Latest News

അച്ഛാദിൻ ജനങ്ങളുടെ തലയിൽ തീ കോരിയിടുമ്പോൾ

ഒരു മാസത്തിനുളളിൽ പാചകവാതകത്തിന് 25 ശതമാനം വിലകൂട്ടി ഇന്ത്യയിൽ പട്ടിണിയുടെ അച്ഛാദിൻ സൃഷ്ടിക്കുകയാണ് മോദി സർക്കാരെന്ന് ഡവലപ്മെന്ര് ഇക്കണോമിസ്റ്റ് ​ആയ ലേഖിക

lpg gas cylinder,LGP Cylinder Price Hike

കഴിഞ്ഞ ആഴ്ച LPG ഗ്യാസ് സിലിണ്ടർ റീഫില്ലിങ്ങിനായി ബുക്ക് ചെയ്തിരുന്നു. രണ്ടാം തീയതി നവംബർ പുതിയ സിലിണ്ടർ കിട്ടി 731 രൂപ. കഴിഞ്ഞ തവണത്തെ ബില്ല് 582 രൂപ (സെപ്റ്റംബർ 19, 2017). അതായതു 45 ദിവസം കൊണ്ട് 25 ശതമാനമാണ് വില വർധനവ്. കഴിഞ്ഞ ജൂൺ മാസം മുതൽ പലവട്ടം ചെറിയ തുകകൾ കൂട്ടികൂട്ടി കൊണ്ട് വരുകയായിരുന്നു, അതിന്നലെ ഒറ്റയടിക്ക് കൂട്ടിയതാണിത്. ചെറിയ തുകകൾ കൂട്ടി കൂട്ടി ഉപഭോക്തക്കാളായ വോട്ടർമാർ അതിനോട് പ്രതികരണമില്ലാതെ താദാത്മ്യം പ്രാപിച്ചുകഴിഞ്ഞു.​ എതിർപ്പുകൾക്ക് പകരം ശീലത്തോട് ലയിച്ചു ചേർന്നു ജനത എന്ന് മനസ്സിലായ ഭരണകൂടം അപ്പോൾ ഒറ്റയടിക്ക് കൂട്ടി. അത്രയേ സംഭവിച്ചുളളൂ.

2018 മാർച്ച് ഓടെ സബ്‌സിഡിയും എടുത്തുകളയും. പിന്നെ ടാക്സ് സബ്‌സിഡിക്ക് കൊടുത്തു എന്ന സങ്കടവും ആർക്കും വേണ്ട. നമ്മൾ സ്വപ്നം കണ്ടിരുന്ന ആ കിണാശേരിയിൽ എത്തി, മാർക്കറ്റ് കാര്യങ്ങൾ തീരുമാനിക്കുന്ന ലോകത്ത്‌, ഉപഭോക്താവ് രാജാവാകുന്ന ലോകത്ത്‌. അതിനു വേണ്ടിയാണല്ലോ 1991 മുതൽ ആഞ്ഞു ശ്രമിക്കുന്നത്.

പക്ഷെ ഈ മാർക്കറ്റിനു വില തീരുമാനിക്കാൻ വിടുമ്പോൾ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്?. മാർക്കറ്റ് ഇടിയുമ്പോൾ അതിന്റെ പ്രയോജനം ഉപഭോക്താവിന് നല്കാൻ മിനക്കെടാതെ അപ്പോഴും വില സൂചിക മുകളിലേക്ക് തന്നെ പോവുന്നത്, പിന്നെ ബാരലിന് ഒരു ഡോളർ കൂടുമ്പോൾ വലിയതോതിൽ വില കൂട്ടുക. ഒരു ബാരൽ ക്രൂഡ് ഓയിലിന് 108 ഡോളർ ഉണ്ടായിരുന്ന 2014 ജൂണിൽ സബ്‌സിഡിയില്ലാത്ത സിലിണ്ടറിന്റെ വില ഡൽഹിയിൽ 922 രൂപ ആയിരുന്നു. സബ്സിഡി വില 414 രൂപ. മാത്രമല്ല അന്നു മുഴുവൻ ഉപഭോക്താക്കൾക്കും ഒൻപതു സിലിണ്ടർ വരെ ഒരു വർഷം സബ്സിഡി ലഭിക്കുമായിരുന്നു. പക്ഷെ ഓയിലിന്റെ വില 40 ഡോളറിലും താഴെ വന്നപ്പോൾ സബ്സിഡി സിലിണ്ടറിന്റെ വില 450 – 550 രൂപയിൽ കിടന്നു കറങ്ങി, അല്ലാതെ 200 – 300 രൂപ എന്ന നിലയിലേക്ക് ഒരിക്കലും വന്നില്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ പറയാമായിരുന്നു വില നിയന്ത്രണം എടുത്തുകളഞ്ഞത് ഉപഭോക്താവിന് പ്രയോജനം ആണെന്ന്. ഓയിൽ വില ഇനി ഉടനൊന്നും കുറയാൻ പോകുന്നില്ലെന്ന് മാത്രമല്ല, അത് കൂടാൻ സാധ്യതയുള്ളൂ,

പാചക വാതകത്തിനു മൊത്ത കുടുംബ വരുമാനത്തിന്റെ അഞ്ച്‌ ശതമാനം എന്ന് വരുമ്പോൾ (ഇന്ത്യൻ മധ്യ വർഗ കുടുംബത്തിന്റെ ശരാശരി വാർഷിക വരുമാനം എന്നത്   പരമാവധി മൂന്ന്  ലക്ഷം രൂപവരെയായിരിക്കും.    അതായത്, മാസാവരുമാനം 9000 രൂപക്കും 30000 രൂപക്കും ഇടയ്ക്കായിരിക്കും). ഏകദേശം 77 ശതമാനം കുടുംബങ്ങൾ ഈ കണക്കിൽ പെടും. നാലു അംഗമുള്ള ഒരു കുടുംബം മൂന്നു നേരം ഭക്ഷണം കഴിക്കുന്നെങ്കിൽ മാസം ഒരു സിലിണ്ടർ പാചക വാതകം തീർച്ചയായും വേണം. സർക്കാർ കണക്കിൽ അവർ BPL കുടുംബവും അല്ല. അപ്പോൾ സാമാന്യ ബുദ്ധി ഉപയോഗിച്ചാൽ മതി പാചക വാതകത്തിനിന് 700 അതിലധികമോ ചെലവാക്കിയാൽ പാചക സാമഗ്രി, മറ്റു കാര്യങ്ങൾക്കും നീക്കിയിരുപ്പും എങ്ങനെ ആക്കുമെന്നത്.  ഇത് വ്യക്തമാക്കുന്നത് പാചകവാതകത്തിന്രെ വിലവർധന എന്നത്, ശരാശരി മധ്യവർഗ ഇന്ത്യൻ കുടുംബങ്ങളിലെ മൂന്ന് നേരം ഭക്ഷണം എന്നത് രണ്ടോ ഒന്നോ ആയി ചുരുക്കുന്ന കാലം അതി ദൂരത്തല്ല. ഇതിനൊന്നും പാങ്ങില്ലാത്ത ഒരു ജനവിഭാഗം ഇന്ത്യയിൽ ശേഷിക്കുന്നുണ്ടെന്ന് എന്നത് കൂടെ കണക്കിലെടുക്കുമ്പോൾ ഇന്ത്യയിലെ മൂന്ന് നേരം അടുപ്പുപുകയുന്ന വീടുകളുടെ എണ്ണം കുത്തനെ കുറയും. അർധ പട്ടിണിക്കാരുടെ നാടായി മാറാൻ അധികകാലം വേണ്ടി വരില്ലെന്ന് ചുരുക്കം.

Read More: “ചതിച്ചല്ലോ മോദി സർക്കാരേ;” അടുക്കളയ്ക്ക് തീ പിടിക്കുമ്പോൾ

എന്തുകൊണ്ടാണിങ്ങനെ വില “സ്റ്റിക്കിങ് ദി പ്രൈസ്” എന്ന നിലയിൽ നിൽക്കുന്നത്? വിലകുറയുമ്പോൾ ടാക്സ് കൂട്ടുന്നത് മാത്രമല്ല, കമ്പനികൾ അവരുടെ ലാഭ വിഹിതം കൂട്ടുന്നത് കൊണ്ടുകൂടിയാണ്. പക്ഷെ വിലകൂടുമ്പോൾ അവർ ഉടൻ നഷ്ടം നികത്താനായും ഉപഭോക്താവിനെ തന്നെ പിഴിയും. സർക്കാർ ഇതിനു വേണ്ട നയമാറ്റങ്ങൾ ചെയ്യേണ്ടത് അത്യാവശ്യം ആണ്. അല്ലെങ്കിൽ സർക്കാരും ഓയിൽ കമ്പനികളും കൂടി തങ്ങളുടെ പിടിപ്പുകേടിന്റെ വിലയും പാവം ഉപഭോക്താവിന്റെ തലയിൽ കെട്ടിവെയ്ക്കുന്ന അവസ്ഥ തുടരും. ഇന്നു വില കൂടുമ്പോൾ ലാഭം പുതിയ തലത്തിലെത്തുകയാണ്, കാരണം സബ്സിഡി സിലിണ്ടറിന്റെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ടെന്നാണ് സർക്കാർ പറയുന്നത്. അപ്പോൾ, ഓയിൽ വിലകൂടിയാൽ സർക്കാർ ഖജനാവിൽ നിന്നും ഒന്നും ചോരുന്നില്ല, പകരം ജനത്തിന്റെ കീശയാണ് കാലിയാകുന്നത്.

മാർക്കറ്റ് മെക്കാനിസത്തിന്റെ പ്രണേതാക്കൾ എന്നും പറയുന്നത് ഡിമാൻഡ് സപ്ലൈ വ്യതിയാനത്തിന്റെ പ്രയോജനം ഉപയോക്താവിന് കിട്ടും എന്നതാണ്. പക്ഷെ പാചക ഗ്യാസ് ആകട്ടെ, പെട്രോൾ ആകട്ടെ, ഇന്ത്യയിലെ ഉപയോക്താക്കൾക്ക് വിലനിയന്ത്രണം എടുത്തു കളഞ്ഞത് കൊണ്ട് പ്രത്യേക പ്രയോജനം ഒന്നും ഉണ്ടായില്ല എന്ന്‌ മാത്രമല്ല, വില കൂടുമ്പോൾ ഒരു ഇരുട്ടടി പ്രയോഗം പോലത്തെ വിലവർധനവ് അനുഭവിക്കേണ്ടിയും വരുന്നു.

lpg gas cylinder,LGP Cylinder Price Hike

ഈ വില വർധനവ് കൊണ്ട് ഓയിൽ കമ്പനികൾക്കുണ്ടാവുന്ന അധിക വരുമാനത്തിന്റെ ഏകദേശ കണക്കെടുക്കുന്നതു നല്ലതാണ്. ഇന്ത്യയിൽ 24 കോടിയോളം വരുന്ന കുടുംബങ്ങളിൽ 14 കോടി കുടുംബങ്ങളും LPG ഉപഭോക്താക്കൾ ആണ്. പൈപ്പ് ഗ്യാസ് ഇനിയും വ്യാപകമാകാത്തതിനാൽ, LPG ആണ് ഭൂരിപക്ഷവും ഉപയോഗിക്കുന്നത്. ഉജ്ജ്വല സ്‌ക്കിമിലൂടെ BPL കുടുംബങ്ങളെയും LPG ഉപഭോക്താവാക്കിയിട്ടുണ്ട്. വിതരണ ശൃംഖല ഇനിയും എത്തപ്പെടാത്ത ഗ്രാമങ്ങളിൽ പോലും LPG പ്രചാരത്തിലുണ്ട്. അവിടങ്ങളിൽ ഒരു സിലിണ്ടറിന് അധികമായി 100 മുതൽ 200 രൂപ വരെ കൊടുത്താലേ ഗ്യാസ് കുറ്റി വീട്ടിൽ എത്തൂ.

2000 ന്റെ മധ്യത്തിൽ മൈക്രോഫിനാൻസ് സ്ഥാപനങ്ങളെ ഉപയോഗിച്ചാണ് ഇന്ത്യയിലെ ഗ്രാമീണ മേഖലയിൽ LPG വിപ്ലവത്തിന് തുടക്കം കുറിച്ചത്. പാചക വിറകിന്റെ ലഭ്യതക്കുറവ്, സബ്സിഡി മണ്ണെണ്ണയുടെ അളവിൽ വന്ന കുറവ് വന്നത്, മറ്റു പല തരത്തിലെ പാചക സാമഗ്രികളുടെ ലഭ്യതക്കുറവുമായപ്പോൾ, LPG പതുകെ ഇന്ത്യൻ അടുക്കളകളിൽ സ്ഥിരമായി. കാലാവസ്ഥ വ്യതിയാനത്തിന് ഇന്ത്യൻ അടുക്കളയിൽ നിന്നും പൊങ്ങുന്ന കരിയും പുകയും കാരണമാണെന്ന് പലരും പുരപ്പുറത്തിരുന്നു അലച്ചപ്പോൾ LPG വ്യാപകമാകാൻ ഒരു കാരണം കൂടി ആയി. മോദി സർക്കാരിന്റെ ഉജ്ജ്വല സ്കീമും കൂടി ആയപ്പോൾ LPG മധ്യവർഗ കുടുംബങ്ങളിൽ നിന്നും താഴേക്കിടയിലേക്കു നീങ്ങി. BPL മാനദണ്ഡങ്ങൾ കുറച്ചു കുറച്ചു കൊണ്ട് വന്നു വിവിധ സബ്സിഡി ഉപഭോക്താക്കളുടെ എണ്ണവും കാലാകാലങ്ങളായി കുറക്കുന്ന പ്രവണതയാണ് ബ്യുറോക്രസി ചെയ്യുന്നത്, അപ്പോൾ താഴെക്കിടയിലുള്ള എത്ര കുടുംബങ്ങൾക്ക് ഉജ്ജ്വല സ്കീമിന്റെ പ്രയോജനം തുടർന്നും കിട്ടുമെന്നതു ആലോചിക്കേണ്ടതാണ്.

എങ്ങനെ, വലിയവൻ ചെറിയവനും എന്ന വ്യത്യാസമില്ലാതെ എല്ലാവരും LPG ഉപഭോക്താക്കൾ ആയി കഴിഞ്ഞപ്പോൾ ഇങ്ങനെ വില വർധിക്കുന്നത് ഇന്ത്യയിലെ മധ്യവർഗ്ഗത്തെ മാത്രമല്ല, താഴേക്കിടയിലുള്ളവരെ വരെ വളരെ ആഴത്തിൽ ബാധിക്കും. മാത്രമല്ല, കഴിഞ്ഞ മൂന്ന് കൊല്ലത്തിൽ പുതിയ തൊഴിലിന്റെ ഉത്പ്പാദനം ഇല്ലാതായെന്നു മാത്രമല്ല, നോട്ടു നിരോധനത്തിനും GST ക്കും ശേഷം ഉള്ള തൊഴിലും പോകുന്ന അല്ലെങ്കിൽ നഷ്ടപെട്ട അവസ്ഥയിലാണ് അസംഘടിത മേഖലയിലെ ഒട്ടു മിക്ക തൊഴിലാളികളും തൊഴിലുടമകളും.

ഈ സാഹചര്യത്തിൽ ഓയിൽ കമ്പനികൾ പാചക വാതകത്തിന്റെ വില അവർക്കു മാത്രം മനസിലാവുന്ന മാനദണ്ഡങ്ങളുടെ വർധിക്കുമ്പോൾ അത് പൊതു ജനത്തെ എങ്ങനെ ബാധിക്കും എന്നു മനസിലാക്കി അതിനെതിരെ ഭരണാധികാരികൾ ശബ്ദിക്കാതിരുന്നാൽ അത് ജനാധിപത്യ സംവിധാനത്തെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്. ഒപ്പം ഭരണാധികാരിയുടെ സ്ഥാനം എന്തെന്ന് ജനം ഉറക്കെ ചിന്തിക്കുകയും ചെയ്യും. പക്ഷെ ഗതകാല ഇന്ത്യയിൽ ഈ ആശങ്കകൾക്ക് വലിയ വില ഇല്ലാ എന്ന് മാത്രമല്ല, ജനത്തിന് ഒപ്പം നിക്കേണ്ട ജനകീയ സംവിധാനങ്ങൾ നിഷ്‌ക്രിയമാകുന്ന വ്യവസ്ഥയാണ് കാണുന്നത്.

ഈ വില വർധനയെ എങ്ങനെ ചെറുക്കാം, സമരം കൊണ്ടൊന്നും ഒരു പ്രയോജനവും ഇല്ലെന്നു എല്ലാവർക്കും അറിയാം. പൈപ്പ് ഗ്യാസ് ഒരു ഓപ്ഷൻ ആണോയെന്ന് ചോദിച്ചാൽ, അത് ഒരു ചെറിയ ആശ്വാസം മാത്രമേ ആകൂ, അതിന്റെയും വില വർധിക്കുന്നുണ്ട് (ഇന്നലെ 17 ശതമാനമാണ് ഡൽഹിയിൽ പൈപ്പ് ഗ്യാസിന്റെ വില വർധിച്ചത്).

കോർപ്പറേറ്റ് ചൂഷണങ്ങളെ പലപ്പോഴും പല ജനങ്ങൾ നേരിട്ടിട്ടുള്ളത് സ്വയം പ്രതിരോധിച്ചിട്ടാണ്. പ്രത്യേകിച്ചും ഇത്തരം സാഹചര്യങ്ങളിൽ ഉയർന്നുവരേണ്ട സ്വാഭാവിക പ്രതിരോധങ്ങൾ ഇല്ലാതെ വരുമ്പോൾ ജനം സൃഷ്ടിപരമായി പ്രതിരോധിക്കേണ്ടതായി വരും. ഇതിന് കേരളത്തിനാകണം, ഒപ്പം ഇന്ത്യക്കു മുഴുവൻ മാതൃക ആവാനും.

Get the latest Malayalam news and Opinion news here. You can also read all the Opinion news by following us on Twitter, Facebook and Telegram.

Web Title: Rising anger over cooking gas price hike lpg

Next Story
Kerala Piravi: ‘ഭാസാവി’യുടെ കാലത്തെ മലയാളംkerala piravi 2019, കേരള പിറവി ആശംസകൾ, kerala, kerala piravi messages, malayalam day, കേരള പിറവി ദിനം, short note about kerala piravi in malayalam, kerala piravi greetings, കേരള പിറവി, kerala piravi messages in malayalam, november 1 kerala piravi quotes, കേരള പിറവി ലേഖനം, kerala piravi greetings malayalam, കേരളപ്പിറവി ആഘോഷം, kerala piravi wishes in malayalam, malayalam, malayalam day
The moderation of comments is automated and not cleared manually by malayalam.indianexpress.com