നിന്ന് ജീവനും കൊണ്ടോടി നാടായ നാടെല്ലാം അലഞ്ഞ്, ഒടുവില്‍ ഹരിയാനയിലെ മാവേത്തേ് ഗ്രാമത്തില്‍ അഭയം തേടിയവവരുടെ പ്രതിനിധി. ഹരിയാനയില്‍ അഭയാര്‍ഥി ക്യാമ്പില്‍ കഴിയുന്ന 2000 ഓളം വരുന്ന റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടി സഹായാ അഭ്യർത്ഥനയുമായാണ് മഅ്മൂന്‍ അന്ന് കേരളത്തിലത്തെിയത്. കേരളീയര്‍, വിശേഷിച്ച് കേരളീയ മുസ്ലിംകള് റോഹിങ്ക്യന്‍ വംശജരുടെ ദുരിതജീവിതം വായിച്ചും കേട്ടും അടുത്തുനിന്ന് അറിഞ്ഞവരാണെന്ന് പറഞ്ഞുകേട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു മഅ്മൂന്‍ റഫീഖിന്രെ നേതൃത്വത്തിലുള്ള മൂവര്‍ സംഘത്തിന്രെ കേരള യാത്ര. കൂട്ടത്തിലുണ്ടായിരുന്നു അക്തര്‍ കമാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ആലപ്പുഴയില്‍ നിര്‍മാണതൊഴിലാളിയായി ജോലി നോക്കുകയാണ്.
കേരളത്തിലെ മുസ്ലിംകളെ കുറിച്ച് അക്തറില്നിന്ന് അറിഞ്ഞാണ് കൂട്ടത്തില്‍ ഏറ്റവും വിദ്യാസമ്പന്നനായ മഅ്മൂനിന്രെ നേതൃത്വത്തില്‍ കേരളത്തിലത്തെുന്നത്. മക്കളെ പഠിപ്പിക്കാന്‍ സ്കൂള്‍ ഉണ്ടാക്കണം, സുരക്ഷിതമായി ഉറങ്ങാന്‍ വീടുകളും ചികിത്സക്ക് പ്രാഥമിക സൗകര്യങ്ങളും ഒരുക്കണം. അതിനുള്ള വിഭവസമാഹരണമായിരുന്നു കേരള യാത്രയുടെ ലക്ഷ്യം. പക്ഷേ, കേരളത്തിൽ പലയിടത്തും ഒരാഴ്ച സഞ്ചരിച്ചിട്ടും കാര്യമായ തുകയൊന്നും അവര്‍ക്ക് ലഭിച്ചില്ല. ആരും അവരെ തിരിച്ചറിഞ്ഞില്ല എന്ന് പറയുന്നതാകും ശരി.
മ്യാന്മറിലെ റോഹിങ്ക്യന്‍ വംശജരുടെ പ്രശ്നങ്ങളെ കുറിച്ച് അറിയാത്തവരാകുമോ കേരളത്തിലെ മുസ്ലിംകള്? എത്ര ഫെയ്സ്ബുക്ക് സ്റ്റാറ്റസുകളാകും മലയാളിയുവത്വം പ്രത്യേകിച്ച് മുസ്ലിം യുവത്വം അവര്‍ക്കായി മാറ്റിവെച്ചിട്ടുണ്ടാകുക. എത്രയേറെ പോസ്റ്റുകളാകും അത് സംബന്ധിച്ച് വായിച്ചിട്ടുണ്ടാകുക, ഷെയര്‍ ചെയ്തിട്ടുണ്ടാവുക? എന്നിട്ടും ഒരാളും അവരെ തിരിച്ചറിയുകയോ പരമാവധി അവരെ സഹായിക്കാനോ ഉളള നടപടി സ്വീകരിക്കുകയോ ഉണ്ടായില്ല. പല പളളികളും സംഭാവന പിരിക്കാന്‍ ഇവര്‍ക്ക് അനുമതി നല്‍കിയില്ല എന്ന ഞെട്ടിക്കുന്ന സത്യം കൂടി അന്ന് മഅ്മൂന്‍ പങ്കുവെച്ചു. യുനൈറ്റഡ് നേഷന്‍സ് ഹൈക്കമ്മീഷണര്‍ ഫോര്‍ റെഫ്യൂജീസിന്രെ (യു.എന്‍.എച്ച്.സി.ആര്) തിരിച്ചറിയല്‍ രേഖ കാണിച്ചിട്ട് പോലും ചില പളളിക്കമ്മിറ്റികള്‍ സംഭാവന പിരിക്കാന്‍ ഇവര്‍ക്ക് അനുമതി നല്കിയില്ലത്രെ ! പളളിയുടെ ആഡംബരം വര്‍ധിപ്പിക്കാനുളള പണം കണ്ടത്തൊനുള്ള തത്രപ്പാടിനിടയില്‍ സുജൂദ് ചെയ്യാന്‍ ഒരു തുണ്ട് മണ്ണില്ലാത്ത ഇവരുടെ രോദനം പളളിക്കമ്മിറ്റികള്ക്ക് എങ്ങനെ വിഷയമാകാനാണ്?
നാടിന്രെ മുക്കിലും മൂലയിലും ‘യാചക മുക്ത മേഖല’ എന്ന് ബോര്‍ഡ് വെക്കുകയും അതില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നവരില്‍നിന്ന് ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കണം? മ്യന്മറില്നിന്ന് അവരെ ആട്ടിയോടിച്ച ബുദ്ധിസ്റ്റുകളും പളളികളിൽ നിന്നും അവരെ പുറത്താക്കിയ വിശ്വാസികളും തമ്മില്‍ എവിടെയാണ് വ്യത്യാസം?
അവര്‍ നാട്ടിലേക്ക് മടങ്ങുന്നതിന്റെ തലേ ദിവസമാണ് മലപ്പുറത്തെ ഒരു പളളിയില്‍ അവരെ കണ്ടുമുട്ടുന്നത്. അത് സംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചപ്പോഴേക്കും പക്ഷേ, അവര്‍ നാട്ടിലേക്ക് തിരിച്ചുകഴിഞ്ഞിരുന്നു. പത്രവാര്‍ത്ത കണ്ട് ചിലർ ഈ ലേഖകനെ നേരിട്ട് ബന്ധപ്പെട്ടു. സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. അതു പ്രകാരം മഅ്മൂനിനെ ഫോണില്‍ വിളിച്ചപ്പോഴാണ് പണം കൈമാറാന്‍ അവര്‍ക്ക് അക്കൗണ്ട് നമ്പര്‍ പോലുമില്ളെന്ന് അറിയുന്നത്. പൗരത്വമില്ലാത്തവര്‍ക്ക്, എന്തിന് ആധാര്‍ ഇല്ലാത്തവര്‍ക്ക് ബാങ്ക് ഇടപാട് നടത്താന്‍ പോലും തടസ്സങ്ങൾ നേരിടുന്ന നാട്ടില്‍ അഭയാര്‍ഥികള്‍ക്ക് എങ്ങനെ ബാങ്ക് അക്കൗണ്ട് ഉണ്ടാകും ? വാഗ്ദ്ധാനം ചെയ്യപ്പെട്ട സഹായം അവര്‍ക്ക് എത്തിക്കണമെങ്കില്‍ ഹരിയാന വരെ പോകണം എന്ന് ചുരുക്കം.
‘‘രണ്ട് വര്‍ഷമായി ഹരിയാനയിലെ മാവേത്ത് ഗ്രാമത്തില്‍ താല്കാലിക ടെന്റുകളിലാണ് ഞങ്ങള്‍ കഴിയുന്നത്. തദ്ദേശീയരായ മുസ്ലിംകള് നല്കിയ സ്ഥലത്ത് മുളയും പ്ളാസ്റ്റിക്ക് ഷീറ്റും ഉപയോഗിച്ച് ഒരുക്കിയവയാണിവ. ഈ ടെന്റുകള്‍ തകര്‍ച്ചയിലാണ്. വൈദ്യുതി, വെള്ളം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി അടിസ്ഥാന സൗകര്യങ്ങളെല്ലാം അപ്രാപ്യം. സര്‍ക്കാര്‍ സഹായം ലഭ്യമല്ലാത്തതിനാല്‍ മക്കളെ പഠിപ്പിക്കാന്‍ ക്യാമ്പില്‍ ചെറുവിദ്യാലയമുണ്ട്. ഇംഗ്ളീഷും ഹിന്ദിയും പഠിപ്പിക്കുന്നു. കൂട്ടത്തിൽപ്പെട്ടവർ തന്നെയാണ് അധ്യാപകര്‍. ചെറിയ ഡിസ്പന്‍സറിയും ഉണ്ട്. ഇതിലെ ഡോക്ടറാണ് ഞാന്‍. സന്നദ്ധ സംഘടകളും എന്‍.ജി.ഒകളും വല്ലപ്പോഴും നല്കുന്ന മരുന്നുകളാണ് ഡിസ്പന്‍സറിയുടെ ഏക ആശ്രയം’’. മഅ്മൂന്‍ റഫീഖ്പറഞ്ഞു.
ആറ് ക്യാമ്പുകളിലായി 500 കുടുംബങ്ങളാണ് മാവേത്തിൽ താമസിക്കുന്നത്. 2012 ജൂണിലാണ് മ്യാന്മറിലെ അറക്കാന പ്രവിശ്യയില്‍ റോഹിങ്ക്യകള്‍ക്കെതിരായ വംശീയാക്രമണം ശക്തി പ്രാപിച്ചത്. നൂറുക്കണക്കിനാളുകള്‍ അന്ന് വംശഹത്യക്കിരയായി. പതിനായിരങ്ങള്‍ ജീവനും കൊണ്ടോടി. കടല്‍ മാര്‍ഗമുള്ള യാത്രക്കിടെ ആയിരങ്ങള്‍ മരിച്ചുവീണു.
കുറേപേര്‍ വിവിധ രാജ്യങ്ങളില്‍ അഭയാര്‍ഥികളായി ചേക്കേറി. സമുദ്രമാര്‍ഗം ബംഗ്ളാദേശില്‍ എത്തിയ ഇവർക്ക് അഭയം നൽകാൻ ആ രാജ്യം തയാറായില്ല. അടുത്ത ആശ്രയം ഇന്ത്യയായിരുന്നു. ധാക്കയില്‍നിന്ന് കൊല്‍ക്കത്തയിലെത്തി. ശേഷം ഡല്‍ഹിയിലെ യു.എന്‍.എച്ച്.സി.ആര് ആസ്ഥാനത്ത് എത്തി. രാജ്യത്ത് അഭയാര്‍ഥികളായി കഴിയാനുള്ള അനുമതി അങ്ങനെയാണ് ലഭിച്ചത്. യു.എന്‍.എച്ച്.സി.ആര് കണക്ക് പ്രകാരം 14,300 റോഹിങ്ക്യ വംശജരാണ് വിവിധ സംസ്ഥാനങ്ങളിലായി കഴിയുന്നത്. കശ്മീര്‍, ഡല്‍ഹി, മുഥുര, അലീഗഢ്, ഹൈദരാബാദ്, ജയ്പൂര്‍, തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവര്‍ താമസിക്കുന്നത്. എന്നാല്‍, സര്‍ക്കാറില്‍ നിന്ന് ഒരു പിന്തുണയും ലഭിക്കുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ച് 2013 ല്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ഇനിയും വിധി വന്നിട്ടില്ല.
ഇക്കഴിഞ്ഞ പെരുന്നാള്‍ ദിവസമെങ്കിലും വയറ് നിറയെ ഭക്ഷണം കിട്ടിക്കാണുമോ അവര്‍ക്ക്? മാറിയുടുക്കാന്‍ ഒരു കുപ്പായമെങ്കിലും കിട്ടിക്കാണുമോ ഈ ഹതഭാഗ്യര്‍ക്ക്? സക്കാത്തിന്രെ/ഫിത്വര്‍ സക്കാത്തിന്റെ , ബലി മാംസത്തിന്രെ ഒരു വിഹിതമെങ്കിലൂം അര്ഹിക്കുന്നുണ്ടായിരുന്നില്ലേ ആ പാവങ്ങള്‍? പുതുവസ്ത്രങ്ങളും പുതുപ്രതീക്ഷകളുമായി വിഭവ സമൃദ്ധ പെരുന്നാളും ഓണവും ആഘോഷിച്ചപ്പോൾ നമ്മളെ ഒരു നിമിഷമെങ്കിലും അസ്വസ്ഥപ്പെടുത്തിയോ ഈ ‘മുഹാജിറു’കളുടെ (അഭയാർഥികൾ) ജീവിതം?